പാകിസ്താന് വിസ
കിരണ്‍ ഡോലാക്കിയയുടെ ചിത്രത്തില്‍ ഊര്‍മിള കപൂര്‍ നായികയാവുന്നു.
സംജൗത്ത എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം കിരണ്‍ ഡോലാക്കിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഊര്‍മിള കപൂര്‍ നായികയാവുന്നു. ഇന്ത്യ-പാക് വിഭജനകാലത്തെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ചില പാക് താരങ്ങളും അഭിനയിക്കുന്നുണ്ടെന്നാണ് ശ്രുതി. ''വിഭജനകാലത്തെ ഒരു പ്രണയ കഥയാണിത്. കൂടുതല്‍ കാര്യങ്ങള്‍ എനിക്കിപ്പോള്‍ വെളിപ്പെടുത്താനാവില്ല.'' ഊര്‍മിള പറയുന്നു. മറ്റ് താരനിർണയം പൂര്‍ത്തിയായിട്ടില്ല. ഈഗോ പ്ലാനറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിർമിക്കുന്ന ഈ വന്‍ബജറ്റ് ചിത്രത്തിന്റെ പേര് ബൂട്ടാസിങ് ആണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. ലോകപ്രശസ്ത കാമറാമാന് റസ്സല്‍ കാര്‍പെന്ററാണ് കാമറ. ഡിസംബറില്‍ ചിത്രീകരണം തുടങ്ങും.
പത്രം സോഫയിലേക്ക് എറിഞ്ഞ ശേഷം കിരണ്‍ ഡോലാക്കിയ കണ്ണടയൂരി പോക്കറ്റില്‍ തിരുകിെവച്ചു. ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത അയാളെ അസ്വസ്ഥനാക്കി. രഹസ്യ സ്വഭാവത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ആഗ്രഹിച്ചത്. അതിനാല്‍ ഒരു സൂചനപോലും പുറത്തുവിട്ടിരുന്നില്ല. സ്യൂട്ടില്‍ അയാള്‍ ഊര്‍മിള വരുന്നതും കാത്തിരുന്നു. ഇന്ന് വൈകീട്ട് ഊര്‍മിളയുടെ പുതിയ ചിത്രത്തിന്റെ പ്രിവ്യൂ ആണ്. ഇതേ ഹോട്ടലില്െവച്ചാണ് പ്രിവ്യൂവും പാര്‍ട്ടിയും.
കോളിങ് ബെല്‍ മുഴങ്ങി.
"യെസ് ഗെറ്റ് ഇന്‍" ഡോലാക്കിയ പറഞ്ഞു.
ഊര്‍മിള വിദേശ പെർഫ്യൂമിന്റെ മണവുമായാണ് അകത്തേക്ക് വന്നത്. ചന്ദനനിറമുള്ള ഡിസൈനര്‍ കുപ്പായത്തില്‍ അവള് പതിവിലും സുന്ദരിയായി കാണപ്പെട്ടു.
"നമസ്കാരം സര്... ഞാന്‍ അൽപം ലേറ്റായിപോയി. ക്ഷമിക്കണം."
"താരങ്ങള്‍ കൃത്യസമയം പാലിക്കില്ലെന്ന് എനിക്കറിയാം." ഡോലാക്കിയ ചിരിച്ചു.
''അയ്യോ...സര്... I am really sorry.''
''cool... I am joking.''
ഊർമിള പ്രസരിപ്പോടെ ഡോലാക്കിയക്ക് അഭിമുഖമായിരുന്നു.
"സര് ഞാന്‍ എക്സൈറ്റഡ് ആണ്. കഥ കേള്‍ക്കാന്‍ സര് വിളിച്ചപ്പോള്‍ തന്നെ ഞാന്‍ അമ്മയോടെല്ലാം പറഞ്ഞു..."
"ഊര്‍മിളയെപോലെ എക്സൈറ്റഡ് ആയ ആരോ ചോര്‍ത്തിയ വാര്‍ത്തയെല്ലാം ഇന്ന് ഫിലിം പേജില്‍ അച്ചടിച്ചുവന്നിട്ടുണ്ട്."
"ഞാനത് വായിച്ചിരുന്നു സര്. പക്ഷേ, എന്നെ വെറുതെ ക്വോട്ട് ചെയ്തിട്ടുണ്ടതില്‍. അമ്മയാണ് സത്യം ഞാനതൊന്നും അറിഞ്ഞിട്ടുപോലുമില്ല."
"ഇപ്പോള്‍ എന്തെങ്കിലും തുമ്പ് കിട്ടിയാല്‍ ബാക്കി ഗസ്സ് ചെയ്തു എഴുതുന്നതാണല്ലോ പത്രപ്രവര്‍ത്തനം. പുതിയ സര്‍ക്കാര്‍ കാന്‍പൂരില്‍ തോക്ക് നിർമിക്കാന്‍ വെബ്ലി & സ്കോട്ടിന് അനുമതി നല്‍കിയിട്ടുണ്ട്. അതൊന്നും പത്രങ്ങള്‍ക്ക് വാര്‍ത്തയല്ല." ഡോലാക്കിയ പറഞ്ഞു.
"ഊര്‍മിളക്ക് കഴിക്കാന്‍ എന്തെങ്കിലും പറയട്ടെ."
അവള് മൊബൈലില്‍ എന്തോ വായിക്കാന്‍ ശ്രമിച്ചു.
''വേണ്ട സര്, ഞാനിപ്പോള്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതേയുള്ളൂ." അവള് ഫോണില്‍നിന്നും കണ്ണെടുത്തു.
"എങ്കില്‍ ഒരു നിമിഷം ഞാനൊന്ന് സ്മോക്ക് ചെയ്തു വരാം."
നാല്പത്തിയഞ്ച് വയസ്സിനിടയില്‍ 12 ഹിറ്റുകള്‍. ആദ്യ ചിത്രം ഫ്ലോപ്പ്. തകര്‍ന്നുപോകേണ്ടതാണ്. പക്ഷേ പിന്നീട് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകന്. തന്നെ ആദ്യം നായികയാക്കി അഭിനയിപ്പിച്ചതും അദ്ദേഹമാണ്. നല്ല മനുഷ്യന്. അധികം സംസാരിക്കാത്ത പ്രകൃതമാണ്. പക്ഷേ ഇന്ന് വേറെ മൂഡാണ്. ഊര്‍മിള അദ്ദേഹം വരാനായി കാത്തിരുന്നു. മൊബൈല്‍ ഫ്ലൈറ്റ് മോഡിലിട്ടു. അൽപം കഴിഞ്ഞ് ഒരു നരച്ച ടീഷര്‍ട്ട് ധരിച്ചുകൊണ്ടാണ് ഡോലാക്കിയ റൂമിലേക്ക് വന്നത്. ടീ ഷര്‍ട്ടിന്റെ വി കട്ടില് കണ്ണട തൂങ്ങിക്കിടന്നു. കൈയില്‍ സ്ക്രിപ്റ്റിന്റെ ബൈന്‍ഡ് കോപ്പിയുണ്ടായിരുന്നു. സംസാരിക്കുമ്പോള്‍ പുകയിലയുടെ മണം വരാതിരിക്കാനായി എന്തോ ചവക്കുന്നുണ്ട്.
