തപോമയിയുടെ അച്ഛൻ

‘മല്ലു മാഫിയ’ എന്നതു വെറുതെ കളിയാക്കി വിളിക്കുന്ന പേരല്ല; അതുതന്നെയാണ് അവരുടെ ഓഫീസിനു മുന്നില്‍ എഴുതിവെച്ചിരിക്കുന്നതും. മല്ലു മാഫിയ, ദ ‘ക്യൂരിയ’സ് ട്രൈബ് (The Mallu Mafia, the ‘curio’us tribe) ഓഫീസ് ചെറുതാണ്: വെറും രണ്ടു ക്യൂബിക്കിളുകള്‍ മാത്രം ചേര്‍ത്തു​െവച്ച ചെറിയൊരു സ്ഥലം. ഒരു മേശ, അതിനിരുപുറവുമായി നാലഞ്ചു കസേരകള്‍, രണ്ടു ഡെസ്ക്ടോപ് കമ്പ്യൂട്ടറുകള്‍, ഒരു വശത്തായി ചുവരിനോടു ചേര്‍ന്ന് തെന്നിനീക്കാവുന്ന ചില്ല് അടപ്പുകളുള്ള ഒരു ഷെല്‍ഫ്, അതിന്‍റെ മുകളിലായി സ്വര്‍ണമൊക്കെ പണയംവെക്കുന്ന സ്ഥലങ്ങളില്‍ കാണാവുന്നതുപോലുള്ള ഒരു ചെറിയ ത്രാസ്. തീര്‍ന്നു. എയര്‍കണ്ടീഷനറിലെ താപനില തീരെ...

‘മല്ലു മാഫിയ’ എന്നതു വെറുതെ കളിയാക്കി വിളിക്കുന്ന പേരല്ല; അതുതന്നെയാണ് അവരുടെ ഓഫീസിനു മുന്നില്‍ എഴുതിവെച്ചിരിക്കുന്നതും. മല്ലു മാഫിയ, ദ ‘ക്യൂരിയ’സ് ട്രൈബ് (The Mallu Mafia, the ‘curio’us tribe) ഓഫീസ് ചെറുതാണ്: വെറും രണ്ടു ക്യൂബിക്കിളുകള്‍ മാത്രം ചേര്‍ത്തു​െവച്ച ചെറിയൊരു സ്ഥലം. ഒരു മേശ, അതിനിരുപുറവുമായി നാലഞ്ചു കസേരകള്‍, രണ്ടു ഡെസ്ക്ടോപ് കമ്പ്യൂട്ടറുകള്‍, ഒരു വശത്തായി ചുവരിനോടു ചേര്‍ന്ന് തെന്നിനീക്കാവുന്ന ചില്ല് അടപ്പുകളുള്ള ഒരു ഷെല്‍ഫ്, അതിന്‍റെ മുകളിലായി സ്വര്‍ണമൊക്കെ പണയംവെക്കുന്ന സ്ഥലങ്ങളില്‍ കാണാവുന്നതുപോലുള്ള ഒരു ചെറിയ ത്രാസ്. തീര്‍ന്നു. എയര്‍കണ്ടീഷനറിലെ താപനില തീരെ കുറച്ചു​െവച്ചിട്ടുള്ളതുകൊണ്ട് പുറത്തുനിന്നും വാതില്‍ തുറക്കുമ്പോള്‍ത്തന്നെ തണുപ്പുകാറ്റടിക്കുന്നതുപോലെ തോന്നും.

ഹരി, സിദ്ധന്‍, ഋഷി ജോര്‍ജ്, ആന്‍ മറിയ: ഇവരായിരുന്നു തപോമയി പറഞ്ഞ മലയാളികള്‍. അവരുടെ പേരുകള്‍ ഓഫീസിനുള്ളില്‍ ഒരു നീലഫലകത്തില്‍ വെളുത്ത അക്ഷരങ്ങളില്‍ എഴുതിവെച്ചിരുന്നു. ഋഷി അന്ന് അവധിയിലായിരുന്നു. അയാളുടെ ഭാര്യയാണ് മറിയാമ്മ എന്ന് അവര്‍ വിളിക്കുന്ന ആന്‍ മറിയ. ആണുങ്ങള്‍ മൂന്നുപേരും ബംഗളൂരുവില്‍ പല സ്ഥാപനങ്ങളിലായി ജോലിചെയ്യുകയായിരുന്നു. രാപ്പകല്‍ തീരാത്ത ജോലി മടുത്തപ്പോള്‍ പുതിയ ചില സ്റ്റാര്‍ട്അപ്പുകള്‍ക്കായി പുറപ്പെട്ടതാണ്. പരീക്ഷണം എന്നനിലയില്‍ ഓണ്‍ലൈനില്‍ പലതും വിറ്റുനോക്കി. ഓര്‍ഗാനിക് പച്ചക്കറികള്‍ മുതല്‍ ഫാഷന്‍ ഉൽപന്നങ്ങള്‍ വരെ.

എന്‍ട്രന്‍സ് ടെസ്റ്റുകള്‍ക്കായി സയന്‍സും കണക്കും പഠിപ്പിക്കുന്ന ആനിമേഷന്‍ ഫിലിം മുതല്‍ സ്റ്റോക് ട്രെയിഡിങ്ങിനുള്ള ഗൈഡുകള്‍ വരെ. ഒന്നും പച്ച കൊത്തിയില്ല. അക്കാലത്തൊക്കെ ആന്‍ മറിയ അവരുടെ കൂടെയില്ലായിരുന്നു. പക്ഷേ, ഈ സംരംഭത്തിന്‍റെ ചാലകശക്തി അവളാണ്. ആണുങ്ങള്‍ ഇപ്പറഞ്ഞ കച്ചവടങ്ങളെല്ലാം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആന്‍ മറിയ തന്‍റെ കൗതുകത്തിന് മ്യൂസിയങ്ങളും ആർട്ട് ഗാലറികളും സന്ദര്‍ശിക്കുക പതിവായിരുന്നു. അവിടെയുള്ള പലരെയും അവള്‍ക്കു പരിചയമായി. ചില ഗാലറികളില്‍ ഓണ്‍ലൈനില്‍ ലേലം നടക്കുമ്പോള്‍ ഒരു തമാശക്ക് അവളും പോകും. അതിനൊരു കാരണവുമുണ്ട്. അവള്‍ പുണെയില്‍ ഡെക്കാന്‍ കോളജില്‍ മ്യൂസിയോളജി പഠിച്ചിരുന്നു. മറ്റു പലര്‍ക്കും അബദ്ധങ്ങള്‍ എളുപ്പം പറ്റാവുന്ന ഒരു മേഖലയില്‍ തന്‍റെ അക്കാദമിക് അറിവുകള്‍ അവളെ സഹായിച്ചു. കുറച്ചുകാലം കൊണ്ടുതന്നെ സ്ഥിരം മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുന്ന പലര്‍ക്കും സംശയങ്ങള്‍ തീര്‍ക്കാനുള്ള ഒരാളെന്ന നിലയിലേക്ക് ആന്‍ മറിയ മാറി.

