ചിത്രീകരണം: സതീഷ്​ ചളിപ്പാടം

പാർവതി -5

05 എല്ലാവരും എല്ലാവരെയും അറിയുന്ന നാട്

ഡിഗ്രി പരീക്ഷ കഴിഞ്ഞപ്പോൾ പാർവതിക്ക് നാട്ടിൽ പോകണമെന്ന് തോന്നി. അമ്മാമ്മയെ കാണണം. അവരുടെ പഴംപുരാണം കേൾക്കണം. അവരുടെ വലംകൈ അച്ചുവേട്ടനെയും മകൾ ഇന്ദിരയെയും കാണണം.

തനിച്ചു വിടാൻ തീരെ താൽപര്യമില്ലെന്നു സൗമിനി സൂചിപ്പിച്ചെങ്കിലും ശരിയായ കാരണം നന്നായറിയാമായിരുന്നു പാർവതിക്ക്. അമ്മക്ക് തീരെ ഇഷ്ടമല്ലാത്രെ ആ നാടിനെ.

‘‘എല്ലാവരും എല്ലാവരേം അറിയുന്ന നാട്.’’ അതാണ് അമ്മയുടെ പരാതി.

“അതൊരു രസല്ലേ?’’ പാർവതി ചോദിക്കും.

‘‘ഹേയ്. ആരും ആരെയും അറിയാത്ത നാട്ടിൽ പോകാനാ എനിക്കിഷ്ടം. അവിടത്തുകാരുടെ ഓരോ ഉളിഞ്ഞുനോട്ടങ്ങള്. സ്വന്തം വീട്ടിലേതിനെക്കാൾ അയൽപക്കത്തെ അനക്കങ്ങൾക്ക് കാതോർക്കുന്നവർ.’’

നാട്ടിൻപുറം ഇഷ്ടമാണെങ്കിലും വേണ്ടാത്ത കുറെ ഓർമകൾ കൊണ്ടുവരുന്നു. മറക്കാൻ പണിപ്പെടുന്ന ഓർമകൾ.

മനസ്സിലാവുന്നില്ല പാർവതിക്ക്.

‘‘അമ്മ തന്ന്യല്ലേ പറയാറ് നാട്ടിൻപുറം നന്മകളാൽ സമൃദ്ധമെന്ന് കവികൾ പാടിയിട്ടുണ്ടെന്ന്. അത് സ്വപ്നങ്ങളുടെ കൂടാരമാണെന്ന്. യക്ഷിപ്പറമ്പും മന്ത്രവാദിയും ഒടിയനും അവരെ ചുറ്റിപ്പറ്റി കുറെ കെട്ടുകഥകളുമില്ലാതെ ഒരു നാടും മുഴുവനാകില്ലെന്ന്. പിന്നെ മാർക്വിസി​െന്റ മാജിക്കൽ റിയലിസത്തെപ്പറ്റി ചെലതൊക്കെ...’’

“അതൊക്കെ ശര്യന്നെ, കുട്ടീ. കുന്നും പൊഴേം ഒക്കെള്ള ആ നാട് ഇഷ്ടായിരുന്നു ഒരുകാലത്ത്. അന്ന് ഞാനും വിലാസിനീം കൂടി ആ കുന്നിന്റെ മോളിലെ പാറക്കെട്ടിലിരുന്ന് ഒരുപാട് സ്വപ്നങ്ങൾ കാണാറുണ്ടായിരുന്നു. ആ പാറെ കിനാപ്പാറ എന്നായിരുന്നു നാട്ടുകാര് വിളിച്ചിരുന്നത്. അവടെ ഇരുന്നാൽ ആർക്കും സ്വപ്നം കാണാൻ പറ്റ്വായിരുന്നത്രെ. പഴയ ചരിത്രങ്ങൾ ഒരുപാട് അറിയായിരുന്നു വിലാസിനിക്ക്. നാടിന്റെ, നാട്ടാരുടെ. അതങ്ങനെ രസായിട്ട് പറഞ്ഞുപോകുമ്പൊ ആർക്കായാലും കേട്ടോണ്ടിരിക്കാൻ തോന്നും.”

“വിലാസിനി?”

“അമ്മേടെ കളിക്കൂട്ടുകാരി. പോസ്റ്റ്‌മാഷുടെ മകൾ.” ഏതോ ചില ഓർമകളിൽ തപ്പിത്തടഞ്ഞു അമ്മ ഇത്തിരിനേരം കണ്ണടച്ചിരുന്നു. “പണ്ട് ആ നാട്ടുരാജ്യത്തിന്റെ പടത്തലവൻ അവടെ പാർത്തിരുന്നുപോലും. അന്ന് ഭടന്മാരെ പരിശീലിപ്പിച്ചിരുന്ന കളരിയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും അവടെ കാണാം. ക്രൂരനായ അയാൾ ചെല ശത്രുക്കളെ ആ പൊഴേല് കെട്ടി താഴ്ത്തിയിട്ടുണ്ടത്രെ. അതുകൊണ്ട് വിലാസിനി കൂടേള്ളപ്പൊ മാത്രേ എന്നെ അങ്ങോട്ട് വിടാറുള്ളൂ. പോസ്റ്റ്‌ മാഷുടെ മകളായത് കൊണ്ട് അവളെ എല്ലാർക്കും അറിയായിരുന്നു...”

അൽപം കഴിഞ്ഞു സൗമിനി തുടർന്നു.

“അങ്ങനെ കുന്നിൻ മോളിലിരുന്ന് അവൾ ഓരോ കഥകള് പറഞ്ഞോണ്ടിരിക്കും. ഒരു കഥയിൽനിന്ന് മറ്റൊന്നിലേക്ക്. അങ്ങനെ കൊളുത്തിക്കൊളുത്തി പറഞ്ഞോണ്ടിരിക്കുമ്പോൾ അതിൽ ചരിത്രവും ഭാവനയുമൊക്കെ കൂടിക്കലരണത് നമ്മള് ശ്രദ്ധിക്കേയില്ല... അങ്ങനെ ദൂരെ സൂര്യൻ പൊഴേല് ചോര ഒഴുക്കണതും, ആ പാപം തീർക്കാൻ പൊഴേല് മുങ്ങിത്താഴണതും വരെ അത് തൊടരും. അപ്പഴൊക്കെ അതൊരിക്കലും തീരരുതേ എന്നായിരിക്കും പ്രാർഥന. ഒടുവിൽ വെട്ടം കുറയാൻ തൊടങ്ങുമ്പൊ ഞാൻ മടിയോടെ എണീക്കും.

വൈക്യാൽ അമ്മാമ്മ വഴക്ക് പറയുംന്ന് ഒറപ്പാ... ചെലപ്പഴൊക്കെ ആ പൊഴവക്കത്തായിരിക്കും ഞങ്ങടെ ഇരിപ്പ്. കാറ്റ് വീഴുമ്പോ ഓളങ്ങള് ഇളകണത് കാണാൻ നല്ല രസാണ്. ഒരു വെളുത്ത വാവിന്റെയന്നു മാനം പൊഴേലെക്ക് നിലാവ് കോരിയൊഴിക്കണത് കാണണംന്ന് മോഹംണ്ടായിരുന്നു. പക്ഷെ, അതൊന്നും വീട്ടുകാര് സമ്മതിക്കണ കാലായിരുന്നില്ല... അവടെയിരിക്കുമ്പോ ചെലപ്പൊ അവള് പൊഴകളുടെ ചരിത്രം പറയാൻ തൊടങ്ങും.