അയാള്‍ സ്ക്രിപ്റ്റ് മേശപ്പുറത്തുെവച്ച ശേഷം സോഫയില്‍ ഇരുന്നു. ഊര്‍മിള ആകാംക്ഷയോടെ സംവിധായകനെ കേള്‍ക്കാനെന്നോണം ഉന്മേഷംകൊണ്ടു. അങ്ങനെ ചെയ്തപ്പോള്‍ അവളുടെ കവിളിലേക്ക് കൂടുതല്‍ രക്തപ്രവാഹമുണ്ടായി.
"ഇത് സൈനബിന്റെയും ബൂട്ടാസിങ്ങിന്റെയും കഥയാണ്." കിരണ്‍ ഡോലാക്കിയ പറഞ്ഞു. വായിലുള്ള മിഠായി അലിഞ്ഞുതീര്ന്നതും അയാള്‍ കഥ പറയാന്‍ തുടങ്ങി.
സൈനബ് അതീവ സുന്ദരിയായ ഒരു മുസ്ലിം പെണ്‍കുട്ടിയാണ്. പഞ്ചാബില്‍നിന്ന് കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് കൂട്ട പലായനംചെയ്യുമ്പോഴാണ് അവളെ തട്ടിക്കൊണ്ടുപോകുന്നത്. ആരാണ് തട്ടിക്കൊണ്ടുപോയതെന്നു ഒരു പിടിയും ഇല്ലായിരുന്നു. അവള് അനേകം പേരിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. അവസാനം അമൃത്സര്‍ ജില്ലയില്‍ ഉള്ള ഒരു ജന്മിയാണ് അവളെ വാങ്ങുന്നത്. ബൂട്ടാസിങ് എന്നായിരുന്നു അയാളുടെ പേര്. ആ കാലത്ത് അവിവാഹിതര്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട്പോവുകയോ, തട്ടിക്കൊണ്ട് വന്ന പെണ്‍കുട്ടികളെ വില കൊടുത്തു വാങ്ങുകയോ ചെയ്യുന്നത് പതിവായിരുന്നു. നിയമലംഘനങ്ങളുടെ കാലം കൂടിയായിരുന്നു അത്. ബൂട്ടാസിങ് നല്ലവനായിരുന്നു. സൈനബിനെ അയാള്‍ സ്വന്തം പോലെ കരുതി സ്നേഹിച്ചു. 'ചന്ദര്‍' നടത്തിയ ശേഷം സൈനബിനെ വിവാഹം ചെയ്തു. ആ കാലത്ത് അങ്ങനെയെല്ലാം സംഭവിച്ചിരുന്നു. ഇരുവരും അഗാധമായി പ്രണയിച്ചു. സൈനബിനെ ബൂട്ടാസിങ്ങിന് ജീവന്റെ ജീവനായിരുന്നു. അവള് ബൂട്ടാസിങ്ങിന് ഇഷ്ടമുള്ളതെല്ലാം വെച്ചുവിളമ്പി. അയാളോടൊപ്പം വീട്ടുപണിയും കൃഷിപ്പണിയും ചെയ്തു. സൈനബില്ലെങ്കില് താനില്ല എന്ന അവസ്ഥയായിരുന്നു ബൂട്ടാസിങ്ങിന്റേത്. കാലം കടന്നു പോയി. അവര്‍ക്ക് രണ്ടു പെണ്‍കുട്ടികള്‍ ജനിച്ചു. സമാധാനത്തോടെ കുടുംബം കഴിഞ്ഞുപോകുന്ന സമയം. ഒരു നാള് ആ കുടുംബത്തിലേക്ക് അനർഥം വന്നെത്തി. തട്ടിക്കൊണ്ട്പോയവരെ തിരഞ്ഞ് പിടിച്ചു പൂർവ ഗ്രാമത്തിലെത്തിക്കുന്ന സര്‍ച്ച് പാര്‍ട്ടി ബൂട്ടാസിങ്ങിന്റെ വീട്ടിലും വന്നു. ബൂട്ടാസിങ്ങിന്റെ സഹോദരന്തന്നെയായിരുന്നു ഒറ്റിക്കൊടുത്തത്. കൂടപിറപ്പിന്റെ കുട്ടികള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട സ്വത്തിന്റെ വലിയൊരു ഭാഗം അപഹരിക്കും എന്ന ഭയംകൊണ്ടാണ് അവര്‍ സര്‍ച്ച് പാര്‍ട്ടിയെ വിവരം അറിയിച്ചത്. അനന്തരവന്മാരും സഹോദരനൊപ്പം ചതിക്ക് കൂട്ട് നിന്നു. ഇതൊന്നും ബൂട്ടാ സിങ് അറിഞ്ഞിരുന്നില്ല. സൈനബിന് നില്‍ക്കക്കള്ളിയില്ലാതായി. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്പ്രകാരമുണ്ടാക്കിയ കമ്മിറ്റിയുടെ ആള്ക്കാര് വന്നു. അവര്‍ക്കൊപ്പം സൈനബിന്റെ അമ്മാവനും ഉണ്ടായിരുന്നു. അവള്‍ക്ക് പോയേ പറ്റൂ. സൈനബ് നിര്‍ത്താതെ കരഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടി. ഒരു ഗ്രാമം മുഴുവനും അവള്‍ക്കൊപ്പം വിലപിച്ചു. സൈനബ് സാവധാനം വീടിന്റെ പുറത്തിറങ്ങി. ഇളയ കുഞ്ഞിനെ കൂടാതെ ഒരു കെട്ടു തുണി മാത്രമേ അവളുടെ കൈയില്‍ ഉണ്ടായിരുന്നുള്ളൂ. അമ്മാവന് അവളുടെ സാധനങ്ങള്‍ ഒരു ജീപ്പില്‍ എടുത്തുെവച്ചു. ബൂട്ടാ സിങ് തകര്‍ന്നുപോയി. "മൂത്ത മോളെ നന്നായി നോക്കണം. ഞാന്‍ പോയി ഉടനെ മടങ്ങി വരാം." സൈനബ് മുഖം പൊത്തി കരഞ്ഞു. ബൂട്ടാസിങ് പ്രിയതമയെ കെട്ടിപ്പിടിച്ചു. കുട്ടികള്‍ ഒച്ചെവച്ചു കരഞ്ഞു...
