ഗോപാല്‍ ബറുവയെ പട്ടാളത്തിലെ ഇന്റലിജന്‍സ് വിഭാഗത്തിലേക്കാണ് സന്താനം കൂട്ടിക്കൊണ്ടുപോയത്. ഏഴുവര്‍ഷക്കാലം അവിടെ ‘അറിയപ്പെടാതെ, കാണപ്പെടാതെ’ ജോലി ചെയ്തു എന്നല്ലേ അദ്ദേഹം പറഞ്ഞത്? അങ്ങനെയുള്ള വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ച് തീര്‍ത്തും സ്വാഭാവികമായിരുന്നു അത്തരമൊരു മറയ്ക്കകത്തുള്ള ജീവിതം. എന്നാല്‍, എന്റെ സംശയം മറ്റൊന്നായിരുന്നു: സൈന്യത്തില്‍ ഉന്നതപദവിയിലായിരുന്ന ഷണ്മുഖം സന്താനം പിന്നീട് എങ്ങനെ പുരാതന നാഗരികതയുടെ ലിപികള്‍ വായിക്കാന്‍ പരിശ്രമിക്കുന്ന, അതിനെക്കുറിച്ച് ആധികാരികമായ ഗ്രന്ഥം രചിക്കുന്ന ഒരു പണ്ഡിതനായി രൂപപ്പെട്ടു?
രണ്ടു മേഖലകളിലും നിഗൂഢമായ ഭാഷയുടെ സാന്നിധ്യമുണ്ടെങ്കിലും അവ വ്യത്യസ്തതലങ്ങളിലാണ് നിലകൊള്ളുന്നത്. സൈന്യത്തില്‍ ചില കോഡുകള്‍ സൃഷ്ടിക്കുകയും പുറത്തുനിന്നും വരുന്ന മറ്റു ചിലവ വായിക്കുകയും ചെയ്യുന്നു. ആദിമഭാഷകളുടെ കാര്യത്തില്‍ കോഡുകള്‍ ആരും സൃഷ്ടിക്കുന്നില്ല. അല്ലെങ്കില്‍ അവയെല്ലാം പണ്ടേ ഉള്ളവയാണ്. കാലപ്രവാഹത്തില്‍ വായിക്കപ്പെടാന്‍ കഴിയാതെയാവുന്നു എന്നുമാത്രം. ഇപ്പോഴത്തെ ആളുകള്‍ അവയെ മനസ്സിലാക്കാന്‍ പരിശ്രമിക്കുന്നു. പലപ്പോഴും പരാജയപ്പെടുകയോ വഴിതെറ്റുകയോ ചെയ്യുന്നു.
മറ്റൊന്ന് യുദ്ധത്തിലെ നിഗൂഢഭാഷ, അന്യന്റെ നാശം കാംക്ഷിച്ച് തയാറാക്കപ്പെടുന്ന ഒന്നാണ് എന്നുള്ളതാണ്. ഹിംസ, വിഷം പുരട്ടി എയ്യുന്ന അമ്പുപോലെ അതിലൂടെ വിനിമയംചെയ്യപ്പെടുന്നു. അതല്ല, ആദിമഭാഷകളുടെ സ്ഥിതി. രാജശാസനങ്ങളായി, കൽപനകളും നിയമങ്ങളുമായി, കരാറുകളായി, കണക്കുകളായി അവ ശിലകളിലും പാത്രങ്ങളിലും ഫലകങ്ങളിലും മുദ്രകളിലുമൊക്കെ മായാതെ നിലകൊള്ളുന്നു. പലപ്പോഴും ഭരണവും നിയമപാലനവും വ്യാപാരവും അതിനോടു ബന്ധപ്പെട്ട സൗഹൃദങ്ങളുമൊക്കെയായിരുന്നിരിക്കണം പഴയകാല ലിപികളുടെ ഉന്നം. ആ കൽപനകളുടെ വായ്ത്തലകള്‍ക്ക് ഇപ്പോള്‍ മൂര്‍ച്ചയില്ല. കരാറുകളെ കാലം റദ്ദുചെയ്തിരിക്കുന്നു.
‘‘സന്താനം സാറിന്റെ കഥയിലേക്കാണ് ഞാന്‍ വരുന്നത്.’’ താന്‍ സ്വന്തം കഥ കൂടുതല്‍ പറഞ്ഞുവോ എന്ന ഖേദഭാവത്തില് ഗോപാല്‍ ബറുവ തുടര്‍ന്നു. ‘‘യുദ്ധരംഗത്തെ കോഡുഭാഷകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ പലപ്പോഴും പ്രാചീന നാഗരികതകളിലേക്കു ശ്രദ്ധതിരിക്കുന്നതിന് ചില ഉദാഹരണങ്ങളുണ്ട്. പുരാതന ഈജിപ്തിലെ ലിപിസഞ്ചയമായിരുന്ന ഹൈറോഗ്ലിഫിക്സ് വായിക്കാന്‍ തുടക്കമിട്ടത് നെപ്പോളിയന്റെ യുദ്ധമുന്നണിയില്നിന്നായിരുന്നു എന്നറിയാമോ?’’
നെപ്പോളിയന് ഈജിപ്തിനെ ആക്രമിച്ചകാലത്ത് നൈല്‍നദീതീരത്തുള്ള ജൂലിയന്‍ കോട്ടയില്‍നിന്നും ഫ്രഞ്ചു സൈന്യം കണ്ടെത്തിയ ‘റോസെറ്റാ സ്റ്റോണ്‍’ എന്ന വലിയ ഫലകത്തിന്റെ കഥയാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ടോളമി എന്ന ഫറവോയുടെ കാലത്തെ രേഖയാണത്. അക്കാലത്തെ പുരോഹിതന്മാര്ക്കായി ഫറവോ ചെയ്ത ഉപകാരങ്ങളും തിരിച്ച് പുരോഹിതര്‍ അദ്ദേഹത്തിനു നൽകിയ അനുഗ്രഹങ്ങളും സൂചിപ്പിക്കുന്ന രേഖ. അതില്‍ മൂന്നു ലിപികളുണ്ടായിരുന്നു. ഏറ്റവും മുകളില്‍ ഹൈറോഗ്ലിഫിക്സ്, തൊട്ടുതാഴെ അധികവും ഗ്രീക്ക് ലിപികളുള്ള പുരാതനഭാഷയായിരുന്ന ഡിമോട്ടിക്, ഏറ്റവും അടിയില്‍ പ്രാചീന ഗ്രീക്ക്.
