തപോമയിയുടെ അച്ഛൻ

ഗോപാല്‍ ബറുവ തുടരുന്നു... തപോമയിയുടെ ശൈശവം കുട്ടികള്‍ ദൈവത്തിന്‍റേതാണ്... ആ വലിയ വാക്കുകള്‍ എന്നെ ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു. ഞാന്‍ കുഞ്ഞിനോട് കൂടുതല്‍ അടുത്തു. നിഷ്കളങ്കമായ ആ കളിചിരികളില്‍ മുഴുകി.അപ്പോഴും എന്നെ സങ്കടപ്പെടുത്തിയിരുന്ന കാര്യം അവളായിരുന്നു. സുമന ആഹ്ലാദങ്ങളിലേക്കു തിരിച്ചുവന്നില്ല. വീട്ടുജോലികള്‍ ചെയ്യും. കുഞ്ഞിന്‍റെ കാര്യങ്ങള്‍ നോക്കും. യാന്ത്രികമായിരുന്നു അതെല്ലാം. ഇപ്പോള്‍ എന്‍റെ കൂടെയില്ലാത്ത ഒരാളുടെ നിഴല്‍മാത്രമാണ് അവളെന്ന് എനിക്കുതോന്നി. ഞാന്‍ പതുക്കെപ്പതുക്കെ ആ ജീവിതത്തോടു പൊരുത്തപ്പെട്ടു തുടങ്ങി. ഔദ്യോഗികമായ ജീവിതത്തില്‍ ഞാന്‍ ദുരൂഹചിഹ്നങ്ങള്‍...

ഗോപാല്‍ ബറുവ തുടരുന്നു...

തപോമയിയുടെ ശൈശവം കുട്ടികള്‍ ദൈവത്തിന്‍റേതാണ്... ആ വലിയ വാക്കുകള്‍ എന്നെ ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു. ഞാന്‍ കുഞ്ഞിനോട് കൂടുതല്‍ അടുത്തു. നിഷ്കളങ്കമായ ആ കളിചിരികളില്‍ മുഴുകി.

അപ്പോഴും എന്നെ സങ്കടപ്പെടുത്തിയിരുന്ന കാര്യം അവളായിരുന്നു. സുമന ആഹ്ലാദങ്ങളിലേക്കു തിരിച്ചുവന്നില്ല. വീട്ടുജോലികള്‍ ചെയ്യും. കുഞ്ഞിന്‍റെ കാര്യങ്ങള്‍ നോക്കും. യാന്ത്രികമായിരുന്നു അതെല്ലാം. ഇപ്പോള്‍ എന്‍റെ കൂടെയില്ലാത്ത ഒരാളുടെ നിഴല്‍മാത്രമാണ് അവളെന്ന് എനിക്കുതോന്നി.

ഞാന്‍ പതുക്കെപ്പതുക്കെ ആ ജീവിതത്തോടു പൊരുത്തപ്പെട്ടു തുടങ്ങി. ഔദ്യോഗികമായ ജീവിതത്തില്‍ ഞാന്‍ ദുരൂഹചിഹ്നങ്ങള്‍ നിർമിച്ചു. നിഗൂഢതകളുടെ കുരുക്കഴിക്കാന്‍ പഠിച്ചു. എന്നാല്‍, വ്യക്തിജീവിതത്തിലെ ദുരൂഹതകളെ അവഗണിച്ചു. അവയെ വായിച്ചെടുക്കാനുള്ള ഒരു ജീവിതം എനിക്കു ബാക്കിയില്ലെന്നു തോന്നി.

തപോമയിയായിരുന്നു എന്‍റെ ആശ്വാസം. കുട്ടികള്‍ അവരുടെ കുട്ടിക്കാലത്തിലേക്ക് മുതിര്‍ന്നവരെ കളിക്കാന്‍ കൂട്ടിക്കൊണ്ടുപോകുന്നു. ഞാന്‍ അവനോടൊപ്പം കളിച്ചു. ആനയും കുതിരയുമായി. അവന്‍റെ വികൃതികള്‍ക്കും സാഹസങ്ങള്‍ക്കും നിന്നുകൊടുത്തു. ശിക്ഷയേറ്റുവാങ്ങി. കുഞ്ഞിനുവേണ്ടി പാട്ടുപാടുകയും നൃത്തംചെയ്യുകയും ചെയ്തു. അപൂര്‍വമായി കിട്ടുന്ന ഒഴിവുദിവസങ്ങളില്‍ അവനോടൊപ്പം കളിക്കാനായി ഞാന്‍ ഓടിയെത്തുമായിരുന്നു.

അവന്‍ ആ വീട്ടില്‍നിന്നും താഴെ മുറ്റത്തേക്കു പിച്ചവെക്കാന്‍ തുടങ്ങി. സായന്തന്‍ സെന്‍ഗുപ്തയുടെ തൊപ്പിയും വാക്കിങ്സ്റ്റിക്കുകളും വലിയ കോട്ടും ട്രാന്‍സിസ്റ്റര്‍ റേഡിയോയുമെല്ലാം അവന്‍റെ കളിപ്പാട്ടങ്ങളായി. ‘‘യങ് മാന്‍, വൈ ഡു യു വാണ്‍ഡ് റ്റു പ്ലേ ദീസ് സില്ലി ഗെയിംസ്? ആസ്ക് യുവര്‍ ഡാഡ് റ്റു ബയ് എ ബാറ്റാന്‍റ് ബോള്‍. ആൻഡ് ഐ ഷാല്‍ ടീച്ച് യു ഹൗറ്റു പ്ലേ ദ മോസ്റ്റ് ഇന്‍ററസ്റ്റിങ് ഗെയിം ഇന്‍ ദിസ് പ്ലാനറ്റ്, വിച് വി കാള്‍ ക്രിക്കറ്റ്!’’ സായന്തന്‍ സെന്‍ഗുപ്ത അവനോടു പറഞ്ഞു. കുട്ടി കുറച്ചു മണ്ണെടുത്ത് അയാളെ എറിഞ്ഞു.