ഡോലാക്കിയ ഒരുനിമിഷം കണ്ണടച്ച് ദീര്‍ഘനിശ്വാസമെടുത്തു.
"പിന്നീട് എന്തുണ്ടായി സര്?"
സൈനബിന്റെ സ്വത്തിനും അവകാശികളില്ലാതായിതീര്ന്നിരുന്നു. അവളുടെ രക്ഷിതാക്കള്‍ വിഭജനശേഷം കൊല്ലപ്പെട്ടതാണ്. പക്ഷേ കുടുംബത്തിനു ഗ്രാന്‍ഡ് ആയി സ്ഥലം അനുവദിച്ചുകിട്ടിയിരുന്നു ലൈന്പൂരില്. ഇന്ത്യന്‍ പ്രവിശ്യയായ പഞ്ചാബില്‍ അവര്‍ ഉപേക്ഷിച്ചുപോയ ഭൂമിക്ക് പകരം കിട്ടിയതാണ് ലൈന്പൂരിലെ ഏക്കറുകണക്കിന് സ്ഥലം. സൈനബിന്റെയും സഹോദരികളുടെയും പേരിലായിരുന്നു ഭൂമി. അമ്മാവനാണ് ഇതെല്ലാം നോക്കിനടത്തിയിരുന്നത്. സ്വത്തില്‍ അയാള്‍ക്ക് കണ്ണുണ്ടായിരുന്നു. അത് കൈക്കലാക്കാന്‍ വേണ്ടി അയാള്‍ കുബുദ്ധി പ്രയോഗിച്ചു. സൈനബിനെ കണ്ടെത്തിയാല്‍ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം. സൈനബിനെ അമ്മാവന് തേടിവന്നത് അങ്ങനെയാണ്. പക്ഷേ അമ്മാവന്റെ മകന് സൈനബിനെ കെട്ടാന്‍ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല. കൈമാറ്റം ചെയ്യപ്പെട്ട ഒരു സ്ത്രീയെ, പല മതസ്ഥര്‍ക്കൊപ്പം കഴിഞ്ഞ ഒരു സ്ത്രീയെ, സിഖുകാരന്റെ രണ്ടു മക്കളെ പ്രസവിച്ച ഒരു സ്ത്രീയെ ഉള്‍ക്കൊള്ളാന്‍ അയാള്‍ക്കാവുമായിരുന്നില്ല. ഈ കാര്യം അവരുടെ കുടുംബത്തില്‍ വലിയ ചര്‍ച്ചയായി. ലൈന്പൂരില് നടക്കുന്നതെല്ലാം ബൂട്ടാസിങ് അറിയുന്നുണ്ടായിരുന്നു. സൈനബ് അയല്‍ക്കാര്‍ വഴി പ്രിയതമന് സന്ദേശമെത്തിച്ചിരുന്നു.
സൈനബിനെ വിട്ടുകിട്ടാന്‍ ബൂട്ടാസിങ് എല്ലാ വാതിലുകളും മുട്ടി. പക്ഷേ, യാതൊരു പ്രയോജനവും ഉണ്ടായില്ല. നിയമക്കുരുക്കില്‍പെട്ട് വലഞ്ഞു. അവസാനം അയാള്‍ പാകിസ്താനിലേക്ക് പോകാന്‍ തീരുമാനിക്കുന്നു. പക്ഷേ, അതൊട്ടും എളുപ്പമായിരുന്നില്ല. രണ്ടു രാജ്യങ്ങള്‍, ശത്രുക്കളെ പോലെ പെരുമാറുന്ന മനുഷ്യര്‍, ഇവര്‍ക്കിടയില്‍ ബൂട്ടാസിങ്ങിന്റെ പ്രണയവും വേദനയും വിലപ്പോവില്ല. ഇങ്ങനെയിരിക്കെ സൈനബിന്റെ അയല്‍ക്കാരനായ ഒരാളുടെ കത്ത് ബൂട്ടാസിങ്ങിന് ലഭിച്ചു. സൈനബിന്റെ വീട്ടുകാര്‍ വിവാഹത്തിനു നിര്‍ബന്ധിക്കുകയാണെന്നും അതിനാല്‍ എത്രയും പെെട്ടന്ന് എത്തണമെന്നുമായിരുന്നു സന്ദേശം. ബൂട്ടാസിങ് പിന്നെ ഒന്നും നോക്കിയില്ല. തന്റെ സ്വത്തുക്കള്‍ എല്ലാം വിറ്റ് പെറുക്കി പണം സ്വരൂപിച്ചു. അതിര്‍ത്തി കടക്കല്‍ പഴയപോലെ എളുപ്പമായിരുന്നില്ല. ഇന്ത്യ ഒന്നല്ല. രണ്ടായി തീര്‍ന്നിരുന്നു. ഇവിടെനിന്ന് പാകിസ്താനിലേക്ക് പോകാന്‍ വിസ വേണം. പാസ്പോര്‍ട്ട് വേണം. ബൂട്ടാസിങ് ധർമസങ്കടത്തിലായി. അയാള്‍ ഡല്‍ഹിക്ക് പോയി. കടലാസുകള്‍ ശരിയാക്കണം. സൈനബിനെ ചെന്ന് കാണണം. ബൂട്ടാസിങ് പ്രതീക്ഷ കൈവിടാതെ അവിടെയെത്താനുള്ള സകല ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു. ഡല്‍ഹിയില്‍ ചെന്നപ്പോള്‍ വിസ കിട്ടാന്‍ പല തടസ്സങ്ങളും നേരിട്ടു. അതൊന്നും അയാള്‍ കാര്യമാക്കിയില്ല. സൈനബിനെ കാണുക മാത്രമേ ഉള്ളില്‍ ഉണ്ടായിരുന്നുള്ളൂ. അലഞ്ഞു നടന്നതിനാല്‍ വരണ്ടുണങ്ങിയ പാടംപോലെ ബൂട്ടാസിങ്ങിന്റെ കാല്പാദങ്ങള് പൊട്ടിയിരുന്നു. എല്ലാ വേദനകളും അയാള്‍ സഹിച്ചു. മതം മാറിയാല്‍ വിസ കിട്ടാന്‍ എളുപ്പമാകുമെന്ന് കരുതിയ ബൂട്ടാസിങ് ഇസ്ലാം മതം സ്വീകരിച്ചു. സൈനബിന് വേണ്ടി അയാള്‍ ജാമില്‍ അഹമ്മദ് ആയി. പ്രണയത്തിനു വേണ്ടി മതം മാറുന്നതില്‍ അയാള്‍ക്ക് യാതൊരു മനസ്താപവും ഉണ്ടായിരുന്നില്ല. മനുഷ്യനാണ് വലുത്. സ്നേഹമാണ് മഹത്ത്വം. ബൂട്ടാസിങ് കുപ്പായം ഊരുന്ന ലാഘവത്തോടെ അന്യമതം സ്വീകരിച്ചു.