പാതിയോളമെങ്കിലും പൊട്ടിപ്പോയ നിലയിലായിരുന്നു ഫലകം. വരികളില്‍ ഭൂരിഭാഗവും, ലിഖിതങ്ങളില്‍ പലതും നഷ്ടമായിരുന്നു. എന്നിട്ടും അതു നിർധാരണം ചെയ്യപ്പെട്ടു. പുരാതന ഗ്രീക്ക്, പ്രാചീന ഈജിപ്ഷ്യന്‍ ഭാഷയായിരുന്ന കോപ്റ്റിക് എന്നിവ അറിയാവുന്നവര്‍ ഹൈറോഗ്ലിഫിക്സ് ലിഖിതങ്ങള്‍ വിവര്‍ത്തനം ചെയ്യുകയായിരുന്നു. അത്ഭുതകരമാണ് ആ കഥകളെല്ലാം. പുരാലിഖിതങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നവരെ നിത്യവും പ്രചോദിപ്പിക്കുന്ന ഉത്തേജന സാഹിത്യം.
ആ സമയത്ത് പുറത്തുനിന്നും ഒരു ശബ്ദം കേട്ടു. ഗോപാല്‍ ബറുവ കഥ പറയുന്നതു നിര്‍ത്തി. രാജു അകത്തേക്കു തലനീട്ടി ആംഗ്യം കാണിച്ചു. ഗോപാല്‍ ബറുവ പറഞ്ഞു: ‘‘ഡോക്ടര്‍ സര്‍ക്കാരല്ലേ, അയാളോട് വരാന്‍ പറയൂ. എന്തിനാണ് ഇത്ര ഔപചാരികത?’’ രാജു എന്തോ പറയാനൊരുമ്പെട്ടു. ഒരുപക്ഷേ, ഞാന്‍ അവിടെ ഇരിക്കുന്നത് ഉദ്ദേശിച്ചാവും എന്നു വിചാരിച്ച് ഞാന്‍ എഴുന്നേറ്റു. ‘‘അവിടെയിരിക്കൂ, അദ്ദേഹം പുതിയ ആളൊന്നുമല്ല.’’ ഗോപാല്‍ ബറുവ പറഞ്ഞു. എന്നിട്ട് ഒരു കസേരകൂടി കൊണ്ടുവരാന്‍ അദ്ദേഹം രാജുവിനോട് നിർദേശിച്ചു.
ഡോക്ടര്‍ തപസ്സ് സര്‍ക്കാറിനെ മുമ്പു കണ്ടിട്ടില്ലായിരുന്നുവെങ്കിലും തപോമയി പറഞ്ഞ് എനിക്കു പരിചിതനായിരുന്നു അദ്ദേഹം. ഗോപാല്‍ ബറുവയുടെ ഒരേയൊരു സുഹൃത്ത്. നല്ല വണ്ണമുള്ള ഒരാള്‍ മുറിയിലേക്കു കടന്നുവന്നു. സാമാന്യം പൊക്കമുണ്ടെങ്കിലും തടിച്ച പ്രകൃതമായതുകൊണ്ട് അങ്ങനെ തോന്നിക്കുകയില്ല. വളരെ സാവധാനമാണ് ചലനങ്ങള്‍. പൂര്‍ണമായും നരച്ച മുടി പിറകിലേക്കു ചീകിെവച്ചിരിക്കുന്നു.
ക്ലീന്‍ ഷേവ് ചെയ്ത മുഖം. മുകളില്‍ മാത്രം ഫ്രെയിമുള്ള അർധവൃത്താകൃതിയിലുള്ള കണ്ണട ആ വലിയ മുഖത്തിന് തീരെ പാകമാകുന്നില്ലെന്നു തോന്നിച്ചു. തടിച്ച ചുണ്ടുകളും കുറച്ച് തൂങ്ങിനിൽക്കുന്ന കവിളുകളുമാണ്. പതിഞ്ഞ മൂക്ക്. ഉള്ളതിനേക്കാള്‍ കൂടുതല്‍ തണുപ്പു മറയ്ക്കാനെന്നോണം കട്ടികൂടിയ ഒരു ജാക്കറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. അതിന്റെ ഉള്ളിലൂടെ രുദ്രാക്ഷത്തിന്റെ ഒരു ചുറ്റുമാല കാണാം. നെറ്റിയില്‍ ഒരു കുങ്കുമക്കുറി. മൊത്തത്തില്‍ ഒരു ആധ്യാത്മികപരിവേഷം ഉള്ളതുപോലെ തോന്നിക്കും. പക്ഷേ, അതിനുതക്ക ഗൗരവം കാണുന്നുമില്ല. ചുണ്ടുകളില്‍ പരിഹാസം ഒളിഞ്ഞിരിപ്പുള്ളതുപോലെ. കണ്ണുകള്‍ ഇടക്കിടെ തുറന്നടക്കുന്നു. ജപിക്കുന്നതുപോലെ എന്തോ ഉരുവിടുന്നു.
ഒരു നിര്‍ണായക ഘട്ടത്തില്‍വെച്ച് ഗോപാല്‍ ബറുവ തന്റെ ജീവിതകഥ പറയുന്നതു നിര്‍ത്തിയതില്‍ എനിക്കു പ്രയാസമുണ്ടായിരുന്നു. സന്താനത്തെക്കുറിച്ചു പറഞ്ഞു വരുന്നതേയുണ്ടായിരുന്നുള്ളൂ. ഇനി അത് ഡോക്ടറുടെ മുന്നിൽവെച്ച് പറയും എന്നു തോന്നുന്നില്ല. ഒരു ചിഹ്നവിദഗ്ധനെക്കുറിച്ചുള്ള കഥ കേള്‍ക്കാന്‍ ആര്‍ക്കാണ് താൽപര്യം! മാത്രവുമല്ല, പഴയ സ്നേഹിതനായതുകൊണ്ട് ഡോക്ടര്‍ പലപ്പോഴും ഇതു കേട്ടിട്ടുണ്ടാവാം.
