നൂറ്റിയെൺപത്തിനാലു വയസ്സുള്ള ഒരുവനാണ് തോളിൽ... അവന് ജന്മം നൽകിയ ആശാരി ഉൾപ്പെടെ അന്നുണ്ടായിരുന്ന സകലരും ഈ ലോകം വിട്ടുപോയിരിക്കുന്നു. പുണ്യാളൻ ഇനിയും എത്രയോ കൊല്ലങ്ങൾ ജീവിക്കും. മരിക്കുമ്പോൾ ഒരു പ്രതിമയായി മാറണം...കാക്കക്കാഷ്ഠത്തിൽ മുങ്ങി വടിയും പിടിച്ചു കവലയിൽ വേണ്ട... സ്വർണക്കിരീടവുംവെച്ച്, പൂമാലയും തിളക്കക്കുപ്പായങ്ങളുമായി പള്ളിയിൽ മതി.
ചിത്രീകരണം: കന്നി എം
75
മലയിലെ ധ്യാനവും കഴിഞ്ഞെത്തിയ രാത്രി അൾത്താരയിൽനിന്ന് അച്ചൻ പുണ്യാളനെ താഴെയിറക്കി. ഓപ്പയും വെള്ളയുടുപ്പും അണിഞ്ഞവരോടൊപ്പം പള്ളിമുറ്റത്ത് കാത്തുനിന്ന കുഞ്ഞാപ്പിയുടെ തോളിലേക്ക് രൂപം വെച്ചുകൊടുത്തു.
ആളൊഴിഞ്ഞ റോഡിലൂടെ അവനതും ചുമന്നു നടന്നു.
‘‘എഴുന്നള്ളിച്ച് കൊണ്ടുവരേണ്ടതാണ്... തർക്കിച്ചാൽപിന്നെ ഇങ്ങനെ എടുത്തുകൊണ്ടുവരാനല്ലേ പറ്റൂ...’’
കുഞ്ഞാപ്പി എല്ലാറ്റിനും മൂളി.
‘‘മാടമ്പിമാരുടെ കാലത്തു കുമിഴുമരത്തിൽ പണിതതാ... ഭംഗിയില്ലേലും പുണ്യാളനു നേർന്നാ അച്ചട്ടാ കാര്യങ്ങൾ...’’
മഠം കഴിഞ്ഞതോടെ അണപ്പു മാറാൻ അവനത് താഴെ വെച്ചു. വീണ്ടുമെടുക്കുമ്പോൾ കനലുവെച്ചതുപോലെ ഉരം പൊള്ളി.
‘‘നിനക്ക് പുണ്യാളച്ചന്റെ പ്രായമറിയുമോ...’’
മനുഷ്യരുടെ ഇടുപ്പസ്ഥിയുടെ എക്സ്റേ എടുത്താൽ അവരുടെ പ്രായം അറിയാൻ പറ്റുന്നതുപോലെ പുണ്യാളച്ചന്മാരുടെ വയസ്സ് അറിയാനൊരു വഴിയുണ്ടെന്ന് അച്ചൻ പറഞ്ഞു. കാർബൺ ടെസ്റ്റെന്നാണ് അതിന്റെ പേര്. ടൂറിനിലെ കച്ചയുടെ പഴക്കത്തിൽ തർക്കം വന്നപ്പോഴാണ് സഭ അങ്ങനെയൊരു കാര്യത്തിന് മുതിർന്നത്. ചരിത്രമൊന്നും മനസ്സിലായില്ലെങ്കിലും അച്ചൻ പറയുന്നതെല്ലാം അവൻ കേട്ടു.
‘‘ഈ ജനുവരിയിൽ പുണ്യാളന് നൂറ്റിയെൺപത്തിനാലു തികയും...’’
