14
ആമോസും തമ്പാനും അഴിഞ്ഞാടിയ ചില്ല് ബാറിലിരുന്ന് അംബാല കമ്മത്ത് വിയർത്തു. ഒറ്റ ദിവസംകൊണ്ട് സംഭവിച്ച നഷ്ടങ്ങൾ അയാളെ അടിമുടി തകർത്തു കളഞ്ഞിരുന്നു. ആദ്യമായാണ് ഇത്തരമൊരു തിരിച്ചടി. ആറ്റുനോറ്റ് കൊണ്ടുനടന്ന മകനെപ്പോലും മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഒറ്റപ്പൊട്ടനും, ദേഷ്യക്കാരനുമാണെങ്കിലും അവൻ ഒരാളെ കൊല്ലുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചതല്ല. പക്ഷേ എല്ലാം സംഭവിച്ചിരിക്കുന്നു. ചോദിച്ച പണം കൊടുത്തിട്ടാണെങ്കിലും ജമാൽ കനിയുടെ ശവം വേറേതേലും രാജ്യാതിർത്തിയിൽ തള്ളാമെന്ന് കപ്പലിലെ സായിപ്പ് സമ്മതിച്ചത് ഭാഗ്യം. ഇല്ലെങ്കിൽ അതോടെ തീരുമായിരുന്നു തന്റെ ജീവിതം. എവിടെയോ കിടന്നവന്മാർ കോടിക്കണക്കിന് രൂപയുടെ ഉരുപ്പടികൾ കൊണ്ടുപോയിരിക്കുന്നു. എല്ലാത്തിനും കാരണം ജെന്നി ഒരുത്തിയാണ്. പാതാളത്തിലൊളിച്ചാലും വേണ്ടില്ല ആദ്യമവളെ കൊത്തി അരിയണം. പിന്നെ മതി ഹൈറേഞ്ചുകാരെ.
ഇല്ലെങ്കിൽ അത് തനിക്ക് ഇതിലും വലിയ നഷ്ടങ്ങൾ വരുത്തിവെയ്ക്കും. തീരുമാനവുമായി അയാൾ എഴുന്നേറ്റു. പോർക്ക് ഷാജിയും കൂട്ടരും ഈ സമയം റോസ് കോട്ടേജിലായിരുന്നു. കള്ളനും കൊള്ളക്കാരനുമെന്ന വേർതിരിവില്ലാതെ തനിക്ക് പരിചയമുള്ള സകല ഗുണ്ടകളെയും ഷാജി വിളിച്ചുവരുത്തിയിരുന്നു. അവരെല്ലാം ചേർന്ന് കാബറേ കാണാൻ മുറിയെടുത്ത് താമസിച്ചിരുന്ന സകല മുതലാളിമാരേയും അടിച്ചോടിച്ചു. കോട്ടേജിന്റെ മുന്നിലിട്ട് ആമോസിന്റെയും തമ്പാന്റെയും ജീപ്പുകൾ കത്തിച്ച ഷാജി പ്രാഞ്ചിയുടെ കോണ്ടസ കാർ തങ്ങളുടെ ഗോഡൗണിലേക്ക് എടുപ്പിച്ചു. റിസപ്ഷനിലിരുന്ന കുള്ളനെക്കൊണ്ട് പ്രാഞ്ചിയുടെ മുറി തുറപ്പിച്ച് വിശദമായി പരിശോധിച്ചെങ്കിലും കുറച്ച് വസ്ത്രങ്ങളും വാറ്റ് കുപ്പികളും, ഉണക്കിയ വെടിയിറച്ചിയും മാത്രമേ അവിടെ കണ്ടുള്ളൂ. അതൊക്കെ വാരി ജനാല വഴി കത്തുന്ന ജീപ്പിന്റെ മുകളിലേക്ക് ഇട്ടു. ഈ സമയത്താണ് അംബാല കമ്മത്ത് ഷാജിയെ പുറത്തേക്ക് വിളിപ്പിച്ചത്.
‘‘ഇവിടെ കിടന്ന് തായം ചവിട്ടാതെ പോയി അവളെ തപ്പ്. അവളെ തീർത്തിട്ട് മതി ബാക്കിയെല്ലാം.’’
കമ്മത്ത് അലറി.
‘‘മുതലാളി ബിട്ടുമോൻ’’
ഷാജി പതറി. ‘‘ആ പൊട്ടന്റെ കാര്യം എനിക്ക് വിട്ടേര്. അല്ലേതന്നെ അവനെ ഊമ്പിച്ച് അവളിപ്പ രക്ഷപ്പെട്ടുകാണും. എന്നാലും അവൾ കൊച്ചിയിൽതന്നെ കാണും. ആ മാത്തുക്കുട്ടിയെ തപ്പിപ്പിടിക്കാതെ അവൾ ഇവിടുന്ന് പോകൂല്ല.’’
‘‘അതിന് മാത്തുക്കുട്ടി നമ്മടെ അണ്ടറിലാന്നാല്ലെ അവളുടെ വിചാരം. പിന്നെ അവളിവിടെ എങ്ങനെ നിൽക്കുമെന്നാ മുതലാളി പറയുന്നേ...’’
‘‘നീ ഇത്ര മണ്ടനായി പോയല്ലോടാ പോർക്കെ. മാത്തുക്കുട്ടി നമ്മടെ കസ്റ്റഡിയിൽ ഇല്ലെന്ന് ആ മരപ്പൊട്ടൻ എപ്പഴെ അവളോട് പറഞ്ഞുകാണും. അവനെ തപ്പിയിട്ട് കിട്ടാത്ത പോലല്ല, പടംവെച്ച് തപ്പിയാ ഈഗിളിനെ പെട്ടെന്ന് പൊക്കാൻ പറ്റും...’’
