അതിവിശാലമായിരുന്നു ബാറിനകം. വിലകൂടിയ ഈജിപ്ഷ്യൻ വർണവിളക്കുകളിൽനിന്ന് ചിതറിയ വെളിച്ചത്തിൽ ചുറ്റോടുചുറ്റുമുള്ള ചില്ല് ഭിത്തികൾ തിളങ്ങി. കാബറേ തുടങ്ങിയിരുന്നില്ല. എങ്കിലും സാക്സഫോണും ബ്യൂഗിളും ജാസുമൊക്കെ വായിച്ച് രണ്ടുമൂന്ന് മുടിയന്മാർ പാട്ട് പാടി തുടങ്ങിയിരുന്നു. കാലിൽ തൂക്കി ഗുണ്ടയെ വലിച്ചുകൊണ്ട് വരുന്ന ആമോസിനെയും തമ്പാനെയും കണ്ടതോടെ പിടിച്ചുകെട്ടിയ പോലെ പാട്ടുംകൂത്തും നിലച്ചു. എല്ലാവരും ഞെട്ടിനിൽക്കുകയാണ്.
ബാറിന്റെ ഉള്ളിലുണ്ടായിരുന്ന ചില ഗുണ്ടകൾ ആദ്യത്തെ ആവേശത്തിൽ അവർക്ക് നേരെ പാഞ്ഞടുത്തെങ്കിലും കൗണ്ടറിലേക്ക് പൊട്ടിയ വെടിയുണ്ടകൾ അവരെ നിശ്ചലരാക്കി കളഞ്ഞു. തമ്പാൻ രണ്ട് വെടിയും ആമോസ് മൂന്ന് വെടിയും വെച്ചു. പ്രാഞ്ചി പറഞ്ഞതുപോലെ, മിണ്ടരുത്, തൊടരുത്, എന്നൊക്കെയുള്ള ജെന്നിയെ സംബന്ധിക്കുന്ന ചില നിയമങ്ങൾ ബാറിന്റെ ഉള്ളിൽ എഴുതി തൂക്കിയിട്ടിട്ടുണ്ടായിരുന്നു. ഗുണ്ടകളെക്കൊണ്ട് അതെല്ലാം അവർ അഴിപ്പിച്ചു മാറ്റി. വലിച്ചുകൊണ്ടു വന്ന പ്രധാന ഗുണ്ടയെ കൗണ്ടറിന്റെ മുകളിലേക്ക് എടുത്ത് ഇരുത്തിയശേഷം ആമോസ് കാഴ്ചക്കാരുടെ നേർക്ക് തിരിഞ്ഞു.
‘‘എല്ലാനോടുംകൂടി ഒരുകാര്യം പറഞ്ഞേക്കാം, ഇന്നത്തെ കാബറേ എന്റെ ചെറക്കനുള്ളതാ.’’ പ്രാഞ്ചിയെ അയാൾ മുന്നിലേക്ക് നിർത്തി. ‘‘തൊടാനും കുശലം പറയാനുമൊക്കെ ജെന്നിക്ക് മേൽ ഇന്ന് ഇവനു മാത്രമേ അവകാശമുള്ളൂ.’’
‘‘അത് തന്നെയാ എനിക്കും പറയാനുള്ളത്.’’ മുന്നോട്ടുവന്ന തമ്പാൻ പ്രാഞ്ചി വലിച്ച് തന്റെ അടുത്തേക്ക് നിർത്തി. ‘‘ഇടിച്ച് കുത്തി കേറിയതുകൊണ്ട് നിന്നെയൊന്നും ഇറക്കിവിടുന്നില്ല, മര്യാദക്ക് ദോ ആ മൂലയിൽ ഒതുങ്ങിനിന്ന് കാബറേ കണ്ടേച്ച് പൊക്കോണം.’’
പറഞ്ഞും കേട്ടും ഇടപെട്ടുമൊക്കെ ആമോസിനെയും തമ്പാനെയും അറിയാവുന്ന ചില മുതലാളിമാരും ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അവരിൽനിന്ന് ബാക്കിയുള്ള മുതലാളിമാരും അവരെപ്പറ്റി മനസ്സിലാക്കി. അനുസരണയുള്ള ആട്ടിൻകുട്ടികളെ പോലെ എല്ലാവരും തമ്പാൻ കാട്ടിയ മൂലയിലേക്ക് മാറിയിരുന്നു. ഹാളിന്റെ മധ്യത്തിൽ തങ്ങളുടെ നടുവിലായി അവർ പ്രാഞ്ചിയെ ഇരുത്തി.
‘‘മക്കളെ കൊട്ടും പാട്ടുവൊക്കെ ഇനി തൊടങ്ങിക്കോ.’’
ആമോസ് വിളിച്ച് പറഞ്ഞു. മുടിയൻ പാട്ടുകാർ ഉഷാറായതോടെ ബാറിന് വീണ്ടും ജീവൻ വെച്ചു. അവരൊഴുക്കിയ താളത്തിനൊപ്പിച്ച് ആളുകൾ ആരവമിട്ടു. പലനിറമുള്ള ലൈറ്റുകൾ മിന്നിത്തെളിഞ്ഞു.
‘‘എവിടെടാ ജെന്നിമോൾ, വിളിയെടാ അവളെ.’’
തമ്പാൻ അലറി. പെട്ടെന്ന് സകല വെളിച്ചവും അണഞ്ഞു. ബാറിലാകെ ഇരുട്ട് പരന്നു. പാട്ടും കൊട്ടും അതിന്റെ ഉച്ചസ്ഥായിയിൽ എത്തി. എന്തോ ചതിയാണെന്ന് കരുതി ചാടിയെഴുന്നേറ്റ ആമോസിനെയും തമ്പാനെയും പ്രാഞ്ചി തടഞ്ഞു.
‘‘പേടിക്കണ്ട, ജെന്നി വരാൻവേണ്ടി കറണ്ട് കളഞ്ഞതാ. ഇങ്ങനെ ഇരുട്ടത്ത് രഹസ്യവഴിയിൽക്കൂടിയാ അവളുടെ വരവും, പോക്കും.’’
പ്രാഞ്ചി പറഞ്ഞത് ശരിയായിരുന്നു. കറണ്ട് വന്നതും പ്രധാന ഹാളിലേക്ക് ഉരുണ്ടു വന്ന ചെറിയൊരു വീപ്പയിൽനിന്ന് അൽപ വസ്ത്രധാരിയായ മുഖപടം കെട്ടിയ ഒരു സുന്ദരി ഉയർന്നുവന്നു. വീപ്പയുടെ മുകളിൽ ഒറ്റക്കാലിൽ ബാലൻസ് ചെയ്തുനിന്ന് പാട്ടിനൊപ്പിച്ച് അവൾ ഡാൻസ് തുടങ്ങി. ജെന്നി... ജെന്നിയെന്ന് ആർപ്പുവിളിച്ച് മുതലാളിമാർ നോട്ടുകെട്ടുകൾ അവളുടെ മേലേക്ക് പറത്തിവിട്ടു. മറിഞ്ഞും തിരിഞ്ഞും ഇരുന്നുംകിടന്നും കടിച്ചുമെല്ലാം നോട്ടുകൾ എടുത്ത് അവൾ മാറിലൊളിപ്പിച്ചു. ഇങ്ങനെ ചെയ്യുമ്പോഴെല്ലാം മുഖപടം തെന്നിമാറാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
‘‘ഇവളെന്താ മുഖം കാണിക്കുകേലെ.’’
തമ്പാൻ ചോദിച്ചു.
‘‘ഇതൊക്കെ കാബറേ നടിമാരുടെ നമ്പരുകളാ, ചെലപ്പ ഒടുക്കവെ മുഖം കാണിക്കത്തൊള്ളൂ.’’
പ്രാഞ്ചി പറഞ്ഞു.
‘‘ഇവള് മുഖം കാണിക്കുകേല, കാണിച്ചാ ഈ എമ്പോക്കികളുടെ നാടകം പൊളിയും.’’ തോക്കുമായി ആമോസ് എഴുന്നേറ്റു. ‘‘നീയൊക്കെ കരുതണപോലെ ഇത് ഈഗിൾ ജെന്നിയല്ല, അവളെ പോലിരിക്കുന്ന വേറെ ഏതോ നശൂലമാ. ജെന്നീടെ വയറ്റിൽ വലതുമാറി പൂവമ്പഴത്തരിപോലൊരു മറുകുണ്ട്, ഇവൾക്കത് ഇല്ല. സംശയമുണ്ടേ നോട്ടീസ് നോക്കിക്കോ.’’
നിലത്തു കിടന്ന് ഇഴയുകയായിരുന്ന കാബറേക്കാരിയെ പുഷ്പം പോലെ പൊക്കിയെടുത്ത ആമോസ് അവളുടെ മൂടുപടം വലിച്ചു മാറ്റി. അയാൾ പറഞ്ഞത് ശരിയായിരുന്നു. അവൾ ജെന്നി ആയിരുന്നില്ല. വഞ്ചിക്കപ്പെെട്ടന്നറിഞ്ഞതോടെ ആളുകൾ അലമ്പുണ്ടാക്കാൻ തുടങ്ങി. അവർ കൂക്കുകയും, തെറികൾ വിളിച്ചുപറയുകയും ചെയ്തു.
‘‘കാശ് വാങ്ങി പറ്റിക്കുന്നോടാ.’’
ആമോസ് മുകളിലേക്ക് ഒരു വെടി പൊട്ടിച്ചു. വലിയൊരു തൂക്ക് ലൈറ്റ് അതേപടി നിലത്ത് വീണ് ചിതറി. തമ്പാനും വെറുതെ ഇരുന്നില്ല. ജെന്നിമോളെ കൊണ്ടുവാടാ എന്നലറി അയാളും വെടി പൊട്ടിച്ചു. ബാറിന്റെ കണ്ണാടി ഭിത്തികൾ വലിയ ശബ്ദത്തോടെ ചിന്നിച്ചിതറി. പേടിച്ചരണ്ട കാബറേക്കാരി നിലവിളിച്ചു. പാട്ടുകാരും കാബറേ കാണാൻ വന്ന മുതലാളിമാരും തോന്നിയ വഴിക്ക് ഇറങ്ങിയോടി.
