പാർവതി

09. ശി​ശി​ര​ത്തി​​ന്റെ കാ​മു​ക​ൻമു​തി​ർ​ന്ന​തി​നുശേ​ഷം അ​ന്നാ​ദ്യ​മാ​യി സൗ​മി​നി ക​ര​ഞ്ഞു. തേ​ങ്ങി​ത്തേ​ങ്ങി ക​ര​ഞ്ഞു. ഇ​ത്ര​യും കാ​ലം എ​ല്ലാം ഉ​ള്ളി​ലൊ​തു​ക്കി ഒ​ന്നും പു​റ​ത്തു കാ​ണി​ക്കാ​തി​രു​ന്ന സൗ​മി​നി. എ​പ്പോ​ഴും പു​ഞ്ചി​രി​ക്കു​ന്ന, ചി​രി​ക്കാ​ൻ മാ​ത്ര​മ​റി​യു​ന്ന സൗ​മി​നി ടീ​ച്ച​ർ. ആ ​ചി​രി​ക്കു​ന്ന മു​ഖ​വും അ​പ്പോ​ൾ വി​ട​രു​ന്ന ക​ണ്ണു​ക​ളു​മാ​ണ് ഒ​രുപാ​ട് പെ​ൺ​കു​ട്ടി​ക​ളെ ആ​രാ​ധി​ക​മാ​രാ​ക്കി​യ​ത്. ഇ​ളം​നി​റ​ത്തി​ലു​ള്ള വോ​യി​ൽ സാ​രി​ക​ളും ആ ​ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ട് ന​ന്നാ​യി ചേ​രു​ന്നു​ണ്ടെ​ന്ന് അ​വ​ർ ത​മ്മി​ൽ പ​റ​യാ​റു​ണ്ട്.ആ ​സൗ​മി​നി ടീ​ച്ച​റാ​ണ്...

09. ശി​ശി​ര​ത്തി​​ന്റെ കാ​മു​ക​ൻ

മു​തി​ർ​ന്ന​തി​നുശേ​ഷം അ​ന്നാ​ദ്യ​മാ​യി സൗ​മി​നി ക​ര​ഞ്ഞു. തേ​ങ്ങി​ത്തേ​ങ്ങി ക​ര​ഞ്ഞു. ഇ​ത്ര​യും കാ​ലം എ​ല്ലാം ഉ​ള്ളി​ലൊ​തു​ക്കി ഒ​ന്നും പു​റ​ത്തു കാ​ണി​ക്കാ​തി​രു​ന്ന സൗ​മി​നി. എ​പ്പോ​ഴും പു​ഞ്ചി​രി​ക്കു​ന്ന, ചി​രി​ക്കാ​ൻ മാ​ത്ര​മ​റി​യു​ന്ന സൗ​മി​നി ടീ​ച്ച​ർ. ആ ​ചി​രി​ക്കു​ന്ന മു​ഖ​വും അ​പ്പോ​ൾ വി​ട​രു​ന്ന ക​ണ്ണു​ക​ളു​മാ​ണ് ഒ​രുപാ​ട് പെ​ൺ​കു​ട്ടി​ക​ളെ ആ​രാ​ധി​ക​മാ​രാ​ക്കി​യ​ത്. ഇ​ളം​നി​റ​ത്തി​ലു​ള്ള വോ​യി​ൽ സാ​രി​ക​ളും ആ ​ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ട് ന​ന്നാ​യി ചേ​രു​ന്നു​ണ്ടെ​ന്ന് അ​വ​ർ ത​മ്മി​ൽ പ​റ​യാ​റു​ണ്ട്.

ആ ​സൗ​മി​നി ടീ​ച്ച​റാ​ണ് ഇ​പ്പോ​ൾ ഇ​ങ്ങ​നെ...

ശ​ര​ത്കാ​ല​ത്തെ വേ​വ് കു​റ​ഞ്ഞ രാ​ത്രി​യും പ​ക​ലി​നെ എ​ത്തി​പ്പി​ടി​ക്കാ​ൻ നോ​ക്കു​ന്ന അ​യ​ഞ്ഞ ഇ​രു​ട്ടും ആ ​തേ​ങ്ങ​ൽ​ത്തു​ള്ളി​ക​ളെ ഏ​റ്റുവാ​ങ്ങാ​ൻ മ​ടി​ച്ച​പ്പോ​ൾ സൗ​മി​നി പ​ക​ച്ചു.

അ​ന​ക്ക​മ​റ്റ രാ​ത്രി​യി​ൽ മ​ക​ളു​ടെ മു​റി​യി​ൽ പൊ​ടു​ന്ന​നെ വെ​ട്ടം തെ​ളി​ഞ്ഞപ്പോ​ൾ അ​വ​ർ ശ​ബ്ദ​മൊ​തു​ക്കി. തി​ടു​ക്ക​ത്തി​ൽ ക​ര​ച്ചി​ൽ തു​ട​ച്ചുക​ള​ഞ്ഞു. ഇ​ളം​റോ​സ് അ​ള​വ് കു​പ്പി​യു​ടെ അ​ട​പ്പ് തു​റ​ന്ന് തൊ​ണ്ട ന​ന​ച്ചു. സ്ത്രീ​ക​ൾ എ​പ്പോ​ഴും ആ​വു​ന്ന​ത്ര വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്ന് ആ​വ​ർ​ത്തി​ക്കാ​റു​ള്ള ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള സ്പെ​ഷലി​സ്റ്റ് ഗൈ​ന​ക്. അ​വ​രു​ടെ അ​പ്പോ​യി​ന്റ്മെന്റ് കി​ട്ടാ​ൻ വി​ഷ​മ​മാ​ണെങ്കി​ലും, മ​ക​ൾ​ക്ക് ക​ണ​ക്കി​​ന്റെ ഊ​ടു​വ​ഴി​ക​ൾ കാ​ട്ടി​ക്കൊ​ടു​ക്കു​ന്ന ടീ​ച്ച​ർ​ക്കാ​യി സ​മ​യമു​ണ്ട് എ​പ്പോ​ഴും.

അ​ടു​ത്ത മു​റി വീ​ണ്ടും ഇ​രു​ട്ടി​ലാ​യ​പ്പോ​ൾ ആ​ശ്വാ​സ​മാ​യി സൗ​മി​നി​ക്ക്. എ​ന്താ​യാ​ലും, പി​റ്റേ​ന്ന് പ്രാ​ത​ൽ സ​മ​യ​ത്ത് ഊ​ൺ​മേ​ശ​യി​ൽ മകളെ നേ​രിടേ​ണ്ടിവ​ന്നു അ​മ്മ​ക്ക്.

അ​ങ്ങ​നെ ഒ​രുപാ​ട് ഇ​ട​വേ​ള​ക​ളി​ലൂ​ടെ ശ​ര​ത്കാ​ല​ത്തെ സ്നേ​ഹി​ക്കു​ന്ന കാ​മു​ക​​ന്റെ ക​ഥ ഇ​ത​ൾ വി​ട​ർ​ത്തി. സ​യ​ൻ​സും അ​ത്യാ​വ​ശ്യം ക​ണ​ക്കും പ​ഠി​പ്പി​ക്കു​ന്ന ശ​ര​ത് മാ​ഷ്. ബീ​ഹാ​റി​ലെ മു​സാ​ഫ​ർ​പുർ​ക്കാ​ര​ൻ. ക​ണ​ക്ക് ക​മ്മി​യാ​ണെ​ങ്കി​ലും സ​യ​ൻ​സ് ക​ടു​ക​ട്ടി. സ്റ്റാ​ഫ് മു​റി​യി​ൽ അ​ടു​ത്ത​ടു​ത്തി​രി​ക്കു​ന്ന​യാ​ൾ അ​ടു​ക്കാ​ൻ നോ​ക്കി​യ​ത് സ്വാ​ഭാ​വി​കം. നാ​ട്ടി​ൻ​പു​റ​ത്തു​കാ​രി വീ​ട്ട​മ്മ​യെ​പ്പോ​ലെ സൗ​മി​നി ടീ​ച്ച​ർ അ​ക​ലാ​ൻ നോ​ക്കി​യ​തും സ്വാ​ഭാ​വി​കം. ഒ​രു ദീ​പാ​വ​ലി​ക്കാ​ല​ത്ത് അ​യാ​ളു​ടെ ഭാ​ര്യ ഹി​ന്ദി പ​ഠി​പ്പി​ക്കു​ന്ന സു​സ്മി​ത കു​ഴ​ഞ്ഞുവീ​ണു പി​ട​ഞ്ഞ​ത് സൗ​മി​നി​യു​ടെ മ​ടി​യി​ൽ. ആ​ശുപ​ത്രി​യി​ൽ കൊ​ണ്ടുപോ​യ​തും അ​വ​ർത​ന്നെ.

അ​പ്പോ​ഴേ​ക്കും എ​ല്ലാം ക​ഴി​ഞ്ഞിരു​ന്നു… സൗ​മി​നി​യെ​പ്പോ​ലെ എ​പ്പോ​ഴും ചി​രി​ക്കു​ന്ന സു​സ്മി​ത ടീ​ച്ച​ർ. ക്ലാ​സി​ലും പു​റ​ത്തും ഒ​രുപോ​ലെ. എ​ന്തു സം​ശ​യം ചോ​ദി​ച്ചാ​ലും ചി​രി​ച്ചുകൊ​ണ്ടുത​ന്നെ മ​റു​പ​ടി. അ​തു​കൊ​ണ്ട് അ​വ​ർ പോ​യ​പ്പോ​ൾ ഏ​റ്റ​വും ക​ര​ഞ്ഞ​ത് അ​വി​ട​ത്തെ കു​ട്ടി​ക​ളാ​യി​രു​ന്നു. വ​ർ​ഷം മൂ​ന്നു ക​ഴി​ഞ്ഞെ​ങ്കി​ലും ആ​രു​ടെ​യും ഉ​ള്ളി​ലെ മു​റി​വു​ണ​ങ്ങി​യി​ട്ടി​ല്ല ഇ​തേവ​രെ. മ​റ​വി എ​ളു​പ്പ​മാ​യി​രി​ക്കും ചി​ല​ർ​ക്ക്. പക്ഷേ ത​നി​ക്ക​തു സാ​ധി​ക്കി​ല്ല​ല്ലോ. സൗ​മി​നി ഓ​ർ​ക്കാ​റു​ണ്ട്.