ഋഷിയെ വിവാഹം കഴിച്ച് ബംഗളൂരുവിലേക്കു വന്നപ്പോള്‍ അവള്‍ തന്‍റെ കൈവശമുള്ള വസ്തുക്കളെല്ലാം കൂടെക്കൊണ്ടുപോന്നു. മറിയാമ്മയുടെ പുരാവസ്തുക്കളോടുള്ള കമ്പമാണ് പിന്നീട് എല്ലാവരും ചേര്‍ന്നുള്ള ഓണ്‍ലൈന്‍ സ്റ്റോര്‍ ആയി പരിണമിക്കുന്നത്. അതു തുടങ്ങിയപ്പോള്‍ മല്ലു മാഫിയക്കു മനസ്സിലായി: ഈ വിഷയത്തില്‍ വലിയ താൽപര്യമുള്ള ഒരു സമൂഹം ചുറ്റുമുണ്ട്. അത് ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നില്ല. അവര്‍ രാജ്യത്തിന്‍റെ പലേ ഭാഗത്തേക്കും യാത്ര ചെയ്യാനും പഴയ വസ്തുക്കള്‍ ശേഖരിക്കാനും ആരംഭിച്ചു. ആദ്യകാലത്ത് കുറേ അബദ്ധങ്ങള്‍ പറ്റിയിരുന്നു. ചില എടുക്കാച്ചരക്കുകള്‍ വാങ്ങി കൈപൊള്ളി. അങ്ങനെ പൊള്ളുമ്പോളല്ലേ തീയിനെക്കുറിച്ചു കൂടുതല്‍ മനസ്സിലാവുക! കാര്യങ്ങള്‍ നന്നായി പഠിക്കാന്‍ അതവരെ പ്രേരിപ്പിച്ചു. പുസ്തകങ്ങള്‍, വെബ്സൈറ്റുകള്‍, മ്യൂസിയങ്ങളിലേക്കുള്ള പര്യടനങ്ങള്‍, ഈ മേഖലയിലുള്ള ആളുകളുമായുള്ള സ്ഥിരബന്ധം. കുറച്ചുകാലത്തെ പരിചയം ​െവച്ച് ഇപ്പോള്‍ വസ്തുക്കളുടെ മൗലികത അവര്‍ക്കു പിടികിട്ടും. കണ്ടാലറിയാം അവയുടെ പഴക്കം, ഏറക്കുറെ. പുരാവസ്തുക്കളുടെ ചിത്രങ്ങളെടുത്ത് ആവശ്യക്കാര്‍ക്ക് അയക്കും. നേരിട്ടോ അല്ലാതെയോ വില്‍ക്കും.

‘‘കുറച്ചു ഷേഡി ഡീലായിട്ടു തോന്നും’’, വടകരക്കാരനായ ഹരി പറഞ്ഞു, ‘‘അല്ലാതെ നടക്കില്ല.’’ അയാള്‍ ചാര്‍ട്ടേഡ് എക്കൗണ്ടന്‍റാണ്. അവരുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു.

തപോമയി ചോദിച്ചു: ‘‘ആ സന്യാസിയുടെ കാര്യം എന്തായി?’’

‘‘ഏതു സന്യാസി?’’ സിദ്ധന്‍ ചോദിച്ചു. സോഫ്റ്റ് വെയര്‍ എൻജിനീയറായിരുന്നു അയാള്‍. മല്ലു മാഫിയയുടെ വെബ് ഡിസൈനര്‍. കോട്ടയം സ്വദേശി.

‘‘ആ വിഗ്രഹം, എന്താ അതിന്‍റെ പേര്? ഹീയീസ് എ ജെയിന്‍ സെയിന്‍റ്. ന്യൂഡ് വണ്‍.’’

‘‘മറിയാമ്മേ, ഇയാളെന്താ പറയുന്നത്?’’ സിദ്ധന്‍ തിരക്കി.

‘‘ഹഹഹ, ഈ ചേട്ടായിയുടെ ഡിസ്ക്രിപ്ഷന്‍ കേട്ടാല്‍ ഒള്ള കച്ചോടം മുടങ്ങും.’’ മറിയാമ്മ അയാളോടു മലയാളത്തില്‍ പറഞ്ഞു. പിന്നെ തപോമയിയുടെ നേര്‍ക്കു തിരിഞ്ഞു: ‘‘ദാദാ, ദിസീസ് തീർഥങ്കര, ലൈക് ബാഹുബലി. ഇഫ് യു ഫൈന്‍റ് ഇറ്റ് ഹാര്‍ഡ് റ്റു റിമംബര്‍ കറക്ട്ലി, തിങ്ക് ഓഫ് ദാറ്റ് ഫിലിം. ഫോര്‍ എ ക്ലൂ.’’

തപോമയി ചിരിച്ചു.

ഗോപാല്‍ ബറുവ ആ ബംഗ്ലാവിന്‍റെ പഴമ മണക്കുന്ന മുറികളില്‍ കയറി നിരന്തരം തിരഞ്ഞുകൊണ്ടിരിക്കുന്ന തീർഥങ്കരന്‍റെ പ്രതിമ, ഇതാ ഈ മല്ലുമാഫിയയുടെ കൈവശമുണ്ട്. മറ്റുള്ളവയും കാണും, അല്ലെങ്കില്‍ ഉടന്‍ എത്തിച്ചേരും.

‘‘അതു കൊള്ളാം’’, സിദ്ധന്‍ അറിയിച്ചു, ‘‘പക്ഷേ, അത് ഒരു മോള്‍ഡാണ്. ഫോട്ടോ ചിലര്‍ക്കു വിട്ടിട്ടുണ്ട്. ഒന്നുരണ്ടു പേര്‍ അന്വേഷിച്ചുപോയിട്ടുണ്ട്. നോക്കാം.’’ പഴക്കമുണ്ട് എന്നുള്ളതു ശരിയാണെന്ന് മറിയാമ്മ സമ്മതിച്ചു. പതിനഞ്ചാം നൂറ്റാണ്ടിനോടടുത്താണ് അതിന്‍റെ കാലം.

തപോമയി സഞ്ചിയില്‍നിന്നും ഒരു ചെറിയ കളിമണ്‍ശിൽപം എടുത്ത് അവര്‍ക്കു കൊടുത്തു. അതെനിക്കു പെട്ടെന്നു മനസ്സിലായി. സൈന്ധവഖനനങ്ങളില്‍നിന്നു കിട്ടിയ പുരോഹിതനെന്നോ രാജാവെന്നോ പറയാവുന്ന ഒരാളുടെ ശിൽപമാണ്. രണ്ടു കൈകളും അറ്റുപോയിരിക്കുന്നു. വശങ്ങളിലേക്കു ചേര്‍ത്തിട്ടിരിക്കുന്ന വസ്ത്രത്തില്‍ പൂക്കളുടെ ചിഹ്നങ്ങള്‍. താടി, പാതിമുറിഞ്ഞ മൂക്ക്. ഒരുവശം ചെരിഞ്ഞുള്ളതാണ് അതിന്‍റെ രൂപം.

