‘താളപ്പിഴ’ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ വിവിധ കാരണങ്ങളാൽ നിലച്ചുപോയി. ‘താളപ്പിഴ’ എന്ന പേര് തികച്ചും ‘നെഗറ്റിവ്’ ആണെന്നും ആ പേരുമായി മുന്നോട്ടു പോയാൽ ഒരിക്കലും ആ സിനിമ പുറത്തുവരില്ലെന്നും പൊതുവെ സംസാരമുണ്ടായി. ചിത്രം പൂർത്തിയാകാൻ നാലു വർഷങ്ങൾ വേണ്ടിവന്നു. മറ്റുള്ളവരുമായി ആലോചിച്ച് സംവിധായകനും നിർമാതാവും ചിത്രത്തിന്റെ പേര് ‘ഉദയം കിഴക്കുതന്നെ’ എന്നു മാറ്റി –വിശ്വാസവും അന്ധവിശ്വാസവും നിറഞ്ഞ മലയാള സിനിമയുടെ ഒരു കാലത്തിലൂടെ ‘സംഗീതയാത്ര’ മുന്നോട്ട്.
ഒരു സിനിമ തിയറ്ററിൽ എത്തിയ കാലത്തെ ആശ്രയിച്ചാണ് അതിലെ ഗാനങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. ആ ക്രമത്തിൽ ഒരു മാറ്റം വരുത്തുകയാണ് ഈ അധ്യായത്തിൽ. അതിനൊരു കാരണമുണ്ട്. ചിത്രം തിയറ്ററുകളിൽ എത്തുന്നതിനു നാല് വർഷം മുമ്പ് അതിലെ പാട്ടുകൾ പുറത്തുവരുകയും അവ ജനങ്ങൾ ഇഷ്ടപ്പെടുകയുംചെയ്തു. ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യ പാട്ടുകളുടെ ഡിസ്‌ക്കുകൾ പുറത്തിറക്കുമ്പോൾ സിനിമയുടെ പേര് ‘താളപ്പിഴ’ എന്നായിരുന്നു. ഗ്രാമഫോൺ ഡിസ്‌ക്കുകൾ നന്നായി വിറ്റഴിഞ്ഞു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് യേശുദാസ് ഈണം പകരുന്നു എന്ന വാർത്തക്ക് പത്രങ്ങൾ പ്രാധാന്യം നൽകി.
വി.കെ. കൊച്ചനിയൻ എന്ന മാധ്യമപ്രവർത്തകൻ നിർമിക്കുന്ന ചിത്രം... പ്രശസ്ത എഴുത്തുകാരനായ തിക്കോടിയന്റെ കഥയും തിരനാടകവും സംഭാഷണവും. ‘ഓളവും തീരവും’ എന്ന ചിത്രത്തിലൂടെ ബുദ്ധിജീവികൾക്ക് പ്രിയങ്കരനായി മാറിയ പി.എൻ. മേനോനാണ് സംവിധായകൻ. തുടക്കത്തിൽതന്നെ പാട്ടുകളെല്ലാം റെക്കോഡ് ചെയ്തു, ഗ്രാമഫോൺ കമ്പനി പെട്ടെന്നുതന്നെ പാട്ടുകൾ പുറത്തിറക്കുകയുംചെയ്തു. എന്നാൽ ‘താളപ്പിഴ’ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ വിവിധ കാരണങ്ങളാൽ നിലച്ചുപോയി. ‘താളപ്പിഴ’ എന്ന പേര് തികച്ചും ‘നെഗറ്റിവ്’ ആണെന്നും ആ പേരുമായി മുന്നോട്ടുപോയാൽ ഒരിക്കലും ആ സിനിമ പുറത്തുവരില്ലെന്നും പൊതുവേ സംസാരമുണ്ടായി.