‘‘അവളെ തപ്പി നമ്മളിനി സമയം കളയാണോ മുതലാളി, നമ്മക്ക് വലുത് നമ്മടെ ചരക്കല്ലേ?’’
‘‘ചരക്കിന്റെ കാര്യത്തിന് ഞാൻ വേറൊരു വഴി കണ്ടിട്ടുണ്ട്. ഇപ്പ എനിക്ക് വലുത് ജെന്നിയാ, അവള് ജീവിച്ചിരുന്നാ ഒന്നില്ലെ ഞാൻ എന്റെ മകനെ കൊല്ലേണ്ടി വരും. അല്ലെങ്കിൽ അവൻ എന്നെ കൊല്ലും.’’
അംബാല കമ്മത്ത് പറഞ്ഞതിൽ കാര്യമുണ്ടെന്ന് മനസ്സിലാക്കിയ പോർക്ക് ഷാജി ഗുണ്ടകളുമായി നഗരത്തിലേക്ക് ഇറങ്ങി. കമ്മത്തും വണ്ടിയെടുത്ത് പോയി. പിന്നെയും കുറെനേരം കഴിഞ്ഞപ്പോൾ ചില്ലു ബാറിന്റെ കടവിലേക്ക് കമ്മത്തിന്റെ ബോട്ട് അടുത്തു. കുടിച്ച് വശംകെട്ട ആമോസിനെയും തമ്പാനെയും താങ്ങി ഒരുവിധം ബോട്ടിൽനിന്ന് പുറത്തിറങ്ങിയ പ്രാഞ്ചി റോസ് കോട്ടേജിന്റെ മുന്നിലെ കാഴ്ച കണ്ട് ഞടുങ്ങി... പാർക്കിങ്ങിൽ ഒറ്റ വണ്ടിയില്ല. ആമോസിന്റെയും തമ്പാന്റെയും ജീപ്പുകളാണെങ്കിൽ കത്തിയമർന്നിരിക്കുന്നു. തന്റെ കാറാണെങ്കിൽ കാണാനുമില്ല.
‘‘പുണ്യാളച്ചാ എന്റെ കാറ്...’’
ആമോസിനെയും തമ്പാനെയും വിട്ട് പ്രാഞ്ചി നിലവിളിച്ചോടി. തലക്ക് കൈകൊടുത്ത് റിസപ്ഷനിലിരുന്ന കുള്ളൻ പുറത്തേക്ക് ഇറങ്ങിവന്നു.
‘‘ഇവിടെ കിടന്ന് തൊണ്ടകീറണ്ട. വണ്ടി ഷാജിച്ചായന്റെ ഗോഡൗണിലുണ്ട്. താൻ അങ്ങോട്ട് ചെല്ല്.’’
‘‘അവനെന്തിനാ എന്റെ വണ്ടി. അവന് കാറ് ഉള്ളതല്ലേ...’’
പ്രാഞ്ചി പിന്നെയും കരഞ്ഞു.
‘‘അയ്യോ എന്തിനാന്ന് അറിയാന്മേലല്ലെ.’’ കുള്ളൻ രൂക്ഷമായി അവനെ നോക്കി. ‘‘താനൊരുത്തൻ കാരണം പൂട്ടിയത് ഞങ്ങടെ കച്ചോടവാ...’’
‘‘പൊന്ന് സഹോദരാ എനിക്ക് ഇതിലൊന്നും ഒരു പങ്കുമില്ല. വണ്ടി കിട്ടിയാ ആ സെക്കൻഡിൽ ഞാൻ എന്റെ കുടുമ്മത്ത് കേറും... കർത്താവാണെ ആ കാർന്നോന്മാര് ഇത്രേം ഡെഞ്ചറാന്ന് ഞാൻ അറിഞ്ഞില്ല.’’
‘‘എന്നാ നിന്റെ കുടുമ്മത്ത് കേറി നിന്നെ ഞാൻ പൊക്കും.’’
പ്രാഞ്ചിയുടെ പിന്നിലെത്തിയ ആമോസ് അവന്റെ തോളത്ത് അടിച്ചുകൊണ്ട് പറഞ്ഞു.
‘‘ജെന്നി മോളുടെ കാബറേ കാണിക്കാന്ന് ഞങ്ങള് വാക്ക് തന്നിട്ടുണ്ടെ, അത് കണ്ടിട്ട് നീ ഇനി കുടുമ്മത്ത് കേറിയാ മതി.’’
തമ്പാനും അവന്റെ തോളിലടിച്ചു. താൻ പെട്ടുപോയെന്ന് പ്രാഞ്ചിക്ക് മനസ്സിലായി. അവൻ ദയനീയമായി കുള്ളനെ നോക്കി. പക്ഷേ അവനാണെങ്കിൽ ആമോസിനെയും തമ്പാനെയും ബഹുമാനപുരസ്സരം നോക്കിനിൽക്കുകയാണ്. കത്തിച്ചാമ്പലായ തങ്ങളുടെ ജീപ്പുകളിലേക്ക് ശ്രദ്ധപോലുമില്ലാത്ത ഇവനൊക്കെ എന്തൊരു ജനുസ്സെന്ന മട്ടിലാണ് കുള്ളന്റെ നിൽപ്.
‘‘വണ്ടി പോയാ പോട്ടെടാ മോനെ, അത് പോലത്തെ പത്തെണ്ണം ഞാൻ വാങ്ങിത്തരും. ഇപ്പ നീ വന്ന് കിടക്കാൻ നോക്ക്.’’