അന്നെല്ലാം ആഴ്ചയിലൊരിക്കലെങ്കിലും ഞാന്‍ വീട്ടില്‍ വരും. ആ ദിവസങ്ങളില്‍ മധുരപലഹാരങ്ങള്‍ തണ്ടിലേറ്റിവരുന്ന ഒരു വിൽപനക്കാരന്‍ വളരെ ദൂരം നടന്ന് ആ കെട്ടിടത്തിലേക്കു വരാന്‍ തുടങ്ങി. അടുത്തെവിടെയും അയാള്‍ക്കു കച്ചവടം ലഭിക്കാവുന്ന സാധ്യതയുണ്ടായിരുന്നില്ല. പക്ഷേ, ഞാന്‍ കുറേ മധുരം വാങ്ങും. അമ്പിളിക്കലയുടെ രൂപത്തിലുള്ള തേന്‍ മിഠായികള്‍, നനവു പടരുന്ന രസഗൊള, രസ്മൊലായി, കാലോ ജാം, ഗോജ... അതൊക്കെ വാങ്ങിച്ചാലും പഞ്ഞിപോലെ വലിച്ചുനീട്ടാവുന്ന മധുരമിഠായിയായിരുന്നു കുഞ്ഞിന് ഏറെയിഷ്ടം. നാവില്‍ ​െവച്ചാല്‍ അലിഞ്ഞലിഞ്ഞില്ലാതാവുന്ന മധുരങ്ങള്‍.

ആയിടക്ക്് ഞാന്‍ ഒരു സൈക്കിള്‍ വാങ്ങിച്ചു. ഇരുചക്രവാഹനങ്ങള്‍ നന്നാക്കിക്കൊടുക്കുന്ന ഒരാളില്‍നിന്നും നൂറു രൂപക്കും കിട്ടിയതായിരുന്നു ആ പഴയ റാലി സൈക്കിള്‍. നേരത്തേ എനിക്ക് സൈക്കിളോടിക്കാന്‍ അറിയുമായിരുന്നില്ല. ഇത്തവണ എന്നെ സഹായിച്ചത് സായന്തനായിരുന്നു. അയാള്‍ തന്‍റെ വിചിത്രമായ വേഷത്തില്‍ മണ്‍പാതയിലൂടെ എന്‍റെ കൂടെ വന്നു. ശരിക്കും സൈക്കിളോടിക്കാമെന്നായപ്പോള്‍ അതിന്‍റെ മുന്നില്‍ കുട്ടികള്‍ക്കിരിക്കാന്‍ പോന്ന തരത്തില്‍ ചെറിയൊരു സീറ്റു ഘടിപ്പിക്കുകയാണ് ഞാന്‍ ആദ്യം ചെയ്തത്. വൈകുന്നേരങ്ങളില്‍ കുഞ്ഞിനെ മുന്നിലിരുത്തി നാട്ടുവഴികളിലൂടെ വളരെ പതുക്കെ സൈക്കിള്‍ ചവിട്ടിക്കൊണ്ടുപോകുന്നത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടു. എത്രദൂരം അങ്ങനെയിരുന്നു യാത്രചെയ്യാനും കുഞ്ഞൊരുക്കമായിരുന്നു.

ഞാന്‍ വീട്ടിലുള്ളപ്പോള്‍ തപോമയി എപ്പോഴും എന്‍റെ കൂടെത്തന്നെയായിരുന്നു. ആഴ്ചത്തുടക്കത്തില്‍ തിരിച്ചുപോകുമ്പോള്‍ അവന്‍ എന്‍റെ കുടയും സഞ്ചിയും എടുത്തുകൊണ്ടുവന്നു തരും. കാണാതാവുന്ന വസ്തുക്കള്‍ കണ്ടെത്താനുള്ള അസാമാന്യമായൊരു ശേഷി അവനുണ്ടായിരുന്നു. പുറത്തു മറന്നു​െവച്ച ചെരുപ്പുകള്‍, വായിക്കാനുള്ള കണ്ണട, തൂവാലകള്‍, സിഗരറ്റുപെട്ടി: എല്ലാം അവന്‍ എളുപ്പം കണ്ടുപിടിച്ചു. ചിലപ്പോള്‍ അവന്‍ ഒറ്റക്ക് പടികളിറങ്ങി താഴോട്ടുപോകും. അവനെ കാണാതെ സുമന എല്ലാവിടെയും അന്വേഷിക്കും. ഞാന്‍ താഴെ തിരക്കി ചെല്ലുമ്പോള്‍ സായിയുടെ മുറിയില്‍ അയാള്‍ക്കൊപ്പം റേഡിയോ കേട്ടുകൊണ്ടിരിക്കുന്നുണ്ടാവും.

‘‘ഡോണ്ട് വറി. സായി ആശ്വസിപ്പിക്കും. ഹീയിസ് ലിസണിങ് റ്റു ബീറ്റില്‍സ്. ആൻഡ് യു നോ, ഹി എന്‍ജോയ്സിറ്റ്.’’ തപോമയി ആ പരിസരങ്ങളില്‍ വളര്‍ന്നു. അവിടെ മറ്റു കുട്ടികളില്ലാതിരുന്നതുകൊണ്ടാവാം അവനെ അയല്‍ക്കാര്‍ക്കെല്ലാം വലിയ കാര്യമായിരുന്നു.

‘‘തപോമയിക്ക് നല്ല ബുദ്ധിയുണ്ട്.’’ ഞാന്‍ സുമനയോട് പറയും. മറ്റെവിടെയും നിൽക്കാതെ, ചുവടുകൾവെച്ച് അവന്‍ കൃത്യമായി താഴേക്കിറങ്ങുന്നു. ലക്ഷ്യംവെച്ച വീട്ടില്‍ത്തന്നെ ചെന്നെത്തുന്നു. അതു കേള്‍ക്കുമ്പോള്‍ അവള്‍ മന്ദഹസിക്കുക മാത്രം. അവള്‍ ആലോചിക്കുന്ന ഉത്തരം എന്താണെന്നെനിക്കറിയാം. കുട്ടികള്‍ ദൈവത്തിന്‍റേതല്ലേ!

അങ്ങനെയൊക്കെയായിട്ടും തപോമയിയെക്കുറിച്ച് എനിക്കൊരു വേവലാതിയുണ്ടായിരുന്നു. മൂന്നു വയസ്സു കഴിഞ്ഞിട്ടും കുട്ടി സംസാരിക്കുന്നതില്‍ പിറകിലാണ്. ചെറിയ ചെറിയ ശബ്ദങ്ങള്‍ ഉണ്ടാക്കാതെയല്ല, പക്ഷേ ആ പ്രായത്തിലുള്ള മറ്റു കുട്ടികളെക്കണക്ക് പദങ്ങളിലേക്കും ചെറിയ ചെറിയ വാക്യങ്ങളിലേക്കും അവന്‍ ഇപ്പോഴും മുതിര്‍ന്നിട്ടില്ല. സംസാരിക്കാന്‍ വിമുഖത കാണിക്കുന്നു.