ചിത്രം പൂർത്തിയാകാൻ നാലു വർഷം വേണ്ടിവന്നു. മറ്റുള്ളവരുമായി ആലോചിച്ച് സംവിധായകനും നിർമാതാവും ചിത്രത്തിന്റെ പേര് ‘ഉദയം കിഴക്കു തന്നെ’ എന്നു മാറ്റി. എം.ടി തിരക്കഥയെഴുതി പി.എൻ. മേനോൻ തന്നെ സംവിധാനംചെയ്ത ‘മാപ്പുസാക്ഷി’ എന്ന സിനിമക്കുവേണ്ടി ശ്രീകുമാരൻ തമ്പി തന്നെ എഴുതിയ ‘‘ഉദയം കിഴക്കുതന്നെ’’ എന്നു തുടങ്ങുന്ന ഗാനത്തിൽനിന്ന് പി.എൻ. മേനോൻ തന്നെയാണ് ഈ പേര് കണ്ടെത്തിയത്. 1978 ഡിസംബർ എട്ടാം തീയതി മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. അതായത് ഗാനങ്ങൾ പുറത്തുവന്ന് ഏകദേശം നാലു വർഷംകഴിഞ്ഞ്. എന്നാൽ പാട്ടുകൾ ഇന്നും ‘താളപ്പിഴ’യിലെ പാട്ടുകളായിട്ടാണ് അറിയപ്പെടുന്നത്. ‘താളപ്പിഴ’ എന്ന ചിത്രത്തിൽ അഞ്ചു പാട്ടുകൾ ഉണ്ടായിരുന്നു. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. സംഗീതസംവിധായകനും പ്രധാന ഗായകനും യേശുദാസ്. പി. സുശീലയും ഒരു മികച്ച ഗാനം ആലപിച്ചു. ഈ പാട്ട് യേശുദാസിന്റെ ശബ്ദത്തിൽ ആവർത്തിക്കുന്നുമുണ്ട്.
‘‘താരാപഥങ്ങളെ താലോലമാട്ടുന്നു/മായികകാന്ത സന്ദേശം/ജ്വാലാസുമങ്ങൾ തൻ/ചുണ്ടിൽ തുളുമ്പുന്നു/മാസ്‌മരജീവനസ്മേരം...’’ എന്നാണു പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘നിത്യഹരിതമാം ഈ വഴിത്താരയിൽ/നിന്നു ഞാൻ നിന്നെ വിളിക്കും/സ്നേഹമായ് വന്നു നിൻ ജീവന്റെ ജീവനിൽ/ഗാനസൗരഭ്യം നിറയ്ക്കും/മോഹമായ് വന്നു നിൻ ഭാവനാവേദിയിൽ/വാനവർണങ്ങൾ വിതയ്ക്കും.../നീയറിയാതെ നിൻ ശൂന്യബോധങ്ങളിൽ നിർവൃതിയായ് ഞാൻ തുടിക്കും.’’ എന്നിങ്ങനെ അടുത്ത ചരണം ആരംഭിക്കുന്നു. യേശുദാസ് പാടിയ ‘‘മദമിളകി തുള്ളും മലയോരക്കാറ്റ്...’’ എന്നു തുടങ്ങുന്ന പാട്ട് ജനപ്രീതി നേടി.
‘‘മദമിളകി തുള്ളും മണൽവാരിക്കാറ്റ്/മനമുരുകി തേങ്ങും പഴയോലക്കൂട്/മൂളിവരും തിരകളേ/മുങ്ങാങ്കുഴിത്തിരകളേ/ മുത്തുവാരാൻ പോയവരെ കണ്ടുവോ/കടൽമുത്തു വാരാൻ പോയവരെ കണ്ടുവോ...’’ എന്ന പല്ലവിയെ തുടർന്ന് ചരണം ഇങ്ങനെ: ‘‘കരിമുകിലിൻ മലയിടിഞ്ഞു/പകൽവനങ്ങൾ വാടി/ കരയിലുള്ള തെങ്ങിനങ്ങൾ/മുടിയഴിച്ചിട്ടാടി/ആടിവരും തിരകളേ/അലറിവരും തിരകളേ/അലകടലിൽ തോണിയൊന്നു കണ്ടുവോ/അതിനുള്ളിൽ തേങ്ങലുകൾ കേട്ടുവോ...’’
