20
ബിട്ടുവിനെയും കൂട്ടി പതിനൊന്ന് മണിക്ക് അംബാല കമ്മത്ത് ഡിവൈ.എസ്.പി ഡേവിസിന്റെ വീട്ടിലെത്തി. പ്രാഞ്ചിയുടെ കാറും അയാൾ എടുപ്പിച്ചിരുന്നു.
‘‘മുഗൂർത്തം കുറിക്കാൻ ജോസ്യന്റടുത്ത് പോഗാന്ന് പറഞ്ഞിട്ട് ഇതെന്താ ഇബിടെ. ഇത് പോലീചിന്റെ ബീടല്ലെ.’’
കമ്മത്തിന്റെ വട്ടംനിന്ന് ബിട്ടു ചോദിച്ചു. അയാൾ അവനെ സമാധാനിപ്പിച്ചു.
‘‘മോനെ ജോത്സ്യനെ കാണാൻ ഇഷ്ടംപോലെ സമയമുണ്ട്. ആദ്യം ഈ പ്രശ്നമൊക്കെ തീരട്ടെ. ഇല്ലെങ്കി നമ്മള് കുറ്റിക്കാത്ത് പോകും. അകത്ത് പോയാ പിന്നെ നീ ജെന്നിയെ എങ്ങനെ കെട്ടും.’’
ബിട്ടുവിനെ വണ്ടിയിൽ ഇരുത്തി അയാൾ വീട്ടിലേക്ക് ചെല്ലുമ്പോൾ ഡിവൈ.എസ്.പി ഡേവിസ് അമ്മ ട്രീസയുമായി അകത്തെ മുറിയിൽനിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു. അടക്കവും ഒതുക്കവുമുള്ള രണ്ട് കുട്ടികളെപ്പോലെ പ്രാഞ്ചിയുടെ അപ്പുറവും ഇപ്പുറവുമായി ആമോസും തമ്പാനും മാറി ഇരിപ്പുണ്ട്. എപ്പോഴും തെറിച്ച് തുള്ളിനടക്കുന്ന ഇവർക്ക് ഇതെന്തുപറ്റിയെന്ന ചിന്തയിലാണ് പ്രാഞ്ചി.
‘‘ഇത്രേം നാള് തമ്മി തല്ലാർന്ന്, ഇപ്പ ഇതെന്നാ ഒരുമിച്ചൊരു കൂത്താട്ടവെന്നാ എനിക്ക് മനസ്സിലാവാത്തെ.’’
ഡേവിസ് അമ്മച്ചിയോട് പറഞ്ഞു.
‘‘അതെന്നതെങ്കിലുമാവട്ടെ. തമ്പാനപ്പച്ചിയെ വിട്ടേച്ച് ആമോസിനെ മാത്രവായിട്ട് നീയങ്ങ് പൂട്ട്? നാറി ജയിലിൽ കിടന്ന് തീരട്ടെ.’’
നടക്കുന്ന കാര്യമല്ലെന്ന് അറിയാമായിരുന്നിട്ടും ട്രീസ മകനോട് പറഞ്ഞു. പക്ഷേ, അവരുടെ സ്വഭാവമായിരുന്നില്ല ഡേവിസിന്. രണ്ട് അമ്മാവന്മാരും അവന് ഒരുപോലെയായിരുന്നു.
‘‘ആ വെള്ളം അമ്മച്ചിയങ്ങ് വാങ്ങിവെച്ചേര്.’’ ഡേവിസ് ദേഷ്യപ്പെട്ടു. ‘‘ഞാൻ വിളിച്ചത് ഇതിനൊന്നുമല്ല. ഉച്ചത്തെ ഊണ് കഴിച്ചേച്ച് മര്യാദയ്ക്ക് കൊച്ചി വിട്ടോളാൻ പൊന്നാങ്ങളയോട് പറഞ്ഞേക്കണം. ഇല്ലെങ്കി എനിക്കെടുത്ത് അകത്തിടേണ്ടി വരും. ചില്ലറ കിടുതാപ്പല്ല രണ്ടും കൂടെ ഇവിടെ ഉണ്ടാക്കി വെച്ചേക്കണത്. വെടിവെപ്പ് കേസാ.’’
ഫോൺ തമ്പാന് കൊടുത്തിട്ട് ഡേവിസ് ആമോസിനെ നോക്കി. അയാൾ തല കുമ്പിട്ടിരിക്കുകയാണ്.
‘‘പറഞ്ഞത് ആമോസ് അപ്പച്ചിയോടും കൂടാ. ആ കമ്മത്ത് പുറത്ത് വന്നിട്ടുണ്ട്. എന്നതാന്ന് വെച്ചാ വന്ന് അയാളുടെ ഇടപാട് തീർത്തേച്ച് ഹൈറേഞ്ച് പിടിക്കാൻ നോക്ക്.’’
പ്രാഞ്ചിക്ക് ആശ്വാസം തോന്നി. ഇന്നുതന്നെ രണ്ടും സ്ഥലം വിട്ടോളുമല്ലോ. ഡേവിസ് പോയതും ആമോസ് ചെവിയിൽ സ്വകാര്യംപോലെ പറഞ്ഞു.
‘‘നീ വിഷമിക്കണ്ട, ജെന്നിമോളുടെ കാബറെ നീ കണ്ടിരിക്കും. അവളെ പൊക്കാണ്ട് നമ്മള് ഈ കൊച്ചി വിടൂല്ല.’’
പ്രാഞ്ചിക്ക് വീണ്ടും വെപ്രാളം കയറി. അവൻ ദയനീയമായി തമ്പാനെ നോക്കി. ഫോണിലും ജെന്നിതന്നെയാണ് സംസാരവിഷയം.
‘‘ഈ കാബറേന്ന് വെച്ചാ എന്തുവാ...’’
ട്രീസ തമ്പാനോട് ചോദിച്ചു.
‘‘ഓ അത് വേറൊന്നുമല്ല കൊച്ചേ, ഇച്ചിരെ തുണിയുടുത്ത് പെണ്ണുങ്ങള് കളിക്കുന്ന ഒരുതരം ഡാൻസാ കാബറെ.’’
തമ്പാൻ വിശദീകരിച്ചുകൊടുത്തു.
‘‘അത് കൊള്ളാലോ.’’ ട്രീസ അത്ഭുതംകൂറി. ‘‘ഡേവി നാറിയോട് പോയി പണി നോക്കാൻ പറ. ഇച്ചായൻ അവളെ കിട്ടിയിട്ട് വന്നാമതി. എനിക്കും കാണണം കാബറെ.’’
‘‘നീ വെച്ചോ പെണ്ണെ. ജെന്നിമോളേംകൊണ്ടേ ഇച്ചായൻ മലകയറത്തൊള്ള്.’’
പ്രാഞ്ചിയുടെ ബാക്കി ജീവനും പോയി. ഈ കെളവന്മാർ തന്നേയുംകൊണ്ടേ പോകത്തുള്ളൂ എന്നവന് തോന്നി. അവർ ഹാളിലേക്ക് ചെന്നു. കാറിന്റെ താക്കോൽ പ്രാഞ്ചിയെ ഏൽപിച്ചശേഷം കമ്മത്ത് സംസാരിച്ചുതുടങ്ങി.
‘‘ആളും തരവുമറിയാതെ അങ്ങോട്ടുമിങ്ങോട്ടും ചിലതൊക്കെ പറ്റിപ്പോയി. ഒന്നും മനസ്സില് വെക്കരുത്.’’