‘‘പേടിക്കേണ്ട’’, ഞാന്‍ സുമനയോടു പറയും, ‘‘അവന്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ടല്ലോ. അങ്ങനെയുള്ള കുട്ടികള്‍ സംസാരിക്കാതിരിക്കുകയില്ല.’’ യഥാർഥത്തില്‍ ഞാന്‍ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്‍റെ ആശങ്കയാണ്, അതിന്‍റെ പരിഹാരമാണ് ഞാന്‍ പറഞ്ഞത്. അതേസമയം, കുഞ്ഞു സംസാരിക്കുന്നില്ല എന്ന കാര്യത്തില്‍ അത്രയൊന്നും വിഷമം സുമനക്കില്ലെന്നു തോന്നി. കുട്ടി കരയുന്നുണ്ടല്ലോ. അങ്ങനെയാണ് അവളുടെ വിശ്വാസം. ചിലപ്പോള്‍ മനുഷ്യര്‍ക്കു കരയാന്‍ കഴിയുന്നതുപോലും നേട്ടമാണ്. അങ്ങനെയിരിക്കേ, പതുക്കെ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്യും. അക്കാര്യത്തില്‍ അവള്‍ വലിയ തിടുക്കം കാണിച്ചില്ല.

കുട്ടി കരയുന്നു എന്നത് ആശ്വാസം തന്നെയാണ്. ശബ്ദം പുറത്തുവരുന്നുണ്ടല്ലോ. ഞാനും അക്കാര്യം സമ്മതിച്ചു. പക്ഷേ, അക്കാര്യത്തിലും എനിക്കു പേടിയുണ്ട്. കരയാന്‍ തുടങ്ങിയാല്‍ കുഞ്ഞ് നിര്‍ത്താതെ കരയുന്നു. ചിലപ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നു. കമഴ്ത്തിക്കിടത്തി അവന്‍റെ പുറകില്‍ തട്ടിയിട്ടാണ് ശ്വാസം തിരിച്ചെടുക്കുന്നത്.

സായന്തന്‍ സെന്‍ഗുപ്ത ഒരുദിവസം ചോദിച്ചു: ‘‘ഹി ക്യാന്‍ അണ്ടര്‍സ്റ്റാൻഡ് എവെരിതിങ്. ബട്ട് ഇറ്റ്സ് ക്വയറ്റ് അണ്‍യൂഷ്വല്‍, ഹി ഡസിന്‍റ് സ്പീക്. വൈ? ഐ ക്യാന്‍ അണ്ടര്‍സ്റ്റാന്‍ഡ് ഈഫ് യു വാണ്ട് റ്റു അവോയ്ഡ് ദീസ് പെഡസ്ട്രിയന്‍ വെണാകുലേഴ്സ്. ബട്ട് യു ഡോണ്ട് വാണ്ട് ഹിം റ്റു സ്പീക് ഇംഗ്ലീഷ്? ഈസ് ദാറ്റ് ദ റീസണ്‍?’’ ഇംഗ്ലീഷെന്നല്ല, ഏതു ഭാഷ സംസാരിച്ചാലും മതിയായിരുന്നു. എനിക്കു കൂടുതല്‍ വിഷമമായി. മറ്റുള്ള അയല്‍ക്കാരും ശ്രദ്ധിക്കുന്നുണ്ടാവും. നേരിട്ടു പറയാത്തതാവാം.

ജോലിത്തിരക്കുകള്‍ കഴിഞ്ഞ ഒരു വൈകുന്നേരം ഞാന്‍ ഇക്കാര്യം സന്താനം സാറിനോടു സംസാരിച്ചു. എല്ലാം ശാന്തമായിരുന്നു കേട്ട ശേഷം അദ്ദേഹം പറഞ്ഞു: ‘‘ഗോപാല്‍, നിങ്ങള്‍ വിഷമിക്കേണ്ട. എല്ലാ കുട്ടികളും ഒരേപോലെ ഒരേ പ്രായത്തില്‍ സംസാരശേഷി കൈവരിക്കണമെന്നില്ല.’’

അപ്പോഴാണ് അദ്ദേഹം തന്‍റെ മകളുടെ പ്രശ്നങ്ങള്‍ എന്നോടു പങ്കുവെച്ചത്. അവള്‍ക്ക് അപസ്മാരത്തിന്‍റെ ലക്ഷണങ്ങള്‍ കാണുന്നു. വൈകിയുണ്ടായ കുഞ്ഞായതുകൊണ്ടാവാം. അദ്ദേഹം അവളെ ചികിത്സിക്കാനായി പല ഡോക്ടര്‍മാരെയും കാണിച്ചു. ഇനി ദില്ലിയിലെ വലിയ ആശുപത്രികളില്‍ കാണിക്കണം. ചില പരിശോധനകള്‍ നടത്തണം.

‘‘മറ്റെല്ലാ കാര്യങ്ങളിലും വളരെ സാധാരണമാണ് കാര്യങ്ങള്‍. ഒരു കുഴപ്പവുമില്ല. നിങ്ങളുടെ മകന്‍റെ കാര്യത്തിലും അതുതന്നെയാവാനാണ് സാധ്യത. അവന് നോര്‍മലായ ഒരു ജീവിതം ഉണ്ടാവും എന്നുതന്നെയാണ് എന്‍റെ വിശ്വാസം. എന്നാലും ഗോപാല്‍ ഞാന്‍ പറയുന്ന ആളെ പോയി കാണൂ. കുട്ടികളുടെ സംസാരശേഷി വിശകലനം ചെയ്യുകയും അവരെ സഹായിക്കുകയും ചെയ്യുകയാണ് ആ പെണ്‍കുട്ടിയുടെ ജോലി. എന്‍റെയൊരു സുഹൃത്തിന്‍റെ മകളാണ്. നിങ്ങള്‍ കുഞ്ഞിനേയും കൂട്ടി അവിടെ​ച്ചെന്ന് അവള്‍ പറയുന്ന ടെസ്റ്റുകള്‍ ചെയ്യൂ. ഞാന്‍ അവളോടു പറയാം.’’