അയാള്‍ പാസ്പോര്‍ട്ടിനു അപേക്ഷിച്ചു.
കൂടെ പാക് പൗരത്വത്തിനും!
സൈനബിന്റെ അടുത്തെത്താന്‍ അതേ വഴിയുള്ളൂ എന്നയാള്‍ക്ക് അറിയാമായിരുന്നു. പക്ഷേ, പൗരത്വം ലഭിക്കുന്നത് മതം മാറുന്നതിനേക്കാള്‍ പ്രയാസമായ കാര്യമായിരുന്നു. നിരന്തര ശ്രമങ്ങള്‍ക്ക് ശേഷം പാകിസ്താൻ ഹൈകമീഷന് അപേക്ഷ ഫയലില്‍ സ്വീകരിച്ചു. ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ കടന്നുപോയി. ബൂട്ടാസിങ്ങിന്റെ കാത്തിരിപ്പിന് അവസാനമുണ്ടായില്ല. കാരണം ഇത് സ്നേഹത്തിന് വേണ്ടി മതം മാറുകയും പൗരത്വത്തിന് അപേക്ഷിക്കുകയും ചെയ്ത ഒരു മനുഷ്യന്റെ കഥയാണ്. സമാനതകളില്ലാത്ത ജീവിതം. രണ്ട് രാജ്യങ്ങള്‍ വൈരികളായി തീര്‍ന്ന രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍, ബൂട്ടാസിങ്ങിന്റെ അപേക്ഷ സംശയത്തോടെയാണ് അധികാരികള്‍ നോക്കിക്കണ്ടത്. ഇയാള്‍ ചാരനാവാന്‍ മതം മാറി പൗരത്വം നേടാന്‍ ശ്രമിക്കുന്നതാണോ എന്ന് ആര്‍ക്കറിയാം! ഈ കാരണത്താല്‍ തന്നെ തീരുമാനം നീണ്ടുപോയി. ബൂട്ടാസിങ്ങിന് ആധി കേറി. ഊണിലും ഉറക്കത്തിലും സൈനബ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവസാനം അറിയിപ്പ് വന്നു. പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു. അന്നൊരു മരത്തെ കെട്ടിപ്പിടിച്ച് അയാള്‍ കുറെ കരഞ്ഞു. അയാളെ ആശ്വസിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
ഊർമിള കപൂര്‍ ഉള്ളില്‍ ഒന്ന് പിടഞ്ഞു. ഡോലാക്കിയ കൂടുതല്‍ വൈകാരികതയോടെ കഥ തുടര്‍ന്നു.
ബൂട്ടാസിങ് ആശ കൈവിടാന്‍ തയാറായിരുന്നില്ല. അയാള്‍ ഹ്രസ്വകാല വിസക്ക് അപേക്ഷ നല്കി. നിരന്തരം ഹൈകമീഷണര്‍ ഓഫീസില്‍ കയറിയിറങ്ങുന്ന ബൂട്ടാസിങ്ങിനെ അവിടെയുള്ളവര്‍ക്കെല്ലാം ചിരപരിചിതമായിരുന്നു. അയാളുടെ ജീവിതം അവര്‍ക്കെല്ലാം മനഃപാഠവുമായിരുന്നു. മതം, രാജ്യം, ദേശീയത എന്നിവക്കൊന്നും ബൂട്ടാസിങ്ങിനെ തടുക്കാനായില്ല. തളര്‍ത്താനായില്ല. സ്നേഹത്തിനു മുന്നില്‍ എല്ലാം തോറ്റു. ബൂട്ടാസിങ്ങിന് വിസ നല്കാന് എംബസി തീരുമാനമായി. അങ്ങനെ ബൂട്ടാസിങ് എന്ന ജാമില്‍ അഹമ്മദ് പാകിസ്താനിലേക്ക് തീവണ്ടി കയറി. അയാളുടെ സ്വപ്നം അതിര്‍ത്തി കടന്നു. സ്നേഹത്തിന് അതിര്ത്തികളില്ലല്ലോ...
സൈനബിന്റെ വാസസ്ഥലം കണ്ടുപിടിച്ചപ്പോഴേക്കും അവളുടെ വിവാഹം കഴിഞ്ഞിരുന്നു. ഈ അറിവ് അയാളെ ഇല്ലാതാക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ വിധി വേറെയായിരുന്നു. സ്നേഹിക്കുന്നവര്‍ ഭൂമിയില്‍ ജീവിക്കുന്നത് പരീക്ഷിക്കപ്പെടാനാണല്ലോ. പാകിസ്താനില്‍ സൈനബിനെ അന്വേഷിച്ചു നടക്കുന്നതിനിടയില്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബൂട്ടാസിങ് മറന്നുപോയിരുന്നു. ആ കാലത്ത് വിദേശപൗരന് പാകിസ്താനില്‍ എത്തിയാല്‍ 24 മണിക്കൂറിനകം ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിയമം ഉണ്ടായിരുന്നു. അയാളതില്‍ വീഴ്ച വരുത്തി. ബൂട്ടാസിങ്ങിനെ പൊലീസ് പിടിച്ചു. അവര്‍ അയാളെ കോടതിയില്‍ ഹാജരാക്കി. അറസ്റ്റ് അനുഗ്രഹമായിയെന്നു പറഞ്ഞാല്‍ മതിയല്ലോ. ബൂട്ടാസിങ് മജിസ്ട്രേറ്റിനോട് തന്റെ കദനകഥ പറഞ്ഞു. മജിസ്ട്രേറ്റിനു മനസ്സലിവ് തോന്നി. സ്നേഹത്തിന്റെയും സഹനത്തിന്റെയും ജീവിതം കേട്ടാല്‍ ആര്‍ക്കാണ് സഹായിക്കാതിരിക്കാന്‍ കഴിയുക? സൈനബിനെ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്ട്രേറ്റ് കല്പ്പിച്ചു. അവസാനം ബൂട്ടാസിങ്ങിന് സൈനബിനെ കാണാനുള്ള വഴി ഒത്തുകിട്ടിയിരിക്കുന്നു. അലച്ചിലിനൊടുവില്‍ അയാള്‍ പ്രിയതമയെ കാണാനുള്ള ഹൃദയമിടിപ്പോടെ കോടതിയില്‍ നിന്നു. സൈനബ് വന്നു. കൂടെ ഭര്‍ത്താവും അമ്മാവനും ഉണ്ടായിരുന്നു. സൈനബിന്റെ മൊഴിക്ക് വേണ്ടി കോടതി മുഴുവനും നിശ്ശബ്ദമായി കാത്തുനിന്നു. സൈനബ് പ്രതിക്കൂട്ടില്‍ കയറി. ഹിജാബിനുള്ളിലെ പ്രിയതമയുടെ മുഖം ബൂട്ടാസിങ്ങിന് കാണാനായില്ല.