മറിയാമ്മ ഒറ്റനോട്ടത്തില്‍ പറഞ്ഞു: ‘‘ഇതൊന്നും പോവില്ല ഭായി. നിങ്ങള്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്ന പശുപതിയുടെ പോലുള്ള ഒരു മാതൃക മാത്രമാണിത്. അതും പത്തോ പതിനഞ്ചോ വര്‍ഷം മുമ്പ് ആരോ ഉണ്ടാക്കിയത്.’’

‘‘ഡോക്ടര്‍ സന്താനം?’’ ഞാന്‍ തപോമയിയോടു ചോദിച്ചു. അയാള്‍ തലയാട്ടി.

‘‘അതേ. അല്ലെങ്കില്‍ അത്തരം മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ആരോ, സ്വയം പഠിക്കാനായി ഉണ്ടാക്കിയതാണ്. വേറെയെന്തെങ്കിലും കൊണ്ടുവരൂ. സംതിങ് ഒറിജിനല്‍, ആന്‍ഷ്യന്‍റ്’’, മറിയാമ്മ പറഞ്ഞു. കുറച്ചുനേരം അതിലേക്കുതന്നെ നോക്കിയശേഷം അവള്‍ അത് തപോമയിക്കുതന്നെ തിരിച്ചുകൊടുത്തു. ഏറ്റവും പുതിയ കാലത്ത് കൂടുതല്‍ പഴക്കമുള്ള വസ്തുക്കള്‍ തേടിക്കൊണ്ടിരിക്കുന്ന ഒരു വ്യാപാരം കൗതുകകരമായിത്തോന്നി.

‘‘ഇയാള്‍ക്കിതിലൊന്നും ഒരു പിടിയുമില്ലെന്നു തോന്നുന്നു’’, ഹരി എന്നോടു മലയാളത്തില്‍ പറഞ്ഞു, ‘‘വെറുതെ ഒരു ഫോട്ടോയെടുത്തു ഗൂഗിളിലിട്ടാല്‍ത്തന്നെ സംഗതി മനസ്സിലാക്കാവുന്നതല്ലേയുള്ളൂ. ഇത്രദൂരം വരണോ!’’

തപോമയിക്ക് അതിലൊന്നും ഉത്സാഹമില്ലാതിരുന്നിട്ടാണ് എന്നെനിക്കറിയാം. അല്ലായിരുന്നെങ്കില്‍ ഇത്തരം കാര്യങ്ങള്‍ പഠിക്കാന്‍ അയാള്‍ക്കെന്തെളുപ്പമായിരുന്നു! ഏതു സർവകലാശാലകളിലുമുള്ളതിനേക്കാളും വലിയ പണ്ഡിതര്‍ക്കൊപ്പമല്ലേ ബാല്യകാലംതൊട്ട് അയാളുടെ സഹവാസം? കുറച്ചുനേരം അവരുടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ഞങ്ങള്‍ അവിടെത്തന്നെയിരുന്നു. ആന്‍ മറിയയാണ് ഓഫീസിന്‍റെ ചുമതലക്കാരിയെന്നു തോന്നുന്നു. മല്ലു മാഫിയയുടെ വെബ്സൈറ്റിന്‍റെ വിവരങ്ങള്‍ ഞാന്‍ കുറിച്ചെടുത്തു. പലതും ശരിയാക്കിവരുന്നതേയുള്ളൂവെന്ന് സിദ്ധന്‍ അപ്പോള്‍ എന്നോടു പറഞ്ഞു. പുറത്തേക്കിറങ്ങുമ്പോള്‍ ഞാന്‍ ചോദിച്ചു: ‘‘തപോമയി, കുറച്ചു വൈകിയാലും ഇത് അച്ഛന്‍ അറിയില്ലേ?’’

‘‘അറിയുമായിരിക്കും. ശരിക്കും ഇപ്പോള്‍ ആലോചിച്ചാലും അദ്ദേഹത്തിനു മനസ്സിലാവും. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു.’’

ഞങ്ങള്‍ ലിഫ്റ്റില്‍ കയറി താഴേക്കു സഞ്ചരിച്ചു.

‘‘അധികമായിട്ടില്ല’’, അയാള്‍ പറഞ്ഞു, ‘‘മൊട്ടുസൂചിയും പേനയുമൊക്കെയല്ലേ വീട്ടില്‍നിന്നും കാണാതായിരുന്നത്? അപ്പോള്‍ അച്ഛന്‍ പറയും, പഴയതൊന്നും പോകുന്നില്ല. എടുത്താല്‍ അവന്‍ പണക്കാരനാവും എന്നൊക്കെ. രാജു പോയി. മോഷണവും നിലച്ചു. പക്ഷേ, വെള്ളപ്പൊക്കത്തിനുശേഷം പണമില്ലാതെ വന്നപ്പോള്‍ ഞാന്‍ ആലോചിച്ചു. എത്രമാത്രം ബാങ്കുകളാണ് ഈ നഗരത്തില്‍! ഒരെണ്ണം കൊള്ളയടിച്ചാലെന്താ! പക്ഷേ, അതിനുമാത്രമുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ എനിക്കില്ല. അപ്പോഴാണ് രാജുവിന്‍റെ മാതൃക മനസ്സില്‍ വന്നത്. അങ്ങനെ പുരാവസ്തുക്കള്‍ എടുക്കുന്ന സ്ഥലങ്ങള്‍ തപ്പി. നെറ്റില്‍നിന്നാണ് ഇവരുടെ വിലാസം കിട്ടിയത്. മല്ലു മാഫിയ! ഹൗ സ്ട്രേഞ്ച്! ഒരു പഴയ വിളക്കിന് അവര്‍ വലിയ വില തന്നു. പിന്നെ ഒരു നര്‍ത്തകിയുടെ ശിൽപം. സംഗതി മോശമല്ലെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്. നിങ്ങള്‍ മല്ലൂസ് കച്ചവടക്കണ്ണുള്ളവരാണ്. എന്നാലും നമുക്കു കിട്ടാനുള്ളതു തരും.’’