‘‘മനസ്സിൽ ഒന്നും വെയ്ക്കുന്നില്ല.’’
ഒന്നുമറിയാത്തപോലെ ആമോസ് പറഞ്ഞു.
‘‘എന്റെ പിള്ളേര് കാരണം നിങ്ങക്കുണ്ടായ നഷ്ടത്തിന് പരിഹാരം ഞാൻ ചെയ്തോളാം. എനിക്കുണ്ടായ നഷ്ടം നിങ്ങളും പരിഹരിക്കണം.’’ കമ്മത്ത് പറഞ്ഞു.
‘‘ഞാനുണ്ടാക്കിയ നഷ്ടം ഞാനായിട്ട് ഇന്നേവരെ നികത്തിയിട്ടില്ല. എന്നാലും ഡേവിക്കുഞ്ഞ് പറഞ്ഞതുകൊണ്ട് മാത്രം കമ്മത്തിന്റെ കാര്യത്തിൽ ആ ശീലം ഞാനങ്ങ് തെറ്റിക്കാം. നിനക്ക് നഷ്ടം ബാറിലെ നാല് ചില്ലല്ലേ, അത് ഞാൻ മാറി തന്നേക്കാം. എന്നുവെച്ച് എന്റെ നഷ്ടം നീ പരിഹരിക്കുവൊന്നും വേണ്ട കേട്ടോ.’’
ആമോസ് പരിഹസിച്ചതാണെന്ന് കമ്മത്തിന് മനസ്സിലായി.
‘‘എനിക്കുമതേ പറയാനൊള്ള്. പകുതി ചില്ല് ഞാനും മാറി തന്നേക്കാം.’’ തമ്പാനും പറഞ്ഞു.
‘‘എന്റെ നഷ്ടം നാല് ചില്ല് മാത്രമല്ലെന്ന് എനിക്കുമറിയാം നിങ്ങൾക്കുമറിയാം. അതിന്റെ പേരിൽ നമ്മള് തമ്മില് ഇനി ഒരു പിടുത്തം വേണോ?’’
കമ്മത്ത് ഡേവിസിന് നേരെ തിരിഞ്ഞു.
‘‘എം.എൽ.എ ഫിലിപ്പ് മാഷ് കാര്യങ്ങളൊക്കെ നല്ല വെടിപ്പിന് സാറിനോട് പറഞ്ഞിട്ടുണ്ട്. ആ ഉറപ്പിലാ ഞാൻ ഈ ഒത്തുതീർപ്പിന് വന്നേ. അല്ലാതെ പേടിച്ചിട്ടല്ല.എന്റെ മുതല് തിരിച്ച് തന്നേക്കാൻ ഇവരോട് പറ സാറെ.’’
‘‘മുതലോ? എന്ത് മുതല്? എന്റെ ഡേവി കുഞ്ഞേ ഇങ്ങേര് പറയണതൊന്നും എനിക്ക് മനസ്സിലാവുന്നില്ല.’’
നിഷ്കളങ്കമായി തമ്പാൻ പറഞ്ഞു.
‘‘കമ്മത്ത് ഇമ്മാതിരി നാക്ക് ദോഷം പറഞ്ഞാ ഡേവിക്കുഞ്ഞ് ഓർക്കത്തില്ലയോ ഞങ്ങള് തന്റെ ഏതാണ്ടും കട്ടെടുത്തെന്ന്. മാനം മര്യാദയ്ക്ക് ജീവിക്കുന്ന കുടുമ്മത്തി കേറി കുത്തിത്തിരുപ്പ് ഉണ്ടാക്കരുത്.’’
തമ്പാനേക്കാൾ നിഷ്കളങ്കമായി ആമോസ് പറഞ്ഞു.
‘‘അതിക്രമിച്ച് കേറി എന്റെ വീട്ടിൽ കൊള്ള നടത്തി എന്റെ ബോട്ടേൽ തന്നെ ആ കൊള്ളമുതല് കടത്തിയിട്ട് രണ്ടുംകൂടെ ഇപ്പ എന്നെ കള്ളനാക്കുവാന്നോ?’’
കമ്മത്തിന് ദേഷ്യം വന്നു.
‘‘പൊന്ന് ഡേവിക്കുഞ്ഞേ ഈ കമ്മത്തിന് ആള് തെറ്റിയോന്ന് അപ്പച്ചിക്ക് സംശയമുണ്ട്.’’ പ്രാഞ്ചിയെ പിടിച്ച് മുന്നിലേക്ക് നിർത്തിയിട്ട് തമ്പാൻ തുടർന്നു. ‘‘ദേ, ഷെയറുകാരൻ ഇന്നലെ തൊട്ട് നിഴലുപോലെ കൂടെയുണ്ട്. കുത്തിയോ തല്ലിയോ എങ്ങനാന്ന് വെച്ചാ കുഞ്ഞ് ഇവനോട് കാര്യങ്ങൾ ചോദിക്ക്. അപ്പ അറിയാല്ലോ സത്യമെന്നാന്ന്.’’
പ്രാഞ്ചിയുടെ മുട്ടുവിറച്ചു. തന്നെ പൊലീസിന്റെ ഇടികൂടി ഇവർ കൊള്ളിക്കുമെന്ന് അവന് തോന്നി. പെെട്ടന്ന് ഡേവിസിന്റെ ലാൻഡ് ഫോൺ ബെല്ലടിച്ചു. ഇപ്പ വരാമെന്ന് പറഞ്ഞ് അയാൾ ഫോണെടുക്കാൻ പോയി. ആ സമയം കമ്മത്തിന്റെ അടുക്കലേക്ക് ആമോസ് ചെന്നു.
‘‘എടാ പൊന്നുനാറി നീ ഈ പറയുന്ന മൊതലുണ്ടല്ലോ അതിന്നലെ തന്നെ ഞങ്ങൾ അന്തസ്സായിട്ട് കച്ചോടം ചെയ്തു. നാളെ അതിന്റെ കാശും വാങ്ങി ലാഭോം വീതിച്ചിട്ടേ ഞങ്ങള് മലകയറത്തുള്ളൂ. മേടിക്കാൻ ആമ്പിയർ ഉണ്ടെങ്കി അതിനുള്ളിൽ നീ മേടിക്ക്. വെറുതെ ഇവിടെ കിടന്ന് മോങ്ങാണ്ട് ഏറ്റ് പോടാ പന്നി.’’
അതുകണ്ട് തമ്പാനും എഴുന്നേറ്റു. കമ്മത്തിന്റെ നേരെ ചെല്ലുന്നതിന് പകരം ബലമായി പ്രാഞ്ചിയുടെ ഷർട്ട് പൊന്തിക്കുകയാണ് അയാൾ ചെയ്തത്. പ്രാഞ്ചി പതറിപ്പോയി. അവന്റെ വയറ്റിലുണ്ടായിരുന്ന കുത്ത് കിട്ടിയ പാട് കമ്മത്തിനെ കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു.
‘‘പോകുന്നേന് മുമ്പ് നിന്റെ കൂടെ നടക്കണ ആ മൂങ്ങാക്കിറിയനില്ലെ, പോർക്ക് ഷാജി, അവനെ സ്പെഷ്യലായിട്ട് ഞാനൊന്ന് കാണുന്നുണ്ട്. അങ്ങോട്ടുമിങ്ങോട്ടും ഒരിഞ്ച് മാറാതെ ദേ ഇതുപോലൊരു കുത്തിക്കെട്ട് അവന്റെ വയറ്റിൽ ഞാൻ സ്ഥാപിച്ചിരിക്കും.’’
