തപോമയിയുടെ വീട്ടില്‍നിന്നും വീണ്ടും ചില വസ്തുക്കള്‍ കാണാതായി. ഇത്തവണ പഴയതുപോലെ ഫ്ലാസ്കോ കുടയോ ടോര്‍ച്ചോ ഊന്നുവടികളോ ഒന്നുമല്ല. ദശകങ്ങളും നൂറ്റാണ്ടുകളും പഴക്കമുള്ള ചില പുരാവസ്തുക്കള്‍! വില നിര്‍ണയിക്കാനാവാത്ത സ്മരണകളും സ്മാരകങ്ങളുമായിരുന്നു അവ. വൈകിയാണ് ഗോപാല്‍ ബറുവ അതെല്ലാം കണ്ടുപിടിച്ചത്. അദ്ദേഹം വീടു മുഴുവന്‍ പരതി. എഴുതിവെച്ച ചാര്‍ട്ടുകളും പുസ്തകങ്ങളും പരിശോധിച്ചു. മുകളിലെ ഒന്നാമത്തെ മുറിയില്‍ െവച്ച 112 എന്ന് അക്കമിട്ടെഴുതിയ ഗാന്ധാരശൈലിയിലുള്ള പ്രതിമ എവിടെ? താഴത്തെ ഏറ്റവും ഇടതുഭാഗത്തുള്ള ചായ്പില്‍ നിരത്തിവെച്ചിരുന്ന മൂന്ന് മണ്‍കുടങ്ങള്‍?
(അവക്ക് 23 മുതല്‍ 25 വരെയുള്ള സംഖ്യകളാണ്.) ഒരു തീർഥങ്കരന്‍റെ ലോഹപ്രതിമയും നടരാജവിഗ്രഹവും... ദര്‍പ്പണസുന്ദരി, പഴയ ഓട്ടുവളകള്‍... എവിടേയുമില്ല. അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. പൊയ്പോവുന്ന വസ്തുക്കളുടെ വിലയായിരുന്നില്ല അദ്ദേഹത്തിന്‍റെ സങ്കടം. സന്താനം സാറിന്‍റെ ഓർമകളാണ് അവിടെനിന്നും കാണാതാവുന്നത്. അത് തന്‍റെതന്നെ ജീവിതമല്ലാതെ മറ്റൊന്നുമല്ല. പിന്നെ, വിശ്വസിച്ച് തന്നെയേൽപിച്ച വസ്തുക്കള്‍ പൊയ്പോവുന്നതില്‍ അദ്ദേഹത്തോടുള്ള അനാദരവുണ്ട്.
അച്ഛന്‍ വേണ്ടപോലെ നോക്കാതെയാവും. എവിടെയെങ്കിലും മാറ്റിവെച്ചിട്ടുണ്ടാവും. അതല്ലെങ്കില്‍ ആ പറയുന്ന വസ്തുക്കളൊന്നും മുമ്പേത്തന്നെ ഇവിടെ ഉണ്ടായിരിക്കുകയില്ല. ഉണ്ടായിരുന്നു എന്ന തോന്നലാവാം. ഇങ്ങനെയെല്ലാം പറഞ്ഞുകൊണ്ട് തപോമയി അലസമായി ഒഴിഞ്ഞു. പണ്ടേത്തന്നെ ഈ പഴയ വിഗ്രഹങ്ങളിലൊന്നും അയാള്‍ക്കു കമ്പമില്ല. അതുകൂടാതെ ക്യാമ്പ് മറ്റൊരു സ്ഥലത്തേക്കു പുനഃപ്രതിഷ്ഠിക്കുന്ന തിരക്കിലായിരുന്നു അയാള്‍.
ഗോപാല്‍ ബറുവ മകന്‍ പറഞ്ഞതെല്ലാം നിഷേധിച്ചു. വേണ്ടപോലെയല്ല, വേണ്ടതില്‍ക്കൂടുതല്‍ നോക്കിക്കഴിഞ്ഞു. ഇനി നോക്കാന്‍ എവിടെയും ബാക്കിയില്ല. രണ്ടാമത്തെ കാര്യം, സ്ഥാനം മാറ്റിവെക്കുന്നതെങ്ങനെയാണ്? താനല്ലാതെ ആരെങ്കിലും ഇതൊക്കെ നോക്കാറുപോലുമില്ലല്ലോ. പ്രതിമകള്‍ സ്വയം സഞ്ചരിക്കുന്നതാവുമെന്ന് തപോമയി ഫലിതം പറഞ്ഞു. പിന്നെ അതൊന്നും അവിടെ ഉണ്ടായിരുന്നിരിക്കില്ല എന്ന വിശദീകരണം. തന്‍റെ ഓർമക്കുറവിനെക്കുറിച്ചാണ് തപോമയി സൂചിപ്പിക്കുന്നത്. ശരിയാണത്. അങ്ങനെയുണ്ട്, ഇപ്പോള്‍. പലതും ഓര്‍മ കിട്ടുന്നില്ല. എന്നാലും ഈ പഴയ വസ്തുക്കള്‍, അവയവങ്ങള്‍പോലെ തന്‍റെ ശരീരത്തിന്‍റെ ഭാഗമായിരുന്നവ, അവയെ എങ്ങനെ മറക്കാന്‍! ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിനും അടയാളംെവച്ച നാഴികക്കല്ലുകളായിരുന്നു എല്ലാം. അവ ശേഖരിച്ച സ്ഥലവും കാലവുമെല്ലാം മരിച്ചാലും മറക്കും എന്നു തോന്നുന്നില്ല.