‘‘ഇന്നു മഴ പെയ്യും.’’ ജനലിലൂടെ പുറത്തേക്കു നോക്കിക്കൊണ്ട് ഡോക്ടര്‍ സര്‍ക്കാര്‍ പറഞ്ഞു.
‘‘അങ്ങനെ പത്രത്തിലൊന്നും കണ്ടില്ലല്ലോ’’, ഗോപാല്‍ ബറുവ പറഞ്ഞു.
‘‘കാലാവസ്ഥക്കാരല്ലേ! അവര്‍ പറയേണ്ട. പക്ഷേ, മഴപെയ്യും.’’
‘‘എന്താണിത്ര ഉറപ്പ്?’’
‘‘അതുകൊള്ളാം. എത്രയോ കാലമായി അടുത്തറിയുന്ന എന്നെയാണോ അതോ കേട്ടുകേള്‍വി മാത്രമുള്ള കാലാവസ്ഥക്കാരെയാണോ നിങ്ങള്‍ വിശ്വസിക്കുന്നത്?’’
‘‘കാലാവസ്ഥക്കാരെ’’, ഗോപാല്‍ ബറുവ പറഞ്ഞു, ‘‘അവര്‍ക്ക് ശാസ്ത്രീയമായ ചില രീതികളില്ലേ?’’
‘‘ഉണ്ടാവും. പക്ഷേ, അതു തെറ്റുമായിരിക്കും. നിങ്ങള്‍ക്ക് അതെല്ലാം ശാസ്ത്രീയമായ തെറ്റ് എന്നു കരുതി സമാധാനിക്കാം’’, അദ്ദേഹം പറഞ്ഞു. ‘‘ശാസ്ത്രീയ ചികിത്സ എന്നു പറയുന്നതുപോലെയാണ് സംഗതി.’’
അങ്ങനെ പറഞ്ഞുകൊണ്ടുതന്നെ ഡോക്ടര്‍ ഗോപാല്‍ ബറുവയുടെ ഇടതുകൈ പിടിച്ചു കുറച്ചുനേരം നാഡി നോക്കി. ഒന്നും പറയാതെ ഒരു കസേരയിലിരുന്നു. അപ്പോള്‍ മാത്രമേ അദ്ദേഹം എനിക്കു മുഖം തന്നുള്ളൂ. അതും ഒരു നിമിഷം മാത്രം. പിന്നെ, കണ്ണടയെടുത്ത് കഴുത്തിലൂടെ കോര്‍ത്ത ചരടില്‍ തൂക്കിയിട്ടശേഷം അദ്ദേഹം ഞാന്‍ ആരാണെന്ന മട്ടില്‍ ഗോപാല്‍ ബറുവയെ നോക്കി.
‘‘തപോമയിയുടെ സുഹൃത്താണ്’’, അദ്ദേഹം പറഞ്ഞു.
‘‘അപ്പോള്‍ അഭയാർഥിയാണോ?’’ ഞാന്‍ ചിരിച്ചു.
‘‘അതാണ് സ്ഥിതി. അവനിപ്പോള്‍ അത്തരക്കാരോടു മാത്രമേ ഇടപഴകുന്നുള്ളൂ. ഈ നാട്ടില്‍ ജനിച്ചു ജീവിക്കുന്നവരോടു സംസാരിക്കാന്‍പോലും നേരമില്ല’’, അദ്ദേഹം പറഞ്ഞു.
ഞാന്‍ പേരു പറഞ്ഞു പരിചയപ്പെട്ടു.
‘‘നിങ്ങള്‍ക്കു ചീട്ടു കളിക്കാനറിയാമോ?’’ അദ്ദേഹം തിരക്കി. ചില കളികള്‍ അറിയാമെങ്കിലും അത്ര താൽപര്യമില്ലെന്ന മട്ടില്‍ ഞാന്‍ ഒഴിഞ്ഞു.
‘‘ആര്‍ക്കും ഒരുത്സാഹവുമില്ല’’, അദ്ദേഹം പറഞ്ഞു, ‘‘ഭൂമി തെറ്റായ ദിശയില്‍ കറങ്ങുന്നു. എല്ലാ മനുഷ്യരും മൊബൈല്‍ ഫോണുകളും കുത്തി എത്രനേരം വേണമെങ്കിലും പാഴാക്കിക്കോളും. ഞാനാണെങ്കില്‍ ഈ വയസ്സന്റെ കള്ളക്കളി കണ്ടു മടുത്തിരിക്കുന്നു.’’
‘‘ആരാണ് കള്ളക്കളി കളിക്കുന്നതെന്ന് എല്ലാവര്ക്കും അറിയാം’’, ഗോപാല്‍ദാ ചിരിച്ചു, ‘‘മുകളിലുള്ള ആള് എല്ലാം കാണുന്നുണ്ട്.’’
‘‘ചീട്ടുകളിയില്‍ താൽപര്യമെടുക്കുന്ന ഒരു ദൈവത്തെ ഇനിയും കണ്ടെത്തിയിട്ടില്ല’’, ഗൗരവം നടിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു.