ആ സമയം തിരക്കിട്ട് ഡേവിസ് പുറത്തേക്ക് വന്നു. ഭാര്യ ആനിയും അപ്പോഴയാളുടെ കൂടെ ഉണ്ടായിരുന്നു. അവരെ കണ്ടതും പ്രാഞ്ചിയുടെ ഷർട്ട് താഴ്ത്തിയിട്ടശേഷം ഒന്നും സംഭവിക്കാത്തതുപോലെ നിഷ്കളങ്ക ഭാവത്തിൽ തമ്പാൻ ചിരിച്ചു.
‘‘കമ്മത്തെ എനിക്ക് അത്യാവശ്യമായി പോകണം.’’ ഡേവിസ് പറഞ്ഞു. ‘‘ആ കസ്റ്റംസ് സൂപ്രണ്ട് ജമാൽ കനിയുടെ ശവം കടലീന്ന് കിട്ടിയിട്ടുണ്ട്. ആരോ കൊന്നിട്ടതാ. അങ്ങോട്ട് ചെല്ലാതിരിക്കാൻ പറ്റത്തില്ല. നമുക്ക് വൈകിട്ട് ഇരിക്കാം.’’
അതുകൂടി കേട്ടപ്പോൾ ഭയവും ദേഷ്യവും കമ്മത്തിന്റെ നില തെറ്റിച്ചു. അയാൾ പൊട്ടിത്തെറിച്ചു.
‘‘നീയിനി ഒരു കോപ്പുമിരിക്കണ്ട. നിന്റെ മോളിലുമുണ്ടല്ലോ തൊപ്പിക്കാര്. എന്നാ ചെയ്യണോന്ന് എനിക്കറിയാം. നാട്ടിൽ വിളിച്ച് അമ്മാച്ചന്മാർക്ക് നീ രണ്ട് കുഴി പറഞ്ഞേര്.’’
‘‘നീ ഒലത്തും പന്നി.’’ അവരെ പറഞ്ഞത് ഡേവിസിന് ഇഷ്ടമായില്ല. കമ്മത്തിനെ പിടിച്ച് നിർത്തി അവൻ ഒന്ന് പൊട്ടിച്ചു. ‘‘നിന്നേക്കാൾ മണിവലിപ്പുള്ളവന്മാര് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട്. എന്നിട്ടും നടന്നില്ല ഇവർക്കുള്ള കുഴിയെടുപ്പ്.’’ ഒറ്റയടിക്ക് താഴെ വീണ കമ്മത്തിനെ അവൻ വലിച്ചു പൊക്കി. ‘‘നിനക്കറിയാവോ കർത്താവിനെ വിളിക്കാൻ പഠിച്ച കാലം തൊട്ട് ഇതുങ്ങള് ഒരുമിക്കണേന്നല്ലാണ്ട് വേറൊന്നും ഞാൻ പ്രാർഥിച്ചിട്ടില്ല. ഒത്തിരി കൊതിച്ചിട്ടുണ്ടേലും ഈ ജന്മത്ത് എന്റെ അപ്പച്ചിമാരെ ഇങ്ങനെ കാണാൻ പറ്റൂന്ന് ഞാൻ കരുതിയതല്ല. പക്ഷേ നിന്റെ കേസിൽ അത് കാണാൻ പറ്റി. അതിന്റെ നന്ദിക്ക് നിന്നെ ഞാൻ വിട്ടേക്കുവാ. ഇറങ്ങി പോടാ.’’
ഡേവിസിന്റെ വാക്കുകൾ ആമോസിെന്റയും തമ്പാന്റെയും ഉള്ളു തൊട്ടു.
‘‘എടാ തെണ്ടി കമ്മത്തെ, ഇവര് ആപത്തിൽപെടുവെന്ന് പേടിച്ചല്ല ഞാൻ ഇതിലിടപെട്ടെ. ഇവരുടെ കൈകൊണ്ട് നീ ആപത്തിൽപെടുവെന്ന് പേടിച്ചിട്ടാ.’’
കമ്മത്തിനെ വെളിയിലേക്ക് തള്ളിയിട്ട് ഭിത്തിയിൽ തൂക്കിയിരുന്ന ഒരു ചാവിയെടുത്ത് ഡേവിസ് ആമോസിന്റെ നേർക്ക് എറിഞ്ഞു.
‘‘ഔട്ട് ഹൗസിന്റെ താക്കോലാ. ആവശ്യമുള്ളത് മാത്രവേ എടുക്കാവൂ... വന്ന കാര്യത്തിന് തീരുമാനം ഉണ്ടാക്കിയിട്ട് നിങ്ങള് ഇനി പോയാ മതി. ബാക്കിവരുന്നത് ഞാൻ നോക്കിക്കോളാം.’’
ആമോസ് താക്കോൽ പിടിച്ചു.
‘‘പിന്നെ, ഇത് ഹൈറേഞ്ചല്ല. കൊച്ചിയാ, ഒറ്റതിരിഞ്ഞുള്ള അഭ്യാസം ഇവിടെ ഓടത്തില്ല. രണ്ടും കട്ടക്ക് നിന്നോണം.’’
പരസ്പരം നോക്കി തലകുലുക്കി സമ്മതം പ്രകടിപ്പിച്ചിട്ട് ആമോസും തമ്പാനും പുറത്തേക്കിറങ്ങി.
‘‘എനിക്കു വേണ്ടി പ്രതികാരമൊന്നും ചെയ്യണ്ട. എനിക്ക് ആരോടും പിണക്കവൊന്നൂല്ല.’’
പ്രാഞ്ചി തമ്പാനോട് പറഞ്ഞു. അയാൾ അവന്റെ തോളിൽ കൈയിട്ടു.
‘‘നിനക്ക് പിണക്കമില്ലെന്ന് കരുതി പ്രതികാരം ചെയ്യാണ്ടിരുന്നാ കുറച്ചില് ഞങ്ങക്കാ, നീ നമ്മടെ ഷെയറുകാരനല്ലേടാ.’’
പ്രാഞ്ചി തളർന്നു. അവൻ തമ്പാന്റെ കൈ തട്ടിമാറ്റി.
അവർ പോയ പിറകെ ആനി ഡേവിസിനോട് ചോദിച്ചു .
‘‘നിങ്ങളിതെന്നാ പണിയാ ഈ കാണിച്ചെ, കർത്താവ് തമ്പുരാന് മാത്രമറിയാം ഇനി എന്നാ ക്കെ പുകിലുണ്ടാകുമെന്ന്. അറിയാല്ലോ രണ്ടിന്റേം സ്വഭാവം.’’
‘‘എടി ആനി, ഇതുങ്ങളെ തമ്മിലിണക്കാൻ ഇത്രേം നല്ലൊരു ചാൻസ് ഈ ജന്മത്ത് ഇനി കിട്ടൂല്ല. ഇതിനുവേണ്ടി മാത്രവാന്ന് തോന്നുന്നു കർത്താവ് തമ്പുരാൻ ആ ഈഗിൾ ജെന്നീടെ കാബറേ കൊച്ചിയിൽ ഫിറ്റ് ചെയ്തത്.’’