അറിഞ്ഞാലും ഇതെല്ലാം താന്‍ ചെയ്യുന്നതില്‍ അച്ഛന് വിഷമമുണ്ടാവില്ലെന്നാണ് തപോമയിയുടെ ഊഹം. പക്ഷേ, ഇതെല്ലാം അദ്ദേഹത്തെ ഏൽപിച്ചിട്ടാണ് സന്താനം സാര്‍ പോയത്. അപ്പോള്‍ അദ്ദേഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റിയില്ലല്ലോ എന്ന വിഷമം കാണും. ‘‘അതും സാരമില്ല. സന്താനം സാര്‍ ക്ഷമിച്ചോളും. മരിച്ചവര്‍ക്ക് വിട്ടുപോയ ലോകത്തിലെ ആസ്തിയെക്കുറിച്ച് ഒരു പരിധിയില്‍ക്കവിഞ്ഞ ആധി പാടില്ല എന്നാണ് എന്‍റെ വിശ്വാസം. ശരിയല്ലേ?’’ തപോമയി എന്നെ നോക്കി ചിരിച്ചു.

‘‘എനിക്കൊരു വിഷമമേയുള്ളൂ, ഈ കളവ് പര്‍വീണ ചെയ്യുന്നതാണെന്ന് അച്ഛനു തോന്നരുത്. അത്തരമൊരു ആരോപണം താങ്ങാന്‍ അവള്‍ക്കു കഴിഞ്ഞെന്നു വരില്ല.’’

ന്യായമായും പര്‍വീണയെ സംശയിക്കാമല്ലോ എന്നു ഞാനും ഓര്‍ത്തു. പക്ഷേ, അന്നത്തെ സംഭാഷണങ്ങളില്‍ അവളുടെ പേരു വന്നിരുന്നില്ലെന്നത് അത്ഭുതമായിരുന്നു.

‘‘അതുകൊണ്ട് ഇക്കാര്യം ഞാന്‍ ഒരാളോട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ നിങ്ങള്‍ രണ്ടാമത്തെ ആളാണ്. എന്നെങ്കിലും വിവാദമുണ്ടായാല്‍ എന്‍റെ കൂടെ നിൽക്കണം എന്നുള്ളതാണ് എന്‍റെ അപേക്ഷ.’’

‘‘ആര്‍ക്കാണ് പിന്നെ കാര്യങ്ങള്‍ അറിയാവുന്നത്?’’

‘‘തപസ്സ് അങ്കിളിനറിയാം’’, തപോമയി പറഞ്ഞു, ‘‘ഞങ്ങള്‍ തമ്മില്‍ ഒരു ഡീലുണ്ടാക്കി.’’ ഡോക്ടര്‍ സര്‍ക്കാറിനറിയാമെന്നോ! അദ്ദേഹം ഗോപാല്‍ ബറുവയുടെ മുന്നില്‍ വെച്ചു നടത്തിയ നാടകം എനിക്കപ്പോള്‍ ഓർമവന്നു. ആ പെണ്‍കുട്ടിയുടെ പേരുപോലും അദ്ദേഹം പരാമര്‍ശിച്ചില്ലേ? അപ്പോഴും ഗോപാല്‍ദായാണ് അതു വിലക്കിയത്. എന്തൊരു നാടകമായിരുന്നു, അപ്പോഴത്!

ഇനി, എന്താണ് ആ ഡീല്‍? പുരാവസ്തുക്കള്‍ വിൽക്കുന്നതിലുള്ള പങ്കുപറ്റുകയാണോ ആത്മീയാചാര്യന്‍?

‘‘ഏയ്. ഉദ്ദേശിക്കുന്നതുപോലെ കമീഷനൊന്നുമല്ല. ഡോക്ടര്‍ക്ക് പണത്തിനോട് ഒരു താൽപര്യവുമില്ല. അച്ഛന്‍ കുത്തിവരച്ച ചില കടലാസുകള്‍ എടുത്തുകൊടുക്കണം. അതാണ് അങ്കിളിന്‍റെ ആവശ്യം. അതിലെന്തൊക്കെയോ രഹസ്യങ്ങളുണ്ടെന്ന് അദ്ദേഹം കരുതുന്നു.’’

‘‘എന്നിട്ട്?’’

‘‘എന്നിട്ടെന്താ, നാലഞ്ചു ഷീറ്റു പേപ്പറുകള്‍ ഞാന്‍ സംഘടിപ്പിച്ചുകൊടുത്തു. ഇനിയും ചിലതു കൊടുക്കും. അതുകൊണ്ട് സംഗതി വെളിച്ചത്തായാലും മൂപ്പര്‍ എന്‍റെ ഭാഗത്തു നിൽക്കുമായിരിക്കും. പുരാവസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നതിനെപ്പറ്റി അച്ഛനോട് വഴക്കുണ്ടാക്കാന്‍പോലും സാധ്യതയുണ്ട്.’’

ആ സമയത്ത് തപോമയിക്ക് ഒരു ഫോണ്‍ വന്നു. അതിനു മറുപടി പറയുമ്പോള്‍ അയാളുടെ മുഖം പ്രസന്നമാവുന്നതു ഞാന്‍ കണ്ടു.

‘‘ഞാന്‍ വീണ്ടും അവരുടെയടുത്തു പോയിട്ട് ഇപ്പോള്‍ വരാം. ആ സ്റ്റാച്യൂ, എന്താ അത്, സിനിമയുടെ പേര് എപ്പോഴും മറക്കും, യേസ് ബാഹുബലി. അത് സെയിലായിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്.

ഈ ബാഗൊന്ന് പിടിക്കൂ, ഒരു നിമിഷം, ഞാനിപ്പോള്‍ വരാം’’, തപോമയി പറഞ്ഞു.

തിരികെ വരുമ്പോള്‍ അയാളുടെ കൈയില്‍ ഒരു കവറുണ്ടായിരുന്നു. തന്‍റെ ജ്യൂട്ട് ബാഗില്‍ അയാളതു തുറന്നുനോക്കാതെ നിക്ഷേപിച്ചു. ‘‘മല്ലുമാഫിയ തന്നെ അഡ്വാന്‍സാണ്. വിചാരിച്ചത്ര വിലയ്ക്കല്ല കച്ചവടം. എന്നാലും ഇന്നു കിട്ടിയത് ഉപകാരമായി.’’

അവിടെനിന്നും ഞങ്ങള്‍ മറ്റൊരു ടാക്സി വിളിച്ച് മജ്നു കാ ടില്ല എന്ന പ്രദേശത്തുള്ള മഹാബോധിവിഹാരത്തിലേക്കു പോയി. നാലുകൊല്ലമായി തപോമയിയുടെ അമ്മ മരിച്ചിട്ട്. കഴിഞ്ഞ വര്‍ഷം വരെ ആണ്ടു ദിവസങ്ങളില്‍ അച്ഛനും വരുമായിരുന്നു. കാലില്‍ പരിക്കുപറ്റിയതിനു ശേഷം തീരെ പുറത്തിറങ്ങാതായി.