കാലിലെ പ്ലാസ്റ്റര്‍ വെട്ടി നടക്കാന്‍ ശ്രമിക്കുന്ന കാലത്ത് ഗോപാല്‍ ബറുവ ആദ്യം ശ്രദ്ധിച്ച അസാന്നിധ്യം ഒരു തീർഥങ്കരന്‍റെ പ്രതിമയായിരുന്നു. ഒരടി ഉയരമുള്ള, ചെമ്പും ഈയവും കലര്‍ത്തിയ ഒരു ലോഹമിശ്രിതത്തില്‍ നിർമിച്ച ഒന്ന്. ഡോക്ടര്‍ സന്താനത്തിന് സുഹൃത്തായ ഒരു ജൈനവ്യാപാരി സമ്മാനിച്ചതായിരുന്നു ആ പ്രതിമ. യോഗാസനത്തില്‍ കായോത്സര്‍ഗ എന്നു പേരുള്ള നിലയിലായിരുന്നു തീർഥങ്കരന്‍. നിവര്‍ന്നു നിൽക്കുന്ന ധ്യാനനിരതമായ രൂപം. ദിഗംബരനായ അയാളുടെ നഗ്നത ദൃശ്യമാണ്. നീണ്ട കാതുകള്‍, നാസിക. ധ്യാനകാലത്തിന്‍റെ ദൈര്‍ഘ്യത്തെ സൂചിപ്പിച്ചുകൊണ്ട് വള്ളിപ്പടര്‍പ്പുകള്‍ അയാളുടെ പാദങ്ങളിലും ഭുജങ്ങളിലും ചുറ്റിപ്പിടിച്ചിരിക്കുന്നു. മുമ്പ് സന്താനം തന്‍റെ കിടപ്പുമുറിയായി ഉപയോഗിച്ചിരുന്ന ആ വീട്ടിലെത്തന്നെ ഏറ്റവും വലുപ്പമുള്ള മുറിയില്‍ ചുവരിലുണ്ടാക്കിയിരുന്ന ഒരു വലിയ തട്ടിലായിരുന്നു അതു വെച്ചിരുന്നത്. കടന്നുചെല്ലുമ്പോള്‍ത്തന്നെ അതു കാണാമായിരുന്നു.
അതു കാണാതായ ദിവസം ഗോപാല്‍ ബറുവ ആ വീട്ടില്‍ താഴെയുള്ള മുറികളിലെല്ലാം പോയി നോക്കി. ഓരോ മുറിയിലും ഏറെനേരം പരിശോധിച്ചു. മുറിയുടെ മച്ചിനോടു ചേര്‍ത്തു പിടിപ്പിച്ചിരിക്കുന്ന മരംകൊണ്ടുണ്ടാക്കിയ അറകളിലും കട്ടിലുകളുടെ കീഴെയുമെല്ലാം പര്‍വീണയെക്കൊണ്ട് പരിശോധിപ്പിച്ചു. താഴത്തെ മുറിയിലാണ് അതു വെച്ചിരുന്നതെന്ന് ഉറപ്പുണ്ടായിരുന്നിട്ടും രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം വീടിന്‍റെ മുകളിലേക്കുള്ള കോണി ബദ്ധപ്പെട്ട് കയറി. ഇനി ഓർമയില്ലാതെ മുകളില്‍ കൊണ്ടുവെച്ചിരിക്കുകയാണെന്നുണ്ടെങ്കിലോ? വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം മുകളിലേക്കു കയറുന്നത്. പല മുറികളും അടച്ചിട്ടിരിക്കുകയായിരുന്നു. ഓരോന്നും തുറന്നു. കെട്ടിനിൽക്കുന്ന വായുവും അടിഞ്ഞുകൂടിയ പൊടിയും അദ്ദേഹത്തെ സ്വീകരിച്ചു. എല്ലാ മുറിയിലും പുരാതനമായ പല വസ്തുക്കളും ഉണ്ടായിരുന്നു. പലതും ആ മുറികളിലാണുള്ളതെന്നുള്ളത് അപ്പോഴാണ് ഗോപാല്‍ ബറുവ ഓര്‍ത്തത്. പക്ഷേ, കുറേ നേരം പരിശോധിച്ചിട്ടും ആ ഒരു പ്രതിമ മാത്രം അദ്ദേഹത്തിനു കണ്ടെത്താന്‍ കഴിഞ്ഞില്ല.
പതിനഞ്ചാം നൂറ്റാണ്ടിലെ ആ ശിൽപം, ദക്ഷിണ കര്‍ണാടകയിലെ കര്‍ക്കളയിലുള്ള വലിയൊരു പ്രതിമയുടെ മാതൃകയിലായിരുന്നു. ഒരുപക്ഷേ, ആ വലിയ പ്രതിമ നിർമിക്കുന്നതിനായി അതേ ശിൽപിതന്നെ ഒരുക്കിയ ഒന്ന്. എവിടെയെങ്കിലും കാണും; തന്‍റെ ഓർമക്കുറവായിരിക്കുമെന്നു സമാധാനിക്കാന്‍ ഗോപാല്‍ദാ ശ്രമിച്ചു. അല്ലെങ്കില്‍ ആരെങ്കിലും മറ്റെവിടേക്കെങ്കിലും മാറ്റിവെച്ചിട്ടുണ്ടാവാം. ഇനി ചിലപ്പോള്‍, മരിക്കുന്നതിനു മുമ്പുതന്നെ ഡോക്ടര്‍ സന്താനം അതു തിരിച്ചെടുത്തു കൊണ്ടുപോയോ? അതിനു സാധ്യതയില്ലായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹത്തിന്‍റെ ഭാര്യ താമസിച്ചിരുന്ന ഫ്ലാറ്റിലും അത്തരം വസ്തുക്കളൊന്നും സൂക്ഷിക്കുന്നതു കണ്ടിട്ടില്ല.