പക്ഷേ, ശ​ര​ത് മാ​ഷി​ന് മ​ന​സ്സി​ലാ​വാ​ത്ത​ത് ഒ​ന്നുമാ​ത്രം. ദി​വ​സ​ത്തി​​ന്റെ ന​ല്ലൊ​രു ഭാ​ഗം ചി​ല​വ​ഴി​ക്കു​ന്ന​ത് സ്കൂ​ളി​ൽ. അ​വി​ട​ത്തെ വ​കു​പ്പുമു​റി​യി​ലെ മേ​ശ​ക​ൾ ത​മ്മിലു​ള്ള അ​ക​ലം ഒ​ന്നൊ​ന്ന​ര അ​ടി മാ​ത്രം. ക​ണ​ക്കി​ൽ സ​യ​ൻ​സു​ണ്ട്. സ​യ​ൻ​സി​ൽ ക​ണ​ക്കും. ഇ​തി​ൽ​ കൂ​ടു​ത​ൽ എ​ന്തു പൊ​രു​ത്തം വേ​ണം? എ​ന്നി​ട്ടും ഒ​രേ കൊ​മ്പി​ൽ കൂ​ടുകൂ​ട്ടാ​ൻ എ​ന്തേ മ​ടി​ക്കു​ന്നു? ഉ​ത്ത​ര​മു​ണ്ട് സൗ​മി​നി​ക്ക്. മേ​ശ​ക​ൾ ത​മ്മി​ലു​ള്ള അ​ടു​പ്പം ജീ​വി​ത​ത്തി​ൽ വേ​ണ​മെ​ന്നി​ല്ല. സ​യ​ൻ​സി​​ന്റെ അ​ടു​പ്പ​ത്തി​ന് അ​ക​ലാ​ൻ നേ​രം വേ​ണ്ട. വേ​ന​ലി​ൽ വെ​ന്തു​രു​കി​യ​വ​ർ ഇ​ല​ക​ളു​ടെ നി​റ​ക്കൊ​ഴു​പ്പ് മോ​ഹി​ക്കു​ന്ന​ത് മ​ന​സ്സി​ലാ​വും. പക്ഷേ, ഇ​നി​യൊ​രു ആ​ൺ​കൂ​ട്ട് വേ​ണ്ടെ​നി​ക്ക്.

 

ആ​ദ്യ​മാ​യി അ​മ്മ ത​ന്നോ​ട് ഉ​ള്ളുതു​റ​ക്കു​ന്ന​ത് ന​ന്നാ​യി ര​സി​ക്കു​ന്നു​ണ്ട് പാ​ർ​വതി​ക്ക്. താ​നും ഒ​രൊ​ത്ത പെ​ണ്ണാ​യെ​ന്നു അം​ഗീ​ക​രി​ക്കു​ക​യാ​ണ​വ​ർ. അ​പ്പോ​ൾ, സ​ത്യ​ത്തി​ൽ എ​ന്താ​ണ് വേ​ണ്ട​ത് അ​മ്മ​ക്ക്? അ​ടു​പ്പിക്ക​ണോ, അ​തോ അ​ക​റ്റ​ണോ? ര​ണ്ടി​നും കെ​ൽ​പ്പു​ണ്ട് പാ​ർ​വ​തി​ക്ക്.

പി​ന്നെ രാ​ത്രി വ​ള​രെ വൈ​കി​യു​ള്ള ചി​ല ഫോ​ൺവി​ളി​ക​ൾ. അ​താ​ണ് പാ​ർ​വതി​യെ വ​ല്ലാ​തെ അ​രി​ശം പി​ടി​പ്പി​ക്കു​ന്ന​ത്. അ​താ​യ​ത് താ​ൻ ഉ​റ​ങ്ങി​യെ​ന്ന് ഉ​റ​പ്പാ​ക്കി​യ​തി​നുശേ​ഷ​മു​ള്ള വി​ളി​ക​ൾ. പക്ഷേ ആ ​ബോ​റ​ന​റി​യി​ല്ല പാ​ർ​വതി വൈ​കി​യേ ഉ​റ​ങ്ങൂവെ​ന്ന്.

‘‘അ​തെ​ന്താ ഇ​ങ്ങ​നെ?’’ പാ​ർ​വതി ചോ​ദി​ച്ചു.

‘‘ഏറെ നാ​ളാ​യി പെ​ൺ​ചൂ​ര​റി​യാ​ത്ത​തി​​ന്റെ കേ​ട​ന്നെ. ഒ​രുത​രം ഞ​ര​മ്പുരോ​ഗം അ​ല്ലാ​ണ്ടെ​ന്താ? പി​ന്നെ യാ​ദ​വ​കു​ല​ത്തി​ൽ പി​റ​ന്ന​തോ​ണ്ട് സാ​ക്ഷാ​ൽ ശ്രീ​കൃഷ്ണ​​ന്റെ ഒ​രം​ശം ത​ന്നി​ലും കാ​ണാ​തി​രി​ക്കി​ല്ലെ​ന്ന വി​ശ്വാ​സം! എ​ന്നാ​ലും എ​നി​ക്ക് മ​ന​സ്സി​ലാ​കാ​ത്ത​ത് ഒ​ന്നുമാ​ത്രം. ഇ​ത്ര പെ​ട്ടെ​ന്ന് ആ ​പാ​വം സു​സ്മി​ത​യെ മ​റ​ക്കാ​ൻ ക​ഴി​യോ ആ ​കോ​ന്ത​നു? പ്ല​സ് ടു​വി​ന് പ​ഠി​ക്കു​ന്ന ഒ​രു മ​ക​ളു​ണ്ടെ​ന്ന​തും മ​റ​ക്കു​ന്നു. അ​ടു​ത്ത വ​ർ​ഷം കോ​ളേ​ജി​ൽ ചേ​രേ​ണ്ട കു​ട്ടി.’’

തീ​രെ മ​ന​സ്സി​ലാ​വു​ന്നി​ല്ല പാ​ർ​വതി​ക്ക്. ശ്രീ​കൃ​ഷ്ണ​​ന്റെ വേ​രു​ക​ൾ ഈ ​ബോ​റ​ൻ മാ​ഷി​ലേ​ക്കോ? ചി​രി​യ​ട​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല പാ​ർ​വ​തി​ക്ക്‌.

‘‘അ​മ്മ​ക്ക് ഈ ​വി​ളി​ക​ൾ നി​റു​ത്തി​ക്കൂ​ടെ?’’

‘‘ഒ​രു ന​മ്പ​ർ ബ്ലോ​ക്ക് ചെ​യ്താ​ൽ വേ​റൊ​ന്നി​ൽനി​ന്ന് വ​രും വി​ളി. അ​താ​ണ് അ​യാ​ളു​ടെ രീ​തി. സി​മ്മു​ക​ളു​ടെ സ​ർ​ക്ക​സ്. ഒ​രു​മ്പെ​ട്ടി​റ​ങ്ങി​യ​വ​ർ​ക്ക് എ​ന്താ ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത​ത്?’’

‘‘ഹെ​ഡ് മാ​സ്റ്റ​റോ​ട് പ​റ​യു​മെ​ന്ന് സൂ​ചി​പ്പി​ച്ച​പ്പോ​ൾ ര​ണ്ടു മൂ​ന്നു ദി​വ​സ​ത്തേ​ക്ക് സ്വൈ​രം​ണ്ടാ​യി​രു​ന്നു. അ​തുക​ഴി​ഞ്ഞു പി​ന്നേം തു​ട​ങ്ങി ശ​ല്യ​പ്പെ​ടു​ത്ത​ല്. അ​യാ​ളു​ടെ ആ ​തേ​നൂ​റു​ന്ന കൊ​ഞ്ച​ൽ കേ​ട്ടാ​ൽ ശ​രി​ക്കും അ​റ​പ്പ് വ​രും.’’

‘‘പോ​ലീ​സി​ൽ പ​റ​ഞ്ഞാ​ലോ...’’

‘‘ഇ​വ​ട​ത്തെ പോ​ലീ​സി​നെ​പ്പ​റ്റി ഒ​ന്നു​മ​റി​യി​ല്ല മോ​ൾ​ക്ക്. അ​വ​ട​ത്തെ ദാ​രോ​ഗ അ​യാ​ളു​ടെ ജാ​തി​ക്കാ​ര​നാ​ണെ​ങ്കി​ൽ പ്ര​തി ഞാ​നാ​വും. ഞാ​ൻ അ​യാ​ളെ കു​ടു​ക്കാ​ൻ നോ​ക്കി എ​ന്നാ​വും കേ​സ്.’’

അ​പ്പോ​ൾ ഇ​നി പാ​ർ​വ​തി ത​ന്നെ ഇ​ട​പെ​ട്ടേ പ​റ്റൂ. അ​വ​ൾ ഉ​റ​പ്പി​ച്ചു.

നീ​ലി​മ​യോ​ട് പ​റ​ഞ്ഞ​പ്പോ​ൾ ചി​രി​യോ​ട് ചി​രി.

‘‘ഞ​ര​മ്പു​രോ​ഗ​മ​ല്ല, ഒ​രുത​രം മൂ​രി​പ്ര​ണ​യം. ന​ല്ല കൊ​ഴു​ത്ത പ​ശു​ക്ക​ളെ ക​ണ്ടാ​ൽ ഹ​രി​യാ​ണ​യി​ലെ മെ​ലി​ഞ്ഞു​ണ​ങ്ങി​യ കി​ഴ​വ​ൻ കാ​ള​ക​ൾ​ക്കുവ​രെ കാ​മം ഇ​ള​കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്.’’ അ​വ​ൾ ചി​രി​ച്ചു.

‘‘അ​പ്പോ​ൾ ഇ​ത് ന​മു​ക്കുത​ന്നെ കൈ​കാ​ര്യം ചെ​യ്യേ​ണ്ടിവ​രും, അ​ല്ലേ?’’

‘‘പി​ന്ന​ല്ലാ​ണ്ട്? എ​പ്പോ​ഴും ഞാ​നു​ണ്ടാ​വും നി​​ന്റെ കൂ​ടെ.’’

‘‘അ​ത​റി​യാം.’’

‘‘ആ​ട്ടെ, വ​ള​യ്ക്ക​ണോ, അ​തോ ഒ​ടി​ക്ക​ണോ?’’

‘‘അ​തൊ​ന്നും വേ​ണ്ടാ. വെ​റു​തെ വി​ര​ട്ടിവി​ട്ടാ​ൽ പോ​രേ?’’

‘‘ഈ ​അ​സു​ഖ​ത്തി​ന് അ​ത് പോ​രെ​ന്നാ തോ​ന്നു​ന്നേ. രോ​ഗം വ​ല്ലാ​തെ കൂ​ടി​യ മ​ട്ടാ​ണ്. ’’

‘‘പി​ന്നെ?’’

‘‘ഇ​തി​ങ്ങോ​ട്ട് വി​ട്ടുത​ന്നേ​ക്ക്. ഇ​ത് ഞാ​ൻത​ന്നെ കൈ​കാ​ര്യം ചെ​യ്തോ​ളാം. എ​ന്നെ വി​ശ്വാ​സ​മി​ല്ലേ?’’

‘‘വി​ശ്വാ​സം കൂ​ട​ണ​താ കൊ​ഴ​പ്പം.’’

‘‘എ​നി​ക്കൊ​രു പ്ലാ​നു​ണ്ട്. നീ ​ഒ​പ്പം നി​ന്നാ​ൽ മാ​ത്രം മ​തി.’’

‘‘നി​ക്കാം. പക്ഷേ കൊ​ള​മാ​ക്ക​രു​ത്.’’

‘‘അ​തൊ​ക്കെ ഞാ​ൻ നോ​ക്കി​ക്കോ​ളാ​മെ​ന്നേ. ആ​ട്ടെ. അ​ടു​ത്താ​ഴ്ച​യ​ല്ലേ ദു​ർ​ഗാ പൂ​ജ? അ​പ്പോ​ൾ നോ​ക്കാം.’’

‘‘എ​ന്തി​നാ പൂ​ജ​യൊ​ക്കെ?’’ പാ​ർ​വ​തി അ​മ്പ​ര​ന്നു.