‘‘ഉറക്കത്തിലായിരുന്നു അമ്മയുടെ മരണം. ആരും അറിഞ്ഞില്ല. രാവിലെ കുറേ നേരമായിട്ടും കാണാതിരുന്നപ്പോള്‍ മകന്‍ പോയി നോക്കി. കട്ടിലിന്‍റെ ഒരു വശത്ത്, ഒതുങ്ങി പതിവുള്ള ഉറക്കത്തിലെന്നപോലെ അമ്മ കിടന്നു. കയറ്റിറക്കങ്ങളില്ലാത്ത അവരുടെ ജീവിതം പോലെത്തന്നെ ഏറക്കുറെ ശാന്തമായ ഒരു മരണം.

അധികമൊന്നും സംസാരിക്കാത്ത ഒരാളായിരുന്നു എന്‍റെ അമ്മ. അതുകൊണ്ടുതന്നെ പലപ്പോഴും അമ്മ മരിച്ചു എന്ന് എനിക്കു തോന്നാറില്ല. കൂടുതലും അസാന്നിധ്യം നിറഞ്ഞ ഒരു സാന്നിധ്യമായിരുന്നു അവരുടേത്. ജീവിച്ചിരിക്കുന്ന കാലത്തും ആ വീടിന്‍റെ ഏതോ മുറിയില്‍ എപ്പോഴും എന്തെങ്കിലും വായിച്ചുകൊണ്ടോ, പഴയ വസ്ത്രങ്ങളിലെ കീറലുകള്‍ തുന്നിച്ചേര്‍ത്തുകൊണ്ടോ ഒക്കെ അമ്മ കഴിയും. ശബ്ദമുയര്‍ത്തി ഒരിക്കലും അമ്മ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടേയില്ല.

എന്‍റെ ബാല്യം അങ്ങനെയായിരുന്നു. രണ്ടു വ്യത്യസ്തമായ ലോകങ്ങളില്‍ വസിച്ചുകൊണ്ടിരുന്ന മാതാപിതാക്കള്‍. ഒരാള്‍ നിരന്തരം യാത്രചെയ്തു. ദൂരങ്ങളിലേക്ക്, പിന്നെ ആഴത്തില്‍ പഴയ നൂറ്റാണ്ടുകളിലേക്കും. മറ്റൊരാള്‍ മിക്കവാറും അകത്തളങ്ങളില്‍ത്തന്നെ കഴിച്ചുകൂട്ടി. വീടിനു പുറത്തിറങ്ങുന്നതുപോലും അപൂര്‍വമായിരുന്നു. ഒരാള്‍ നിഗൂഢമായ ചില ലിപികളുടെ ഇഴപിരിക്കാന്‍ പണിപ്പെട്ടു. അമ്മയാവട്ടെ, സ്വന്തം മകനുപോലും വായിക്കാനാവാത്ത ആദിമമായൊരു ഭാഷയായി സ്വയം നിലകൊണ്ടു.

ചിലപ്പോള്‍ തോന്നും, രണ്ടു നിശ്ശബ്ദതകള്‍ക്കൊപ്പമാണ് ഞാന്‍ വളര്‍ന്നതെന്ന്. അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും എനിക്കു വാക്കുകള്‍ കിട്ടാതിരിക്കുന്നതെന്ന്. രണ്ടുപേരും അപരന്‍റെ ലോകത്തിലേക്ക് നോക്കിയതേയില്ല. അച്ഛന്‍ എവിടേക്കു പോകുന്നു, അല്ലെങ്കില്‍ ഏതു സംഗതികള്‍ പഠിക്കുന്നു എന്നൊന്നും ഒരിക്കലും അമ്മ ചോദിക്കാറില്ലായിരുന്നു. തിരിച്ചുമതേ. അവര്‍ തമ്മില്‍ സ്നേഹമായിരുന്നോ, ആയിരിക്കണം. പക്ഷേ, പ്രകടിപ്പിച്ചു കണ്ടിട്ടില്ല. അങ്ങനെയുള്ള സ്വകാര്യതകളില്‍ ഇടപെടാത്ത രീതിയില്‍, ഒട്ടൊക്കെ ബഹുമാനമുള്ള ഒരു ബന്ധമായിരുന്നു അതെന്നു ഞാന്‍ വിചാരിക്കുന്നു. കൂട്ടിമുട്ടാത്ത രണ്ട് ഏകാന്തതകള്‍...’’

നഗരത്തിന്‍റെ തിരക്കുകള്‍ക്കു നടുക്കായിരുന്നു ബുദ്ധവിഹാരം. ‘ഡ്രെപ്ലിങ് ഞാക്പ്ക താന്ത്രിക് ബുദ്ധിസ്റ്റ് സൊസൈറ്റി’ എന്നാണ് അതിന്‍റെ കവാടത്തില്‍ എഴുതി​െവച്ചിട്ടുണ്ടായിരുന്നത്. അതെന്താണെന്ന് എനിക്കു മനസ്സിലായില്ലെങ്കിലും ഞാന്‍ തപോമയിയോടു തിരക്കിയില്ല. മിക്കവാറും പുതിയ മാതൃകയിലുള്ള ഒരു സാധാരണ കെട്ടിടമായിരുന്നു അത്. പുറത്തുനിന്നും ശ്രദ്ധിച്ചാല്‍പ്പോലും അതു നിങ്ങളുടെ കണ്ണില്‍പ്പെട്ടുവെന്നു വരില്ല.

പലനിറങ്ങളിലുള്ള തോരണങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന വിഹാരത്തിന്‍റെ മുറ്റത്ത് കുറച്ചാളുകള്‍ നിൽപുണ്ടായിരുന്നു. അധികവും ടൂറിസ്റ്റുകള്‍. കുറച്ചു തിബത്തന്‍ ബുദ്ധിസ്റ്റുകള്‍ കുങ്കുമനിറമുള്ള വസ്ത്രങ്ങളില്‍ വിഹാരത്തിനുള്ളിലേക്കും പുറത്തേക്കും ഇടക്കിടെ വന്നും പോയുമിരുന്നു. അതിനോടു ചേര്‍ന്ന് ഏതാനും കടകള്‍ തുറന്നിരുന്നു. അവിടെയെല്ലാം തിബത്തന്‍ ആളുകള്‍ തന്നെയാണ് കച്ചവടം നടത്തിയിരുന്നതെന്നു ശ്രദ്ധിച്ചു. കമ്പിളികളും മറ്റു വസ്ത്രങ്ങളുമാണ് അവരുടെ മുഖ്യമായ വിൽപന. ചൂടുകാലം തുടങ്ങിയതുകൊണ്ട് അത്തരം വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവാണെന്നു തോന്നി.