സുമന പറഞ്ഞു: ‘‘അതിന്‍റെയൊന്നും ആവശ്യമില്ല.’’ എനിക്കു ദേഷ്യം വന്നു. പക്ഷേ, അവളോടു തര്‍ക്കിക്കുന്നതില്‍ കാര്യമില്ല. വാക്കുകള്‍ പ്രവേശിക്കാത്ത സ്ഫടികഗോപുരംപോലെയാണ് അവളുടെ മനസ്സ്. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഞാന്‍ ഇതേ വിഷയം സംസാരിച്ചു. പലതവണ പറഞ്ഞപ്പോള്‍ അവള്‍ നിഷേധിക്കാതായി. എന്‍റെയിഷ്ടംപോലെയാവാം എന്ന അർധസമ്മതം.

ഒരുദിവസം അവധിയെടുത്ത് ഞങ്ങള്‍ കൊല്‍ക്കത്തയില്‍ റാഷ് ബിഹാരി അവന്യൂവിലുള്ള സ്പീച് തെറപ്പിസ്റ്റിന്‍റെ ക്ലിനിക്കിലേക്കു പോയി. ഇസ്മത് എന്നുപേരുള്ള ഒരു ചെറുപ്പക്കാരിയായിരുന്നു അതു നടത്തിയിരുന്നത്. ഇസ്മത് ഫര്‍ഹാന്‍. സന്താനം സാറിനെ അവള്‍ക്ക് ദീര്‍ഘകാലമായിട്ടറിയാമായിരുന്നു. ക്ലിനിക്കിനോടൊപ്പം സംസാരവൈകല്യമുള്ള കുട്ടികള്‍ക്കുള്ള ഒരു സ്കൂള്‍കൂടി അവള്‍ നടത്തിയിരുന്നു. അത്തരം പല കാര്യങ്ങള്‍ക്കും സാര്‍ രഹസ്യമായി ധനസഹായം ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. ആ സ്കൂളില്‍ ഏകദേശം നാൽപതോളം കുട്ടികള്‍ ഉണ്ടായിരുന്നു. പല പ്രായങ്ങളിലുള്ള കുട്ടികള്‍, പല നിലയില്‍ എത്തിച്ചേര്‍ന്ന അവരുടെ ഭാഷ.

‘‘ഇവന്‍റെ സ്പീച് ഓര്‍ഗനുകള്‍ക്കൊന്നും കുഴപ്പം കാണുന്നില്ലല്ലോ’’, പരിശോധിച്ച ശേഷം ഇസ്മത് പറഞ്ഞു, ‘‘കുഞ്ഞിന് എത്ര വയസ്സായി?’’

അപ്പോള്‍ തപോമയിക്ക് മൂന്നു വയസ്സുണ്ടായിരുന്നു. അവള്‍ കുഞ്ഞിനോട് ചില കാര്യങ്ങള്‍ ചോദിച്ചു. പാവകളെയും പലനിറമുള്ള കാര്‍ഡുകളെയും കാണിച്ചു. വായില്‍ ടോര്‍ച്ചടിച്ച് ചെറിയ നാക്കിലേക്കു നോക്കി. അങ്ങനെ കുഴപ്പമൊന്നും കാണാനില്ല. കേള്‍വിയുണ്ട്. എന്നല്ല, ചെറിയ മർമരങ്ങള്‍പോലും തിരിച്ചറിയാവുന്നത്രയും സൂക്ഷ്മത. അങ്ങനെയുള്ള കുട്ടികള്‍ സംസാരത്തില്‍ നേരത്തേത്തന്നെ മുന്നോട്ടുപോവേണ്ടതാണ്. ഇവിടെ എന്താണ് സംഭവിക്കുന്നത്?

കേണല്‍ സന്താനം പറഞ്ഞതുപോലെ ഇസ്മത്തും പറഞ്ഞു. മൂന്നുനാലു വയസ്സു കഴിഞ്ഞിട്ടും സംസാരിച്ചു തുടങ്ങുന്നവര്‍ കാണും. ‘‘ഞാനൊന്നു നോക്കട്ടെ’’, അവള്‍ പറഞ്ഞു, ‘‘നാലഞ്ചുതവണകൂടി വരേണ്ടിവരും. അതിനകം എന്തെങ്കിലും പുരോഗതി കാണാതിരിക്കുകയില്ല.’’

 

അടുത്ത തവണ പോയപ്പോള്‍ തെറപ്പിസ്റ്റ് കുട്ടിയെ മാത്രം തന്‍റെയടുത്തു നിറുത്തി എന്നോടും സുമനയോടും പുറത്തു പോയി വരാന്‍ ആവശ്യപ്പെട്ടു. ‘‘അവന്‍ എന്‍റെയൊപ്പം കുറച്ചുനേരം നിൽക്കട്ടെ. മറ്റു കുട്ടികളോടൊപ്പം കളിക്കുകയുമാവാം’’, അവള്‍ പറഞ്ഞു. ഞങ്ങള്‍ അധികദൂരമൊന്നും പോയില്ല. കുറച്ചു നടന്നപ്പോള്‍ കുട്ടികള്‍ക്കു കളിക്കാനുള്ള ഒരു പാര്‍ക്കു കണ്ടു. അതിനുള്ളില്‍ കയറി ഒരു ബെഞ്ചിലിരുന്നു. ഉച്ചയോടടുത്ത സമയമായിരുന്നു. പാര്‍ക്കില്‍ കുട്ടികളാരുമില്ല. സിമന്‍റു ബെഞ്ചില്‍ രണ്ടു കാവല്‍ക്കാര്‍ ഇരുന്നുറങ്ങുന്നതു കണ്ടു. ഞങ്ങള്‍ സംസാരിച്ചില്ല.

തിരിച്ചുവന്നപ്പോള്‍ ഇസ്മത് പറഞ്ഞു: ‘‘കുട്ടി സംസാരിക്കുന്നുണ്ടല്ലോ.’’

‘‘ഉണ്ടോ?’’ ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു, ‘‘മേഡത്തിനോടു സംസാരിച്ചു എന്നാണോ പറഞ്ഞത്?’’

‘‘അങ്ങനെ ഒഴുക്കില്‍ സംസാരിച്ചു എന്നല്ല. അൽപം ബ്രേക്കുകളുണ്ട്. നിര്‍ത്തിനിര്‍ത്തി. കുറച്ചു ക്ഷമയോടെയിരുന്നാല്‍ അവന്‍ വാക്യങ്ങള്‍ പൂര്‍ത്തിയാക്കും.’’

സുമന നിശ്ശബ്ദയായിരുന്നു. അവള്‍ ഒന്നും പറയുന്നില്ലെന്നത് ഞാന്‍ അത്ഭുതത്തോടെ നോക്കി.