"ഞാനൊരു വിവാഹിതയായ സ്ത്രീയാണ്. ഇയാളുമായി ഇപ്പോള്‍ എനിക്ക് യാതൊരു ബന്ധവുമില്ല. ഞാന്‍ അയാളുടെ വീട്ടില്‍നിന്ന് കൊണ്ടുവന്ന ഇളയ കുട്ടിയെ അയാള്‍ക്ക് തിരികെ കൊണ്ടുപോകാം."
കോടതി കെട്ടിടത്തിനു മുകളില്‍ നിന്ന് പ്രാവുകള്‍ കൂട്ടത്തോടെ പറന്നു പോയി. സൈനബിന്റെ വാക്കുകള്‍ കോടതി മുറിയില്‍ പലവട്ടം അലയടിക്കുന്നതായി ബൂട്ടാസിങ്ങിന് തോന്നി. അയാള്‍ തകര്‍ന്നുപോയി. സ്വപ്നം മരിച്ചിരിക്കുന്നു. മതവും ദേശീയതയും ആര്‍ത്തിയും ജയിച്ചു. ബൂട്ടാസിങ് തോറ്റു. അയാള്‍ കോടതിമുറിയില്‍ നിന്ന് ഇറങ്ങി പ്രാണന് പിടഞ്ഞ് ഓടി.
സ്നേഹിക്കുന്നവരെ സ്നേഹത്തിനു മാത്രമേ തോല്‍പ്പിക്കാന്‍ കഴിയൂ. അടുത്തദിവസം രാവിലെ ബൂട്ടാസിങ് ലാഹോര്‍ എക്സ്പ്രസിന് തലെവച്ചു. ബൂട്ടാസിങ്ങിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ലാഹോറിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വന്‍ ജനാവലിയാണ് അവിടെ തടിച്ചുകൂടിയത്. ആള്‍ക്കൂട്ടത്തില്‍നിന്ന് നിലക്കാത്ത വിലാപങ്ങള്‍ ഉണ്ടായി. മൃതദേഹത്തിന്റെ പോക്കറ്റില്‍നിന്ന് ഒരു കത്ത് കിട്ടിയിരുന്നു. അയാളുടെ അവസാനത്തെ ആഗ്രഹമായിരുന്നു അതില്‍. അവസാനത്തെ കൈപ്പട.
"മരണത്തിലും ഞാന്‍ സൈനബിനെ സ്നേഹിക്കുന്നു. അവള് പറഞ്ഞ വാക്കുകള്‍ അവളുടേതല്ല. അവള്‍ക്കൊരിക്കലും എന്നെ വെറുക്കാനാവില്ല. സൈനബ് ജീവിക്കുന്നതിന്റെ അടുത്തുള്ള പള്ളിയില്‍ എന്നെ അടക്കാന്‍ കനിവുണ്ടാകണം. സർവശക്തനായ പടച്ച തമ്പുരാന് അവളെയും കുട്ടികളെയും കാക്കട്ടെ..."
"സ്നേഹത്തോടെ, ജാമില്‍ അഹമ്മദ്"
ആ വരികള്‍ അയാള്‍ വിറച്ചുകൊണ്ടാണ് എഴുതിയത്. അക്ഷരങ്ങള്‍ക്ക് ഹൃദയമിടിപ്പുണ്ടായിരുന്നു. പൊലീസ് പാര്‍ട്ടി മൃതദേഹം സൈനബ് താമസിക്കുന്ന ലൈന്പൂരില് എത്തിച്ചു. ജനം അവിടെയും തടിച്ചുകൂടി. ലൈന്പൂരിലെ ഒരു പള്ളിയില്‍ ഖബറടക്കാനായിരുന്നു തീരുമാനം. പക്ഷേ, അതും നടന്നില്ല. സൈനബിന്റെ വീട്ടുകാര്‍ എതിര്‍ത്തു. ചില നാട്ടുകാരും ഇടപെട്ടു. ഇന്ത്യക്കാരനെ സ്നേഹിച്ച പെണ്‍കുട്ടിയുടെ കഥ ഒരു നിത്യസ്മാരകമാകാന് അവരാരും ആഗ്രഹിച്ചില്ല. പൊലീസുകാര്‍ മൃതദേഹം വീണ്ടും ലാഹോറിലേക്ക് കൊണ്ടുപോയി. ഒരു അനാഥനെ അടക്കുംപോലെ അവിടെ അന്ത്യ ചടങ്ങുകള്‍ നടന്നു. അതോടെ ജാമില്‍ അഹമ്മദും മരിച്ചു.
കിരണ്‍ ഡോലാക്കിയ കഥ പറഞ്ഞു തീര്‍ന്നതും ഊർമിള കപൂര്‍ നിശ്ശബ്ദമായി തേങ്ങുന്നതാണ് കണ്ടത്. അയാള്‍ എഴുന്നേറ്റു.
"ഊർമിള ഇത് കെട്ടുകഥയല്ല. ജീവിതമാണ്. സൈനബും ബൂട്ടാസിങ്ങും അവിഭക്ത ഇന്ത്യയിലും അല്ലാതെയും ജീവിച്ച ജീവിതം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പാകിസ്താനി സംവിധായകന് സിനിമയാക്കിയിട്ടുണ്ട്. ഞാനാ ജീവിതം റീമേക്ക് ചെയ്യുന്നൂ എന്നേയുള്ളൂ."
ഇതുംകൂടി കേട്ടപ്പോള്‍ ഊർമിളക്ക് എന്തെങ്കിലും പറയാനുള്ള ആരോഗ്യം നഷ്ടപ്പെട്ട പോലെയായി. അവളുടെ ഉള്ളില്‍ വല്ലാത്ത ഭാരം അനുഭവപ്പെട്ടു. ഇത് മനസ്സിലാക്കിയിട്ടെന്നോണം കിരണ്‍ ഡോലാക്കിയ സിഗരറ്റ് എടുത്ത് ചുണ്ടില്െവച്ച ശേഷം പറഞ്ഞു.