‘‘മ​ഹി​ഷാ​സു​ര മ​ർ​ദി​നി​യു​ടെ ദു​ഷ്‌​ടനി​ഗ്ര​ഹം.’’

‘‘അ​യ്യോ! അ​തൊ​ന്നും വേ​ണ്ടാ.’’

‘‘പേ​ടി​ക്കേ​ണ്ടാ മോ​ളെ.’’ നീ​ലി​മ അ​വ​ളു​ടെ പ​തി​വ് സ്റ്റൈ​ലി​ൽ പൊ​ട്ടി​ച്ചി​രി​ക്കുന്നു​ണ്ടെ​ങ്കി​ലും പാ​ർ​വ​തി​ക്ക് ഉ​ള്ളി​ൽ പേ​ടി​യാ​യി​രു​ന്നു.

 

‘‘അ​മ്മ സ​മ്മ​തി​ക്കി​ല്ല.’’

‘‘ടീ​ച്ച​ർ അ​റി​യ​ണ്ട.’’

‘‘നി​ന​ക്ക​റി​യി​ല്ല അ​മ്മേ​ടെ പ്ര​കൃ​തം. മ​ഹാ​ത്മ​ജി​യു​ടെ സൂ​ക്ത​ങ്ങ​ൾ അ​മ്മാ​മ്മ ഉ​രു​വി​ടു​ന്ന​ത് കേ​ട്ടുവ​ള​ർ​ന്ന​യാ​ളാ​ണ്. അ​മ്മാ​മ്മ​യു​ടെ പൂ​ജാ​മു​റി​യി​ൽ ദൈ​വ​ങ്ങ​ൾക്കൊ​പ്പം ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​വു​മു​ണ്ട്.’’

‘‘ആ​യി​ക്കോ​ട്ടെ.’’

‘‘നീ ​പ​റേ​ണ​ത് കേ​ൾ​ക്കു​മ്പോ​ൾ…’’

‘‘നി​​ന്റെ​യൊ​രു കാ​ര്യം. സം​ഗ​തി ന​ട​ക്കു​കേം വേ​ണം, എ​നി​ക്കൊ​ട്ട് വി​ട്ടുത​രി​കേ​മി​ല്ല. പേ​ടി​ക്ക​ണ്ടാ​ന്നെ. ഞാ​ന​ല്ലേ പ​റ​യു​ന്ന​ത്?’’ വീ​ണ്ടും ആ ​അ​ട്ട​ഹാ​സം.

അ​ങ്ങ​നെ ഒ​ന്നും ര​ണ്ടും പ​റ​ഞ്ഞു പി​രി​യു​മ്പോ​ൾ നീ​ലി​മ​യു​ടെ ഉ​ള്ളി​ലെ പ്ലാ​നി​നെ​ക്കു​റി​ച്ചു ത​ന്നെ​യാ​യി​രു​ന്നു പാ​ർ​വ​തി​യു​ടെ ആ​ധി. എ​ന്തും ചെ​യ്യാ​ൻ മ​ടി​യി​ല്ലാ​ത്ത ഒ​രു​മ്പെ​ട്ട​വ​ളാ​ണ്. എ​ന്തി​നാ​ണ് അ​വ​ൾ പൂ​ജവ​രെ കാ​ക്കു​ന്ന​ത്? ദു​ർ​ഗ, മ​ഹി​ഷാ​സു​ര​ൻ എ​ന്നി​വ​ർ​ക്കൊ​ക്കെ ഇ​വി​ടെ എ​ന്താ​ണ് പ്ര​സ​ക്തി. ആ ​ശ​ര​ത് മാ​ഷെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള പു​റ​പ്പാ​ടാ​ണോ? എ​ങ്കി​ൽ പെ​ട്ട​ത് ത​ന്നെ. അ​മ്മ ത​ന്നെ നി​റു​ത്തി​പ്പൊ​രി​ക്കാ​തെ വി​ടി​ല്ല. അ​ല്ലെ​ങ്കി​ലും അ​വ​ർ​ക്ക് തീ​രെ അ​ഭി​പ്രാ​യ​മി​ല്ല നീ​ലി​മ​യെ​പ്പ​റ്റി.

അ​പ്പോ​ൾ ബി​ശ്വ​ജി​ത് പ​റ​യാ​റു​ള്ള, കൊ​ൽ​ക്ക​ത്ത​യി​ലെ പൂ​ജ​ക്കാ​ല​ത്തെ​പ്പ​റ്റി ഓ​ർ​മ വ​ന്നു. ഒ​മ്പ​തു ദി​വ​സ​വും ന​ഗ​രം നി​റ​ങ്ങ​ൾ വാ​രി​പ്പൂ​ശി തി​മ​ിർ​ക്കു​ന്ന കാ​ലം. ലോ​ക​ത്തി​​ന്റെ ഏ​തു മൂ​ല​യി​ലാ​യി​രു​ന്നാ​ലും അ​തൊ​ക്കെ ഓ​രോ ബം​ഗാ​ളി​യു​ടെ​യും ഓ​ർ​മക​ളി​ൽ നി​റ​ഞ്ഞുനി​ൽ​ക്കാ​റു​ണ്ട്. അ​ങ്ങേ​യ​റ്റം പു​രോ​ഗ​മ​നാ​ശ​യ​ങ്ങ​ളും വി​പ്ല​വ ചി​ന്ത​ക​ളും ഉ​ള്ളി​ൽ കൊ​ണ്ടു ന​ട​ക്കു​ന്ന ബി​ശ്വ​ജി​ത്തി​നുപോ​ലും ആ ​ന​വ​രാ​ത്രി​ക്കാ​ലം ഒ​രു പൂ​ര​ക്കാ​ല​മാ​ണ്. അ​ത് പ​റ​ഞ്ഞു ക​ളി​യാ​ക്കി​യ​പ്പോ​ൾ അ​തി​​ന്റെ പു​റ​കി​ലു​ള്ള ആ ​വ​ലി​യ ആ​ശ​യ​ത്തെ​യാ​ണ് താ​ൻ ആ​ദ​രി​ക്കു​ന്ന​ത് എ​ന്നാ​ണ് അ​യാ​ൾ പ​റ​ഞ്ഞ​ത്. അ​താ​യ​ത് തി​ന്മ​യു​ടെ മേ​ലു​ള്ള ന​ന്മ​യു​ടെ വി​ജ​യം. അ​ങ്ങ​നെ​യെ​ങ്കി​ൽ നീ​ലി​മ പ്ലാ​ൻ ചെ​യ്യു​ന്ന​തും അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും ആ​യി​രി​ക്കും.

‘‘ഹെ​ന്റ​മ്മേ!’’ പാ​ർ​വ​തി ഞെ​ട്ടി. അ​ങ്ങ​നെ അ​വ​ൾ വീ​ർ​പ്പ​ട​ക്കി ആ ​ന​വ​രാ​ത്രി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യായി​രു​ന്നു. ഇ​നി​യും ഒ​രാ​ഴ്ച... ക​ട​ന്നുപോ​കാ​ൻ മ​ടി​ക്കു​ന്ന രാ​ത്രി​ക​ൾ.

ഒ​ടു​വി​ൽ ന​വ​രാ​ത്രി​ക്കാ​ലം വ​ന്നെ​ത്തി. ഇ​തി​നി​ട​യി​ൽ നീ​ലി​മ​യെ ഒ​ന്നോ ര​ണ്ടോ പ്രാ​വ​ശ്യം മാ​ത്ര​മേ ക​ണ്ടു​ള്ളൂ. അ​വ​ളാ​ണെ​ങ്കി​ൽ പ​തി​വു​ള്ള ക​ളി​യും ചി​രി​യുംത​ന്നെ. ഒ​ന്നും വി​ട്ടുപ​റ​യു​ന്ന​തു​മി​ല്ല.

സൗ​മി​നി ശ​ര​ത് മാ​ഷി​ൽനി​ന്ന് മ​ന​പ്പൂ​ർ​വം അ​ക​ന്നുനി​ൽ​ക്കാ​ൻ നോ​ക്കു​കയാ​ണ്. വീ​ട്ടി​ലെ​ത്തി​യാ​ൽ ഫോ​ൺ ഓ​ഫ്‌ ചെ​യ്തു വെക്കും. അ​യാ​ൾ സ്റ്റാ​ഫ്‌​റൂ​മി​ൽ വ​രു​ന്ന ഇ​ട​വേ​ള​ക​ളി​ൽ ക്ലാ​സുക​ളെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ച്ചു. ഇ​തി​നി​ട​യി​ൽ അ​യാ​ളു​ടെ കോ​മാ​ളി​ത്ത​ങ്ങ​ൾ സ്കൂ​ളി​ൽ ചി​ല​രൊ​ക്കെ ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. അ​തി​ൽ അ​യാ​ൾ​ക്കൊ​ട്ടു വ​ല്ലാ​യ്മ​യും ഇ​ല്ലാ​യി​രു​ന്നു. ഇ​തി​ൽ എ​ന്താ​ണ് തെ​റ്റ് എ​ന്ന ഭാ​വ​മായി​രു​ന്നു അ​യാ​ളു​ടെ മു​ഖ​ത്ത്.

പക്ഷേ, ഇ​ക്കാ​ര്യ​ത്തി​ൽ സൗ​മി​നി​ക്ക് ഒ​രു സൂ​ച​ന കൊ​ടു​ത്ത​ത് പ്യൂ​ൺ തി​വാ​രി​യാ​യി​രു​ന്നു. അ​റി​യ​പ്പെ​ടു​ന്ന ഒ​രു ഏ​ഷ​ണി​ക്കാ​ര​നാ​ണെ​ങ്കി​ലും അ​വി​ട​ത്തുകാ​രി​യ​ല്ലാ​ത്ത സൗ​മി​നി ടീ​ച്ച​റി​നോ​ട് അ​യാ​ൾ​ക്ക് വ​ലി​യ ബ​ഹു​മാ​ന​മാ​യി​രു​ന്നു. ഇ​ന്നാ​ട്ടു​കാ​രി​ക​ളെ​പ്പോ​ലെ അ​ണി​ഞ്ഞൊ​രു​ങ്ങാ​റി​ല്ല. എ​പ്പോ​ഴും സാ​ധാ​ര​ണ കോ​ട്ട​ൺ സാ​രി​ക​ൾ മാ​ത്രം. ലി​പ്സ്റ്റി​ക്ക് ഇ​ടാ​ത്ത ഒ​രേ​യൊ​രു ടീ​ച്ച​ർ. ന​ല്ല അ​ട​ക്ക​വും ഒ​തു​ക്ക​വുമു​ള്ള, ഐ​ശ്വ​ര്യ​മു​ള്ള സ്ത്രീ.

