തപോമയിയുടെ അച്ഛൻ

എന്നാല്‍, അതൊരു ഫലിതമായിരുന്നില്ലെന്ന് പിറ്റേന്നു കാലത്താണ് എനിക്കു മനസ്സിലായത്. ഡോക്ടര്‍ സര്‍ക്കാര്‍ തലേന്നു തന്നെ ഈ ലോകം വിട്ടുപോയിരുന്നു. ആ ഫോണില്‍ വന്ന കോള്‍ നോക്കി അദ്ദേഹത്തിന്‍റെ ബന്ധുക്കളിലൊരാള്‍ എന്നെ തിരിച്ചുവിളിക്കുകയായിരുന്നു. രാവിലെ പെട്ടെന്ന് അദ്ദേഹത്തിന് ഒരു തലചുറ്റല്‍പോലെ അനുഭവപ്പെട്ടു. പിന്നീട് ഓർമപോയി. ആശുപത്രിയില്‍ കൊണ്ടുപോയി, ബോധമുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ഒരിക്കലും അനുവദിക്കുകയില്ലായിരുന്ന ചില യന്ത്രസംവിധാനങ്ങളില്‍ ആ ശരീരം കുറച്ചുനേരം കിടന്നു. കൃത്രിമമായ ശ്വാസോച്ഛ്വാസം, കൃത്രിമമായ ഹൃദയമിടിപ്പുകള്‍. എന്നാല്‍, അവയ്ക്കൊന്നും കാര്യമായ ഫലം കിട്ടിയില്ല....

എന്നാല്‍, അതൊരു ഫലിതമായിരുന്നില്ലെന്ന് പിറ്റേന്നു കാലത്താണ് എനിക്കു മനസ്സിലായത്. ഡോക്ടര്‍ സര്‍ക്കാര്‍ തലേന്നു തന്നെ ഈ ലോകം വിട്ടുപോയിരുന്നു. ആ ഫോണില്‍ വന്ന കോള്‍ നോക്കി അദ്ദേഹത്തിന്‍റെ ബന്ധുക്കളിലൊരാള്‍ എന്നെ തിരിച്ചുവിളിക്കുകയായിരുന്നു. രാവിലെ പെട്ടെന്ന് അദ്ദേഹത്തിന് ഒരു തലചുറ്റല്‍പോലെ അനുഭവപ്പെട്ടു. പിന്നീട് ഓർമപോയി. ആശുപത്രിയില്‍ കൊണ്ടുപോയി, ബോധമുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ഒരിക്കലും അനുവദിക്കുകയില്ലായിരുന്ന ചില യന്ത്രസംവിധാനങ്ങളില്‍ ആ ശരീരം കുറച്ചുനേരം കിടന്നു. കൃത്രിമമായ ശ്വാസോച്ഛ്വാസം, കൃത്രിമമായ ഹൃദയമിടിപ്പുകള്‍. എന്നാല്‍, അവയ്ക്കൊന്നും കാര്യമായ ഫലം കിട്ടിയില്ല. ഉച്ചയോടെ അദ്ദേഹം മരിച്ചു.

രണ്ടു ദിവസത്തേക്ക് ഞാന്‍ തപോമയിയെ വിളിച്ചില്ല. ഒരു സന്ദേശം അയക്കുക മാത്രം. അയാളെ വിഷമിപ്പിക്കരുതെന്നുള്ള എന്‍റെ ആഗ്രഹം. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തപോമയിയുടെ ഫോണ്‍ വന്നു. മറ്റു ചില കാര്യങ്ങളുടെ തിരക്കില്‍പ്പെട്ടുപോയി, അയാള്‍ സൂചിപ്പിച്ചു.

‘‘ഓര്‍ക്കുന്നുണ്ടോ, ഒരിക്കല്‍ അച്ഛന്‍ ഒരു കുറിപ്പടിയുടെ പിന്നില്‍ എഴുതിയ കാര്യം?’’ അയാള്‍ ചോദിച്ചു.

‘‘എനിക്കോർമയുണ്ട്, അത്. അങ്ങനെയാണല്ലോ ഞാന്‍ ഗോപാല്‍ ബറുവയെ കാണാന്‍ പോയത്. ‘‘ഈ ഡോക്ടര്‍ എന്നെ കയ്പു തീറ്റിക്കുന്നു... എന്നുള്ള കുറിപ്പല്ലേ?’’ ഞാന്‍ ചോദിച്ചു.

‘‘അതുതന്നെ.’’ തപോമയി പറഞ്ഞു. ‘‘അതെന്തൊരു നല്ല കാലമായിരുന്നു അല്ലേ! വയസ്സു ചെന്നവര്‍ തമ്മില്‍ തര്‍ക്കിക്കുകയും സ്നേഹത്തോടെ പഴിക്കുകയും ശകാരിക്കുകയും ഒക്കെ ചെയ്യുന്ന ഒരു കാലം. ചീട്ടുകളികള്‍, തോല്‍ക്കുമ്പോഴുള്ള ദേഷ്യം, പിണങ്ങി പോകുന്നത്. എല്ലാം ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നാലോചിക്കുമ്പോള്‍ എനിക്കു വിഷമം തോന്നും.’’ അയാള്‍ തെല്ലിട നിറുത്തി.

‘‘അച്ഛന്‍ തന്നെ തന്‍റെ പ്രവചനം അന്നേ തെറ്റിച്ചിരുന്നു,’’ തപോമയി പറഞ്ഞു. ‘‘എന്നേക്കാള്‍ മുമ്പ് ഡോക്ടര്‍ സര്‍ക്കാര്‍ മരിക്കും എന്നായിരുന്നു ആ കുറിപ്പില്‍, അല്ലേ? എന്നിട്ടെന്തായി! അദ്ദേഹം നേരത്തേ പോയി.’’