തെക്കേ അമേരിക്കയിലെ ആമസോണും ഈജിപ്തിലെ നൈലും നമ്മടെ ഗംഗയും ബ്രഹ്മപുത്രയും തൊട്ട് പെരിയാറും ഭാരതപ്പുഴയും വരെ. മിക്ക വല്ല്യ നദികളും ഒരു രാജ്യത്തീന്നു തൊടങ്ങി പല രാജ്യങ്ങൾ കടന്നാ വരണതത്രെ. പണ്ട് ലോകത്തെ ഏറ്റവും നീളമുള്ള നദി ആമസോണോ നൈലോ എന്ന കാര്യത്തിൽ വലിയ തർക്കായിരുന്നത്രെ.”

“കേൾക്കാൻ രസംണ്ട്.”

പുഴകളുടെ പഴയ ചരിത്രം പറയാനും വലിയ താൽപര്യമാണ് അവൾക്ക്. പരമശിവന്റെ ജടയിൽനിന്ന് അലറിയിറങ്ങിയ ഭാഗീരഥി. മണ്ണിനടിയിൽ മറഞ്ഞുപോയ സരസ്വതി. പുരാണങ്ങളിലും, ഉപനിഷത്തുകളിലും പറഞ്ഞിട്ടുള്ള ഗംഗ, യമുന, ഗോദാവരി, നർമദ, സിന്ധു, കാവേരി എന്നീ ഏഴ് പുണ്യനദികൾ. അങ്ങനെ പലതും. ശര്യാണോ ആവോ?

“ഒരുകാലത്ത് നമ്മടെ പടിഞ്ഞാറെ പൊഴേലൂടെ പായ്ക്കപ്പലുകൾ പോയിക്കൊണ്ടിരുന്നത്രെ. പിന്നീട് രണ്ടു സൈഡിലും ആളുകൾ കൈയേറി ആ പുഴ മെലിഞ്ഞു വലിയ തോടായെങ്കിലും അങ്ങനെ മെലിയാനാവില്ലല്ലോ ചരിത്രത്തിന്.”

“അതെയതെ.” തലയാട്ടിയെങ്കിലും പലതും വിശ്വസിക്കാനാവുന്നില്ല പാർവതിക്ക്.

‘‘അമ്മയോട് ചോയ്ച്ചപ്പോ കൊറെയൊക്കെ അവരും കേട്ടിട്ടുണ്ടെന്ന് പറഞ്ഞു. എല്ലാ സംശയങ്ങൾക്കും കൃത്യമായ ഉത്തരമുണ്ട് വിലാസിനിക്ക്... നല്ലോണം ആലോചിച്ചേ മറുപടി പറയൂ. സംശയംണ്ടെങ്കിൽ മാഷോട് ചോയ്ച്ചിട്ട് പറയാം എന്നാവും മറുപടി. മാഷെന്ന് പറയണത് അവൾടെ അച്ഛൻ മാഷ്. ഒരിക്കൽ ഞങ്ങള് തമ്മിൽ വല്ല്യൊരു തർക്കംണ്ടായി. നാട്ടിലെ ഏതു മാഷാ വലുത് എന്നായിരുന്നു തർക്കം.

സ്കൂൾ മാഷെന്ന് ഞാൻ. പോസ്റ്റ് മാഷ് എന്ന് അവള്. കൊറേ കുട്ട്യോളെ പഠിപ്പിച്ചൂന്നു വച്ചു അതിത്ര വല്ല്യ കാര്യാ, അതിലും വല്ല്യ ആളല്ലേ നാട്ടിലെ ഒരേയൊരു സർക്കാർ ഉദ്യോഗസ്ഥനും ഒന്നാം പൗരനുമായ പോസ്റ്റ്മാഷ്. ദേശാന്തരം പോണ ലക്കോട്ടുകളിൽ മുദ്ര ചാർത്താനായി സർക്കാർ കൊടുത്തിരിക്കണ അധികാരം ചില്ലറ കാര്യാ? അവിടെ ഞാൻ തോറ്റു. ഇടക്കൊക്കെ ഞങ്ങളങ്ങനെ തർക്കിക്കാറുണ്ട് വാദിച്ചു ജയിക്കാനല്ല, വെറുതെ ഒരു രസത്തിന്.’’

‘‘ഭയങ്കരന്നെ.’’

‘‘അവളാ പറഞ്ഞത്‌, കൊച്ചിക്കകത്തു പോണ കവറുകളിൽ കൊച്ചി രാജാവിന്റെ തലയും പൊറത്തേക്ക്‌ പോണതിൽ ബ്രിട്ടീഷ് രാജാവിന്റെ തലയും ആയിരുന്നത്രെ ഒരു കാലത്ത്. അതുപോലെ അന്ന് രണ്ടു സമയംണ്ടായിരുന്നു. സ്റ്റാൻഡേർഡ് ടൈമും റെയിൽവേ ടൈമും...’’

“ഹൈക്കോർട്ട് വക്കീല് തോൽക്കണ വാദങ്ങള്. എന്നിട്ട് ആ വിലാസിനി?’’ ഒരു യക്ഷിക്കഥ കേട്ട അത്ഭുതമാണ് പാർവതിയുടെ മുഖത്ത്.

‘‘മാഷ് ക്ക് സ്ഥലം മാറ്റം കിട്ടിയപ്പൊ അവള് പോയി, കൂടെ എന്റെ ഒരു പാതിയും, കൊറെ കഥകളും, സ്വപ്നങ്ങളും... അതോടെ നാടാകെ ഒഴിഞ്ഞത് പോലെ. സത്യത്തിൽ, എന്നെ ശരിക്ക് സ്വപ്നം കാണാൻ പഠിപ്പിച്ചതുകൂടി അവളാ. ഒറങ്ങാൻ കെടക്കുമ്പോ വലത്തോട്ട് തിരിഞ്ഞു കെടന്നാലേ നല്ല സ്വപ്നം കാണാൻ പറ്റൂള്ളത്രെ. എടത്തോട്ട് കെടക്കുമ്പഴാ വേണ്ടാത്തതൊക്കെ കാണണേ. ഒരൂസം എടത്തോട്ടു തിരിഞ്ഞു കെടന്നപ്പഴാ ആ കൊമ്പൻ മീശക്കാരൻ പടത്തലവനെ സ്വപ്നം കണ്ടത്. ശത്രുക്കളെ പൊഴേൽ മുക്കിക്കൊല്ലണ ക്രൂരൻ.”

“ഇതൊക്കെ ശര്യാണോ അമ്മേ.”

“കൊറെയൊക്കെ ശര്യാവാറുണ്ട്. അല്ലെങ്കിലും ഇതൊക്കെ ഓരോരുത്തരുടെ വിശ്വാസങ്ങളല്ലേ മോളെ? പിന്നെ അവൾക്ക് ഈ പഴയ ചരിത്രമെല്ലാം പറഞ്ഞുകൊടുത്തത് ആ മാഷായിരുന്നത്രെ.”

ഓർമകളുടെ കുത്തൊഴുക്കിൽ സൗമിനി ഒന്നു പിടഞ്ഞു.

