തപോമയിയുടെ അച്ഛൻ

കുറിപ്പുകള്‍ക്ക് പലപ്പോഴും തുടര്‍ച്ച കാണുന്നില്ല. ഇടക്ക് ഓരോരോ ഓർമകളെ എടുത്തെഴുതുകയാണെന്നു തോന്നി. ചില താളുകള്‍ ശൂന്യമാക്കി വിട്ടിരിക്കുന്നു. തിയ്യതികള്‍ പ്രധാനമല്ല. എഴുതുന്നത് പലദിനങ്ങളിലേക്കു വ്യാപിക്കുന്നതു കാണാം. അടുത്ത ചില താളുകളിലൊന്നില്‍ ഗോപാല്‍ദാ തുടക്കത്തില്‍ത്തന്നെ കുറച്ചു ചിഹ്നങ്ങളാണ് വരച്ചുചേര്‍ത്തിരുന്നത്. സൈന്ധവ ലിപികളില്‍ കാണുന്നതുപോലുള്ള തോളില്‍ ഭാരം കയറ്റുന്നവരുടെ ചിത്രലിപി. ബലികള്‍ക്കുപയോഗിക്കുന്ന ഭരണികള്‍, വൃക്ഷത്തെ പൂജിക്കുന്ന മനുഷ്യര്‍. ഒരാള്‍ ഒരു മൃഗത്തെ കുന്തംകൊണ്ടു നേരിടുന്നു. ഏറ്റവും ഒടുവില്‍ ഒരു തോണിയുടെ ചിത്രം. പരസ്പരബന്ധമില്ലാത്ത ചിത്രങ്ങള്‍ക്കു താഴെ...

കുറിപ്പുകള്‍ക്ക് പലപ്പോഴും തുടര്‍ച്ച കാണുന്നില്ല. ഇടക്ക് ഓരോരോ ഓർമകളെ എടുത്തെഴുതുകയാണെന്നു തോന്നി. ചില താളുകള്‍ ശൂന്യമാക്കി വിട്ടിരിക്കുന്നു. തിയ്യതികള്‍ പ്രധാനമല്ല. എഴുതുന്നത് പലദിനങ്ങളിലേക്കു വ്യാപിക്കുന്നതു കാണാം.

അടുത്ത ചില താളുകളിലൊന്നില്‍ ഗോപാല്‍ദാ തുടക്കത്തില്‍ത്തന്നെ കുറച്ചു ചിഹ്നങ്ങളാണ് വരച്ചുചേര്‍ത്തിരുന്നത്. സൈന്ധവ ലിപികളില്‍ കാണുന്നതുപോലുള്ള തോളില്‍ ഭാരം കയറ്റുന്നവരുടെ ചിത്രലിപി. ബലികള്‍ക്കുപയോഗിക്കുന്ന ഭരണികള്‍, വൃക്ഷത്തെ പൂജിക്കുന്ന മനുഷ്യര്‍. ഒരാള്‍ ഒരു മൃഗത്തെ കുന്തംകൊണ്ടു നേരിടുന്നു. ഏറ്റവും ഒടുവില്‍ ഒരു തോണിയുടെ ചിത്രം. പരസ്പരബന്ധമില്ലാത്ത ചിത്രങ്ങള്‍ക്കു താഴെ ചില മുദ്രകള്‍ വരച്ചുചേര്‍ത്തിരിക്കുന്നു. ഇനിയും തിരിച്ചറിയപ്പെടാത്ത ഒരു ചിത്രലിപിയില്‍ അദ്ദേഹം എന്താണ് എഴുതാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്? ഒരുപക്ഷേ, ചിഹ്നങ്ങള്‍ പകര്‍ത്തിയെഴുതിയതാവാം.

ദോളാവീര എന്ന ഹാരപ്പന്‍ സൈറ്റില്‍നിന്നുള്ള ഒരു ഫലകത്തിന്‍റെ ചിത്രം. കവാടത്തിലെഴുതി​െവച്ചതുപോലുള്ളതാണ് ഇത്. പത്തു ചിഹ്നങ്ങള്‍. അതില്‍ത്തന്നെ ചക്രങ്ങള്‍ നാലെണ്ണം ആവര്‍ത്തിച്ചിരിക്കുന്നു. ഊഹാപോഹങ്ങള്‍ക്കപ്പുറം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല ഈ എഴുത്തുകള്‍ എന്നാണ് ഞാന്‍ വായിച്ചിട്ടുള്ളത്. തന്‍റെ പഠനത്തിന്‍റെ ഭാഗമായി അതദ്ദേഹം പകര്‍ത്തിയെഴുതിയിരിക്കാനാണ് സാധ്യത. പിന്നീട് രണ്ടു താളുകള്‍ വിട്ടിട്ടുണ്ട്. അതിനുശേഷം ഒരു വിവരണമാണ്. ആദ്യമായി നഗരത്തിലേക്കു പോകുന്നതിനെക്കുറിച്ചായിരുന്നു അത്.

ആദ്യമായി കൊല്‍ക്കത്ത നഗരത്തിലേക്ക്

സുമനയുമായി സംസാരിച്ചതിനു ശേഷം ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു. ജീവഭയംകൊണ്ടാണെങ്കിലും അവളെ ഉപേക്ഷിച്ച് വനത്തില്‍നിന്നും ഓടിപ്പോയതില്‍ ദുഃഖം തോന്നി. ഒന്നും മനഃപൂർവമായിരുന്നില്ല. പക്ഷേ, അവള്‍ അങ്ങനെ സൂചിപ്പിച്ചില്ലേ? അതു മറ്റൊരു വേദനയായിത്തീര്‍ന്നു. ഒരുദിവസം തോണി കടവില്‍ കെട്ടി​െവച്ച ശേഷം, വെളുപ്പിനുതന്നെ മറ്റൊരു കടവില്‍നിന്നും വേറൊരു തോണി കയറി ഞാന്‍ ആദ്യം ചെറിയൊരു പട്ടണത്തിലേക്കും അവിടെനിന്നും ആദ്യമായി കൊല്‍ക്കത്തയിലേക്കും പോന്നു. ഞാന്‍ സർവത്ര സ്വതന്ത്രനായിരുന്നു. കെട്ടുപാടുകളില്ല. അതിന്‍റെ സൗകര്യം അപ്പോഴാണ് അറിയുന്നത്. ആരും ചോദിക്കാനില്ല. ആര്‍ക്കുവേണ്ടിയും കരുതിവെക്കേണ്ടതില്ല. അന്നന്നത്തെ അന്നം, രാത്രിയില്‍ ചുരുണ്ടുകൂടാന്‍ ഒരിടം.

അത്രയും വലിയൊരു നഗരം ആദ്യമായി കാണുകയായിരുന്നു. വലിയ ഉയരത്തിലേക്കു പോകുന്ന എടുപ്പുകള്‍. രാത്രികളെപ്പോലും പകലാക്കുന്ന വെളിച്ചങ്ങള്‍. നൂറുകണക്കിനു വാഹനങ്ങള്‍. നിരത്തില്‍ തിങ്ങിനിറയുന്ന മനുഷ്യര്‍. ജാഥകള്‍, ഇരമ്പിമറിയുന്ന ജീവിതം. ഒന്നും ചെയ്യാനില്ല എന്നതായിരുന്നു അവിടെ എന്‍റെ പ്രശ്നം. അപ്പോള്‍ തെരുവുകളില്‍ അലയാന്‍ തുടങ്ങി. എന്തെങ്കിലും പണി കിട്ടിയാല്‍ നന്നായിരുന്നു എന്നു തോന്നി. കൈയിലുള്ള പണവും തീര്‍ന്നുവരുന്നു. തെരുവില്‍ത്തന്നെയാണ് ഉറങ്ങുന്നത്. എത്ര ചെറുതായാലും മുകളില്‍ ഒരു മേല്‍ക്കൂരയുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!

ഒരുദിവസം അങ്ങനെ അലഞ്ഞുനടക്കുമ്പോള്‍ ഭവാനിപ്പൂരിലെ ഒരു തെരുവില്‍ ഇരുമ്പുസാമഗ്രികള്‍ വിൽക്കുന്ന ഒരു വലിയ കടയുടെ മുന്നില്‍ ‘ഗുമസ്തനെ ആവശ്യമുണ്ട്’ എന്നൊരു ബോര്‍ഡ് കണ്ടു. സാധാരണ ഒരു കാര്‍ഡ് ബോര്‍ഡില്‍ ചോക്കുകൊണ്ടെഴുതിെവച്ചിരിക്കുകയായിരുന്നു. ഞാന്‍ സംശയിച്ചു കയറിനോക്കി. വലിയ വിസ്തൃതിയുള്ള സ്ഥാപനമായിരുന്നെങ്കിലും അതിനുള്ളില്‍ കാര്യമായ വിൽപന സാധനങ്ങള്‍ ഒന്നും കണ്ടില്ല.