ജഹാന്‍റെ കാര്യം ഇനിയും ഒന്നുമായിട്ടില്ലെന്ന് തപോമയി പറഞ്ഞു. എന്നാല്‍, അയാളിപ്പോള്‍ ഒരു ആണ്‍കുഞ്ഞിന്‍റെ അച്ഛനായിരിക്കുന്നു. ഏതു ലോകത്തിലേക്കാണ് അവന്‍ പിറന്നുവീണിട്ടുള്ളത് എന്നോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നുവെന്ന് അയാള്‍ തുടര്‍ന്നു.

‘‘ഞാനൊറ്റയാവുകയാണെന്നു തോന്നുന്നു.’’ തപോമയി ഇടവേളകള്‍ക്കിടയില്‍ സംസാരിച്ചു.‘‘ഈ പഴയ വീടുമായി ഇപ്പോള്‍ എന്നെ ഇണക്കുന്ന ആരുമില്ല. അമ്മ പോയി, അച്ഛന്‍, ഇപ്പോളിതാ തപസ് അങ്കിള്‍. പടര്‍ന്നുവലുതാവുന്ന ആല്‍മരം വന്ന് ഒരുദിവസം എന്നെ ഞെരുക്കുമെന്നു തോന്നുന്നു.’’

‘‘വീടൊഴിഞ്ഞു പോകൂ.’’ ഞാന്‍ പറഞ്ഞു.

‘‘ആര്‍ക്കാണ് ഒഴിഞ്ഞുകൊടുക്കേണ്ടത്? ഇതാരുടെ പേരിലാണെന്നുപോലും എനിക്കറിഞ്ഞുകൂടാ. അതിന്‍റെ ആധാരങ്ങളോ മറ്റു രേഖകളോ ഒന്നും എന്‍റെ കൈവശമില്ല. ഈ വീടുമായി ബന്ധപ്പെട്ട ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ? കഴിഞ്ഞ ദിവസം ഞാനക്കാര്യം ആലോചിച്ചു. സന്താനം സാറിന്‍റെ ബന്ധുക്കളാരെങ്കിലും വരുമോ? അവരൊക്കെ വിദേശത്താണെന്നാണ് എന്‍റെ അറിവ്.’’

‘‘ഉള്ളവരും ഇല്ലാത്തവരും എന്നല്ലേ നമ്മള്‍ പറയുന്ന ഒരു വിഭജനം?’’ തപോമയി തുടര്‍ന്നു. ‘‘കഴിഞ്ഞ ദിവസം ഒരു ബുദ്ധസന്ന്യാസി വന്നിരുന്നു മഹാബോധിവിഹാരത്തില്‍. അദ്ദേഹം പറഞ്ഞു: ഉള്ളവരും ഇല്ലാത്തവരും മാത്രമല്ല, ഒന്നും വേണ്ടാത്തവരും ഉണ്ട്. അതായത് ഉള്ളതുപോലും ആവശ്യമില്ലാത്ത ചില മനുഷ്യര്‍. ബുദ്ധനെപ്പോലെ എല്ലാം ഉപേക്ഷിച്ചുപോയിട്ടുള്ളവര്‍. അതാണ് നമ്മുടെ ഇക്കണോമിസ്റ്റുകള്‍ക്കു മനസ്സിലാവാത്ത ഒരു കാര്യം.

തപസ് അങ്കിള്‍ പലപ്പോഴും എന്നെ സഹായിച്ചിരുന്നു. ചീട്ടുകളികളില്‍ ചെറിയ തുകക്കുപോലും വലിയ അടിപിടി ബഹളങ്ങള്‍ ഉണ്ടാക്കിയിരുന്ന ആളാണ്. പക്ഷേ, എന്തെങ്കിലും മുട്ടുവന്നാല്‍ ഞാന്‍ ചെന്നു ചോദിച്ചാല്‍ തരും. കടമായിട്ടാണെന്നായിരുന്നു വ്യവസ്ഥ. തിരിച്ചൊന്നും ചോദിക്കില്ല.

ബാങ്കിലെ പലിശയേക്കാള്‍ ഇരട്ടി പറയും. കണക്കെഴുതി ​െവക്കും. ഇടക്കിടെ വായിച്ചു കേള്‍പ്പിച്ച് എന്നെ ബോധ്യപ്പെടുത്തും. ഒപ്പിടുവിക്കും. എന്തു ധൈര്യത്തിലാണ് അദ്ദേഹം എനിക്കു കടം തരുന്നതെന്ന്, അതും ഒരു ബന്ധവുമില്ലാത്ത ഒരു സംഘടനക്കു കടം തരുന്നതെന്ന് ചിലപ്പോഴൊക്കെ ഞാനാലോചിക്കാറുണ്ട്. അക്കങ്ങളില്‍ താൽപര്യമുള്ളവര്‍ പണം കണക്കിലെങ്കിലും വളര്‍ന്നുവലുതാവുന്നതു കണ്ട് ആഹ്ലാദിക്കുകയില്ലേ? അതിനുവേണ്ടിയായിരുന്നു എന്നാണ് എന്‍റെ തോന്നല്‍.

‘‘എന്നാല്‍, അങ്ങനെയല്ലെന്ന് എനിക്കു ഇന്നലെ മനസ്സിലായി.’’ തപോമയി പറഞ്ഞു, ‘‘അദ്ദേഹത്തിന്‍റെ രേഖകളില്‍ ഞാന്‍ വാങ്ങിച്ച തുകയുടെ കൃത്യമായ കണക്കുണ്ടായിരുന്നു. പലിശയും പിഴപ്പലിശയുമടക്കം.’’

‘‘എന്നിട്ട്?’’

‘‘എല്ലാം അദ്ദേഹം വെട്ടിക്കളഞ്ഞിരുന്നു. മാത്രമല്ല, സങ്കൽപിക്കാവുന്നതിലും വലിയൊരു തുക ‘ഷെല്‍ട്ടര്‍’ എന്ന സംഘടനക്കായി എഴുതി​െവച്ചിരിക്കുന്നു. അതിനോടൊപ്പം ഒരു കുറിപ്പുണ്ട്. അതാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ സമ്പത്ത്.’’