“അമ്മയ്ക്കും പ്രാണനായിരുന്നു അവളെ. ചക്ക പഴുക്കാൻ തൊടങ്ങിയാൽ കാപ്പിക്ക് ചക്കയട പതിവന്നെ, എനിക്ക് കണ്ടു കൂടാത്ത ചക്കയട. പ​േക്ഷ, വിലാസിനിക്ക് വല്ല്യ ഇഷ്ടാത്രെ. നീണ്ട മുടിയായിരുന്നു അവൾക്ക്. വീട്ടിൽ വരുമ്പഴൊക്കെ ആ മുടി പിന്നിയിട്ട് കൊടുക്കാൻ പിടിച്ചിരുത്തും അമ്മ. മുടി പിന്നേം വളരാൻ ഏതോ എണ്ണയും കാച്ചി കൊടുക്കണത് കണ്ടിട്ടുണ്ട്. നെറം എന്നെക്കാൾ കൊറവാണെങ്കിലും ഭംഗി അവൾക്കാ കൂടുതലെന്ന് അമ്മ എപ്പഴും പറയും.


പിന്നെ എനിക്ക് മുടിയും കൊറവാണല്ലോ. വിശേഷാവസരങ്ങളിൽ അവളെ വാലിട്ടു കണ്ണെഴുതാൻ പഠിപ്പിച്ചത് അമ്മയായിരുന്നു. അവർക്ക് പിറക്കാതെ പോയ മോളാത്രേ! എന്നെ ശുണ്ഠി പിടിപ്പിക്കാനായിരിക്കും ഇതൊക്കെ. എന്നാലും ഞാൻ മിണ്ടാറില്ല. എനിക്കവളെ അത്രക്ക് ഇഷ്ടായിരുന്നല്ലോ.

അവള് പോയപ്പൊ ഞാൻ കതകടച്ചിരുന്ന് കൊറെ കരഞ്ഞു. ചെലപ്പൊ അമ്മയും ഉള്ളിൽ കരഞ്ഞു കാണണം. ഒന്നും പുറത്തു കാണിക്കുന്ന പ്രകൃതല്ലല്ലോ അവരുടേത്. എന്തായാലും അവള് പോയേപ്പിന്നെ ആ നാട്ടിൽ പോകാൻതന്നെ ഒരു ഉത്സാഹവും തോന്നാറില്ല. ഉറ്റവരായി ആരുമില്ലാത്തതുപോലെ ”

“പിന്നീട് ആ കൂട്ടുകാരിയെ?”

“കണ്ടിട്ടേയില്ല. മക്കളും കുടുംബോമായിട്ട് എവടെങ്കിലും താമസിക്കണുണ്ടാവും. പത്താം ക്ലാസ്സിലെ ഗ്രൂപ്പ്‌ ഫോട്ടോയിൽ എന്നോട് ചേർന്നു നിക്കണ, മുടി രണ്ടു വശത്തേക്കും പിന്നിയിട്ട പാവാടക്കാരിയെ ഇപ്പഴും നല്ല ഓർമയുണ്ട്. നെടുമ്പുരയിലെ ചുമരിൽ തൂക്കിയിട്ടിരുന്ന ഫ്രെയിം ചെയ്ത ഫോട്ടോ പിന്നീട് കാണാതായി.

തന്നെക്കുറിച്ചുള്ള അവസാനത്തെ ഓർമയും മായ്ച്ചുകളഞ്ഞു അവൾ ശൂന്യാകാശത്തിൽ ലയിച്ചത് പോലെ.” അതു പറഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് അസാമാന്യമായൊരു ശാന്തത കാണായി. “അല്ലെങ്കിലും നമ്മളാരും ഈ ഭൂമിയിലെ സ്ഥിരതാമസക്കാരല്ലല്ലോ മോളേ. വന്നും പോയുമിരിക്കണ വെറും യാത്രക്കാർ” അമ്മ കൂട്ടിച്ചേർത്തു.

അമ്മക്ക് നാടിനോട് വെറുപ്പ് തോന്നാൻ ഇതൊക്കെ മാത്രമായിരുന്നോ കാരണം? സംശയമാണ് പാർവതിക്ക്. അമ്മയും മകളും തമ്മിലുള്ള ചേർച്ചക്കുറവും ഒരു കാരണം തന്നെയെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. തമ്മിൽ കണ്ടാൽ പൊട്ടിച്ചീറാതെ ഒരുദിവസമെങ്കിലും കഴിഞ്ഞുകൂടാൻ പാട്.

മിക്കതും അനാവശ്യമായ തർക്കങ്ങൾ. കൊത്തുകോഴികളെപ്പോലെ കൊത്തിക്കയറുമ്പോൾ രണ്ടുപേർക്കും തോൽക്കാൻ വയ്യ. കേട്ടുനിൽക്കുന്നവർക്ക് ചിരിക്കാൻ തോന്നും. വെറുതെ അമ്മയുടെ കുരുത്തക്കേട് മേടിക്കണ്ടല്ലോയെന്ന് കരുതിയാണ് സൗമിനി നാട്ടിൽ പോകാൻ മടിക്കുന്നതത്രെ.

മനസ്സിൽ തോന്നുന്നത് വെട്ടിത്തുറന്ന് പറയാൻ മടിയില്ല രണ്ടു പേർക്കും. പാർവതിയാകുമ്പോൾ തഞ്ചത്തിന് നിന്നോളുമെന്നു നന്നായറിയാം സൗമിനിക്ക്. അല്ലെങ്കിലും മക്കളെക്കാൾ കൂടുതൽ പ്രിയം പേരക്കുട്ടികളോടാണ് മുൻ തലമുറക്ക്.

അമ്മാമ്മയുടെ അനാവശ്യമായ പിശുക്ക് തീരെ മനസ്സിലാകാറില്ല മകൾക്ക്. പ്രത്യേകിച്ചും അച്ചുവേട്ടന്റെ കാര്യത്തിൽ. കാലത്തെതന്നെ വീട്ടിൽ ഹാജരായി അമ്മാമ്മയുടെ ഉള്ളറിഞ്ഞു ഒരു കാവൽനായയുടെ അനുസരണയോടെ അയാൾ പണിയെടുക്കുന്നത് കണ്ടാൽ സങ്കടം തോന്നും.

പിറന്നുവീണ കാലം തൊട്ട് ആ വീട്ടിലെ അന്നമുണ്ടാണ് അയാൾ വളർന്നത്. അവിടേക്ക് വേണ്ട തട്ടുമുട്ടു സാധനങ്ങൾ വാങ്ങിക്കൊടുക്കുന്നതിനു പുറമെ അവിടത്തെ സകലമാന ബില്ലുകൾ അടയ്ക്കുന്നതും അയാൾതന്നെ. ചുരുക്കത്തിൽ, രാവിലെ അയാളെ കണ്ടില്ലെങ്കിൽ വലിയ പരിഭ്രമമാണ് അമ്മാമ്മക്ക്. പൂമുഖച്ചുവരിൽ ‘അച്ചുവേട്ടൻ ഈ വീടിന്റെ ഐശ്വര്യം’ എന്ന ബോർഡ് തൂക്കണമെന്ന് സൗമിനി തമാശയായി പറയാറുണ്ട്.