ആമോസ് ലോഡ്ജിന്റെ ഉള്ളിലേക്ക് നടന്നു.
‘‘കുട്ടി തേവാങ്കെ വാ പൊളിച്ച് നിക്കാണ്ട് ചാവി താടാ.’’
തമ്പാൻ കുള്ളനോട് കയർത്തു.
‘‘ചാവിയൊന്നും വേണ്ട. അപ്പാപ്പന് നേരെ കേറി കെടക്കാം.’’
‘‘വാതിലൊക്കെ തുറന്നിട്ടേക്കുവാ അല്ലേ, മിടുക്കൻ.’’
അയാൾ അവന്റെ കവിളിൽ നുള്ളി.
‘‘തൊറന്നിട്ടേക്കുവല്ല പൊളിച്ചിട്ടേക്കുവാ...’’
കുള്ളൻ തമ്പാന്റെ കൈതട്ടി മാറ്റി
‘‘പോർക്ക് ഷാജി നല്ല പ്രോത്സാഹനവാന്നല്ലോ...’’
ചിരിച്ചുകൊണ്ട് പ്രാഞ്ചിയെ ചേർത്ത് പിടിച്ച് തമ്പാനും അകത്തേക്ക് കയറി. മുറിയിൽ ചെല്ലുമ്പോൾ ബെഡ്ഷീറ്റ് വാരിചുറ്റി തോക്കും സൈഡിൽ വെച്ച് ആമോസ് കട്ടിലിൽ കിടപ്പുണ്ട്.
‘‘വണ്ടി മാത്രവല്ല കോപ്പുകള് തുണിയും കോണാനും വരെ കത്തിച്ചിട്ടുണ്ട്.’’
എന്ന് പറഞ്ഞിട്ട് ആമോസ് തിരിഞ്ഞു കിടന്നു. വസ്ത്രമൊക്കെ അഴിച്ചുമാറ്റി വേറൊരു ബെഡ്ഷീറ്റ് ചുറ്റി തമ്പാനും കട്ടിലിലേക്ക് വീണു. പ്രാഞ്ചി തലക്ക് കൈകൊടുത്തിരുന്നു.
15
മൂന്നരമണിയായപ്പോൾ ശബ്ദമുണ്ടാക്കാതെ ജെന്നി എഴുന്നേറ്റു. തിത്തുമ്പി നല്ല ഉറക്കമാണ്. ജനാല വഴി പുറത്തേക്ക് നോക്കി. തിണ്ണയിൽ കിടന്ന് ചെപ്പുവും കൂർക്കംവലിക്കുന്നുണ്ട്. വെളിച്ചമുണ്ടെങ്കിലും തെരുവിലെങ്ങും ആരെയും കാണാനില്ല. അടുക്കളവാതിൽ തുറന്ന് ജെന്നി പിന്നാമ്പുറത്തേക്ക് ഇറങ്ങി. നിരനിരയായി ഇരിക്കുന്ന വീടുകളുടെ പിന്നിലൂടെ ശ്രദ്ധയോടെ അവൾ നടന്നു. ഒരു തിരിവിൽനിന്ന് പ്രധാനവഴിയിലേക്ക് അവൾ കയറി. അതിലൂടെ കുറച്ചുദൂരം മുന്നോട്ട് ചെന്നപ്പോൾ പിന്നിൽനിന്ന് ശബ്ദംകേട്ട് ജെന്നി ഇരുട്ടിലേക്ക് ഒളിച്ചു. പ്രായംചെന്ന ഒരു മനുഷ്യൻ സൈക്കിൾ ചവിട്ടി അവളെ കടന്നുപോയി. വീടുകൾക്കിടയിൽ പിരിഞ്ഞുപിരിഞ്ഞ് പോകുന്ന ധാരാളം വഴികളുണ്ട്. വൃദ്ധൻ പോയ വഴിയിൽനിന്ന് അവൾ മാറിനടന്നു. അപ്പോഴുണ്ട് എതിരെ രണ്ട് സൈക്കിളുകൾ വരുന്നു. ജെന്നി അടുത്ത ഗല്ലിയിലേക്ക് തിരക്കിട്ട് മാറി. ഭാഗ്യത്തിന് അവിടെ ആരെയും കണ്ടില്ല. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ മുന്നിലും പിന്നിലുമായി നാല് സൈക്കിളുകൾ വീതം പ്രത്യക്ഷപ്പെട്ടു. അവരാരുംതന്നെ അവളെ കണ്ടതായി ഭാവിക്കുന്നുണ്ടായിരുന്നില്ല.എങ്കിലും എന്തോ അരുതായ്ക തോന്നി മുന്നിൽ കണ്ട മറ്റൊരു വഴിയിലേക്ക് ജെന്നി ഓടി. പക്ഷേ, അവളെ അമ്പരപ്പെടുത്തിക്കൊണ്ട് അവിടെയും സൈക്കിളുകൾ ഇരട്ടിച്ചു വന്നു. ഭയന്ന് വിറച്ച് ലക്കുംലഗാനുമില്ലാതെ തോന്നിയ ഇടങ്ങളിലൂടൊക്കെ അവൾ ഓടാൻ തുടങ്ങി.
ഇപ്പോൾ നൂറുകണക്കിന് സൈക്കിളുകൾ അവളുടെ പിന്നാലെയുണ്ട്. ഒടുക്കം നടക്കാൻമാത്രം കഴിയുന്ന ചെറുവഴിയിലൂടെ ജെന്നി പാഞ്ഞു. എന്നിട്ടും രക്ഷയുണ്ടായില്ല.