‘‘ടീ​ച്ച​ർ ഒ​ന്ന് ശ്ര​ദ്ധി​ക്കു​ന്ന​ത് ന​ല്ല​താ.’’ സ്റ്റാ​ഫ്റൂ​മി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് അ​യാ​ൾ അ​ട​ക്കംപ​റ​ഞ്ഞു. ‘‘ഈ ​സ്‌​ഥ​ലം ലേ​ശം പെ​ശ​കാ. ക​ഴി​ഞ്ഞത​വ​ണ ബെ​സ്റ്റ് ടീ​ച്ച​ർ അ​വാ​ർ​ഡ് കി​ട്ടീ​രു​ന്ന​തുകൊ​ണ്ട് ഈ ​പെ​ണ്ണു​ങ്ങ​ൾ​ക്കൊ​ക്കെ ഭ​യ​ങ്ക​ര കു​ശു​മ്പാ. എ​ന്തെ​ങ്കി​ലും വീ​ണുകി​ട്ടാ​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ​വ​ർ.’’

‘‘സാ​ര​മി​ല്ല, തി​വാ​രി. ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞോ​ട്ടെ. ഞാ​ൻ അ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​റി​ല്ല.’’

അ​പ്പോ​ഴാ​ണ് ആ​ൺ​കു​ട്ടി​ക​ളു​ടെ മൂ​ത്ര​പ്പു​ര​യു​ടെ ചു​വ​രി​ൽ ക​രി​ക്ക​ട്ട​യി​ൽ കോ​റി​യി​ട്ട ക​ലാ​സൃ​ഷ്ടി​യെ​പ്പ​റ്റി അ​യാ​ൾ സൂ​ചി​പ്പി​ച്ച​ത്. ക​ണ്ട​യു​ട​നെ ത​ന്നെ അ​യാ​ള​ത് മാ​യ്ച്ചു ക​ള​ഞ്ഞെ​ങ്കി​ലും ടീ​ച്ച​ർ കു​റ​ച്ചു ശ്ര​ദ്ധി​ക്കാ​തെ വ​യ്യ. പേ​ര് ശാ​ന്തി​ന​ഗ​ർ എ​ന്നാ​ണെ​ങ്കി​ലും ലേ​ശം അ​ശാ​ന്തി​യു​ണ്ടാ​ക്കാ​ൻ അ​ധി​കം പേ​ർ വേ​ണ്ട​ല്ലോ.

അ​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ളു​ടെ ഗൗ​ര​വം സൗ​മി​നി​ക്ക് ശ​രി​ക്ക് പി​ടികി​ട്ടി​യ​ത്. പ​രി​ച​യ​മി​ല്ലാ​ത്ത നാ​ടാ​ണ്. പൊ​തു​വെ കു​ട്ടി​ക​ൾ​ക്കൊ​ക്കെ അ​വ​രോ​ട് സ്നേ​ഹ​മാ​ണെങ്കി​ലും എ​ല്ലാ​വ​രും അ​ങ്ങ​നെ​യാ​ണെ​ന്ന് വി​ശ്വസി​ക്കു​ക വ​യ്യ.

അ​തി​ൽപി​ന്നെ ശ​ര​ത് മാ​ഷി​ൽനി​ന്ന് കൂ​ടു​ത​ൽ അ​ക​ലാ​ൻ അ​വ​ർ ശ്ര​ദ്ധി​ച്ചു. രാ​ത്രി ഫോ​ൺ ഓ​ഫ്‌ ചെ​യ്തു വെച്ചി​ട്ടും യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്ന് പെ​ട്ടെ​ന്ന് മ​നസ്സി​ലാ​യി. കാ​ര​ണം, പി​റ്റേ​ന്ന് ഫോ​ൺ തു​റ​ക്കു​മ്പോ​ൾ ഒ​രു കു​ന്ന് വാ​ട്‍സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളാ​യി​രി​ക്കും കാ​ത്തി​രി​ക്കു​ക. ഫോ​ണി​ൽ കി​ട്ടാ​ത്ത​തി​​ന്റെ സ​ങ്ക​ട​മാ​യിരു​ന്നു മി​ക്ക​തി​ലും. എ​ന്നാ​ലും, വാ​ട്‍സ്ആ​പ്പ് എ​ന്ന മ​ഹാ​ത്ഭു​തം ക​ണ്ടുപി​ടി​ച്ച മ​ഹാ​നെ പു​ക​ഴ്ത്താ​തെ വ​യ്യ​ത്രെ. നേ​രി​ൽ പ​റ​യാ​ൻ വി​ഷ​മ​മു​ള്ള കാ​ര്യ​ങ്ങ​ൾകൂ​ടി തു​റ​ന്നുപ​റ​യാ​നാ​വു​ക എ​ന്ന സൗ​ഭാ​ഗ്യം ചെ​റു​ത​ല്ല. അ​വ​ളി​ല്ലാ​തെ അ​യാ​ൾ​ക്ക് ജീ​വി​ക്കാനാ​വി​ല്ല​ത്രേ. അ​വ​ൾ​ക്കുവേ​ണ്ടി എ​ന്തും ചെ​യ്യാ​ൻ ത​യാറാ​ണ്. അ​ൽപം സ്വാ​ത​ന്ത്ര്യം വേ​ണെ​ങ്കി​ൽ സ്വ​ന്തം മ​ക​ളെ ഹോ​സ്റ്റ​ലി​ൽ ആ​ക്കാ​നും ത​യാ​റാ​ണ്.

കൂ​ട്ട​ത്തി​ൽ ഇ​നി​യും ത​ന്നെ വേ​ദ​നി​പ്പി​ക്ക​രു​തേ​യെ​ന്ന അ​പേ​ക്ഷ​യും! മി​ക്ക​തും ഒ​രു അ​വ​ശ കാ​മു​ക​​ന്റെ ദ​യ​നീ​യ വി​ലാ​പ​ങ്ങ​ൾ. പ്രാ​യ​ത്തി​നു നി​ര​ക്കാ​ത്ത ചാ​പ​ല്യ​ങ്ങ​ൾ. ഒ​ടു​വി​ൽ അ​ത് ചി​ല അ​ശ്ലീ​ല വീ​ഡി​യോ​ക​ളി​ൽ എ​ത്തി​യ​തോ​ടെ അ​യാ​ളു​ടെ ശി​ര​സ്സി​ലേ​ക്ക് വി​ശാ​ൽ​ന​ഗ​റി​ലെ ഉ​ഷ്ണം ഇ​ര​ച്ചുകേ​റി​യെ​ന്ന് സൗ​മി​നി​ക്ക് മ​ന​സ്സി​ലാ​യി. അ​തോ​ടെ മെ​സേ​ജു​ക​ൾ തു​റ​ന്നുനോ​ക്കാ​തെ വ​ന്ന​യു​ട​നെ മാ​യ്ച്ചു ക​ള​യാ​ൻ തു​ട​ങ്ങി... ഈ ​മ​നു​ഷ്യ​ന് എ​ന്നെ​ങ്കി​ലും ഒ​രു ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട, മാ​ന്യ​നാ​യ കാ​മു​ക​നാ​കാ​ൻ ക​ഴി​യു​മോ? അ​തി​ശ​യി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ… എ​ന്താ​യാ​ലും, ആ ​സം​ഭ​വ​ത്തോ​ടെ ചി​ല​തൊ​ക്കെ മ​ക​ളോ​ട് തു​റ​ന്നുപ​റ​യാ​തെ വ​യ്യെ​ന്ന് അ​വ​ർ​ക്ക് തോ​ന്നി.

വി​ശ്വ​സി​ക്കാ​നാ​വാ​തെ, പാ​ർ​വതി ഇ​ത്തി​രിനേ​രം ത​രി​ച്ചി​രു​ന്നു പോ​യി. കാ​ര്യങ്ങ​ൾ ഇ​വി​ടംവ​രെ എ​ത്തി​യെ​ന്ന് അ​വ​ൾ​ക്ക് ഊ​ഹി​ക്കാ​ൻപോ​ലും ക​ഴി​ഞ്ഞി​ല്ല. എ​ന്താ​യാ​ലും ഇ​പ്പോ​ഴെ​ങ്കി​ലും അ​മ്മ​ക്ക് ഇ​തൊ​ക്കെ തു​റ​ന്നുപ​റ​യാ​ൻ തോ​ന്നി​യ​ല്ലോ, അ​വ​ൾ ആ​ശ്വ​സി​ച്ചു. ഇ​നി വൈ​കി​ക്കാ​ൻ വ​യ്യ. കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​വു​ന്നതി​നു മു​മ്പ് ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ...

അ​ങ്ങ​നെ​യാ​ണ് ഇ​നി​യി​ത് വൈ​കി​ക്കാ​ൻ വ​യ്യെ​ന്ന് അ​വ​ൾ നീ​ലി​മ​യോ​ട് സൂ​ചി​പ്പി​ച്ച​ത്. മ​റ്റു കാ​ര്യ​ങ്ങ​ൾ വി​ട്ടുപ​റ​ഞ്ഞ​തു​മി​ല്ല.

പക്ഷേ, നീ​ലി​മ​യു​ടെ പ്ര​തി​ക​ര​ണം ഒ​രു അ​ല​സമ​ട്ടി​ലാ​യി​രു​ന്നു.

‘‘അ​തൊ​ക്കെ നോ​ക്കാ​മെ​ന്നേ. ദു​ർ​ഗാ​പൂ​ജ​ക്ക് ഇ​നി​യും ദി​വ​സ​ങ്ങ​ളു​ണ്ട​ല്ലോ. അ​പ്പോ​ൾ നോ​ക്കാ​മെ​ന്നേ.’’

‘‘നി​​ന്റെ​യൊ​രു ദു​ർ​ഗാ​പൂ​ജ! എ​ന്താ​യാ​ലും, ഇ​തി​നി വ​ച്ചു താ​മ​സി​പ്പി​ക്കാ​ൻ വ​യ്യ. നീ​യൊ​ന്ന് ചൂ​ടാ​യേ പ​റ്റൂ.’’

മ​റു​പ​ടി​യാ​യി അ​വ​ൾ ഒ​ന്ന് ത​ല​യാ​ട്ടു​കമാ​ത്രം ചെ​യ്തു.

അ​ങ്ങ​നെ​യി​രി​ക്കെ പെ​ട്ടെ​ന്നൊ​രു ദി​വ​സം അ​യാ​ൾ സ്കൂ​ളി​ൽ വ​രാ​താ​യ​പ്പോ​ൾ അ​ത്ഭു​ത​മാ​യി മ​റ്റു​ള്ള​വ​ർ​ക്ക്. മു​ൻ​കൂ​ട്ടി പ​റ​യാ​തെ അ​യാ​ൾ ഒ​രി​ക്ക​ലും ലീ​വ് എ​ടു​ക്കാറി​ല്ല. എ​പ്പോ​ഴും കൃ​ത്യ​സ​മ​യ​ത്തി​നുത​ന്നെ സ്കൂ​ളി​ൽ ഹാ​ജ​രാ​കു​ന്ന ആ​ൾ. ഈ ​സാ​റി​നു ഒ​രി​ക്ക​ലും പ​നി​യും വ​രി​ല്ലേ​യെ​ന്നു കു​ട്ടി​ക​ൾ ത​മാ​ശ പ​റ​യാ​റു​ണ്ട്. വ​ല്ലാ​തെ ശ​ബ്ദ​മുണ്ടാ​ക്കു​ന്ന ആ ​പ​ഴ​ഞ്ച​ൻ ബൈ​ക്കി​നാ​ണെ​ങ്കി​ൽ ചെ​റി​യൊ​രു തു​മ്മ​ലും ചീ​റ്റ​ലും അ​ല്ലാ​തെ കാ​ര്യ​മാ​യ രോ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ല.