ഡോക്ടര്‍ സര്‍ക്കാര്‍ എന്റെ നേരേ തിരിഞ്ഞുകൊണ്ടു വിശദീകരിച്ചു: ‘‘ഹലോ ജന്റില്മാന്, ഇയാള്‍ പറയുന്നതു നോക്കേണ്ട. എല്ലാം ആരോപണങ്ങള്‍ മാത്രം. ഞാന്‍ വല്ലപ്പോഴും ചില കാര്‍ഡുകള്‍ മാറ്റിനോക്കിയിട്ടുണ്ട്. നിഷേധിക്കുന്നില്ല. പക്ഷേ, അതൊരു ബലാബലത്തിനാണ്. ചില പരീക്ഷണങ്ങള്‍. കാരണം ഇയാള്‍, ഈ വയസ്സന് എന്നെ മുച്ചൂടും തോൽപിക്കും. കളി നന്നായിട്ടാണോ? നോ. അല്ലെങ്കില്‍ കൂടിയ ബുദ്ധി! നെവര്‍. ഒന്നുമല്ല, ഇയാള്‍ക്ക് മന്ത്രവാദികളുടെ ഭാഷ അറിയാം. കോഡുകളാണ് ഇയാളുടെ ശക്തി. ചീട്ടുകളി പോകട്ടെ, ഏതെങ്കിലും കളിയില്‍ നിങ്ങള്‍ക്കു മന്ത്രവാദികളോടു പിടിച്ചുനിൽക്കാനാവുമെന്നു തോന്നുന്നുണ്ടോ?’’
‘‘ഇദ്ദേഹത്തിനും കോഡുകള്‍ വായിക്കാനാവും’’, ഗോപാല്‍ ബറുവ പറഞ്ഞു.
‘‘ഉവ്വോ?, അപ്പോൾ നിങ്ങളും മന്ത്രവാദിയാണെന്നു സാരം’’, ഡോക്ടര്‍ തുടര്‍ന്നു. ‘‘എന്നാല്‍പ്പിന്നെ നിങ്ങളോടൊപ്പം കളിക്കാതിരിക്കുകയാണ് ഭേദം. രണ്ടു കൂടോത്രക്കാരെ ഒരുമിച്ചു നേരിടാന്‍ ആര്‍ക്കു കഴിയും? ഞാനാണെങ്കില്‍ പഴയൊരു വൈദ്യന് മാത്രമാണ്. അല്ലാ, നിങ്ങള്‍ പുരാവസ്തു വകുപ്പിലാണോ?’’
‘‘ഏയ്,’’ ഞാന്‍ നിഷേധിച്ചു. പിന്നെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞു.
‘‘ശരിക്കും ഇത്തരം കോഡുകള്‍ അറിയുന്നവരെ പണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഇരുത്താന്‍ പാടില്ല’’, ഡോക്ടര്‍ പറഞ്ഞു, ‘‘ ഗോപാല്‍ദാ എന്തു പറയുന്നു?’’
‘‘എനിക്കറിയില്ല. ഞാന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടില്ല’’, ഗോപാല്‍ ബറുവ പറഞ്ഞു. പിന്നെ തന്റെ പ്ലാസ്റ്ററിട്ട കാല് ചൂണ്ടിക്കാണിച്ചുകൊണ്ടു ചോദിച്ചു: ‘‘ഇതെന്നു മുറിക്കാനാവും?’’
‘‘കാലോ പ്ലാസ്റ്ററോ?’’ ഡോക്ടര്‍ തിരക്കി. ഞാന്‍ അമ്പരന്നു. എത്ര കളിയായിട്ടാണെങ്കിലും ഒരു ഡോക്ടര്‍ രോഗിയോട് ചോദിക്കേണ്ട ചോദ്യമാണോ അത്? പക്ഷേ, ഗോപാല്‍ ബറുവ അതു കേട്ടിട്ടും ഒരു വിഷമവുമില്ലാതെ ചിരിക്കുന്നു!
‘‘നല്ല ഡോക്ടര്‍മാരാണ് പ്ലാസ്റ്ററിട്ടിട്ടുള്ളത്. നിങ്ങളായിരുന്നെങ്കില്‍ അതും സംഭവിച്ചേനേ’’, ഗോപാല്‍ ബറുവ പറഞ്ഞു, ‘‘എനിക്കിപ്പോള്‍ കാല് മരവിച്ചതുപോലെ തോന്നുന്നു.’’
‘‘വയസ്സാകുമ്പോള്‍ അങ്ങനെയൊക്കെ ചിലതുണ്ടാവും. പഴയതുപോലെ പുറത്തിറങ്ങി വിലസാനൊന്നും പറ്റില്ല’’, ഡോക്ടര്‍ എന്റെ നേര്‍ക്കു നോക്കിക്കൊണ്ടു പറഞ്ഞു. ‘‘ഇയാളും ഈ വീടിന്റെ നാഥനായിരുന്ന ഒരു കേണലുംകൂടി കാട്ടിലും നാട്ടിലും മുഴുവന്‍ സഞ്ചരിക്കുമായിരുന്നു. പിന്നെ ചില ഗുഹകളില്‍. മണ്ണു കുഴിച്ച് കിട്ടിയ ചില പ്രദേശങ്ങളില്‍. എന്താവശ്യത്തിന്! പുതിയ കോഡുകള്‍ പഠിക്കാന്‍. മനുഷ്യരെ വശീകരിക്കാനാണ് ഈ കോഡുകള്‍... ദൈവത്തെ കബളിപ്പിക്കാനുള്ള ജോലി. എക്കാലവും അതു സാധിക്കുമെന്നു പ്രതീക്ഷിക്കാമോ?’’
ഡോക്ടര്‍ സര്‍ക്കാര്‍ പ്ലാസ്റ്ററിട്ട കാല് പതുക്കെ പിടിച്ചു. പ്ലാസ്റ്ററില്നിന്നും പുറത്തുകാണാവുന്ന വിരലുകള്‍ സാവധാനം നിവര്‍ത്തി. ചെറിയ നീരുള്ളതുപോലെയുണ്ടായിരുന്നു.
‘‘ആ മരുന്നു തീര്‍ന്നോ?’’ അദ്ദേഹം ചോദിച്ചു. ഗോപാല്‍ ബറുവ വെറുതെ തലയാട്ടി.
‘‘എന്റെ അഭിപ്രായത്തില്‍ ജീവിതം എന്നതുതന്നെ ഒരു നീണ്ട രോഗാവസ്ഥയാണ്’’, ഡോക്ടര്‍ സര്‍ക്കാര്‍ എന്റെ നേര്‍ക്കു തിരിഞ്ഞുകൊണ്ടു പറഞ്ഞു, ‘‘അതിന് ഒരു പരിഹാരമേയുള്ളൂ, മരണം. മരണത്തിലൂടെ സർവ രോഗങ്ങളും ഭേദമാവുന്നു. അതുകൊണ്ട് ശരിയായ വൈദ്യന് മരണമാകുന്നു. ഞങ്ങള്‍ അതിനുമുമ്പു ചില പാച്ച് വര്‍ക്കുകള്‍ ചെയ്യുന്നുവെന്നേയുള്ളൂ. ആധുനികവൈദ്യം ഒരു ഓട്ടയടയ്ക്കലാണ്.’’