യേശുദാസ് പാടിയ മറ്റൊരു ഗാനമിതാണ്: ‘‘തെണ്ടിതെണ്ടിത്തേങ്ങിയലയും/തെരുവുനായ്ക്കൾ തളർന്നുറങ്ങി/ ഇന്ദ്രമന്ദിര മേഘശയ്യയിൽ/ചന്ദ്രലേഖ മയങ്ങി.’’ തുടർന്നുവരുന്ന വരികൾ താഴെ കൊടുക്കുന്നു:
‘‘നീലവൈദ്യുത ദീപമെരിയും/രാജസത്രനിരത്തിൽ/നിത്യയാതന യുമ്മനൽകും/എച്ചിലിലകളിഴഞ്ഞു/മേടകൾ ഇരവിൻ മോടികൾ കണ്ടു/ഓടകൾ പുലരിയെ സ്വപ്നം കണ്ടു.’’
‘‘ഓ മൈ സ്വീറ്റി...’’ എന്നു തുടങ്ങുന്ന ഒരു വ്യത്യസ്ത ഗാനവും ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. ‘‘ഓ മൈ സ്വീറ്റി/ ഓ മൈ ബ്യൂട്ടി/ ഓ മൈ നോട്ടി ഗേൾ/ ഡോണ്ട് സേ നോ.../ പ്രപഞ്ചചേതന കോവിലുയർത്തി/ പേടമാന്മിഴി നിന്നിൽ/ പ്രമദമാം ഹൃദയവസന്തം പൂത്തു/ പ്രേമലോലേ നിൻ മിഴിയിൽ/ ഓ മൈ സ്വീറ്റി / ഓ മൈ ബ്യൂട്ടി/ ഓ മൈ നോട്ടി ഗേൾ/ ഡോണ്ട് സേ നോ...’’
യേശുദാസ് സംഗീതസംവിധായകൻ എന്ന നിലയിൽ വിജയം നേടിയ ചിത്രമാണിത്. ചിത്രം റിലീസ് ചെയ്യുന്നതിന് നാലുവർഷം മുമ്പുതന്നെ ഗാനങ്ങൾ പ്രശസ്തി നേടി. പ്രത്യേകിച്ചും പി. സുശീല പാടുകയും യേശുദാസ് ആവർത്തിക്കുകയുംചെയ്ത ‘‘താരാപഥങ്ങളെ താലോലമാട്ടുന്നു മായിക കാന്തസന്ദേശം...’’ എന്നു തുടങ്ങുന്ന ഗാനം. എന്നാൽ ‘താളപ്പിഴ’ എന്ന ചിത്രമാണ് ‘ഉദയം കിഴക്കു തന്നെ’ എന്ന പേരിൽ നാല് വർഷത്തിന് ശേഷം പുറത്തിറങ്ങിയത് എന്ന വസ്തുത ഭൂരിപക്ഷം പ്രേക്ഷകർക്കും അറിയില്ല. ‘താളപ്പിഴ’ എന്ന സിനിമ ഇനിയും പുറത്തുവന്നിട്ടില്ല എന്നാണ് പലരുടെയും വിശ്വാസം.
കെ.പി. പിള്ള സംവിധാനംചെയ്ത ‘വൃന്ദാവനം’ എന്ന സിനിമ 1974 ഡിസംബർ 13ന് റിലീസ് ചെയ്തു. ആലപ്പി ഷെരീഫ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ഈ ചിത്രത്തിൽ ശ്രീവിദ്യ, പ്രേംനവാസ്, സുധീർ, വിൻെസന്റ്, ടി.എസ്. മുത്തയ്യ, ശങ്കരാടി, ബഹദൂർ, വിജയലളിത, മല്ലിക, മീന, റീന, മുതുകുളം രാഘവൻ പിള്ള, ഉഷാറാണി, കെടാമംഗലം അലി, കടുവാക്കുളം ആന്റണി തുടങ്ങിയവർ അഭിനയിച്ചു. ഡോ. ബാലകൃഷ്ണൻ രചിച്ച പാട്ടുകൾക്ക് എം.കെ. അർജുനൻ ഈണം പകർന്നു. യേശുദാസ്, പി. ജയചന്ദ്രൻ, മാധുരി, ചിറയിൻകീഴ് സോമൻ, സെൽമ ജോർജ്, എൽ.ആർ. ഈശ്വരി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
‘‘ഒരു സ്വപ്നബിന്ദുവിൽ ഒതുക്കിയൊരുക്കി/ഒരു പ്രേമസാമ്രാജ്യം ഓമലാളേ/ ഒരു നവധാരയിൽ ഒഴുകിയൊഴുകി/ ഹൃദയരാഗം ഓമലാളേ’’ എന്നു തുടങ്ങുന്ന ഗാനവും സ്വർഗമന്ദാരപ്പൂക്കൾ വിടർന്നു/ സ്വർണമയൂഖക്കസവിലൊളിഞ്ഞു/ ഹൃദയാക്ഷയപാത്രമിന്നാദ്യമായ്/പ്രണയ സുധാവർഷം ചൊരിഞ്ഞു’’ എന്നു തുടങ്ങുന്ന ഗാനവും യേശുദാസ് ആലപിച്ചു.