‘‘പറ്റിച്ചതല്ല, കളി മുടങ്ങാതിരിക്കാൻ ചെയ്തതാ, ജെന്നിക്ക് പെട്ടെന്ന് സുഖമില്ലാതെ വന്നു. മുതലാളിമാർക്ക് നാളെ ഫ്രീ ഷോ അറേഞ്ച് ചെയ്തോളാം. ദൈവത്തെ ഓർത്ത് അലമ്പുണ്ടാക്കരുത്.’’
മാനേജർ ആമോസിന്റെയും, കൗണ്ടറിലിരുന്ന പ്രധാനഗുണ്ട തമ്പാന്റെയും കാലിൽ വീണു.
‘‘എനിക്ക് വേണ്ടി നീയൊന്നും ഫ്രീ ഷോ ഒലത്തണ്ട, ജെന്നീടെ കാബറേ ഞാൻ ഇനി ഹൈറേഞ്ചില് കണ്ടോളാം, അവള് എവിടുണ്ടെന്ന് ഇങ്ങ് പറഞ്ഞ് തന്നാ മതി.’’
ആമോസ് മുരണ്ടു.
‘‘എനിക്കുംവേണ്ടെടാ നിന്റെയൊന്നും ഫ്രീ ഷോ.’’ തമ്പാൻ ഗുണ്ടയുടെ അടിവയറിന് മുട്ടുകാല് കേറ്റി.
‘‘പൊന്നച്ചായാ ജെന്നീടെ കാര്യങ്ങളൊന്നും ഞങ്ങക്കറിയത്തില്ല, അതൊക്കെ ഷാജി ചേട്ടനും കമ്മത്ത് സാറും തമ്മിലുള്ള എടപാടാ. കാബറേ സമയത്ത് ഷാജി ചേട്ടനാ അവളെ ഇവിടെ എത്തിക്കുന്നേ.’’
ഗുണ്ട പറഞ്ഞു.
‘‘തിരിച്ച് കൊണ്ടുപോകുന്നതും ഷാജി ചേട്ടനാ.’’ മാനേജർ പറഞ്ഞു.
‘‘ഇവന്മാര് ചുമ്മാ വെളവെറക്കുന്നതാ, ജെന്നി ആ ദ്വീപിൽ കാണും. പോർക്കിന്റെ താവളമാ ദ്വീപ്, ഇവനോട് ബോട്ട് ഇറക്കാൻ പറ നമ്മക്ക് അങ്ങോട്ട് പോകാം.’’
ഗുണ്ടയെ ചൂണ്ടി ആവേശത്തോടെ പ്രാഞ്ചി പറഞ്ഞു.
‘‘അയ്യോ, അത് വേണ്ട, അങ്ങോട്ടാരും ചെല്ലുന്നത് ഷാജി ചേട്ടന് ഇഷ്ടമല്ല.’’
കരഞ്ഞുകൊണ്ട് ഗുണ്ട കൈകൂപ്പി.
‘‘മോങ്ങാതെ ബോട്ട് ഇറക്കെടാ.’’
ആമോസ് അവന്റെ ഇരുകരണവും ഒരുമിച്ച് പൊത്തി.
8
തെങ്ങുകളും നിറയെ മുളകളും നട്ടുപിടിപ്പിച്ച ചെറിയൊരു തുരുത്തായിരുന്നു അത്. വൃത്തിയും ഭംഗിയുമുള്ള ഒരു കെട്ടിടം മുളങ്കാടിനുള്ളിലെ ഇരുട്ടിൽ ഒളിച്ച് കിടക്കുന്നത് അവർ കണ്ടു. ആഴം കുറവായതുകൊണ്ട് ബോട്ട് ദ്വീപിലേക്ക് അടുപ്പിക്കാൻ കഴിയുമായിരുന്നില്ല. അരയോളം നീന്തി വേണം കര തൊടാൻ. പ്രാഞ്ചിയോട് ഗുണ്ടയെ നോക്കാൻ പറഞ്ഞിട്ട് തോക്ക് കടിച്ചുപിടിച്ച് ആമോസും തമ്പാനും കായൽ നീന്തി. മത്സരിച്ച് നീന്തിയിട്ടും ഒപ്പത്തിനൊപ്പമാണ് രണ്ടാളും കര തൊട്ടത്. കെട്ടിടം ലക്ഷ്യമാക്കി ശബ്ദമുണ്ടാക്കാതെ അവർ ഇരുട്ടിലൂടെ നീങ്ങി. ചന്ദനമണമുള്ള കാറ്റ് അവർക്ക് ചുറ്റും വീശി.
ആമോസിനെയും തമ്പാനെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവരുടെ നടപ്പിന് അനുസരിച്ച് വഴിനീളെ ലൈറ്റുകൾ തനിയെ തെളിയുകയും അക്കരെ ചില്ല് ബാറിൽ കേൾക്കാവുന്ന തരത്തിൽ അപായ സൈറൺ നിർത്താതെ മുഴങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ചുറ്റും കമ്പിവേലി കെട്ടിത്തിരിച്ച കെട്ടിടത്തിന്റെ മുന്നിൽ അവരെത്തിയപ്പോഴേക്കും അത്രയുംനേരം ഇരുട്ടിലാണ്ട് കിടന്നിരുന്ന ദ്വീപ് തലക്കു മുകളിൽ ചന്ദ്രനുദിച്ചതുപോലെ പ്രകാശത്തിൽ മുങ്ങി. ഇരുമ്പുഗേറ്റ് തുറക്കാൻ മുന്നോട്ടാഞ്ഞ തമ്പാനെ, ആമോസ് പിന്നിൽനിന്ന് വലിച്ചു.
‘‘മാറ് കോപ്പേ, കരിഞ്ഞ് ചത്താ കാഴ്ചക്ക് ശോഭകേടാ.’’
പറമ്പിൽ വെട്ടി സൂക്ഷിച്ചിരുന്ന ഉണക്കമുളകളിൽ ഒന്നെടുത്ത് വൈദ്യുതിബന്ധമുണ്ടായിരുന്ന കമ്പിവേലി ആമോസ് തകർക്കുന്നത് വിശ്വസിക്കാൻ കഴിയാത്തവണ്ണം തമ്പാൻ നോക്കിനിന്നു. വീട് അടഞ്ഞു കിടക്കുകയായിരുന്നു. മുട്ടി വിളിച്ചിട്ട് തുറക്കാതായപ്പോൾ സാധാരണയിലും ബലമുള്ള വാതിലിൽ രണ്ടാളും ചേർന്ന് ചവിട്ടാൻ തുടങ്ങി. ഏതാണ്ട് പൊളിയുമെന്ന് ആയപ്പോൾ വാതിൽ തുറക്കപ്പെട്ടു. സാരിയുടുത്ത സ്ത്രൈണരൂപമുള്ള ഇരട്ടകളായ പുരുഷന്മാരാണ് വാതിൽ തുറന്നത്. ആമോസിനെയും,തമ്പാനെയും നോക്കി അവർ വശ്യമായി ചിരിച്ചു.
‘‘ഇച്ചായൻ ഇവിടില്ല.’’
ഒന്നാമൻ പറഞ്ഞു.
‘‘ആ മരയോന്തിനെ ആർക്ക് വേണം, ഞാൻ ജെന്നിയെ തപ്പി വന്നതാ.’’
ആമോസ് വരാന്തയിലേക്ക് കയറി.
‘‘അയ്യോ അങ്ങനാരും ഇവിടില്ല. ഇവിടെ ഞങ്ങ മാത്രമേ ഉള്ളൂ.’’ രണ്ടാമൻ ആമോസിന് വട്ടം നിന്നു. എന്നിട്ട് നാണത്തോടെ പറഞ്ഞു, ‘‘ഷാജിച്ചായൻ നിങ്ങള് കരുതുന്നപോലത്തെ ആളല്ല. ജെന്നീനെയൊന്നും ഇച്ചായന് പിടിക്കത്തില്ല. മൂപ്പര് വേറെ സ്വഭാവക്കാരനാ. ഇത് ഞങ്ങളെ പൊറുപ്പിക്കാൻ അങ്ങേര് പണിഞ്ഞ വീടാ.’’
‘‘എന്തായാലും വീട് ഞാൻ തപ്പും, പണിയുണ്ടാക്കാതെ മാറിനിന്നാ പെങ്ങന്മാർക്ക് കൊള്ളാം.’’
പെങ്ങന്മാരെന്ന തമ്പാന്റെ സംബോധന അവരെ വല്ലാതെ നാണിപ്പിച്ചു കളഞ്ഞു. രണ്ടാളും വഴിമാറി കൊടുത്തു. വീടിനകത്ത് കയറിയ ആമോസും തമ്പാനും ഞെട്ടിപ്പോയി. ഒരുമുറി നിറയെ കയറ്റുമതി ചെയ്യാൻ പാകത്തിലടുക്കിയ ചന്ദനമുട്ടികൾ ചെറിയ കാർട്ടണുകളിൽ പാക്ക് ചെയ്ത് വെച്ചിരിക്കുന്നു. അടുത്ത മുറിയിലാവട്ടെ ഇറക്കുമതി ചെയ്ത കള്ളക്കടത്ത് വസ്തുക്കളാണ് ഉണ്ടായിരുന്നത്. വിദേശനിർമിത ഇലക്ട്രോണിക്സ് ഉപകരണങ്ങളും മദ്യക്കുപ്പികളും സിഗരറ്റ് കെട്ടുകളുമൊക്കെ അട്ടിയിട്ട് വെച്ചിരിക്കുന്നു.
‘‘കേറ്റുന്നുവൊണ്ട്, അതിനിരട്ടി നാറി ഇറക്കുന്നുവൊണ്ട്.’’
തമ്പാൻ പറഞ്ഞു. പക്ഷേ അടുക്കളയാണ് അവരെ അത്ഭുതപ്പെടുത്തിക്കളഞ്ഞത്. രണ്ട് അരിച്ചാക്കുകളിലായി കിലോ കണക്കിന് സ്വർണബിസ്കറ്റുകൾ പൂഴ്ത്തിവെച്ചിരിക്കുന്നു. ആമോസും തമ്പാനും മുഖത്തോടു മുഖം നോക്കി.