കുറച്ചു ദിവസം കഴിഞ്ഞു. വീണ്ടും മറ്റൊരു പ്രതിമ കാണാതായി. അത് അങ്ങനെ പഴക്കമുള്ളത് എന്നു പറഞ്ഞുകൂടാ. പക്ഷേ, ഡോക്ടര്‍ സന്താനംതന്നെ സ്വയം കളിമണ്ണുകൊണ്ടുണ്ടാക്കിയ ഒരു മാതൃകയായിരുന്നു അത്. സൈന്ധവകാലത്തെ പശുപതിയുടെ പ്രതിമ. വളഞ്ഞ കൊമ്പുകള്‍ കിരീടംപോലെ ശിരസ്സില്‍ അണിഞ്ഞ ഒരു മനുഷ്യരൂപം. ചമ്രംപടിഞ്ഞുള്ള ഇരിപ്പാണ്. ഇരുവശത്തും കടുവകളും കാട്ടുപോത്തും ആനകളുമടങ്ങുന്ന വന്യമൃഗങ്ങള്‍ അയാളെ നോക്കിനിൽക്കുന്നു. മുകളില്‍ പ്രാചീനമായ ലിപികളിലുള്ള എഴുത്തുകള്‍. ഇരിപ്പിടത്തിനു താഴെ മാനുകളുടെ ചിത്രം കൊത്തിയിരിക്കുന്നു. മൃഗങ്ങളുടെ രാജാവ് എന്ന നിലയില്‍ പശുപതി എന്നാണ് ആ രൂപത്തെ വിളിക്കുന്നത്. ആദിമശിവന്‍റെ സങ്കൽപമായിരിക്കാമെന്നതാണ് പല പണ്ഡിതരുടെയും നിഗമനം. അപ്പോഴും ഗോപാല്‍ ബറുവ എല്ലാവിടെയും തിരഞ്ഞു.
‘‘സാധനങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുന്നു’’, ഗോപാല്‍ദാ എന്നോടു പറഞ്ഞു. ജമാമസ്ജിദിനടുത്തുള്ള ചോര്‍ ബസാറില്‍നിന്നും ആയിടെ എനിക്കു കിട്ടിയ ഒരു പഴയ പുസ്തകവുമായി ഒരു വൈകുന്നേരം അദ്ദേഹത്തെ കാണാന്‍ ചെന്നതായിരുന്നു ഞാന്‍. ചില ലിഖിതങ്ങള്‍ രേഖപ്പെടുത്തിയ ആ പുസ്തകത്തില്‍ സന്താനത്തിന്‍റെയും ഗോപാല്‍ ബറുവയുടെയും പേരുകള്‍ രേഖപ്പെടുത്തിയിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍ തപസ്സ് സര്‍ക്കാര്‍ അദ്ദേഹത്തെ പരിശോധിക്കുകയായിരുന്നു. രാവിലെ മുതല്‍ കുറച്ചു ശ്വാസംമുട്ടുണ്ടെന്ന് ഗോപാല്‍ദാ പറഞ്ഞു.
‘‘പൊടി ശ്വസിച്ചു കാണും’’, ഡോക്ടര്‍ പറഞ്ഞു. ‘‘പൂട്ടിയിട്ട മുറികളൊക്കെ തുറന്നു നോക്കിയിട്ടുമുണ്ടാവും. അതൊന്നും വേണ്ടെന്നു പറഞ്ഞാല്‍ കേള്‍ക്കുന്ന ശീലമില്ലല്ലോ.’’
‘‘പുരാവസ്തുക്കള്‍ കാണാതാവുമ്പോള്‍ നോക്കണ്ടേ?’’ അദ്ദേഹം ചോദിച്ചു.
‘‘എന്തിന്!’’, ഡോക്ടര്‍ നിസ്സാരമായി പറഞ്ഞു, ‘‘ആ പഴഞ്ചന്‍ ബൊമ്മകളെ കണ്ടുകൊണ്ടിരുന്നിട്ടും എന്തു പ്രയോജനം? ഇവിടത്തെ പാഴ്വസ്തുക്കളെല്ലാം പോയിക്കിട്ടിയാല്‍ അത്രയും നല്ലത്. ഇനിയുള്ള കാലം എന്തു കാണാതായാലും ഒന്നുമില്ലെന്നു കരുതണം.’’
‘‘അങ്ങനെ വേണ്ടിവരും എന്നാണ് തോന്നുന്നത്’’, ഗോപാല്‍ ബറുവ പറഞ്ഞു, ‘‘കുറച്ചു കഴിയുമ്പോള്‍ ഇവിടെ അവശേഷിക്കാന്‍ പോകുന്ന ഏക പുരാവസ്തു ഞാനായിരിക്കും.’’
‘‘ശരിയാണ്, വില കുറഞ്ഞ വസ്തുക്കള്‍ ആരും കൊണ്ടുപോവുകയില്ല’’, ഡോക്ടര്‍ സ്റ്റെതസ്കോപ്പെടുത്ത് ഗോപാല്‍ ബറുവയുടെ നെഞ്ചില്‍ െവച്ചു ചെവിയോര്‍ത്തു. ‘‘ഓംകാരം കൂടുതല്‍ മുഴങ്ങുന്നു’’, അദ്ദേഹം ഉത്സാഹത്തോടെ പറഞ്ഞു. പിന്നെ തന്‍റെ പരിശോധനകളിലേക്കു മടങ്ങിപ്പോയി.
‘‘ആ ഹോം നഴ്സ് ചെറുക്കന്‍ ഉണ്ടായിരുന്നില്ല? പോകുന്ന സമയത്ത് എടുത്തു കൊണ്ടുപോയതായിരിക്കും.’’ പരിശോധന കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു. രാജുവിനെയാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
‘‘അവനായിരിക്കില്ല. അവന്‍ പോയിട്ടു രണ്ടുമൂന്നു മാസമായി. അതിനുശേഷവും ഞാന്‍ ആ ശിൽപങ്ങള്‍ കണ്ടിട്ടുണ്ട്.’’