നല്ല തടിച്ച പ്രകൃതമുള്ള ഒരു സ്ത്രീ പഴയൊരു മരക്കസേരയിലിരുന്ന് ഉറങ്ങുന്നതു കണ്ടു. കൂര്‍ക്കം വലിച്ചാണ് ആ ഉറക്കം. ഉറക്കത്തില്‍ത്തന്നെയുണ്ട് വലിയ പ്രതാപം എന്നു പറയണം. അവരായിരിക്കുമോ ഈ സ്ഥാപനത്തിന്‍റെ ഉടമസ്ഥ? അറിഞ്ഞുകൂടാ. ഓരോന്ന് ആലോചിച്ചുകൊണ്ട് ഞാന്‍ അവിടെത്തന്നെ നിന്നു. അവരെ വിളിച്ചുണര്‍ത്താന്‍ ഭയമായിരുന്നു. അൽപം കഴിഞ്ഞപ്പോള്‍ അവര്‍ ഉണര്‍ന്നുനോക്കി. മുമ്പില്‍ നിൽക്കുന്ന മെലിഞ്ഞ് അശുവായ എന്നെ കണ്ടു. അവരുടെ മുഖത്ത് പുച്ഛമാണോ സഹതാപമാണോ പ്രതിഫലിക്കുന്നത് എന്നറിഞ്ഞുകൂടായിരുന്നു. അത്ഭുതമില്ല, എന്‍റേത് മുഷിഞ്ഞ് വൃത്തിഹീനമായ ഉടുപ്പുകളായിരുന്നു. ചീകാത്ത മുടി. തളര്‍ന്ന കണ്ണുകള്‍.

‘‘ഇവിടെ ഒന്നുമില്ല.’’ ആ സ്ത്രീ ആട്ടിയകറ്റുന്ന ശബ്ദത്തില്‍ അറിയിച്ചു. ഭിക്ഷക്കാരനാണെന്നായിരുന്നു അവരുടെ ധാരണ. ഞാന്‍ പേടിച്ചുപേടിച്ച് ആ ബോര്‍ഡിലേക്കു ചൂണ്ടിക്കാണിച്ചു.

‘‘എന്ത്! ജോലി നോക്കി വന്നതാണോ?’’ അവര്‍ സംശയത്തോടെ തിരക്കി. ഞാന്‍ തലയാട്ടി. ഗുമസ്തന്‍റെ പണി എന്നാല്‍, എന്താണെന്ന് അറിയില്ല. പക്ഷേ, ഇംഗ്ലീഷ് എഴുതാനും കണക്കുകൂട്ടാനും അറിയാം. അക്കാര്യം ഞാന്‍ പറഞ്ഞൊപ്പിച്ചു.

‘‘എഴുതാനും വായിക്കാനും അറിയാമെന്നോ! കണ്ടാല്‍ തോന്നില്ലല്ലോ’’, അവര്‍ മുഖത്തടിച്ചതുപോലെ പറഞ്ഞു. എഴുത്തും വായനയും അറിയുന്നവരെ എങ്ങനെ കണ്ടാലറിയും? എഴുത്തു പഠിച്ചിട്ടുള്ളവന്‍റെ ചിഹ്നമെന്താണ്?

‘‘അപ്പോള്‍ ഈ സാധനങ്ങളുടെയൊക്കെ കണക്കെടുത്ത് എഴുതാന്‍ നിനക്ക് സാധിക്കുമോ?’’ അവര്‍ സംശയത്തോടെ ചോദിച്ചു. ആ കണക്കുകളെക്കുറിച്ചു ധാരണയില്ലാത്തതുകൊണ്ട് ഞാന്‍ ഒന്നും പറയാതെ അവിടെത്തന്നെ നിന്നു.

പരീക്ഷണം എന്നനിലക്ക് അവര്‍ കുറച്ച് പുസ്തകങ്ങള്‍ എടുത്തുകൊണ്ട് ചില കണക്കുകള്‍ കൂട്ടാന്‍ ആവശ്യപ്പെട്ടു. ഞാനതു മനസ്സില്‍ കൂട്ടി അവരോടു പറഞ്ഞു. പിന്നെ ചില ഇംഗ്ലീഷ് ഖണ്ഡികകള്‍ എളുപ്പം പകര്‍ത്തിക്കാണിച്ചു. അത് അവര്‍ക്കു വായിക്കാനറിയില്ലെന്നു വ്യക്തമായിരുന്നു. ചിത്രം കാണുന്നതുപോലെ നോക്കി.

‘‘നിന്നെ എടുക്കാം’’, ആ സ്ത്രീ പറഞ്ഞു. പക്ഷേ, രണ്ടുകാര്യങ്ങള്‍. അവയെന്താണെന്ന മട്ടില്‍ ഞാന്‍ കാത്തു.

‘‘ഒന്ന്, നിന്നെ നാറുന്നു. കുളിച്ചുവരണം. ഇന്നുമാത്രം പോരാ. ദിവസവും കുളിക്കണം. കഴുകിയ വസ്ത്രങ്ങള്‍ ഉടുക്കണം.’’ എന്‍റെ വശം അങ്ങനെ മാറാനുള്ള വസ്ത്രങ്ങള്‍ ഇല്ലായിരുന്നു.

രണ്ടാമത്തെ കാര്യം പറയുന്നതിനുമുമ്പ് അവര്‍ താനും ഒരു ദരിദ്രയാണ് എന്നവകാശപ്പെട്ടു. വലിയ കടയുണ്ടെന്നേയുള്ളൂ. ഈ ഗതികെട്ട കാലത്ത് ഒരു കച്ചവടവും ഇല്ല. രണ്ടാമത്തെ ധാരണ അതാണ്: ‘‘നിനക്കു ശമ്പളം ഇല്ല. രണ്ടുനേരത്തെ ഭക്ഷണം തരും.’’

അത് തന്‍റെ വീട്ടില്‍നിന്നും താന്‍തന്നെ ഉണ്ടാക്കിക്കൊണ്ടുവരുന്നതില്‍ ഒരു പങ്കാണ്. ആഗ്രഹമുണ്ടെങ്കിലും വേറെ പണമൊന്നും തരാന്‍ തന്‍റെ വശം ഇല്ല. എല്ലാം ഒഴിവാക്കുകയാണ്. കണക്കെടുത്ത് ഇവിടെയുള്ളതെല്ലാം കുറഞ്ഞ വിലയ്ക്കു വിൽക്കും. എല്ലാമെന്നു​െവച്ചാല്‍ ഇവിടത്തെ സാധനങ്ങളും മരസാമാനങ്ങളും ത്രാസും കട്ടിയുമടക്കം എല്ലാം. ഒക്കെയും പഴയ സ്റ്റോക്കാണ്. ഒരു വര്‍ഷത്തിലധികമായി പുതിയതൊന്നും വാങ്ങി വെക്കുന്നില്ല. ഒടുവില്‍ എന്നെയും ആര്‍ക്കെങ്കിലും വിലയ്ക്കെടുക്കാം!’’ അവര്‍ ചിരിച്ചു. ‘‘പക്ഷേ, എന്തു ഗുണം! പഴയ ഉരുപ്പടിയാണ്. ആളുകള്‍ വിലയൊന്നും കാണില്ല.’’

‘‘അതെന്താണ് എല്ലാം അവസാനിപ്പിക്കുന്നത്?’’ ഒരു ധൈര്യത്തിന് ഞാന്‍ ചോദിച്ചു.

‘‘നക്സലൈറ്റുകള്‍...’’ ശബ്ദം കുറച്ചുകൊണ്ട് അവര്‍ പറഞ്ഞു. പിന്നെ ചുറ്റുപാടും നോക്കി.