നുരയ്ക്കുന്ന പുഴുക്കളെപ്പോലെ ചെറുതും വലുതുമായ എല്ലാ വഴികളിലൂടെയും എണ്ണമില്ലാത്തത്ര സൈക്കിൾ യാത്രികർ ഒഴുകിവന്നു. മൂസാത്തെരുവിനെ പൊതിഞ്ഞുനിന്ന വഴികളത്രയും അവരെക്കൊണ്ട് നിറഞ്ഞു. ഇപ്പോൾ അവൾ സൈക്കിളുകളുടെ ഒരു വലയത്തിന് നടുവിലായി. അവർ ചലിക്കുന്നതിനൊപ്പം അവൾക്കും ചലിക്കേണ്ടി വന്നു. ഒടുവിൽ എവിടന്ന് ഇറങ്ങിയോ അവിടെ തന്നെ അവൾ എത്തപ്പെട്ടു. വിയർത്തും കിതച്ചും ക്ഷീണിച്ചവശയായ ജെന്നി ചാരിയിട്ടിരുന്ന പിൻവാതിൽ തുറന്ന് വീടിനകത്തേക്ക് കയറി. തിത്തുമ്പിയും ചെപ്പുവും അപ്പോഴും ഉറക്കമായിരുന്നു. ജനാലയിലൂടെ തെരുവിലേക്ക് നോക്കിയ ജെന്നി ഞെട്ടിപ്പോയി. ഒരാളെപ്പോലും അവിടെങ്ങും കാണാനില്ല. സർവത്ര ശൂന്യം. നിരാശയോടെ അവൾ പായയിലേക്ക് വീണു.
16
ഈ ജെന്നിയുടെ അർധനഗ്ന ചിത്രവുമായി പുലരുംവരെ ചുറ്റിക്കറങ്ങിയിട്ടും പോർക്ക് ഷാജിക്കും കൂട്ടർക്കും യാതൊരു തുമ്പും കിട്ടിയില്ല. എങ്കിലുമവർ കറങ്ങിക്കൊേണ്ടയിരുന്നു. അംബാല കമ്മത്ത് ആവട്ടെ ആ രാത്രി മുഴുവനും കൊച്ചിയിലെ സകല പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങി. അളവില്ലാത്ത പണം അയാൾ വാരിയെറിഞ്ഞു. ഒടുക്കം സ്ഥലം എം.എൽ.എ ഫിലിപ്പ് മാഷിനെ കൂടി അയാൾ പോയി കണ്ടു. കാശ് വാങ്ങാത്തവനായതുകൊണ്ട് ഡിവൈ.എസ്.പി ഡേവിസിനെ ഒതുക്കാൻ ആ വഴിയാണ് കമ്മത്ത് സ്വീകരിക്കാറ്. ഫിലിപ്പ് പറഞ്ഞാൽ ഡേവിസ് അനുസരിക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്.
ഒന്ന് രാഷ്ട്രീയം. കറതീർന്ന കോൺഗ്രസുകാരനാണ് ഡിവൈ.എസ്.പി. പാർട്ടിയെന്ന് പറഞ്ഞാ മരിക്കും. രണ്ട് ഗുരുശിഷ്യബന്ധം. പണ്ട് സ്കൂൾ മാഷായിരുന്ന കാലത്ത് ഏതോ ഒരു ക്ലാസിൽ ഡേവിസിനെ, ഫിലിപ്പ് പഠിപ്പിച്ചുണ്ട്. ഈ രണ്ട് കാരണങ്ങൾ ചൂഷണം ചെയ്താണ് കമ്മത്ത് തന്റെ കാര്യങ്ങൾ നടത്തിയെടുക്കുന്നത്. എല്ലാം കഴിഞ്ഞ് അയാൾ വീട്ടിലെത്തുമ്പോൾ നേരം വെളുത്തിരുന്നു. വണ്ടി പോർച്ചിൽ നിർത്തിയതും അയാൾക്ക് പന്തികേട് മണത്തു. പ്രധാന വാതിലും ജനാലച്ചില്ലുകളും പൂച്ചെടികളുമൊക്കെ ആരോ തല്ലിത്തകർത്തിരിക്കുന്നു. കമ്മത്തിന്റെ ഉള്ള് കാഞ്ഞു. അയാൾ അകത്തേക്കോടി. പൂജാമുറി ഒഴിച്ച് വീടിനകം മുഴുവനും താറുമാറാണ്. കമ്മത്ത് നോക്കുമ്പോൾ യാതൊരു കുലുക്കവുമില്ലാതെ സരോജിനി അമ്മാൾ പൂജാമുറിയിൽ വിളക്ക് കത്തിക്കുന്നു.
‘‘വന്നല്ലേ, അവന്മാര് ഇവിടെയും വന്നല്ലേ?’’
ആധിയെടുത്ത് അയാൾ ചോദിച്ചു.
‘‘ആര്?’’ ചോദ്യഭാവത്തിൽ നോക്കിയിട്ട് അമ്മാൾ നിസ്സാര മട്ടിൽ പറഞ്ഞു. ‘‘ഇവിടെയാരും വന്നില്ല.’’
അവർ അടുക്കളയിലേക്ക് പോയി. മുട്ടനൊരു തെറിവിളിച്ച് അവരുടെ നേർക്ക് കൈ ഓങ്ങി തിരിയുമ്പോൾ കൈയിലൊരു കമ്പിവടിയുമായി സ്റ്റെയർകേസിലിരിക്കുന്ന ബിട്ടു കമ്മത്തിനെ കണ്ടു.
‘‘ജെന്നിയെ ഞാൻ കെത്തും.’’ കാട്ടുപോത്തിനെപ്പോലെ അവൻ മുരണ്ടു.
‘‘കെട്ടിക്കൊ മോൻ കെട്ടിക്കൊ.’’ കമ്മത്ത് വിറച്ചു.