"മജ്ജകൊണ്ടും മാംസംകൊണ്ടും രക്തം കൊണ്ടുമല്ല മനുഷ്യനെ നിർമിച്ചിരിക്കുന്നത്, പ്രണയംകൊണ്ടും വെറുപ്പുകൊണ്ടുമാണ്. അവസരം വരുമ്പോള്‍ നാം ഓരോരുത്തരും ഇഷ്ടമുള്ളത് പുറത്തെടുക്കുന്നു എന്നേയുള്ളൂ."
ഊർമിള കണ്ണ് തുടച്ചു. ''സര്... ഈ സിനിമക്ക് എന്താണ് പേര് നല്‍കിയിരിക്കുന്നത്?" അവള് അൽപം ഊർജം കിട്ടിയതുപോലെ ചോദിച്ചു.
"ഇന്നലെ വരെ അതിനൊരു തീര്‍ച്ചയുണ്ടായിരുന്നില്ല. സൈനബ് എന്നും ബൂട്ടാ സിങ് എന്നും ഞാന്‍ ആലോചിച്ചിരുന്നു. നിന്നോട് കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ എനിക്ക് ആ കാര്യത്തില്‍ വ്യക്തത വന്നു."
"സൈനബ് എന്ന് ഉറപ്പിച്ചോ?"
"ഇല്ല. മനസ്സില്‍ മറ്റൊരു പേരാണിപ്പോള്‍.''
"എന്താണത്?"
"പാകിസ്താൻ വിസ."
ഊർമിള എഴുന്നേറ്റ് ചെന്ന് കിരണ്‍ ഡോലാക്കിയയെ കെട്ടിപ്പിടിച്ചു. "ഈ റോള്‍ എനിക്ക് തന്നതിന് വലിയ അഭിമാനം തോന്നുന്നു സര്." അയാള്‍ അവളുടെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു. "You deserve it. ഇനി വൈകീട്ട് പ്രിവ്യൂവിന് കാണാം. എനിക്കൽപം ഉറങ്ങണം." ഡോലാക്കിയയുടെ നീണ്ട വിരലുകള്‍ക്കിടയില്‍ പുകയാത്ത സിഗരറ്റ് കുടുങ്ങിക്കിടന്നു.
ഊർമിള കപൂര്‍ സൈനബിന്റെ ജീവിതം പേറി മുറിയില്‍നിന്നിറങ്ങി. മേശമേല്െവച്ച സ്ക്രിപ്റ്റ് എടുക്കാന്‍ അവള് മറന്നുപോയിരുന്നു.
പ്രിവ്യൂ തിയറ്ററില്‍ റിസര്‍വ് ചെയ്ത രണ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. വിമല്‍ വന്സാെരയും കൂട്ടുകാരനും എത്തിയിട്ടില്ല. ഊർമിള കപൂര്‍ വിമലിനെ ഒരിക്കല്‍കൂടി ഫോണ്‍ ചെയ്തു: "ഇതാ വരുന്നു. ഞങ്ങള്‍ പാർക്കിങ് ഏരിയയില്‍ ഉണ്ട്."
ബോളിവുഡ് താരത്തെപോലെയാണ് വിമല്‍ പ്രിവ്യൂ ഹാളിലേക്ക് പ്രവേശിച്ചത്. ഊർമിള അയാളെ സ്നേഹപൂവം വരവേറ്റു. വിമല്‍ വന്‍സാെര കൂട്ടുകാരന് ശിവറാം ഗോദ്രയെ പരിചയപ്പെടുത്തി. ഇരുവരും കൈ കൊടുത്തു.
വിമലിന്റെ അടുത്ത സീറ്റില്‍ കിരണ്‍ ഡോലാക്കിയയാണുണ്ടായിരുന്നത്. സാള്‍ട്ട് & പെപ്പര്‍ ഹെയര്‍ സ്റ്റൈല്‍ ഉള്ള അയാളുടെ ഷേവ് ചെയ്ത മുഖം ചുവന്നിരിക്കുന്നതുപോലെ വിമലിന് തോന്നി. ഹാളിലെ വെളിച്ചം കെട്ടു. സ്ക്രീനിങ് തുടങ്ങി.
ആദ്യരംഗം കണ്ടപ്പോള്‍ തന്നെ ശിവറാം ഗോദ്രക്ക് മടുപ്പായിതുടങ്ങിയിരുന്നു. ബലാല്‍സംഗം ചെയ്യാന്‍ വന്ന ഠാക്കൂറിനെ പെണ്‍കുട്ടി തലക്കടിച്ചു കൊല്ലുന്നത് ഉള്‍ക്കൊള്ളാന്‍ അയാള്‍ക്കായില്ല. അനിഷ്ടത്തോടെ അയാള്‍ സിനിമ കണ്ടു. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളാണ് സ്ത്രീകളെയും യുവാക്കളെയും വഴിതെറ്റിക്കുന്നതെന്ന വിചാരമായിരുന്നു ശിവറാം ഗോദ്രക്കുണ്ടായിരുന്നത്. ഇടക്കയാള്‍ ഉറങ്ങുകപോലും ചെയ്തു.
നിലക്കാത്ത കൈയടിയൊച്ച കേട്ടാണ് അയാള്‍ ഉണര്‍ന്നത്. വിമല്‍ വന്സാെരയും കൈയടിക്കുകയാണ്. മനസ്സില്ലാ മനസ്സോടെ ശിവറാം ഗോദ്രയും കൈയടിച്ചു.
"ഊർമിള ഉഗ്രന്‍ പെര്‍ഫോമന്‍സ് ആണ് കാഴ്ച വെച്ചത്. ഈ സിനിമ ഹിറ്റാവും." കിരണ്‍ ഡോലാക്കിയ അടുത്തിരുന്ന വിമലിനോട് അപരിചിതത്വമില്ലാതെ സംസാരിച്ചു.
"ശരിയാണ് സര്, റിവഞ്ച് ആളുകള്‍ക്ക് ഇഷ്ടപ്പെടും."
കാണികള്‍ ഹാളിനു പുറത്തേക്കിറങ്ങി. ഊർമിള വരാന്തയില്‍ കാത്തുനിൽപുണ്ടായിരുന്നു. എല്ലാവരും അവരെ വട്ടമിട്ടിരിക്കുകയാണ്. അഭിനന്ദനങ്ങള്‍കൊണ്ട് അവള് വീര്‍പ്പു മുട്ടി. തിരക്കൊഴിയുന്നതുവരെ വിമല്‍ വന്‍സാെര കാത്തു നിന്നു.