‘‘ഈ കച്ചവടം ഞാന്‍ നിര്‍ത്തുകയാണ്. കാരണം ഇനി കച്ചവടംചെയ്യാനുള്ള അവസ്ഥ കല്‍ക്കത്തയിലില്ല.’’ അവര്‍ വലിയ രഹസ്യംപോലെ തുടര്‍ന്നു: ‘‘കമ്യൂണിസം എന്നു കേട്ടിട്ടുണ്ടോ, അവന്മാരുടെ കാലം വരുന്നു. അതിലും മുന്തിയ വേറെ ചിലര്‍ ആളുകളുടെ തലവെട്ടിക്കളിക്കുന്നു. നാശം പിടിച്ച കാലം! ഞങ്ങള്‍ മാര്‍വാഡികളാണ്. അപ്പനപ്പൂപ്പന്‍മാരായി പത്തിരുനൂറു കൊല്ലമായി ഈ നഗരത്തില്‍ ജോലിചെയ്യുന്നു. പണ്ട് ആളുകള്‍ക്കു കടം കൊടുക്കുമായിരുന്നു.

നവാബുമാര്‍ക്കു കൊടുത്തിട്ടുണ്ട്. ഇംഗ്ലീഷ് കമ്പനിക്കാര്‍ക്കു കൊടുത്തിട്ടുണ്ട്. അതൊക്കെ ഒരു കാലം! പിന്നെ കുറേക്കാലമായി കച്ചവടം നടത്തുന്നു. മനുഷ്യരെ സഹായിക്കുന്നു. പക്ഷേ, ഈ കമ്യൂണിസ്റ്റുകാര്‍! നക്സലൈറ്റുകള്‍... അവരെല്ലാവരും ഞങ്ങള്‍ക്കെതിരാണ്. എനിക്കാണെങ്കില്‍ സഹോദരന്മാരോ സഹോദരിമാരോ ഇല്ല. ഒറ്റക്കൊരു സ്ത്രീ എന്തുചെയ്യും? ഞാന്‍ തീരുമാനിച്ചു: എല്ലാം കൊടുത്ത് തിരിച്ചുപോകും. പടിഞ്ഞാറോട്ട്. കമ്യൂണിസ്റ്റുകാരില്ലാത്ത സ്ഥലത്തേക്ക്. രാജസ്ഥാനില്‍ ഇപ്പോഴും എനിക്കു വീട്ടുകാരുണ്ട്. പറഞ്ഞുവരുന്നത്, ഏറിയാല്‍ ഒരു മാസമേ നിനക്കു ജോലിയുണ്ടാവുകയുള്ളൂ.’’

–ഒരു മാസമെങ്കില്‍ അത്. ഭാവിയെപ്പറ്റി ഒന്നും ആലോചിക്കാനില്ല.

‘‘പക്ഷേ, നിന്നെ കണ്ടിട്ട് ഒരു കമ്യൂണിസ്റ്റുകാരനെപ്പോലെ തോന്നുന്നുണ്ട്.’’ കുറച്ചുകഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. ‘‘ശരിയാണോ? സത്യം പറയണം.’’

അതിനുത്തരം പറയാന്‍മാത്രം കമ്യൂണിസ്റ്റുകാരെ ആരെയും ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ആരാണ് കമ്യൂണിസ്റ്റുകാര്‍? അവര്‍ക്ക് എന്‍റെ ഛായയാണോ?

ജഗദംബിക റാഥോര്‍ എന്നായിരുന്നു ആ സ്ത്രീയുടെ പേര്. അവരുടെ അച്ഛന്‍റെ വലിയൊരു ചിത്രം കടയുടെ ചുവരില്‍ തൂക്കിയിട്ടിരിക്കുന്നതു കണ്ടു. അതിനു മുന്നില്‍ ഒരു വിളക്കു കത്തിച്ചു​െവച്ചിരുന്നു.

പിറ്റേന്നു മുതല്‍ ഞാന്‍ ജഗദംബികയുടെ കടയില്‍ സാധനങ്ങള്‍ പെറുക്കിക്കൂട്ടി കണക്കെഴുതിത്തുടങ്ങി. ഏതിനും എന്തിനും അവര്‍ ശകാരിച്ചുകൊണ്ടിരുന്നു. ശകാരവും ഉറക്കവുമായിരുന്നു അവരുടെ ജീവിതചര്യകളില്‍ പ്രധാനം എന്നുതോന്നും. ഉണര്‍ന്നിരിക്കുമ്പോഴെല്ലാം മന്ത്രം ജപിക്കുന്നതുപോലെ ശകാരം തുടര്‍ന്നുകൊണ്ടിരിക്കും. നോക്കിയിരിക്കേ, ഇരിപ്പിടത്തിലിരുന്ന് അസാമാന്യമായ ശബ്ദമുള്ള കൂര്‍ക്കംവലിയോടെ ഉറങ്ങുന്നതു കാണാം. ചിലപ്പോള്‍ ഉറങ്ങുമ്പോഴും ശകാരിച്ചുകൊണ്ടിരിക്കും. ഒന്നും ഞാന്‍ ശ്രദ്ധിക്കാന്‍ പോയില്ല. വേറെ ഒന്നും ചെയ്യാനില്ല. ആദ്യത്തെ ദിവസംതന്നെ പഴയതെങ്കിലും കേടില്ലാത്ത കുറച്ചു വസ്ത്രങ്ങള്‍ അവരെനിക്കു തന്നു. പിന്നീട് അതു ധരിച്ചതു വൃത്തിയായിട്ടില്ലെന്ന മട്ടില്‍ കുറേ വഴക്കു പറഞ്ഞു.

എന്തെങ്കിലുമാവട്ടെ. എന്നെപ്പോലെ രണ്ടാള്‍ക്കുള്ള അളവുണ്ടായിരുന്നു എങ്കിലും മാറിയുടുക്കാന്‍ ഉടുപ്പുകളായി. പിന്നെ വലിയ അടുക്കുകളില്‍ കൊണ്ടുവരുന്ന ഭക്ഷണത്തില്‍നിന്നും ഒരു പങ്ക് അവര്‍ എനിക്കു തന്നു. അതുതന്നെ മൃഷ്ടാന്നമാണ്. തൈരു ചേര്‍ത്ത ചോറ്, റൊട്ടി, നെയ്യും മധുരവും ചേര്‍ത്ത അനേകം പലഹാരങ്ങള്‍, അച്ചാറുകള്‍... ദാനം തന്ന വസ്ത്രം പോലെത്തന്നെ ഭക്ഷണവും. രണ്ടാള്‍ക്കു സമൃദ്ധമായി ഭക്ഷിക്കാം. എങ്ങനെയാണ് മനുഷ്യര്‍ ഇത്രയേറെ ഭക്ഷണം കഴിക്കുന്നത് എന്ന് എനിക്കു മനസ്സിലായില്ല.

സാധനങ്ങള്‍ കെട്ടി​െവച്ചു കണക്കെഴുതാന്‍ ഒരാഴ്ച മാത്രമേ വേണ്ടിവന്നുള്ളൂ. അക്കാര്യത്തില്‍ ഉടമസ്ഥക്കു സന്തോഷം തോന്നിയെങ്കിലും അവര്‍ അതു പറഞ്ഞില്ല. എല്ലാം തീരുന്ന ദിവസം ദുർമുഖത്തോടെയാണെങ്കിലും അവര്‍ പറഞ്ഞു: ‘‘നീ കൊള്ളാം. പണിയൊക്കെ വേഗം തീര്‍ത്തല്ലോ! നിനക്ക് എന്തെങ്കിലും തരണം എന്നുണ്ട്. തരാന്‍ പണമൊന്നും എന്‍റെ കൈയിലില്ല.’’ അതിന്‍റെ തെളിവിനായി അയാള്‍ ശൂന്യമായ പണപ്പെട്ടി തുറന്നുകാണിച്ചു. ‘‘നീ വേണമെങ്കില്‍ ഒരു ഇരുമ്പുസാമാനം എടുത്തോളൂ. ഒരു കൈക്കോട്ടോ കോടാലിയോ കത്തിയോ പാത്രമോ അങ്ങനെയെന്തെങ്കിലും...’’

പിന്നെ കുറച്ചുനേരം ആലോചിച്ചശേഷം പിറുപിറുത്തു: ‘‘അല്ലെങ്കില്‍ അതൊന്നും വേണ്ടാ. അതൊക്കെയുമായി നിന്നെ കണ്ടാല്‍ ആളുകള്‍ കമ്യൂണിസ്റ്റുകാരനാണെന്നു വിചാരിക്കും.’’ഒന്നും വേണ്ടെന്നു ഞാന്‍ പറഞ്ഞു.