9
ഈഗിൾ ജെന്നിയാവട്ടെ ആ സമയം പുറംകടലിൽ നങ്കൂരമിട്ട ബ്ലൂലഗൂൺ കപ്പലിൽ രണ്ട് സ്പെഷൽ ഗസ്റ്റുകൾക്കു മുന്നിൽ കാബറേ ആടുകയായിരുന്നു. കപ്പലിന്റെ ക്യാപ്റ്റനായ സായിപ്പും കസ്റ്റംസ് സൂപ്രണ്ട് ജമാൽ കനിയുമായിരുന്നു അവളുടെ വിശിഷ്ട അതിഥികൾ. സംഗീതക്കാരെ കൂടാതെ അംബാല കമ്മത്തും, ബിട്ടു കമ്മത്തും മാത്രമായിരുന്നു ആ ഹാളിൽ ഉണ്ടായിരുന്നത്. തിന്നും കുടിച്ചും ജെന്നിയുടെ അംഗലാവണ്യത്തിൽ മയങ്ങിയിരിക്കുകയാണ് സായിപ്പും സൂപ്രണ്ടും. മദ്യലഹരിയിൽ അവളെ മടിയിലിരുത്താൻ രണ്ടാളും മത്സരിച്ചെങ്കിലും ആ സമയങ്ങളിലൊക്കെയും ജെന്നി അവരിൽനിന്ന് വഴുതിമാറി കളഞ്ഞു. വളരെ തന്ത്രപൂർവമാണ് അവളങ്ങനെ ചെയ്തത്. ഇടക്ക് ജമാൽ കനി അവളുടെ കൂടെ നൃത്തംചെയ്യാൻ നോക്കിയെങ്കിലും ചുവട് തെറ്റി അയാൾ വീണുപോയി. സായിപ്പിന്റെയും സൂപ്രണ്ടിന്റെയും പ്രവൃത്തിയിൽ ബിട്ടു കമ്മത്ത് അസ്വസ്ഥനാവുന്നത് ജെന്നി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് ആസ്വദിച്ചുകൊണ്ട് അവൾ നൃത്തം തുടർന്നു.
‘‘ഡോണ്ട് വറി, കാബറേ ആടുമ്പോൾ അവളുടെ സ്റ്റൈലങ്ങനാ, പിടിതരാതെ നിൽക്കും.’’ പിടിച്ച് എഴുന്നേൽപിച്ച് കസേരയിൽ ഇരുത്തുമ്പോൾ ജമാൽ കനിയുടെ ചെവിയിൽ അംബാല കമ്മത്ത് സ്വകാര്യംപോലെ പറഞ്ഞു. ‘‘പക്ഷേ, ജെന്നിയുടെ ഈ രാത്രി നിങ്ങൾക്കുള്ളതാ, നിങ്ങൾക്ക് മാത്രം.’’ കനിയുടെ മുഖംതെളിഞ്ഞു. അയാൾ കൂടുതൽ ആവേശത്തോടെ കാബറേയിൽ മുഴുകി. എൻജോയ് ചെയ്യാൻ പറഞ്ഞ് അതിഥികളെ മുഷിപ്പിക്കാതെ ഹാളിൽനിന്ന് പുറത്തുകടന്ന അംബാല കമ്മത്ത് പോർക്ക് ഷാജിയുടെ അടുത്തേക്ക് ചെന്നു. ഷാജിയും കൂട്ടരും ഡക്കിൽനിന്ന് കള്ളക്കടത്ത് ചരക്കുകൾ യമഹ പിടിപ്പിച്ച ചെറുവള്ളങ്ങളിലേക്ക് കെട്ടി ഇറക്കുകയായിരുന്നു.
‘‘കഴിയാറായോ ഷാജി’’ കമ്മത്ത് വെപ്രാളപ്പെട്ടു. ‘‘പതിനാല് ബോക്സ് കൂടി.’’ ഷാജി കപ്പലിൽ അവശേഷിച്ച പെട്ടികളിലേക്ക് ടോർച്ച് വീശി.
‘‘മറ്റന്നാ ചന്ദനം കേറ്റാനുള്ള പെർമിഷൻ സായിപ്പിനോട് കനി സാർ മേടിച്ചിട്ടുണ്ട്. പക്ഷേ, ഈഗിള് മൊടയിറക്കുവോന്നാ ഇപ്പ എന്റെ പേടി. അങ്ങനെ വല്ലോമുണ്ടായാൽ അവന്മാര് എടയും. സായിപ്പിന്റെ കാര്യം പോട്ടേന്ന് വെയ്ക്കാം. പക്ഷേ കനി സാർ ഉടക്കിയാ പോർട്ട് നമ്മടെ കൈയീന്ന് പോകും. ഈ കച്ചവടവും പൂട്ടും. അങ്ങനെ സംഭവിച്ചാ അറിയാലോ പോർട്ടിലെ പിന്നത്തെ രാജാവ് പക്കിസേട്ടുവാ. കാല് ഖബറിലേക്ക് നീട്ടി വീട്ടിൽ തന്നെ പൊരുന്ന ഇരിക്കുകയാണെങ്കിലും അവസരം കിട്ടിയാ അയാൾ കൊച്ചിയിലിറങ്ങും. അങ്ങനെയെങ്ങാനും അയാൾ ഇറങ്ങിയാൽ കൊച്ചിയുടെ ഒരു കാലംതന്നെ അയാൾക്കൊപ്പമൊഴുകും. പിന്നെ ഞാനും നീയുമൊക്കെ അതിൽ ഒലിച്ച് പോകത്തേയുളളൂ..’’
‘‘അവളൊരു കോപ്പും മൊട എറക്കൂല്ല.’’ കമ്മത്തിനെ ഷാജി ആശ്വസിപ്പിച്ചു. ‘‘സാറന്മാര് ഇന്ന് ജെന്നീടെ കൂടയേ ഉറങ്ങത്തൊള്ള്. അതൊക്കെ എനിക്ക് വിട്ടേച്ച് എപ്പഴാന്ന് വെച്ചാ ചെക്കനേം വിളിച്ച് മുതലാളി വീട്ടിൽ പോകാൻ നോക്ക്.’’
പൈപ്പ് വലിച്ചുകൊണ്ട് അംബാല കമ്മത്ത് കപ്പലിന്റെ അമരത്തേക്ക് നീങ്ങി. ദൂരെ അരിപ്പൊട്ടുപോലെ വെളിച്ചമൊഴുകുന്ന കപ്പൽ ചാലിലേക്ക് നോക്കി അയാൾ നിന്നു. ആകാശം മൂടിയ കരിമേഘങ്ങളേക്കാൾ കറുപ്പ് പുരണ്ട ചിന്തകൾ അയാളുടെ ഉള്ളിലേക്ക് നിറഞ്ഞു. കൊച്ചിപോർട്ട് ഒരുകാലത്ത് പക്കിസേട്ടുവിന്റെ മാത്രമായിരുന്നു. പാനീസ് ബാബുവിന്റെ കീഴിലുള്ള മൂസാത്തെരുവിലെ ചെക്കന്മാരായിരുന്നു അയാളുടെ ശക്തി. സേട്ടുവിന്റെ ബുദ്ധിയിൽ കപ്പലുകളിൽനിന്ന് വിദേശമദ്യവും, ഇലക്ട്രോണിക്സ് ചരക്കുകളും തട്ടിയെടുത്ത് രാത്രികളിൽ കടല് നീന്തിയ പാനീസ് ബാബുവിന്റെ പിള്ളേര് കൊച്ചിയിൽ കള്ളക്കടത്തുകാരായി അറിയപ്പെട്ടു.
പോർട്ടിലെത്തും മുൻപ് പുറംകടലിൽ വെച്ച് തന്നെ കപ്പൽ കീഴടക്കി അതിലെ വസ്തുക്കൾ കൊള്ളയടിക്കുന്ന അവരുടെ പിന്നാലെ കസ്റ്റംസും പൊലീസും പാഞ്ഞ് നടന്നപ്പോൾ മറുവശത്ത് മലഞ്ചരക്ക് വ്യാപാരത്തിന്റെ മറവിൽ കണക്കില്ലാത്ത ചന്ദനവും ആനക്കൊമ്പും കഞ്ചാവുമൊക്കെ സേട്ടു കടല് കടത്തിക്കൊണ്ടിരുന്നു. പകരത്തിന് സ്വർണവും വെള്ളിയും അയാൾ ഇങ്ങോട്ടൊഴുക്കി. ഒന്നിന്റെയും ഫലം അയാൾ ഒറ്റയ്ക്ക് അനുഭവിച്ചില്ല. കൂടെ നിന്നവനും നിൽക്കാത്തവനെന്നും വകതിരിവില്ലാതെ നീട്ടിയ കൈകൾക്കെല്ലാം അയാൾ വീതിച്ചു. ബാബുവിന്റെ മൂസാത്തെരുവിൽ മാത്രമായിരുന്നില്ല അയാളുടെ സഹായം. കൊച്ചി മുഴുവനും അയാളുടെ പങ്ക് പറ്റി.
തങ്ങളുടെ വറുതി മാറ്റിയ പക്കിസേട്ടുവിനെ കൊച്ചിയിലെ ജനങ്ങൾ ദൈവമായി കണ്ടു. അയാൾ നിശ്ചയിക്കുന്നവർ മാത്രം അധികാരത്തിലേറി. പക്ഷേ, എല്ലാമുണ്ടായിട്ടും സേട്ടുവിന് മക്കൾ മാത്രമുണ്ടായില്ല. അങ്ങനെ പാനീസ് ബാബുവിന്റെയും ഭാര്യ തിത്തുമ്പിയുടെയും മകൻ ചെപ്പു, സേട്ടുവിന്റെ കൂടി പുത്രനായി വളർന്നു. അവന് ഒന്നര വയസ്സുള്ള സമയത്താണ് അംബാല കമ്മത്തിന്റെ പിതാവ് റോഹു കമ്മത്ത് സേട്ടുവിന്റെ കണക്കപ്പിള്ളയായി കൊച്ചിയിലെത്തുന്നത്. കടംപെരുകി മംഗലാപുരത്ത് നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ കുടുംബവുമായി നാട് വിട്ട് വന്നതാണെന്ന് പറഞ്ഞ് അയാൾ സേട്ടുവിന്റെ കൂടെ കയറിപ്പറ്റി. എല്ലാവരെയും വിശ്വസിച്ച് മാത്രം ശീലമുള്ള പക്കിസേട്ട് അയാളെയും വിശ്വസിച്ചു.