‘‘എന്താണതില്‍?’’

‘‘ഒരു നിമിഷം നിൽക്കൂ, ഞാന്‍ വായിക്കാം,’’ തപോമയി പറഞ്ഞു.

 

തപോമയി ആ കുറിപ്പു വായിക്കുമ്പോള്‍ ഡോക്ടര്‍ സര്‍ക്കാറിന്‍റെ ശബ്ദത്തില്‍ അതു കേള്‍ക്കുകയാണെന്നു ഞാന്‍ സങ്കൽപിച്ചു. അദ്ദേഹം പറയുന്നു: ‘‘ഓരോ തവണ ഞാന്‍ ജയിക്കുമ്പോഴും ഗോപാല്‍ ബറുവ എന്നെ നോക്കും. അദ്ദേഹത്തിന് ഞാന്‍ കള്ളക്കളികള്‍ കളിക്കുകയായിരുന്നെന്ന് അറിയാമായിരുന്നു.

പക്ഷേ, ചിരിച്ചതേയുള്ളൂ. അതേസമയം, അദ്ദേഹം ജയിച്ചപ്പോഴെല്ലാം ഞാന്‍ പരാതി പറഞ്ഞു. തര്‍ക്കിച്ചു. ഗോപാല്‍ദാ ചിരിക്കുക മാത്രം. അദ്ദേഹം കൃത്രിമം കാണിക്കുന്നില്ലെന്ന് എനിക്കറിയാമായിരുന്നു... അല്ലെങ്കില്‍ത്തന്നെ വേണമെന്നുണ്ടെങ്കിലും ഗോപാല്‍ ബറുവ എന്ന മനുഷ്യന് അതിനു സാധിക്കുകയില്ല. അയാളേക്കാള്‍ സത്യസന്ധനായ ആരാണുള്ളത്! അതുകൊണ്ടാണ് ഗോപാല്‍ദാക്ക് തപോമയി എന്നൊരു മകനെ ലഭിച്ചതെന്നാണ് എന്‍റെ വിചാരം. ഗോപാല്‍ദായേക്കാള്‍ കൂടുതല്‍ നല്ല ആരെങ്കിലും ഭൂമിയിലുണ്ടെങ്കില്‍ അത് അവന്‍ മാത്രമായിരിക്കും...’’

അതു വായിച്ചവസാനിപ്പിക്കാന്‍ തപോമയി വല്ലാതെ പ്രയാസപ്പെട്ടു. ഇടക്കിടെ അയാളുടെ വാക്കുകള്‍ നിലച്ചു. ആ കവിളുകളില്‍ കണ്ണീര്‍ നനവു പറ്റുന്നത് എനിക്ക് കാണാമെന്നു തോന്നി.

* * *

കത്തിക്കരിഞ്ഞുനിന്ന, എന്നാല്‍ മനസ്സിലെ പുകച്ചില്‍ മാറിയിട്ടില്ലാത്ത ഒരു മാലിന്യമലയുടെ മുകളില്‍ ചുമലിലൊരു ചാക്കുമായി നിൽക്കുന്ന രൂപത്തിലാണ് തപോമയി ആദ്യമായി ജഹാന്‍ സാബിര്‍ എന്ന അഭയാർഥിയെ കണ്ടുമുട്ടിയത്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അത്. സകലതും കത്തിനശിച്ചുപോയ ആ കറുത്ത ശൂന്യതക്ക് മുകളില്‍ എന്താണ് അയാള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അന്നു തപോമയിക്കു മനസ്സിലായില്ല.

കൈ കൊട്ടി വിളിച്ചപ്പോള്‍ ജഹാന്‍ മറുവശത്തേക്ക് ഓടിപ്പോകാന്‍ ശ്രമിച്ചു. അയാളുടെ കണ്ണുകളില്‍ പേടിയായിരുന്നു. അയാളുടെ ചുറ്റും നെഞ്ചെരിഞ്ഞു കത്തുന്ന ഒരു മലിനപർവതം. കരിമ്പുകയുടെ വലയങ്ങള്‍. ആ ചിത്രം തപോമയിയുടെ മനസ്സില്‍ എക്കാലവും നിലനിന്നു.

അയാള്‍ അന്ന് ആ മാലിന്യമലയുടെ മുകളില്‍ എന്താണ് ചെയ്തിരുന്നതെന്ന് തപോമയി ഇപ്പോള്‍ ഊഹിക്കുന്നു. ഇക്കാലമത്രയും തനിക്കു മാത്രമായ ഒരിടം അന്വേഷിക്കുകയായിരുന്നില്ലേ അയാള്‍? നഗരം തുപ്പിക്കളഞ്ഞ അഴുക്കുകളുടെ കൂമ്പാരത്തിലല്ലാതെ മറ്റെവിടെയാണ് ജഹാനെപ്പോലൊരാള്‍ക്ക് അതു ലഭിക്കുക?

ഒരുദിവസം രാവിലെ അതേ മാലിന്യമലയുടെ മുകളിലേക്കു നോക്കി നിര്‍ത്താതെ നിന്നു കുരക്കുന്ന നായ്ക്കളാണ് ജഹാനെ ഒടുവില്‍ കണ്ടെത്തിയത്. അയാള്‍ ഉടുത്ത വസ്ത്രങ്ങള്‍ ദ്രവിച്ചിരുന്നു. പക്ഷേ, ആ തുണിത്തുണ്ടുകളാണ് അയാളാണെന്നുള്ള അടയാളം ബാക്കി​െവച്ചത്. ശരീരം മിക്കവാറും അഴുകിത്തിര്‍ന്നു കഴിഞ്ഞിരുന്നു. ജന്മദീര്‍ഘമായ അലച്ചിലിനൊടുവില്‍ ലക്ഷ്യത്തിലെത്തിച്ചേര്‍ന്ന തീർഥാടകനെപ്പോലെ അയാള്‍ ആ മാലിന്യമലയോടു ചേര്‍ന്നുകിടന്നു. ആരുടെയൊക്കെയോ സഹായത്തില്‍ വിജനമായൊരു പള്ളിപ്പറമ്പില്‍ അയാള്‍ക്കൊരു ചെറിയ ഇടം കിട്ടി. അഭയാർഥിയുടെ ഖബര്‍. ഒരു തുണ്ടുഭൂമി. നാളുകള്‍ കഴിഞ്ഞിട്ടാണ് ആ വിവരം തപോമയി എനിക്കെഴുതിയത്. അപ്പോള്‍ അയാളെ ഫോണില്‍ വിളിക്കാന്‍ ഞാന്‍ മടിച്ചു.

* * *

തപോമയി അയച്ച ക്രിസ്മസ് കാര്‍ഡിലെ ഗൂഢലിപികള്‍ എന്നെ അമ്പരപ്പിച്ചിരുന്നുവെങ്കിലും പിന്നീടൊന്നും അയാള്‍ ആ ലിപികളുമായി മുന്നോട്ടു പോയില്ലെന്നു തോന്നി. ഞങ്ങള്‍ തമ്മിലുള്ള വിനിമയംതന്നെ കുറഞ്ഞു. ഓര്‍ക്കാതെയല്ല, കൂടുതല്‍ തിരക്കുള്ള പലകാര്യങ്ങളും ജീവിതത്തിലുണ്ടാവുന്നു. അതിന്‍റെ തിരകളില്‍പ്പെട്ട് നമ്മളെല്ലാവരും മുന്നോട്ടുപോവുകയാണല്ലോ.

പക്ഷേ, ആഗസ്റ്റ് മാസമായപ്പോള്‍ എനിക്ക് ദില്ലിയിലേക്കു പോകേണ്ട വ്യക്തിപരമായ ഒരാവശ്യം വന്നു. ഞാന്‍ വരുന്നുണ്ടെന്നും എന്‍റെ തിരക്കുകള്‍ കഴിഞ്ഞാല്‍ കാണണമെന്നും ഞാനെഴുതി. അയാള്‍ സന്തോഷം സൂചിപ്പിക്കുന്ന ഇമോജികള്‍ കാണിച്ചുകൊണ്ട് മറുപടി അയച്ചു. അതല്ലേയുള്ളൂ; ആ ചിഹ്നഭാഷയുടെ കാര്യം അയാള്‍ മറന്നുപോയല്ലോ എന്നതില്‍ ഞാന്‍ സന്തോഷിച്ചു.

മഴ വിട്ടുനിന്ന ദിവസമായിരുന്നു അത്. സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷന്‍റെ മുന്നില്‍ ഞാന്‍ അയാളെ കാത്തുനിന്നു. വൈകുന്നേരമായിരുന്നു. സ്റ്റേഷനിലേക്ക് ആളുകളുടെ വലിയ ഒഴുക്കു കണ്ടു. പതിവുപോലെ തപോമയി കുറച്ചു വൈകി. പക്ഷേ, വന്നപ്പോള്‍ ഇന്നലെ കണ്ടു പിരിഞ്ഞതുപോലെ, ഇന്നലെ പറഞ്ഞു ബാക്കിനിര്‍ത്തിയ സംസാരം തുടരുന്നതുപോലെ എനിക്കു തോന്നി. അയാളുടെ തോളിലൊരു പുതിയ ചണസഞ്ചിയുണ്ടായിരുന്നു. അതിന്‍റെ വശങ്ങളില്‍ തുന്നിച്ചേര്‍ത്ത ചിത്രങ്ങള്‍ കണ്ടപ്പോള്‍ ബാഗ് ക്യാമ്പിലെ കുട്ടികള്‍ ഉണ്ടാക്കിയതാവുമെന്ന് ഞാനൂഹിച്ചു.

ഞങ്ങള്‍ ഇന്ത്യാ ഗേറ്റിന്‍റെ മുന്നിലെ വിശാലമായ പുല്‍ത്തകിടിയിലേക്കു നടന്നു. തലേന്നു പെയ്ത മഴയില്‍ നേരിയ നനവുണ്ടായിരുന്നു. എങ്കിലും ബെഞ്ചുകളിലും പുല്‍ത്തകിടിയിലുമായി സന്ദര്‍ശകര്‍ ഇരിക്കുന്നു. ഇന്ത്യാ കവാടത്തിന്‍റെ പശ്ചാത്തലത്തില്‍ തങ്ങളെ പ്രതിഷ്ഠിച്ച് സെല്‍ഫി ചിത്രങ്ങളെടുക്കുന്നു. ചെറിയ കുട്ടികള്‍ ബലൂണുകള്‍ ഉയര്‍ത്തിക്കളിക്കുന്നതു കണ്ടു. ആകാശത്തിന്‍റെ നിറം നേരിയ ചെമപ്പാണ്. ഇപ്പോള്‍ അസ്തമനം കുറച്ചു വൈകുന്നുണ്ടല്ലോ.

ഞാന്‍ തപോമയിയുടെ സംഘടനയെക്കുറിച്ചു തിരക്കി. അതു പഴയതുപോലെത്തന്നെ സാമ്പത്തികമായ പ്രതിസന്ധികളിലൂടെ നീങ്ങുന്നു. കോവിഡ് കാലത്ത് കുറെ പേര്‍ മരിച്ചുപോയി. പക്ഷേ, രാജ്യത്തിലെ മറ്റു ചില ക്യാമ്പുകളില്‍നിന്നും ചിലരെല്ലാം എത്തിച്ചേര്‍ന്നു. കുറച്ചു പ്രശ്നമൊക്കെ അതിന്‍റെ പേരിലുണ്ടായിരുന്നു. ഇപ്പോള്‍ വലിയ കുഴപ്പമില്ലാതെ പോകുന്നു. ചിലര്‍ക്കൊക്കെ തൊഴില്‍ കിട്ടിയിട്ടുണ്ട്. വസ്ത്രശാലകളിലും തുകല്‍ യൂണിറ്റുകളിലും മറ്റും സ്ത്രീകള്‍ പണിയെടുക്കുന്നു. ചില കുട്ടികള്‍ സ്കൂള്‍ ഫൈനല്‍ വിജയിച്ചു. അവരെ കൂടുതല്‍ പഠിപ്പിക്കാനെന്തു ചെയ്യും എന്ന വെല്ലുവിളിയുണ്ട്. പല കമ്പനികളുടേയും സി.എസ്.ആര്‍ ഫണ്ടുകള്‍ക്കായി ഓടിനടക്കുന്നു.