‘‘നിങ്ങള്‍ വലിയ ഡിറ്റക്ടീവോ ചാരനോ ഒക്കെയായിരുന്നു എന്നല്ലേ പറഞ്ഞത്? ഈ ചെറിയ മോഷണങ്ങള്‍ കണ്ടുപിടിക്കാന്‍ ഇനി സ്കോട്ലൻഡ് യാഡുകാരെ വിളിക്കണോ?’’ ഡോക്ടര്‍ ചോദിച്ചു. ഞാന്‍ ചിരിച്ചു. ഗോപാല്‍ ബറുവ ഒന്നും പറഞ്ഞില്ല.
‘‘ഉദാഹരണത്തിന് നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കില്‍ ആദ്യംതന്നെ ഈ എന്നെ, അതായത് ഡോക്ടര്‍ തപസ്സ് സര്‍ക്കാറിനെ സംശയിക്കും. അയാളല്ലേ ഇവിടെ എല്ലാ ദിവസവും വരുന്നത്?’’ ഡോക്ടര്‍ ഗൗരവത്തോടെ പറഞ്ഞു.
‘‘നിങ്ങളെടുക്കില്ലെന്ന് എനിക്കറിയാം.’’
‘‘എങ്ങനെ അറിയാമെന്നാണ്!’’, ഡോക്ടര്‍ തര്‍ക്കിച്ചു, ‘‘ഓഹോ! എന്നാല്‍ ഞാന്‍ പറയുന്നു, ഞാന്‍തന്നെയാണ് എടുത്തിട്ടുള്ളത്. അല്ലെന്നു തെളിയിക്കൂ!’’
‘‘ഇനി ദാ, ഈ നിൽക്കുന്ന മാന്യനാവാം. കാരണം, നിങ്ങളുടെ പാതിഭ്രാന്ത് ഇയാള്‍ക്കുമുണ്ട്. പുരാവസ്തു, പുരാലിഖിതങ്ങളില്‍ ഇയാള്‍ക്കും താൽപര്യമുണ്ടല്ലോ. പിന്നെ ഇവിടെ നിൽക്കുന്ന ആ പുതിയ ഹോം നഴ്സുണ്ടല്ലോ, അവളെ എന്തുകൊണ്ടു സംശയിച്ചുകൂടാ?’’
‘‘ഛേ! ഒന്നു പതുക്കെ പറയൂ. ആ കുട്ടി കേള്‍ക്കണ്ട’’, ഗോപാല്‍ ദാ പറഞ്ഞു.
‘‘ബുദ്ധിയുള്ള ആളുകള്‍ അങ്ങനെയൊക്കെയാണ് മോഷണം കണ്ടുപിടിക്കുക. നിങ്ങള്‍ക്കു പട്ടാളത്തെ കൂടോത്രം ചെയ്തു പറ്റിക്കാം. പാവപ്പെട്ട എന്നെ ചീട്ടുകളിയില്‍ തോൽപിക്കാം. ഈ ചെറിയൊരു മോഷണം കണ്ടുപിടിക്കാനാവുന്നില്ലാപോലും.’’
അത്രയും പറഞ്ഞശേഷം ഡോക്ടര്‍ കസേര വലിച്ചിട്ട് ഇരുന്നു. ഇക്കാര്യങ്ങളൊക്കെ പറയുമ്പോഴും അദ്ദേഹം ഒന്നു പുഞ്ചിരിക്കുകപോലും ചെയ്യുന്നില്ലെന്നത് അസാധാരണമായിരുന്നു.
‘‘നിങ്ങള്‍ ഈ തമാശകള്‍ കളഞ്ഞ് കുറച്ചുനേരം ചീട്ടുകളിക്കാന്‍ നോക്കൂ. അല്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ പോയി ഒരു പരാതി കൊടുക്കൂ. എവിടെ നിങ്ങളുടെ മകന്‍? ആ പോരാളിയെ വിളിക്കൂ. വേണമെങ്കില്‍ ഞാനും അവന്‍റെ കൂടെ പോകാം. അതല്ലാതെ, വെറുതെ അതുപോയി, ഇതുപോയി എന്നൊക്കെ കരഞ്ഞ് നേരം കളഞ്ഞിട്ട് ആര്‍ക്കെന്തു പ്രയോജനം! എല്ലാം വിട്ടുകളയൂ! ഇന്നില്‍ മാത്രം ജീവിക്കൂ. അതാണ് ബോധമുള്ളവര്‍ ചെയ്യുക. ഇപ്പോള്‍, നമ്മള്‍ മൂന്നുപേരില്ലേ, എന്തുകൊണ്ട് ക്രിപ്റ്റിക് റമ്മി എന്ന ആ പഴയ കളിതന്നെ കളിച്ചുകൂടാ?’’
അന്നു ഞങ്ങള്‍ കുറച്ചുനേരം കളിച്ചു. കളിയില്‍ താൽപര്യമില്ലാത്ത ഞാനും മനസ്സ് അസ്വസ്ഥനായിരുന്ന ഗോപാല്‍ ബറുവയും എല്ലാ കളികളിലും തോറ്റുപോയി. അക്കാര്യംകൊണ്ടാവാം ഡോക്ടര്‍ക്കു പരാതിയൊന്നുമുണ്ടായിരുന്നില്ല. ദീര്‍ഘനേരം കളിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. ഒരു മണിക്കൂര്‍ സമയം കഴിഞ്ഞപ്പോള്‍ ഗോപാല്‍ ബറുവ തന്നെ കളി അവസാനിപ്പിച്ചു.