പക്ഷേ, അയാളാവട്ടെ മംഗലാപുരം ലോബിയുടെ ചാരനായിരുന്നു. ദുബായ് സ്വർണം മുഴുവനും കൊച്ചിപോർട്ടിൽ ചാടിക്കുന്ന സേട്ടിനെ ഒറ്റുകയായിരുന്നു ശത്രുക്കൾ അയാളെ ഏൽപിച്ച ജോലി. സേട്ടുവിന്റെ നിഴലായി പാനീസ് ബാബു ഉള്ളിടത്തോളം കാലം അതത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയ റോഹു ആദ്യം അവരെ തമ്മിൽ തെറ്റിച്ചു. തിത്തുമ്പിയും, പക്കിസേട്ടും തമ്മിൽ അവിഹിതബന്ധമുണ്ടെന്നും, ചെപ്പു ശരിക്കും സേട്ടുവിന്റെ മകനാണെന്നും അയാൾ ബാബുവിനെ വിശ്വസിപ്പിച്ചു. ആ വിവരം ബാബുവിനെ അടിമുടി തകർത്ത് കളഞ്ഞു. അയാൾ ഭാര്യയിൽനിന്ന് മാറി താമസിക്കാൻ തുടങ്ങി.
തെറ്റിദ്ധാരണയുടെ പേരിൽ ഭർത്താവ് അകന്നു പോയെങ്കിലും സത്യമറിയാവുന്ന തിത്തുമ്പി മകനുമായി സേട്ടുവിന്റെ വീട്ടിൽ തുടർന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി മാറിയ പാനീസ് ബാബു പൂർണമായും സേട്ടുവിൽ നിന്നകന്നതോടെ റോഹു കമ്മത്ത് തന്റെ പണി വെടിപ്പായി ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ സേട്ടുവിനെ ഒറ്റുകയും അതൊക്കെ ബാബു ചെയ്തതായി അയാൾ വരുത്തുകയും ചെയ്തു. പക്ഷേ, പിന്നീട് കൊച്ചിയിലേക്ക് തന്നെ അയച്ചവരെ കൂടി റോഹു കമ്മത്ത് ചതിച്ചു. ബാബുവിനെ മുൻനിർത്തി കൊച്ചിയിലെ വ്യാപാരം അയാൾ തന്റെ വരുതിയിലാക്കാൻ തുടങ്ങി. ഇതൊക്കെ നടക്കുമ്പോഴും ഭർത്താവിനെ നേരായ വഴിക്ക് കൊണ്ടുവരാൻ മറുവശത്ത് തിത്തുമ്പി ശ്രമിച്ചുകൊണ്ടിരുന്നു. അവരുടെ ഇടപെടൽ ഭാവിയിൽ തനിക്ക് ഭീഷണിയാവുമെന്ന് കണ്ട റോഹു കമ്മത്ത് ചതിയിൽപെടുത്തി പാനീസ് ബാബുവിനെ കൊല്ലുകയും ആ കൊലപാതകം സേട്ടു ചെയ്തതായി വരുത്തിത്തീർക്കുകയുംചെയ്തു.
അന്ന് വെറും പതിനാല് വയസ്സു മാത്രമുണ്ടായിരുന്ന സ്വന്തം മകൻ അംബാല കമ്മത്തിനെക്കൊണ്ട് പക്കിസേട്ടുവിനെതിരായി അയാൾ കള്ളസാക്ഷി പറയിച്ചു. ചെറിയ കുട്ടിയുടെ ദൃക്സാക്ഷിമൊഴി വിലക്കെടുത്ത കോടതി സേട്ടുവിനെ ജീവപര്യന്തം ശിക്ഷിച്ചു. ബാബു കൊലക്കേസിൽ സേട്ടു ജയിലിലായതോടെ തിത്തുമ്പിയും മകനും പക്കിസേട്ടിന്റെ വീടിന്റെ പടിയിറങ്ങി. അവർ മൂസാത്തെരുവിലേക്ക് മടങ്ങിപ്പോയി. അംബാല കമ്മത്തിന്റെ മൊഴി കോടതി മാത്രമല്ല കൊച്ചീക്കാരും വിശ്വസിച്ചു. ആ ഒറ്റ കാരണത്താൽ എല്ലാവരാലും പക്കിസേട്ട് വെറുക്കപ്പെട്ടു. തന്റെ ഭർത്താവിനെ കൊന്ന സേട്ടുവിനെ എന്നന്നേക്കുമായി തിത്തുമ്പിയും വെറുത്തു. എല്ലാവരാലും ഒറ്റപ്പെട്ടപ്പോഴും ഭാര്യ ആജുമ്മ മാത്രം സേട്ടുവിനെ വിശ്വസിച്ചു. അവർ അയാളുടെ കൂടെ നിന്നു. കേസ് നടത്തി. പക്ഷേ, തനിക്ക് പറ്റിയ ചതികളൊക്കെ മനസ്സിലാക്കിയ സേട്ട് വെറുതേയിരുന്നില്ല.
ജയിലിൽ കിടന്നുകൊണ്ട് തന്നെ അയാൾ റോഹു കമ്മത്തിനെ വകവരുത്തി. അപ്പന്റെ മരണത്തോടെ എല്ലാം നഷ്ടപ്പെട്ട അംബാല കമ്മത്ത് അമ്മയെയും കൂട്ടി മൂസാത്തെരുവിലെത്തി. തിത്തുമ്പിയുടെ സ്നേഹം മറയാക്കി അപ്പന്റെ വഴിയിലൂടെ തന്നെ അംബാല കമ്മത്ത് സഞ്ചരിച്ചു. ജയിലിലായ സേട്ടുവിന്റെ അഭാവത്തിൽ അയാൾക്ക് വളരെ വേഗം വളരാൻ കഴിഞ്ഞു. സേട്ടുവിനെ അറിയാവുന്ന ചുരുക്കം ചിലരൊഴിച്ച് പാനീസ് ബാബുവിനോട് സ്നേഹമുണ്ടായിരുന്ന മൂസാത്തെരുവുകാർ മുഴുവനും അവന് തുണ നിന്നു. ഒടുവിൽ ശിക്ഷ തീർന്ന് പക്കിസേട്ടു ഇറങ്ങുമ്പോൾ പോർട്ടും മാപ്പിള ചെക്കന്മാരും അയാളെ വിട്ട് പോയിരുന്നു.
കൊച്ചിയുടെ പുതിയ അധിപനായി അംബാല കമ്മത്ത് മാറി. എങ്കിലും അയാളെ എതിർക്കാൻ സേട്ടു നിന്നില്ല. പകരം തേങ്ങാ കച്ചവടവുമായി കായൽത്തീരത്തുള്ള വീട്ടിൽ തന്നെ അയാൾ ഒതുങ്ങികൂടി. പിന്നെ ഒരിക്കലും തന്റെ വീട് വിട്ട് അയാൾ പുറത്ത് പോയതേയില്ല. എന്നിട്ടും അംബാല കമ്മത്ത് അയാളെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. തന്റെ പിതാവിനെ കൊന്ന സേട്ടുവിനെ പാപ്പരാക്കി തെരുവിലിറക്കിയിട്ട് ഒന്നുമില്ലാത്തവനായി കൊല്ലലാണ് അയാളുടെ ലക്ഷ്യം. അതിനു വേണ്ടി കെട്ടിപ്പടുത്തതാണ് ഇന്ന് കാണുന്ന ഈ സാമ്രാജ്യം.
‘‘മുതലാളി, ചരക്ക് മുഴുവൻ ഇറങ്ങി.’’
പോർക്ക് ഷാജി വന്ന് അംബാല കമ്മത്തിനെ ഓർമകളിൽനിന്നുണർത്തി. അവർ രണ്ടാളും കാബറേ നടക്കുന്ന ഹാളിലേക്ക് ചെന്നു. അവിടെ കണ്ട കാഴ്ച അവരെ നടുക്കിക്കളഞ്ഞു. കസ്റ്റംസ് സൂപ്രണ്ട് ജമാൽ കനിയുടെ ജഡം രക്തത്തിൽ കുളിച്ച് തറയിൽ കിടക്കുന്നു. പാട്ടുകാരെയും ക്യാപ്റ്റനെയും തൊട്ടടുത്ത മുറിയിൽ അടച്ചിട്ടിരിക്കുന്നു. നേരത്തേ ജെന്നിയുടെ കൈയിൽ കണ്ട ബാറിലെ കത്തി സൂപ്രണ്ടിന്റെ നെഞ്ചിൽ തറഞ്ഞിരിപ്പുണ്ട്. ബിട്ടു കമ്മത്തിനെയും ഈഗിൾ ജെന്നിയെയും അവിടെങ്ങും കാണാനുമില്ല. മകനെ ഓർത്ത് വലിയ വായിൽ നിലവിളിച്ച അംബാല കമ്മത്തിനോട് പാട്ടുകാരൻ പറഞ്ഞു.
‘‘ബിട്ടു മുതലാളിക്ക് കുഴപ്പമൊന്നുമില്ല, ഇതൊക്കെ ചെയ്തത് മുതലാളിയാ. കനി സാറിനെ കൊന്നിട്ട് മൂപ്പര് ഈഗിളിനേം കൊണ്ട് പോയി.’’