‘‘പട്ടുടയാടയുടുത്തോരഴകിൻ/പവിഴച്ചുണ്ടിൽ മന്ദഹാസം/അരികേയിരിക്കും കാമദേവന്റെ/കണ്ണിൽ കുസൃതി വിലാസലാസ്യം’’ എന്നു തുടങ്ങുന്ന യുഗ്മഗാനം പി. ജയചന്ദ്രനും സെൽമ ജോർജും ചേർന്നാണ് പാടിയത്. പി. ജയചന്ദ്രനും എൽ.ആർ. ഈശ്വരിയും ചേർന്നു പാടിയതാണ് അടുത്ത പാട്ട്.
‘‘ഒരു തുള്ളി മധു താ താ താ/ഒരു കൊച്ചു മുത്തം താ താ താ/ നിറഞ്ഞ പ്രേമകലശം നിനക്കായ്/ നിറഞ്ഞു നീറും ദാഹം നിനക്കായ്’’ എന്നിങ്ങനെയാണ് ഈ ഗാനം തുടങ്ങുന്നത്. മാധുരിയും ചിറയിൻകീഴ് സോമനും പാടിയ ചിത്രത്തിലെ അഞ്ചാമത്തെ ഗാനത്തിന്റെ പല്ലവിയിങ്ങനെയാണ്: ‘‘മധുവിധു രാത്രിയിൽ മണവറയിൽ/മധുമതീ നീ വന്നണയുമ്പോൾ/ നാണിച്ചുനിൽക്കുമോയെൻ മാറിൽ/തലചായ്ച്ചു നിൽക്കുമോ...’’ തുടർന്നുള്ള ചരണം ഇങ്ങനെ: ‘‘ചന്ദനക്കട്ടിലിൽ ചാരിയിരുന്നു ഞാൻ/ചന്ദ്രനെ നോക്കി കഥ പറയും/കണ്ണെറിഞ്ഞെന്നെ അരികിൽ വിളിക്കുമ്പോൾ/ കാണാത്ത ഭാവത്തിൽ ഞാനിരിക്കും.’’
1974 ഡിസംബർ 13ന് ‘വൃന്ദാവനം’ എന്ന ചിത്രം പുറത്തു വന്നു. ചിത്രമോ അതിലെ പാട്ടുകളോ ശ്രദ്ധിക്കപ്പെട്ടില്ല. സാമ്പത്തികമായും ‘വൃന്ദാവനം’ എന്ന സിനിമ ദയനീയ പരാജയമായി.
പി. ഭാസ്കരൻ അതുവരെ സംവിധാനംചെയ്ത ചിത്രങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ‘അരക്കള്ളൻ മുക്കാൽ കള്ളൻ ’ എന്ന സിനിമ. ഹാസ്യത്തിനും സംഘട്ടനങ്ങൾക്കും പ്രാധാന്യം നൽകി നിർമിച്ച രസകരമായ ഒരു എന്റർടെയ്നർ. ഒരു തെലുഗു ചിത്രത്തിന്റെ കഥയെ അവലംബമാക്കിയാണ് ഈ സിനിമ നിർമിച്ചത്. ഈ കഥ ‘വിടാക്കണ്ടൻ കോടാക്കണ്ടൻ’ എന്നു പേരുള്ള ഒരു തെലുഗു നാടോടിക്കഥയാണെന്നു കേൾക്കുന്നു. തെലുഗു സിനിമാ നിർമാതാക്കളായ എം.പി. റാവുവും എം.ആർ.കെ. മൂർത്തിയും ചേർന്ന് പ്രതാപ് ആർട്ട് പിക്‌ചേഴ്‌സിന്റെ പേരിലാണ് ചിത്രം നിർമിച്ചത്. പ്രേംനസീർ, ജയഭാരതി, ശ്രീവിദ്യ, കെ.പി. ഉമ്മർ, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, ബഹദൂർ, കവിയൂർ പൊന്നമ്മ, ടി.ആർ. ഓമന തുടങ്ങിയവർ അഭിനേതാക്കളായി.