കഥയെല്ലാം പഴയതുതന്നെ. ജഹാന്‍റെ മരണശേഷം മറ്റുള്ളവര്‍ ഉപദ്രവിക്കാനെത്തുന്നതു കുറവാണ്. മനുഷ്യാവകാശപ്രവര്‍ത്തകരില്‍ ചിലര്‍ അക്കാലത്ത് ഒരു ധര്‍ണ നടത്തിയിരുന്നു. പക്ഷേ, പോലീസ് ഒന്നും ചെയ്യുന്നില്ല. ഒന്നാലോചിച്ചാല്‍, അയാള്‍ ജീവിച്ചിരുന്നു എന്നതിന് എന്താണ് തെളിവ്?

‘‘പക്ഷേ, അയാളുടെ ബലിയുടെ ഉറപ്പിലാണ് ഇപ്പോള്‍ ആ വീടുകള്‍ കത്താതെ നിൽക്കുന്നത്’’, തപോമയി പറഞ്ഞു, ‘‘അതാണ് ഒരേയൊരു അടയാളം.’’

‘‘പിന്നെ അയാളുടെ അതേ ഛായയില്‍ ഒരു ജീവന്‍ ഭൂമിയില്‍ ബാക്കിനിൽക്കുന്നു. പര്‍വീണയുടെയും ജഹാന്‍റെയും മകന്‍. മിടുക്കനാണ്. ഇപ്പോള്‍ ഒരു പ്ലേ സ്കൂളില്‍ പോകുന്നുണ്ട്.’’ ഒന്നു നിര്‍ത്തിയ ശേഷം തപോമയി കുട്ടിയുടെ ചിത്രം എനിക്കു ഫോണില്‍ കാണിച്ചുതന്നു. എന്നിട്ടു ചോദിച്ചു: ‘‘എന്താണ് ഇവന് പേരിട്ടിരിക്കുന്നതെന്നറിയാമോ?’’

‘‘ജഹാന്‍?’’ ഞാന്‍ ചോദിച്ചു.

‘‘അതെ. ജഹാന്‍ എന്നുതന്നെ ആദ്യം. പിന്നെ ഒരു പേരുകൂടി ചേരുന്നു.’’ തപോമയിയുടെ കണ്ണുകള്‍ തിളങ്ങി: ‘‘കുട്ടികളെ ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്ന ഒരാളുടെ പേര്‍ കൂടി... ഗോപാല്‍. ജഹാന്‍ ഗോപാല്‍. എങ്ങനെയുണ്ട്?’’

ഞാന്‍ തലയാട്ടി. ഗോപാല്‍ ബറുവയുടെ ക്ഷീണിതമായ മുഖം എനിക്കപ്പോള്‍ ഓർമ വന്നു.

പര്‍വീണയുടെ ആഗ്രഹമായിരുന്നു അത്. ആ പേരു ചൊല്ലി അവനെ വിളിക്കുമ്പോള്‍ അവള്‍ കരഞ്ഞു. ഭൂമിയില്‍ ഇല്ലാതെയായ രണ്ടു മനുഷ്യര്‍ അവനിലൂടെ ജീവിക്കും എന്നോർമിച്ചുകൊണ്ട്. അവന്‍ വളരാന്‍ പോകുന്ന ഒരു കാലത്തെക്കുറിച്ച് പേടിച്ചുകൊണ്ട്. ഞാന്‍ പര്‍വീണ എന്ന ആ മെലിഞ്ഞ പെണ്‍കുട്ടിയെ ഓര്‍ക്കാന്‍ ശ്രമിച്ചു. അപ്പോളെന്തുകൊണ്ടോ എനിക്കവളുടെ മുഖം ഓർമയില്‍ വന്നതേയില്ല.

‘‘ഞാനൊരു പഴയ കഥ പറയട്ടേ?’’ തപോമയി ചോദിച്ചു. ‘‘അമ്മയില്‍നിന്നും കേട്ട കഥയാണ്. ഒരിക്കല്‍ അച്ഛനുമായി പിണങ്ങിയപ്പോള്‍ അമ്മ എന്നെയുമെടുത്തുകൊണ്ട് ദൂരെയെവിടേക്കോ പോയി. കൊല്‍ക്കത്തയില്‍ താമസിക്കുന്ന കാലം. തീരെ ചെറിയ കുഞ്ഞായിരുന്നുവത്രേ അന്നു ഞാന്‍. എവിടേക്കാണ് പോകേണ്ടതെന്ന് അമ്മക്കറിയില്ല. ചെന്നു നിൽക്കാന്‍ ഒരിടവുമില്ല. ദേഷ്യപ്പെട്ട് പുറപ്പെടുകയുംചെയ്തു. ഒടുവില്‍ നടന്നുനടന്ന് ഒരു കന്യാസ്ത്രീമഠത്തില്‍ ചെന്നുപെട്ടു. വിശപ്പും ദാഹവും കാരണം അമ്മയും കുഞ്ഞും വല്ലാതെ ക്ഷീണിച്ചിരുന്നു. ഏതാണ്ട് രാത്രി സമയമായിരുന്നു. കന്യാസ്ത്രീകള്‍ ഒന്നും ചോദിച്ചില്ല. അവര്‍ കുറച്ചുദിവസം അവിടെ താമസിക്കാന്‍ അമ്മയെ അനുവദിച്ചു. ചെറിയ ജോലികളില്‍ അമ്മ അവരെ സഹായിച്ചു. ഇനിയുള്ള കാലം അവിടെയെവിടെയെങ്കിലും കൂടാമെന്നായിരുന്നു അമ്മയുടെ വിചാരം.