"അഭിനന്ദനങ്ങള്‍ ഊർമിളാ..."
വിമല്‍ അവളെ ഹഗ് ചെയ്തുകൊണ്ട് പറഞ്ഞു.
"നന്ദി വിമല്‍. നിങ്ങള്‍ വന്നതില്‍ ഏറെ സന്തോഷം"
"ഞങ്ങള്‍ ഇറങ്ങട്ടെ... പിന്നീട് വിശദമായി സംസാരിക്കാം."
"അങ്ങനെ പെെട്ടന്ന് പോകാന്‍ പറ്റില്ല. പാര്‍ട്ടിയുണ്ട്. ഞാന്‍ നിങ്ങളെ ഒരു വലിയ മനുഷ്യനെ പരിചയപ്പെടുത്തി തരാം. നിങ്ങളുടെ സിനിമയുടെ കാര്യം അദ്ദേഹത്തോട് സംസാരിച്ചോളൂ."
ഇത് കേട്ടപ്പോള്‍ വിമലിന് ഉത്സാഹമായി. ഊർമിള ഇരുവരെയും പാര്‍ട്ടി നടക്കുന്ന ഹാളിലേക്ക് കൊണ്ടുപോയി. വലിയ ഗ്ലാസില്‍ വൈന്‍ നുണഞ്ഞുകൊണ്ട് നില്ക്കുന്ന ഡോലാക്കിയയുടെ അടുത്തേക്കാണവര് ചെന്നത്.
"സര് ഇത് എന്റെ സുഹൃത്ത് വിമല്‍ വന്‍സാെര." ഇരുവരും കൈ കൊടുത്തു.
"ഞങ്ങള്‍ അടുത്തടുത്തിരുന്നാണ് സിനിമ കണ്ടത്", ഡോലാക്കിയ പറഞ്ഞു.
"ഇത് എന്റെ സുഹൃത്ത് ശിവറാം ഗോദ്ര", ഡോലാക്കിയ വൈന്‍ ഗ്ലാസ് മാറ്റി പിടിച്ചു കൈ കൊടുത്തു.
''സര് ഇവര്‍ക്ക് ഒരു പ്രൊഡക്ഷന്കമ്പനിയുണ്ട്. സാറിനെക്കൊണ്ട് ഒരു സിനിമ ചെയ്യിക്കണമെന്നുണ്ട് ഇവര്‍ക്ക്.''
ഡോലാക്കിയ പുഞ്ചിരിച്ചു. ഊർമിള ഒരു ഫോണ്‍ വന്നപ്പോള്‍ മാറി നിന്നു... അഭിനന്ദിക്കാൻ വന്നവര്‍ വീണ്ടും ചുറ്റും കൂടി.
"വിമല്‍ എന്ത് ചെയ്യുന്നു? പ്രൊഡക്ഷന്‍ കൂടാതെ?"
"ഞാനും ശിവറാമും കൂടി ഒരു ഐ.ടി കമ്പനി നടത്തുന്നുണ്ട്. പിന്നെ നവി മുംബൈയിലും പൂനെയിലുമായി ഡയമണ്ട് ബിസിനസും ഉണ്ട്."
"ഓ... ഗ്രേറ്റ്!" ഡോലാക്കിയ ബാക്കിവന്ന വൈന്‍ തീര്‍ത്തു.
"സര് നമുക്ക് എവിടെയെങ്കിലും മാറി ഇരുന്ന് സംസാരിച്ചാലോ..." ശിവറാം ഗോദ്ര പറഞ്ഞു.
"ഞാന്‍ ഓള്‍റെഡി കമ്മിറ്റഡ് ആണ്. ഉടനെ ഒരു സിനിമ എനിക്കിനി ചെയ്യാനാവില്ല."
"അടുത്ത വര്‍ഷം മതി. ഞങ്ങള്‍ക്കും തിരക്കില്ല."
"എങ്കില്‍ നമുക്ക് റൂമില്‍ ഇരുന്ന് സംസാരിക്കാം."
അവര്‍ ഭക്ഷണം കഴിക്കാന്‍ നില്‍ക്കാതെ ഡോലാക്കിയയുടെ മുറിയിലെത്തി.
"സിഗരറ്റിന്റെ മണം ഉണ്ടാവും. ക്ഷമിക്കുക. ഞാന്‍ ചെയിന്‍ സ്മോക്കറാണ്." ഡോലാക്കിയ അകത്തേക്ക് കയറിയപ്പോള്‍ പറഞ്ഞു. ഇരുവരും സ്യൂട്ട് റൂമില്‍ ഇരുന്നു.
"കഴിക്കുന്നതില്‍ വിരോധം ഉണ്ടോ?"
കിരണ്‍ ഡോലാക്കിയ ചോദിച്ചു. ഇരുവരും പുഞ്ചിരിച്ചു.
അയാള്‍ അകത്തു പോയി വിസ്കിയുമായി വന്നു. മിനി ഫ്രിഡ്ജില്‍ നിന്ന് സോഡയും വെള്ളവും എടുത്തു മേശപ്പുറത്ത് െവച്ചു.
"കൂടെ കഴിക്കാന്‍ ചിക്കന്‍ പറയട്ടെ?"
"വേണ്ട സര്, ഞങ്ങള്‍ വെജിറ്റേറിയന്‍ ആണ്."
ഡോലാക്കിയ ഗ്ലാസ് നിരത്തി എല്ലാത്തിലും ലാര്‍ജ് ഒഴിച്ചു. ശിവറാം ഗോദ്ര സോഡാ ഒഴിച്ചു കൊണ്ട് ഗ്ലാസ് നിറച്ചു.
"ഐസ് വേണമെന്നുണ്ടോ?"
"നിര്‍ബന്ധമില്ല." വിമല്‍ പറഞ്ഞു.
"എങ്കില്‍ ചിയേഴ്സ്" മൂവരും ഗ്ലാസ് കൂട്ടി മുട്ടിച്ചു.
"നിങ്ങള്‍ സിനിമാരംഗത്തേക്ക് വരാന്‍ എന്താണ് കാരണം?"
"നേരത്തേ സുഹൃത്തുക്കള്‍ വഴി ചില ചിത്രങ്ങള്‍ക്ക് ഫിനാന്‍സ് ചെയ്തിരുന്നു. നഷ്ടം ഒന്നും സംഭവിച്ചിട്ടില്ല. അതിനാല്‍ അവസരം ഒത്തുവന്നപ്പോള്‍ സ്വന്തമായി നിർമിക്കാം എന്നുെവച്ചു. പ്രൊഡക്ഷന്‍ കമ്പനി കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്തിരുന്നു."