എൻ. ഗോവിന്ദൻകുട്ടി ചിത്രത്തിന് തിരക്കഥയും സംഭാഷണവും തയാറാക്കി. പി. ഭാസ്കരന്റെ ഗാനരചനയും വി. ദക്ഷിണാമൂർത്തിയുടെ സംഗീതസംവിധാനവും. ചിത്രത്തിലെ മിക്കവാറും എല്ലാ പാട്ടുകളും സൂപ്പർഹിറ്റുകളായി. യേശുദാസ് ആലപിച്ച മൂന്നു പാട്ടുകൾ സിനിമയിൽ ഉണ്ടായിരുന്നു. ഒരെണ്ണം തനിച്ചും മറ്റൊന്ന് എസ്. ജാനകിയുടെ കൂടെ ചേർന്നും മൂന്നാമത്തേത് പി. ജയചന്ദ്രനുമായി ചേർന്നും പാടി.
‘‘നിന്റെ മിഴിയിൽ നീലോൽപലം/ നിന്നുടെ ചുണ്ടിൽ പൊന്നശോകം/ നിൻ കവിളിണയിൽ കനകാംബരം/നീയൊരു നിത്യവസന്തം’’ എന്ന പല്ലവി വളരെ പ്രശസ്തമാണ്. ആദ്യ ചരണവും ആകർഷകം.
‘‘പ്രേമഗംഗയിൽ ഒഴുകിയൊഴുകി വന്ന/കാമദേവന്റെ കളഹംസമേ/ ഉള്ളിലെ പൊയ്കയിൽ താമരവളയത്തിൽ/ഊഞ്ഞാലാടുക തോഴീ –നീ/ഊഞ്ഞാലാടുക തോഴീ...’’
രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു. എസ്. ജാനകിയോടൊപ്പം യേശുദാസ് പാടിയ യുഗ്മഗാനമാണിത്. ‘‘മുല്ലപ്പൂം പല്ലിലോ മുക്കൂറ്റിക്കവിളിലോ/അല്ലിമലർമിഴിയിലോ ഞാൻ മയങ്ങി’’ എന്ന് ഗായകൻ ചോദിക്കുമ്പോൾ ഗായികയുടെ മറുപടിയിങ്ങനെ: ‘‘ഏനറിയില്ല ഏനറിയില്ല/ഏലമണിക്കാട്ടിലെ മലങ്കുറവാ...’’ വരികൾ ഇങ്ങനെ തുടരുന്നു: ‘‘പല്ലാക്കു മൂക്കു കണ്ടു ഞാൻ കൊതിച്ചു -നിന്റെ/ പഞ്ചാരവാക്കു കേട്ടു കോരിത്തരിച്ചു/ കല്യാണമിന്നു കെട്ടി കൈ പിടിക്കണ നാൾവരെ/ കൊല്ലാതെ കൊല്ലണു പൂമാരൻ -നമ്മെ/ കൊല്ലാതെ കൊല്ലണു പൂമാരൻ...’’
യേശുദാസും പി. ജയചന്ദ്രനും ചേർന്നു പാടിയ ‘‘കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ...’’ എന്നാരംഭിക്കുന്ന ഗാനവും വളരെ പ്രശസ്തി നേടുകയുണ്ടായി. ‘‘കനകസിംഹാസനത്തിൽ/ കയറിയിരിക്കുന്നവൻ/ ശുനകനോ വെറും ശുംഭനോ...’’
ഈ വരികളെ തുടർന്നു വരുന്നത് ഹാസ്യരസത്തിൽ രണ്ടു ഗായകരും പാടുന്ന സ്വരങ്ങളാണ്. അതിവിടെ പകർത്തുന്നില്ല.