അതിനുശേഷവും മോഷണം തുടര്‍ന്നതായി എനിക്കറിയാന്‍ കഴിഞ്ഞു. ഒരിക്കല്‍, ഞാന്‍ കൊടുത്ത പുസ്തകത്തിലെ കോഡുകളെക്കുറിച്ചു സംസാരിക്കാന്‍ ഗോപാല്‍ദാ എന്നെ ഫോണ്‍ ചെയ്തതായിരുന്നു. അത്ഭുതം തന്നെ, സാധാരണ ഫോണ്‍ ചെയ്യാന്‍ ശ്രമിക്കാത്ത ആളാണ്. ഒരുപക്ഷേ, പര്‍വീണ സഹായിച്ചിരിക്കും. പുസ്തകത്തിലെ ലിപിയെക്കുറിച്ചു കുറച്ചുനേരം പറഞ്ഞതിനുശേഷം അദ്ദേഹം രണ്ടുദിവസം മുമ്പു കാണാതായ ചില വിളക്കുകളെയും ഒരു നര്‍ത്തകിയുടെ വെങ്കല ശിൽപത്തെയും കുറിച്ചു പറഞ്ഞു. ഡോക്ടര്‍ സര്‍ക്കാര്‍ പറഞ്ഞതുപോലെ പോലീസ് സ്റ്റേഷനില്‍ ഒന്നു പരാതിപ്പെടുന്നതു നല്ലതായിരിക്കും എന്ന് ഞാന്‍ സൂചിപ്പിച്ചു. അക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തപോമയിയുടെ ഒഴിവുപോലെ വേണം അത്തരം കാര്യങ്ങള്‍ ചെയ്യാന്‍. അയാളിപ്പോള്‍ വലിയ തിരക്കുകളിലാണ്. കത്തിപ്പോയ ക്യാമ്പ് പുനര്‍നിർമിക്കുന്ന ജോലികളില്‍ വ്യാപൃതനായിരിക്കുന്നു. അതു ശരിയാവണം, അയാളെ നേരില്‍ കണ്ടിട്ടും ഫോണില്‍ സംസാരിച്ചിട്ടും കുറച്ചായല്ലോ എന്നോര്‍ത്തു.
പക്ഷേ, കളവുകളുടെ കാര്യത്തില്‍ എനിക്കും അത്ഭുതമായിരുന്നു. പര്‍വീണയെ സംശയിക്കാതെ എന്തുചെയ്യും? എന്നാല്‍, അങ്ങനെയുണ്ടാവുമോ! അങ്ങനെയൊരു ആരോപണം വരുന്നതുതന്നെ അവളെ തകര്‍ത്തുകളയില്ലേ? എന്നാല്‍, അക്കാര്യത്തില്‍ വൈകാതെത്തന്നെ എനിക്കുത്തരം കിട്ടി. ഇത്തവണ തപോമയിയില്‍നിന്നുതന്നെ, നേരിട്ട്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു നാലുമണി സമയത്ത് തപോമയി അപ്രതീക്ഷിതമായി ഓഫീസില്‍ കയറിവന്നു. അപ്രതീക്ഷിതം എന്നുമില്ല, അയാള്‍ എപ്പോള്‍ ഏതുസമയത്ത് വരുമെന്ന് പറയുക പ്രയാസമാണല്ലോ. അയാളുടെ തോളില്‍ പതിവുള്ളതില്‍ കൂടുതല്‍ വലുപ്പമുള്ള ഒരു ചണസഞ്ചിയുണ്ടായിരുന്നു. എന്തെങ്കിലും കടലാസുകള്‍ തരാനോ വാങ്ങാനോ ആവും എന്നു വിചാരിച്ചപ്പോഴേക്കും അയാള്‍ പറഞ്ഞു: ‘‘ഒന്നിനുമല്ല, നിങ്ങള്‍ ബുദ്ധവിഹാരത്തില്‍ പോയിട്ടുണ്ടോ?’’
–ഇല്ലെന്നു ഞാന്‍ പറഞ്ഞു.
‘‘എന്നാല്‍ ഞാന്‍ പോകുന്നുണ്ട്. എന്‍റെ കൂടെ വരൂ. എല്ലാം കാണിച്ചു പറഞ്ഞുതരാം.’’ അതെന്താണ് പൊടുന്നനെ ബുദ്ധവിഹാരത്തിലേക്കൊരു യാത്ര എന്നു തിരക്കിയപ്പോള്‍ അയാള്‍ പറഞ്ഞു, ‘‘ഇന്നാണ് അമ്മ മരിച്ച ദിവസം. ആണ്ടിലൊരിക്കല്‍ എനിക്കൊരു പ്രാർഥന പതിവുള്ളതാണ്.’’
ബുദ്ധക്ഷേത്രത്തില്‍ പോകാനുള്ള ക്ഷണം ഞാന്‍ വേഗം സ്വീകരിച്ചു. വടക്കന്‍ ദില്ലിയില്‍ യമുനയുടെ അരികില്‍ മജ്നു കാ ടില്ല എന്നിടത്താണ് വിഹാരം. ആ പ്രദേശത്ത് തിബത്തന്‍ അഭയാർഥികളുടെ താമസസ്ഥലങ്ങളുണ്ട്. അവര്‍ക്കുവേണ്ടി നിർമിച്ചതാണ് വിഹാരം. പുരോഹിതരും നടത്തിപ്പുകാരുമെല്ലാം ഇപ്പോള്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറ തിബത്തന്‍ ബുദ്ധിസ്റ്റുകള്‍.