ഡേവിസ് പുറത്തേക്ക് ചെല്ലുമ്പോൾ കമ്മത്ത് അയാളുടെ വണ്ടിയുടെ അടുത്തേക്ക് നടക്കുകയായിരുന്നു. കമ്മത്തിനെ കണ്ട് ബിട്ടു കാറിൽനിന്നിറങ്ങി.
‘‘ഇനി നമ്മക്ക് ജോസ്യനെ കാണാൻ പോഗാല്ലോ?’’
‘‘അവന്റെ ഒരു ജ്യോത്സ്യൻ. മിണ്ടാതെ വണ്ടിയെ കേറടാ.’’
നിലവിട്ടുപോയ കമ്മത്ത് അവനെ പിടിച്ചുതള്ളി. പക്ഷേ പ്രതീക്ഷിക്കാത്തത് നടന്നു. കലികയറിയ ബിട്ടു കമ്മത്തിനെ തിരിച്ചുതള്ളിയിട്ട് തലേന്ന് ജമാൽ കനിയെ കുത്തിയ കത്തിയെടുത്ത് അയാളുടെ കഴുത്തിൽ വെച്ചു.
‘‘ഗോപ്പെ, ഇപ്പ മുഗൂർത്തം കുതിച്ചോണം, ഇല്ലെങ്കി ഇന്നലെ മട്ടവനെ കൊന്നപോലെ നിന്നേം ഞാൻ കൊല്ലും.’’
ഡേവിസ് ശ്രദ്ധിക്കുന്നത് കണ്ട് കമ്മത്ത് അടപടലം വിറച്ചുപോയി. അയാൾ ബിട്ടുവിന്റെ വായ പൊത്തി.
‘‘കുറിക്കാം മോനെ മൂഹൂർത്തം ഇപ്പതന്നെ കുറിക്കാം.’’
ഔട്ട് ഹൗസ് തുറന്ന് കണ്ടതും പ്രാഞ്ചിയുടെ ബാക്കി ജീവനും കൂടി പോയി. അതിനുള്ളിൽ ഇല്ലാത്ത ആയുധങ്ങളില്ല.
‘‘കുടുംബം മുഴുക്കെ ഇങ്ങനാണോ?’’
പ്രാഞ്ചി ആമോസിനോട് പതിയെ ചോദിച്ചു.
‘‘ഇവൻ മാത്രവാ ഇങ്ങനെ, പതുക്കനയെ ചാർജ് കേറത്തൊള്ള്. കേറിയാ പിന്നെ ഫുൾ പവ്വറാ.’’
രണ്ട് സഞ്ചിക്കുള്ള തോട്ടകൾ മാത്രമെടുത്തിട്ട് കാറിൽ കയറി ഈഗിൾ ജെന്നിയെ തപ്പി അവർ കൊച്ചിയിലേക്ക് ഇറങ്ങി. തമ്പാനെ മുന്നിലിരുത്തി ആമോസ് ഡ്രൈവ് ചെയ്യുന്ന കാഴ്ച അത്ഭുതത്തോടെ ആനി കണ്ടു. കാറിന്റെ പിന്നിലിരുന്ന പ്രാഞ്ചി സമസ്ത ദൈവങ്ങളെയും മനസ്സുരുകി വിളിച്ചു.
21
തകർന്ന് കിടക്കുന്ന ചില്ല് ബാറിലിരുന്ന് ജോത്സ്യൻ മുഹൂർത്തം നോക്കാൻ തുടങ്ങി. അതീവ സന്തോഷവാനായി ബിട്ടു അയാളുടെ മുന്നിൽ ഇരിപ്പുണ്ട്. ഗതികേടിന്റെ അങ്ങേയറ്റത്തെത്തിയ അംബാല കമ്മത്ത് ആകെ വിവശനായിരുന്നു. പോർക്ക് ഷാജിയെ മാറ്റിനിർത്തി അയാൾ പറഞ്ഞു.
‘‘മുഹൂർത്തം നീട്ടിക്കുറിച്ച് ജോത്സ്യൻ സമയമുണ്ടാക്കി തന്നോളും. അതിനുള്ളിൽ ജെന്നി തീർന്നിരിക്കണം. ഒരു കാരണവശാലും അവൾ ഇനി ജീവച്ചിരിക്കാൻ പാടില്ല. അബദ്ധത്തിൽ എങ്ങാനും അവള് ആ ഡേവിസിന്റെ കൈയിൽ പെട്ടാൽ ജമാൽകനിയുടെ കേസ് തലയ്ക്ക് തൂങ്ങും. ആ സായിപ്പ് നാറിയെ വിശ്വസിച്ചതാ നമ്മക്ക് പറ്റിയ തെറ്റ്. ഇല്ലെങ്കി ശവം നമ്മക്ക് ഒതുക്കാരുന്നു. കാശ് വാങ്ങി മൂഞ്ചിയിട്ട് കഴുവേറി പറ്റിച്ചു കളഞ്ഞു.’’
‘‘ഇന്നവളെ കിട്ടും മുതലാളി പിള്ളേര് ആഞ്ഞ് തപ്പുന്നുണ്ട്.’’
ഷാജി ഉറപ്പ് കൊടുത്തു. ‘‘തെക്ക് അർത്തുങ്ക തൊട്ട് വടക്ക് പൊന്നാനി വരെയുള്ള, ആളുകൾ ഇറങ്ങിയിട്ടുണ്ട്. പോരാഞ്ഞിട്ട് തക്കലേന്ന് മീൻ പണിക്ക് വന്ന തമിഴന്മാരും നമ്മടെ കൂടെയുണ്ട്. മുതലാളി കണ്ടോ ജെന്നി മാത്രവല്ല, മറ്റേ കിഴക്കൻ എരപ്പകളും ഇന്ന് തീർന്നിരിക്കും. അവന്മാര് ഗോഡൗണിലേക്ക് വരുവെന്നല്ലേ പറഞ്ഞത്. വരട്ടെ അവന്മാർക്കുള്ള കെണി ഞാൻ അവിടെ ഒരുക്കിയിട്ടുണ്ട്.’’
‘‘ജെന്നിയെ തിരക്കി ഇനി എങ്ങോട്ടും പോകണ്ട. ഏതേലും ഒരുത്തനെ ബിട്ടുവിന്റെ പിറകെ വിട്ടാ മതി.’’
കമ്മത്ത് ഏൽപിച്ചിരുന്നതുപോലെ ജോത്സ്യൻ ഒരുമാസം കഴിഞ്ഞുള്ള ഒരു തീയതി ബിട്ടുവിനോട് പറഞ്ഞു. അവൻ അത് സന്തോഷത്തോടെ സമ്മതിച്ചു. ആ വിവരം ജെന്നിയോട് പറയാൻവേണ്ടി അവൻ ചില്ലു ബാറിൽനിന്നിറങ്ങി. പിന്നാലെ ഷാജിയുടെ ഗുണ്ടയും.