എന്നാലും നേരിൽ കാണുമ്പോഴെല്ലാം അമ്മാമ്മക്ക് തന്റെ ശിരസ്സിലെ കിരീടത്തെപ്പറ്റി ഓർമ വരൂമത്രെ. അച്ചുവേട്ടന്റെ അമ്മ വളരെക്കാലം അവിടത്തെ ജോലിക്കാരിയായിരുന്നല്ലോ. അമ്മയുടെ കാട്ടിക്കൂട്ടല് സഹിക്കവയ്യാതെ ഫ്യൂഡൽ കാലം പണ്ടേ കഴിഞ്ഞെന്ന് ഓർമിപ്പിച്ചതുകൊണ്ട് ഒരുദിവസം മുഴുവനും അമ്മാമ്മയും സൗമിനിയും തമ്മിൽ മിണ്ടിയില്ല.

ഒരിക്കൽ പാർവതി അച്ചുവേട്ടനെന്ന് പറയുന്നത് കേട്ടപ്പോൾ അമ്മാമ്മക്ക് തീരെ രസിച്ചില്ല. അവർ ‘‘ഡാ അച്ചൂ’’ എന്നാണ്‌ എപ്പോഴും വിളിക്കുക.

“എന്നാ അവൻ മോൾക്ക് ഏട്ടനായത്? ഇനി മൊതൽ അച്ചൂന്ന് വിളിച്ചാ മതീട്ടോ. നമ്മടെ ജാത്യാണെങ്കിലും ഇത്തിരി താഴെയാ” അവരുടെ ഒച്ച പൊങ്ങി.

ഇത്രയും പ്രായമായ ഒരാളെ എങ്ങനെയാണ് പേര് പറഞ്ഞു വിളിക്കുക? മനസ്സിലായില്ല പാർവതിക്ക്. പിന്നെ എങ്ങനെയാ ഒരാൾ ജാതിയിൽ ഇത്തിരി താഴെയാകുന്നത്? അത് പറഞ്ഞുകൊടുത്തത് സൗമിനിയാണ്.

“എന്റെ മോളെ, അതൊന്നും പറഞ്ഞാൽ നിന്റെ തലയിൽ കേറില്ല. അയാള് നമ്മടെ ജാതിതന്നെയാണെങ്കിലും അതിലെ ഒരു ഉപജാതിയിൽപെട്ടയാളാണത്രെ! കാക്കത്തൊള്ളായിരം ഉപജാതികളുണ്ട് നമ്മുടെ രാജ്യത്ത്. എന്തായാലും മോള് അതൊന്നും ഓർത്തു ബേജാറാകേണ്ട, ഇതൊക്കെ ഓരോരുത്തരുടെ ഉള്ളിലെ ഓരോ കുനിഷ്ടുകൾ…”

അതോടെ ഉള്ളിലിട്ട് തട്ടിക്കളിക്കാൻ രണ്ടു വാക്കുകൾ കിട്ടി പാർവതിക്ക് - ജാതിയും ഉപജാതിയും!.. ജാതിയിലെ തരംതിരിവുകൾ!

എന്തിനാണ് അമ്മാമ്മ അച്ചുവേട്ടനോട് ഇങ്ങനെ കണ്ണീച്ചോരയില്ലാതെ പെരുമാറുന്നത്, പാർവതിക്കും തോന്നാറുണ്ട്. അയാളാണെങ്കിൽ മറുത്തൊന്നും പറയാതെ തലകുനിച്ചു കേട്ടുനിൽക്കും. അതേപ്പറ്റി ചോദിച്ചപ്പോൾ സൗമിനി കുറെനേരം ചിരിച്ചു.

“അതിനവിടെ രാജഭരണമല്ലേ, മോളേ” അമ്മ പറയും. ‘‘നമ്മടെ മഹാറാണിക്ക് കിരീടമില്ലെന്നു മാത്രം. പ​േക്ഷ, ഒന്ന് പറയാം. ജീവിക്കാൻ വേണ്ടി തലതാഴ്ത്തി കേട്ടു നിക്കുമെങ്കിലും അപ്പോഴൊക്കെ ഉള്ളിൽ ചിരിക്കണുണ്ടാവും. വൈകിട്ട് അത്താഴത്തിനിരിക്കുമ്പോൾ കുടുംബത്തോട് പറഞ്ഞു രസിക്കാൻ അന്നന്നത്തെ കുറെ തമാശകൾ. ചുരുക്കത്തിൽ, അത്രയും വിലയേ അവരൊക്കെ അതിനു കൊടുത്തു കാണൂ.”

പണ്ടൊക്കെ അവധിക്ക് വരുമ്പോൾ പാർവതിയുടെ പഴയ ഉടുപ്പുകളും, വാങ്ങിയിട്ട് പാകമാകാത്ത പുതിയവയും ഇന്ദിരക്ക് കൊണ്ടുപോയി കൊടുക്കാറുണ്ട്. ഒരു കണ്ണിന് കാഴ്ചക്കുറവുണ്ടെങ്കിലും അസ്സലായി തയ്‌ക്കാൻ അറിയാമായിരുന്നു അവൾക്ക്. ആ കുടുംബത്തിന് ഒരു സ്‌ഥിരവരുമാന മാർഗമായിരുന്നു അത്. പിന്നെ അച്ചുവേട്ടന്റെ ഭാര്യ അമ്മൂട്ടിയുടെ പശുക്കറവ. തൊഴുത്തിൽ എപ്പോഴും രണ്ടു പശുക്കൾ കാണും.


തൊഴുത്തു കഴുകുന്നതും പശുക്കളെ കുളിപ്പിക്കുന്നതും നീളൻ അലൂമിനിയ പാത്രത്തിൽ സൊസൈറ്റിയിൽ പാൽ കൊണ്ടുപോയി കൊടുക്കുന്നതും അച്ചുവേട്ടൻതന്നെ. അത് കഴിഞ്ഞു തൊട്ടടുത്തുള്ള ചായക്കടയിൽ ഇരട്ടി കടുപ്പത്തിലുള്ള ഒരു ചായകൂടി കുടിച്ചാണ് അയാളുടെ ഒരു ദിവസം തുടങ്ങുന്നത്.

ജീവിക്കാൻ വേണ്ടി ഏതു പണിക്കും പോകാൻ അയാൾ തയാറാണ്. ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളിൽ വിറക് കീറുന്നതു തൊട്ട് ആനപ്പുറത്തു കയറുന്നതു വരെ. ഉത്സവ സീസൺ ആയാൽ തിരക്കാണ്. അടുത്തുള്ള ഉത്സവങ്ങൾക്കെല്ലാം ആനപ്പുറത്തു ആലവട്ടം പിടിക്കുന്നത് അയാളാണത്രെ.

“പേടിയാവില്ലേ അച്ചുവേട്ടാ”, കുട്ടിക്കാലത്ത് ഒരിക്കൽ അവൾ ചോദിച്ചപ്പോൾ അയാൾ ചിരിച്ചു.