അങ്ങനെ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് അതികഠിനമായ ഒരസുഖം വന്നു. വിട്ടുമാറാത്ത പനി. ഭക്ഷണം കഴിക്കാനാവുന്നില്ല. ഇനി കഴിച്ചാലും ഛർദിക്കുന്നു. മഠത്തിലുള്ളവര്‍ എന്നെ ഒരു ആശുപത്രിയിലേക്കു കൊണ്ടുപോയി. ഡോക്ടര്‍മാര്‍ പല കുറിവന്നു. മരുന്നു കുത്തി​െവച്ചു. കുഴലുകളിലൂടെ പാനീയങ്ങള്‍ തന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പനി വിട്ടുമാറുന്നതേയില്ല. കന്യാസ്ത്രീകള്‍ എന്‍റെ ചുറ്റും നിന്നു പ്രാർഥിക്കാന്‍ തുടങ്ങി. മരണം ഒരു നിഴല്‍പോലെ വന്ന് അവര്‍ക്കൊപ്പം നിന്നു. കരഞ്ഞു തളര്‍ന്ന് എനിക്കു കാവലിരിക്കുക എന്നതല്ലാതെ അമ്മക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

 

ഇ. സന്തോഷ്​കുമാർ,സലീം റഹ്മാൻ

ഒരുദിവസം ഉച്ചസമയത്തോടെ അച്ഛന്‍ ആശുപത്രിയിലേക്കു വന്നു. പല സ്ഥലത്തും അന്വേഷിച്ചിട്ടും അച്ഛന് ഞങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നെ ഏതോ നിയോഗംപോലെ ആരൊക്കെയോ പറഞ്ഞറിഞ്ഞ് ആ വലിയ നഗരത്തിലെ, വലിയ ആശുപത്രിയില്‍ ഏതോ വാര്‍ഡില്‍ കിടന്നിരുന്ന കുഞ്ഞിനെത്തേടി അദ്ദേഹം എത്തി. ദിവസങ്ങളായുള്ള അന്വേഷണത്തില്‍ ആകെത്തളര്‍ന്നു വശംകെട്ടിരുന്നു അദ്ദേഹം. തിരിച്ചറിയാനാവാത്ത വിധം മെലിഞ്ഞുപോയിരുന്നു.

അച്ഛനെ കണ്ടപ്പോള്‍ കുഞ്ഞിന്‍റെ മുഖം വിടര്‍ന്നു. തളര്‍ന്ന കണ്ണുകളില്‍ അപ്പോള്‍ പ്രകാശമുണ്ടായി. അയാള്‍ അവനെ എടുത്തു മടിയില്‍വെച്ചു. അവനു കാവലിരുന്നു. ഏതോ പഴയ താരാട്ടുകള്‍ പാടി. പിറ്റേന്നുതന്നെ ആരോഗ്യസ്ഥിതിയില്‍ വലിയ മാറ്റമുണ്ടായി. പനി കുറഞ്ഞു. ഡോക്ടര്‍മാര്‍ക്കു വലിയ അത്ഭുതമായിരുന്നു അത്. ‘‘ഗോപാല്‍, നിങ്ങള്‍ കൊണ്ടുവന്ന ഈയൊരു മരുന്ന് ഞങ്ങളുടെ കൈയിലില്ല,’’ അവര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു, ‘‘ഇനി ഞങ്ങള്‍ക്കു ധൈര്യമായി.’’

ആശുപത്രിയില്‍നിന്നും അവര്‍ പിന്നെ മഠത്തിലേക്കു പോയില്ല. ആ പഴയ കെട്ടിടത്തിലേക്ക്, അതിന്‍റെ മുകള്‍നിലയിലേക്ക് തിരിച്ചുപോയി. ചെറിയ പാദങ്ങള്‍ ​െവച്ച് കുട്ടി പടികളിറങ്ങുകയും കയറുകയും ചെയ്തു. സായാഹ്നങ്ങളില്‍ പഴയ റാലി സൈക്കിളിന്‍റെ മുന്‍സീറ്റിലിരുന്ന് അച്ഛനോടൊപ്പം ദൂരെ ദേശാടനപ്പക്ഷികളെ കാണാന്‍ പോയി. തൊപ്പി ​െവച്ച് റേഡിയോ കേള്‍ക്കുന്ന കെട്ടിടമുടമയുടെ കൂടെയിരുന്ന് അർഥമറിയാത്ത പാട്ടുകള്‍ കേട്ടു.

അച്ഛനോടൊപ്പമുള്ള ആ വൈകുന്നേരങ്ങളാണ് ഇപ്പോഴും എന്‍റെ ഓർമയില്‍. കുറച്ചുകൂടി മുതിര്‍ന്ന് ദില്ലിയില്‍ വന്നപ്പോഴും അത്തരം സവാരികള്‍ ഞങ്ങള്‍ മുടക്കിയില്ല. ഇപ്പോള്‍ എനിക്കറിയാം, ഉലയുന്ന എന്‍റെ വാക്കുകള്‍ക്ക് ഊന്നുകൊടുക്കാനുള്ള യാത്രകളായിരുന്നു അവയെല്ലാം. പിന്നീട് ഞാന്‍ വലുതായി, ദില്ലിയിലും ബോംബെയിലും പഠിച്ചു, പലയിടങ്ങളില്‍ ജോലി ചെയ്തു, കുറേ മനുഷ്യരെ കണ്ടു.