‘‘എനിക്കു തോന്നുന്നത്’’, ഇസ്മത് ഞങ്ങളെ രണ്ടു പേരെയും നോക്കിക്കൊണ്ടു പറഞ്ഞു, ‘‘കുട്ടി അങ്ങനെ സംസാരിക്കാന്‍ ഭയക്കുന്നുണ്ട്.’’

‘‘എന്നുവച്ചാല്‍?’’

‘‘എന്നുവച്ചാല്‍, അങ്ങനെ നിര്‍ത്തി, ബ്രേക്കു ചെയ്തു സംസാരിക്കാന്‍ അവന്‍ മടിക്കുന്നു. ശരി, നിങ്ങളല്ലാതെ ആരാണ് അവനുമായി ഇടപഴകാറുള്ളത്?’’

‘‘ആരുമില്ല’’, ഞാന്‍ പറഞ്ഞു. പിന്നെ അയാള്‍ ഓര്‍ത്തു. ‘‘ചിലപ്പോള്‍ താഴെ ഒരാള്‍, കുറച്ചു പ്രായമുള്ള ഒരാള്‍, അയാളുടെയടുത്തേക്ക് അവന്‍ ചെല്ലാറുണ്ട്.’’

‘‘അവന്‍ തന്നത്താന്‍ പോവുകയാണോ അതോ ആരെങ്കിലും അവിടെനിന്നും വന്ന് എടുത്തുകൊണ്ടുപോവുകയാണോ?’’

‘‘അവന്‍ സ്വയം പോകുകയാണ്.’’

‘‘വേറെ ആരുമില്ല?’’ വേറെയാരും കുട്ടിയുമായി ഇടപഴകാറില്ലെന്ന് ഗോപാല്‍ ഓര്‍ത്തു. കളിക്കാന്‍പോലും കുട്ടികളില്ലാത്ത മിക്കവാറും വിജനമായൊരു തെരുവിലായിരുന്നു ഞങ്ങള്‍ താമസിക്കുന്ന വീട്.

‘‘ഞാന്‍ മാത്രമാണ് അവന്‍റെയൊപ്പം കളിക്കുന്നത്’’, ഞാന്‍ ഇസ്മത്തിനോട് വിശദീകരിച്ചു. ‘‘ആഴ്ചയിലൊരിക്കല്‍ മാത്രമേ എനിക്കു വരാനാവൂ. അപ്പോള്‍ സൈക്കിളിലിരുത്തിക്കൊണ്ട് നാടു ചുറ്റാന്‍ പോകും.’’

‘‘കുട്ടിയെ എന്തിനെങ്കിലും നിർബന്ധിക്കാറുണ്ടോ?’’

‘‘ഇല്ല മേഡം. അവന്‍റെ ഇഷ്ടം സമ്മതിക്കും. അല്ലെങ്കില്‍ കരയാന്‍ തുടങ്ങും. നിര്‍ത്തുകയില്ല.’’

‘‘ശരി, എനിക്കു നിങ്ങള്‍ രണ്ടു പേരോടും ഒറ്റയ്ക്കൊറ്റയ്ക്കു സംസാരിക്കണം’’, കുറച്ചുനേരം ആലോചിച്ചതിനുശേഷം ഇസ്മത് പറഞ്ഞു.

എന്‍റെ ബാല്യത്തെയും ജീവിതത്തെയും കുറിച്ച് ഇസ്മത് ചോദിച്ചു. അച്ഛനോ അമ്മയ്ക്കോ ശബ്ദവൈകല്യമുണ്ടോ എന്നതാണ് അവള്‍ക്കറി​േയണ്ടത് എന്നു മനസ്സിലായി. അത്തരം ചോദ്യങ്ങളിലൊക്കെ എന്തു കാര്യം! അമ്മയുടെ കാര്യം എനിക്കറിയാം. സുമനക്ക് അത്തരം കുറവുകളൊന്നുമില്ല. പക്ഷേ, പക്ഷേ, അച്ഛന്‍... ധാക്കൂറിയയിലെ അഭയാർഥി ക്യാമ്പിന്‍റെ ഓർമകള്‍ അപ്പോള്‍ എന്നെ വന്നുമൂടി. എന്തുത്തരമാണ് ഞാന്‍ തെറപ്പിസ്റ്റിനോടു പറയേണ്ടത്?

തന്നോട് എന്താണ് ചോദിച്ചതെന്ന കാര്യം സുമന പറഞ്ഞില്ല. ഞാന്‍ ചോദിക്കുകയും. കുട്ടിയെ സ്വതന്ത്രമായി സംസാരിക്കാന്‍ വിടണം എന്നാണ് ഇസ്മത് എന്നോടു പറഞ്ഞത്. അതെന്താണ് അവര്‍ അങ്ങനെ പറഞ്ഞതെന്ന് എനിക്കു മനസ്സിലായില്ല.

* * *

ഗോപാല്‍ ബറുവയുടെ കുറിപ്പുകള്‍ അവിടെ നിലച്ചതുപോലെ തോന്നി. പിന്നീട് ഒന്നുമെഴുതാത്ത കുറേ താളുകള്‍ കണ്ടു. ഇനി എത്രയോ ദൂരത്തിനുശേഷമാണ് അദ്ദേഹം ആ താളുകളില്‍ വീണ്ടും എഴുതിത്തുടങ്ങുന്നത്. പിന്നീടു വായിക്കാനായി ഞാന്‍ ഡയറി അടച്ചു​െവച്ചു.

ഞാന്‍ ദില്ലിയില്‍നിന്നും സ്ഥലംമാറിയതിനുശേഷം ഏതാണ്ട് ആറുമാസം കഴിഞ്ഞിരുന്നു. ലോകം കോവിഡിന്‍റെ ഭീതിയില്‍ അകത്തളങ്ങളില്‍ അടച്ചിരിപ്പായിരുന്നു. ദിവസവും മരണക്കണക്കുകള്‍ കേട്ടും വായിച്ചും മനുഷ്യര്‍ ഭീതിയോടെ കഴിഞ്ഞുകൂടിയ ഒരു കാലം. ജോലികളെല്ലാം ഓണ്‍ലൈനിലേക്കു മാറി. മനുഷ്യര്‍ മനുഷ്യരെ കാണുന്നതില്‍ ഭയപ്പെടാന്‍ തുടങ്ങി.