‘‘അപ്പോള്‍ ശരി, നിനക്കു നല്ലതു വരട്ടെ. ഭഗവാന്‍ നിന്നെ രക്ഷിക്കും. ബാബയുടെ ആത്മാവും നിന്നെ സഹായിക്കാതിരിക്കില്ല’’, അവര്‍ ആശംസിച്ചു. പിന്നെ എന്തോ ഓര്‍ത്ത മട്ടില്‍ അവര്‍ എന്നോട് ചുവരിലുള്ള തന്‍റെ അച്ഛന്‍റെ ചിത്രം അഴിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു. അതെടുത്തു കൊടുത്തപ്പോള്‍ അവര്‍ അതിനു താഴെയുള്ള വിളക്ക് ഊതിക്കെടുത്തി. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ രണ്ടു നൂറ്റാണ്ടു കാലത്തെ വ്യാപാരമാണ് അവര്‍ അതിലൂടെ അണച്ചുകളഞ്ഞത് എന്നു ഞാന്‍ വിചാരിക്കുന്നു.

ഞാന്‍ പുറത്തെ പടവുകളിറങ്ങി തെരുവിലേക്കു നടന്നു. കഠിനമായ വെയില്‍. പാതയോരത്തുകൂടെ ചെറിയൊരു പ്രകടനം കടന്നുപോകുന്നതു കണ്ടു. ‘‘ഇങ്ക്വിലാബ് സിന്ദാബാദ്!’’ ആരോ വിളിച്ചുകൊടുക്കുന്നു. ‘‘ഇങ്ക്വിലാബ് സിന്ദാബാദ്’’, ആള്‍ക്കൂട്ടം ആര്‍ത്തുവിളിക്കുന്നു. അത്തരമൊരു ജാഥ ഞാനാദ്യമായി കാണുകയായിരുന്നു. പില്‍ക്കാലത്ത് എപ്പോഴും കേള്‍ക്കാറുള്ള ആ മുദ്രാവാക്യം ഞാനപ്പോഴാണ് ആദ്യമായി കേള്‍ക്കുന്നത് എന്നും ഓര്‍ക്കുന്നു.

പൊടുന്നനെ നാലഞ്ചു ജീപ്പുകള്‍ പാഞ്ഞുവന്നു. പൊലീസുകാര്‍ പാഞ്ഞിറങ്ങി പ്രകടനക്കാര്‍ക്കു നേരെ വടിവീശി. ജാഥയില്‍നിന്നും ആളുകള്‍ കല്ലുവലിച്ച് പൊലീസുകാര്‍ക്കു നേരെ എറിഞ്ഞു. കുറച്ചുനേരം ആ ബഹളം തുടര്‍ന്നു. ഞാന്‍ സ്തംഭിച്ചുനിന്നു. ഒരു വെടി പൊട്ടുന്നതു കേട്ടു. ജനക്കൂട്ടം ചിതറിയോടുന്നു. അൽപനേരം കൊണ്ടുതന്നെ പ്രകടനക്കാര്‍ മാഞ്ഞു. ജീപ്പുകള്‍ ഇരമ്പിയാര്‍ത്തുകൊണ്ട് തിരിച്ചുപോയി. ആരെയും പുറത്തു കാണാനില്ല. തെരുവ് കൂടുതല്‍ ശൂന്യമായിരിക്കുന്നതായി എനിക്കു തോന്നി. എവിടേക്കു പോകണം എന്നറിയാതെ ഞാന്‍ അവിടെത്തന്നെ നിന്നു. അപ്പോള്‍ പിറകില്‍നിന്നും ആരോ വിളിക്കുന്നതു കേട്ടു.

‘‘ഗോപാല്‍, ഇവിടെ വാ.’’ തിരിഞ്ഞു നോക്കുമ്പോള്‍ ജഗദംബിക തന്നെയാണ്. ഞാന്‍ തിരിച്ചു പടവുകള്‍ കയറി.

‘‘ഇതിന്‍റെ പേരാണ് കമ്യൂണിസം. മനസ്സിലായോ?’’ അവര്‍ ചോദിച്ചു. ഞാന്‍ അറിയാതെ തലയാട്ടുക മാത്രം ചെയ്തു.

‘‘നീ കമ്യൂണിസ്റ്റാകാന്‍ ആഗ്രഹിക്കുന്നുണ്ടോ?’’ ഞാന്‍ ഒന്നും പറഞ്ഞില്ല. ആ ദൃശ്യങ്ങളുടെ നടുക്കം എന്നില്‍നിന്നും മാഞ്ഞുപോയില്ല.

‘‘അതു പോട്ടേ, ഞാന്‍ തിരിച്ചു വിളിച്ചത് അതിനല്ല. നിനക്ക് വലിയ ആളുകള്‍ പറയുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുമോ?’’ അവര്‍ തിരക്കി. അതെന്താണ് വലിയ ആളുകള്‍ സംസാരിക്കുന്നതെന്ന് എനിക്കു മനസ്സിലായില്ല.

‘‘ഇംഗ്ലീഷ്. അതാണ് വേണ്ടത്’’, അവര്‍ പറഞ്ഞു, ‘‘ഇംഗ്ലീഷ് നീയെഴുതുന്നുണ്ട്. അതു ശരിയാണോ എന്ന് എനിക്കറിഞ്ഞുകൂടാ. ഒരുപക്ഷേ, നീയെഴുതുന്നതു ശരിയായിരിക്കും. ചെറുപ്പം മുതല്‍ അച്ഛനോടൊപ്പം ഈ കടയിലായിരുന്നു ഞാന്‍. അന്നൊന്നും പഠനകാര്യത്തില്‍ വലിയ നിഷ്കര്‍ഷയില്ല. വിശേഷിച്ചും പെണ്‍കുട്ടികള്‍... അതുപോട്ടെ, നിനക്കു പറ്റുന്ന ഒരു കാര്യം പറയാം. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് അനേകം വീടുകളുണ്ട്. അവക്ക് പൊതുവായി ഒരു കാവല്‍പ്പുരയും. വലിയ ആളുകള്‍ താമസിക്കുന്ന ഇടമാണ്. പണക്കാരും പഠിപ്പുള്ളവരും ഉന്നതരായ ഉദ്യോഗസ്ഥരുമെല്ലാം. ഈ നഗരം ഇംഗ്ലീഷുകാരുടേതായിരുന്നു. അവര്‍ പോയി.

പക്ഷേ, ഇപ്പോഴും അവരുടെ അടുത്ത തലമുറക്കു തന്നെയാണ് അധികാരം. അതുകൊണ്ട് അവര്‍ പറയുന്നതു കേട്ട് മനസ്സിലാക്കി, അതിന് ഉത്തരം പറഞ്ഞ് നിൽക്കുകയാണെങ്കില്‍ നിനക്കു ജീവിക്കാം. ഞാന്‍ പറഞ്ഞ സ്ഥലത്ത് ഒരു കാവല്‍ക്കാരന്‍റെ ജോലി ഒഴിവുണ്ട്. ഇവിടത്തെ പോലല്ല, പണം കിട്ടും. മാസശമ്പളം. ഉടുക്കാന്‍ യൂനിഫോം കിട്ടും. പിന്നെ നിനക്ക് അതിനു പുറകിലുള്ള ഒരു ചെറിയ പുരയില്‍ താമസിക്കാം. എന്തു പറയുന്നു?’’ തളികയില്‍ ​െവച്ചുനീട്ടുകയാണ് ഒരു ജോലി. ഞാന്‍ സ്വപ്നം കാണുകയാണോ എന്നു സംശയിച്ചു.

‘‘പക്ഷേ, അതിനു മുമ്പ് നീ ഒരു വാക്കു തരണം. ഒരിക്കലും കമ്യൂണിസ്റ്റാവാന്‍ പാടില്ല.’’ അവര്‍ ശബ്ദം കുറച്ചുകൊണ്ടു തുടര്‍ന്നു. ‘‘കണ്ടോ ആ തെമ്മാടികള്‍ കല്ലു വലിച്ചെറിഞ്ഞത്? കഴിഞ്ഞൊരു ദിവസം ഒരു സംഭവമുണ്ടായി. ഇതേപോലൊരു ജാഥ പോകുന്നു. ഞാന്‍ ഉറങ്ങുകയായിരുന്നു, അറിഞ്ഞില്ല. കണ്ണുതുറന്നു നോക്കിയപ്പോള്‍ ഒരു മുഴുത്ത കല്ല് തൊട്ടരികില്‍ത്തന്നെ കിടക്കുന്നു. കച്ചവടങ്ങള്‍ പൂട്ടിക്കാനുള്ള പരിപാടിയാണ്.’’