നൂറ്റിയെൺപത്തിനാലു വയസ്സുള്ള ഒരുവനാണ് തോളിൽ... അവന് ജന്മം നൽകിയ ആശാരി ഉൾപ്പെടെ അന്നുണ്ടായിരുന്ന സകലരും ഈ ലോകം വിട്ടുപോയിരിക്കുന്നു. പുണ്യാളൻ ഇനിയും എത്രയോ കൊല്ലങ്ങൾ ജീവിക്കും. മരിക്കുമ്പോൾ ഒരു പ്രതിമയായി മാറണം... കാക്കക്കാഷ്ഠത്തിൽ മുങ്ങി വടിയും പിടിച്ചു കവലയിൽ വേണ്ട... സ്വർണക്കിരീടവുംവെച്ച്, പൂമാലയും തിളക്കക്കുപ്പായങ്ങളുമായി പള്ളിയിൽ മതി.
‘‘സൂക്ഷിച്ച്...’’
പടി കയറുമ്പോൾ അച്ചൻ രൂപം താങ്ങിക്കൊടുത്തു.
‘‘അച്ചാ ഓപ്പയണിഞ്ഞവരെ എവിടെ...’’
‘‘നിനക്കങ്ങനെ തോന്നിയോ...’’
കുഞ്ഞാപ്പി പരിഭ്രമത്തോടെ തിരിഞ്ഞു. ഇരുട്ടിലൂടെ വെളിച്ചത്തിന്റെ ഒരുകൂട്ടം കപ്പേളയിൽനിന്നിറങ്ങിപ്പോകുന്നത് അവൻ കണ്ടു.
‘‘രൂപമെടുത്ത് വെയ്ക്ക്...’’
ചില്ലുകൂട്ടിൽ പുണ്യാളനെ വെച്ചു. കൂനിക്കൂടിയൊരു സഹദാ. എന്നാലും മുഖത്തൊരു വെട്ടമുണ്ട്. കാണാൻ ഭംഗിയില്ലാത്ത ദൈവങ്ങൾക്ക് മനുഷ്യരോടു സ്നേഹം കൂടുമെന്ന് രായന്റമ്മ പറയും.
കപ്പേളയിൽ പുത്തൻവെള്ളം തളിച്ചു. വെന്റിലേഷനിൽ ഇരുന്ന മൂങ്ങകൾ ചിറകടിച്ച് ഇരുട്ടിലേക്ക് പറന്നു. കുഞ്ഞാപ്പി ഒന്നുകൂടി പുണ്യാളനെ തൊട്ടുമുത്തി. പെയിന്റടിച്ചു മങ്ങിയിട്ടുണ്ടെങ്കിലും കാലിലെ മുറിവ് കാണാം.
നേർച്ചപ്പെട്ടി തുറന്നുകിടന്ന രാത്രി രായന്റെ കത്തികൊണ്ടു പുണ്യാളന്റെ കാല് മുറിഞ്ഞത് അവനോർത്തു.
കൂട്ടുകാരന് ആപത്തൊന്നും വരല്ലേയെന്ന പ്രാർഥനയോടെ അവനൊരു കോഴിയെ നേർന്നു.
76
രായനപ്പോൾ മലമുകളിലെ മാളികവീടിന്റെ കിളിവാതിലിനോടു ചേർന്നുള്ള കട്ടിലിൽ കിടക്കുകയായിരുന്നു.
കൂടെ താമസിച്ചിരുന്ന ഹാജിയാര് കൊടുത്ത ചായ അവൻ തട്ടിത്തെറിപ്പിച്ചു. മറുത്തൊന്നും പറയാതെ പൊട്ടിയ കോപ്പയുടെ ചീളുകളും പെറുക്കി വൃദ്ധൻ കോവണിയിറങ്ങി.
‘‘അല്ലാഹുമ്മർഹംനാ യാ അർഹമർറാഹിമീൻ...’’
ഊന്നുവടിയുടെ അറ്റം മരക്കോവണിയിൽ മുട്ടുന്ന ഒച്ചയോടൊപ്പം ഹാജിയാരുടെ പ്രാർഥന പടവിറങ്ങി...