അന്നു കുറച്ചു നേരത്തേ പുറത്തിറങ്ങാന്‍ പ്രയാസമുണ്ടായില്ല. ഓഫീസിനു പുറത്ത് ഞങ്ങള്‍ ടാക്സി കാത്തുനിന്നു. ബുദ്ധിസത്തിന്‍റെ ഉള്‍പ്പിരിവുകളെപ്പറ്റിയാണ് അപ്പോള്‍ തപോമയി എന്നോടു പറഞ്ഞത്. പൊതുവേ സമാധാനകാംക്ഷികളായ മഹായാന ബുദ്ധിസ്റ്റുകളാണ് അവരെല്ലാം. തിബത്തില്‍നിന്നു വന്നവരും അതേ പാരമ്പര്യം പങ്കിടുന്നു. അതേസമയം, കൂടുതല്‍ അതേ മതത്തിലെ തോരാവാദാ സരണി ഹിംസാത്മകമാണ്. ശ്രീലങ്കയിലും മ്യാന്മറിലുമൊക്കെയുള്ള അസ്വസ്ഥതകള്‍ക്കു പിന്നില്‍ അവരുടെ അസഹിഷ്ണുതയാണ്. എല്ലാ മതങ്ങളും കാലാന്തരത്തില്‍ ഹിംസയുടെ ചില രൂപങ്ങള്‍ സ്വീകരിക്കുന്നു.
–ദൈവത്തെയല്ല, അമ്മയുടെ ഓർമയെയാണ് താന്‍ വിശ്വസിക്കുന്നതെന്ന് തപോമയി പറഞ്ഞു. അതു പുതുക്കാനാണ് ആണ്ടിലൊരിക്കല്‍ വിഹാരത്തില്‍ പോകുന്നത്.
‘‘നമ്മള്‍ ഖാന്‍ മാര്‍ക്കറ്റിലേക്കാണ് ആദ്യം പോകുന്നത്. ഇത്തിരി വളവാണ്. എന്നാലും അവിടെ ഒരഞ്ചു മിനിട്ടു നേരത്തെ ജോലിയുണ്ട്. കുഴപ്പമില്ലല്ലോ അല്ലേ?’’ അയാള്‍ തുടര്‍ന്നു. ‘‘നിങ്ങളുടെ നാട്ടുകാരില്‍ ചിലരെ പരിചയപ്പെടുത്തിത്തരുകയുമാവാം.’’ അതാരാണ് തപോമയിക്കു പരിചയമുള്ള ഖാന്‍ മാര്‍ക്കറ്റിലെ മലയാളികള്‍ എന്ന് എനിക്കു മനസ്സിലായില്ല.
അവര്‍ നാലു പേരുണ്ട്. അയാള്‍ സൂചിപ്പിച്ചു. ആ സംഘത്തെ തപോമയി ‘മല്ലു മാഫിയ’ എന്നാണ് വിളിക്കുന്നത്.
‘‘ഒരു സീക്രട്ട് സൊസൈറ്റിയാണ്. പുറത്തു കാണുന്നതുപോലല്ല, വലിയ പണക്കാരാണ്. ഡോളറുകള്‍ ലക്ഷങ്ങളില്‍ മറിയുന്നു, അധികവും ബ്ലാക്ക്.’’ എന്താണ് കച്ചവടം എന്ന് അയാള്‍ പറഞ്ഞില്ല.
‘‘അവരുമായിട്ടെങ്ങനെയാണ് തപോമയിക്കു ബന്ധം?’’
അയാള്‍ ചിരിച്ചു: ‘‘നിങ്ങളുടെ ഓഫീസുമായിട്ടെങ്ങനെ ഞാന്‍ ബന്ധപ്പെട്ടു?’’
‘‘സംഘടന വഴിക്കല്ലേ അത്? ഇതുപക്ഷേ, അങ്ങനെയാണോ? പിന്നെ ഞങ്ങള്‍ ഓഫീസില്‍ ബ്ലാക്ക് മണി ഡീല്‍ ചെയ്യുന്നില്ലല്ലോ.’’
‘‘ബ്ലാക്ക് മണിയും മണി തന്നെയല്ലേ! ഇവിടേയും സംഘടനയ്ക്കു വേണ്ടിത്തന്നെ എന്‍റെ പരിശ്രമം. അതു നടത്താന്‍ പണം വേണമല്ലോ. തെറ്റാണെന്നു തോന്നാം, പക്ഷേ സംഘടനയുടെ ലക്ഷ്യം മാത്രമേ ഇപ്പോള്‍ ഞാന്‍ നോക്കുന്നുള്ളൂ. മാര്‍ഗത്തിന്‍റെ കാര്യത്തില്‍ കുറച്ചു ബ്ലാക്കും ആവാം. പുതിയ ഭേദഗതി’’, അയാള്‍ ചിരിച്ചു.
ഖാന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ എടുപ്പുള്ള കച്ചവടസ്ഥാപനങ്ങള്‍ക്കാണ് സ്ഥാനം. പ്രശസ്തമായ ലോധി ഗാര്‍ഡനില്‍നിന്നും വളരെ അടുത്തുള്ള സ്ഥലം. വിശാലമായ പാതകളും കുലീനഭവനങ്ങളും അയല്‍ നിൽക്കുന്നു. പഴയ ദില്ലിയിലെ റിക്ഷകളും ദരിദ്രരായ തെരുവുകച്ചവടക്കാരും അവിടെ കാണുകയില്ല. രണ്ടു വലിയ കെട്ടിടങ്ങള്‍ക്കിടയിലൂടെയുള്ള ചെറിയൊരു ഇടവഴിയിലൂടെ നടന്ന് നാലു നിലകളുള്ള ഒരു കെട്ടിടസമുച്ചയത്തിന്‍റെ ഏറ്റവും മുകളിലെ നിലയിലേക്ക് ലിഫ്റ്റ് വഴി ഞങ്ങള്‍ കയറി. നവീനമാതൃകയിലുള്ള കെട്ടിടമായിരുന്നു അത്. പണികഴിപ്പിച്ചിട്ട് അധികം കാലമായിട്ടില്ലെന്നു തോന്നിച്ചു. തറയില്‍ പാകിയ മാര്‍ബിള്‍ പലകകള്‍ മുതല്‍ ചുവരിലെ അലങ്കാരങ്ങളും വിളക്കുകളും സ്വിച്ചുകളും മുതല്‍ കട്ടികൂടിയ ചില്ലുകൊണ്ടു നിർമിച്ച ലിഫ്റ്റുവരെ അതിന്‍റെ പുതുമ തെളിയിക്കുന്നതായിരുന്നു.