അ​ങ്ങ​നെ​യു​ള്ള​യാ​ൾ പി​റ്റേ​ന്നും വ​രാ​താ​യ​പ്പോ​ൾ എ​ന്തോ പ്ര​ശ്ന​മു​ണ്ടെ​ന്ന് ഹെ​ഡ് മാ​സ്റ്റ​ർ​ക്ക് തോ​ന്നി​യി​രി​ക്ക​ണം. അ​തുകൊ​ണ്ടാ​ണ് തി​ര​ക്കിവ​രാ​ൻ തി​വാ​രി​യെ പ​റ​ഞ്ഞ​യ​ച്ച​ത്. ആ ​കൊ​ടി​യ വേ​ന​ൽ​ക്കാ​ല​ത്തു ആ​റേ​ഴ് കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ ച​വി​ട്ടാ​ൻ മ​ടി​യാ​യി​രു​ന്നെ​ങ്കി​ലും അ​വി​ട​ന്ന് ര​സ​ക​ര​മാ​യ എ​ന്തെ​ങ്കി​ലും മ​സാ​ല കി​ട്ടു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ അ​യാ​ൾ ആ​ഞ്ഞു ച​വി​ട്ടി വി​ട്ടു. അ​ത് ശ​രി​യു​മാ​യി​രു​ന്നു. മാ​ഷ് വീ​ട്ടി​ലി​ല്ലാ​യി​രു​ന്നെ​ങ്കി​ലും വേ​ണ്ട​തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​യാ​ൾ​ക്ക് വീ​ണുകി​ട്ടി. ലാ​ലാ​ജി ട്ര​സ്റ്റി​ന്റെത​ന്നെ ഉ​ട​മ​സ്‌​ഥ​ത​യി​ലു​ള്ള മ​റ്റൊ​രു സ്കൂ​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റ​ത്തി​നു ശ്ര​മി​ക്കു​ക​യാ​ണ​ത്രെ മാ​ഷ്. അ​ത് ഏ​താ​ണ്ട് ശ​രി​യാ​യ മ​ട്ടാ​ണ്. അ​ടു​ത്ത കൊ​ല്ലം മ​ക​ളെ ചേ​ർ​ക്കാ​ൻ പ​റ്റി​യ, കോ​ളേ​ജി​ന​ടു​ത്തു​ള്ള മു​ന്തി​യ സ്കൂ​ൾ. അ​ടു​ത്ത വീ​ട്ടു​കാ​രാ​ണ് ഇ​തൊ​ക്കെ പ​റ​ഞ്ഞുകൊ​ടു​ത്ത​ത്.

മാ​ഷ് പി​ന്നീ​ട് സ്കൂ​ളി​ൽ വ​ന്ന​തേ​യി​ല്ല. വി​ളി​ക്കാ​ൻ പോ​യ തി​വാ​രി​യു​ടെ മു​മ്പി​ൽ അ​യാ​ൾ മു​ഖം ക​റു​പ്പി​ച്ചു നി​ന്നു. വ​ല്ലാ​തെ കാ​റു കെ​ട്ടി​യ മു​ഖം. അ​തി​ലേ​റെ കാ​റി​യ ഒ​ച്ച​യും.

‘‘എ​ന്താ തി​വാ​രി?’’

‘‘ഹെ​ഡ് മാ​സ്റ്റ​ർ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.’’

‘‘എ​ന്തുപ​റ്റി നി​ങ്ങ​ടെ സ്കൂ​ളി​ന്? മേ​ൽ​ക്കൂ​ര വ​ല്ല​തും ഇ​ടി​ഞ്ഞുവീ​ണോ?’’

‘‘സാ​റ് ര​ണ്ടു മൂ​ന്നു ദി​വ​സാ​യി​ട്ട് ചെ​ല്ലാ​ത്ത​തുകൊ​ണ്ടാ. ലീ​വ് ലെ​റ്റ​ർ കി​ട്ടീ​ട്ടി​ല്ല. സാ​റി​​ന്റെ പോ​ർ​ഷ​നും തീ​ർ​ന്നി​ട്ടി​ല്ലാ​ന്നു പ​റ​ഞ്ഞു.’’

‘‘ഞാന​ൽപം തി​ര​ക്കി​ലാ​ന്ന് പ​റ​യൂ. പി​ന്നെ ലെ​റ്റ​റൊ​ക്കെ പ​തു​ക്കെ വ​ന്നോ​ളും. വേ​റൊ​രു സ്കൂ​ളി​ൽനി​ന്ന്.’’

‘‘എ​വി​ട​ന്നു സാ​ർ?’’

‘‘അ​തൊ​ക്കെ വ​ഴി​യെ അ​റി​യാം. പി​ന്നെ അ​ങ്ങേ​ർ​ക്ക് എ​ന്നെ കാ​ണ​ണ​മെ​ങ്കി​ൽ എ​​ന്റെ പു​തി​യ സ്കൂ​ളി​ൽ വ​രാ​ൻ പ​റ​യൂ. നേ​ര​ത്തെ വി​ളി​ച്ചുപ​റ​ഞ്ഞി​ട്ട് വ​ര​ണം. അ​ല്ലെ​ങ്കി​ൽ ക​ണ്ടെ​ന്നുവ​രി​ല്ല. ഞാ​ന​ൽപം തി​ര​ക്കി​ലാ.’’

‘‘എ​ന്താ മാ​ഷീ പ​റ​യ​ണ​ത്? പ്രാ​യ​മാ​യ അ​ങ്ങോ​രു ഇ​വി​ടം വ​രെ വ​രി​കേ?’’

‘‘അ​തെ​ന്താ വ​ന്നാ​ൽ? അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ദൂ​രം ഒ​രുപോ​ലെ​യ​ല്ലേ? പി​ന്നെ ഇ​വി​ടെ വ​ന്നാ​ൽ ഇ​വി​ട​ത്തെ ഹെ​ഡ് മാ​സ്റ്റ​റു​ടെ എ.​സി മു​റി​യി​ൽ കു​റ​ച്ചുനേ​രം വി​ശ്ര​മി​ക്കു​ക​യും ചെ​യ്യാം. ഈ ​ചൂ​ടു​കാ​ല​ത്തു അ​തൊ​ക്കെ​യൊ​രു സു​ഖ​മ​ല്ലേ? ഇ​നി ഞാ​ൻ അ​ടു​ത്ത ഹെ​ഡ് മാ​സ്റ്റ​ർ ആ​കു​മ്പോ​ൾ ഇ​രി​ക്കാ​ൻ പോ​കു​ന്ന​തും അ​വി​ടെത​ന്നെ. പി​ന്നെ ഒ​രു കാ​ര്യം അ​വി​ടെ പോ​യി പ​റ​ഞ്ഞോ​ളൂ, ഇ​ത് നി​ങ്ങ​ടെ സ്കൂ​ൾ പോ​ലെ​യ​ല്ല... വ​ലി​യ പ​ണ​ക്കാ​രു​ടെ മ​ക്ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളാ. പ്ല​സ് ടു​ക്കാ​രു​ടെ ക്ലാ​സ് മു​റി​ക​ളി​ൽ ഓ​വ​ർ ഹെ​ഡ് പ്രോ​ജ​ക്ട​ർ വ​രെ​യു​ണ്ട്.’’

മാ​ഷ് വാ​ശി​യി​ലാ​ണെ​ന്നു ക​ണ്ട​പ്പോ​ൾ തി​വാ​രി​ക്ക് അ​ധി​ക നേ​രം അ​വി​ടെ നി​ൽ​ക്ക​ണ​മെ​ന്ന് തോ​ന്നി​യി​ല്ല. ഒ​രുപക്ഷേ, സൗ​മി​നി ടീ​ച്ച​റു​ടെ കാ​ര്യ​ത്തി​ൽ ഹെ​ഡ് മാ​സ്റ്റ​ർ വി​ളി​ച്ചു ഗു​ണ​ദോ​ഷി​ച്ചു കാ​ണും. അ​താ​യി​രി​ക്കും അ​ങ്ങേ​രോ​ട് ഇ​ത്ര​ക്ക് ചൊ​രു​ക്ക്. തി​രി​ഞ്ഞുന​ട​ക്കാ​ൻ തു​ട​ങ്ങി​യപ്പോ​ൾ ശ​ര​ത് മാ​ഷ് പു​റ​കി​ൽനി​ന്നു വി​ളി​ച്ചു.

‘‘നി​ൽ​ക്കെ​ടോ, ഒ​രു കാ​ര്യം മ​റ​ന്നു.’’ അ​ക​ത്തു നി​ന്നെ​ടു​ത്ത ഒ​രു പാ​ക്ക​റ്റ് അ​യാ​ളു​ടെ നേ​ർ​ക്കു നീ​ട്ടു​മ്പോ​ൾ അ​യാ​ളു​ടെ ക​ണ്ണു​ക​ളി​ൽ ഒ​രു ക​ള്ള​ച്ചി​രി​യു​ണ്ടാ​യിരു​ന്നു. ന​ഗ​ര​ത്തി​ലെ ഒ​രു പ്ര​ശ​സ്ത മി​ഠ​ായി ക​ട​ക്കാ​രു​ടെ പാ​ക്ക​റ്റ്. “കു​റ​ച്ചു ജി​ലേ​ബിയു​ണ്ട്. നി​ങ്ങ​ടെ സ്റ്റാ​ഫ്‌​റൂ​മി​ൽ വി​ത​ര​ണം ചെ​യ്തോ​ളൂ. ഏ​തു ന​ല്ലകാ​ര്യം തു​ട​ങ്ങുമ്പോ​ഴും അ​ൽപം മ​ധു​രം വേ​ണ​മെ​ന്ന​ല്ലേ പ​റ​യാ​റ്?’’

ഒ​രു മൂ​ളി​പ്പാ​ട്ടോ​ടെ തി​രി​ച്ച് സൈ​ക്കി​ൾ ച​വി​ട്ടു​മ്പോ​ൾ തി​വാ​രി ഓ​ർ​ത്തു, ശ​ര​ത് മാ​ഷ് ത​​ന്റെ പ്ര​തി​കാ​ര​ത്തി​​ന്റെ മ​ധു​രം ശ​രി​ക്കും നു​ണ​യു​ക​യാ​ണ്. അ​വി​ട​ത്തെ ടീ​ച്ച​ർ​മാ​ർ രു​ചി​ക്കു​ന്ന ഓ​രോ ജി​ലേ​ബി​യും സൗ​മി​നി ടീ​ച്ച​ർ​ക്കു​ള്ള കു​ത്താ​ണ്…

മൂ​ന്നാ​ല് ദി​വ​സ​മാ​യി​ട്ടും നീ​ലി​മ​യെ ഫോ​ണി​ൽ കി​ട്ടാ​റി​ല്ലാ​യി​രു​ന്നു. ഫേ​സ്ബുക്കി​ലോ വാ​ട്‍സ്ആ​പ്പി​ലോ ആ​ളി​ല്ല. എ​ന്ത​ുപ​റ്റി​യെ​ന്നു പാ​ർ​വ​തി അ​മ്പ​ര​ന്നി​രി​ക്കെ പെ​ട്ടെ​ന്നൊ​രു വി​ളിവ​ന്നു.