‘‘ദീദീ, ഈ ഇങ്ക്വിലാബ് സിന്ദാബാദ് എന്നു​െവച്ചാല്‍ എന്താണെന്നറിയാമോ?’’ ഞാന്‍ ചോദിച്ചു.

‘‘എനിക്കറിഞ്ഞുകൂടാ. സകലതും നശിച്ചുപോട്ടേ എന്നോ മറ്റോ ആയിരിക്കണം.’’

 

ഞാന്‍ കമ്യൂണിസ്റ്റാവാതെ സൂക്ഷിച്ചുകൊള്ളാം എന്ന് അവരോട് പറഞ്ഞു. ‘‘നിന്‍റെ വാക്ക് ഞാന്‍ വിശ്വസിക്കുന്നു. ഇനി നീ വഴിതെറ്റി കമ്യൂണിസ്റ്റ് ആയാലോ, ദീദിക്കൊന്നുമില്ല. പക്ഷേ, നിന്‍റെ കാര്യം പോക്കാണ്. നിന്നെ ആരെങ്കിലും വെടി​െവച്ചു കൊല്ലും. കണ്ടില്ലേ, വെടി പൊട്ടിയത്? കമ്യൂണിസ്റ്റുകാര്‍ക്ക് അങ്ങനെ മരിക്കാനേ യോഗമുള്ളൂ.’’

തോണി കടവില്‍ത്തന്നെയുണ്ട്

കാവല്‍പ്പുരയിലെ ജോലിയും ആ കെട്ടിടസമുച്ചയത്തിനു പിന്നിലെ താമസവും എന്നെ കുറേക്കൂടി കൃത്യനിഷ്ഠയുള്ളവനാക്കിത്തീര്‍ത്തു. പക്ഷേ, അവസാനിക്കാത്ത വിരസതയായിരുന്നു അവിടെയും. രാവിലെയും വൈകുന്നേരവും വാതില്‍ തുറന്നുകൊടുക്കുന്നതൊഴിച്ചാല്‍ മിക്കവാറും സമയത്തും വേറൊന്നും ചെയ്യാനില്ല. പക്ഷേ, ഞാന്‍ അധികസമയവും കാവല്‍പ്പുരയില്‍ത്തന്നെ കഴിച്ചുകൂട്ടി. എന്‍റെയൊപ്പം തന്നെ ജോലിചെയ്തിരുന്ന മറ്റു കാവല്‍ക്കാരുടെ സമയത്തും ഞാന്‍ തുടര്‍ന്നു. അതവര്‍ക്കും സന്തോഷമായിരുന്നു. അങ്ങനെ കുറേനാള്‍ കഴിഞ്ഞപ്പോള്‍ നീക്കിയിരിപ്പായ അവധിദിനങ്ങള്‍ ചേര്‍ത്തെടുത്തുകൊണ്ട് ഞാന്‍ ഒരാഴ്ചസമയത്തേക്ക് ദ്വീപിലേക്കു മടങ്ങിപ്പോയി.

അന്നൊന്നും ഇന്നത്തെയത്ര വാഹനസൗകര്യമില്ല. കുറേയടുത്തുവരെ തീവണ്ടി പോകുന്ന ഒരു സ്റ്റേഷനുണ്ട്. അവിടെയിറങ്ങി ചിലപ്പോള്‍ ചില കാളവണ്ടികളിലും അപൂര്‍വം ചിലപ്പോള്‍ ലോറിയിലും അധികസമയവും നടന്നും ഞാന്‍ ഒരു ദ്വീപിലെത്തി. അവിടെനിന്നും മടങ്ങിപ്പോകുന്ന ഒരു തോണി കിട്ടി. അങ്ങനെ പലവിധത്തില്‍ സഞ്ചരിച്ച് അവിടെയെത്തിച്ചേരാന്‍ തന്നെ രണ്ടു ദിവസമെടുത്തു. ദ്വീപില്‍ ചെന്നപ്പോള്‍ എന്‍റെ തോണി കടവില്‍ത്തന്നെയുണ്ട്. ഓര്‍ത്തുനോക്കിയാല്‍ ആ തോണിയല്ലാതെ മറ്റെന്താണ് ആ ദ്വീപില്‍ എനിക്കു സ്വന്തമായിട്ടുള്ളത്? ആരാണ് എന്നെ കാത്തിരിക്കാനുള്ളത്?

രണ്ടു ദിവസം ഞാന്‍ അവിടെ താമസിച്ചു. തോണിയൊന്നും പുറത്തിറക്കിയില്ല. എങ്കിലും കടവില്‍ത്തന്നെ കുറേനേരം നിന്നു. കാത്തുകാത്തുനിന്നിട്ടും എവിടേയും അവളെ കണ്ടില്ല. അവള്‍ മാത്രമല്ല, കടവില്‍ അപ്പോള്‍ മറ്റാരും വരാറില്ലെന്നു തോന്നി. ആളുകള്‍ മറ്റു സ്ഥലങ്ങളിലേക്കു പോയി അവിടെനിന്നും സഞ്ചരിക്കുന്നുണ്ടാവണം. അതെന്തായാലും രണ്ടുദിവസം കൊണ്ടുതന്നെ എനിക്കു മടുത്തു. ദ്വീപിലെയോ നഗരത്തിലെയോ; എവിടത്തെ ഏകാന്തതയാണ് കൂടുതല്‍ സഹനീയം എന്നതായി അപ്പോഴത്തെ പ്രശ്നം. നഗരത്തിലെ കാവല്‍പ്പുരയില്‍ ജോലിയൊന്നുമില്ലാത്ത പകലുകള്‍ എന്നെ കാത്തിരിക്കുന്നു. എന്നാലും ഞാന്‍ മടങ്ങിപ്പോയി.

അങ്ങനെ രണ്ടോ മൂന്നോ തവണ ദ്വീപില്‍ വന്നു മടങ്ങി. ഒരിക്കല്‍ തോണിയില്‍ ​െവച്ച് ശ്യാമള്‍ ദായെ കണ്ടു. നീ എവിടെയാണ് ഇപ്പോള്‍ എന്ന് അയാള്‍ ആംഗ്യം കാണിച്ചു. ഞാന്‍ ദൂരേക്കു കൈ ചൂണ്ടി കൊല്‍ക്കത്ത എന്നു പറഞ്ഞു. അയാള്‍ അത്ഭുതത്തോടെ എന്നെ നോക്കി. കൊല്‍ക്കത്ത നഗരം കണ്ടിട്ടുള്ള ഒരാളെ ആദ്യമായിട്ടാവണം അയാള്‍ കാണുന്നത് എന്നുതോന്നുന്നു.

അപ്പോള്‍ ഞാനാലോചിച്ചു: ഈ ശ്യാമള്‍ദാ ഒറ്റക്കായിരുന്നില്ലേ? ജന്മനാട്ടില്‍, ഉയരമുള്ളൊരു കുന്നിന്‍പ്രദേശത്ത് തനിച്ചു താമസിക്കുകയായിരുന്നു അയാള്‍. അപ്രതീക്ഷിതമായി സുമനയെ അയാള്‍ കൂടെക്കൂട്ടി. എത്ര കഠിനം! എന്നില്‍നിന്നും അവളെ അടര്‍ത്തിമാറ്റുക മാത്രമല്ല, സ്വന്തം ഏകാന്തതകൂടി അയാള്‍ എനിക്കു കൈമാറിയല്ലോ. അതെല്ലാം ഓര്‍ത്തുകൊണ്ട് ഞാന്‍ തോണിയില്‍ ഇരുന്നു. വളരെ ദൈര്‍ഘ്യം തോന്നിച്ച, തികച്ചും അസ്വസ്ഥമായൊരു യാത്രയായിരുന്നു അത്.