അങ്ങനെയിരിക്കേ, അപ്രതീക്ഷിതമായി ഒരു ദിവസം രാത്രി കുറച്ചുവൈകി തപോമയി എന്നെ വിളിച്ചു. അയാള്‍ മുഖവുരയൊന്നുമില്ലാതെ ഇങ്ങനെ പറഞ്ഞു: ‘‘ഇന്ന് എനിക്ക് വളരെയേറെ സന്തോഷവും അത്രതന്നെ ദുഃഖവുമുള്ള ദിവസമാണ്.’’

അതെങ്ങനെയാണ് ഒരു ദിവസം ഒരുമിച്ച് ദുഃഖവും സന്തോഷവുമുള്ളതായിത്തീരുന്നതെന്നറിയാതെ ഞാന്‍ മറുപടി പറയാതെ നിന്നു.

‘‘കുറെ നാളുകള്‍ക്കുശേഷം ഞാന്‍ റാവുസാറിനെ പോയിക്കണ്ടു’’, അയാള്‍ പറഞ്ഞു.

‘‘ഗിരിധര്‍ റാവു? തപോമയിയെ ഷെല്‍റ്റര്‍ എന്ന സംഘടനയിലേക്കു കൊണ്ടുവന്ന ആളല്ലേ?’’

‘‘അതെ. അദ്ദേഹം എന്നെ കാണണമെന്നു പറഞ്ഞ് ആളെ പറഞ്ഞുവിടുകയായിരുന്നു.’’ നിത്യരോഗിയായിത്തീര്‍ന്ന ഒരാള്‍ ഈ അടച്ചിരിപ്പിന്‍റെ കാലത്ത് ഒരു സന്ദര്‍ശകനെ സ്വീകരിക്കുന്നതില്‍ കുഴപ്പമില്ലേ എന്നു ഞാനോര്‍ത്തു. പക്ഷേ, ചോദിച്ചില്ല.

‘‘ഇപ്പോള്‍ അദ്ദേഹത്തിന് എങ്ങനെയുണ്ട്?’’

‘‘വ്യത്യാസമൊന്നുമില്ല. ശരീരം തളര്‍ന്ന് കിടപ്പുതന്നെ. എല്ലാത്തിനും സഹായം വേണം. സംസാരിക്കുമ്പോഴുള്ള കുഴച്ചില്‍ കൂടിയിട്ടുണ്ട്. എന്നാലും അടുത്തുചെന്നിരുന്നാല്‍ പറയുന്നത് എനിക്കു മനസ്സിലാക്കാനാവും.’’

‘‘എന്തിനാണ് അദ്ദേഹം വിളിച്ചത്? എന്തെങ്കിലും വിശേഷമുണ്ടോ?’’ ഞാന്‍ ചോദിച്ചു.

‘‘അദ്ദേഹത്തിന് ഒന്നുമില്ല. മാറ്റമില്ലാതെ കിടക്കുന്ന ഒരാള്‍ക്ക് എന്തു വിശേഷം! റാവുസാറിന് ഇനി നല്ലൊരു വിശേഷം ഉണ്ടാവുന്നത് അദ്ദേഹത്തിന്‍റെ മരണമായിരിക്കും എന്ന് എനിക്കു തോന്നുന്നു. ഇനിയും കൂടുതല്‍ കിടക്കാതെ, കിടപ്പുവ്രണങ്ങളില്‍നിന്നും ഏകാന്തതയില്‍നിന്നുമൊക്കെയുള്ള ഒരു മോചനം.’’

റാവുവിന്‍റെ വീട്ടില്‍നിന്നുള്ള അറിയിപ്പു കിട്ടിയപ്പോള്‍ തപോമയി സംഘടനയുമായി ബന്ധപ്പെട്ട ചില തിരക്കുകളില്‍ ആയിരുന്നുവത്രേ. പക്ഷേ, കാര്യങ്ങളെല്ലാം മാറ്റി​െവച്ച് അയാള്‍ റാവുവിന്‍റെ അരികിലേക്കു തിരിച്ചു. പോകുന്ന വഴിയില്‍ അങ്ങാടിയിലിറങ്ങി, തുറന്നുകിടക്കുന്ന അപൂര്‍വം ചില കടകളില്‍നിന്നായി അയാള്‍ വിശിഷ്ടമായൊരു വിഭവത്തിനായുള്ള സാമഗ്രികള്‍ സംഘടിപ്പിച്ചു: റാവുവിന്‍റെ പ്രിയപ്പെട്ട താംബൂലത്തിനുള്ള ചേരുവകള്‍. അദ്ദേഹം അത് ആസ്വദിക്കാനുള്ള അവസ്ഥയിലല്ലെന്ന് അയാള്‍ക്കറിയാം. പക്ഷേ, അതൊരു ദക്ഷിണയാണ്. എത്രയോ സായാഹ്നങ്ങളില്‍ അദ്ദേഹത്തോടൊപ്പം വിശേഷപ്പെട്ട ആ മുറുക്കുമായി അയാള്‍ കൂട്ടിരുന്നിട്ടുണ്ട്.

ജീവിതത്തില്‍ തപോമയി ആരാധിച്ചിരുന്ന രണ്ടുപേര്‍: ഒന്ന് അയാളുടെ അച്ഛന്‍, പിന്നെ ഗുരുവും വഴികാട്ടിയുമായ ഗിരിധര്‍ റാവു. റാവുവിനെ പോയി കണ്ടതുതന്നെയായിരിക്കണം അയാളുടെ ഏറ്റവും വലിയ സന്തോഷം.

‘‘വീട്ടില്‍ ചെന്നപ്പോള്‍ റാവുസാര്‍ ഒരു കാര്യം എന്നോടു പറഞ്ഞു. അതിനാണ് എന്നെ വിളിപ്പിച്ചത്.’’ തപോമയി തുടര്‍ന്നു പറയുന്നതെന്താണെന്നറിയാന്‍ ഞാന്‍ കാതോര്‍ത്തു.

അദ്ദേഹം പറഞ്ഞ കാര്യം ഇതായിരുന്നു: ‘‘ജഹാനും പര്‍വീണയും അടുപ്പത്തിലാണ്. അവര്‍ തമ്മിലുള്ള വിവാഹം ഞാന്‍ നടത്തിക്കൊടുക്കണം.’’