‘‘അലിവു തോന്നിയിട്ടല്ലേ ഈ തണുപ്പിൽ നിങ്ങൾക്കൊരു ചായ തന്നത്...’’
നിസ്കാരത്തൊപ്പിയും അണിഞ്ഞ് ഇടനാഴിയിൽ നിന്നിരുന്ന പയ്യന്റെ മുഴക്കമുള്ള സ്വരം കേട്ട് രായന് വീണ്ടും ദേഷ്യം...
‘‘നീയാരാ എന്നെ ഉപദേശിക്കാൻ...’’
മുകളിലെ സംസാരം കേട്ടിട്ടാവും വൃദ്ധൻ അണപ്പോടെ തിരിച്ചുവന്നു. നടന്നതെല്ലാം പെട്ടെന്ന് മറന്നതുപോലെ അയാൾ വീണ്ടും നിസ്കാരപ്പായ വിരിച്ചു.
കുട്ടിക്കാലത്ത് അമ്മയും ഇതുപോലെ നിരന്തരം തേടാറുള്ളത് രായൻ ഓർത്തു. ചില വെള്ളിയാഴ്ചകളിൽ കുട്ടിദൈവങ്ങളിൽ ചിലർ സ്നേഹംമൂത്ത് അവരുടെ ദേഹത്ത് കയറും. തോട്ടുവക്കിൽ കല്ലുപോലൊരു നിൽപാണ്. അന്തിവരെ തുടരും. പിന്നെ എടുപ്പിലെ കോവിലിലേക്ക് ഒരു മരണയോട്ടം... കാട്ടുപൂക്കൾ വാരിവിതറിയുള്ള പൂജകൾ...
അച്ഛന് പൂജയും വഴിപാടുമില്ല. എന്നാലും ഒരാണ്ടുപോലും മുടങ്ങാതെ മല കയറിയിരുന്നു. ഒരിക്കൽ നിർബന്ധിച്ച് മാലയിടീപ്പിച്ചു. നോമ്പുനോക്കാതെയുള്ള കാനനയാത്ര പാതിവഴിയിലെത്തിയപ്പോൾ തണുപ്പു മാറ്റാൻ ഇരുമുടിക്കെട്ടിലെ നെയ്ത്തേങ്ങ പൊട്ടിച്ച് തീ കാഞ്ഞു. പിന്നാലെ എത്തിയ അച്ഛൻ അതുകണ്ട് കുഴഞ്ഞുവീണു...
ദൈവങ്ങളെയെല്ലാം ചേർത്തുപിടിച്ചിട്ടും അവരെല്ലാവരും ആയുസ്സെത്താതെ പോയി. വണ്ടിത്താവളത്തിലെ ചായക്കടയിൽവെച്ച് പലഹാരം പൊതിയാനെടുത്ത പത്രത്തിലാണ് മരിച്ചവരുടെ ഫോട്ടോ കണ്ടത്. ചുരമാവുവരെ പോകാമെന്ന് കുഞ്ഞാപ്പി നിർബന്ധിച്ചതാണ്. ഉരുളുപൊട്ടിയിട്ട് അപ്പോഴേക്കും ആറേഴുമാസം കഴിഞ്ഞിരുന്നു.
തൂക്കുമേട്ടിൽ എത്തിയതിൽപിന്നെ പഴയ കാര്യങ്ങൾ ഓർക്കും. ഒരു മല ഇടിഞ്ഞിറങ്ങി വരുന്നതാണ് മിക്കപ്പോഴും സ്വപ്നം.
ഹാജിയാര് പതിവുപോലെ ധൂപച്ചട്ടിയുമായി കോവണി ഇറങ്ങി. മിക്കപ്പോഴും പയ്യന്റെ കൈയും പിടിച്ചാണ് പോവുക.