‘‘അപ്പാ ചമ്മയിച്ചത് അമ്മാ കേത്തല്ലോ, ഇനി ചുമ്മാ കൊണാച്ചോണ്ടും ബറല്ല്.’’
കമ്പിവടി വലിച്ചെറിഞ്ഞിട്ട് സന്തോഷത്തോടെ ബിട്ടു മുകളിലേക്ക് പോകുന്നത് നോക്കി അയാൾ തരിച്ചുനിന്നു. ആ സമയം ഡിവൈ.എസ്.പി ഡേവിസിന്റെ കോൾ ലാൻഡ് ഫോണിലേക്ക് വന്നു.
‘‘കമ്മത്തെ മൂന്നും റോസ്കോട്ടേജിലുണ്ടാർന്നു. ഹാർബർ എസ്.ഐ ബാപ്പൂട്ടി അവന്മാരെ തൂക്കിയിട്ടുണ്ട്. ഒരെട്ട് മണിയാകുമ്പോ താൻ ഹാർബർ സ്റ്റേഷനിലേക്ക് പോര്, അന്നേരത്തേക്ക് ഞാനും അങ്ങ് എത്തിയേക്കാം. വെളുപ്പിനെ തന്നെ കാര്യത്തിന് തീരുമാനം ഉണ്ടാക്കിയേക്കാം.’’
ഡേവിസ് ഫോൺ വെച്ചതും കൈവിട്ടുപോയ ഉന്മേഷം കമ്മത്തിലേക്ക് മടങ്ങിവന്നു.
‘‘ഈശ്വരാ എന്റെ ചരക്ക്.’’
പൂജാമുറിയിലേക്ക് തിരിഞ്ഞ് പിറുപിറുത്തുകൊണ്ട് അയാൾ വാച്ചിൽ നോക്കി. സമയം ആറര...
17
പറഞ്ഞതുപോലെ കൃത്യം 8 മണിക്ക് ഡിവൈ.എസ്.പി ഡേവിസ് ഹാർബർ സ്റ്റേഷനിലെത്തി. സാധാരണ വേഷത്തിലായിരുന്നു അയാൾ. ഡേവിസ് വരുമ്പോൾ അംബാല കമ്മത്ത് മുറ്റത്ത് കാർ ഒതുക്കുകയായിരുന്നു. പാറാവുകാരന് പകരം തോക്കുമായി ഒരു സിൽക്ക് ജൂബ്ബക്കാരൻ നിൽക്കുന്നത് കണ്ട അമ്പരപ്പിലാണ് ഡിവൈ.എസ്.പി സ്റ്റേഷനിലേക്ക് കയറിയത്. പക്ഷേ പ്രാഞ്ചിയെ കമ്മത്തിന് മനസ്സിലായി.
‘‘സാറേ, ഇവൻ...’’
കമ്മത്തിനെ പറഞ്ഞ് മുഴുമിപ്പിക്കാൻ പ്രാഞ്ചി സമ്മതിച്ചില്ല. തോക്ക് തറയിലേക്ക് ഇട്ടിട്ട് അവൻ ഡേവിസിന്റെ കാലിലേക്ക് വീണു.
‘‘പൊന്ന് സാറേ, സ്റ്റേഷൻ ആക്രമണം അടക്കം ഒന്നിലും എനിക്ക് മനസ്സറിവില്ല, എന്നെ പേടിപ്പിച്ച് കാവൽ നിർത്തിയേച്ച് അവർ കെടന്നുറങ്ങുവാ.’’
‘‘ആര്?’’
‘‘ആ ഇച്ചായാന്മാര്.’’
പ്രാഞ്ചി അകത്തേക്ക് കൈ ചൂണ്ടി. ഡേവിസും കമ്മത്തും സ്റ്റേഷനുള്ളിലേക്ക് ഒരുപോലെ നോക്കി. റോസ്കോട്ടേജിലെ കിടക്കവിരി പുതച്ച് ബെഞ്ചുകളിൽ കിടന്ന് രണ്ടു പേർ സുഖമായി ഉറങ്ങുന്നു. എസ്.ഐ ബാപ്പൂട്ടി അടക്കമുള്ള പൊലീസുകാർ മുഴുവനും സെല്ലിനുള്ളിൽ കൂട്ടംകൂടി നിൽക്കുന്നുണ്ട്. ഉറങ്ങുന്ന ആമോസിന്റെയും തമ്പാന്റെയും നേർക്ക് ദേഷ്യത്തോടെ കുതിച്ച ഡിവൈ.എസ്.പിയെ സെല്ലിൽ കിടന്ന് ബാപ്പൂട്ടി വിലക്കി.
‘‘വേണ്ട സാറേ, അമിട്ടുകളാ. രണ്ടിന്റെ അരേലും തോക്കുണ്ട്.’’
സെല്ല് തുറന്ന് പൊലീസുകാരെ പുറത്തിറക്കിയ ശേഷം ആമോസിനെയും തമ്പാനെയും വിളിച്ചുണർത്താൻ പ്രാഞ്ചിയോട് ഡേവിസ് ആവശ്യപ്പെട്ടു. ഉടുമുണ്ടിന് പകരം കിടക്കവിരി ചുറ്റി എഴുന്നേറ്റ് വന്ന അവരെ കണ്ട് ഡിവൈ.എസ്.പി വിളറി.
‘‘മലമോളിലെ അവരാതം പോരാഞ്ഞിട്ടാണോ രണ്ടുംകൂടെ ഇങ്ങോട്ട് കെട്ടിയെടുത്തെ.’’ ഡേവിസിന് ദേഷ്യം വന്നു... ‘‘ഇവിടെ, നിങ്ങക്ക് എന്നതേലും പ്രശ്നമുണ്ടാർന്നെ എന്നോട് പറഞ്ഞാ പോരാർന്നോ? ഇതൊരുമാതിരി...’’