‘‘വൈ​കി​ട്ട് കാ​ണ​ണം.’’

‘‘എ​വി​ടെ?’’

‘‘ആ​ൽ​ത്ത​റ​യി​ൽ ത​ന്നെ.’’

അ​വ​ളു​ടെ പ​തി​വു ആ​സ്‌​ഥാ​ന​മാ​യ ആ​ൽ​ത്ത​റ. മു​മ്പ് കു​റെ പ​യ്യ​ന്മാ​രു​ടെ വൈ​കി​ട്ട​ത്തെ താ​വ​ള​മാ​യി​രു​ന്നെ​ങ്കി​ലും അ​വ​ൾ അ​ത് കൈ​യ​ട​ക്കി​യ​പ്പോ​ൾ അ​വ​ർ പ​തി​യെ പി​ന്മാ​റി.

അ​ങ്ങ​നെ അ​ടു​ത്തദി​വ​സം വൈ​കി​ട്ട് പ​തി​വുപോ​ലെ നീ​ലി​മ ആ ​ആ​ൽത്ത​റ​യി​ൽ ച​മ്രം പ​ടി​ഞ്ഞി​രി​ക്കു​ന്ന​താ​യി കാ​ണ​പ്പെ​ട്ടു.

ഇ​ത്ര ദി​വ​സം എ​വി​ടെ​യാ​യി​രു​ന്നെ​ന്ന് പാ​ർ​വ​തി ചോ​ദി​ച്ചി​ല്ല. നീ​ലി​മ​യൊ​ട്ടു പ​റ​ഞ്ഞ​തു​മി​ല്ല. ഒ​ന്നും സം​ഭ​വി​ക്കാ​ത്തമ​ട്ടി​ൽ പ​തി​വ് വ​ളി​പ്പു​ക​ളു​മാ​യി അ​തേ പൊ​ള്ള​ച്ചി​രി. ഇ​ട​ക്ക് മൂ​ളു​ന്ന പ​ഞ്ചാ​ബി നാ​ട​ൻ​പാ​ട്ടി​​ന്റെ ഈ​ണം. ഒ​ടു​വി​ൽ അ​വ​ൾ നി​വ​ർ​ന്നി​രു​ന്ന് തു​ട​യി​ൽ താ​ളംപി​ടി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ പാ​ർ​വതി​യു​ടെ ക്ഷ​മ കെ​ട്ടു.

“ഇ​തു​വ​രെ എ​വി​ടെ​യാ​യി​രു​ന്നു നീ​യ്?” അ​വ​ൾ ചോ​ദി​ച്ചു.

“ഇ​വി​ടെ​ത്ത​ന്നെ. അ​ല്ലാ​തെ​വി​ടെ പോ​കാ​നാ?”

പെ​ട്ടെ​ന്ന് പാ​ർ​വതി​യു​ടെ മു​ഖം ചു​വ​ന്നു.

“ഈ ​ചു​റ്റി​ക്ക​ളി വേ​ണ്ടാ എ​ന്നോ​ട്. പ​റ, നീ ​എ​ന്താ ചെ​യ്ത​ത് അ​യാ​ളെ?”

“ആ​രെ?”

“പോ​ടീ, ആ ​ശ​ര​ത് മാ​ഷെ.”

“ഓ, ​അ​തോ? ഞാ​ൻ രം​ഗ​ത്ത് ത​ന്നെ​യി​ല്ലാ​യി​രു​ന്നു. ഇ​ത്ത​രം ചീ​ള് കേ​സൊ​ക്കെ കൈ​കാ​ര്യം ചെ​യ്യാ​ൻ ഞ​ങ്ങ​ളു​ടെ പി​ള്ളേ​ർ മ​തി.”

“കൈ​കാ​ര്യം ചെ​യ്യാ​നെ​ന്നു പ​റ​ഞ്ഞാ​ൽ?” പാ​ർ​വതി വി​ടു​ന്നി​ല്ലെ​ന്ന് ക​ണ്ട​പ്പോ​ൾ നീ​ലി​മ​യു​ടെ മു​ഖ​ത്ത് ഗൗ​ര​വം പ​ട​ർ​ന്നു.

പ​തി​യെ അ​വ​ൾ എ​ല്ലാം വി​ശ​ദീ​ക​രി​ക്കാ​ൻ തു​ട​ങ്ങി.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ അ​വ​രു​ടെ സെ​റ്റി​ൽ ചി​ല പ​ഞ്ചാ​ബി ചെ​റു​പ്പക്കാ​രു​ണ്ട​ത്രെ. പ്ര​ത്യേ​കി​ച്ചും സ്ത്രീ​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും നേ​ർ​ക്കു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ. സു​ബേ​ദാ​ർ ഉ​ദ്ധം​സി​ങ്ങി​ൽനി​ന്ന് പി​ൻത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​ർ​ന്നുകി​ട്ടി​യ വി​ഭ​ജ​നകാ​ല​ത്തെ ചി​ല അ​ക്ര​മ​ങ്ങ​ളു​ടെ ക​ഥക​ൾ ഇ​പ്പോ​ഴും അ​വ​രു​ടെ ചോ​ര തി​ള​പ്പി​ക്കു​ന്നു. ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ, കൂ​ട്ട ബ​ലാ​ത്സം​ഗം അ​ങ്ങ​നെ പ​ല​തും…​ സ്വ​ന്തം പെ​ണ്ണി​​ന്റെ മാ​നം കാ​ക്കാ​നാ​യി ഏ​ത​റ്റം വ​രെ പോ​കാ​ൻ ത​യാ​റാ​യ പോ​രാ​ട്ട​വീ​ര്യ​മു​ള്ള പ​ല​രു​ടെ​യും ക​ഥ​ക​ളും അ​വ​രു​ടെ ഉ​ള്ളി​ലു​ണ്ട്.

എ​ന്താ​യാ​ലും, ന​ല്ലൊ​രു ജോ​ലിചെ​യ്യു​ന്ന സ്കൂ​ൾ മാ​ഷാ​യ​തുകൊ​ണ്ട് താ​ൻത​ന്നെ ഇ​ട​പെ​ട്ട് കാ​ര്യ​ങ്ങ​ൾ വെ​ട​ക്കാ​ക്ക​രു​തെ​ന്ന് നീ​ലി​മ​ക്കും തോ​ന്നി​യി​രു​ന്നു. ത​​ന്റെ മു​ൻ​ കോ​പ​ത്തെ​പ്പ​റ്റി ഏ​റ്റ​വും ബോ​ധ്യ​മു​ള്ള​ത് അ​വ​ൾ​ക്കുത​ന്നെ. അ​തുകൊ​ണ്ട് കൈ​ക്രി​യ​ക​ളൊ​ന്നും വേ​ണ്ടാ, ന​ന്നാ​യൊ​ന്നു വി​ര​ട്ടിവി​ട്ടാ​ൽ മ​തി​യെ​ന്ന് പി​ള്ളേ​രോ​ട് പ്ര​ത്യേ​കം ച​ട്ടംകെ​ട്ടി​യി​രു​ന്നു. അ​യാ​ൾ എ​തി​ർ​ക്കാ​ൻ വ​ന്നാ​ൽ മാ​ത്രം ര​ണ്ടാ​മ​ത്തെ അ​ട​വ്. പക്ഷേ, അ​യാ​ൾ കാ​ഞ്ഞ പു​ള്ളി​യാ​യി​രു​ന്നു. പെ​ട്ടെ​ന്നൊ​ന്നും വ​ഴ​ങ്ങു​ന്ന മ​ട്ടായി​രു​ന്നി​ല്ല. ത​നി​ക്കും ചി​ല പി​ടി​പാ​ടു​ക​ളു​ണ്ടെ​ന്ന് കാ​ട്ടാ​ൻ പോ​ലീ​സി​ലു​ള്ള അ​ടു​ത്ത ബ​ന്ധു​വി​നെ​പ്പ​റ്റി പ​റ​യാ​ൻ തു​ട​ങ്ങി. അ​തോ​ടെ, അ​ടു​ത്ത അ​ട​വി​ലേ​ക്ക് നീ​ങ്ങാ​തെ വ​യ്യെ​ന്നാ​യി. കോ​ളേ​ജി​ൽ ചേ​രാ​ൻ പോ​കു​ന്ന സ്വ​ന്തം മ​ക​ളെ മ​റ​ന്നുപോ​യോ എ​ന്ന ഒ​രൊ​റ്റ ചോ​ദ്യം മ​തി​യാ​യി​രു​ന്നു അ​യാ​ളു​ടെ പ​ത്തി താ​ഴാ​ൻ. ഈ ​ഒ​രു​മ്പെ​ട്ട പി​ള്ളേ​ർ എ​ന്തും ചെ​യ്യാ​ൻ മ​ടി​യി​ല്ലാ​ത്ത​വ​രാ​ണെ​ന്ന് അ​യാ​ൾ​ക്ക് തോ​ന്നി​യി​രി​ക്കാം. ഇ​ത്ര​യേ ഉ​ള്ളൂ ഇ​വ​രു​ടെ​യൊ​ക്കെ ധൈ​ര്യം.

പ​തി​വ് ചി​രി​യോ​ടെ അ​വ​ൾ നി​റു​ത്തു​മ്പോ​ൾ പാ​ർ​വ​തി​ക്ക് ചി​രി​ക്കാ​നാ​യി​ല്ല. അ​വ​ൾ​ക്ക് ഇ​തൊ​ക്കെ ഒ​രു നി​സ്സാ​ര കാ​ര്യ​മാ​ണെ​ങ്കി​ലും ഒ​ടു​വി​ൽ കാ​ര്യ​ങ്ങ​ൾ എ​ങ്ങ​നെ തി​രി​യു​മോ എ​ന്ന കാ​ര്യ​ത്തി​ലാ​യി അ​വ​ളു​ടെ സം​ശ​യം.

എ​ന്താ​യാ​ലും, മാ​ഷെ കാ​ണാ​താ​യ​തി​നുശേ​ഷം വ​ലി​യ ആ​ലോ​ച​ന​യി​ലാ​യി സൗ​മി​നി. തീ​ർ​ച്ച​യാ​യും ഇ​തി​നു പു​റ​കി​ൽ പാ​ർ​വ​തി കാ​ണാ​തി​രി​ക്കി​ല്ലെ​ന്ന് ഉ​റപ്പാ​ണ്. ത​നി​ച്ചു ധൈ​ര്യ​മി​ല്ലാ​ത്ത​തുകൊ​ണ്ട് ആ ​നീ​ലി​മ​യും കൂ​ടെ കാ​ണാ​തി​രി​ക്കി​ല്ല.

ഒ​ന്നും വി​ട്ടുപ​റ​യു​ന്നി​ല്ല മ​ക​ൾ. ആ ​വി​ഷ​യം കൊ​ണ്ടുവ​രു​മ്പോ​ഴൊ​ക്കെ സ​മ​ർ​ഥ​മാ​യി ഒ​ഴി​ഞ്ഞുമാ​റു​ന്നു.