രായനെഴുന്നേറ്റ് കിളിവാതിൽ തുറന്നിട്ടു. നേരം വെളുത്തുവരുന്നതേയുള്ളൂ. കുന്നുകളുടെ തുഞ്ചത്ത് പൊരിപ്പലഹാരത്തിനു പൂപ്പലുപിടിച്ചപോലെ മേഘങ്ങൾ മുട്ടിനിന്നു. ചുരം കയറുന്ന വാഹനങ്ങളുടെ ഒച്ച കേൾക്കാം. മലമുകളിൽ മഞ്ഞുപെയ്യുന്നതിന്റെ ശീതക്കാറ്റ് വീശിത്തുടങ്ങി. തോളിലൊരു തണുത്ത കൈ അമർന്നതുപോലെ... രായൻ തിരിഞ്ഞു.
ഇടനാഴിയിലേക്ക് ഇറങ്ങിയ പയ്യൻ അവനെയൊന്നു നോക്കി.
77
പാറമടയിലെ ചാരായവും മോന്തി ചരിവിറങ്ങുമ്പോഴാണ് എതിരെ കന്നുകൾ എത്തിയത്. മുന്നോട്ടുചെന്നതും വാലിനുള്ള വീശ് രായന്റെ മുഖത്തു കിട്ടി. മുഖത്ത് പറ്റിയ ചാണകം തുടയ്ക്കുന്നതു കണ്ട് കന്നിനെ തെളിച്ചുവന്ന റോസ ചിരിച്ചു.
പാറമട ചുറ്റിയുള്ള വഴി റോസയുടെ പുരയിടത്തിലാണ് അവസാനിക്കുന്നത്. വീടിനു ചുറ്റുമുള്ള കാപ്പിത്തോട്ടത്തിലെ പുകമഞ്ഞ് അപ്പോഴും മാറിയിരുന്നില്ല. മുറ്റത്തെ പൂച്ചെടികളിൽ മഞ്ഞുകണങ്ങൾ. കാട്ടുറോസയും ബന്തിയും വാടാമല്ലിയുമൊക്കെ പൂവിട്ടുനിൽക്കുന്നു. പിന്നിലെ ചെങ്കല്ലുഭിത്തിയിൽ മുഷ്ടിവലുപ്പത്തിൽ നാലഞ്ചു കുഴികളുണ്ട്. കാടിറങ്ങിയെത്തിയ കൊമ്പൻ കുത്തിയതാണെന്ന് പറയുമ്പോൾ റോസയുടെ അപ്പൻ ജോസ് പാഴൂരിന്റെ മുഖത്ത് കാട്ടുതീപോലെ കുടിയേറ്റ വീറു നിറയും.
റോസയുടെ അപ്പന് മലഞ്ചരക്കു വ്യാപാരമാണ്. അയാളാണ് രായനെ തൂക്കുമേട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. തോട്ടംപണിയോടൊന്നും താൽപര്യമില്ലാതിരുന്നിട്ടും മറ്റൊരിടം തേടി പോകുന്നതുവരെ അവിടെ കൂടാൻ തീരുമാനിച്ചു.
പാഴൂരിന് മൂന്നു പെൺമക്കളാണ്. അയാളുടെ ഭാര്യ പൊന്നമ്മ കഴിഞ്ഞ തുലാത്തിലാണ് പന്നിക്കുഴിയിൽ വീണു മരിച്ചത്. മുട്ടിനൊരു ബലക്കുറവുണ്ടായിരുന്നു. മൂത്രമൊഴിക്കാൻ പാത്രം വെച്ചുകൊടുത്തിട്ടും പുറത്തു പോകണമെന്നു വാശി. ഇളയമകൾ അന്നയായിരുന്നു കൈക്ക് പിടിച്ചു കൊണ്ടുപോയിരുന്നത്. ഒരു വെളുപ്പിന് അവർ തനിച്ചിറങ്ങി... പന്നിക്കുഴിയിൽനിന്നും ജീപ്പിലേക്ക് കയറ്റുമ്പോഴേക്കും മരിച്ചു.