‘‘ഹൈറോഗ്ലിഫിക്സ് ലിപി ആദ്യമായി വായിച്ച തോമസ് യങ്ങ് എന്നൊരു ശാസ്ത്രജ്ഞനുണ്ടായിരുന്നു. ഫിസിക്സ്, കെമിസ്ട്രി, ഗണിതം, അനേകം ഭാഷകള്‍... എന്നുവേണ്ട അദ്ദേഹത്തിന് താൽപര്യമില്ലാതിരുന്ന ഒരു മേഖലയും ഉണ്ടായിരുന്നില്ല. പോരാ, ഒരു മെഡിക്കല്‍ ഡോക്ടറുമായിരുന്നു അദ്ദേഹം’’, ഗോപാല്‍ ബറുവ പറഞ്ഞു, ‘‘പക്ഷേ, നമ്മുടെ സര്‍ക്കാറിന്റെ പോലെത്തന്നെ. രോഗിയെയല്ല, രോഗത്തെ മാത്രമേ അദ്ദേഹം ശ്രദ്ധിച്ചിരുന്നുള്ളൂ.’’
‘‘അതു തെറ്റാണ്’’, ഡോക്ടര്‍ പറഞ്ഞു, ‘‘എന്റെ കാര്യത്തില്‍ ഞാന്‍ രോഗത്തെയും ശ്രദ്ധിക്കുന്നില്ല. കാലമാണ് എന്റെ കാന്‍വാസ്. അതില്‍ ആളുകള്‍ വരുന്നു, പോകുന്നു. അവരുടെ പലതരം അവസ്ഥകളില്‍ ചിലതിനെ നമ്മള് രോഗം എന്നു വിളിക്കുന്നു എന്നേയുള്ളൂ.’’
അങ്ങനെ പറഞ്ഞതിനുശേഷം ഡോക്ടര്‍ എന്തോ ഓർമ വന്നതുപോലെ ആദ്യം കോട്ടിന്റെ വലിയ കീശയില്‍ തപ്പി. അതു കാണാതിരുന്നപ്പോള്‍ കുറച്ചുനേരം ആലോചിച്ചുകൊണ്ടു നിന്നു.
‘‘എവിടെ എന്റെ സ്റ്റെതസ്കോപ്പ്?’’ ഡോക്ടര്‍ തിരക്കി.
‘‘സ്റ്റെതസ്കോപ്പ് ഇവിടെയാണോ ഉണ്ടാവുക?’’ ഗോപാല്‍ദാ ചോദിച്ചു, ‘‘നിങ്ങളുടെ തലയ്ക്കു വല്ല കുഴപ്പവുമുണ്ടോ?’’
‘‘ഞാനത് ഇന്നലെ ഇവിടെ മറന്നുെവച്ചിരുന്നു.’’ ഡോക്ടര്‍ എഴുന്നേറ്റ് ചുവരിലെ അലമാരിയിലും തട്ടുകളിലും പരിശോധിച്ചു. പിന്നെ കട്ടിലിന്റെ അടിയില്‍ പിടിപ്പിച്ച വലിപ്പുകള് വലിച്ചുനോക്കി. എനിക്ക് ചിരിവന്നു. ഒരു ഡോക്ടര്‍ സ്വന്തം സ്റ്റെതസ്കോപ്പ് പോലും മറന്നുവെച്ചു പോകുന്നു! ഇദ്ദേഹത്തിന് തപോമയിയുടെ അച്ഛനല്ലാതെ മറ്റു രോഗികളൊന്നുമില്ലേ?
‘‘ഓ, പോട്ടേ! അതു പോയാലും വലിയ കാര്യമില്ല. ഇക്കാലത്ത് ഒരു ശീലംപോലെ ഞാനതു നോക്കുന്നെന്നേയുള്ളൂ’’ തിരച്ചില്‍ നിര്‍ത്തി അദ്ദേഹം പറഞ്ഞു, ‘‘അധികവും ഇതുപോലുള്ള വയസ്സന്മാരാണ് എന്റെ ക്ലയന്റ്സ്. അവരുടെ നെഞ്ചില്‍ കുഴല്‍ വെച്ചാലെന്ത്, ഇല്ലെങ്കിലെന്ത്?’’
‘‘വെറും അഞ്ചു വയസ്സുമാത്രം മൂത്ത ഒരാളെ കിഴവന് എന്നു വിളിക്കാമോ?’’ ഗോപാല്‍ ബറുവ എന്നോടു ചോദിച്ചു.
‘‘വര്‍ഷമല്ല, മനോഭാവമാണ് പ്രായം നിര്‍ണയിക്കുന്നത്’’, ഡോക്ടര്‍ സര്‍ക്കാര്‍ പറഞ്ഞു, ‘‘ഇയാളൊക്കെ മുപ്പതുവയസ്സിലേ കിഴവനായി അഭിനയിച്ചുതുടങ്ങി. ഇരിപ്പിലും നടപ്പിലും മണ്മറഞ്ഞുപോയ ഒരു കാലത്തെ ഉപാസിക്കുന്നു. പഴയ നാണയങ്ങളും മുദ്രകളുമൊക്കെ കൊണ്ടുനടക്കുന്ന ഒരാള്‍ ഇരട്ടിവേഗത്തില്‍ വൃദ്ധനാവും. അതാണ് സത്യം.’’
‘‘അപ്പോള്‍ ജ്യോതിഷക്കാരെപ്പോലെ മഴ പെയ്യും എന്നൊക്കെ വലിയ പ്രവചനങ്ങള്‍ നടത്തുന്നതോ? പഴയമട്ടിലുള്ള ഭക്തിയും വായനയും കൊണ്ടുനടക്കുന്നതോ?’’