മഹാബോധി വിഹാരത്തിലെ ചടങ്ങുകള്‍ക്കായി മണി മുഴങ്ങി. പത്മമന്ത്രോച്ചാരണങ്ങള്‍ ഉരുവിടുന്ന പുരോഹിതര്‍. നിലത്തു ചമ്രംപടിഞ്ഞിരുന്ന് ഞങ്ങള്‍ ആ അര്‍ച്ചനയില്‍ പങ്കുകൊണ്ടു. തെളിച്ചം കുറഞ്ഞ വിളക്കുകളുടെ സാന്നിധ്യം. മുന്നില്‍ മധ്യത്തിലായി ഉന്നതമായൊരു ബുദ്ധപ്രതിമ. വശങ്ങളില്‍ വലുപ്പം കുറഞ്ഞ വേറെയും ചില ബുദ്ധപ്രതിമകള്‍. മുറിയില്‍ പലഭാഗങ്ങളിലായി ഏതൊക്കെയോ ലാമമാരുടെ ചില്ലിട്ട ചിത്രങ്ങള്‍. പശ്ചാത്തലമായി നീലച്ചായം തേച്ച ചുവരുകള്‍. തല കുനിച്ചിരുന്നു ജപിക്കുന്ന നിഴലുകള്‍പോലുള്ള കുറച്ചു മനുഷ്യര്‍ ആ പ്രതിമകള്‍ക്കു മുന്നിലിരിപ്പുണ്ടായിരുന്നു. ഓറഞ്ചുനിറത്തില്‍ അയഞ്ഞ കുപ്പായങ്ങളുമായി ഇടയിലൂടെ നടന്നുപോകുന്ന സന്യാസിമാര്‍. ആ സായാഹ്നത്തിന്‍റെ ഓർമ എന്‍റെ മനസ്സില്‍ ഇപ്പോഴും അണയാതെ നിൽക്കുന്നുണ്ട്.

അവിടെനിന്നിറങ്ങുമ്പോള്‍ ഇരുട്ടായിരുന്നു. കുറച്ചുദൂരം നടന്ന് ഞങ്ങള്‍ തിരക്കുകുറഞ്ഞ ഒരു കോഫീ ഷോപ്പില്‍ കയറി കാത്തിരുന്നു.

 

‘‘പര്‍വീണയെക്കുറിച്ചെന്തു തോന്നുന്നു?’’ അതെന്താണ് അയാള്‍ പര്‍വീണയെക്കുറിച്ചു ചോദിച്ചതെന്ന് എനിക്കു മനസ്സിലായില്ല. ഞാന്‍ ഉത്തരം പറയാതെ അയാളെ നോക്കി.

‘‘പര്‍വീണ എന്‍റെ അമ്മയെപ്പോലെയാണെന്നു തോന്നും ചിലപ്പോള്‍. ഏതോ ഒരു മുറിയില്‍, അധികമൊന്നും പുറത്തുവരാതെ അങ്ങനെയിരിക്കുന്നു’’, അയാള്‍ പറഞ്ഞു. പര്‍വീണയുടെ കാര്യത്തില്‍ അതു സ്വാഭാവികമാണെന്ന് എനിക്കറിയാം. അവളുടെ ജീവിതത്തിലുണ്ടായ, വിശേഷിച്ചും ബാല്യകാലത്തുണ്ടായ മാനസികമായ പരിക്കുകള്‍ അത്രയെളുപ്പത്തിലൊന്നും ഉണങ്ങുമെന്നു തോന്നുന്നില്ല. പക്ഷേ, തപോമയി അവളെ സ്വന്തം അമ്മയുമായി താരതമ്യം ചെയ്യുന്നതില്‍ എന്തു കാര്യം! തപോമയിയുടെ അമ്മ അന്തര്‍മുഖിയായ ഒരാളാണെന്നു മാത്രമല്ലേയുള്ളൂ.

‘‘അവളെ കൂടെക്കൂട്ടിയാലോ എന്നു ഞാന്‍ ആലോചിച്ചു’’, കുറച്ചുനേരം എന്നെ നോക്കിയശേഷം അയാള്‍ പെട്ടെന്നു പറഞ്ഞു.

‘‘കൂടെക്കൂട്ടുക എന്നു പറഞ്ഞാല്‍?’’

‘‘അവളോട് എനിക്കൊരു ഇഷ്ടമുണ്ട്. നിങ്ങള്‍ക്കെന്തു തോന്നുന്നു?’’

നാൽപതുവയസ്സായിട്ടും തപോമയി എന്താണ് വിവാഹം കഴിക്കാത്തത് എന്നു ഞാന്‍ ചോദിക്കാറുണ്ടായിരുന്നു. സമയം കിട്ടിയിട്ടില്ലെന്നായിരുന്നു അയാളുടെ അപ്പോഴുള്ള മറുപടി. അതൊരു ഒഴികഴിവാണെന്ന് എനിക്കറിയാം. മറ്റെന്തെങ്കിലും കാരണം കാണും. ഞാന്‍ കൂടുതല്‍ അന്വേഷിച്ചില്ല.

ഇപ്പോള്‍, അയാള്‍ ഇങ്ങോട്ടു ചോദിക്കുന്നു. വ്രണിതബാല്യകാലമുള്ള ഒരാളെ ഒപ്പം കൂട്ടുന്നത് ബുദ്ധിമുട്ടാവും എന്നാണ് എനിക്കു തോന്നിയത്. ഏതൊക്കെ തരത്തിലാണ് അതു ജീവിതത്തെ ബാധിക്കാന്‍ പോകുന്നത് എന്ന് ഊഹിക്കുക എളുപ്പമല്ല. പക്ഷേ, അയാളെ നിരുത്സാഹപ്പെടുത്തുക വയ്യ.

‘‘പര്‍വീണയോടു പറഞ്ഞോ?’’

‘‘ഒരിക്കല്‍...’’

‘‘എന്നിട്ട് അവളെന്തു പറഞ്ഞു?’’

‘‘പതിവുപോലെത്തന്നെ. ഒന്നും പറഞ്ഞില്ല’’, പിന്നെ എന്തോ ആലോചിക്കുന്ന മട്ടില്‍ കുറച്ചുനേരം നിശ്ശബ്ദനായി ഇരുന്നശേഷം തപോമയി തുടര്‍ന്നു, ‘‘പക്ഷേ, സമ്മതമാണെങ്കിലും നടക്കില്ല.’’

‘‘അതെന്തുപറ്റി?’’

അയാളുടെ മുഖത്ത് വിഷാദം നിറഞ്ഞ ഒരു പുഞ്ചിരി വിടര്‍ന്നു. ‘‘അച്ഛന്‍ വിയോജിക്കുന്നു.’’

തപോമയിയുടെ അച്ഛനോ! അതെന്തിന്? ഒരുപക്ഷേ, അഭയാർഥി എന്ന പരിഗണനകൊണ്ടാവുമോ? പക്ഷേ, അദ്ദേഹം എപ്പോഴും താനുമൊരു അഭയാർഥിയാണെന്നു പറയുന്നുണ്ടല്ലോ. ‘‘അതല്ലെങ്കില്‍ മതമോ ജാതിയോ മറ്റോ...’’