പറയാൻ വന്ന തെറി അയാൾ വിഴുങ്ങി. തല താഴ്ത്തി ഇരുന്നതല്ലാതെ ആമോസും തമ്പാനും മിണ്ടിയില്ല. രണ്ടാളും ഒരുപോലെ ശാന്തരായിരുന്നു. ഇതുവരെ കാണാത്ത അവരുടെ ഒതുക്കം കണ്ട് പ്രാഞ്ചി അത്ഭുതപ്പെട്ടു.
‘‘സാറിന് ഇവന്മാരെ പരിചയമുണ്ടോ?’’
അംബാല കമ്മത്ത് ചോദിച്ചു.
‘‘എന്റമ്മച്ചീടെ ആങ്ങളമാരാ.’’
എല്ലാവരും ഒന്ന് ഞെട്ടി. എസ്.ഐ ബാപ്പൂട്ടിക്കും പൊലീസുകാർക്കും അത്രയും നേരമുണ്ടായിരുന്ന കലിപ്പ് അതോടെ ഇല്ലാതായി. പ്രാഞ്ചിക്ക് ആശ്വാസം തോന്നി. കമ്മത്തിന് സന്തോഷവും. ഇനിയിപ്പ കാര്യങ്ങൾ ഒരു ധാരണയിൽ എത്തുമല്ലോ.
‘‘നിങ്ങളെന്നാത്തിനാ എന്റെ പൊലീസുകാരോട് മെക്കിട്ട് കേറീത്.’’
‘‘കുടിച്ച് തലയ്ക്ക് വെളിവില്ലാണ്ട് കെടക്കുമ്പഴാ ഇവന്മാര് വന്ന് പൊക്കിയത്. ഇവിടെ കൊണ്ടുവന്നപ്പ തന്നെ ഇവന്മാർക്ക് ഇടിക്കണം. ഉറക്കം വിട്ടിട്ട് തല്ലിക്കോന്ന് പറഞ്ഞിട്ട് കേൾക്കണ്ടെ, കേറി മേയുവല്ലേ. ദേ ഇവനാർന്ന് ചൊറി കൂടുതൽ.
ബാപ്പൂട്ടിയെ ചൂണ്ടി ആമോസ് പറഞ്ഞു. അയാൾ വിളറിനിന്നു.
‘‘പിന്നെ ഒന്നും നോക്കിയില്ല, ഒക്കത്തിനേം പിടിച്ച് പൂട്ടി. അല്ലാണ്ട് എങ്ങനെ കിടന്നൊറങ്ങാനാ.’’ കോട്ടുവായ ഇട്ടുകൊണ്ട് തമ്പാൻ ബാക്കി പൂരിപ്പിച്ചു. ‘‘സ്റ്റേഷനല്ലേ ചുമ്മാ തൊറന്നിടാൻ ഒക്കുകേലല്ലോ? അതുകൊണ്ട് ആ ചെക്കനെ പാറാവ് ഇരുത്തിയതാ.’’
‘‘ഇവനേതാ, ഇങ്ങനെയൊരുത്തനെ ഇതുവരെ നിങ്ങടെ ഇടേല് കണ്ടിട്ടില്ലല്ലോ?’’
പ്രാഞ്ചിയെ നോക്കി ഡേവിസ് ചോദിച്ചു.
‘‘പുതിയ ഷെയറുകാരനാ പ്രാഞ്ചി.’’
ആമോസും തമ്പാനും ഒരുപോലെ പറഞ്ഞു. അത് കേട്ടപ്പോ പ്രാഞ്ചിയുടെ മുഖം വീണ്ടും കരയുന്നപോലെയായി.
‘‘തുണിയൊക്കെ മേടിച്ച് ഉടുക്ക്. എന്നിട്ട് വണ്ടിയെടുത്ത് രണ്ടും വീട്ടിലേക്ക് വാ, ബാക്കി അവിടെ. എടോ ഡ്രസ് എടുത്ത് കൊടുക്ക്.’’
ഒരു പൊലീസുകാരനോട് ഡിവൈ.എസ്.പി ഒച്ചയെടുത്തു.
‘‘അതുങ്ങളോട് കുഞ്ഞ് ഒച്ചയെടുക്കണ്ട വണ്ടിയും തുണിയുമൊക്കെ ഈ എരപ്പേടെ കൂട്ടര് കത്തിച്ച് കളഞ്ഞു.’’ തമ്പാൻ പറഞ്ഞു.
‘‘ആളറിയാണ്ട് പറ്റിയതല്ലേ, എല്ലാത്തിനും പരിഹാരമുണ്ടാക്കാം. പ്രാഞ്ചിയുടെ വണ്ടി ഗോഡൗണിലുണ്ട്. അതിപ്പ തന്നെ എടുപ്പിക്കാം.’’
കമ്മത്ത് അയാളുടെ കൈപിടിച്ച് കുലുക്കി. പ്രാഞ്ചിയുടെ മുഖത്ത് സന്തോഷം പരന്നു.
‘‘കൈ വിട്, നേരും നെറിയുമില്ലാത്തവന് കൈകൊടുക്കുന്ന ഏർപ്പാട് നമ്മക്കില്ല.’’
പെട്ടെന്ന് തന്നെ തമ്പാൻ കൈവലിച്ചു. കമ്മത്തിന്റെ മുഖം വാടി. കുഴപ്പമില്ല എല്ലാം താൻ ശരിയാക്കിക്കോളാം എന്ന അർഥത്തിൽ ഡേവിസ് അയാളെ ആംഗ്യം കാട്ടി.