‘‘പഴയ മട്ടിലോ? ഇയാളെന്താണീ പറയുന്നത്! ഞാന്‍ ഉപനിഷത്തുകളാണ് വായിക്കുന്നത്. ഉപനിഷത്തുകള്‍ പഴയ ടെക്സ്റ്റുകളല്ല, ഓരോ കാലത്തും പുതുക്കപ്പെടുന്നതാണ് അവയിലെ ആശയങ്ങള്‍. നിങ്ങള്‍ക്കറിയാമോ, സംസ്കൃതവും ഗ്രീക്കുമാണ് ഏറ്റവും പുതിയ ഭാഷകള്‍. ഈ ലോകം മുഴുവന്‍ കുഴിച്ചുനടന്നിട്ട് എന്തു ഫലം? എന്തെങ്കിലും വിവരമുണ്ടോ?’’
തെല്ലുനേരം അങ്ങനെ നിന്നശേഷം അദ്ദേഹം കട്ടിലിന്റെ ഒരറ്റത്തായി ഇരുന്നു. എന്നിട്ട് എന്നോടു ചോദിച്ചു, ‘‘ഗോപാല്‍ദായുടെ ശരീരത്തില്‍ സ്റ്റെത് വെച്ചാല്‍ ഈയിടെയായി എന്താ കേള്‍ക്കാറുള്ളത് എന്നറിയാമോ?’’
ഞാന്‍ മറുപടി പറഞ്ഞില്ല. ആരുടെ ശരീരത്തില്‍ സ്റ്റെ തസ്കോപ് െവച്ചാലും ശരീരത്തിന്റെ മിടിപ്പുകളല്ലേ കേള്‍ക്കുക?
‘‘ഗോപാല്‍ദായുടെ നെഞ്ചിനകത്തുനിന്നും കേള്‍ക്കാവുന്നത് ഒന്നേയുള്ളൂ. ഓംകാരം’’, ഡോക്ടര്‍ സര്‍ക്കാര്‍ പറഞ്ഞു, ‘‘അതില്‍ ചില ഏറ്റക്കുറച്ചിലുകള്‍ കാണും എന്നുമാത്രം. ഒരു പ്രായം കഴിഞ്ഞാല്‍ ആളുകളുടെ മിടിപ്പുകള്‍ മാറും. അത് പ്രപഞ്ചത്തിന്റെ ശബ്ദമായിത്തീരും. നിര്‍ഭാഗ്യവശാല്‍ ഇയാള്‍ക്കതു കേള്‍ക്കാന്‍ കഴിയുന്നില്ല.’’
‘‘ഞാന്‍ മരിക്കാറായി എന്നാണോ നിങ്ങള്‍ പറഞ്ഞു വരുന്നത്’’, ഗോപാല്‍ ബറുവ പറഞ്ഞു.
‘‘സംശയമെന്ത്! എന്നെങ്കിലും മരിക്കണമല്ലോ. ആ നിലയ്ക്ക് നിങ്ങള്‍ ഭാഗ്യവാനാണ് ഗോപാല്‍ദാ. നിങ്ങള്‍ക്ക് സുഖമരണമാണുണ്ടാവുക.’’
അതിനുശേഷം, ഡോക്ടര്‍ കോട്ടിന്റെ കീശയില്‍ കുറച്ചുനേരം തപ്പി ഒരു പൊതിയെടുത്ത് ഗോപാല്‍ ബറുവക്കു നീട്ടി: ‘‘എന്നാലും നമ്മള് ഒന്നും ചെയ്യാതിരുന്നു എന്നു വേണ്ട. ഇതില്‍ കുറച്ചു ഗുളികകളുണ്ട്. നീരു വറ്റാനാണ്. ദിവസത്തില്‍ രണ്ടെണ്ണം വീതം കഴിച്ചോളൂ. രാവിലെയും വൈകീട്ടും.’’
‘‘അപ്പോള്‍ മരുന്നിലൊന്നും കാര്യമില്ലെന്നു പറഞ്ഞിട്ട്!’’
‘‘അതു ശരിതന്നെ. ഈ മരുന്നിനോടൊപ്പം ഗായത്രീമന്ത്രം ഉരുവിടൂ. രണ്ടും ചേരുമ്പോള്‍ ഫലിക്കും’’, ഡോക്ടര്‍ പറഞ്ഞു.
ഗോപാല്‍ ബറുവ അതു വാങ്ങി തലയിണയുടെ കീഴെെവച്ചു.
‘‘ഏതായാലും ഒരു റൗണ്ട് നോക്കിയാലോ?’’ ഡോക്ടര്‍ ചോദിച്ചു.
‘‘നോക്കാം’’, ഗോപാല്‍ ബറുവ പറഞ്ഞു, ‘‘നിങ്ങള്‍ കൂടുന്നോ? മൂന്നുപേര്‍ക്ക് കളിക്കാവുന്ന ഒരു പ്രത്യേക കളിയുണ്ട്.’’
‘‘എക്സലന്റ്’’, ഡോക്ടര്‍ ഉത്സാഹഭരിതനായി. ‘‘ക്രിപ്റ്റിക് റമ്മി. ഗോപാല്‍ദാ ആധുനിക ലോകത്തിനു ചെയ്ത ഏക സംഭാവന.’’
‘‘ഞാനല്ല, സന്താനം സാറിന്റെ കണ്ടുപിടിത്തമാണ്.’’
‘‘എന്നാല്‍ അങ്ങനെ. എനിക്കു നിങ്ങള്‍ രണ്ടുപേരേയും തെറ്റും. ഒരാള്‍ മരിച്ചുപോയ കേണല്‍ സന്താനം, മറ്റൊരാള്‍ ജീവിച്ചിരിക്കുന്ന വെറും സന്താനം.’’