‘‘ഏയ്, ഒരിക്കലുമില്ല. അതൊന്നും ഒരിക്കലും അച്ഛനെ ബാധിക്കാറില്ല.’’

കഴിഞ്ഞയാഴ്ച ഞാനക്കാര്യം അച്ഛനോടു സൂചിപ്പിച്ചു. അദ്ദേഹം ആദ്യം ഒന്നും പറഞ്ഞില്ല. എന്തുകൊണ്ടാണ് നീയവളെ ഇഷ്ടപ്പെടുന്നത് എന്ന് എന്നോടു തിരക്കി. അതിന്‍റെ കാരണം എനിക്കും അറിഞ്ഞുകൂടാ. കാരണമില്ലാത്ത ഒരിഷ്ടം. അങ്ങനെയൊന്ന് മുമ്പ് എനിക്കാരോടും തോന്നിയിട്ടില്ല.

പക്ഷേ, രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വൈകുന്നേരം പൊടുന്നനെ അച്ഛന്‍ വീണ്ടും എന്നോടു ചോദിച്ചു. ‘‘തപോ, എന്തിനാണ് നീ പര്‍വീണയെ ഇഷ്ടപ്പെടുന്നത്?’’

എന്തൊരു ചോദ്യം! ഒരാളെ എന്തിനാണ് ഇഷ്ടപ്പെടുന്നതെന്ന് എങ്ങനെ വിശദീകരിക്കും?

‘‘അവളെ മറക്കാനാണ് ഞാന്‍ പറയുക. നിന്നെപ്പോലൊരാള്‍ക്ക് അവള്‍ യോജിക്കും എന്നു തോന്നുന്നില്ല’’, അതു പറയുമ്പോള്‍ അച്ഛന്‍ എന്നെ നോക്കിയില്ല.

അദ്ദേഹം മുറിയുടെ മൂലയില്‍ ചാരി​െവച്ച രണ്ട് ഊന്നുവടികളില്‍നിന്നും ഒന്നു തെരഞ്ഞെടുത്തു. മുറ്റത്തേക്ക് നടക്കാനിറങ്ങുകയാണ്. പടവുകളിറങ്ങുമ്പോള്‍ ഞാന്‍ കൈ പിടിച്ചു. അച്ഛന്‍ മന്ത്രിക്കുന്നതുപോലെ എന്നോടു പറഞ്ഞു: ‘‘അവള്‍ ഒരാളല്ല, ഒരു നിഴലാണ്. ഒരു നിഴലിനോടൊപ്പം ജീവിക്കുക എത്ര ദുഷ്‍കരം!’’

മുമ്പ് എന്നോട് ഗോപാല്‍ ബറുവ ഇതുതന്നെ പറഞ്ഞുവല്ലോ എന്നു ഞാനപ്പോള്‍ ഓർമിച്ചു. അദ്ദേഹത്തിന്‍റെ കാവ്യഭാഷയാണ് അത്. എന്താണ് സംഗതിയെന്ന് എളുപ്പത്തില്‍ മനസ്സിലാകണമെന്നില്ല.

‘‘എനിക്കൊട്ടും മനസ്സിലാവില്ല, അച്ഛന്‍റെ ഈ മറുഭാഷ’’, തപോമയി അപ്പോള്‍ പറഞ്ഞു, ‘‘എനിക്കു തോന്നുന്നത്, അവളുടെ കാര്യത്തില്‍ എന്നോടു പറയാത്ത എന്തോ ഒരനിഷ്ടം അച്ഛന് അവളോടു തോന്നുന്നുണ്ടാവാം എന്നതാണ്.’’

തപോമയിയുടെ തോന്നലാവാം. അല്ലെങ്കില്‍ അയാളുടെ അച്ഛന്‍ സ്വരൂപിച്ച ധാരണകളാവാം.

‘‘തപോമയി എന്തു തീരുമാനിച്ചു?’’

‘‘ഞാനൊന്നും പറഞ്ഞില്ല. പക്ഷേ, അച്ഛനെ എതിര്‍ക്കുക വയ്യ. ആലോചിച്ചു നോക്കുമ്പോള്‍ ജീവിതത്തില്‍ ഈയൊരു ഘട്ടത്തില്‍ മാത്രമേ എന്‍റെ അച്ഛന്‍ എന്നോട് ഒരഭിപ്രായം പറഞ്ഞിട്ടുള്ളൂ. അതും വേണ്ടെന്നോ ഒന്നുമല്ല. പക്ഷേ, തീര്‍ച്ചയായും അനുകൂലമല്ലാത്ത ഒരഭിപ്രായം. ഓര്‍മ വെച്ച നാള്‍ മുതല്‍ എന്‍റെ എല്ലാ വാശികള്‍ക്കും നിർബന്ധങ്ങള്‍ക്കും അച്ഛന്‍ വഴങ്ങിയിരുന്നു. മുതിര്‍ന്നിട്ടും പ്രത്യേകിച്ച് ഒരു കാര്യവും അദ്ദേഹം എന്നോടാവശ്യപ്പെട്ടിട്ടില്ല. പ്രകടിപ്പിക്കാനറിയില്ലെങ്കിലും ആ മനസ്സിലെ സ്നേഹം എനിക്കു മനസ്സിലാവും.’’

കാപ്പി കുടിക്കുന്നതിനിടയില്‍ തപോമയി തന്‍റെ ബാഗില്‍നിന്നും മല്ലു മാഫിയക്കാര്‍ കൊടുത്ത പണമെടുത്ത് എന്നോട് ഒന്ന് എണ്ണൂ എന്നാവശ്യപ്പെട്ടു. പണമെണ്ണുമ്പോള്‍ തനിക്കെപ്പോഴും തെറ്റും എന്നാണ് അയാളുടെ ന്യായം. അത് അമ്പതിനായിരം രൂപയുണ്ടായിരുന്നു. അയാളത് വീണ്ടും കവറിലാക്കി ബാഗില്‍ത്തന്നെ നിക്ഷേപിച്ചു. പിന്നെ ബാഗില്‍നിന്നും എന്തോ കണ്ടെത്തിയതുപോലെ ഒരു കടലാസ് വലിച്ചെടുത്ത് ഒന്നു നോക്കിയ ശേഷം എന്‍റെ നേര്‍ക്കു നീട്ടി.

‘‘ഇതാ മറ്റൊരു കുറിപ്പ്, തപസ്സ് അങ്കിളിനു കൊടുക്കാനായി ഞാന്‍ ചൂണ്ടിയതാണ്. നിങ്ങള്‍ക്കു വായിക്കാനറിയാമല്ലോ. അച്ഛന്‍ എന്താ കുത്തിവരച്ചിരിക്കുന്നത് എന്നു നോക്കൂ.’’