‘‘നിനക്ക് കൊഴപ്പമില്ലെങ്കി ഈ സെറ്റപ്പില് കുഞ്ഞിന് വണ്ടിയെ പോരാം.’’
ഉടുത്തിരുന്ന കിടക്കവിരി ഉയർത്തി ആമോസ് പറഞ്ഞു.
‘‘ആണ്ടെ പുറത്ത് കിടപ്പുണ്ട് ചെന്ന് കേറ്.’’
പതിനൊന്ന് മണിക്ക് തന്റെ വീട്ടിലേക്ക് വരാൻ കമ്മത്തിനോട് പറഞ്ഞിട്ട് അവരെയും കൂട്ടി ഡേവിസ് വണ്ടിയോടിച്ച് പോയി.
18
നീണ്ട വർഷങ്ങൾക്കുശേഷം പക്കിസേട്ടിന്റെ നിറംമങ്ങിയ ഇളംനീല ഇംപാല കാർ അതിരാവിലെ തെരുവിലേക്കിറങ്ങി. ആളുകൾക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ക്ലീൻഷേവ് ചെയ്ത് പളപളാ വെളുത്ത കോട്ടും തുർക്കി തൊപ്പിയും വെച്ച് കാറിലിരുന്ന് ഹുക്ക പുകച്ച് പഴയതുപോലെ പക്കിസേട്ട് പുറത്തേക്ക് പുകയൂതുന്നു. എത്രയോ കാലങ്ങൾക്കുശേഷമാണ് അത്തരമൊരു കാഴ്ച അവർ കാണുന്നത്. പുകയില മണവും അംബറിന്റെ സുഗന്ധവും കൂടിക്കുഴഞ്ഞ് തെരുവ് മുഴുക്കെ പരക്കുന്നു. കാണുന്നവർ കാണുന്നവർ അറിയാതെ എഴുന്നേറ്റ് നിന്നു. ചിലർ അയാളെ കൈവീശി കാണിച്ചു. ചിലർ ഉറക്കെ സലാം പറഞ്ഞു. വലിപ്പ ചെറുപ്പമില്ലാതെ ആണും പെണ്ണുമടക്കം ഒരുപാട് ആളുകൾ കാറിന്റെ പിന്നാലെ പാഞ്ഞു.
പക്ഷേ, ആർക്ക് നേരെയും സേട്ടു നോക്കിയില്ല. ചില്ലിന് വെളിയിലേക്ക് നീട്ടിയിട്ട ഇടത് കൈയിലെ വിരലുകൾകൊണ്ട് എന്നത്തേയുംപോലെ ഗസലിന് താളം പിടിക്കുക മാത്രം അയാൾ ചെയ്തു. പാനീസ് ബാബുവിന്റെ മൂസാത്തെരുവ് ഒഴിച്ച് ബാക്കി ഇടങ്ങളിലേക്കുള്ള യാത്രകൊണ്ട് പക്കിസേട്ട് ഉദ്ദേശിച്ചത് കൃത്യമായി നടന്നു. ദീർഘകാല നിദ്രക്കു ശേഷം പൊടുന്നനെ ഏതോ മാന്ത്രിക കുഴലൂത്ത് കേട്ടുണർന്ന പോലെ കൊച്ചിക്കാരുടെ ഒരു വലിയ നിര അരമണിക്കൂറുകൊണ്ട് അയാളുടെ പിന്നിൽ രൂപപ്പെട്ടു. പക്കിസേട്ടിന്റെ യാത്ര ബീച്ചിലാണ് അവസാനിച്ചത്. കാറിൽനിന്നിറങ്ങിയ സേട്ടു ആളൊഴിഞ്ഞ ഭാഗത്തേക്ക് നടന്നു. നിരന്നുകിടന്ന മത്സ്യവള്ളങ്ങളും താണ്ടി അയാൾ മുന്നോട്ട് പോയി. അവിടെ ചീനവലകൾ പാകിയിരുന്ന ഭാഗത്ത് പാതി കരയിലും പാതി വെള്ളത്തിലുമായി കസ്റ്റംസ് സൂപ്രണ്ട് ജമാൽ കനിയുടെ ശവം കിടന്നിരുന്നു. ദൂരെ പുറംകടൽ ചാലിലൂടെ അവ്യക്തമായി നീങ്ങുന്ന കപ്പലിലേക്ക് നോക്കിനിൽക്കെ പക്കി സേട്ടുവിന്റെ
മുഖത്ത് തെളിച്ചമുള്ള ഒരു ചിരി പടർന്നു.
19
‘‘നിന്നെ ഓർത്ത് സരോജിനിക്ക് വലിയ സങ്കടമാർന്ന്.’’ ഭക്ഷണം കഴിക്കവെ തിത്തുമ്പി ഈഗിൾ ജെന്നിയോട് പറഞ്ഞു. ‘‘നിന്നെ രക്ഷിക്കണമെന്നും പറഞ്ഞ് കുറെ നാളായിട്ട് അവൾ ഇവിടെ വരുമായിരുന്നു. ചെപ്പുവാണെങ്കിൽ ആ സമയത്തൊന്നും ഇവിടെയില്ല. അവൻ ജയിലിലാർന്ന്. ഈ കിടപ്പ് കിടക്കുന്ന ഞാൻ എന്ത് ചെയ്യാനാണ്. എന്നിട്ടും ചോദിച്ചു, ഒരു പരിചയവുമില്ലാത്ത ഒരു പെണ്ണിനെ ഓർത്ത് നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നേന്ന്. അപ്പഴാ സരോജിനി അവളുടെ ജീവിതകഥ എന്നോട് പറയുന്നത്.’’ തിത്തുമ്പി ഒരു ദീർഘനിശ്വാസമെടുത്തു. പിന്നെ തുടർന്നു. ‘‘മോൾക്ക് അറിയാവോ, സ്വന്തം കൂടപിറപ്പുകളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാ അവളാ അംബാല കമ്മത്തിനെ കെട്ടിയത്. അല്ലാണ്ട് സ്നേഹം കൊണ്ടല്ല.