അതിനുശേഷം അത്ഭുതകരമായ ചില സംഭവങ്ങളുണ്ടായി. ആകസ്മികമെങ്കിലും എന്‍റെ ജീവിതത്തെ മാറ്റിമറിച്ച ചില സംഭവങ്ങള്‍. എല്ലാം എന്‍റെ പിഴവില്‍നിന്നുതന്നെയായിരുന്നു. പക്ഷേ, ചിലപ്പോള്‍ വിധി തെറ്റുകളിലൂടെയും ഒരാളിലേക്ക് ഭാഗ്യം കൊണ്ടുവന്നു തരും. അങ്ങനെയൊന്നായിരുന്നു കാവല്‍ ജോലിയില്‍ എനിക്കു സംഭവിച്ച പിഴ. അതിലൂടെ ഞാന്‍ സൈന്യത്തിലെ വലിയ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാക്കപ്പെടുകയും അവരില്‍ത്തന്നെ കേണല്‍ ഷണ്‍മുഖം സന്താനം എന്ന മഹാനായ ഒരു മനുഷ്യന്‍റെ പാദങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്തു.

അങ്ങനെയല്ലായിരുന്നുവെങ്കില്‍ ഗോപാല്‍ ബറുവ എന്ന ഈ നിസ്സാരജീവി ഇത്തരം കുറിപ്പുകള്‍ എഴുതാന്‍ തുനിയുമായിരുന്നോ? അദ്ദേഹത്തിനുവേണ്ടി ചിലകാര്യങ്ങളില്‍ ചെറിയ തോതിലെങ്കിലും സഹായിക്കാനായി എന്നതല്ലാതെ ഈ ഭൂമിയില്‍ ഈയുള്ളവന്‍റെ ജീവിതത്തിന് എന്തർഥമുണ്ടായി?

വ്യസനം നിറഞ്ഞ ഒരോര്‍മ

സന്താനം സാറിനെക്കുറിച്ച് ഇപ്പോള്‍ ഒരു കാര്യം ഓർമ വരുന്നു: അദ്ദേഹത്തിന്‍റെ അവസാനകാലത്ത് ഒരിക്കല്‍ ഒരു പകല്‍ ഞാന്‍ അദ്ദേഹത്തെ പോയിക്കണ്ടു. ആ വലിയ വീട്ടിലെ ഒരു മുറിയില്‍ തന്‍റെ ബൃഹത്തായ ശിൽപശേഖരത്തിനു മുന്നില്‍ നിശ്ശബ്ദനായി ഇരിക്കുകയായിരുന്നു അദ്ദേഹം. പേരു ചോദിക്കാതെത്തന്നെ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. അതുതന്നെ അത്ഭുതമായിരുന്നു. എന്തെന്നാല്‍ അക്കാലത്ത് ഓർമകളും അതിഥികളെപ്പോലെ വല്ലപ്പോഴും മാത്രമേ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നുള്ളൂ. അങ്ങനെയുള്ള ഓർമകള്‍ക്കുപോലും കാലഗണന തെറ്റുമായിരുന്നു. അന്ന് അദ്ദേഹം എന്നോട് സ്വന്തം മുത്തച്ഛനെക്കുറിച്ചാണ് പറഞ്ഞത്. മുത്തച്ഛന്‍ പഠിപ്പിച്ചുകൊടുത്ത ചില കാവ്യങ്ങള്‍ അദ്ദേഹം തെറ്റാതെ ചൊല്ലി.

‘‘ഗോപാല്‍ എന്‍റെ മുത്തച്ഛനെ കണ്ടിട്ടുണ്ടോ?’’ അദ്ദേഹം ചോദിച്ചു. ഞാന്‍ ഇല്ലെന്നു തലയാട്ടി.

‘‘നടക്കുന്ന കാര്യമല്ലെന്നറിയാം. എന്നാലും എന്തോ, കുറച്ചുനാളായി അദ്ദേഹത്തെ കാണണമെന്നു തോന്നുന്നു’’, അദ്ദേഹം പറഞ്ഞു. എത്രയോ വര്‍ഷം മുമ്പ് മരിച്ചുപോയ മുത്തച്ഛനെക്കുറിച്ചാണ് അങ്ങനെ പറയുന്നത്. എനിക്കു വല്ലാതെ വിഷമം തോന്നി.

‘‘ഗോപാലനറിയാമോ, എന്‍റെ മുത്തച്ഛന് ഭാവി നോക്കാനറിയാമായിരുന്നു. അദ്ദേഹം നക്ഷത്രങ്ങളുടെ ശാസ്ത്രം പഠിച്ചിട്ടുണ്ട്. കുറേക്കാലം അദ്ദേഹത്തിന്‍റെയൊപ്പം താമസിച്ചിരുന്നതുകൊണ്ട് എനിക്കും കുറച്ചൊക്കെ അതു പരിചയമുണ്ട്. എനിക്കങ്ങനെ വിശ്വാസമുണ്ടായിട്ടല്ല, പക്ഷേ ആ കളങ്ങളും നക്ഷത്രങ്ങളും കാലഗണനയുമൊക്കെ എന്നെ ആകര്‍ഷിച്ചതാവാം. പില്‍ക്കാലത്ത് നമ്മള്‍ ചിഹ്നങ്ങളും മുദ്രകളും പഠിക്കാന്‍ ശ്രമിച്ചതുപോലെ... ഈയിടെ, ഒരു കൗതുകത്തിന് ഞാന്‍ എന്‍റെ സ്വന്തം ജാതകം നോക്കിയിരുന്നു.’’ അങ്ങനെ പരിശോധിച്ചപ്പോള്‍ എന്താണ് കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞില്ല.

നക്ഷത്രങ്ങള്‍ നിരീക്ഷിച്ച് ഭാവി നിര്‍ണയിക്കാനുള്ള ശ്രമം ആദിമകാലത്തുതന്നെ ഉണ്ടായിരുന്നതായി സന്താനം സാര്‍ എന്നോടു തുടര്‍ന്നു പറഞ്ഞു. സൈന്ധവനാഗരികതയിലെ മനുഷ്യര്‍ക്ക് തീര്‍ച്ചയായും അതിനെക്കുറിച്ചു ധാരണകളുണ്ടായിരിക്കണം. ‘‘മീനുകളുടെ ചിത്രം ഗോപാല്‍ ആ മുദ്രകളില്‍ ശ്രദ്ധിച്ചിട്ടില്ലേ? അവ വെറും മീനുകളല്ല. നക്ഷത്രങ്ങളാണ്. മീന്‍ എന്നാല്‍ നക്ഷത്രം എന്നർഥം. ആല്‍മരത്തോടൊപ്പം മീന്‍ ചിഹ്നം ചേര്‍ത്തു വരക്കുമ്പോള്‍ വടമീന്‍. അതായത് വടവൃക്ഷവും നക്ഷത്രവും. ‘വട’ എന്ന പദത്തിന് ദ്രാവിഡത്തില്‍ north അഥവാ വടക്ക് എന്നാണ് അർഥം. നോക്കൂ, വടമീന്‍ എന്നാല്‍ ധ്രുവനക്ഷത്രമാണ്. വടക്കന്‍ നക്ഷത്രം. അതുപോലെ മെയ്മീന്‍ എന്നാല്‍ ശനിയാണ്. ‘ഏളുമീന്‍’ എന്നത് സപ്തസൈന്ധവ എന്ന പേര്‍ഷ്യന്‍ ഭാഷയിലെ ആശയത്തെ തമിഴിലാക്കുന്നു... അങ്ങനെ ഒരു പാടുണ്ട്...’’ അദ്ദേഹം നിശ്ശബ്ദനായി.

കുറച്ചുനേരം ഞങ്ങള്‍ അങ്ങനെ തുടര്‍ന്നു. സന്താനം സാര്‍ എന്നോടു ചോദിച്ചു: ‘‘ഗോപാലിന്‍റെ ജന്മനക്ഷത്രം ഏറെക്കുറെ ശരിയായി ഞാന്‍ കണക്കാക്കിയിട്ടുണ്ട്. ഭാദ്രമാസത്തിലെ പൂര്‍വ ആഷാഢം. തമിഴില്‍ ഞങ്ങള്‍ പൂരാടം എന്നു വിളിക്കും. അതു​െവച്ച് ഞാന്‍ നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. സപ്തവ്യസനങ്ങളിലൊന്നായ ചൂത് നിങ്ങളുടെ ജന്മത്തില്‍ത്തന്നെകൂടെയുണ്ട്. അതാണ് നിങ്ങള്‍ക്ക് പദപ്രശ്നങ്ങളിലും കണക്കുകളിലും കമ്പമുണ്ടാവാന്‍ കാരണം. ചൂത് നിഷിദ്ധമായ ഒന്നാണ്. പക്ഷേ, ഭാഗ്യത്തിന് അതു നല്ലരീതിയില്‍ നിങ്ങള്‍ ഉപയോഗിച്ചു. അതൊന്നില്ലായിരുന്നെങ്കില്‍ നമ്മള്‍ തമ്മില്‍ കണ്ടുമുട്ടുകയില്ലായിരുന്നു.’’