ആലപ്പി ഷരീഫ്,പി.എൻ. മേനോൻ
‘‘പൊതുജനത്തെ കഴുതകളാക്കും/മധുപാനചക്രവർത്തി ഇവനല്ലോ’’ എന്നിങ്ങനെ വരികൾ തുടരുന്നു. ‘‘പട്ടാഭിഷേകം -ദിനവും പട്ട കൊണ്ടഭിഷേകം...’’ എന്നിങ്ങനെ രസകരമായ സറ്റയർ രീതിയിലാണ് പി. ഭാസ്കരൻ ഈ ഗാനം എഴുതിയിട്ടുള്ളത്. പി. സുശീല പാടിയ ‘‘പഞ്ചബാണൻ എൻ ചെവിയിൽ പറഞ്ഞു...’’ എന്ന് തുടങ്ങുന്ന പാട്ടും ശ്രുതിമധുരമാണ്.
‘‘പഞ്ചബാണൻ എൻ ചെവിയിൽ പറഞ്ഞു -നിന്റെ/പതിനേഴു വസന്തങ്ങൾ കഴിഞ്ഞു.../കണ്ണെഴുതി പൊട്ടു തൊട്ടു/കരുതിയിരുന്നോളൂ/ ഇന്നു വരും ഇന്നു വരും നായകൻ/ ആത്മനായകൻ...’’
എസ്. ജാനകി ആലപിച്ച ‘‘പച്ചമലപ്പനംകുരുവീ...’’ എന്നാരംഭിക്കുന്ന ഗാനവും മികച്ചതുതന്നെ. ‘‘പച്ചമലപ്പനംകുരുവീ -ഏയ്/പച്ചമലപ്പനംകുരുവീ/ എന്നെ വിട്ടുപോയ/കുറവനീ കൂട്ടത്തിലുണ്ടോ/ മഷിനോട്ടത്തിൽ കണ്ടോ..?’’ എന്നു പല്ലവി.
എസ്. ജാനകിയും സംഘവും പാടിയ ‘‘തിങ്കൾമുഖീ തമ്പുരാട്ടീ’’ എന്നു തുടങ്ങുന്നു ചിത്രത്തിലെ മറ്റൊരു ഗാനം. ‘‘തിങ്കൾമുഖീ തമ്പുരാട്ടീ/അംഗജസഖീ/മംഗളാംഗീ മധുരാംഗീ/മങ്കമ്മറാണീ.../ കാർകൂന്തലിൽ കൈതമലർ/നീൾമിഴിയിൽ നീലാഞ്ജനം/അണിനെറ്റിയിൽ ഹരിചന്ദനം/അതിൻ നടുവിൽ സിന്ദൂരം...’’
ശ്രീലത നമ്പൂതിരിയും കൂട്ടരും ചേർന്നു പാടിയ സംഘഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘കാത്തില്ല പൂത്തില്ല തളിർത്തില്ല/ ഇളംകൊടിത്തൂമുല്ല/ കസ്തൂരിമാവിലെ തൈമുല്ല/ മകയിരംനാൾ കുറെ പൂ വേണം/ മലനാട്ടമ്മയ്ക്ക് തിരുനോമ്പ്...’’ എസ്. ജാനകി തന്നെയാണ് ‘‘നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ/ നരകവാരിധീ നടുവിൽ ഞാൻ’’ എന്നു തുടങ്ങുന്ന പരമ്പരാഗത ഗാനശകലവും പാടിയത്. അതുപോലെതന്നെ പി. ജയചന്ദ്രനും ഒരു പ്രാർഥനാശകലം പാടി. അത് ഇങ്ങനെ തുടങ്ങുന്നു: ‘‘വിനുതാസുതനേ, നാഗാധിരാജാ/ പതിതപാവനാ പാതാളവാസാ/ നൂറും ഫലവും കുരുതിയും നൽകാം/ നൂറ്റൊന്നു കുടത്തിൽ പാല് നൽകാം/ ശരണം നൽകുക തക്ഷകരാജാ/അഭയം നൽകുക മണിനാഗവീരാ...’’