പിടിച്ചുകെട്ടിയതുപോലെ അംബാല കമ്മത്തിന്റെ നിലവിളി നിന്നു. അയാൾ തിരിച്ച് ഡെക്കിലേക്ക് ഓടി. അറബിക്കടലിന്റെ നെഞ്ച് കീറി ഇരുവശത്തേക്കും ഓളങ്ങൾ പകുത്തെറിഞ്ഞുകൊണ്ട് ഒരു സ്പീഡ് ലോഞ്ച് ഇരുട്ടിലൂടെ പായുന്നത് അയാൾ കണ്ടു.
10
‘‘മഞ്ഞക്കട്ടേടെ പണി നിങ്ങളെന്ന് തുടങ്ങി. കഞ്ചാവും ഹാഷിഷുമല്ലാർന്നോ നിങ്ങടെ ഐറ്റം. അതും ഒറ്റയ്ക്ക് ഒറ്റയ്ക്ക്.’’ ആമോസും തമ്പാനും അരിച്ചാക്കിൽനിന്ന് ചൊരിഞ്ഞിട്ട സ്വർണ ബിസ്കറ്റുകൾ കണ്ട് പക്കിസേട്ട് അത്ഭുതപ്പെട്ടു.
‘‘ഇത് മാത്രമല്ല ഐറ്റം വേറേമുണ്ട്.’’
ആമോസ് സേട്ടിനെ വീണ്ടും അത്ഭുതപ്പെടുത്തി.
‘‘സേട്ട് ആ ടോർച്ചുമെടുത്ത് കടവിലേക്ക് വാ.’’
തമ്പാൻ വീടിന്റെ പിന്നിലേക്ക് കൈ ചൂണ്ടി. അയാളുടെ കാഴ്ചയിൽ കായലിന്റെ ഇരുട്ടിൽ ഒരു ബോട്ടിന്റെ നിഴൽ രൂപപ്പെട്ടുവന്നു.
‘‘എന്നാലും ഇതുവലിയ അതിശയമായിപ്പോയി. നിങ്ങള് തമ്മില് ഷെയർ കച്ചോടം ചെയ്യുമെന്ന് സ്വപ്നത്തിൽപോലും ഞാൻ വിചാരിച്ചില്ല.’’ അവരോടൊപ്പം ബോട്ടിലേക്ക് നടക്കുമ്പോൾ പക്കിസേട്ട് പറഞ്ഞു. ‘‘എന്നതായാലും നിങ്ങടെ തീരുമാനം നന്നായി. വെറുതെ തമ്മാതമ്മിൽ തല്ലിപ്പിരിഞ്ഞ് ജീവിച്ച് ഒടുങ്ങീട്ട് എന്ത് പുണ്യം കിട്ടാനാ. മറക്കാനും പൊറുക്കാനും മനസ്സുണ്ടായാൽ മനുഷ്യന് സ്വർഗം ഈ ഭൂമിതന്നെയാ.’’
ആമോസും തമ്പാനും മിണ്ടിയില്ല. തങ്ങൾക്കിടയിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് ആ സമയം ഒരുപോലെ ചിന്തിച്ചെങ്കിലും രണ്ടാളുമത് പുറത്ത് കാട്ടിയില്ല. ചന്ദനമുട്ടികളടക്കം പോർക്ക് ഷാജിയുടെ വീട്ടിൽ കണ്ട സകല സാധനങ്ങളും ബോട്ടിലുണ്ടായിരുന്നു. ഒരു മൂലയിൽ പ്രാഞ്ചിയും നിൽപുണ്ട്. ആമോസിന്റെയും തമ്പാന്റെയും ചെയ്തികൾ അവനെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഇതിലൊന്നും തനിക്ക് പങ്കില്ലെന്ന മട്ടിൽ മാറിനിന്ന് വിറയലോടെ കൊന്ത ചൊല്ലുകയാണ് അവൻ.
‘‘ചരക്കും ബോട്ടും മനസ്സിലായി. പക്ഷേ, ഇവനെ എനിക്കങ്ങ് കത്തിയില്ല.’’ പ്രാഞ്ചിയുടെ മുഖത്തേക്ക് സേട്ടു ടോർച്ചടിച്ചു. ‘‘പേടീം വെപ്രാളവും കണ്ടിട്ട് നിങ്ങടെ എനമല്ലെന്ന് തോന്നുന്നു.’’
‘‘പുതിയ ഷെയറുകാരനാ പ്രാഞ്ചി.’’
ആമോസ് പറഞ്ഞതുകേട്ട് അവന്റെ കൈയിലിരുന്ന കൊന്ത താഴേക്കു വീണു. ഷെയറുകാരനോ എന്ന് ചോദിച്ചുകൊണ്ട് പ്രാഞ്ചി ദയനീമായി അവരെ നോക്കി. തന്റെ വിശ്വസ്തരെ വിളിച്ച് അപ്പോൾ തന്നെ ചരക്ക് ഗോഡൗണിലേക്ക് കൊണ്ടുപോകാൻ സേട്ടു ഏർപ്പാട് ചെയ്തു. എന്നിട്ട് ആമോസിനെയും, തമ്പാനെയും പ്രാഞ്ചിയെയും കൂട്ടി അയാൾ തന്റെ വീട്ടിലേക്ക് പോയി. കായലിനോട് ചേർന്നുള്ള പന്ത്രണ്ട് ഏക്കറിലായിരുന്നു വെണ്ണക്കൽ കൊട്ടാരംപോലുള്ള അയാളുടെ വീട്. ഒരുകാലത്ത് കൊച്ചിയിലെ ഏറ്റവും വലിയ വീടായിരുന്നത്. പക്ഷേ ഇപ്പോഴത് നിറംകെട്ട് പോയിരിക്കുന്നു. പായലും പൂപ്പലും പടർന്ന ഭിത്തികളുമായി ഇരുണ്ട് കിടക്കുന്ന കെട്ടിടം കണ്ടപ്പോൾ അയാളുടെ പ്രൗഢിയൊക്കെ നശിച്ചെന്ന് മനസ്സിലായെങ്കിലും ആമോസും തമ്പാനുമത് പുറത്തു കാണിച്ചില്ല.
പണ്ട് നിറയെ വാഹനങ്ങൾ നിരന്ന് കിടന്നിരുന്ന കാർ ഷെഡിൽ, പഴകിയ ഇംപാല കാർ മാത്രം. ബാക്കി ഇടങ്ങളിൽ കൊപ്രയും ചിരട്ടകളും കൂട്ടിയിട്ടിരിക്കുന്നു. സേട്ടുവിനുമുണ്ട് കാതലായ മാറ്റമെന്ന് അവർ ചിന്തിച്ചു. ക്ലീൻഷേവ് ചെയ്ത് വെള്ളയും വെള്ളയും മാത്രമിട്ട് നടന്ന മനുഷ്യനിന്ന് നരച്ച രോമക്കാടും പേറി കയിലിത്തുണി ഉടുത്തുനടക്കുന്നു. കോടികളുടെ സ്വർണവും വെള്ളിയും വിറ്റ ആൾ പുരയിടത്തിൽനിന്നുള്ള തേങ്ങ വിറ്റ് ജീവിക്കുന്നു. ഭാര്യ ആജുമ്മയെ കൂടാതെ സേട്ടുവിന്റെ പഴയ കൂട്ടുകാരിൽ ചിലരും അവിടെയുണ്ടായിരുന്നു. എല്ലാവരിലുമുണ്ട് ഇല്ലായ്മയുടെ മാറ്റങ്ങൾ.
ജയിലിൽ നിന്നിറങ്ങിയ ശേഷം ഇന്നോളം ഈ മതിൽക്കെട്ടിന് വെളിയിലേക്ക് പോയിട്ടില്ലെന്ന് സേട്ടു പറഞ്ഞപ്പോൾ അവർക്കത്ഭുതം തോന്നി. അംബാല കമ്മത്തിന്റെ ചരക്ക് തനിക്ക് കിട്ടിയതിൽ സേട്ടു അതിയായി സന്തോഷിച്ചു. അതിന്റെ പേരിൽ വലിയൊരു സൽക്കാരം സേട്ടു അവർക്കു വേണ്ടി ഒരുക്കി. എല്ലാത്തിനും കുറവ് വന്നെങ്കിലും വിരുന്നിന് മാത്രം അയാൾ ഒരു കുറവും വരുത്തിയിരുന്നില്ല. അറേബ്യൻ ശൈലിയിൽ ഒരു സുപ്രയിൽ ഒരുക്കുന്ന സേട്ടുവിന്റെ സൽക്കാരശീലങ്ങൾ അറിയാവുന്നതുകൊണ്ട് ആമോസും തമ്പാനും കഴിയാവുന്നത്ര ഒഴിയാൻ നോക്കി. പക്ഷേ, അയാളത് സമ്മതിച്ചില്ല.
‘‘നിങ്ങക്കറിയാല്ലോ ഞാനെന്തിനാ ജയിലിൽ കിടന്നതെന്ന്.’’ സേട്ടു അവരോട് ചോദിച്ചു. ‘‘കൊച്ചിക്കാര് പറയുന്ന കഥയിൽ പാനീസ് ബാബു ഗുണ്ടയും പക്കിസേട്ട് അവനെ കൊന്ന ചതിയനുമാണ്. എന്തിന്റെ പേരിലാണേലും ഒരുകാലത്ത് കൂടെപിറപ്പിനേക്കാൾ കാര്യത്തിൽ സ്നേഹിച്ചവനെ കൊല്ലാൻ ആരെക്കൊണ്ടേലും പറ്റുവോ? നിങ്ങളെക്കൊണ്ട് പറ്റുവോ?’’
സേട്ടുവിന്റെ ചോദ്യത്തിൽ ആമോസും തമ്പാനും ഒരു നിമിഷം പതറിപ്പോയി. രണ്ടാളും ഒരുപോലെ തല താഴ്ത്തി. സേട്ടു സംസാരം തുടർന്നു.