തപോമയി പറഞ്ഞ കാര്യം അസാധാരണമായി എനിക്കു തോന്നിയില്ല. ഒരേ നാട്ടില്‍നിന്നും പശ്ചാത്തലത്തില്‍നിന്നും വന്നവര്‍, കൂടുതല്‍ തെളിച്ചു പറഞ്ഞാല്‍ രണ്ട് അഭയാർഥികള്‍. സുഖവും വേദനയും ഭാഷയും പങ്കിടുന്നവര്‍. അതു നല്ലതല്ലേ? തപോമയി ഒരാവേശത്തിന് തന്‍റെ ഇഷ്ടം അവളോടു പറഞ്ഞിട്ടുണ്ട്. എന്നാല്‍, അവളതു നിശ്ശബ്ദമായി കേട്ടതല്ലേയുള്ളൂ.

ഞാന്‍ മനസ്സിലോര്‍ത്തതു തന്നെ തപോമയിയും സമ്മതിച്ചു: ‘‘അതാണ് കൂടുതല്‍ നല്ല ബന്ധം. തീര്‍ച്ചയായും. റാവുസാര്‍ പറഞ്ഞില്ലെങ്കിലും അതു നടത്തിക്കൊടുക്കുക എന്നത് എന്‍റെ കടമയല്ലേ? കാരണം ജഹാന്‍ എനിക്കു സഹോദരന്‍ തന്നെയാണ്. അങ്ങനെ മാത്രമേ ഞാന്‍ വിചാരിച്ചിട്ടുള്ളൂ. പക്ഷേ, എനിക്കു മനസ്സിലാവാത്ത കാര്യം, എന്തിന് ജഹാന്‍ അതെന്നോടു പറയാതിരുന്നു? അഥവാ, റാവുസാർ വഴിക്ക് എന്നെ അറിയിച്ചു?’’ പര്‍വീണ ജഹാനോടു പറഞ്ഞിട്ടുണ്ടാവണം. ഞാനൂഹിച്ചു.

ഗിരിധര്‍ റാവു അയാളോടു പറഞ്ഞു: ‘‘നീ അക്കാര്യത്തില്‍ വിഷമിക്കരുത്. നിന്‍റെ ഇഷ്ടം എനിക്കറിയാം. പര്‍വീണ എന്നോടു പറഞ്ഞിട്ടുണ്ട്. തങ്ങളെ ഏറ്റവുമധികം സഹായിക്കുന്ന ഒരു വ്യക്തിയോട് വിസമ്മതം തിരിച്ചുപറയാനുള്ള വിഷമമായിരിക്കണം അവള്‍ക്ക്. അല്ലെങ്കില്‍ അക്കാര്യത്തില്‍ നീയുമായി പിണങ്ങേണ്ടിവരുമോ എന്ന ഭയമായിരിക്കും ജഹാന്. ഏതായാലും ഇപ്പോള്‍ അതു തുറന്നുപറയേണ്ട സമയമായിരിക്കുന്നു. കാരണം അവര്‍ക്കൊരു കുഞ്ഞുണ്ടാവാന്‍ പോകുന്നു.’’തപോമയി റാവുവിനോടു പറഞ്ഞു: ‘‘ജഹാന് എന്നെ മനസ്സിലാക്കാനായിട്ടില്ലെന്നത് എന്നെ വേദനിപ്പിക്കുന്നു. ഇക്കാര്യത്തില്‍ എനിക്കുള്ള സങ്കടം അതു മാത്രമാണ് സര്‍.’’

‘‘അവന്‍ പറയാതെയല്ല. നിന്നോടു നേരിട്ടു പറഞ്ഞില്ലെന്നേയുള്ളൂ. അവര്‍ എന്നോടു പറഞ്ഞിരുന്നു. എന്നോടു മാത്രമല്ല. ഞങ്ങള്‍ രണ്ടു പേര്‍ക്ക് ഇക്കാര്യം തുടക്കത്തില്‍ത്തന്നെ അറിയാമായിരുന്നു. വാസ്തവത്തില്‍ ഞങ്ങളാണ് അക്കാര്യം നിന്നോടു പറയാന്‍ മടിച്ചത്. അപ്പോഴും നിന്നെ വിഷമിപ്പിക്കരുതെന്നേ ഉണ്ടായിരുന്നുള്ളൂ. നീയതു മനസ്സിലാക്കിയിരിക്കും എന്നും തങ്ങളെ അനുഗ്രഹിക്കും എന്ന് അവര്‍ നിശ്ചയമായും പ്രതീക്ഷിച്ചിരിക്കാം.’’ ഗിരിധര്‍ റാവു പതുക്കെ പറഞ്ഞു.

‘‘ആരാണ് റാവുസാര്‍ പറഞ്ഞ രണ്ടാമത്തെയാള്‍?’’ ഞാന്‍ ചോദിച്ചു.

‘‘എന്‍റെയച്ഛന്‍!’’ തപോമയി പറഞ്ഞു. ഒന്നു നിര്‍ത്തിയശേഷം അയാള്‍ തുടര്‍ന്നു: ‘‘അതാണ് എന്‍റെ ഏറ്റവും വലിയ ദുഃഖവും. അച്ഛനും എന്നെ വിശ്വസിച്ചിരുന്നില്ലേ?’’

ഗോപാല്‍ ബറുവ തപോമയിയോടു പറഞ്ഞുവല്ലോ. ഞാന്‍ ഓര്‍ത്തു. പര്‍വീണയെ ഒഴിവാക്കണമെന്നു പറഞ്ഞതു അദ്ദേഹം തന്നെയല്ലേ?

അതു ശരിയാണ്. പക്ഷേ, അപ്പോഴും അദ്ദേഹം നേരിട്ടു പറഞ്ഞില്ല. അവള്‍ ഒരു നിഴലാണെന്നും തന്‍റെ മകന് ഒരു നിഴലിനോടൊപ്പം ജീവിക്കാനാവില്ലെന്നുമൊക്കെയാണ് അദ്ദേഹം പറഞ്ഞത്. അതു വളച്ചുകെട്ടിയ വാക്കുകളായിരുന്നു. എല്ലാം അറിയാമായിരുന്നിട്ടും അച്ഛന്‍ തന്നോടു സത്യം പറഞ്ഞില്ലെന്ന് തപോമയി വിചാരിച്ചു.

‘‘തപോമയിയെ വേദനിപ്പിക്കരുതെന്ന് അദ്ദേഹം വിചാരിച്ചുകാണും’’, ഞാന്‍ പറഞ്ഞു.