സംഗീതസംവിധായകൻ വി. ദക്ഷിണാമൂർത്തി തന്നെ ആലപിച്ച ഒരു ശ്ലോകവും ചിത്രത്തിൽ ഉണ്ടായിരുന്നു. ‘‘കാമൻ പുഷ്പദലങ്ങൾകൊണ്ടു പുതുതായ് തീർത്തുള്ള പൂപ്പന്തലോ..?’’ എന്നിങ്ങനെ ശ്ലോകം തുടങ്ങുന്നു. 1974 ഡിസംബർ 20ന് തിയറ്ററുകളിൽ എത്തിയ ‘അരക്കള്ളൻ മുക്കാൽ കള്ളൻ’ വമ്പിച്ച പ്രദർശന വിജയം നേടി.
1974ൽ പുറത്തുവന്ന ഒടുവിലത്തെ ചിത്രം ‘കുഞ്ഞിക്കൈകൾ’ ആയിരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ ആദ്യകാല ചിത്രങ്ങളിലെ ഛായാഗ്രാഹകനായ മങ്കട രവിവർമയാണ് ഈ ചിത്രം സംവിധാനംചെയ്തത്. കുട്ടികൾക്കുവേണ്ടി നിർമിച്ച ഈ ചിത്രത്തിൽ പ്രശസ്ത താരങ്ങൾ ഉണ്ടായിരുന്നില്ല. മൂന്നു ഗാനങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. കെ.കെ. ആന്റണിയാണ് സംഗീതസംവിധായകൻ. രണ്ടു പാട്ടുകൾ ഒ.എൻ.വി. കുറുപ്പും ഒരു ഗാനം കരിങ്കുന്നം ചന്ദ്രനും എഴുതി. ‘‘കാറ്റിൻ കരവാൾ...’’ എന്നു തുടങ്ങുന്ന ഗാനം ജോളി എബ്രഹാമും സംഘവുമാണ് പാടിയത്. ‘‘കാറ്റിൻ കരവാൾ കാണാക്കരവാൾ/ വെട്ടിവീഴ്ത്തിയ മൺപുരകൾ/ വീണ്ടുമുയർത്തെഴുന്നേൽക്കുന്നു/ ഈ പിഞ്ചുകൈകളുയർന്നപ്പോൾ/ ഈ പിഞ്ചു കൈകളുയർന്നപ്പോൾ/ ഉയർന്നപ്പോൾ...ഉയർന്നപ്പോൾ...’’ ജെൻസി എന്ന പുതിയ ഗായിക പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു.
‘‘കുന്നിമണിക്കുഞ്ഞേ നിന്റെ/ കണ്ണെഴുതിച്ചതാരാണ്/ പട്ടുടുപ്പും പാദസരോം/ പൊട്ടും ചാർത്തിയതാരാണ്..?’’ എന്നു തുടങ്ങുന്നു. ഇതും ജോളി എബ്രഹാം പാടി. കരിങ്കുന്നം ചന്ദ്രൻ എഴുതിയ ഗാനവും ജോളി എബ്രഹാമാണ് പാടിയത്. ‘‘ഉഷസ്സിന്റെ രഥത്തിൽ/ഉയർപ്പിന്റെ രഥത്തിൽ/എഴുന്നള്ളും സ്നേഹപിതാവേ/ ഉറക്കം തെളിയാത്തോരറകളിലെങ്ങും/ തിരി തെളിക്കൂ –പൊൻതിരി തെളിക്കൂ’’ എന്നു തുടങ്ങുന്ന ഈ പാട്ട് ഒരു ക്രിസ്ത്യൻ പ്രാർഥനാഗീതമാണ്.
‘കുഞ്ഞിക്കൈകൾ’ ചെലവ് കുറച്ചു നിർമിച്ച കുട്ടികളുടെ ചിത്രമായിരുന്നു. പ്രദർശനവിജയം നിർമാതാക്കൾ പ്രതീക്ഷിച്ചിരുന്നില്ല. ഒരു വസ്തുതകൂടി. ജോളി എബ്രഹാം ആദ്യമായി പാടിയത് ‘ചട്ടമ്പികല്യാണി’ എന്ന സിനിമയിലാണ്. താരമൂല്യവും മുടക്കുമുതലും കൂടുതലുള്ള ആ വ്യവസായസിനിമ മാസങ്ങൾക്കു ശേഷം 1975ൽ മാത്രമേ തിയറ്ററുകളിൽ എത്തിയുള്ളൂ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.