“ഹേയ്‌, ആനേടെ മുതുകില് രണ്ടു വശത്തുമായിട്ട് ബാലൻസില് നിക്കണം, അത്രന്നെ. അത് കൊറെ കഴിയുമ്പൊ പരിചയമാകും. പ​േക്ഷ, മുമ്പിൽനിന്ന് വെഞ്ചാമരം വീശണതാ സ്റ്റൈല്. പ​േക്ഷ അത് കൊറച്ചു വെഷമാ. കൊറെക്കാലം പൊറകില് നിന്നു കഴിഞ്ഞാ കേറ്റം കിട്ടും അച്ചൂന്.’’

“ഹൌ, എന്തൊരു നിൽപ്പാ? ഓർക്കാൻകൂടി വയ്യ പാർവതിക്ക്.”

“എന്തിനാ പേടിക്കണേ? അതും നമ്മളെപ്പോലെ ഒരു ജീവ്യല്ലേ, കൊറച്ചു വലുതാണെന്ന് മാത്രം. പിന്നെ അങ്ങോട്ട് സ്നേഹിച്ചാൽ ഇങ്ങോട്ടും തോനെ സ്നേഹം കിട്ടും. ആട്ടെ, മോൾക്ക് ആനപ്പുറത്തു കേറണോ, അച്ചുവേട്ടൻ കേറ്റാം.”

“ഹേയ് അതൊന്നും വേണ്ടാ, പാർവതിക്ക് പേടിയാവും.”

“എന്തിനാ പേടിക്കണേ, അച്ചുവേട്ടൻ തന്നെ കൊറെ സ്കൂൾ കുട്ട്യോളെ കേറ്റീട്ടുണ്ടല്ലോ. തൊട്ടടുത്തു തോട്ടീമായി അമ്മുണ്യാരുണ്ടാവൂല്ലൊ. മാത്രല്ല ആനക്ക് കൂച്ചുവിലങ്ങു ഇട്ടിട്ടൂണ്ടാവും.”

പലയിടത്തു നിന്നുമായി ആനക്ക് തെങ്ങിൻപട്ട തരപ്പെടുത്തുന്ന അച്ചുവേട്ടനോട് വലിയ അടുപ്പമാണ് ആനക്കാരൻ അമ്മുണ്യാർക്ക്.

“അമ്മാമ്മ അറിഞ്ഞാ വഴക്ക് പറയും.”

“അമ്മാമ്മ അറിയണ്ടാ.”

“അമ്മയോ?”

“അമ്മേം അറിയണ്ടാ.”

“അയ്യോ!”

“പേടിക്കണ്ടാന്നെ, അച്ചുവേട്ടനില്ലേ കൂടെ.”

അങ്ങനെയാണ് ഒരു അവധിക്കാലത്ത് അവൾ ഒരു ആനയെ തൊട്ടത്. ആനയുടെ തൊലിക്ക് ഭയങ്കര അരമായിരുന്നു. മാത്രമല്ല, ആനയുടെ കാൽ കൂടിനിടയിൽ കൂടി നൂഴിക്കുകയും ചെയ്തു. രാത്രി പേടിസ്വപ്നം കാണില്ലത്രേ. ഉറങ്ങാൻ കിടക്കുമ്പോൾ അർജുനൻ ഫൽഗുനൻ ചൊല്ലുകയും വേണ്ട. പ​േക്ഷ, അതൊന്നും അമ്മയോട് പറയാൻപോലും ധൈര്യം ഉണ്ടായിരുന്നില്ല അവൾക്ക്.

“ആനവാൽ വേണോ മോൾക്ക്?”

“എന്തിനാ?”

“മോതിരം ഉണ്ടാക്കീട്ടാൽ പേടീണ്ടാവില്ലത്രെ.”

“അതിന് പാർവതിക്ക് പേടീല്ലല്ലൊ ഒന്നിനേം.”

പിന്നീടൊരിക്കൽ, നാട്ടിൻപുറത്തെ ചായക്കടയിലെ ആടുന്ന ബെഞ്ചിലിരുന്ന് ചില്ലു ഗ്ലാസിലെ ചായ കുടിച്ചു. ചെറുപയറിൽ ശർക്കര ചേർത്ത സുഖിയനും തിന്നു. പഴകി നിറംകെട്ട കൈപ്പാട്ടയിൽനിന്ന് താഴത്തെ ഗ്ലാസിലേക്ക് ഒരു വില്ലുപോലെ ചായ നീട്ടിയടിക്കുന്നതും, സമോവറിൽ എന്തോ കിടന്ന് കലപില കൂട്ടുന്നതും വലിയ അത്ഭുതമായിരുന്നു അവൾക്ക്.

ചോദ്യഭാവത്തിൽ നോക്കിയപ്പോൾ അച്ചുവേട്ടൻ പറഞ്ഞു,

“സമോവർ, ഒച്ചയുണ്ടാക്കണത് നാണയത്തുട്ട്”

ഉശിരുള്ള നാടൻ ചായ. അതുപോലൊന്ന് വിശാൽനഗറിൽ കിട്ടാൻ പാടാണ്‌.

ആ പ്രായത്തിൽ പേടി കുറവാണെങ്കിലും ചായക്കടയിലെ പറ്റുകാർ കണ്ടുപരിചയമില്ലാത്ത പെൺകുട്ടിയുടെ തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ അവൾക്കൊരു വല്ലായ്മതോന്നി. പ്രത്യേകിച്ചും അവളുടെ മുട്ടിനുതാഴെ അവസാനിക്കുന്ന കാലുറകൾ.

“സാരല്ല്യാ മോളെ. ആരും അറിയില്ല” അച്ചു മന്ത്രിച്ചു.

അവിടെയൊരു മുറുക്കാൻ കടയിലെ ഷെൽഫിലാണ് അവൾ സോഡാക്കുപ്പിയുടെ നാവടയ്ക്കുന്ന ഗോലി കണ്ടത്. കുപ്പിയുടെ മുകളിൽ ഒരു മരയടപ്പ് ​െവച്ചമർത്തിയപ്പോൾ പ്രതിഷേധത്തോടെ ചീറ്റിക്കൊണ്ട് അടപ്പ് കുപ്പിക്കഴുത്തിലേക്ക് വീഴുന്നതും, അച്ചുവേട്ടൻ സോഡ വലിച്ചു കുടിച്ചു വയറ് തിരുമ്മി, ആശ്വാസത്തോടെ ഏമ്പക്കം വിടുന്നതും അത്ഭുതത്തോടെ നോക്കിനിൽക്കുകയായിരുന്നു പാർവതി.

“ഗ്യാസാ” അച്ചുവേട്ടൻ വിശദീകരിച്ചു. “രണ്ടു ഏമ്പക്കം പോയാ സുഗായി.”

സ്കൂൾ പുസ്തകങ്ങളിൽ ഓക്സിജൻ, ഹൈഡ്രജൻ, നൈട്രജൻ എന്നൊക്കെ പഠിച്ചിട്ടുണ്ട്. അതിലൊന്നായിരിക്കണം ഇത്. പ​േക്ഷ, ആരാത് അച്ചുവേട്ടന്റെ വയറ്റിൽ നിറച്ചത്? അതിശയിക്കുകയായിരുന്നു പാർവതി.

എങ്ങനെയാണ് ഗോലി ആ കുപ്പിക്കഴുത്തിൽ കുടുങ്ങിപ്പോയത്? അതിനൊരു മോചനം കൊടുക്കാൻ എങ്ങനെ അച്ചുവേട്ടന് കഴിഞ്ഞു?