‘‘ഗോപാല്‍, നിങ്ങളെ കണ്ടുമുട്ടിയത് എന്‍റെ വലിയ ഭാഗ്യങ്ങളിലൊന്നാണ്’’, അദ്ദേഹം പറഞ്ഞു.

‘‘തിരിച്ചാണ് സാര്‍, എന്‍റെ ഭാഗ്യംകൊണ്ടാണ് അങ്ങയെപ്പോലൊരാളെ കണ്ടുമുട്ടാന്‍ കഴിഞ്ഞത്.’’

‘‘നക്ഷത്രങ്ങളുടെ ഭാഷ നമ്മെ ബന്ധിപ്പിച്ചതാവണം’’, അദ്ദേഹം ഒന്നു നിര്‍ത്തി, ‘‘പക്ഷേ, ഒന്നു ചോദിക്കട്ടെ ഗോപാല്‍? ഏറെക്കാലമായി നിങ്ങളിലൊരു വിഷാദഭാവം ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒരുപക്ഷേ, കണ്ടുമുട്ടിയ കാലം മുതല്ക്കേത്തന്നെ... എന്തിനാണത്? ഞാന്‍ ആലോചിച്ചിട്ടുണ്ട്. നിങ്ങള്‍ക്കെന്തെങ്കിലും വിഷമമുണ്ടോ? അതു പരിഹരിക്കാന്‍ എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?'

എനിക്കു മറുപടി പറയാനായില്ല. എന്തുപറയാന്‍ തുനിഞ്ഞാലും ഞാന്‍ കരഞ്ഞുപോകുമായിരുന്നു. മഹാസങ്കടത്തിന്‍റെ കടല്‍ എന്‍റെയുള്ളില്‍ അലയടിച്ചുകൊണ്ടേയിരുന്നു.

സന്താനം സാര്‍ എഴുന്നേറ്റ് എന്‍റെയരികില്‍വന്ന് എന്നെ ചേര്‍ത്തുപിടിച്ചുകൊണ്ടു പറഞ്ഞു: ‘‘ഗോപാല്‍, നമ്മള്‍ എത്രയോ ആഴമുള്ള പഴമകളിലേക്ക് സഞ്ചരിച്ചു! നൂറ്റാണ്ടുകളുടെ പിറകിലേക്ക്. അവിടത്തെ മനുഷ്യരിലേക്കും അവരുടെ കാലത്തിലേക്കും... എന്തായിരുന്നു അവരുടെ ജീവിതം? അല്ലെങ്കില്‍ ദുഃഖം? നമുക്കറിഞ്ഞുകൂടാ. കാരണം ഒടുവില്‍ ഒന്നും അവശേഷിക്കുകയില്ല. പൊടിയാന്‍ മടിച്ചുനിൽക്കുന്ന ചില അസ്ഥികളല്ലാതെ... കെട്ടിയ പടവുകളുടെ ബാക്കികളല്ലാതെ... കോറിവരച്ച ഏതാനും മുദ്രകളല്ലാതെ... അതെല്ലാം ഓര്‍ത്താല്‍ എത്രയും ഹ്രസ്വമായ ഒരു ഭൂതകാലമല്ലേ നമുക്കുള്ളൂ? ഒന്നുകൊണ്ടും വിഷമിക്കരുത്. ഒന്നും... ആരുടേയും കുറ്റമല്ല. ആരേയും വിധിക്കാന്‍ നമുക്കവകാശവുമില്ല. നമ്മെപ്പോലും...’’

ഒന്നും ആരുടേയും കുറ്റമല്ല... എന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്? അല്ലെങ്കില്‍ ഏതേതു നക്ഷത്രങ്ങളെ നോക്കിയാണ് അദ്ദേഹം അതു മനസ്സിലാക്കിയത്? ഇപ്പോഴും ദുരൂഹമാണ് എനിക്കാ വാക്കുകള്‍... എന്നാല്‍, എന്‍റെ ജീവിതത്തെ സമഗ്രമായി അതു രേഖപ്പെടുത്തി. സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. ആ ദിവസമാണ് അദ്ദേഹം തന്‍റെ വലിയ വീടിന്‍റെയും അതിലെ ശിൽപസമ്പത്തിന്‍റെയും ചുമതല എന്നെ ഏൽപിച്ചത്. തെളിഞ്ഞ കൈപ്പടയില്‍, ഇംഗ്ലീഷില്‍ എഴുതുകയായിരുന്നു അദ്ദേഹം. സാക്ഷിയായി ഭാര്യയെക്കൊണ്ട് ഒപ്പിടുവിക്കുകയുംചെയ്തു.

പിന്നീടൊരിക്കലും ഓർമകളുടെ അത്രയെങ്കിലും തെളിച്ചത്തോടെ അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടേയില്ല. ആ വലിയ വീട്ടിലെ അകത്തളങ്ങളിലെ ഇരുട്ടിലേക്ക് അദ്ദേഹം പിന്‍വാങ്ങി. എഴുതുന്ന കത്തുകളിലും കുറിപ്പുകളിലും ദുര്‍ഗ്രഹമായ ചിഹ്നങ്ങള്‍ കൂടുകൂട്ടി. കൂടുതല്‍ എഴുതാന്‍ വയ്യ. വനവൃക്ഷംപോലെ ഉന്നതനായ ആ മനുഷ്യനെ ഓര്‍ക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറയുന്നു. ഈ താളുകള്‍ നനയുന്നു.

വീണ്ടും തോണിയിറക്കേണ്ടിവന്ന ആ ദിവസങ്ങള്‍

സന്താനം സാറിനോടൊപ്പം ജീവിതം തുടങ്ങിയതിനുശേഷം ദ്വീപിലേക്കു പോകാന്‍ സമയം കിട്ടിയില്ല. അങ്ങനെയൊരു തോന്നല്‍ ഉണ്ടായിരുന്നുമില്ല എന്നുപറയാം. ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സാര്‍ ഏതോ പ്രധാനപ്പെട്ട ദൗത്യവുമായി വിദേശത്തേക്കു പോയി. രണ്ടാഴ്ച സമയമാണ് എന്നു തോന്നുന്നു. ‘‘ഗോപാല്‍, ഞാനില്ലാതെ ഇത്രയും ദിവസങ്ങള്‍ ഇവിടെയിരിക്കേണ്ടാ. ഒരവധിയെടുത്തു വിശ്രമിച്ചു വരൂ.’’ അദ്ദേഹം പറഞ്ഞു. അപ്പോഴാണ് ഞാനക്കാര്യം ആലോചിക്കുന്നത്. എവിടെ പോകാനാണ്! വീണ്ടും ദ്വീപ് എനിക്കോർമ വന്നു. സന്താനം സാര്‍ പോയ ദിവസംതന്നെ ഞാന്‍ അവിടേക്കു തിരിച്ചു.

അപ്പോഴും അവിടെ എനിക്കാരുമില്ല. തോണി അവിടെത്തന്നെയുണ്ടായിരുന്നു. അതിന്‍റെ വശങ്ങളില്‍ പടര്‍ന്നിരുന്ന പൂപ്പല്‍ ഉണങ്ങിനിൽക്കുന്നു. ആ വര്‍ഷം വരണ്ട കാലാവസ്ഥയായിരുന്നു. മഴ വൈകി. നദിയിലും വെള്ളം കുറവുള്ളതുപോലെ തോന്നി. തീ പടര്‍ന്നു പിടിച്ചതുകൊണ്ടാവണം, ദ്വീപിന്‍റെ ഉള്‍ഭാഗങ്ങളില്‍ പലേടത്തും വൃക്ഷങ്ങള്‍ കരിഞ്ഞുനിന്നു. ഉള്‍വനങ്ങളില്‍ ജലം കുറവായതുകൊണ്ടാവാം, മൃഗങ്ങള്‍ കാടിറങ്ങി നദിക്കരയിലേക്കു വരുന്നതു പതിവായി. രാത്രികളില്‍ അവയുടെ മുരള്‍ച്ചയും കരച്ചിലും എന്‍റെ ഉറക്കങ്ങളിലേക്കു വന്നു.