അപ്പന്റെ തോളിലിരുന്ന് തൂക്കുമേട്ടിലെത്തുമ്പോൾ പാഴൂരിന് ഒന്നര വയസ്സ്. കുടിവെച്ച് പൊറുതി തുടങ്ങി അധികമാവുന്നതിനു മുന്നേ അപ്പൻ മരിച്ചു. കപ്പച്ചോടു കിളയ്ക്കാനിറങ്ങിയതാണ്... വളർത്തുപട്ടികൾ ഭയന്നിട്ടെന്നപോലെ ബഹളം തുടങ്ങി... അടങ്ങ് മക്കെളയെന്നും പറഞ്ഞ് കാരണവർ തോക്കെടുത്തു. മരമുകളിലും പുരപ്പുറത്തുമൊക്കെ കടുവക്കായി ഉന്നംനോക്കി. അയ്യമിറങ്ങിയതും പാമ്പ് കൊത്തി. മൂർഖനെ കണ്ടിട്ടായിരുന്നു പട്ടികളുടെ കുര. തല്ലിക്കൊന്ന് കമ്പിൽ ചുറ്റി. ചത്ത പാമ്പുമായി ഊരിലെ വൈദ്യരുടെ അടുത്ത് എത്തിയെങ്കിലും കാരണവരുടെ ഉയിര് അന്തിയാകുന്നതിനു മുന്നേ കുന്നിറങ്ങി.
അപ്പൻ മരിച്ചതോടെ അമ്മയാണ് പാഴൂരിനെ വളർത്തിയത്. കൂട്ടിനു കുറേ പട്ടികളും... അയാളുടെ വീട്ടിൽനിന്നും ആളുകൾ എടുത്തുകൊണ്ടുപോയ പട്ടികളാണ് തൂക്കുമേട്ടിലെ മിക്ക വീടുകളിലുമുള്ളത്.
രാത്രി ഒരുത്തൻ കുരച്ചാൽ കുന്നിന്റെ ചരിവിൽനിന്നെല്ലാം കുര ഉയരും.
78
പാഴൂരിന്റെ പട്ടി മുറ്റത്തേക്ക് എത്തിയ രായനെ നോക്കി നിർത്താതെ കുരച്ചു. കഴുത്തിൽ തടവിയതോടെ അതു വാലാട്ടി. കന്നുമായി തിരിച്ചെത്തിയ റോസ അതൊന്നും ശ്രദ്ധിക്കാതെ അടുക്കളയിലേക്ക് കയറി. കോഴിത്തീറ്റയുമായി അവൾ അയ്യമിറങ്ങുന്നത് കണ്ടതോടെ അവൻ എഴുന്നേറ്റ് പിന്നാലെ ചെന്നു.
‘‘ഇങ്ങ് താ... ഞാൻ കൊടുക്കാം.’’
‘‘അനിയത്തിമാര് ശ്രദ്ധിക്കുന്നു. നിങ്ങള് പോ...’’
അന്നയും ചിഞ്ചുവും വീടിനു പുറത്തേക്കിറങ്ങുന്നതു കണ്ട് രായൻ തിരികെ ഇളംതിണ്ണയിൽ വന്നിരുന്നു.
‘‘അപ്പൻ പള്ളിയിലേക്ക് പോകുന്നില്ലേ..?’’
പെൺകുട്ടികൾ ഉറക്കെ വിളിച്ചു ചോദിച്ചെങ്കിലും എണ്ണയും പുരട്ടി പുറത്തേക്കിറങ്ങിയ അയാൾ മറുപടിയൊന്നും പറയാതെ രായനൊപ്പം ഇരുന്നു.
‘‘നീ തോട്ടത്തിലേക്ക് വിട്ടോ... കൊച്ചുങ്ങളുടെ തള്ളേടെ ആണ്ടാ... ഞാനൊന്നു കുഴിമാടംവരെ ചെന്നേച്ച് വരാം...’’