"ഏതുതരം സിനിമയാണ് നിങ്ങളുടെ മനസ്സില്‍?"
"ചരിത്രസിനിമ പിടിക്കാനാണ് താൽപര്യം."
"നല്ല കാര്യം. അപ്പോള്‍ ബിഗ് ബജറ്റ് ആണ്."
വീണ്ടും ഗ്ലാസ് നിറഞ്ഞു. ഇത്തവണ വെള്ളം ചേര്‍ക്കാതെയാണ് ഡോലാക്കിയ കുടിച്ചത്. അയാള്‍ ഒറ്റ വലിക്ക് തീര്‍ത്ത ശേഷം വീണ്ടും ഒഴിച്ചു.
"ആദ്യ മൂന്ന് പെഗ് ഞാന്‍ വേഗമടിച്ചു തീര്‍ക്കും. അത് ശീലമായി പോയി." ഡോലാക്കിയ ചിരിച്ചു.
ശിവറാം ഗോദ്രയും വിമല്‍ വൻസാെരയും അടുത്ത പെഗ് ഒഴിക്കുമ്പോഴേക്കും ഡോലാക്കിയ ഒരു സിഗരറ്റിനു തീ കൊളുത്തി.
"ആരെ കുറിച്ചാണ് സിനിമ?"
"നാഥുറാം വിനായക് ഗോഡ്സെ"
"ഓ..." ഡോലാക്കിയ അസ്വസ്ഥതയോടെ പുക പുറത്തേക്ക് വിട്ടു.
"അപ്പോള്‍ 1940കളാണ് കാലം."
"അതേ, സിനിമയുടെ പേര് പോലും ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്."
"ആ പേര് കേള്‍ക്കാന്‍ എനിക്ക് ആകാംക്ഷയുണ്ട്."
'THE MAHATHMA WHO KILLED GANDHI'
കിരണ്‍ ഡോലാക്കിയ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. കറ കളഞ്ഞ ഒരു ഗാന്ധിയന്റെ മകനാണ് കിരണ്‍ ഡോലാക്കിയ. പോര്‍ബന്തറിലാണ് അയാളും ജനിച്ചത്.
"എത്രയാണ് ബജറ്റ്?"
"300 കോടി'', ശിവറാം ഗോദ്ര പറഞ്ഞു.
"എങ്കില്‍ നിങ്ങള്‍ക്കത് മുംബൈയിലെ ചേരിയിലുള്ള പാവങ്ങള്‍ക്ക് വീട് െവച്ചു കൊടുക്കാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഗോഡ്സെയെ പറ്റി സിനിമ പിടിക്കുന്നതിനേക്കാള്‍ പുണ്യം അതാണ്."
കിരണ്‍ ഡോലാക്കിയക്ക് സ്വയം നിയന്ത്രിക്കാനായില്ല.
"നിങ്ങള്‍ എന്നെ പറ്റി എന്താണ് വിചാരിച്ചിരിക്കുന്നത്? ഈ ഗോഡ്സെ ആരാണെന്ന് നിങ്ങള്‍ക്ക് വല്ല നിശ്ചയവും ഉണ്ടോ?" അയാളല്ല മഹാത്മാവ്, കൊലയാളി എങ്ങനെ മഹാത്മാവാകും?"
"സര്, എന്താണിങ്ങനെയൊക്കെ സംസാരിക്കുന്നത്?"
"പിന്നെ ഞാന്‍ എങ്ങനെ സംസാരിക്കണം. നിങ്ങള്‍ ആരാധിക്കുന്ന ഈ ഗോഡ്സെയുണ്ടല്ലോ, അയാളുടെ ചിതാഭസ്മമാണെന്ന് പറഞ്ഞ് ജയില്‍ അധികൃതര്‍ കൈമാറിയത് പശുവിനെ കത്തിച്ച ചാരമെല്ലന്നു ആരു കണ്ടു. എന്നിട്ടതും കെട്ടിപ്പിടിച്ചോണ്ട് നില്‍ക്കുകയാണ്. ഇന്ത്യയിലൂടെ സിന്ധു നദി ഒഴുകുമ്പോള്‍ നിമഞ്ജനം ചെയ്യാം എന്നും പറഞ്ഞ്..."
കിരണ്‍ ഡോലാക്കിയ കലി തുള്ളുന്നത് പോലെ സംസാരിച്ചുകൊണ്ടിരുന്നു. വിമലിന് എന്ത് പറയണമെന്ന് നിശ്ചയമില്ലാതായി.
''ഇനി അനാവശ്യം പറഞ്ഞാല്‍ സാര്‍ വിവരം അറിയും'', ശിവറാം ഗോദ്രയുടെ മുഖം ചുവന്നു.
"പിന്നെ. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ? രണ്ടും വേഗം ഇറങ്ങിക്കോ... പടം പിടിക്കാന്‍ വന്നിരിക്കുന്നു."
ഡോലാക്കിയ കൈവിരല്‍ നിര്‍ത്താതെ ഞൊട്ടികൊണ്ട് വിറയ്ക്കുന്നപോലെ പറഞ്ഞു.
"HE IS A FANATIC, NOT A MAHAATHMA.''
ശിവറാം ഗോദ്രക്ക് നിയന്ത്രിക്കാനായില്ല. അയാള്‍ കിരണ്‍ ഡോലാക്കിയയുടെ കഴുത്തിന് കേറി പിടിച്ചു. വിമല്‍ വന്‍സാെര അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും ശിവറാമിന്റെ കോപം അടങ്ങിയില്ല.
"നിനക്ക് ഇവിടെ സമാധാനത്തോടെ കഴിയണമെങ്കില്‍ നാവടക്കിക്കോ", ശിവറാം പിടി വിട്ടു.
ഡോലാക്കിയ ഭയന്നില്ല. അയാള്‍ വീണ്ടും അവരെ വെല്ലുവിളിച്ചു.
"നിങ്ങളുടെ തലച്ചോറില്‍ പന്നിത്തീട്ടമാണ്."
ശിവറാം ഗോദ്ര പോക്കറ്റില്‍നിന്ന് പിസ്റ്റള്‍ എടുത്ത് അയാളുടെ തലക്ക് നേരെ ചൂണ്ടി. ഒരു പുത്തന്‍ വെബ്ലിസ്കോട്ട് ഗണ്‍.
"ധൈര്യമുണ്ടെങ്കില്‍ വെക്കടാ വെടി..."
ശിവറാം ഗോദ്രക്ക് ധൈര്യക്കുറവൊന്നും ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.