ഞാന്‍ അതിലൂടെ കണ്ണോടിച്ചു. ഒന്നല്ല, രണ്ടു വാക്യങ്ങളുണ്ടായിരുന്നു ആ കടലാസില്‍. പിന്നെ ചില ശൂന്യമായ കളങ്ങള്‍. അവ വെറുതെ വരച്ചിരിക്കുന്നതാവാമെന്നു തോന്നി. ആദ്യത്തെ വാക്യം കുറച്ചുനേരം പണിപ്പെട്ടപ്പോള്‍ എനിക്കു വായിക്കാന്‍ കഴിഞ്ഞു. രണ്ടാമത്തേതില്‍ ചിഹ്നങ്ങള്‍ക്കൊപ്പം ചില ചിത്രങ്ങളുണ്ടായിരുന്നു. ഒരു തോണിയുണ്ട്, പിന്നെ അതിനു താഴെയാണ് ആ ചിത്രരൂപങ്ങള്‍. അതിന്‍റെ എഴുത്തുരീതി പിടികിട്ടിയില്ല. കൂടുതല്‍ ദുര്‍ഗ്രഹമായൊരു കോഡാണ് ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ പെട്ടെന്നു വായിക്കാനാവും എന്നു തോന്നുന്നില്ല.

‘‘ഈ കടലാസ് ഞാന്‍ കൈയില്‍ വക്കട്ടേ?’’ ഞാന്‍ ചോദിച്ചു.

‘‘അപ്പോള്‍ ഡോക്ടര്‍ക്കെന്തു കൊടുക്കും?’’

‘‘അതിന് ഇതില്‍ ചീട്ടുകളിയുടെ രഹസ്യമൊന്നുമില്ലല്ലോ. ഡോക്ടര്‍ക്ക് അതല്ലേ ആവശ്യം?’’

‘‘അതില്‍ കാര്യമില്ല. തൽക്കാലം എന്തെങ്കിലും വായിച്ചു സന്തോഷിക്കട്ടെ.’’

 

അപ്പോള്‍ ഞാന്‍ ആ പേപ്പര്‍ എന്‍റെ മൊബൈലില്‍ സ്കാന്‍ ചെയ്തു​െവച്ചു. പിന്നീടെപ്പോഴെങ്കിലും പരിശ്രമിക്കാം.

‘‘നിങ്ങള്‍ വായിച്ചോ? എന്താ അതില്‍ പറയുന്നത്? പഴയപോലെ ഡോക്ടറെ പരിഹസിക്കുന്നതാണെങ്കില്‍ കൊടുക്കേണ്ടെന്നു വക്കാം.’’ തപോമയി ജിജ്ഞാസയോടെ എന്നെ നോക്കി.

‘‘ഏയ്, അതില്‍ ഡോക്ടറൊന്നുമില്ല. ഒരു പ്രസ്താവനപോലെയാണ്. അതോ ഒരു വരി കവിതയോ? അദ്ദേഹം കവിതയെഴുതുമോ?’’

‘‘അച്ഛനോ? ഏയ്. ഞാന്‍ കണ്ടിട്ടില്ല. സാധ്യത കുറവാണ്. എന്നാലും, എന്താ ആ വരി, കേള്‍ക്കട്ടെ.’’

‘‘ഇതാണ്’’, ഞാന്‍ മൊബൈലില്‍ നോക്കി വായിച്ചു: ‘‘കുട്ടികള്‍ ദൈവത്തിന്‍റേതാണ്. Children... belong to... God.’’

‘‘അപ്പോള്‍ അച്ഛനെഴുതിയതാവില്ല’’, ഉടനെ തപോമയി പറഞ്ഞു.

‘‘അതെന്താ?’’

‘‘അച്ഛന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല. അതെനിക്കു നന്നായിട്ടറിയാം. വിഹാരങ്ങളിലൊക്കെ കൂടെ വരും, പക്ഷേ പ്രാർഥിക്കുക പതിവില്ല. അപ്പോള്‍പ്പിന്നെ താന്‍ വിശ്വസിക്കാത്ത ദൈവത്തിന് കുട്ടികളെ വിട്ടുകൊടുക്കുമോ?’’

‘‘കുട്ടികള്‍ ദൈവത്തിന്‍റേതാണ്.... അതെല്ലാവരും സാധാരണ പറയുന്നതല്ലേ? വിശ്വാസവുമായി ബന്ധമൊന്നുമുണ്ടാവില്ല.’’

‘‘എന്നാലും അങ്ങനെയൊരു കാര്യം എന്തോ അച്ഛന്‍ എഴുതാനിടയില്ലെന്നാണ് എന്‍റെ തോന്നല്‍. ഇനി എല്ലാവരും പറയുന്ന ഒന്നാണെന്നുണ്ടെങ്കില്‍ ഇങ്ങനെ ഒരു കോഡുഭാഷയില്‍ എഴുതുന്നതെന്തിന്! സന്താനം സാര്‍ എഴുതിയതാവുമോ?’’

‘‘ആവില്ല, കാരണം ഇത് പുതിയ എഴുത്താണ്. പുതിയ കടലാസ്. പഴക്കമില്ലാത്ത മഷി.’’

‘‘അപ്പോള്‍പ്പിന്നെ കവിത തന്നെയാണോ!’’ തപോമയി പറഞ്ഞു, ‘‘ചിലപ്പോള്‍ അച്ഛന്‍ കവിതയെഴുതുമായിരിക്കും. ആര്‍ക്കറിയാം! അദ്ദേഹത്തിന്‍റെയത്രയും അനുഭവമുള്ളവര്‍ക്ക് എന്തുതന്നെ ചെയ്തുകൂടാ!’’

കാപ്പി കുടിക്കുമ്പോള്‍ ഞാന്‍ ആ സന്ദേശങ്ങളിലേക്കു തന്നെ നോക്കുകയായിരുന്നു. ഒരുപക്ഷേ, താന്‍ പരിശീലിച്ച ചിഹ്നലിപികള്‍ മറക്കാതിരിക്കാന്‍ എന്തെങ്കിലും എഴുതിയതായിക്കൂടേ? എല്ലാത്തിലും അർഥം കണ്ടെത്താന്‍ ശ്രമിക്കുന്നതെന്തിന്? എവിടെയെങ്കിലും വായിച്ചതോ ആരെങ്കിലും പറഞ്ഞതോ ആയ കാര്യമാവും. ഓർമയില്‍നിന്നും എടുത്തെഴുതിയതാവാം.

അങ്ങനെ ചിന്തിക്കുമ്പോഴും ഞാന്‍ സ്വയം ‘ഓർമ’ എന്ന പദത്തില്‍ കൂടുതല്‍ ഊന്നുന്നതായി തോന്നി. ആരുടെ ഓർമയില്‍നിന്നാണ് ആ വാക്കുകള്‍ രൂപപ്പെട്ടത്?

(തുടരും)

Tags:    
News Summary - weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.