എന്നാലും എല്ലായ്പോഴും ഒരു പഴയ റാലി സൈക്കിളിന്‍റെ മുന്നിലിരുന്നു യാത്രചെയ്യുന്ന ആ കുഞ്ഞുതന്നെയാണ് ഞാനെന്ന് എനിക്കിപ്പോഴും തോന്നും. ഇപ്പോഴത്തെ പ്രശ്നം, ആ സൈക്കിളില്‍ ഞാനൊറ്റക്കാണ്. നിയന്ത്രിക്കാനാരുമില്ലാതെ തനിയെയാണ് അതു സഞ്ചരിക്കുന്നത്. പലപ്പോഴും ആ സൈക്കിള്‍ വിറയ്ക്കുമെന്നും അതിനു വഴി തെറ്റുമെന്നുമുള്ള പേടിയാണെനിക്ക്...’’ അയാള്‍ പറഞ്ഞുനിര്‍ത്തി. ഇന്ത്യാ കവാടത്തിനു മുന്നിലെ സന്ദര്‍ശകര്‍ കുറഞ്ഞുവരുന്നു. കുട്ടികളുടെ ചിരിയും കരച്ചിലും കുറഞ്ഞുവരുന്നു.

‘‘മടങ്ങിയാലോ?’’ ഞാന്‍ ചോദിച്ചു. ചിലപ്പോള്‍ മഴ പെയ്തേക്കും. പിറ്റേന്നു രാവിലെ എനിക്കു തിരിച്ചുപോകാനുള്ളതാണ്. വിശാലമായ വഴികളിലൂടെ ഞങ്ങള്‍ തിരിച്ചുനടന്നു.

‘‘മല്ലു മാഫിയക്കാരുമായുള്ള ഇടപാടുകള്‍ ഇപ്പോഴുമുണ്ടോ?’’ ഞാന്‍ ചോദിച്ചു.

‘‘ഇല്ല. ഇനി അങ്ങനെ അവരെ കാണാനും മറ്റും എന്തെങ്കിലും ബാക്കി വേണ്ടേ?’’ അയാള്‍ ചിരിച്ചു. പോയ കാലത്തെക്കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ലെന്നായിരുന്നു എന്‍റെ ധാരണ. പക്ഷേ, കോവിഡ് കാലത്ത് അതു തെറ്റാണെന്നു മനസ്സിലായി.’’

കൊറോണ ബാധിച്ച കാലത്ത് വേറൊരു നിവൃത്തിയും ഉണ്ടായിരുന്നില്ല. ആര്‍ക്കും തൊഴിലില്ല. ദില്ലി ശ്വാസം കിട്ടാതെ പിടയുകയായിരുന്നു. ആശുപത്രികളില്‍ കിടക്കാനിടം കിട്ടാതെ വരുന്നു. വലിയ അപ്പാര്‍ട്മെന്‍റുകളുടെ ഗാരേജുകളില്‍പോലും ആളുകള്‍ പിടഞ്ഞു മരിക്കുന്നു. ലോകം മൊത്തം സ്തംഭിച്ചുനിന്ന ആ നാളുകളില്‍ ഗോപാല്‍ ബറുവ സൂക്ഷിച്ച പ്രതിമകളും നാണയങ്ങളും പഴയ കാലത്തെ ഉപകരണങ്ങളുമെല്ലാം ആ പഴയ വീടിന്‍റെ പടി കടന്നുപോയി. മല്ലു മാഫിയ അതെല്ലാം ഓണ്‍ലൈനില്‍ ലേലം വിളിച്ചു വിറ്റു. എന്തൊരു സമ്പന്നമായ, സാർഥകമായ ഭൂതകാലം!

‘‘അന്ന് അതൊരു ഗതികേടുകൊണ്ടായിരുന്നു. പിന്നെ, ഇപ്പോള്‍ അവരൊക്കെ വന്‍തോക്കുകളായി മാറി. നിരന്തരം ലോകം മുഴുവന്‍ യാത്രചെയ്യുന്നു. ക്രിപ്റ്റോ കറന്‍സികളിലൊക്കെയാണ് ഇടപാട്! ചെറിയ പ്രതിമകളും നാണയങ്ങളുമൊക്കെയുമായി ഇനി അവരുടെ അടുത്തു പോകാന്‍ വയ്യ.’’

 

ജീന്‍സിന്‍റെ പോക്കറ്റില്‍നിന്നും ഒരു സിഗരറ്റെടുത്തു കത്തിച്ച ശേഷം അയാള്‍ തിരക്കി: ‘‘എല്ലാം വിട്ടുകളഞ്ഞതാണ്. എന്നാലും മല്ലുമാഫിയക്കാരുടെ പേരു പറഞ്ഞപ്പോള്‍ പെട്ടെന്ന് ഓർമ വന്നു. മുമ്പ് അച്ഛന്‍ എഴുതുകയോ കുത്തിവരക്കുകയോ ചെയ്യുന്ന ഒരു ഡയറിയുണ്ടായിരുന്നില്ലേ, അത് നിങ്ങളുടെ കൈയില്‍ ഇപ്പോഴുമുണ്ടോ?’’ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ ഞാനൊഴിഞ്ഞു.

‘‘തപസ് അങ്കിള്‍ പറഞ്ഞു കേട്ടപ്പോള്‍ എനിക്കെന്തോ വിഷമമായി. അച്ഛന്‍ എന്‍റെ സംസാരത്തെക്കുറിച്ചോര്‍ത്ത് ഏറ്റവും ഒടുവിലെ കാലത്തും ദുഃഖിച്ചിരുന്നു എന്ന കാര്യം. അങ്കിള്‍ മരിച്ചപ്പോള്‍ ഞാന്‍ കുറേ കരഞ്ഞു. അങ്കിളിനു വേണ്ടി മാത്രമല്ല, അച്ഛനേയുംകൂടി ഓര്‍ത്തുകൊണ്ട്... അദ്ദേഹത്തിന് എന്തോ ഒരു വലിയ ദുഃഖമുണ്ടായിരുന്നു എന്നു തോന്നുന്നു. ആര്‍ക്കും മനസ്സിലാക്കാനാവാത്ത ചിത്രങ്ങളും ചിഹ്നങ്ങളും വരച്ച് അതെല്ലാം മറക്കാന്‍ ശ്രമിക്കുകയായിരുന്നു അച്ഛന്‍.