ഒരുപാട് സംശയങ്ങളുണ്ട് അവൾക്ക്.

മടിയോടെയാണ് ചോദിച്ചത്. മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു.

“സോഡയല്ല മോളെ. ഷോഡ” അച്ചുവേട്ടൻ തിരുത്തി “ അങ്ങനെ പറഞ്ഞാലേ സാതനം കിട്ടൂ. ഇന്നലെ വയറിന് പിടിക്കാത്ത വല്ലതും കഴിച്ചുകാണും. അതാ ഗ്യാസാവണത്.”

അതൊരു പുതിയ അറിവായിരുന്നു പാർവതിക്ക്. പിടിക്കാത്ത എന്തെങ്കിലും കഴിക്കുമ്പോഴാണ് ഗ്യാസ് ഉണ്ടാവണത്. അപ്പോൾ കെമിസ്ട്രി പഠിപ്പിക്കുന്ന മാഷും അങ്ങനെ വല്ലതും കഴിച്ചുകാണും... അവൾ ചിരിയമർത്തി. എന്തായാലും, മടങ്ങിച്ചെല്ലുമ്പോൾ നീലിമയോട് പറയാൻ ചില പുതിയ കാര്യങ്ങൾ കൂടി കിട്ടി. നാട്ടിൻപുറത്തെ ചായക്കടയിലെ ഉശിരൻചായ. സമോവറിൽ കിടന്ന് തുള്ളിക്കളിക്കുന്ന നാണയം. മുറുക്കാൻ കടയിലെ കുപ്പിക്കഴുത്തിൽ കുടുങ്ങിപ്പോയ ഗോലി. അച്ചുവേട്ടന്റെ വയറ്റിൽ നിറഞ്ഞുപോയ ഗ്യാസ്…

എല്ലാവർക്കും പ്രിയപ്പെട്ട അച്ചുവേട്ടൻ. പിന്നെ അമ്മാമ്മക്ക് മാത്രം എന്തേ ഇങ്ങനെയെന്ന് ചോദിച്ചപ്പോൾ മറുപടിയുണ്ടായിരുന്നു സൗമിനിക്ക്.

“ഭരണിനാളിന്റെ മഹത്ത്വം തന്നെ.”

ഇത്തരം നക്ഷത്രവിശേഷങ്ങൾ കേൾക്കുമ്പോൾ ചിരിയമർത്താറുണ്ട് പാർവതി. പിടിവാശിയുടെ കാര്യത്തിൽ തന്റെ അമ്മയും ഒട്ടും മോശമല്ലെന്ന് അവൾക്ക് നന്നായറിയാം. രണ്ടുപേരും മുന്നാളാണത്രെ. അമ്മാമ്മ ഭരണിയാണെങ്കിൽ മകൾ രോഹിണി. അതുകൊണ്ടായിരിക്കും കണ്ടുമുട്ടുമ്പോളെല്ലാം അമ്മയും മോളും പട്ടീം പൂച്ചയുമാകുന്നത്.

ഈ നക്ഷത്രങ്ങളുടെ ചുറ്റിക്കളി തീരെ പിടിച്ചില്ല പാർവതിക്ക്. ഇവരൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്? എങ്ങനെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇത്തരം വിശ്വാസങ്ങൾ കാത്തുവെക്കാൻ കഴിയുന്നു? മറുപടിയുണ്ട് സൗമിനിക്ക്. നാട്ടിൻപുറത്തു ജനിച്ചു വളർന്നവരുടെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന ചില വേരുകൾ പറിച്ചുകളയാൻ പാടാണ്.

അല്ലെങ്കിലും അമ്മ അങ്ങനെയാണെന്ന് പാർവതിക്ക് തോന്നാറുണ്ട്. നാട് വിട്ടിട്ട് കാലം ഇത്ര കഴിഞ്ഞിട്ടും അവർ ഇപ്പോഴും നാടൻശീലിൽ സംസാരിക്കുന്നു. പറച്ചിലുകളിൽ ഇടക്കെല്ലാം ചില പഴഞ്ചൊല്ലുകളും കടന്നുവരുന്നു. പലവുരു കേട്ടു മടുത്ത ചൊല്ലുകൾ… എന്നിട്ടും ആ പ്രിയപ്പെട്ട നാട്ടിൽ വീണ്ടും പോകാൻ എന്താണിത്ര മടി?

“ഞാനില്ല. മോള് വലുതായില്ലേ തനിച്ചു പൊക്കോ.” സൗമിനി ആവർത്തിക്കാറുണ്ട്.

പാർവതി ഓർമകളിൽനിന്ന് ഉണർന്നു.

തനിച്ചു പോകാൻ പേടി ഉണ്ടായിട്ടല്ല എന്നാലും...

“അവടെ ചെല്ലുമ്പോൾ അച്ചുവേട്ടനോട് ഞാൻ തിരക്കിയെന്നു പ്രത്യേകം പറയണം.”

അല്ലെങ്കിലും അച്ചുവേട്ടന്റെ കാര്യത്തിൽ വലിയ താൽപര്യമാണ് സൗമിനിക്ക്. പാവം അത്രയേറെ കഷ്ടപ്പെടുന്നുണ്ട്. പണ്ട് മുതലേ മകൾ ഇന്ദിരയുടെ ഒരു കണ്ണിന്റെ കാഴ്ച കുറഞ്ഞുവരികയാണത്രെ. ഭാര്യ അമ്മൂട്ടിക്കാണെങ്കിൽ പലവിധ അസുഖങ്ങളും. അതാവും അമ്മാമ്മയുടെ അലോക്യത്തിന്റെ ഒരു കാരണം.

“അവനോ ഒരു ഗതീമില്ല. കൊള്ളാവുന്നൊരു കുട്ട്യെ ഞാൻ തന്നെ കണ്ടുവച്ചതാ. അത്യാവശ്യം കഴിഞ്ഞുകൂടാനുള്ള വകേമുണ്ടു അവർക്ക്. എന്നിട്ടെന്താ? അവനതു വേണ്ടാ. കെട്ടിക്കൊണ്ടു വന്നതോ, ഒരു ഗതീമില്ലാത്ത ഒരു പെണ്ണിനെ. അവൾക്കാണെങ്കിൽ ആസ്പത്രീന്നും വൈദ്യശാലേന്നും എറങ്ങാനോട്ട് നേരോല്ല്യ. പ്രേമാത്രേ! ഒലക്കേടെ മൂട്.” അമ്മാമ്മ പറയാറുണ്ടത്രെ.

“പ്രേമം എന്ന വാക്കന്നെ നിരോധിച്ചിട്ടുണ്ടല്ലോ ആ വീട്ടിൽ.” സൗമിനി പല്ലു ഞെരിച്ചു.