‘‘ബാബൂന്റെ കാര്യത്തിൽ ഒറ്റ ദുഃഖമേ ഇപ്പഴും എനിക്കുള്ളൂ, തിത്തുമ്പിയും ചെപ്പുവും. അതുങ്ങളെ ഒരു കരയ്ക്കെത്തിക്കാൻ പറ്റാണ്ടല്ലേ അവൻ ജീവിതത്തീന്ന് എറങ്ങിപ്പോയത്. അവരുടെ കണ്ണിൽ ഇപ്പഴും ബാബുവിന്റെ കൊലയാളി ഞാനാ... അത് അങ്ങനെ തന്നെ ഇരുന്നോട്ടെ, തിരുത്തണോന്നൊന്നും എനിക്കില്ല. പക്ഷേ, ചെപ്പുവിന്റെ പോക്ക് അത്ര നല്ലതിലേക്കല്ല. ബാപ്പയ്ക്ക് കഴിയാണ്ട് പോയതൊക്കെ വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിലാ ആ ചെക്കൻ. ഇപ്പ തന്നെ കൊച്ചീലവന് ആവശ്യത്തിലധികമുണ്ട് ശത്രുക്കൾ. ചെപ്പൂന് വല്ലോം സംഭവിച്ചാ അത് ഞങ്ങക്ക് താങ്ങാൻ കഴിയൂല്ല. പെറ്റില്ലെങ്കിലും ദേ ഇവള് കുറെക്കാലം നെഞ്ചത്തിട്ട് പോറ്റിയതല്ലെ അവനെ...’’ ഭിത്തിയിൽ ചാരിനിൽക്കുന്ന ആജുമ്മയെ ചൂണ്ടി സേട്ടു പറഞ്ഞു.
‘‘എന്നോട് മാത്രമേ അവനും തിത്തുമ്പിക്കും വെറുപ്പുള്ളൂ. ഇവളോട് ആ സ്നേഹം ഇപ്പഴുമുണ്ട്. ഉമ്മാ ഉമ്മാന്ന് വിളിച്ച് ഞാൻ ഇല്ലാത്തപ്പഴൊക്കെ ഇവളെ കാണാൻ വരാറുണ്ട് ചെക്കൻ...’’ തുളുമ്പി വന്ന കണ്ണുകൾ തലവഴി മൂടിയിരുന്ന സാരിതലപ്പുകൊണ്ട് ആജുമ്മ അമർത്തി തുടച്ചു. ‘‘ചെപ്പൂന്റെ ജീവിതം പാനീസ് ബാബുവിന്റെ പോലെ തെരുവിൽ ഒടുങ്ങരുതെന്ന് ഞങ്ങൾക്കുണ്ട്. പക്ഷേ, സത്യം പറയാല്ലോ, അവന്റെ പേരിൽ എഴുതിവെക്കാൻ ഈ കാണുന്ന നശിച്ച വീടല്ലാതെ വേറൊന്നും ഞങ്ങടെ കൈയിൽ ഇല്ല കൂട്ടുകാരെ. അതിന്റെ സങ്കടത്തിൽ ജീവിതം തള്ളിനീക്കുമ്പഴാ ഇത്രേം വലിയ നിധിയുമായി നിങ്ങള് വന്നത്. പിടിച്ച് കേറാൻ ഇതുപോലൊരവസരം എനിക്ക് തന്നതിനുള്ള സന്തോഷമായി നിങ്ങളിത് കൂട്ടണം.’’
പിന്നെ ആമോസും തമ്പാനും മറുത്തൊന്നും പറഞ്ഞില്ല. ഭക്ഷണമൊക്കെ നിരത്തിവെച്ചിരുന്ന നിറംമങ്ങിയ നീളൻ പരവതാനിയിൽ മുഖത്തോടു മുഖം നോക്കി അവർ ഇരുന്നു. പ്രാഞ്ചി തമ്പാന്റെ വശത്താണ് ഇരുന്നത്. അങ്ങനെ നീണ്ട വർഷങ്ങൾക്കുശേഷം ഒരേ പാത്രത്തിൽനിന്ന് ആമോസിനും തമ്പാനും കഴിക്കേണ്ടി വന്നു. വലിയ തളികയിൽ ചുട്ടുവെച്ച ആടിനുമേൽ ഒരുപോലെ രണ്ടാളും കൈവെച്ചു. ഒറ്റത്താലയിൽനിന്ന് ചൂടുള്ള ബിരിയാണിച്ചോർ അവരവരുടെ പ്ലേറ്റുകളിലേക്ക് കോരിയിട്ടു. ഒരു കുപ്പിയിലെ വീഞ്ഞ് ഒരേ അളവിൽ പങ്കിട്ടു. എല്ലാം കഴിഞ്ഞ് ‘‘അവനവന് വേണ്ടി മാത്രമെറിയല്ലെ ജീവിതച്ചൂണ്ടയീ തെരുവിൽ, പേറുന്നപരനും നെഞ്ചിൽ അണയാത്ത വിഷാദ സന്ധ്യകൾ’’ എന്ന ഗസല് കേട്ടുകൊണ്ട് ഒരേ ഹുക്കയിൽനിന്ന് മാറിമാറി അവർ പുകവലിച്ചു. താൻ കാണുന്നതൊക്കെ സ്വപ്നമോ, സത്യമോ എന്നറിയാതെ പ്രാഞ്ചി അവർക്കിടയിൽ മിഴിച്ചിരുന്നു.
11.
മകനെ തിരക്കി അംബാല കമ്മത്ത് കലിതുള്ളി വീട്ടിലെത്തിയ പിന്നാലെ ലാൻഡ് ഫോണിലേക്ക് പോർക്ക് ഷാജിയുടെ വിളി വന്നു.
‘‘മുതലാളി ബാറിൽ മാത്രവല്ല അവന്മാര് നമ്മുടെ ദ്വീപിലും വന്നാർന്ന്.’’
‘‘ഭഗവാനെ, ചരക്ക്.’’
അംബാല കമ്മത്ത് നെഞ്ച് തിരുമ്മി.
‘‘ചരക്ക് മാത്രമല്ല നാറികള് നമ്മടെ ബോട്ടും കൊണ്ടുപോയി.’’
കമ്മത്തിന് ശ്വാസം വിലങ്ങി.
‘‘മുതലാളി ബേജാറാവണ്ട, ചരക്ക് കൊച്ചിക്കായൽ വിട്ട് ഒരിടത്തും പോകൂല്ല. നമ്മടെ പിള്ളേരും കായലിൽ ഇറങ്ങിയിട്ടുണ്ട്...’’ ഷാജി അയാളെ ആശ്വസിപ്പിച്ചു. ‘‘റോസ്കോട്ടേജില് അവന്മാരുടെ വണ്ടി കിടപ്പുണ്ട്. അതുവെച്ച് ഞാൻ അവന്മാരെ തൂക്കും.’’
‘‘ഏതവന്മാരുടെ കാര്യമാ നീ ഈ പറയുന്നേ, കുറെ നേരായല്ലോ അവന്മാര്, അവന്മാരെന്ന് കൊണയ്ക്കുന്നു.’’
അയാൾ ഷാജിയെ തെറി വിളിച്ചു.
‘‘ഇന്നാള് ബാറിലിട്ട് നമ്മ ചാമ്പിയ തൃശൂക്കാരനില്ലെ പ്രാഞ്ചി, ഹൈറേഞ്ചീന്ന് ആളെ ഇറക്കി ആ നാറി ഒപ്പിച്ച പണിയാ ഇത്.’’
‘‘ഇപ്പ എങ്ങനുണ്ട്. ഞാനന്നേ പറഞ്ഞതാ അവൻ ആ ചത്തുപോയ ഈനാശുവിന്റെ ആളാരിക്കുവെന്ന്, അപ്പ നീയൊന്നും വിശ്വസിച്ചില്ല. ജെന്നീടെ മണം പിടിച്ച് വന്ന കോഴിയാന്ന് പറഞ്ഞ് എന്റെ വാക്ക് തള്ളി. കണ്ടല്ലോ അവൻ പണിവെച്ചത്. എവിടെ തപ്പിയാലും വേണ്ടില്ല നേരംവെളുക്കും മുമ്പ് എനിക്ക് ആ കഴുവേർടെ മക്കളെ കിട്ടണം.’’
ഫോൺ വെച്ചശേഷം കമ്മത്ത് നേരെ പൂജാമുറിയിലേക്ക് ചെന്നു. അയാളുടെ ഭാര്യ സരോജിനി അമ്മാൾ അവിടെ പ്രാർഥിക്കുന്നുണ്ടായിരുന്നു. ഭസ്മമിരുന്ന വലിയ തട്ടെടുത്ത് അയാൾ ആ സ്ത്രീയുടെ തലക്കടിച്ചു.
‘‘ നിന്റെ ഒടുക്കത്തെ പൂജ കാരണവാടി എന്റെ മോൻ തലതിരിഞ്ഞ് പോയത്.’’
കലിച്ചുതുള്ളി പോകുന്ന അംബാല കമ്മത്തിനെ നോക്കി ഭസ്മത്തിൽ കുളിച്ച് സരോജിനി അമ്മാൾ കിടന്നു. ഭയത്തിനും നിസ്സഹായതക്കും പകരം അവരുടെ ചുണ്ടിൽ ഒരു ഗൂഢസ്മിതം തെളിഞ്ഞുവന്നു. കമ്മത്ത് പോയ പിന്നാലെ ടി.വി.എസ് ലൂണയുമെടുത്ത് സരോജിനി അമ്മാളും വീടു വിട്ടിറങ്ങി.
12
പാനീസ് ബാബുവിന്റെ മകൻ ചെപ്പുവായിരുന്നു ഈഗിൾ ജെന്നിയും ബിട്ടുവും കയറിയ സ്പീഡ് ലോഞ്ച് ഓടിച്ചിരുന്നത്. തോളറ്റം മുടിയും താടിയുമൊക്കെ ഉണ്ടായിരുന്ന ഭംഗിയും കരുത്തുമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു അവൻ. ചെറുപ്പംതൊട്ടുള്ള ബന്ധമാണ് രണ്ടാളും തമ്മിൽ. യാത്രയിലുടനീളം ജെന്നിയെ ബിട്ടു ചേർത്തുപിടിക്കുകയും ഇടക്കിടെ ഉമ്മ വെക്കുകയും ചെയ്തിരുന്നു. അവന്റെ ചെയ്തികൾ അസ്വസ്ഥത പടർത്തിയെങ്കിലും തൽക്കാലം ഇരുന്നു കൊടുക്കുകയല്ലാതെ തനിക്ക് വേറെ മാർഗമില്ലെന്ന് അവൾക്കറിയാമായിരുന്നു. കമ്മത്തിന്റെ പിടിയിലുള്ള മാത്തുക്കുട്ടിയെ പറ്റി ജെന്നി അവനോട് ചോദിച്ചു.