‘‘ഈ പുത്തന്‍ സംവിധാനങ്ങളൊന്നും നോക്കേണ്ട, മല്ലു മാഫിയക്കാരുടെ കച്ചവടം വെറും പഴഞ്ചനാണ്’’, തപോമയി കണ്ണിറുക്കിക്കാണിച്ചുകൊണ്ടു പറഞ്ഞു. അതെനിക്കു മനസ്സിലായില്ല. മല്ലു മാഫിയക്കാരെ ഞാനെന്തിനു കാണണം, പരിചയപ്പെടണം എന്ന കാര്യവും എനിക്കറിയില്ലായിരുന്നു. തപോമയിയുടെ കൂടെ ഒരു വൈകുന്നേരം ചെലവഴിക്കുകയായിരുന്നു എന്‍റെ താൽപര്യം. അയാള്‍ ഒരു വിചിത്രമനുഷ്യനാണെന്ന് എനിക്കു തോന്നിയിരുന്നു. ഒരുപക്ഷേ, വിചിത്രവ്യക്തികളില്‍ത്തന്നെ അപൂർവമായ ചില സവിശേഷതകളുള്ള ഒരാള്‍. കുറച്ചു നാളുകളായിട്ടേയുള്ളൂ അയാളുമായി സൗഹൃദം സ്ഥാപിച്ചിട്ട് എന്നിരുന്നാലും വളരെയേറെക്കാര്യങ്ങള്‍ അയാളില്‍നിന്നും മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞിരുന്നു. അയാളുടെ ജീവിതം, ക്യാമ്പിലെ പ്രവര്‍ത്തനം എന്നുവേണ്ട ആ പുരാതനമായ വീടും അയാളേക്കാള്‍ വിചിത്രമായ ജീവിതമുള്ള അച്ഛനുമൊക്കെ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്.
അപ്പോള്‍ എനിക്ക് ഗോപാല്‍ ബറുവയുടെ ഫോണ്‍ വന്ന കാര്യം ഓർമ വന്നു. അദ്ദേഹം വല്ലാതെ അസ്വസ്ഥനാണല്ലോ. ഫ്ലാസ്കോ കുടയോ പോകുന്നതുപോലെയല്ല, ഇപ്പോള്‍ നിധിപോലെ സൂക്ഷിച്ച പലതും കാണാതാവുന്നു. പോലീസില്‍ ഒരു പരാതി കൊടുക്കണമെന്നു ഞാന്‍ സൂചിപ്പിച്ചു.
‘‘എന്തിന്! മകന്‍ ജയിലില്‍ പോകണമെന്നാണോ അച്ഛന്‍ ആഗ്രഹിക്കുന്നത്?’’ അയാള്‍ ചോദിച്ചു. ഞാന്‍ അയാളെ അമ്പരപ്പോടെ നോക്കി.
‘‘മോഷണം ഇനിയും നടക്കും എന്നാണ് തോന്നുന്നത്’’, തപോമയി പറഞ്ഞു. ‘‘അച്ഛന്‍ വിഷമിച്ചിട്ടു കാര്യമില്ല.’’ തപോമയി ചിരിച്ചു. അത്തരം കാര്യങ്ങളില്‍ അയാള്‍ എപ്പോഴും ഉദാസീനനായിരുന്നുവെന്ന് ഞാന്‍ ഓര്‍ത്തു. ഞങ്ങള്‍ മല്ലു മാഫിയക്കാരുടെ സ്ഥാപനം സ്ഥിതിചെയ്യുന്ന നിലയിലേക്കു പോകാനായി ലിഫ്റ്റില്‍ കയറി.
‘‘കള്ളനെ കണ്ടെത്താനൊന്നുമില്ല. അയാള്‍ നിങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നു, ഈ ലിഫ്റ്റില്‍...’’, അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. ഞങ്ങള്‍ നാലാമത്തെ നിലയിലെത്തി.
ലിഫ്റ്റില്‍നിന്നും പുറത്തുകടന്ന ശേഷം ഒരു നിമിഷം സംശയിച്ചശേഷം തപോമയി പറഞ്ഞു: ‘‘അതേയതേ, വലത്തോട്ടുതന്നെയാണ്. എനിക്കൊരു സംശയം വന്നു എന്നുമാത്രം. സംശയിക്കേണ്ടാ, അച്ഛന്‍റെ പുരാവസ്തുക്കള്‍ കൊണ്ടുപോയി വിൽക്കുന്ന മോഷ്ടാവ് ഇപ്പോള്‍ നിങ്ങള്‍ക്കൊപ്പം തന്നെയുണ്ട്.’’ കുറച്ചു നാടകീയമായി അയാള്‍ എന്നെ നോക്കിക്കൊണ്ടു തുടര്‍ന്നു, ‘‘ഞാന്‍ തന്നെയാണത്. സംശയിക്കേണ്ടാ. പക്ഷേ, വസ്തുക്കള്‍ കാണാതെപോകുന്നത് അച്ഛന്‍ ഇത്രവേഗം കണ്ടുപിടിക്കും എന്നു ഞാന്‍ വിചാരിച്ചില്ല.’’