അവര്‍ പറഞ്ഞ രീതിയില്‍ ഞാന്‍ രണ്ടു റൗണ്ട് കളിച്ചു. കളി രസമുണ്ടെങ്കിലും എനിക്കു ചീട്ടുകളില്‍ ശ്രദ്ധിക്കാന്‍ തോന്നിയില്ല. ആദ്യത്തെ തവണ ഡോക്ടറും പിന്നെ തപോമയിയുടെ അച്ഛനും ജയിച്ചു. അവര്‍ വീറുള്ള പോരാളികളായിരുന്നു. തങ്ങളുടെ ജീവിതവിധി ഈ കളിയുടെ വിജയാപജയങ്ങളില് തൂങ്ങിനിൽക്കുകയാണെന്ന മട്ടിലായിരുന്നു ആ കളി.
മൂന്നാമത്തെ കളി നടന്നുകൊണ്ടിരിക്കുമ്പോള്‍ തപോമയി വന്നു. അയാള്‍ വല്ലാതെ ക്ഷീണിച്ചിട്ടുണ്ടായിരുന്നു. തോളിലെ സഞ്ചിയെടുത്ത് അയാള്‍ കട്ടില്പ്പിടിയില് തൂക്കി.
‘‘ഓ! വിമോചകന് എത്തിയോ!’’, ഡോക്ടര്‍ സര്‍ക്കാര്‍ മുഖമുയര്‍ത്താതെ പറഞ്ഞു.
‘‘തപോ, നീ പോയി ആ ചെറുക്കന്റെ മുറിയില്‍ നോക്ക്’’, കളിയില്‍ത്തന്നെ ശ്രദ്ധയൂന്നിക്കൊണ്ട് ഗോപാല്‍ ബറുവ പറഞ്ഞു. ‘‘ഡോക്ടറുടെ സ്റ്റെതസ്കോപ് കാണാതായിരിക്കുന്നു.’’
‘‘അതിന് അവന്റെ മുറിയിലാണോ നോക്കുക?’’ തപോമയി ചോദിച്ചു.
‘‘നീ പോയി നോക്കി വാ. ഇന്നത്തെ അവന്റെ രീതികള്‍ കണ്ടപ്പോള്‍ ഒരു സ്റ്റെതസ്കോപ്പ് ചൂണ്ടിയവന്റെ പരിഭ്രമം കാണാനുണ്ടായിരുന്നു.’’
തപോമയി മറുപടി പറഞ്ഞില്ല. ഞങ്ങള്‍ ചീട്ടുകള്‍ താഴെയിടുകയും എടുത്തുവെക്കുകയും ചെയ്തുകൊണ്ടിരുന്നു. ഗോപാല്‍ ബറുവ പറഞ്ഞതുപോലെത്തന്നെ തപോമയി ഡോക്ടറുടെ സ്റ്റെതസ്കോപ്പുമായി തിരിച്ചുവന്നു. ഞാന്‍ അമ്പരന്നുവെങ്കിലും ചീട്ടു കളിക്കുന്ന രണ്ടുപേരും അതത്ര കാര്യമാക്കിയില്ലെന്നു തോന്നി.
ഡോക്ടര്‍ തിരക്കി: ‘‘ഗോപാല്‍ദാ, നിങ്ങള്‍ ഉറങ്ങുകയായിരുന്നോ, അവന് ഇതെടുത്തു കൊണ്ടുപോകുമ്പോള്‍?’’
‘‘എന്തിന് ഉറങ്ങണം? ഉണര്‍ന്നു കിടന്നാലും പട്ടാപ്പകല്‍ അവന് കൊണ്ടുപോകും. ഫ്ലാസ്ക്, കുട, ട്യൂബ് ലൈറ്റ്, ഒരു ടോര്‍ച്ച്, ഇനി എന്തൊക്കെയാണ് നഷ്ടപ്പെടാന്‍ പോകുന്നതെന്ന് അറിയില്ല.’’
അടുത്ത കളി ഡോക്ടര്‍ ജയിച്ചു. അദ്ദേഹം കുറേക്കൂടി സന്തുഷ്ടനായി കാണപ്പെട്ടു. ഡോക്ടര്‍ ചോദിച്ചു: ‘‘ഗോപാല്‍ദാ, നിങ്ങള്‍ പഴയ തൊഴില്‍ മറന്നിട്ടില്ല, അല്ലേ? മിലിട്ടറി ഇന്റലിജന്‍സ് എന്നു പേരുള്ള ചാരപ്പണി. അല്ലെങ്കില്‍ സ്റ്റെതസ്കോപ്പ് അവന് എടുത്തുകൊണ്ടുപോയി എന്ന് എങ്ങനെ മനസ്സിലാക്കി?’’
‘‘അതോ? എനിക്കറിയാം. ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. അല്ലെങ്കില്‍ അവന് എന്നെ കൊണ്ടുപോയി വിൽക്കും!’’
‘‘നിങ്ങളെ ആരു വാങ്ങാന്‍?’’ ഡോക്ടര്‍ ഉത്സാഹത്തോടെ അടുത്ത കളിക്കായി ഒരുങ്ങി.
ഗോപാല്‍ ബറുവ പറഞ്ഞു: ‘‘അതെന്തോ, ഞാന്‍ മരിച്ചുകഴിഞ്ഞു എന്ന മട്ടിലാണ് അവന്റെ പെരുമാറ്റം.’’
‘‘അവന്റെ നിഗമനം ഏറക്കുറെ ശരിയാണ്.’’ ഒരു ചീട്ട് കളത്തിലേക്കിട്ടുകൊണ്ട് ഡോക്ടര്‍ ഗൗരവത്തോടെ പറഞ്ഞു.
കൂടെക്കളിക്കുന്നവര് വലിയ സൂക്ഷ്മത പുലര്‍ത്തുകയും കൂടുതല്‍ ബുദ്ധി പ്രയോഗിക്കുകയും ചെയ്യുന്ന ഒരു കളിയില്‍ എനിക്കൊന്നും ചെയ്യാനില്ല. ആദരവോടെ തോൽക്കുക എന്നതു മാത്രം.
‘‘ഞാന്‍ ഇദ്ദേഹത്തോട് ആ കഥ പറയുകയായിരുന്നു’’, ഗോപാല്‍ ബറുവ പറഞ്ഞു, ‘‘സന്താനം സാറിന്റെ കൂടെ ജോലി ചെയ്യാന്‍ സാധിച്ച കഥ.’’