22
ഇൻക്വസ്റ്റ് നടക്കുമ്പോൾ ജമാൽ കനിയുടെ ബോഡിക്ക് സമീപം ഡിവൈ.എസ്.പി ഡേവിസ് ഉണ്ടായിരുന്നു. അയാളുടെ മരണത്തിൽ രണ്ടുപേരെ പൊലീസും കസ്റ്റംസും ഒരുപോലെ സംശയിച്ചു. ഒന്നുകിൽ പക്കി സേട്ടു അല്ലെങ്കിൽ അംബാല കമ്മത്ത്. പക്ഷേ, കൂടുതൽ സംശയം സേട്ടുവിന്റെ മേലായിരുന്നു. പുറംലോകവുമായി ബന്ധമില്ലാതെ വർഷങ്ങളോളം വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുക. ഒരു സുപ്രഭാതത്തിൽ വീട് വിട്ടിറങ്ങി കൃത്യമായി ഒരാളുടെ ശവം കണ്ടുപിടിക്കുക. സേട്ടുവിനെ സംശയിക്കാൻ ഇത്രയും കാരണങ്ങൾ ധാരാളമായിരുന്നു. എന്നാൽ ഡിവൈ.എസ്.പി ഡേവിസിന്റെ മനസ്സിൽ മാത്രം ബിട്ടുവായിരുന്നു കൊലയാളി.
പക്ഷേ, അയാൾ അതാരോടും പറഞ്ഞില്ല. എന്തിനുവേണ്ടി ബിട്ടു അയാളെ കൊല്ലണമെന്ന ചോദ്യത്തിന് ഒരുത്തരം കണ്ടെത്താതെ അത് പുറത്തുപറയാൻ കഴിയില്ല. സിഗരറ്റ് കത്തിച്ച് അയാൾ കടൽക്കരയിലൂടെ നടന്നു. പോർക്ക് ഷാജിയെപോലെ നൂറുകണക്കിന് ആളുകൾ കൂടെയുള്ളപ്പോൾ സ്വന്തം മകൻ ഒരു കൊലചെയ്യാൻ കമ്മത്ത് സമ്മതിക്കില്ല. അല്ലെങ്കിലും വഴിവിട്ട് തനിക്കുവേണ്ടി എന്തും ചെയ്യുന്ന ജമാൽകനിയെ എന്തിനയാൾ കൊല്ലണം? ഇതിലെല്ലാമുപരി ബിട്ടു എന്തിനാണ് അയാൾക്ക് നേരെ കത്തിയെടുത്തത്? നൂറായിരം ചിന്തകൾ അയാളെ അലട്ടി. സിഗരറ്റ് ദൂരേക്ക് കളഞ്ഞിട്ട് വണ്ടിയെടുത്ത് ഡേവിസ് അവിടെ നിന്ന് പോയി.
23
മൂസാത്തെരുവിലേക്ക് കയറുന്നിടത്ത് വെച്ച് ഡേവിസിന് ബിട്ടുവിനെ കിട്ടി. പക്ഷേ, തട്ടിത്തെറുപ്പിച്ചിട്ട് അവൻ ഓടിക്കളഞ്ഞു. ഡ്രൈവർ പൊലീസുകാരൻ മാത്രമായിരുന്നു അപ്പോൾ ഡേവിസിനൊപ്പം ഉണ്ടായിരുന്നത്. ബിട്ടുവിന്റെ പിന്നാലെ പോർക്ക് ഷാജി വിട്ട ഗുണ്ട ഇതൊക്കെ കണ്ട് വന്നവഴിക്ക് തിരിച്ചുപോയി. മൂസാത്തെരുവ് നന്നായി അറിയാവുന്ന ബിട്ടു ഊടുവഴികളിലൂടെ പാഞ്ഞു. എങ്കിലും ഡേവിസ് വിട്ടില്ല. പൊലീസുകാരനേയും കൂട്ടി അവൻ പിന്നാലെ ഓടി. ചില വീടുകളുടെ മുൻവാതിലിൽ കൂടി കയറുന്ന ബിട്ടു വേറേ ചില വീടിന്റെ പിൻവാതിൽ വഴി പുറത്ത് ചാടി ഡേവിസിനെ കുഴപ്പിച്ചു.
തെരുവിലുണ്ടായിരുന്ന ചെപ്പുവിന്റെ ആളുകൾ നേരത്തെ ജെന്നിയെ പിന്തുടർന്നതുപോലെ സൈക്കിളുകളുമായി വന്ന് ഡേവിസിനെ പ്രതിരോധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. സൈക്കിളിന്റെ പിന്നിൽ കൊരുത്തിട്ട മാലപ്പടക്കങ്ങൾ പൊട്ടിച്ച് സൈക്കിളുകൾ അവനെ പൊതിഞ്ഞു. പുകയും തീയും മൂടി ശ്വാസംമുട്ടുന്ന അവസ്ഥ വരെയെത്തി. എങ്കിലും പിന്മാറിയില്ല. എല്ലാം മറികടന്ന് ഡേവിസ് മുന്നോട്ട് തന്നെ പോയി. പക്ഷേ കൂടെയുണ്ടായിരുന്ന പൊലീസുകാരൻ അതോടെ ഭയപ്പെട്ട് തിരിച്ച് ഓടിക്കളഞ്ഞു. ആൺ പെൺ വ്യത്യാസമില്ലാതെ കൈയിൽ കിട്ടിയതൊക്കെ വെച്ച് ആളുകൾ ഡേവിസിനെ എറിഞ്ഞുകൊണ്ടിരുന്നു. ഇടുങ്ങിയ വീടുകളുടെ മുന്നിലൂടെ ബിട്ടു കടന്നുപോയ പിന്നാലെ സിമന്റ് തേച്ച വഴികളിൽ മണ്ണെണ്ണ ഒഴിച്ചശേഷം സ്ത്രീകൾ തീയിട്ടു. ആസ്ബസ്റ്റോസ് വീടുകളുടെ മുകളിൽനിന്ന് അവന്റെ മേലേക്ക് പുതപ്പുകൾ വീശിയെറിഞ്ഞു. ചെറിയ കുട്ടികളുടെ കൂട്ടത്തെ അപ്രതീക്ഷിതമായി വഴിയിലേക്ക് തള്ളിവിട്ടു.
സമയം ചെല്ലുംതോറും ആളുകളുടെ എണ്ണവും പ്രതിരോധത്തിന്റെ രീതികളും മാറിവരികയും അവൻ ഒറ്റപ്പെടുകയുംചെയ്തു. ദീർഘനേരത്തെ ഓട്ടത്തിനൊടുവിൽ ഒടുക്കമവർ ചെപ്പുവിന്റെ മുന്നിലെത്തപ്പെട്ടു. അപ്പോൾ അവർക്കു ചുറ്റും മൂസാത്തെരുവ് മുഴുവനുണ്ടായിരുന്നു. എങ്കിലും ഡേവിസ് പതറിയില്ല. അവൻ തോക്ക് ബിട്ടുവിന്റെ തലക്ക് വെച്ചു. യാതൊരു ഭാവഭേദവുമില്ലാതെ മുന്നോട്ടു വന്ന ചെപ്പു തോക്ക് പിടിച്ച് താഴ്ത്തി. എന്നിട്ട് ആളുകളോട് പിരിഞ്ഞു പോകാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. നിമിഷനേരംകൊണ്ട് ഡേവിസും ബിട്ടുവും ചെപ്പുവും മാത്രം അവിടെ അവശേഷിച്ചു. ബിട്ടുവിന്റെ തോളിൽ കൈയിട്ട് ചെപ്പു നടന്ന് മറയുന്നത് ഡേവിസ് നിരാശയോടെ കണ്ടുനിന്നു.