 

ആഗസ്റ്റ് മാസമായിരുന്നു അത്. ഉച്ചയോടെ ചെറുതായി മഴ പെയ്യാനാരംഭിച്ചു. മഴ തുടങ്ങിയ സമയത്ത് ഞാന്‍ കടവിലെ തോണിപ്പുരയില്‍ ഒന്നു മയങ്ങുകയായിരുന്നു. വെള്ളത്തുള്ളികള്‍ എന്‍റെ മുഖത്തു പാറിവീഴുന്നതു ഞാനറിഞ്ഞു. അൽപനേരം കഴിഞ്ഞ് എഴുന്നേറ്റപ്പോഴേക്കും നദിക്കു മുകളില്‍ വിസ്തൃതമായി മഴ പെയ്യുന്നതു ഞാന്‍ കണ്ടു. കാറ്റുണ്ടായിരുന്നില്ല. ജലത്തിനു മുകളില്‍ മഴയുടെ നീണ്ട തിരശ്ശീല ശാന്തമായി വീണുകിടന്നു.

അന്നു രാത്രി മുഴുവന്‍ ഒരേ സ്ഥായിയില്‍ മഴ നിര്‍ത്താതെ പെയ്തു. പിറ്റേന്നു വെളുപ്പിന് ഉണര്‍ന്നു നോക്കുമ്പോള്‍ കലങ്ങിമറിഞ്ഞ് ഒഴുകുന്ന നദി കണ്ടു. തോണിയില്‍ കടത്തിനായി ആരും വന്നില്ല. എല്ലാവരും വീടുകളില്‍ത്തന്നെ ഒതുങ്ങിയിരിക്കുകയാണെന്നു തോന്നി. ഞാന്‍ കടവിനോടു ചേര്‍ന്നുള്ള, കുറച്ചുയരമുള്ള പാറക്കെട്ടിനു മുകളില്‍ പോയിനിന്നു. അവിടെ നിന്നാല്‍ കാണാം, അനാദിയായ നദിയുടെ ഒഴുക്ക്.

ഒരു വലിയ ഇല ചൂടി ഞാന്‍ നദിക്കരയിലേക്കു നടന്നു. കടവില്‍ കെട്ടിയിട്ട തോണി ഉയര്‍ന്നുവരുന്ന വെള്ളത്തില്‍ ചാഞ്ചാടുന്നുണ്ടായിരുന്നു. കുത്തിയൊലിച്ചുവരുന്ന വെള്ളത്തില്‍ ഒരു കൂറ്റന്‍ കാട്ടുപോത്തിന്‍റെ ജഡം ഒഴുകിവരുന്നതു കണ്ടു. അത് ഇടക്കിടെ തിട്ടകളിലും മരക്കുറ്റികളിലും തട്ടി അൽപനേരം നിൽക്കും, പിന്നെ പതുക്കെ കറങ്ങിത്തിരിഞ്ഞ് വീണ്ടും ഒഴുക്കിലേക്കു പോകും. കടപുഴകിവീണ മരങ്ങള്‍ അനാഥരെപ്പോലെ ശാഖകള്‍ ആകാശത്തിലേക്കുയര്‍ത്തിക്കൊണ്ട് ആ മൃഗശരീരത്തെ അനുഗമിച്ചു.

ആ പകലും മഴ നിലച്ചില്ല. രാത്രിയായപ്പോള്‍ നദിയുടെ ദിശ മാറുകയാണെന്നു തോന്നി. അതിന്‍റെ ഒഴുക്ക് കരയിലേക്കു പടരുന്നതുപോലെ. വെള്ളം ഉയര്‍ന്നുവരുന്നു. ഇപ്പോള്‍ തോണിക്കുള്ളിലുമുണ്ട് വെള്ളം. ഞാന്‍ തോണിയെ കമഴ്ത്തിയിടാന്‍ ശ്രമിച്ചു. ഒറ്റക്ക് അതസാധ്യമായിരുന്നു. പതുക്കെപ്പതുക്കെ വെള്ളം തോണിപ്പുരയുടെ പാതിയോളം ഉയര്‍ന്നു.

മുനിഞ്ഞു കത്തുന്ന മണ്ണെണ്ണവിളക്കിന്‍റെ പ്രകാശത്തില്‍ ഞാന്‍ നോക്കുമ്പോള്‍ വെള്ളത്തില്‍ കൈകാലടിച്ചുകൊണ്ടിരിക്കുന്ന ഒരു കാട്ടുനായയെ കണ്ടു. അത് എന്നെ ദയനീയമായി നോക്കി. ഞാന്‍ അതിനെയും. ഉയരുന്ന വെള്ളത്തിന്‍റെ മുന്നിലായി സംഭീതരായ രണ്ടാത്മാക്കള്‍ പ്രാണഭയത്തോടെ പരസ്പരം നോക്കിക്കൊണ്ടിരിക്കുന്ന ആ രംഗം എനിക്കിപ്പോഴും ഓർമയുണ്ട്. ഞാന്‍ നദിക്കരയിലേക്ക് ഒന്നുകൂടി പോയി. ഇപ്പോള്‍ കരയും കടവുമൊന്നും തിരിച്ചറിയാനാകാത്ത വിധം ഒന്നായി മാറിയിരിക്കുന്നു.

രാത്രി കുറച്ചുകൂടി വൈകിയപ്പോള്‍ ദൂരെനിന്നും ഒച്ചകള്‍ കേട്ടു. ഒന്നല്ല, ഒരുപാടു പേരുടെ ശബ്ദങ്ങള്‍. എവിടെ നിന്നാണവ? എനിക്കു മനസ്സിലായില്ല. ഞാന്‍ കടവിനടുത്തുള്ള പാറയുടെ ഉയരത്തിലേക്കു പിടിച്ചുകയറി. ഇപ്പോള്‍ കാണാം, ഉള്‍ഗ്രാമത്തിലെ അകലങ്ങളില്‍നിന്നും വെളിച്ചം കാണാനുണ്ട്. ഞാന്‍ കാത്തു. മഴയുടെ ആരവത്തിനു മുകളില്‍ കൂക്കുകള്‍. വെളിച്ചവും ശബ്ദവും അടുത്തുവരുന്നു. നോക്കുമ്പോള്‍ ദ്വീപിലുള്ളവര്‍ എല്ലാവരുമുണ്ട്. ഓരോരുത്തരും വലിയ ഭാണ്ഡങ്ങള്‍ തലയിലെടുത്തിരിക്കുന്നു. ആടുകളും പശുക്കളും കോഴികളുമുണ്ട്. റാന്തലുകളുടെ വെളിച്ചം. വയസ്സുചെന്ന ചിലരെ തോളിലെടുത്തിരിക്കുന്ന യുവാക്കള്‍.

ഒട്ടുപിന്നിലായി ഏന്തിവലിച്ചു നടക്കുന്ന ശ്യാമള്‍ദാ. അയാള്‍ക്കു തൊട്ടുമുന്നില്‍ ഇരു കൈകളിലും വലിയ ഭാരവുമായി സുമന. ആള്‍ക്കൂട്ടത്തിനു മുന്നില്‍ നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്നത് ശ്യാമള്‍ദായുടെ പട്ടിയാണ്. അത് കുറച്ചുദൂരം പോയി ഇടക്കിടെ തിരിഞ്ഞുനോക്കും, തിരിഞ്ഞ് മനുഷ്യര്‍ തനിക്കൊപ്പം എത്തുന്നതുവരെ കാത്തുനിൽക്കും. പതിവുപോലെത്തന്നെ അതു കുരച്ചതേയില്ല.

‘‘ഗോപാല്‍, തോണിയിറക്ക്,’’ ആരൊക്കെയോ വിളിച്ചുപറയുന്നു. ‘‘വെള്ളം കയറാന്‍ തുടങ്ങിയിരിക്കുന്നു. ഈ ദ്വീപ് മുങ്ങുകയാണ്.’’

‘‘ഈയൊഴുക്കില്‍ തോണി പോകുമോ?’’ ഞാന്‍ തിരക്കി.

‘‘ഒഴുക്കില്‍പ്പെട്ടു പോകുന്നിടത്തേക്കു നീങ്ങട്ടെ. ഇവിടെനിന്നാല്‍ നമ്മള്‍ തീര്‍ച്ചയായും മരിക്കും. ഇനിയും മുങ്ങാത്ത ഏതെങ്കിലും കര പിടിക്കുകയേ നിവൃത്തിയുള്ളൂ.’’

(തുടരും)

Tags:    
News Summary - weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 06:00 GMT
access_time 2024-11-25 05:45 GMT
access_time 2024-11-18 04:15 GMT