പാ​ർ​വ​തി​യാ​ക​ട്ടെ അ​മ്മ​യു​ടെ മ​ന​സ്സി​​ന്റെ വ​ഴി​വി​ട്ട സ​ഞ്ചാ​ര​ങ്ങ​ളെ​പ്പ​റ്റി വേ​വലാ​തി​പ്പെ​ടു​ക​യാ​ണ്. എ​ന്തും എ​ളു​പ്പ​ത്തി​ൽ വി​ള​യു​ന്ന വ​ള​ക്കൂ​റു​ള്ള മ​ണ്ണാ​ണ് അ​വർ​ക്ക്. സ്വ​പ്ന​വും മൂ​ട​ൽ​മ​ഞ്ഞും കൂ​ടി​ക്കു​ഴ​യു​ന്നു പ​ല​പ്പോ​ഴും. ഏ​താ​ണ് ഉ​ണ്മ? ഏ​താ​ണ് പൊ​യ്‌ എ​ന്ന് ഉ​റ​പ്പി​ക്കാ​നാ​വാ​തെ അ​വ​ർത​ന്നെ പ​ല​തും പ​റ​യു​ന്നു. കു​റ​ച്ചുക​ഴി​ഞ്ഞു അ​തൊ​ക്കെ സ്വ​യം വെ​ട്ടി​ത്തി​രു​ത്തു​ന്നു.

അ​ങ്ങ​നെ ചി​ല​പ്പോ​ൾ ശ​ര​ത് മാ​ഷ് എ​ത്ര​യോ ന​ല്ല​വ​നെ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്നു. ബീ​ഹാ​റി​ലെ മു​സ​ഫ​ർ​പു​രി​ൽ പി​റ​ന്ന അ​യാ​ൾ ചി​ല​പ്പോ​ൾ ഡി​ണ്ടി​ഗ​ലു​കാ​ര​ൻ. ക​ട്ട ത​മി​ഴ​ൻ.

സ​ത്യ​ത്തി​ൽ അ​വ​ർ​ക്ക് അ​യാ​ളെ ഇ​ഷ്ട​മാ​യി​രു​ന്നോ? ഇ​ത്തി​രി ഇ​ട​മെ​ങ്കി​ലും കൊ​ടു​ക്കാ​തെ അ​യാ​ള​ങ്ങ​നെ കേ​റി​ക്ക​ളി​ക്കു​മോ? സം​ശ​യ​ങ്ങ​ൾ കു​മി​ഞ്ഞു കൂ​ടുമ്പോ​ൾ വ​ഴിമു​ട്ടി പാ​ർ​വ​തി പി​ട​യു​ന്നു. നീ​ലി​മ​യോ​ട് എ​ന്തെ​ങ്കി​ലും പ​റ​യു​ന്ന​തി​നുമു​മ്പ് ത​​ന്റെ കാ​ൽ​ച്ചു​വ​ട്ടി​ലെ മ​ണ്ണി​നെ​ങ്കി​ലും ഉ​റ​പ്പുവേ​ണ്ടേ?

കു​റെ​യൊ​ക്കെ അ​മ്മ​യു​ടെ കാ​ട്ടി​ക്കൂ​ട്ട​ലാ​യി​രു​ന്നി​ല്ലേ?

വി​രു​ത​നാ​യ അ​യാ​ൾ​ക്ക് അ​വ​രു​ടെ മ​ന​സ്സി​​ന്റെ നേ​ർ​ത്ത ത​ന്തി​ക​ളി​ൽ ചെ​റു​തായെ​ങ്കി​ലും വി​ര​ലോ​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​രി​ക്കു​മോ? ഏ​റെ​ക്കാ​ല​മാ​യി ത​നി​ച്ചുക​ഴി​യു​ന്ന ഒ​രു സ്ത്രീ​യു​ടെ അ​ടി​മ​ന​സ്സി​ലേ​ക്കാ​ണ് അ​യാ​ൾ ചൂ​ണ്ട​ക്കൊ​ളു​ത്ത് എ​റി​ഞ്ഞ​ത്. പ​ക​ലി​​ന്റെ ന​ല്ലഭാ​ഗം അ​ടു​ത്തി​രി​ക്കു​മ്പോ​ൾ തോ​ന്നി​യേ​ക്കാ​വു​ന്ന അ​ടു​പ്പം ചെ​റു​താ​വി​ല്ല. ആ ​മ​ന​സ്സി​ലെ ചെ​റു​തി​ര​ക​ളെ​യെ​ങ്കി​ലും കാ​ണാ​തെ ഏ​തു പെ​ണ്ണി​നെ​യും ഉ​ണ​ർ​ത്തി​യേ​ക്കാ​വു​ന്ന വീ​ഡി​യോ​ക​ൾ അ​യ​ക്കാ​നാ​വു​മോ? പ​ലത​രം ലൈം​ഗി​ക വേ​ഴ്ച​ക​ൾ കാ​ട്ടു​ന്ന വീ​ഡി​യോ​ക​ൾ. സ​മ​ർ​ഥ​മാ​യൊ​രു നീ​ക്ക​മാ​യി​രു​ന്നു അ​ത്. നീ​ണ്ടകാ​ലം ആ​ൺ​തു​ണ​യി​ല്ലാ​തെ ക​ഴി​യു​ന്ന ഒ​രു സ്ത്രീ​യെ ചെ​റു​താ​യെങ്കി​ലും ഇ​ള​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കു​മെ​ന്ന ധൈ​ര്യം. ഒ​ളി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​ൽ ചി​ല വീ​ഡി​യോ​ക​ൾ അ​വ​ർ ക​ണ്ടി​രി​ക്കു​മെ​ന്ന വി​ശ്വാ​സം.

അ​യാ​ളു​ടെ വാ​ട്‍സ്ആ​പ്പു​ക​ൾ തു​റ​ക്കാ​റി​ല്ലെ​ന്ന അ​മ്മ​യു​ടെ തു​റ​ന്നുപ​റ​ച്ചി​ൽ മു​ഴു​വ​നാ​യും വി​ശ്വ​സി​ക്കാ​ൻ അ​വ​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. നീ​ലി​മ​യോ​ടൊ​ത്ത് അ​ത്ത​രം ചി​ല വീ​ഡി​യോ​ക​ൾ അ​വ​ളും ക​ണ്ടി​ട്ടു​ണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് മാ​ത്ര​മെ​ന്ന മു​ന്ന​റി​യി​പ്പോ​ടെ വ​രു​ന്ന വീ​ഡി​യോ​ക​ൾ.

ഒ​രു കാ​ല​ഘ​ട്ടം മു​ഴു​വ​ൻ ച​ങ്ങ​മ്പു​ഴ​യു​ടെ ര​മ​ണ​നാ​യി​രു​ന്ന​ത്രെ ഒ​രു നാ​ടി​​ന്റെ കാ​മു​ക​ൻ. കാ​ശി​ല്ലാ​ത്ത സ്കൂ​ൾ​കു​ട്ടി​ക​ൾ പ​ക​ർ​ത്തിവെ​ച്ച നാ​ൽപത് പേ​ജി​​ന്റെ നോ​ട്ടുപു​സ്ത​ക​ങ്ങ​ളി​ലി​രു​ന്ന് ര​മ​ണ​ൻ ക​ര​ഞ്ഞു. പി​ന്നീ​ട് ഓ​ല​ക്കെ​ട്ടി​ട​ത്തി​​ന്റെ മ​ണ​ൽ വി​രി​ച്ച ത​റ​യി​ൽനി​ന്ന് തി​ക്കു​റി​ശ്ശി​യു​ടെ സോ​മ​ൻ നീ​ട്ടിവി​ളി​ച്ചു, ‘‘വ​ന​ഗാ​യി​കേ വാ​നി​ൽ, വ​രൂ നാ​യി​കേ...’’ ത​ക​ഴി​യു​ടെ പ​രീ​ക്കു​ട്ടി​യു​ടെ കാ​ല​മാ​യ​പ്പോ​ഴേ​ക്കും സി​മ​ന്റ്‌ ത​റ​യാ​യി. പി​ന്നീ​ടു​ള്ള കാ​മു​ക​ന്മാ​ർ​ക്ക് സു​ഖ​മാ​യി​രു​ന്നു വേ​ദ​നി​ക്കാ​ൻ ത​ണു​പ്പി​ച്ച മ​ൾ​ട്ടി​പ്ലക്സുക​ൾ വ​ന്നു…

അ​തൊ​ക്കെ അ​മ്മ പ​റ​യു​ന്ന​ത് പ​രി​ഹാ​സ സ്വ​ര​ത്തി​ലാ​ണ്. ചി​ല​പ്പോ​ൾ വേ​റൊ​രു വി​ധ​ത്തി​ൽ...

“റോ​മി​യോ ജൂ​ലി​യ​റ്റി​നെ​ക്കാ​ൾ എ​നി​ക്കി​ഷ്ടം ഒ​ഥല്ലോ​വും മാ​ക്ബ​ത്തു​മാ​ണ്.”

“ആ ​മാ​ഷ്ടെ സ​ങ്ക​ടം കാ​ണു​മ്പൊ ചെ​ല​പ്പൊ എ​നി​ക്കും വി​ഷ​മം തോ​ന്നും. പാ​വം. അ​യാ​ളെ ക​യ​റി അ​ങ്ങ് പ്രേ​മി​ച്ചാ​ലോ എ​ന്നുകൂ​ടി ആ​ലോ​ചി​ച്ചുപോ​വാ​റു​ണ്ട്.”

“അ​ത്ര​ക്ക് വെ​ഷ​മം തോ​ന്നേ​ണ്ട കാ​ര്യോ​ന്നൂ​ല്യ.”

“ഞാ​ന​ല്ലേ അ​യാ​ളോ​ട് മോ​ശാ​യി പെ​രു​മാ​റി​യ​ത്? ഒ​രാ​ൾ​ടെ വി​ളി ക​ട്ട് ചെ​യ്യു​ക, ന​മ്പ​ർ ബ്ലോ​ക്ക്‌ ചെ​യ്യു​ക, അ​തൊ​ക്കെ മോ​ശ​ല്ലേ മോ​ളേ?”

“ഒ​രു മോ​ശൊ​ല്ല്യ. തോ​ന്ന്യാ​സം കാ​ട്ടീ​ത് അ​യാ​ളാ.”

“എ​ന്നാ​ലും ചെ​ല​പ്പൊ അ​യാ​ളെ ഒ​ന്നു വി​ളി​ച്ചു സോ​റി പ​റ​യാ​ൻ തോ​ന്നും.”

“ഹേ​യ് അ​തൊ​ന്നും വേ​ണ്ടാ. അ​തി​നി അ​യാ​ൾ​ക്ക് എ​ളു​ത​ര​മാ​വും. മ​റ​ന്നു കെ​ട​ന്ന​തൊ​ക്കെ വീ​ണ്ടും പൊ​ങ്ങിവ​രും.” പേ​ടി​യാ​യി പാ​ർ​വതി​ക്ക്.

“ഇ​ല്ലി​ല്ല അ​മ്മ വി​ളി​ക്കാ​ൻ പോ​ണി​ല്ല.”