ഗോപാല്‍ ബറുവയുടെ ഓർമയെല്ലാം കുറഞ്ഞുവരികയല്ലേ, അപ്പോള്‍ പഴയ ഈ സാധനങ്ങളൊന്നും അദ്ദേഹം ശ്രദ്ധിക്കുകയില്ലെന്നായിരുന്നു മകന്‍റെ വിചാരം. പലതും കുറേക്കാലമായി ഒരു നോട്ടവുമില്ലാതെ പൊടിപിടിച്ചു കിടക്കുന്നു. ലോഹവസ്തുക്കളില്‍ ക്ലാവുപറ്റിയിരിക്കുന്നു. ഇനിയുള്ള ജീവിതകാലത്ത് അതൊന്നും പഠിക്കാനോ ആസ്വദിക്കാനോ ഉള്ള ശേഷി അച്ഛനുണ്ടാവുകയില്ലെന്നല്ലേ വിചാരിക്കുക? പക്ഷേ, തന്‍റെ അച്ഛന്‍ ഒരു വിചിത്രജന്മമാണ്. ആളുകള്‍ വിചാരിക്കുന്നതാവില്ല അദ്ദേഹം പ്രവര്‍ത്തിക്കുക. കാലിലെ പരിക്കുകള്‍ മാറി അൽപമൊന്നു നടക്കാറായപ്പോള്‍ പുരാവസ്തുക്കള്‍ അന്വേഷിക്കലായി. കോണി കയറുകയായി. ഇനി എല്ലാം തപ്പും, ഓരോ മുറിയിലും പോകും, ഓരോന്നും കണ്ടുപിടിക്കും.
‘‘ഇക്കാര്യത്തില്‍ എന്‍റെ ഗുരു രാജുവാണ്, നമ്മുടെ പഴയ ഹോം നഴ്സ്’’, തപോമയി പറഞ്ഞു, ‘‘അവന്‍ ഓരോ സാധനം കൊണ്ടു വിൽക്കുമ്പോഴും അച്ഛന്‍ പറയും, ഈ മടയന്‍ കത്തിയും കുടയും പാത്രവുമൊക്കെയേ കൊണ്ടുപോകുന്നുള്ളൂ എന്ന്. വിലപിടിപ്പുള്ള സാധനങ്ങള്‍ എത്രയെണ്ണം ഇവിടെയിരിക്കുന്നു! അതായത് അച്ഛന്‍ എന്നെ പ്രചോദിപ്പിച്ചു എന്നും പറയാം. അച്ഛന്മാരല്ലാതെ മക്കളെ ആരു പ്രോത്സാഹിപ്പിക്കും?’’
‘‘എനിക്കു വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ്’’, തപോമയി തുടര്‍ന്നു. ‘‘അല്ലെങ്കിലും ഇനി അച്ഛന്‍ ഇതെല്ലാം െവച്ചുകൊണ്ട് എത്രകാലം ജീവിക്കും? അദ്ദേഹം പോയാല്‍ ഞാനിതെല്ലാം എടുത്തു സൂക്ഷിച്ച് കാവല്‍ നിൽക്കുമെന്നാണോ കരുതുന്നത്? ഒന്നും നടപ്പുള്ള കാര്യമല്ല.’’
‘‘എന്താണ് നിവൃത്തിയില്ലെന്നു പറഞ്ഞത്?’’ ഞാന്‍ തിരക്കി.
‘‘ഇപ്പോള്‍ വേണ്ടത് പണമാണ്. അല്ലാതെ പ്രാചീന സംസ്കാരമല്ല. സംസ്കാരമൊക്കെ വിശപ്പു മാറിയതിനുശേഷം ഉണ്ടാവേണ്ട കാര്യമാണെന്ന് നമ്മള്‍ പഠിച്ചിട്ടില്ലേ? ക്യാമ്പിലെ കാര്യം വലിയ കഷ്ടമാണ്. കിട്ടാവുന്ന സഹായങ്ങളുടെ രേഖകള്‍പോലും നശിച്ചുപോയി. എങ്ങനെയൊക്കെയോ വീണ്ടും കുടിലുകള്‍ കെട്ടിപ്പൊക്കി. വലിയ കടം വന്നു. പിന്നെ, കുട്ടികളും വയസ്സു ചെന്നവരുമടക്കം പത്തുനാനൂറു പേര്‍ക്കു ഭക്ഷണം കഴിക്കേണ്ടേ? മനുഷ്യര്‍ ജീവിക്കേണ്ടുന്നതിനേക്കാള്‍ വലുതാണോ മ്യൂസിയങ്ങളുടെ സംരക്ഷണം?’’
–ഞാന്‍ ഒന്നും പറഞ്ഞില്ല. കാരണം, അതിനുള്ള മറുപടി എനിക്കറിഞ്ഞുകൂടാ. മനുഷ്യരുടെ മുന്‍ഗണനകള്‍ നിശ്ചയിക്കുന്നത് അവരുടെ സാഹചര്യങ്ങളല്ലേ?
‘‘ഒരു കാര്യമുണ്ട്, അങ്ങനെയാണ് ഞാന്‍ ആശ്വസിക്കുന്നതും’’, തപോമയി എന്നെ നോക്കിക്കൊണ്ടു പറഞ്ഞു, ‘‘ഞാന്‍ ഈ വസ്തുക്കളൊന്നും നശിപ്പിക്കുകയല്ലല്ലോ. ഒരുപക്ഷേ, കൂടുതല്‍ സുരക്ഷിതമായ കൈകളിലേക്ക് ഏൽപിക്കുകയാണ്. പഴയ വസ്തുക്കള്‍ ശേഖരിക്കുന്ന സമ്പന്നന്മാർക്ക്, അവരുടെ സ്വകാര്യ മ്യൂസിയങ്ങളിലേക്കാണ് ഇതെല്ലാം കൈമാറുന്നത്. അതിനു കുറച്ചു പണം നമ്മള്‍ വാങ്ങുന്നുവെന്നല്ലേയുള്ളൂ.’’
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.