24
പക്കിസേട്ടിന്റെ ഇംപാല കാർ മൂസാത്തെരുവിലേക്ക് കയറി. പാനീസ് ബാബുവിന്റെ മരണശേഷം അങ്ങനെയൊന്ന് ആദ്യമായിരുന്നു. സേട്ടുവിനൊപ്പം പിൻസീറ്റിൽ ആജുമ്മ ഇരിക്കുന്നുണ്ട്. മുന്നിലെ സീറ്റിൽ സരോജിനി അമ്മാളും. ഒരുപാട് ഓർമകൾ ആ കാറിനൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു. കൊച്ചിയിൽ പക്കിസേട്ടുവിനെ വെറുക്കുന്ന ഒരേയൊരു തെരുവാണ് മൂസാത്തെരുവ്. കഥകളിൽ കേട്ടിട്ടുണ്ടെന്നല്ലാതെ അയാളെ അറിയുകപോലുമില്ലാത്ത കൊച്ചുകുട്ടികളിൽ പോലുമുണ്ട് ആ വെറുപ്പ്. എന്നാൽ ആജുമ്മയോട് ആ വിരോധം ആർക്കുമുണ്ടായിരുന്നില്ല. ചെപ്പുവും തിത്തുമ്പിയും അവരെ സ്നേഹിച്ചതുപോലെ മൂസാത്തെരുവും അവരെ സ്നേഹിച്ചു. എല്ലാ ദേഷ്യങ്ങളും സേട്ടുവിനോട് മാത്രമായിരുന്നു. എന്നിട്ടും ഇതിന് മുമ്പ് ഒരിക്കൽപോലും ആജുമ്മ മൂസാത്തെരുവിലേക്ക് പോയില്ല. ചെപ്പുവും തിത്തുമ്പിയും അവരെ അങ്ങോട്ടു ചെന്ന് കാണുകയായിരുന്നു പതിവ്. താൻ ഒറ്റക്ക് പൊയ്ക്കോളാം എന്ന് ആവുന്നത്ര പറഞ്ഞിട്ടും സേട്ടു സമ്മതിച്ചില്ല. എന്തോ താനും കൂടെവരാമെന്ന് അയാൾ നിർബന്ധം പറയുകയായിരുന്നു. വഴിയുടെ അവസാനം കാർ നിർത്തിയിട്ട് ആജുമ്മയും സരോജിനി അമ്മാളും ഇറങ്ങിനടന്നു. ചെറുവഴി താണ്ടി വേണം തിത്തുമ്പിയുടെ വീടെത്താൻ. അവർ ചെല്ലുമ്പോൾ ചെപ്പു തിണ്ണയിൽ കിടപ്പുണ്ടായിരുന്നു. അവൻ ചാടിയെഴുന്നേറ്റു. ആജുമ്മയുടെ കൂടെ സരോജിനി അമ്മാളിനെ കണ്ടതിൽ അവന് പന്തികേട് തോന്നി.
‘‘ഉമ്മച്ചി എന്താ ഇവിടെ.’’ അവൻ അത്ഭുതപ്പെട്ടു. ‘‘കേറ്.’’
അവനോട് ഒന്നും മിണ്ടാതെ സരോജിനി അമ്മാളിനെയും കൂട്ടി അവർ വീടിന്റെ അകത്തേക്ക് കയറി. ഒരുനിമിഷം തിത്തുമ്പിയെ നോക്കിനിന്നിട്ട് അവരോടൊപ്പം കട്ടിലിൽ ഇരിക്കുകയായിരുന്ന ഈഗിൾ ജെന്നിയുടെ കൈയിൽ ആജുമ്മ പിടിച്ചു.
‘‘നിനക്ക് വല്ലതും എടുക്കാനുണ്ടോ?’’
അവർ ചോദിച്ചു. ജെന്നി ഇല്ലെന്ന് ആംഗ്യം കാട്ടി. അവളെയും കൂട്ടി ആജുമ്മ പോകുന്നത് നിരാശയോടെ കണ്ടുനിൽക്കാനെ ചെപ്പുവിന് കഴിഞ്ഞുള്ളൂ. ജെന്നിയെയും കൊണ്ട് കാറിനടുത്ത് എത്തിയ ആജുമ്മ ആ കാഴ്ച കണ്ട് അമ്പരന്നു. പലതരം മാലിന്യംകൊണ്ട് കാറ് മൂടിയിരിക്കുന്നു. ചാണകം വരെ പൊത്തി വെച്ചിട്ടുണ്ട്. ചില്ല് താഴ്ത്തി പക്കി സേട്ടു ചിരിക്കുന്നത് കണ്ടപ്പോൾ അറിയാതെ അവരും ചിരിച്ചുപോയി. തിരിച്ചുപോകുമ്പോൾ സരോജിനി അമ്മാൾക്ക് പകരം കാറിന്റെ മുൻസീറ്റിൽ ഈഗിൾ ജെന്നി ഇരുന്നു. താൻ രക്ഷപ്പെട്ടിരിക്കുന്നു എന്ന് അവൾക്ക് അപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞില്ല.
25
ഈഗിൾ ജെന്നിയുടെ വിശ്വാസം ശരിയായിരുന്നു. അവർക്ക് മൂസാത്തെരുവ് വിട്ടുകടക്കാൻ കഴിഞ്ഞില്ല. അതിന് മുന്നേ പോർക്ക് ഷാജിയും കൂട്ടരും അവരെ തടഞ്ഞു. തമിഴരും മലയാളികളുമടക്കം ആയുധസജ്ജരായ നൂറു കണക്കിന് ആളുകളാണ് അപ്പോൾ ഷാജിയുടെ ഒപ്പമുണ്ടായിരുന്നത്. ആജുമ്മയും ജെന്നിയും വിരണ്ടു പോയി. അവർ ഭീതിയോടെ പക്കി സേട്ടുവിനെ നോക്കി. പക്ഷേ, അയാൾക്ക് ഒരു കൂസലുമുണ്ടായില്ല.
‘‘രക്ഷപ്പെട്ടോളും.’’ ആജുമ്മയെ ആശ്വസിപ്പിച്ചിട്ട് അയാൾ ജെന്നിയോട് പറഞ്ഞു. ‘‘രക്ഷയ്ക്ക് പകരം ഹൈറേഞ്ചില് ഒരു കാബറേ കൂടി മോള് കളിക്കേണ്ടി വരും. സമ്മതമല്ലേ.’’
ഒന്നും മനസ്സിലാവാതെ അവൾ സേട്ടുവിനെ നോക്കി. ഷാജിയും കൂട്ടരുമാണെങ്കിൽ കാറിനടുത്തേക്ക് പാഞ്ഞടുക്കുകയാണ്. പെട്ടെന്ന് എവിടന്നോ വലിയ പൊട്ടിത്തെറികൾ കേൾക്കാൻ തുടങ്ങി. പുകയും തീയുമൊക്കെ ആകാശത്ത് പരക്കുന്നു. ഷാജിയും ഗുണ്ടകളും നാലുപാടും ചിതറുന്നു. നോക്കുമ്പോഴുണ്ട് ഗുണ്ടകൾക്കിടയിലൂടെ പ്രാഞ്ചിയുടെ കാർ സാവധാനം ഓടിവരുന്നു. കാറിന്റെ മുകളിൽ ഇരുന്ന് ബീഡി തുമ്പിൽ മുട്ടിച്ച് ആമോസും തമ്പാനും തോട്ടകൾ ചുറ്റിനും എറിയുകയാണ്. പേടിച്ചു വിറച്ചുകൊണ്ട് പ്രാഞ്ചിയാണ് കാർ ഓടിക്കുന്നത്. ബഹളമെല്ലാം കേട്ട് ചെപ്പു അടക്കമുള്ള മൂസാത്തെരുവുകാരും അവിടെയെത്തി.