‘‘ശരിയാവാം. പക്ഷേ, അതെന്നെ കൂടുതല്‍ വേദനിപ്പിക്കുന്നു.’’ തപോമയി കുറച്ചുനേരം നിര്‍ത്തി: ‘‘ചിലപ്പോള്‍ എനിക്കു തോന്നും, അച്ഛന്‍റെ ഭാഷയിലും ഗൂഢലിപികളിലും എന്തൊക്കെയോ ഉണ്ടെന്ന്. തമാശകള്‍ക്കും പദപ്രശ്നങ്ങള്‍ക്കുമൊക്കെയപ്പുറം എന്തൊക്കെയോ... അപ്പോള്‍ അതു പഠിച്ചു മനസ്സിലാക്കണമെന്നു തോന്നും. തപസ് അങ്കിള്‍ പറഞ്ഞില്ലേ, എന്‍റെ രോഗങ്ങളെക്കുറിച്ചുള്ള കുറിപ്പ് അദ്ദേഹം വായിച്ചുവെന്ന്. എനിക്കെന്തോ വലിയ സങ്കടം തോന്നുന്നു. അച്ഛന്‍ ജീവിതത്തില്‍ വളരെ സങ്കടപ്പെട്ടു ജീവിക്കുകയായിരുന്നു എന്ന അറിവ് എന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നു. നിങ്ങള്‍ ആ ലിപികള്‍ വായിക്കാനറിയുന്ന ഒരാളല്ലേ, എന്തു തോന്നുന്നു?’’

ഞാന്‍ അമ്പരന്നു. തപോമയി അച്ഛന്‍റെ ചിഹ്നഭാഷയെക്കുറിച്ചു തിരക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. അയാളെ ആ വിഷയത്തില്‍നിന്നും വഴിമാറ്റാന്‍ എന്തുപറയും?

‘‘തപോമയി പറഞ്ഞതുപോലെ ഫലിതങ്ങളും പദപ്രശ്നങ്ങളുമൊക്കെ മാത്രമേ ഞാന്‍ വായിച്ച കുറിപ്പുകളില്‍ കണ്ടുള്ളൂ.’’ ഞാന്‍ ഉദാസീനമായി മറുപടി പറഞ്ഞു.

‘‘അവയില്‍ നിങ്ങള്‍ക്കു വായിക്കാനാവാത്ത ഏതെങ്കിലും കുറിപ്പുകളുണ്ടോ?’’ അയാള്‍ തിരക്കി. ‘‘ഉണ്ടെങ്കില്‍ ഒരു വഴിയുണ്ട്. തപസ് അങ്കിളിന് കുറച്ചൊക്കെ അതു വായിക്കാന്‍ കഴിയുമെന്നു തോന്നുന്നു. അദ്ദേഹം വലിയ ബുദ്ധിമാനായ ആളാണ്. ഒരുപക്ഷേ, നിങ്ങള്‍ രണ്ടുപേരും കൂടി പരിശ്രമിച്ചാല്‍ അച്ഛന്‍ എഴുതിയതെല്ലാം വായിക്കാനാവും. അദ്ദേഹത്തിന്‍റെ സങ്കടം എന്തായിരുന്നു എന്ന് എനിക്കറിയാമല്ലോ. എന്തുപറയുന്നു?’’

ഞാന്‍ നിശ്ശബ്ദനായി. ഒരു മനുഷ്യന്‍റെ ജീവിതവ്യാധികള്‍ക്ക് മരണാനന്തരം എന്തു പരിഹാരമാണുള്ളത്?

സംഭാഷണം തുടരാനായി ഞാന്‍ ചോദിച്ചു: ‘‘എന്നിട്ട് ആ താംബൂലം എന്തുചെയ്തു? അദ്ദേഹം അതു സ്വീകരിച്ചോ?’’

 

‘‘സ്വീകരിക്കുക എന്നില്ല. അദ്ദേഹത്തിന് ഒന്നും സ്വയം ചെയ്യാനാവില്ലല്ലോ. ശരിക്കും പറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ കൂടെ നിൽക്കാൻ പോലും എനിക്കനുവാദമില്ല. പുറത്തുനിന്നു വരുന്ന ആരെയും ആ മുറിയില്‍ കടത്തരുതെന്ന് ഡോക്ടര്‍മാരുടെ നിർദേശമുണ്ടായിരുന്നു. എനിക്കെന്തോ ഇതൊന്നും ശരിയായി തോന്നുന്നില്ല! അതിര്‍ത്തികളില്‍ മനുഷ്യരെ തടയാനാവുന്നില്ല, പിന്നല്ലേ അണുക്കള്‍! അദ്ദേഹത്തിന്‍റെ പരിചാരകന്‍ മാറിയ സമയം നോക്കി ഞാന്‍ വെറ്റിലയും അടക്കയും സുഗന്ധദ്രവ്യങ്ങളുമെല്ലാം ചേര്‍ത്ത ഒരു നുള്ള് അദ്ദേഹത്തെ കാണിച്ചു.

തളര്‍ന്ന ആ കണ്ണുകളില്‍ വെളിച്ചമുണ്ടാവുന്നത് എനിക്കു കാണാമായിരുന്നു. ഞാനത് അദ്ദേഹത്തിന്‍റെ വായില്‍ ​െവച്ചുകൊടുത്തു. സാറിന് ഒന്നും ചെയ്യാനാവില്ലെന്നെനിക്കറിയാം. ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് അദ്ദേഹത്തിന് കൊടുക്കുന്നത്. എന്നാലും അദ്ദേഹം കുറച്ചുനേരം അതു വായില്‍ അടച്ചുപിടിച്ചു...’’

തപോമയി സംസാരിക്കുന്നതു നിര്‍ത്തി. സങ്കടത്തിന്‍റെ ഒരു തിര വന്ന് അയാളുടെ വാക്കുകളെ എടുത്തുകൊണ്ടുപോയതാവാം. അസാധാരണമായി നീണ്ടുപോയ ആ നിശ്ശബ്ദതക്കു ശേഷം തപോമയി പറഞ്ഞു, ‘‘പിന്നെ ആ വായ് തുറന്നുവന്നു. തുപ്പല്‍ ഒലിച്ചിറങ്ങി. അതിലൂടെ ചവയ്ക്കാനാവാത്ത ആ താംബൂലം അതേപടി പുറത്തേക്കു വന്നു. ഞാനതു വൃത്തിയാക്കുമ്പോള്‍ എന്‍റെ കൈകള്‍ അദ്ദേഹത്തിന്‍റെ കണ്ണുനീര്‍ വീണു നനഞ്ഞു.’’

(തുടരും)

Tags:    
News Summary - weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 06:00 GMT
access_time 2024-11-25 05:45 GMT
access_time 2024-11-18 04:15 GMT