തലയാട്ടിയെങ്കിലും അമ്മാമ്മയുടെ ദേഷ്യത്തിന് മറ്റൊരു കാരണം കൂടിയുണ്ടെന്ന് പതിയെ മനസ്സിലായി പാർവതിക്ക്. കോളേജ് വിട്ടശേഷം അമ്മക്കുള്ള കത്തുകൾ രഹസ്യമായി എത്തിച്ചിരുന്നത് അച്ചുവേട്ടനായിരുന്നത്രെ. പോസ്റ്റുമാൻ കേശുമ്മാനോട് അമ്മാമ്മ കർശനമായി ചട്ടം കെട്ടിയിരുന്നതുകൊണ്ട് ആ വഴി അടഞ്ഞപ്പോൾ ഇത് മാത്രമേ ശേഷിച്ചുള്ളൂവത്രെ. ഒടുവിലൊരിക്കൽ അമ്മാമ്മതന്നെ കൈയോടെ പിടികൂടിയതോടെ അതും അടഞ്ഞു. അതോടെ പഴയ വിശ്വസ്തൻ സംശയത്തിന്റെ നിഴലിലുമായി…

പ​േക്ഷ, അതൊക്കെ അച്ചുവേട്ടന്റെ സ്വഭാവത്തിന്റെ ഭാഗമാണെന്ന് നന്നായറിയാമായിരുന്നു സൗമിനിക്ക്. ആരെന്തു പറഞ്ഞാലും സഹായിക്കാൻ തയാറാണ് അയാൾ. കടകളിൽനിന്ന് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റുമായി ഇടവഴിയിലൂടെ തിരക്കിട്ടുവരുന്ന അച്ചുവേട്ടനെ നോക്കി വേലിക്കപ്പുറത്തു കാത്തുനിൽക്കാറുള്ള ചില സ്ത്രീകളുണ്ട്. അങ്ങുമിങ്ങും നോക്കിനിൽക്കാതെ കുറിച്ചു കൊടുക്കുന്ന സാധനങ്ങൾ വേഗം വാങ്ങി വരണമെന്ന് ചട്ടംകെട്ടിയാണ് അമ്മാമ്മ വിടാറ്.

സാമ്പാറിനുള്ള കഷണങ്ങൾ നുറുക്കി കഴിഞ്ഞപ്പോഴാണ് തക്കാളിയില്ലെന്ന് കണ്ടത്. തക്കാളിയുടെ പുളിയില്ലാതെ എന്തൂട്ട് സാമ്പാറ്?

“ഓടിപ്പോയി വേഗം വരണംട്ടോ. ഇവിടെ കൽച്ചട്ടി അടുപ്പത്തു വച്ചിരിക്കാ...’’ വിട്ടുവീഴ്ചയില്ല അവർക്ക്.

സ്റ്റീൽപാത്രങ്ങൾ പോരാ. ശരിക്കുള്ള സ്വാദ് കിട്ടാൻ കൽച്ചട്ടി തന്നെ വേണം. കടകളിലൊന്നും കിട്ടാത്തതുകൊണ്ട് അതിനായി അച്ചുവേട്ടനെ ശിവരാത്രി ചന്ത വരെ ഓടിക്കുന്നു. സാധനം പെട്ടെന്ന് തീർന്നുപോയാലോ?

“ആയിക്കോട്ടെ.”

“ഒറ്റ ഓട്ടത്തിന് പോയി മേടിച്ചു കൊണ്ടുവരില്ലേ?”

“പിന്നില്ലാതെ?”

പ​േക്ഷ, അച്ചുവേട്ടൻ ഓടിയില്ല. നടന്നുതന്നെ പോയി. അതാണല്ലോ ശീലവും.

മേലേടത്തെ കൽച്ചട്ടി കാത്തിരിക്കുന്നുണ്ടെന്നു അറിയാമെങ്കിലും, കീഴേടത്തെ വേലിക്കപ്പുറത്തുനിന്ന് ജാനുവമ്മ കൈ കാട്ടി വിളിക്കുന്നത് ജന്മനാ പരോപകാരിയായ അച്ചുവേട്ടന് കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല.

‘‘ഈ മരുന്നൊന്നു വാങ്ങിത്തര്വോ അച്ചുവേട്ടാ. മുത്തശ്ശി രാത്രി മുഴോനും വയറുവേദനകൊണ്ട് പൊളയുകയായിരുന്നു. ഞാനും ഒരുപോള കണ്ണടച്ചിട്ടില്ല.’’

“എന്ത് പറ്റി മുത്തശ്ശിക്ക്?”

“എന്ത് പറ്റാൻ? ചക്കയോട് ഭയങ്കര ആർത്തിയാ. പ്രായം ഇത്രയായെന്ന ഓർമവേണ്ടേ? കൊടുക്കണ്ടാന്ന് വച്ച് പറയാണ്ടിരുന്നാൽ അത് മുറിക്കണ മണമറിഞ്ഞാൽ പിന്നെ രക്ഷയില്ല… അതോണ്ട്… അതോണ്ട്… ആ കുമാരൻ വൈദ്യരോട് പറഞ്ഞാ മതി, മരുന്ന് കിട്ടും.”

“ആയിക്കോട്ടെ.”

വേറൊരു സ്ത്രീ…

“അച്ചുവേട്ടാ, ഈ കവർ ഒന്ന് രജിസ്റ്റർ ആയി അയക്കോ? കൗസല്യക്ക് ഒരു ജോലിക്കുള്ള അപേക്ഷയാണ്. വെറുതെ പോസ്റ്റ് ഓഫീസിലെ പെട്ടീല് ഇടല്ലേ? മാഷോട് പറഞ്ഞു തൂക്കിനോക്കി സ്റ്റാമ്പൊട്ടിച്ചു കൊടുക്കണട്ടോ. രശീതി വാങ്ങിക്കേം വേണം.”

“ആയിക്കോട്ടെ.”

എല്ലാത്തിനും എപ്പോഴും ഒറ്റ മറുപടിയെ ഉള്ളൂ അയാൾക്ക് –ആയിക്കോട്ടെ. മറുത്തൊന്നും പറയാനുള്ള കെൽപില്ല.

അങ്ങനെ മേലേടത്തെ സാധനങ്ങളും, കീഴേടത്തെ മരുന്നും വാങ്ങിക്കഴിഞ്ഞാണ് ദൂരെയുള്ള പോസ്റ്റ് ഓഫീസിലെത്തുന്നത്. കവർ തൂക്കിനോക്കുന്നതിനിടയിൽ ത്രാസിൽനിന്ന് കണ്ണെടുക്കാതെ പോസ്റ്റ് ഓഫീസിലെ ഔസോമാഷ് ചോദിക്കുന്നു.

“അച്ചുവേട്ടൻ തിരക്കിലാ?”

“ഹേ അങ്ങനെയൊന്നൂല്യാ, എന്താ മാഷെ?”

“ഒരു കൂട് ചാർമിനാറും കുറച്ചു മുറുക്കാനും വേണായിരുന്നു. അരിഞ്ഞ പുകയില കൂട്ടി ഒരിക്കെ മുറുക്കാണ്ട് ഒരു ഉഷാറൂല്യ. ആ ചുമ്മാറിന്റെ കടയിൽ പറഞ്ഞാ മതി. അയാക്കറിയാം ഔസോ മാഷ് ക്ക് വേണ്ടതൊക്കെ…”

നാട്ടാർക്ക് മുഴുവനും അയാൾ അച്ചുവേട്ടനാണ്, പ്രായമായവർക്കും കുട്ടികൾക്കും. അമ്മാമ്മക്ക് മാത്രം ‘ഡാ അച്ചുവും.’

അങ്ങനെ അമ്മാമ്മക്ക് അർജന്റായി വേണ്ട തക്കാളിയുടെ സഞ്ചി ഭദ്രമായി സൂക്ഷിക്കാൻ ഔസോ മാഷെ ഏൽപിച്ചു, അച്ചുവേട്ടൻ തിരിച്ചുനടക്കുന്നു.