ആജുമ്മയെ തടഞ്ഞ ദേഷ്യത്തിൽ അവനും അവന്റെ ആളുകളും ഷാജിക്കും കൂട്ടർക്കും എതിരെ തിരിഞ്ഞു. തോട്ട പൊട്ടിച്ച് സേട്ടുവിന്റെ കാറിന് പോകാനുള്ള വഴി ഒരുക്കി കൊടുത്തശേഷം ആമോസും തമ്പാനും കൂടി മണ്ണിലിറങ്ങി. ഇന്നുവരെ കൊച്ചി കാണാത്ത യുദ്ധമാണ് പിന്നെ അവിടെ നടന്നത്. വെട്ടുംകുത്തുമേറ്റ് ഷാജിയുടെ ആളുകൾ നാലുവഴിക്കും ചിതറി. ദിനോസറുകളെപ്പോലെ അലറിവിളിച്ച് ആമോസും തമ്പാനും പാഞ്ഞ് നടക്കുന്നത് കണ്ട് ചെപ്പുവരെ ഞെട്ടി. ഇതേതാ ഈ ‘കംസന്മാരെന്ന്’ ആരൊക്കെയോ അവനോട് ചോദിച്ചു.
അവൻ കൈ മലർത്തി. കുറച്ച് സമയംകൊണ്ട് മൂസാത്തെരുവുകാർ അവരുടെ ആരാധകരായി മാറി. ഒടുക്കം പോർക്ക് ഷാജി അവരുടെ കൈയിൽപെട്ടു. ആമോസ് അവനെ പിന്നിൽനിന്ന് പൂട്ടിട്ട് പിടിച്ചുകൊടുത്തു. ഷാജിയുടെ ഷർട്ട് പൊക്കിയ തമ്പാൻ ഒരു പ്രത്യേക താളത്തിൽ അവന്റെ അടിവയറ് നോക്കി അരമുഴംനീളത്തിൽ ഒരു പൂളുപൂളി. ഷാജിയുടെ നിലവിളി അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങി. കാലിലും കൈയിലും പിടിച്ച് ഷാജിയെ തൂക്കിയെടുത്ത് അവർ കാറിന്റെ ബോണറ്റിലേക്ക് കിടത്തി. എന്നിട്ട് കാറിൽനിന്ന് പ്രാഞ്ചിയെ വിളിച്ചിറക്കി അവന്റെ വയറ്റിൽ ഉണ്ടായിരുന്ന മുറിവിന്റെ അളവുമായി ഷാജിയുടെ മുറിവ് അളന്നു.
‘‘പക്കാ പക്കാ. കൊട് കൈ.’’
രണ്ടും ഒരേ അളവിലുള്ള മുറിവാണെന്ന് കണ്ട് ആവേശഭരിതനായ ആമോസ്, തമ്പാന് നേരെ കൈ നീട്ടി. പക്ഷേ, കൈ കൊടുക്കുന്നതിന് പകരം തമ്പാൻ ആമോസിനെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്. കുറെയേറെ നേരത്തോളം പരസ്പരം വാരിപ്പുണർന്ന് അവർ അട്ടഹസിച്ചു. വട്ടം കറങ്ങി.
‘‘കർത്താവേ ഇത് ചെറുവട്ടല്ല മുഴുവട്ടാ.’’
പ്രാഞ്ചി പിറുപിറുത്തു. ഒടുക്കം പോർക്ക് ഷാജിയെ തള്ളി താഴെയിട്ടിട്ട് അവർ കാറിലേക്ക് കയറി. പെട്ടെന്ന് ചെപ്പു അവരുടെ അടുത്തേക്ക് ചെന്നു.
‘‘ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ, നിങ്ങ എവിടുന്നാ.’’
‘‘ഹൈറേഞ്ചീന്ന് വരുവാ ബ്രദേഴ്സാ.’’
ആമോസ് പറഞ്ഞു.
‘‘കൊച്ചീല് എന്നാ പരിപാടി..?’’
‘‘കാബറേ കാണാൻ ഇറങ്ങിയതാ.’’
തമ്പാൻ പറഞ്ഞു.
‘‘പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.’’ ചെപ്പു രണ്ടാൾക്കും കൈകൊടുത്തു. ‘‘സമയം കിട്ടുവാണെ കൊച്ചില് വരുമ്പഴൊക്കെ ഇങ്ങോട്ടിറങ്ങ്. രാത്രി നല്ല രസവാ ഇവിടെ.’’
ആയിക്കോട്ടെ, ആയിക്കോട്ടെ എന്ന് പറഞ്ഞ് അവർ വണ്ടി മുന്നോട്ട് എടുത്തു. അൽപം മുന്നോട്ടു ചെന്നിട്ട് കാർ അതേപോലെ പിന്നിലേക്ക് വന്നു. ചെപ്പുവിനെ അടുത്തേക്ക് വിളിച്ചിട്ട് സ്വകാര്യംപോലെ ആമോസ് അവനോട് പറഞ്ഞു.
‘‘കൊള്ളാവുന്ന വിത്താന്ന് തോന്നിയകൊണ്ട് നിന്നോട് ഒരു രഹസ്യം പറഞ്ഞേൽപിക്കുവാ. പണ്ട് ഈ മൂസാത്തെരുവിൽ ഞങ്ങൾക്ക് ഒരു ദോസ്ത് ഉണ്ടാർന്ന്. ചെലപ്പ നീ കേട്ടുകാണും ഒരു പാനീസ് ബാബു. കിടലൻ പങ്കാർന്ന് കക്ഷി. ഒരുപാട് കേറ്റിയിറക്ക് ഞങ്ങള് തമ്മിൽ ചെയ്തിട്ടുണ്ട്. അതിന്റെ വെളിച്ചത്തിൽ പറയുവാ റോഹു കമ്മത്ത് എന്നൊരു നാറിയാ സത്യത്തിൽ അവനെ കൊന്നത്. എന്നിട്ടവൻ സ്വന്തം മകനെ കള്ളസാക്ഷിയാക്കി പാവം പക്കിസേട്ടിനെ കുടുക്കി. അന്ന് സാക്ഷി പറഞ്ഞ തെണ്ടിയാ ഇന്നത്തെ അംബാല കമ്മത്ത്. വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ രഹസ്യം ബാബുവിന്റെ ഭാര്യയോടും മകനോടും നീ ഒന്ന് പറഞ്ഞേര്. നേരിട്ട് അവരോട് ഇത് പറയണോന്ന് ഉണ്ടാർന്ന്, പക്ഷേ നിൽക്കാൻ സമയമില്ല. ഞങ്ങള് ചെന്നിട്ട് വേണം കാബറേ തുടങ്ങാൻ...’’
അകന്നു പോകുന്ന കാർ നോക്കി ചെപ്പു നിന്നു.