അതാണ് ചോദിക്കാന്‍ വന്നത്. ആ ഡയറി നിങ്ങള്‍ വായിച്ചോ? കാരണം, അതു തിരിച്ചുകിട്ടിയാല്‍ കുറേശ്ശെയായി ആ കോഡ് എനിക്കും വായിക്കാന്‍ പഠിക്കാമെന്നു തോന്നുന്നു. കഴിഞ്ഞ നവവത്സരത്തിന് ഞാന്‍ ഒരു ഗ്രീറ്റിങ് അയച്ചത് ഓർമയില്ലേ?’’

–ഞാന്‍ കുറച്ചുനേരം ആലോചിച്ചു. തപോമയിയോട് എന്തു പറയണം?

രണ്ടു മൂന്നു കാര്യങ്ങളാണ് പെട്ടെന്ന് എന്‍റെ മനസ്സില്‍ വന്നത്. ഒന്ന്, ഞാനതു വായിച്ചില്ലെന്നു പറയാം. അതു പക്ഷേ, തപോമയി വിശ്വസിക്കില്ല. ലിപികളില്‍ താൽപര്യമുള്ള ഒരാള്‍ അതു നോക്കാതിരിക്കുകയില്ലെന്ന് അയാള്‍ക്കൂഹിക്കാമല്ലോ. വായിച്ചാല്‍ കുറച്ചൊക്കെ എനിക്കു മനസ്സിലായിട്ടുണ്ടാവുമെന്നും അയാള്‍ക്കറിയാം.

അല്ലെങ്കില്‍ ആ ഡയറിയില്‍ ചീട്ടുകളിയേക്കുറിച്ചുള്ള സൂത്രവിദ്യകളാണ് വിശദീകരിച്ചിരിക്കുന്നത് എന്നു പറഞ്ഞാലോ? തെറ്റായ പുസ്തകം എനിക്കു കിട്ടിയതാണ്. ഡോക്ടര്‍ സര്‍ക്കാറിനു പോകേണ്ട ഡയറി എനിക്കും എനിക്കു കിട്ടേണ്ട കുറിപ്പുകള്‍ അദ്ദേഹത്തിനും മാറിപ്പോയി എന്നത് നല്ലൊരു ന്യായമാണ്. തപോമയിക്ക് ചീട്ടുകളിയുടെ തന്ത്രങ്ങള്‍ മനസ്സിലാക്കാന്‍ ഒരു താൽപര്യവും കാണില്ല.

ഇതു രണ്ടുമല്ലെങ്കില്‍ ദില്ലിയില്‍നിന്നും മാറ്റമായി പോകുമ്പോള്‍ ഡയറി എടുക്കാന്‍ മറന്നെന്നോ യാത്രയിലെവിടെയെങ്കിലും നഷ്ടപ്പെട്ടെന്നോ പറയാം. യാത്രകളില്‍ എന്തെങ്കിലുമൊക്കെ നഷ്ടപ്പെട്ടേ തീരൂ. അതല്ലെങ്കില്‍ അവ യാത്രകള്‍ എന്ന പേരിന് അര്‍ഹരല്ല.

-മൂന്നും നുണകളാണ്. എനിക്കറിയാം. പക്ഷേ, നുണകളും ഒരു ഭാഷാരീതിയല്ലേ?

പക്ഷേ, ഞാന്‍ മറുപടി പറഞ്ഞില്ല. പകരം ഒരു സിഗരറ്റ് തരൂ എന്നു പറഞ്ഞു. കീശയില്‍ സിഗരറ്റുകൂടിനു പരതുമ്പോള്‍ തപോമയി പറഞ്ഞു: ‘‘ഓഹോ, നിങ്ങള്‍ സിഗരറ്റു വലിക്കുക പതിവുണ്ടോ? ഞാന്‍ കണ്ടിട്ടില്ലല്ലോ. അതാണ് ചോദിക്കാതിരുന്നത്.’’

‘‘അതു സാരമില്ല,’’ ഞാന്‍ പറഞ്ഞു, ‘‘വര്‍ഷത്തില്‍ ഒന്ന് എന്നതാണ് എന്‍റെ കണക്ക്. ഇത് തപോമയിയെ കണ്ടതിന്‍റെ ഓർമക്കാണ്.’’

മെട്രോലൈനില്‍ ഞങ്ങള്‍ക്കു രണ്ടു വ്യത്യസ്ത ദിശകളിലേക്കു പോകണം. സ്റ്റേഷനിലേക്കിറങ്ങുന്ന പടവുകളില്‍ ഞങ്ങള്‍ നിന്നു.

‘‘സിഗരറ്റിന് ചിയേഴ്സ്!’’ അതു കത്തിക്കുമ്പോള്‍ അയാള്‍ പറഞ്ഞു, ‘‘സിഗരറ്റു വലിക്കുന്നവരേയും വലിക്കാത്തവരേയും എനിക്കറിയാം. പക്ഷേ, വര്‍ഷത്തിലൊരിക്കല്‍ സിഗരറ്റു വലിച്ചിരുന്ന ഒരാളെ മാത്രമേ ഇതിനു മുമ്പ് എനിക്കു പരിചയമുണ്ടായിരുന്നുള്ളൂ. ഏതോ ഒരു വിശേഷപ്പെട്ട ദിവസമാണ്. അന്ന് അദ്ദേഹം തുടര്‍ച്ചയായി വലിക്കുന്നതു കാണാം.’’

 

‘‘അതാരാണത്?’’ വര്‍ഷത്തിലൊരിക്കല്‍, അതും ഏതോ വിശേഷദിവസം നോക്കി പുകവലിക്കുന്ന ഒരാളെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ എനിക്കു കൗതുകം തോന്നി.

–‘‘എന്‍റെ അച്ഛന്‍!’’ തപോമയി ചിരിച്ചുകൊണ്ടു

പറഞ്ഞു.

(അവസാനിച്ചു)

Tags:    
News Summary - weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 06:00 GMT
access_time 2024-11-25 05:45 GMT
access_time 2024-11-18 04:15 GMT