‘‘ഏത്, കേണല്‍ സന്താനം നിങ്ങളെ പട്ടാളത്തിലേക്കു കൂട്ടിക്കൊണ്ടുപോയതോ?’’ സര്‍ക്കാര്‍ ഉറക്കെച്ചിരിച്ചുകൊണ്ട് എന്നെ നോക്കി, ‘‘എത്രയറ്റം വരെ പറഞ്ഞൂ, കിഴവന്? താന്‍ മഹാനാണെന്നും കണ്ണുകെട്ടി ക്രോസ് വേഡ്സ് പൂരിപ്പിച്ചുവെന്നുമൊക്കെ തട്ടിവിട്ടോ?’’ –ഞാന്‍ ചിരിച്ചു.
ഡോക്ടര്‍ പറഞ്ഞു: ‘‘ആ കഥകളെല്ലാം എത്ര കേട്ടിരിക്കുന്നു! എന്നിട്ട് ഞാന്‍ വിശ്വസിച്ചോ? നെവര്‍. ഇനി യഥാർഥ വസ്തുത ഞാന്‍ പറയാം. ഇയാള്‍ ആ കേണലിനെ എന്തോ സൂത്രം കാണിച്ചു വശീകരിച്ചു. മന്ത്രവാദംതന്നെ. അപ്പോള്‍ അദ്ദേഹത്തിനു തോന്നി, ഇയാളെ കൊണ്ടുപോയാല്‍ ചാരപ്രവര്‍ത്തനത്തിന് ഉപകരിക്കും എന്ന്. കോഡ് ഭാഷകളില്‍ സന്ദേശങ്ങളുണ്ടാക്കി ശത്രുപക്ഷത്തു കുഴപ്പമുണ്ടാക്കലായിരുന്നു ഇയാളുടെ ചുമതല. വയസ്സന് അതിഗംഭീരമായി വിജയിച്ചു. പലരേയും വഴിതെറ്റിച്ചു. ആളുകളെ തമ്മില്‍ പരസ്പരം അടിപ്പിച്ചു. ചീട്ടുമാറ്റുകയും തനിക്കു പറ്റിയതു കേറ്റുകയും ചെയ്തു. അത്രത്തോളം ശരിതന്നെയാണ്. അല്ലാതെ ക്രോസ്വേഡും നമ്പര്‍ ഗെയിമുമൊന്നും അതില്‍ ഇല്ല. വെറും കൂടോത്രം.’’
ഗോപാല്‍ ബറുവ പറഞ്ഞു: ‘‘ഞാന്‍ ഒന്നും ചെയ്തില്ല, സന്താനം സാറിന് ഇക്കാര്യങ്ങളില്‍ വലിയ അറിവുണ്ടായിരുന്നു. വളരെ ബുദ്ധിയുള്ള ഒരു മനുഷ്യന്. അദ്ദേഹം പറയുന്നത് അനുസരിക്കുക മാത്രമേ എനിക്കു ചെയ്യേണ്ടിവന്നിട്ടുള്ളൂ.’’
‘‘വെറും വിനയം. അയാള്‍ക്ക് സകല ഗൂഢലിപികളും എഴുതിക്കൊടുത്തതും ഉണ്ടാക്കിയതുമൊക്കെ ഈ ചങ്ങാതിയാണ്. പോരാ, ആ മനുഷ്യനെ വഴിതെറ്റിച്ചു. അയാള്‍ നേരത്തേ പട്ടാളത്തില്‍നിന്നു പിരിഞ്ഞുപോന്നു. ശരിക്കും ഒരു ജനറല്‍ ആവേണ്ട ആളായിരുന്നു. ആയിരുന്നെങ്കില്‍ ബര്‍മ മുതല്‍ ഇറാന് വരെയുള്ള സ്ഥലങ്ങള്‍ ഈ രാജ്യത്തിന്റേതാകുമായിരുന്നു. ഇയാളെ കണ്ടുമുട്ടിയതാണ് കുഴപ്പമായത്. ഈ നാടിന്റെ വിധിയാണ്, തടുക്കാന്‍ വയ്യ.’’
ഈ വാചകമടിച്ചിട്ടും ഡോക്ടര്‍ വീണ്ടും വിജയിച്ചു. ബറുവ സമ്മതിച്ചില്ല. നിലത്തിട്ട ചീട്ടുകളും ഇപ്പോള്‍ കൈയിലുള്ളവയും തമ്മില്‍ ഒത്തുനോക്കി, ചില ചീട്ടുകള്‍ ഉയര്‍ത്തിക്കാട്ടി വഴക്കായി. ഇത്തവണ അദ്ദേഹം ജയിച്ച കാര്യത്തില്‍ എനിക്കും സംശയമുണ്ടായിരുന്നു. കാരണം, ആദ്യം എടുത്ത ചീട്ടുകളില്‍ ചിലതു വീണ്ടും കളത്തില്‍ കണ്ടിരുന്നു. പെട്ടെന്ന് ആരുമറിയാതെ പുറത്തിട്ടതാവാം. ശ്രദ്ധ തെറ്റിക്കാനുള്ള അടവാണ് ഈ സംസാരം എന്നും തോന്നുന്നു.
വഴക്കു മൂത്തപ്പോള്‍ ഡോക്ടര്‍ എഴുന്നേറ്റു. തന്റെ സ്റ്റെതസ്കോപ്പെടുത്ത് കഴുത്തിലൂടെയിട്ടു. എന്നിട്ട് വലിയ ഒച്ചയോടെ ചവിട്ടടികള്‍ വെച്ച് മുറിയില്‍നിന്നും ഇറങ്ങിപ്പോകുന്നതു കണ്ടു. ‘‘ഹോപ് ലെസ്. മുമ്പ് ഇറക്കുന്ന ചീട്ടുകള്‍ മുന്‍കൂട്ടി പറയും എന്നേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കഷ്ടപ്പെട്ടു ജയിച്ചാലും സമ്മതിക്കുന്നില്ല’’, പോകുമ്പോള്‍ അദ്ദേഹം പിറുപിറുത്തു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.