26
ജെന്നിയുടെ കാബറേ ഉണ്ടെന്നറിഞ്ഞ് ഹൈറേഞ്ച് ക്ലബ് ജനസമുദ്രമായി മാറി. പക്ഷേ, ആമോസും തമ്പാനും ഒറ്റ ഒരുത്തനെപ്പോലും അകത്തേക്ക് വിട്ടില്ല. കാബറേ തുടങ്ങുന്നതും കാത്ത് വേഷം മാറി ക്ലബിലിരുന്ന ഈഗിൾ ജെന്നി മാത്തുക്കുട്ടിയെ അവിടെ കണ്ട് ഞെട്ടി. ക്ലബിലെ എടുത്തുകൊടുപ്പുകാരനായി മാത്തുക്കുട്ടി നടക്കുന്നു. അലറിവിളിച്ച് അവന്റെ നേരെ ഓടിച്ചെന്നെങ്കിലും അവൻ അവളെ തടഞ്ഞു.
‘‘പൊന്നു ജെന്നി പടിക്കൽ കൊണ്ടെ നീ കലമൊടക്കല്ലെ. ഇവിടെ ഞാൻ മാത്തുക്കുട്ടിയല്ല, ജോസൂട്ടിയാ...’’
അവൻ പറഞ്ഞു. അവൾക്ക് ഒന്നും മനസ്സിലായില്ല. അവൻ വിശദീകരിച്ചു. ‘‘കൊച്ചീല് അവന്മാരുടെ കസ്റ്റഡിയിൽ ജീവിതം തീരുമെന്നാ ഞാൻ കരുതിയെ. അമ്മാതിരി ഇടിയായിരുന്നു നാറികള്. എന്നെ ചോദിച്ച് നീ കാബറേ കളിക്കാതിരുന്നപ്പോഴൊക്കെ അവന്മാര് എന്നെ കൊല്ലാക്കൊല ചെയ്തു. അങ്ങനെ കിടക്കുന്ന സമയത്താണ് ഭക്ഷണം പൊതിഞ്ഞ് കൊണ്ടുവന്ന ഒരു പഴയ പേപ്പറ് കഷണം എന്റെ കൈയിൽ കിട്ടുന്നത്. ആമോസിനെയും തമ്പാനെയും പറ്റിയുള്ള കഥകളായിരുന്ന് അതില് നിറയെ. അപ്പ ഞാൻ ഉറപ്പിച്ച് ഈ പോഴന്മാർക്ക് പിരി കേറിയാ നീ രക്ഷപ്പെടുമെന്ന്. അങ്ങനെ ഞാൻ അവിടന്ന് ചാടി ഇവിടെത്തി.
പക്ഷേ ഇവന്മാരോട് ഇടപെടാൻ ഒരവസരം വേണമല്ലോ. അതിന് ഏറ്റവും നല്ല സ്ഥലം ഹൈറേഞ്ച് ക്ലബ്ബാന്ന് എനിക്ക് മനസ്സിലായി. ഇതിനേക്കാ ഡെയിഞ്ചറായ ഒരു പെങ്ങള് ഇവന്മാർക്ക് ഉണ്ട്. ട്രീസാമ്മ. അവരുടെ കാല് പിടിച്ച് ക്ലബ്ബിൽ ഞാൻ ജോലിക്ക് കേറി എട്ടാംപക്കം രണ്ടിനേം പിരിമുറുക്കി ഞാൻ കൊച്ചിക്ക് വിട്ടു. ബാക്കി നടന്നതൊക്കെ നിനക്ക് അറിയാല്ലോ. ആദ്യം ഇന്നത്തെ ഷോ കഴിയട്ടെ. അത് കഴിഞ്ഞ് കാര്യങ്ങളൊക്കെ തഞ്ചത്തിൽ നീ അവരോട് പറഞ്ഞാ മതി. സ്ത്രീകളെ അവന്മാർക്ക് വലിയ ബഹുമാനവാ. നമ്മുടെ കാര്യം അവര് തന്നെ നടത്തി തന്നോളും.’’
‘‘അയ്യോ അതിനൊക്കെ നിൽക്കുന്നത് എന്തിനാ... പരിപാടി കഴിഞ്ഞ് നമ്മക്ക് ഇവിടുന്ന് മുങ്ങിയാ പോരേ...’’
ജെന്നി ചോദിച്ചു.
‘‘ഇവിടംവിട്ടാ ജീവിതകാലം മുഴുക്കെ നീ ഈഗിൾ ജെന്നിയും ഞാൻ ബ്യൂഗിൾ മാത്തുക്കുട്ടിയും ആയിരിക്കും.’’
പെട്ടെന്ന് വാതിലിൽ മുട്ടുകേട്ടു. മാത്തുക്കുട്ടി വാതിൽ തുറന്നു. പുറത്ത് ആമോസും തമ്പാനും പ്രാഞ്ചിയും നിൽക്കുന്നു. ജെന്നിയുടെ വേഷം കണ്ട് തന്റെ തോളിൽ കിടന്ന തോർത്ത് എടുത്ത് തമ്പാൻ ജെന്നിയുടെ മാറിലേക്കിട്ടു.
‘‘നിനക്കെന്നാടാ ഇവിടെ കാര്യം?’’
ആമോസ് മുരണ്ടു.
‘‘ജെന്നി മാഡത്തിന് ജൂസ് കൊടുക്കാൻ വന്നതാ.’’
‘‘കൊടുത്തെങ്കി പോടാ.’’
മജീദ് സെയ്ദ്,സന്തോഷ് ആർ.വി
അവനെ പറഞ്ഞു വിട്ടശേഷം ജെന്നിയെ അവർ ഹാളിലേക്ക് കൊണ്ടുപോയി. അവിടത്തെ കാഴ്ച കണ്ട് അവൾ ഞെട്ടി. ചട്ടയും മുണ്ടും ധരിച്ച ഹൈറേഞ്ച് അമ്മച്ചിമാർ മാത്രമേ ഹാളിൽ ഉള്ളൂ. മ്യൂസിക് വായിക്കുന്നതുപോലും പെണ്ണുങ്ങളാണ്. ട്രീസാമ്മ എല്ലാവരുടെയും നടുക്ക് രാജഭാവത്തിൽ ഇരിക്കുന്നു. ആമോസും തമ്പാനും ഹാളടച്ച് പോയ പിന്നാലെ അവിടമാകെ സംഗീതം മുഴങ്ങി.
ലോകത്ത് ആദ്യമായും അവസാനമായും സ്ത്രീകൾക്ക് വേണ്ടി നടത്തപ്പെട്ട കാബറേക്ക് വേണ്ടി ജെന്നി ചുവടുകൾ വെച്ചുതുടങ്ങി. കുടിച്ചും മദിച്ചും അർമാദിക്കുന്ന അമ്മച്ചിമാരുടെ നടുവിൽ ഈഗിൾ ജെന്നി അവളുടെ അവസാന കാബറേ ആടിതിമിർക്കുമ്പോൾ ഒരു കണ്ണ് മാത്രം പറ്റിക്കാവുന്ന തരത്തിൽ വലിപ്പമുള്ള ഒരു ചെറുദ്വാരത്തിൽ മുഖം അമർത്തി ഹൈറേഞ്ച് ക്ലബിന്റെ മുകളിൽ പ്രാഞ്ചി കമിഴ്ന്നു കിടന്നു. അവന്റെ ഇരുപുറമിരുന്ന് ആമോസും തമ്പാനും നാലാമത്തെ കുപ്പി പൊട്ടിച്ചു...
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.