‘‘കൊറേ നാള് അവൻ ഗോദൌണില് ഉണ്ടാരുന്നു. പഷെ ഒരൂസം പോക്ക് ചാജീനെ പറ്റിച്ച് അബിടന്ന് അവൻ ചാടി പോയി. പിന്നെ ആളെ കണ്ടിട്ടില്ല...’’
കൊഞ്ഞപ്പ് കലർന്ന ഭാഷയിൽ ചെറുചിരിയോടെ ബിട്ടു പറഞ്ഞു. അംബാല കമ്മത്തിന്റെ പിടിയിൽനിന്ന് മാത്തുക്കുട്ടി രക്ഷപ്പെട്ട വിവരം അപ്പോഴാണ് അവളറിയുന്നത്. ദൈവമേ, അവനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണല്ലോ ഇത്രകാലം ഇവന്മാര് തന്നെ തടവിൽ വെച്ചത്. ജെന്നി ഓർത്തു. എന്തെന്നില്ലാത്ത സന്തോഷവും സങ്കടവും ഒരുപോലെ ജെന്നിയെ പൊതിഞ്ഞു. അപ്പോഴേക്കും അവർ പക്കി സേട്ടുവിന്റെ വീടിന്റെ പിന്നിലെത്തിയിരുന്നു. ഇരുട്ട് നിറഞ്ഞ ഒരു ഭാഗത്തുനിന്ന് ആജുമ്മ ലോഞ്ചിന് നേർക്ക് ടോർച്ച് വീശി. ചെപ്പു ലോഞ്ച് അങ്ങോട്ട് അടുപ്പിച്ചു. അപ്പോഴും വീട്ടിൽനിന്ന് ഗസൽ ഉയർന്ന് കേൾക്കുന്നുണ്ട്.
‘‘മുന്നിലെ കടവിലേക്ക് പോകണ്ട, ലോഞ്ച് ഇവിടെ കെട്ടിയിട്ട് മക്കള് ഇവിടെ ഇറങ്ങിക്കോ? അവിടെ വേറെ ബോട്ടുണ്ട്.’’ ആജുമ്മ ശബ്ദം താഴ്ത്തി ചെപ്പുവിനോട് പറഞ്ഞു. ‘‘മൂപ്പരെ കൂട്ടുകാർ വന്നതാ മോളിലെ ഇറയത്ത് അവരുണ്ട്. അങ്ങോട്ട് പോയാ അവര് നിങ്ങളെ കാണും.’’
‘‘എനിക്കെന്റെ വണ്ടിയെടുക്കണ്ടേ ഉമ്മാ?’’
ചെപ്പു ചോദിച്ചു.
‘‘വണ്ടി ഞാൻ അടുക്കളപ്പുറത്ത് തള്ളി വെച്ചിട്ടുണ്ട്, മോന് പടിഞ്ഞാറ്റെ ഗേറ്റ് വഴി പോകാല്ലോ.’’
‘‘ഉമ്മയെന്തിനാ വണ്ടി തള്ളാൻ പോയേ, അതിനൊള്ള ഊരൊന്നും ഇപ്പ നിങ്ങക്കില്ല.’’
നീരസപ്പെട്ടുകൊണ്ട് ചെപ്പു ലോഞ്ചിൽനിന്ന് കരയിലേക്ക് ഇറങ്ങി. പിന്നാലെ ജെന്നിയും, ബിട്ടുവും.
‘‘എവിടെ ആ സുന്ദരിക്കുട്ടി, ഞാനൊന്ന് കാണട്ടെ...’’ ജെന്നിയുടെ നേർക്ക് ആജുമ്മ ഒരു നിമിഷത്തേക്ക് ടോർച്ച് തെളിച്ചു. ‘‘ഉം, പറഞ്ഞ് കേട്ടതിനേക്കാൾ ജോറുള്ള കുട്ടി.’’ വാത്സല്യപൂർവ്വം ജെന്നിയുടെ മുടിയിൽ തലോടിക്കൊണ്ട് അവർ പറഞ്ഞു. ‘‘മോനെ ചെപ്പു, കാര്യവിവരം തൊട്ടുതീണ്ടാത്ത ഒരുത്തനാ ഈ ബിട്ടൂ. വരും വരായ്കയൊന്നും ചിന്തിക്കാനുള്ള ബോധവും വിവരവുമൊന്നും ഇവനില്ല. എന്നാലും ഇവനുവേണ്ടി നീ എന്തും ചെയ്യുമെന്ന് ഉമ്മയ്ക്കറിയാം, ആ പേടികൊണ്ട് പറയുവാ, ഇവന്റെ അപ്പൻ അംബാല കമ്മത്ത് ഇത് പൊറുക്കുവെന്ന് എനിക്ക് തോന്നുന്നില്ല. എന്ത് ചെയ്യാനും മടിയില്ലാത്ത ഒരുത്തനാ അവൻ. അവനോട് മല്ലിട്ട് ഇവന് ഇവളെ പോറ്റാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ നീ ഇതിന് കൂട്ട് നിൽക്കാവൂ, ഇല്ലെങ്കി ഇതിനെ ഇതിന്റെ പാട്ടിന് വിട്ടേര്, എവിടേലും പോയി അത് പിഴച്ചോളും. ആണുങ്ങൾക്ക് പെണ്ണിന്റെ ജീവിതം വെച്ചുള്ള കളി ഹരമാ, പക്ഷേ അവളുടെ കണ്ണീര് തലയ്ക്ക് മോളിൽ വീണാ, തലമുറപോലും സ്വസ്ഥത പെടില്ല...’’
‘‘ഒന്നൂല്ല ഉമ്മാ, അതൊക്കെ ഞാൻ നോക്കിക്കോളാം.’’
ജെന്നിയെയും ബിട്ടുവിനെയും കൂട്ടി ചെപ്പു വീടിന്റെ പിന്നിലേക്ക് പോയി. അവിടെ അവന്റെ യെസ്ഡി ബൈക്ക് ഇരിപ്പുണ്ടായിരുന്നു. ജെന്നിയെ നടുവിലിരുത്തി പടിഞ്ഞാറ്റെ ഗേറ്റിലൂടെ വണ്ടിയോടിച്ച് ചെപ്പു റോഡിലേക്കിറങ്ങി. ഈ സമയം ആമോസിനും തമ്പാനും പ്രാഞ്ചിക്കും ഒപ്പം വീടിന്റെ മട്ടുപ്പാവിലിരുന്ന് ഗസൽ ആസ്വദിക്കുകയായിരുന്നു പക്കി സേട്ട്. പ്രാഞ്ചി അപ്പോഴും വിവശനാണ്. വണ്ടിയുടെ ശബ്ദം കേട്ടതും സേട്ടു പറഞ്ഞു.
‘‘അതവനാ, ചെപ്പു, ഉമ്മയെ കണ്ടേച്ച് പോകുന്ന വഴിയാ...’’ എന്തെന്നില്ലാത്ത ഒരാകാംക്ഷയോടെ ഇരുന്നിടത്ത് നിന്ന് എഴുേന്നറ്റ ആമോസും തമ്പാനും മട്ടുപ്പാവിന്റെ മുന്നിലേയ്ക്ക് നീങ്ങി. റോഡിലെ അരണ്ട വെളിച്ചത്തിൽ പാഞ്ഞു പോകുന്ന ഒരു ബൈക്കിന്റെ പിൻകാഴ്ച അവ്യക്തമായി കണ്ടു. പശ്ചാത്തലത്തിൽ ഗസൽ അപ്പോഴും തിമിർത്തുകൊണ്ടിരുന്നു. മനസ്സ് നിറയെ സ്വന്തം ജീവിത ചിന്തകളായിരുന്നതുകൊണ്ട് തങ്ങളെ ഇവിടെത്തിച്ച ഈഗിൾ ജെന്നി അപ്പോഴവരുടെ കണ്ണിൽ തടഞ്ഞില്ല.
13
മൂസാ തെരുവിന്റെ ഇടുങ്ങിയ അവസാനത്തിലുള്ള മുകളിൽ തകരമേഞ്ഞ ഒറ്റമുറി വീടായിരുന്നു തിത്തുമ്പിയുടേത്. ലൂണ മുറ്റത്ത് വെച്ചിട്ട് സരോജിനി അമ്മാൾ അകത്തേക്ക് ചെന്നു. കിടപ്പിലായ തിത്തുമ്പിയുടെ കട്ടിലിൽ അതീവ സന്തോഷത്തോടെ അവർ ഇരുന്നു.
‘‘ഞാൻ പറഞ്ഞത് പോലെ ബിട്ടു ചെയ്തിട്ടുണ്ട്. ആ പാവത്തിനെ അവൻ രക്ഷപ്പെടുത്തി.’’ അമ്മാൾ പറഞ്ഞു. സന്തോഷം കൊണ്ട് തിത്തുമ്പിയുടെ മുഖം വിടർന്നു. അവർ ദൈവത്തിന് നന്ദി ചൊല്ലി. ‘‘ഇനി എല്ലാം ഉമ്മച്ചി നോക്കണം. എന്റെ ഭർത്താവിന്റെ കണ്ണിൽപ്പെടാതെ നാളെ തന്നെ ജെന്നിയെ എവിടാന്ന് വെച്ചാ കൊണ്ടാക്കാൻ ചെപ്പുവിനോട് പറയണം. പോയി സ്വസ്ഥമായി ജീവിക്കട്ടെ അത്...’’
‘‘ചെപ്പു അതൊക്കെ അറിഞ്ഞ് ചെയ്തോളും, എല്ലാം ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. നീ വിഷമിക്കണ്ട.’’