ഇ​ങ്ങ​നെ പോ​കു​ന്നു അ​വ​രു​ടെ ചി​ല സ​മ​യ​ത്തെ പ​റ​ച്ചി​ലു​ക​ൾ. അ​മ്മ​യു​ടെ പ​ത​റു​ന്ന മ​ന​സ്സി​​ന്റെ പി​ടിവി​ട്ട സ​ഞ്ചാ​ര​ങ്ങ​ൾ അ​വ​ളെ പേ​ടി​പ്പി​ക്കാ​റു​ണ്ട്.

പാ​ർ​വ​തി പേ​ടി​ച്ചപോ​ലെ ഒ​രുദി​വ​സം സൗ​മി​നി അ​യാ​ളെ വി​ളി​ച്ചു. ഉ​ട​നെത​ന്നെ അ​യാ​ൾ ഫോ​ൺ ക​ട്ട് ചെ​യ്യു​ക​യും ചെ​യ്തു. ഇ​നി എ​ന്തു​ണ്ടെ​ങ്കി​ലും പ​റ​യാ​മെ​ന്നു വാ​ക്ക് കൊ​ടു​ത്തി​രു​ന്ന​തുകൊ​ണ്ട് ചെ​റി​യൊ​രു പ​രു​ങ്ങ​ലോ​ടെ സൗ​മി​നി പ​റ​ഞ്ഞു.

“ഞാ​ൻ അ​യാ​ളെ വി​ളി​ച്ചൂ​ട്ടോ.”

“അ​യാ​ള് ക​ട്ട് ചെ​യ്തു കാ​ണും.”

“ആ…”

“​ഇ​നി വി​ളി​ക്ക്യോ?”

“ഹേ​യ് ഇ​ല്ല.’’

“വി​ളി​ക്കും​ന്ന് അ​യാ​ൾ​ക്ക​റി​യാം. പെ​ണ്ണു​ങ്ങ​ടെ മ​ന​സ്സ് കൃ​ത്യ​മാ​യറി​യ​ണ​വരാ​ണ് കാ​സ​നോ​വ​ക​ൾ.”

“അ​യാ​ൾ കാ​സ​നോ​വ​യൊ​ന്നു​വ​ല്ല. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ സ്കൂ​ളി​ൽ എ​ന്നെക്കാ​ൾ ഭം​ഗീ​ള്ള വേ​റേം ടീ​ച്ച​ർ​മാ​രു​ണ്ട​ല്ലോ.”

“അ​താ​ണ് സ​യ​ൻ​സും ക​ണ​ക്കും ത​മ്മി​ലു​ള്ള പൊ​രു​ത്തം...” ചി​രി അ​ട​ക്കാ​നാവു​ന്നി​ല്ല പാ​ർ​വ​തി​ക്ക്. ‘‘ഭം​ഗി മാ​ത്ര​ല്ല​ല്ലോ ഒ​രു ആ​ണി​നെ ആ​ക​ർ​ഷി​ക്ക​ണ​ത്? വേ​റെ എ​ത്ര​യോ എ​ത്ര​യോ കാ​ര്യ​ങ്ങ​ൾ.’’

‘‘ആ​വോ, ആ​ർ​ക്ക​റി​യാം? എ​നി​ക്കീ ആ​ണു​ങ്ങ​ടെ മ​നഃ​ശാ​സ്ത്രൊ​ന്നും അ​റി​യി​ല്ല.’’

‘‘ഇ​ത്രേം ക​വി​ത​ക​ളൊ​ക്കെ വാ​യി​ച്ചി​ട്ടോ?’’

“യാ​തൊ​രു ദു​ശ്ശീ​ലോ​ല്ല്യാ, സി​ഗ​റ​റ്റു വ​ലി​യി​ല്ല. സാ​ധാ​ര​ണ ബീ​ഹാ​റി​ക​ളെപ്പോ​ലെ പാ​ൻ ച​വ​ക്ക​ണ ശീ​ലോ​ല്ല്യാ.” അ​ത് കേ​ൾ​ക്കാ​ത്ത​തുപോ​ലെ എ​ന്തൊ​ക്കെ​യോ ഓ​ർ​ത്തുപ​റ​യു​കയാ​യി​രു​ന്നു സൗ​മി​നി.

“അ​സ്സ​ലാ​യി. ഇ​നി ഒ​രു മു​ണ്ടുകൂ​ടി ഉ​ടു​പ്പി​ച്ചാ​ൽ ത​നി മ​ല​യാ​ളി​യാ​ക്കി തൃ​ശൂ​ർപൂ​ര​ത്തി​ന് കൊ​ണ്ടോ​വാം.” പാ​ർ​വതി ക​ളി​യാ​ക്കി.

അ​തും കേ​ട്ട മ​ട്ടി​ല്ല. അ​വ​ർ ഏ​തോ സ്വ​പ്ന​ലോ​ക​ത്തുകൂ​ടെ സ​ഞ്ച​രി​ക്കു​ക​യായി​രു​ന്നു. ഇ​ത്തി​രി ക​ഴി​ഞ്ഞു പാ​ർ​വതി തു​ട​ർ​ന്നു.

“അ​യാ​ൾ​ക്ക് വേ​ണ്ട​ത് നീ​ലി​മ പ​റ​യ​ണപോ​ലെ ച​ന്തീ​ല് ന​ല്ല ചു​ട്ട പെ​ട​യാ​ണ്. മു​മ്പൊ​രി​ക്ക​ൽ പാ​ർ​വ​തി പ​റ​ഞ്ഞി​രു​ന്നു...’’

“ആ ​മു​ഷ്‌​ക​ത്തി പ​റ​യ​ണ​ത് കേ​ൾ​ക്ക​ണ്ടെ​നി​ക്ക്.”

“ഈ ​കെ​ട്ട കാ​ല​ത്ത് ജീ​വി​ച്ചുപോ​കാ​ൻ ഇ​ത്തി​രി മു​ഷ്‌​ക്കൊ​ക്കെ വേ​ണം അ​മ്മേ. ഓ​രോ കാ​ല​ത്തി​നും ചേ​രു​ന്ന പ​ലത​രം മു​ഷ്‌​കു​ക​ൾ.”

മൂ​ന്നു ത​ല​മു​റ. മൂ​ന്ന് സ്ത്രീ​ക​ൾ. ഒ​രു വീടാ​കെ അ​ട​ക്കിഭ​രി​ക്കാ​ൻ കെ​ൽ​പ്പു​ള്ള ച​ങ്കു​റ​പ്പു​ള്ള അ​മ്മാ​മ്മ. ഉ​ള്ളി​ൽ നി​ഴ​ലും വെ​ളി​ച്ച​വും കൂ​ടി​ക്കു​ഴ​യു​ന്ന അ​മ്മ. ഇ​ട​യി​ൽ വ​ഴി​യ​റി​യാ​തെ കു​ഴ​ങ്ങു​ന്ന ഞാ​ൻ. അ​മ്മാ​മ്മ​ക്ക് ത​ങ്ങ​ളെ​ക്കാ​ൾ ആ​രോ​ഗ്യ​മു​ണ്ടെ​ന്ന് അ​മ്മത​ന്നെ സ​മ്മ​തി​ക്കാ​റു​ണ്ട്. വെ​ളു​പ്പി​ന് നാ​ല​രമ​ണി​ക്ക് ഉ​ണ​രു​ന്നു. അ​ന്യ​രു​ടെ സ​ഹാ​യ​മി​ല്ലാ​തെ വീ​ട്ടു​പ​ണി​ക​ളെ​ല്ലാം ചെ​യ്യു​ന്നു. പു​റം​പ​ണി​ക​ളു​ടെ സ​ഹാ​യ​ത്തി​നു ഒ​രു സ്ത്രീ​യു​ണ്ടെ​ങ്കി​ലും അ​ക​ത്തും ഒ​രാ​ളെ നി​റു​ത്തി​ക്കൂ​ടെ​യെ​ന്ന് ഇ​ട​ക്കൊ​ക്കെ അ​ച്ചു​വേ​ട്ട​ൻ ചോ​ദി​ക്കു​മ്പോ​ഴൊ​ക്കെ ഒ​രു സ്ഥി​രം മ​റു​പ​ടി​യു​ണ്ട​ത്രെ. അ​ത്ര​ക്കാ​യിട്ടി​ല്ല അ​ച്ചൂ, ആ​വു​മ്പൊ പ​റ​യ​ണു​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്തുകൂ​ടി ഒ​രു നീ​രി​ള​ക്കംത​ന്നെ അ​പൂ​ർ​വ​മാ​ണ്. അ​തി​നു​ള്ള കാ​ര​ണം സൗ​മി​നി​ക്ക​റി​യാം. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ ​ക​ണി​ശ​മാ​യ ദി​ന​ച​ര്യത​ന്നെ. പി​ന്നെ ത​​ന്റെ സാ​മ്രാ​ജ്യ​ത്തി​ൽ വേ​റെ​യാ​രും ഇ​ടപെ​ടു​ന്ന​ത് അ​വ​ർ​ക്ക് ഇ​ഷ്ട​മ​ല്ലതാ​നും.

‘‘പ​ഴ​യ മ​ണ്ണാ​ണ്. ഇ​ന്ന​ത്തെ ത​ല​മു​റ​യു​ടെ ശ​രീ​രം പ​ലത​രം മ​രു​ന്നു​ക​ൾ നി​റ​ച്ച ഒ​രു കു​പ്പി ഭ​ര​ണി​യ​ല്ലേ. പ​ലനി​റ​ത്തി​ലും വ​ലിപ്പ​ത്തി​ലു​മു​ള്ള ഗു​ളി​ക​ക​ൾ. ആ​ന്റി ബ​യോ​ട്ടി​ക്‌​സ് തൊ​ട്ട് പാ​ര​സെ​റ്റ​മോ​ൾ വ​രെ… ഞ​ര​മ്പു​ക​ളി​ലാ​ണെ​ങ്കി​ൽ പ​ലകാ​ലത്താ​യി കു​ത്തി​ക്ക​യ​റ്റി​യ പ​ലത​രം മ​രു​ന്നു​ക​ൾ. പ്ര​തി​രോ​ധാ​ത്രേ. പ​ഴ​യ മ​ണ്ണി​ൽ രോ​ഗങ്ങ​ളു​ടെ വി​ത്തു​ക​ൾ മു​ള​ക്കി​ല്ലാ​യി​രി​ക്കും.’’

ഒ​ന്നും പ​റ​യ​ണ​മെ​ന്ന് തോ​ന്നി​യി​ല്ല പാ​ർ​വ​തി​ക്ക്. അ​ലോ​പ്പ​തി​യെ ആ​ശ്ര​യി​ക്കാ​തെ ക​ഴി​യു​ന്ന​ത്ര ഹോ​മി​യോ മ​രു​ന്നു​ക​ളാ​ണ് അ​മ്മ ക​ഴി​ക്കാ​റ്. പക്ഷേ, ചെ​റി​യ ജ​ല​ദോ​ഷ​വും പ​നി​യും പോ​ലും സ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​ൾ​ക്ക് ഉ​ട​നെ രോ​ഗം മാ​റ്റു​ന്ന അ​ലോ​പ്പ​തിത​ന്നെ വേ​ണം.

ചിത്രീകരണം: സതീഷ്​ ചളിപ്പാടം

(തുടരും)

Tags:    
News Summary - weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 06:00 GMT
access_time 2024-11-25 05:45 GMT
access_time 2024-11-18 04:15 GMT