ജാനുവമ്മയുടെ മരുന്നും കൗസല്യയുടെ രജിസ്റ്ററും ഔസോമാഷ്ടെ മുറുക്കാനും. കഴിഞ്ഞു ഏറ്റവുമൊടുവിൽ അമ്മാമ്മയുടെ തക്കാളി മേലേടത്തെത്തുമ്പോൾ കൽച്ചട്ടിയിലെ സാമ്പാർ തിളച്ചുകാണും. പിന്നത്തെ പുകില് ആലോചിക്കാവുന്നതേയുള്ളൂ. അപ്പോഴൊക്കെ ഒരു സമാധാനമേയുള്ളൂ അയാൾക്ക്. അന്ന് വേലിക്കപ്പുറത്തുനിന്നുള്ള വിളികൾ പൊതുവെ കുറവായിരുന്നല്ലോ. മടങ്ങാൻ വല്ലാണ്ട് വൈകീട്ടുമില്ല.

അമ്മാമ്മ എത്ര വഴക്ക് പറഞ്ഞാലും പരാതിയില്ല അയാൾക്ക്. അവരുടെ നാവ് മോശമാണെന്ന് മാത്രമേ ഉള്ളൂ. മനസ്സ് നല്ലതാ. അത് കൊണ്ടല്ലേ പിറ്റേന്ന് കാപ്പി കുടിക്കാനിരിക്കുമ്പോൾ ഇഡ്ഡലികളുടെ എണ്ണം കൂടുന്നത്. അല്ലെങ്കിലും ആഹാരക്കാര്യത്തിൽ അമ്മക്ക് അലിയുന്ന മനസ്സാണെന്ന് സൗമിനിക്കും നന്നായറിയാം. ഊൺമുറിയിലേക്ക് കയറ്റില്ലെന്നു മാത്രം. പടിഞ്ഞാറേ ഇറയത്തു അതിനായി മേശയും കസേരയും ഇട്ടിട്ടുണ്ട്. പലഹാരപ്പാത്രം മേശപ്പുറത്തു ​െവച്ച് അമ്മാമ്മ അകത്തേക്ക് പോകും. ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം അങ്ങനെ എന്തെങ്കിലും ഉണ്ടാവും മാറി മാറി. എത്ര വേണമെങ്കിലും കഴിക്കാം. വിശക്കുന്നവനു വയറു നിറച്ചു ആഹാരം കൊടുക്കുന്നതിനേക്കാൾ വലിയ പുണ്യമില്ലെന്ന് അവർ മകളെയും പഠിപ്പിച്ചിട്ടുണ്ട്.

കൂടാതെ, വഴക്ക് പറഞ്ഞുകൊണ്ടാണെങ്കിലും, അമ്മൂട്ടിയുടെ ചികിത്സക്ക് വേണ്ട ചില്ലറയും കിട്ടും. നല്ല നേരമാണെങ്കിൽ ചോദിക്കാതെ തന്നെ അറിഞ്ഞു കൊടുക്കുകയും ചെയ്യും.

“ഒരാൾക്ക് സുഖല്ല്യാന്നു വച്ചാ നമ്മളെക്കൊണ്ട് ആവുന്നതൊക്കെ ചെയ്യണ്ടേ?”

ഉത്സവ സീസണാകുമ്പോൾ അയാൾക്ക് വലിയ തിക്കമുണ്ടാവില്ലെന്ന് അവർക്ക് നന്നായറിയാം...

“ഒരു രക്ഷേമില്ല. മോള് തനിച്ചു പൊക്കോ.” ആവർത്തിക്കുകയാണ് സൗമിനി. “ഇവടെ ഓരോ കുട്ട്യോൾടെം പരീക്ഷ ഓരോ സമയത്താ.”

അതൊരു ഒഴികഴിവാണെങ്കിലും അതിൽ കുറെ സത്യം കാണുമെന്ന് പാർവതിക്കറിയാം.

കല്യാണം കഴിഞ്ഞു പച്ചപ്പ് തേടി ഇവിടെ വരുന്ന കാലത്ത് അച്ഛനു പണി ഒത്തുവരുന്നതുവരെ കഴിഞ്ഞുകൂടാനാണത്രെ അമ്മ സ്കൂൾ ടീച്ചറായത്. ഹിന്ദി വഴങ്ങുമെങ്കിലും ഇംഗ്ലീഷ് മീഡിയം സ്കൂളാണ് തേടിപ്പോയത്. വലിയ കടുപ്പക്കാരുടെ സ്കൂൾ. വിട്ടുവീഴ്ചകൾ നന്നെ കുറവ്. ചോദ്യോത്തരങ്ങൾക്ക് വകുപ്പില്ല. എന്തായാലും ഒരു പണി കിട്ടിയല്ലോയെന്ന ആശ്വാസമായിരുന്നു സൗമിനിക്ക്. ആരെയും കൂട്ടാക്കാതെ ജീവിക്കാമല്ലോ. മാത്രമല്ല, ലാലാജിയുടെ പേരിലുള്ള, മഹാത്മാവ് ആശീർവദിച്ച ഏതു സ്ഥാപനത്തിനും അതിന്റേതായ പെരുമയുണ്ട്.

ഇതൊക്കെ അമ്മ ഒറ്റക്കും തെറ്റക്കും പറഞ്ഞത്. ഇതിൽ പാലെത്ര വെള്ളമെത്ര എന്നു തിട്ടമില്ല പാർവതിക്ക്. ഒരുപക്ഷേ, അമ്മക്കും. ഇനിയൊരിക്കൽ അമ്മതന്നെ മാറ്റിപ്പറഞ്ഞുവെന്ന് വരാം. സ്വപ്നങ്ങളിലൂടെ സഞ്ചരിക്കുന്നവർക്ക് കാലുറപ്പ് കുറവ്. അരണ്ട വെട്ടത്തിൽ നിഴലുകൾ കൂടിപ്പിണയുമ്പോഴുള്ള വിഭ്രാന്തി. അച്ഛന്റെ പേര് പോലും ഉറപ്പില്ലല്ലോ അമ്മക്ക്. അമ്മാമ്മക്ക് അറിയാമായിരിക്കും. ചിലപ്പോൾ അവരുടെ കൈയിലെങ്കിലും കണ്ടേക്കും, പാതി വാൽപ്പുഴു തിന്ന വല്ല പടവും. പുറത്തെടുക്കാൻ മടിക്കുന്ന പടം.

എന്നെങ്കിലും അത് കണ്ടുപിടിച്ചേ പറ്റൂ, അവൾ ഉറപ്പിച്ചു. ജനിപ്പിച്ചയാളുടെ പേര് പോലും അറിയാതെയുള്ള ഈ ജന്മത്തിന്റെ നേരുകേട് താങ്ങാനാവുന്നില്ല. എന്തായാലും മറ്റുള്ളവരുടെ മുമ്പിൽ ഒരു ബാസ്റ്റാർഡ് ആകാൻ വയ്യ.

(തുടരും)

Tags:    
News Summary - novel-parvathy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 06:00 GMT
access_time 2024-11-25 05:45 GMT
access_time 2024-11-18 04:15 GMT