തോർത്തുമെടുത്ത് അയാൾ മുളകൾ അടിപ്പിച്ചിട്ടുള്ള പാലത്തിലേക്ക് കയറുന്നത് കണ്ട് രായൻ കുറച്ചുനേരംകൂടി ഇളംതിണ്ണയിലിരുന്നു. താഴെ വെട്ടുകുഴിയിൽനിന്നും പന്നികളുടെ മുരൾച്ച കേട്ടതോടെ അവൻ എഴുന്നേറ്റു.
ജാതിക്കാതോട്ടവും കടന്നു രായൻ പോകുന്നത് നോക്കിനിന്നിട്ട് പാഴൂര് മറപ്പുരയിൽനിന്നിറങ്ങി കാലും മുഖവും കഴുകി. റോസ കൊടുത്ത ചായ കുടിച്ചിട്ട് അയാൾ പള്ളിയിലേക്ക് നടന്നു.
പാറമട കഴിഞ്ഞ് നീരൊഴുക്കിന്റെ ഒച്ച കേട്ടതോടെ നടപ്പ് സാവധാനമാക്കി. കാട്ടുപൊന്തയിൽ ഒരു അനക്കം. ഇല്ലിമുളകൾ ചാഞ്ഞുനിന്നിരുന്ന വഴിയിലൂടെ ജീപ്പ് വരുന്ന ഒച്ച കേട്ട് അയാൾ വഴിയരികിലേക്ക് ഒതുങ്ങി.
79
പാഴൂരിന്റെ ജീപ്പ് ഓടിച്ചിരുന്നത് ഭാര്യയുടെ ബന്ധുവായ ഡിവൈനായിരുന്നു. കുഞ്ഞുന്നാളു മുതൽ അവൻ അയാൾക്കൊപ്പമാണ്. നടുക്കത്തവൾ ചിഞ്ചുവിനോടൊരു ഇഷ്ടമുണ്ട്. അപ്പൻ അവനെ കണ്ണടച്ചു വിശ്വസിക്കുന്നതിൽ മൂത്തവൾ റോസക്ക് എതിർപ്പും.
അടിവാരത്ത് ചരക്കു കൊടുക്കാനും പണം വാങ്ങാനും ഡിവൈനെയാണ് അയക്കുക. ജീപ്പു വാങ്ങിയത് അവന്റെ നിർബന്ധത്താലാണ്. അതിനുമുന്നേ രണ്ടാളുംകൂടി മലഞ്ചരക്കുകൾ തലച്ചുമടായാണ് അടിവാരത്ത് എത്തിച്ചിരുന്നത്. കാട്ടുവഴിയിലൂടെയാകുമ്പോൾ ചെക്ക്പോസ്റ്റിലെ നൂലാമാലകളില്ലാതെ സംഗതി പെട്ടെന്ന് വിറ്റുപോരാം. ഒരുദിവസം തലച്ചുമടുമായി പോകുമ്പോൾ കാലിടറി പാഴൂര് താഴേക്ക് വീണു. മുറിവേറ്റ ആളേയും തോളിലെടുത്ത് റോഡിലെത്തുമ്പോൾ ഇരുട്ടു വീണിരുന്നു... അന്നു നിർത്തിയതാണ് തലച്ചുമടുമായുള്ള യാത്ര. അക്കൊല്ലംതന്നെ ജീപ്പു വാങ്ങി.
ഡിവൈന്റെ പേരിലാണ് ജീപ്പ് വാങ്ങിയതെന്ന് റോസക്കറിയില്ലായിരുന്നു. ചത്തുപോയാൽ ഇതെല്ലാം നിനക്കുള്ളതാണെന്ന് അയാളെപ്പോഴും ഡിവൈനോടു പറയും. ജീപ്പ് വന്നതോടെ കച്ചവടം കുറച്ചുകൂടി മെച്ചപ്പെട്ടു. കണക്കുകൾ ഡിവൈൻ കൃത്യമായി നോക്കിയിരുന്നതിനാൽ അയാൾ അക്കാര്യത്തിലൊന്നും ഇടപെട്ടിരുന്നില്ല.