തിത്തുമ്പി, അമ്മാളിന്റെ കൈയിൽ പിടിച്ചു. പാനീസ് ബാബു കൊലക്കേസിൽ സാക്ഷി പറഞ്ഞതിന്റെ സ്നേഹം അംബാല കമ്മത്തിനോട് അവർക്കുണ്ടായിരുന്നു. സത്യത്തിൽ അത് മുതലാക്കാനാണ് അയാൾ അവിടെ ചെന്നത്. എല്ലാം അയാൾ കരുതിയതുപോലെ തന്നെ സംഭവിച്ചു. മൂസാ തെരുവിലെ മാപ്പിള ചെക്കന്മാരെ മുഴുവൻ തിത്തുമ്പി അവന്റെ മുന്നിലെത്തിച്ചു. പതിനഞ്ചാം വയസ്സിൽ അവരെ വെച്ച് അംബാല കമ്മത്ത് കടൽക്കൊള്ള തുടങ്ങി. കപ്പലിൽനിന്ന് അവർ കൊണ്ടുവരുന്ന സാധനങ്ങൾ സിറ്റിയിൽ കൊണ്ടുപോയി അയാൾ വിൽക്കലായിരുന്നു ആദ്യപടി. പതിനെട്ടാം വയസ്സിൽ സരോജിനി അമ്മാളിനെ വിവാഹം ചെയ്യുന്നതുവരെ അംബാല കമ്മത്ത് അതുതന്നെ തുടർന്നു. എന്നാൽ, പിറ്റേക്കൊല്ലം ബിട്ടു ജനിച്ചതോടുകൂടി അയാളുടെ നിലമാറി.
പടിപടിയായി അയാളുടെ വളർച്ച ആരംഭിച്ചു. ചെപ്പുവിനന്ന് എട്ട് വയസ്സാണ്. ബിട്ടുവിനെ നോക്കുന്നതും കളിപ്പിക്കുന്നതും ഒക്കെ അവന്റെ ജോലിയായിരുന്നു. അൽപം ബുദ്ധിക്കുറവും മുൻകോപവുമുള്ള ബിട്ടുവിനെ സ്വന്തം അനിയനെപ്പോലെയാണ് ചെപ്പു കൊണ്ടുനടന്നത്. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് അംബാല കമ്മത്ത് മൂസാതെരുവ് വിടുന്നത്. നിലയും വിലയും മാറുന്നതനുസരിച്ച് കമ്മത്തിന്റെ സ്വഭാവത്തിലും മാറ്റം വന്നുകൊണ്ടിരുന്നു. പക്ഷേ, സരോജിനി അമ്മാളും ബിട്ടുവും തിത്തുമ്പിയെയെയും ചെപ്പുവിനെയും മറന്നില്ല.
അവർ ആ ബന്ധം നിലനിർത്തി. ഈഗിൾ ജെന്നിയെ തടവിലിട്ട് പീഡിപ്പിച്ച് കാബറേ ചെയ്യിക്കുന്നതിനോട് സരോജിനി അമ്മാൾക്ക് യോജിക്കാൻ കഴിഞ്ഞില്ല. എന്നാൽ, അവരുടെ എതിർപ്പ് കമ്മത്ത് വകവെച്ചില്ല. അങ്ങനെ ആണവർ തിത്തുമ്പിയുടെ സഹായം തേടിയത്. ചെപ്പുവിന്റെ വണ്ടി നിൽക്കുന്ന ശബ്ദം കേട്ട് അമ്മാൾ പുറത്തേക്ക് ചെന്നു. മുറ്റത്ത് അമ്പരന്ന് നിൽക്കുന്ന ജെന്നിയുടെ സൗന്ദര്യം കണ്ട് അവർ അത്ഭുതപ്പെട്ടു. അവർ അവളെ അകത്തേക്ക് വിളിച്ചുകയറ്റി. പ്രായം ചെന്നതെങ്കിലും രണ്ട് സ്ത്രീകളെ കണ്ടതിന്റെ ആശ്വാസം ജെന്നിയിലുണ്ടായി. വീട്ടിലേക്ക് പോകാൻ താൽപര്യമില്ലാതെ നിന്ന ബിട്ടുവിനെ ഒരുതരത്തിൽ നിർബന്ധിച്ച് അമ്മാൾ കൂട്ടിക്കൊണ്ടു പോയി.
‘‘പേടിക്കണ്ട, ഇനി ആരും മോളെ ഉപദ്രവിക്കില്ല. വീടുംനാടുമൊക്കെ ചെപ്പൂനോട് പറഞ്ഞാ മതി, അവൻ കൊണ്ടാക്കും.’’
ജെന്നിയെ അടുത്ത് വിളിച്ചിരുത്തി സ്നേഹത്തോടെ തിത്തുമ്പി പറഞ്ഞു.
‘‘അതൊന്നും നടക്കൂല്ലട്ടാ, വെറുതെ വേണ്ടാത്ത ഉറപ്പൊന്നും ഉമ്മാ അവൾക്ക് കൊടുക്കണ്ട.’’
ചെപ്പു അവരോട് ദേഷ്യപ്പെട്ടു. ജെന്നിയും തിത്തുമ്പിയും ഒരുപോലെ ഞെട്ടി.
‘‘അതെന്താ നടക്കൂല്ലാത്തെ, ഈ കൊച്ചിനെ രക്ഷിക്കാനല്ലേ നമ്മള് ഇതൊക്കെ ചെയ്തേ. പടച്ചോന് നിരക്കാത്ത വർത്താനം നീ പറയല്ല്.’’
‘‘ചെയ്തതൊക്കെ അതിനുവേണ്ടി തന്നെയാ, പക്ഷേ ബിട്ടുമോന് ഇവളില്ലാണ്ട് ഇനി പറ്റൂല്ലന്ന് ഇപ്പഴാ എനിക്ക് മനസ്സിലായത്. അവനതുപോലെ ഇഷ്ടവാ ഇവളെ.’’
‘‘ചെപ്പു, നീ വേണ്ടാത്തതിന് നിൽക്കരുത്. അതൊന്നും നടക്കാൻ പോണ കാര്യമല്ലട്ടാ.’’
‘‘ഇതൊക്കെ ഇപ്പ ആലോചിച്ചിട്ട് ഒരു കാര്യോമില്ല, ഇല്ലാത്ത പൂതിയൊക്കെ ചെക്കന്റെ ഉള്ളിൽ തിരുകുമ്പ നിങ്ങ ആലോചിക്കണാർന്ന്. ഇന്നിപ്പ ദേ ഇവളെ തൊട്ടതിന് ഒരുത്തനെ തട്ടാൻപോലും അവൻ മടിച്ചില്ല. ജെന്നിയെന്ന് വെച്ചാ അത് പോലെ പ്രാന്ത് കേറി നടക്കുവാ ചെക്കൻ.’’
ചെപ്പുവും ദേഷ്യപ്പെട്ടു. കൊന്നെന്ന് കേട്ടപ്പോൾ തിത്തുമ്പി ഞെട്ടി.
‘‘കുഞ്ഞുന്നാള് തൊട്ട് അവന്റെ എല്ലാ വാശിക്കും കൂട്ടുനിന്നിട്ട് ഇക്കാര്യത്തിൽ ചതിക്കാൻ എനിക്ക് പറ്റത്തില്ല ഉമ്മാ. ബിട്ടുമോന്റെ കൂടെയെ ഞാൻ നിൽക്കത്തൊള്ള്. മിണ്ടാതെ അവിടെങ്ങാനും നിങ്ങള് കിടന്നോണം.’’
അവരുടെ സംസാരം കേട്ട് തകർന്ന് നിൽക്കുകയാണ് ഈഗിൾ ജെന്നി. മുറിയുടെ മൂലയിൽ മടക്കി ചുരുട്ടി കെട്ടിത്തൂക്കിയിട്ടിരുന്ന പായ എടുത്ത് അവൻ അവളുടെ നേർക്ക് എറിഞ്ഞു.
‘‘ഇവിടെ ഈ സൗകര്യമൊക്കെയേ ഉള്ളൂ. വിരിച്ച് എവിടേലും കിടക്കാൻ നോക്ക്. പിന്നെ ദേ പറഞ്ഞില്ലെന്ന് വേണ്ട, ഈ തള്ളേടെ വാക്ക് കേട്ട് തുള്ളാൻ നിന്നാൽ കൊന്നു കടലിൽ താത്തും ഞാൻ.’’
വാതിൽ വലിച്ചടച്ച് പുറത്തേക്ക് പോയ ചെപ്പു ജനാലക്കൽ വന്ന് നിന്നിട്ട് അവളോട് വീണ്ടും പറഞ്ഞു,
‘‘ബിട്ടൂന് ബുദ്ധിക്കൽപ്പം കുറവുണ്ടന്നേയുള്ളൂ, സഹിച്ച് കൂടെ നിന്നാ ഈ നശിച്ച ജീവിതത്തീന്ന് നിനക്ക് രക്ഷപ്പെടാം.’’
തിത്തുമ്പി ജെന്നിയെ നോക്കിയതേ ഇല്ല. ബിട്ടുവിന്റെ മാറ്റം അവരെ അത്രകണ്ട് ഭയപ്പെടുത്തിയിരുന്നു. അവർ വെറുതെ കണ്ണടച്ച് കിടന്നു. ജെന്നിയാവട്ടെ തുറന്നിട്ടിരുന്ന ജനാല വഴി പുറത്തേക്ക് നോക്കി. തെരുവിൽ അപ്പോഴുമുണ്ട് ഉറങ്ങാത്ത ആളുകൾ. അവൾ മാത്തുക്കുട്ടിയെ ഓർത്തു. ഇപ്പോൾ എവിടെയായിരിക്കും അവൻ. ഒരുകാര്യം ഉറപ്പാണ്. താനില്ലാതെ അവൻ ഈ കൊച്ചി വിടില്ല. പക്ഷേ എങ്ങനെയാണ് അവനെ കണ്ടുപിടിക്കുക. കീറിയ പുൽപ്പായയിൽ കമിഴ്ന്ന് കിടന്ന് ശബ്ദമില്ലാതെ ജെന്നി കരഞ്ഞു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.