പള്ളിക്കൂടത്തിൽ പോകുന്ന പ്രായത്തിൽ അവളെ കണ്ട് പിറകെ കൂടിയതാ അവൻ. സ്വഭാവം ശരിയല്ലെന്ന് കണ്ട് ഒഴിയാനൊക്കെ കുറെ നോക്കി. പക്ഷേ അവൻ വിട്ടില്ല. എന്തൊക്കെ ചെയ്തിട്ടും സരോജിനി സമ്മതിച്ചില്ല. പക്ഷേ ഒടുക്കമൊരു ദിവസം അവളുടെ അപ്പയെ കാണാതെ പോയി. എന്ത് പറ്റിയെന്നോ എവിടെ പോയെന്നോ ആർക്കും അറിയില്ല. പിന്നെ ഒരുദിവസം കമ്മത്ത് അവളുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു, അപ്പയെ പോലെ ഓരോരുത്തരായി നിന്റെ അനിയന്മാരെയും കാണാതെ പോകുമെന്ന്. പാവം പേടിച്ചുപോയി. അങ്ങനെ കൂടിയതാ അവൾ. കേട്ടപ്പോ ഞാനും ഞെട്ടിപ്പോയി. പിന്നെ എന്താ ചെയ്യുക, ജീവിതം ഇവിടംവരെ എത്തിയില്ലേ...’’
അത്രയും പറഞ്ഞിട്ട് അടുപ്പിച്ച് കുറച്ചുനേരം തിത്തുമ്പി ചുമച്ചു. ജെന്നി അവരുടെ തല തടവിക്കൊടുത്തു. ചുമ ഒതുങ്ങിയപ്പോൾ അവർ സംസാരിക്കാൻ ആരംഭിച്ചു.
‘‘അരപ്പൊട്ടനാണേലും നീ ചില്ല് ബാറിൽ വരണത് വരെ ഈ ബിട്ടൂന് ഈ വക കുഴപ്പമൊന്നും ഇല്ലായിരുന്നു. പിന്നെപ്പിന്നെ അവനിൽ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. പഴയ കമ്മത്തിനെപ്പോലെ അവനും നിന്റെ മേല് പ്രാന്ത് കേറുന്നുണ്ടോന്ന് സരോജിനിക്ക് സംശയമായി. അങ്ങനെയിരിക്കുമ്പോഴാ അവളറിയുന്നത് ഇവന്മാര് നിന്നെ തട്ടിക്കൊണ്ട് വന്നതാന്ന്. അതവളെ വിഷമിപ്പിച്ചു. സരോജിനി നിന്നിൽ അവളെ തന്നെയാണ് കണ്ടത്. അങ്ങനെയാണ് നിന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് അവൾ എന്റടുത്ത് വന്നത്... പക്ഷേ, അതത്ര എളുപ്പമുള്ള കാര്യമല്ലല്ലോ? തൽക്കാലം ബിട്ടുവിനെ ഉപയോഗിക്കാമെന്ന് എന്റെ ബുദ്ധിമോശത്തിന് ഞാനാണ് പറഞ്ഞത്. അതാണിപ്പോ വലിയ കുരിശായി മാറിയിരിക്കുന്നത്... ചെപ്പുവാണെ അവന് സൂര്യന് വേണോന്ന് പറഞ്ഞാ അത് പിടിക്കാൻ പോകും.’’
അവർ പറഞ്ഞുനിർത്തി.
‘‘കൊക്കിന് ജീവനുണ്ടേൽ ഞാൻ സമ്മതിക്കത്തില്ല.’’ ജെന്നി പറഞ്ഞു. ‘‘ജീവിക്കുവാണേൽ അത് മാത്തുക്കുട്ടിയുടെ കൂടെ. ഇല്ലെങ്കി ചത്ത് കളയും. ഉമ്മക്കറിയാമോ ഈനാശുവിനെ പരിചയപ്പെട്ട് ബോംബേന്ന് തൃശൂർക്ക് ചാടിയത് സ്വസ്ഥമായി ഞങ്ങക്ക് ജീവിക്കാനാ. എന്നിട്ടും വിധിക്ക് വല്ല മാറ്റോമുണ്ടോന്ന് നോക്കിയെ? എന്നാ ചെയ്തിട്ടാന്നറിയാമ്മേല ഞങ്ങക്കൊക്കെ ജീവിതം എല്ലാടത്തും നരകമാ.’’
ജെന്നിയുടെ വാക്കുകൾ ഇടറി. അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് തിത്തുമ്പിക്ക് മനസ്സിലായില്ല. അവർക്കും അവളുടെ കാര്യത്തിൽ വിഷമം തോന്നി.
‘‘ചെപ്പുവിന്റെ കെട്ടുപൊട്ടിച്ച് മൂസാത്തെരുവിൽനിന്ന് നിന്നെ രക്ഷിക്കാൻ ഇനി ഒരാൾക്കെ കഴിയത്തൊള്ള്. പക്കിസേട്ടിന്റെ ഭാര്യ ആജുമ്മക്ക്...’’
തിത്തുമ്പി പറഞ്ഞുനിർത്തി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.