കെട്ടിയോളുടെ ആണ്ടുകുർബാന കഴിഞ്ഞ് പാഴൂരും ഡിവൈനും കൂടി ജീപ്പിൽ മടങ്ങുമ്പോഴാണ് ചാരായം വാറ്റുന്ന കൂരയിൽനിന്ന് രായൻ ഇറങ്ങിവന്നത്. രണ്ടാളേയും കാണാത്തതുപോലെ അവൻ തോട്ടത്തിലേക്ക് ഇറങ്ങി.
‘‘ഊരും പേരും അറിയാത്ത ഒരുത്തനെ അച്ചാച്ചിയെന്തിനാ കൂടെ നിർത്തുന്നത്... തോട്ടത്തിലെ പണിക്കാണെങ്കിൽ ഞാൻ വേറെയാളെ ഏർപ്പാടാക്കാം.’’
‘‘നസ്രാണിയാണെടാ... കുഞ്ഞാപ്പീന്നാ വിളിപ്പേര്... പണിയെടുക്കുന്നുണ്ട്. നീ പറയുന്നപോലെ കുഴപ്പക്കാരനല്ലെന്നാണ് തോന്നുന്നത്.’’
‘‘അവൻ പറയുന്നതും വിശ്വസിച്ചിരുന്നോ... ഒരു പൊരുത്തക്കേടുണ്ട്.’’
എതിരെ വന്ന ലോറിക്ക് കയറി പോകാൻ ഡിവൈൻ ജീപ്പ് ഒതുക്കി. പാഴൂര് മുറുക്കാൻ പൊതി തുറന്നു.
‘‘മാളികയുടെ മുന്നിലൊന്ന് ചവിട്ടണേ...’’
രണ്ടുമൂന്ന് കയറ്റവും ഇറക്കവും കഴിഞ്ഞ് വണ്ടി വീതിയുള്ള നിരപ്പിലെത്തി. മൂന്നാലു കടകളും ഓടിട്ട ഇരുനിലയുമാണ് നിരപ്പിലുള്ളത്. നിരപ്പിലെ കെട്ടിടങ്ങളും അതിനോടു ചേർന്ന പറമ്പും എസ്റ്റേറ്റ് മുതലാളിയായ പുന്നൂസച്ചായന്റേതാണ്. പാഴൂരാണ് ഇപ്പോൾ അതെല്ലാം നോക്കിനടത്തുന്നത്. മലഞ്ചരക്ക് കയറ്റിയ വണ്ടികൾ മരത്തണലിൽ ഒതുക്കിയിട്ടിരുന്നു. തട്ടുകടയുടെ മുന്നിലിരുന്ന് ചായ കുടിക്കുന്ന ഡ്രൈവർമാരോടു കൈയുയർത്തി എന്തോ പറഞ്ഞിട്ട് ഡിവൈൻ ജീപ്പ് ഒതുക്കി.
‘‘ദോശ വേണോടാ...’’
‘‘വേണ്ട അച്ചാച്ചി...’’
‘‘അടിവാരത്ത് ചരക്കു കൊടുത്തിട്ടു വരുമ്പോ നീയാ കരുവാനോടു കാശു മുഴുവൻ തീർത്തു തരാൻ പറ...’’
‘‘ഉടക്കാതെ കിട്ടുമെന്ന് തോന്നുന്നില്ല...’’
‘‘വഴക്കിനൊന്നും നിൽക്കണ്ട...’’
ഹാജിയാർക്കൊപ്പം പാഴൂര് മാളികയുടെ തടിക്കോവണി കയറുന്നതും നോക്കി നിന്നിട്ട് ഡിവൈൻ ജീപ്പെടുത്തു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.