ഉദയ സ്റ്റുഡിയോയിൽ എക്സെൽ പ്രൊഡക്ഷൻസിന്റെ പേരിൽ കുഞ്ചാക്കോ നിർമിച്ച് സംവിധാനം ചെയ്ത ചിത്രമാണ് 'ജയിൽ'. തോപ്പിൽ ഭാസി കഥയും സംഭാഷണവും എഴുതി. സത്യൻ, ശാരദ, രാജശ്രീ (ഗ്രേസി), തിക്കുറിശ്ശി, കൊട്ടാരക്കര ശ്രീധരൻ നായർ, കവിയൂർ പൊന്നമ്മ, ജോസ് പ്രകാശ്, എസ്.പി. പിള്ള, അടൂർ ഭാസി, അടൂർ പങ്കജം തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. വയലാർ-ദേവരാജൻ ടീമിന്റെ എട്ടു...
ഉദയ സ്റ്റുഡിയോയിൽ എക്സെൽ പ്രൊഡക്ഷൻസിന്റെ പേരിൽ കുഞ്ചാക്കോ നിർമിച്ച് സംവിധാനം ചെയ്ത ചിത്രമാണ് 'ജയിൽ'. തോപ്പിൽ ഭാസി കഥയും സംഭാഷണവും എഴുതി. സത്യൻ, ശാരദ, രാജശ്രീ (ഗ്രേസി), തിക്കുറിശ്ശി, കൊട്ടാരക്കര ശ്രീധരൻ നായർ, കവിയൂർ പൊന്നമ്മ, ജോസ് പ്രകാശ്, എസ്.പി. പിള്ള, അടൂർ ഭാസി, അടൂർ പങ്കജം തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. വയലാർ-ദേവരാജൻ ടീമിന്റെ എട്ടു പാട്ടുകൾ ചിത്രത്തിലുണ്ടായിരുന്നു. എ.എം. രാജ പാടിയ ''കാറ്ററിയില്ല, കടലറിയില്ല/അലയും തിരയുടെ വേദന... /തീർഥയാത്രകൾ പോയാലും –ചെന്നു/തീർഥങ്ങളോടു പറഞ്ഞാലും /കരുണയില്ലാത്തൊരീ ലോകത്തിലാരും/തിരിഞ്ഞുനോക്കുകയില്ലല്ലോ'' എന്ന ഗാനം പ്രസിദ്ധമാണ്. യേശുദാസ് പാടിയ ''മുന്നിൽ മൂകമാം ചക്രവാളം/പിന്നിൽ ശൂന്യമാം അന്ധകാരം/ അന്ധകാരം- അന്ധകാരം'' എന്ന ഗാനവും വികാരതീവ്രം. ഈ പാട്ടിലെ തുടർന്നുള്ള വരികൾ ശ്രദ്ധിക്കുക. ''കാറ്റിൽ ജ്വലിക്കുമോ/ കാലം കെടുത്തുമോ/ മോഹങ്ങൾ കൊളുത്തിയ തിരിനാളം/പഞ്ചഭൂതങ്ങൾ തൻ/പഞ്ജരത്തിന്നുള്ളിൽ / പുകയുന്ന തിരിനാളം...'' പി. സുശീല പാടിയ ''കളിചിരി മാറാത്ത കാലം/കണ്ണുനീർ കാണാത്ത കാലം/ഞാനൊരാളിനെ സ്നേഹിച്ചുപോയി/ഞങ്ങൾ പിരിഞ്ഞുപോയി'' എന്ന പാട്ടും ജനശ്രദ്ധ നേടി. പി. സുശീല തന്നെ പാടിയ ''ചിത്രകാരന്റെ ഹൃദയം കവരും/ലജ്ജാവതീലതയാണു ഞാൻ'', എസ്. ജാനകി പാടിയ ''കിള്ളിയാറ്റിൻ കരയിലുണ്ടൊരു/വെള്ളിലഞ്ഞിക്കാട്/വെള്ളിലഞ്ഞിക്കാട്ടിലുണ്ടൊരു/വെള്ളാരംകിളിക്കൂട്'', എസ്. ജാനകിതന്നെ പാടിയ ''തങ്കവിളക്കത്ത് ചിങ്ങനിലാവത്ത്/തക്കിളി നൂൽക്കും താരകളേ/ പാവങ്ങളല്ലല്ലോ -നിങ്ങള്/പട്ടിണിക്കാരല്ലല്ലോ...'', എൽ.ആർ. ഈശ്വരി പാടിയ ''സാവിത്രിയല്ല, ശകുന്തളയല്ല, ശീലാവതിയുമല്ല കാമുകമാനസം പന്താടുന്നൊരു കാമരൂപിണി ഞാൻ...'', പി.ബി. ശ്രീനിവാസ് പാടിയ ''ചരിത്രത്തിന്റെ വീഥിയിൽ/ സങ്കല്പത്തിന്റെ മഞ്ചലിൽ...'' തുടങ്ങിയ ഗാനങ്ങളും 'ജയിൽ' എന്ന സിനിമയിൽ ഉണ്ടായിരുന്നു. ഒടുവിൽ സൂചിപ്പിച്ച ഗാനത്തിൽ പ്രശസ്ത ചിത്രകാരനായ മൈക്കൽ ഏഞ്ചലോയെ വയലാർ അനുസ്മരിക്കുന്നുണ്ട്. ''അന്വേഷിച്ചാൽ കണ്ടെത്തും എന്നു യേശുനാഥൻ പറഞ്ഞു. എത്ര അന്വേഷിച്ചിട്ടും മാനത്തും മണ്ണിലുമിതുവരെ മനുഷ്യപുത്രനെകണ്ടില്ല'' എന്ന സത്യം അവശേഷിക്കുന്നു.
''ഇതിഹാസങ്ങൾ മേഞ്ഞുനടക്കും /ഇറ്റലിയിലെയൊരു ഗ്രാമം /ഈ രാജവീഥിക്കരുകിൽ /ഗ്രാമവൃക്ഷത്തണലിൽ/ അന്വേഷിക്കും കണ്ണുകളോടെ /ആത്മദാഹത്തോടെ / ഈ കല്പടവിലിരിക്കുകയല്ലോ/മൈക്കൽ ഏഞ്ചലോ...'' ഇതുപോലെയുള്ള ചില അപൂർവചിത്രങ്ങൾ വയലാർ വാക്കുകൾകൊണ്ട് വരക്കാറുണ്ട്. മൈക്കൽ ഏഞ്ചലോയും ഇതേ അന്വേഷണത്തിലായിരുന്നു എന്നാണ് വയലാർ ഇവിടെ സൂചിപ്പിക്കുന്നത്. ആദർശശുദ്ധിയുള്ള ഏതു കലാകാരനും സത്യാന്വേഷി ആയിരിക്കുമല്ലോ. 1966 മേയ് 14ാം തീയതി പ്രദർശനമാരംഭിച്ച 'ജയിൽ' എന്ന ചിത്രം പരാജയമായില്ല; വൻ വിജയവുമായില്ല. രണ്ടു മൂന്നു ഗാനങ്ങൾ ഹിറ്റുകളായി.
എഴുത്തുകാരൻ എന്ന നിലയിലും നടൻ എന്ന നിലയിലും അമ്പതുകളുടെ തുടക്കത്തിൽ മലയാള സിനിമയിൽ പ്രവേശിച്ച കെ.പി. കൊട്ടാരക്കര മലയാളത്തിൽ സ്വന്തമായി നിർമിച്ച രണ്ടാമത്തെ ചിത്രമാണ് 'പെണ്മക്കൾ'. പൊലീസുകാരനായിരുന്ന സത്യവാൻ ശങ്കുപിള്ളയുടെയും ഏഴു പെണ്മക്കളുടെയും കഥയാണിത്. കൊട്ടാരക്കര ശ്രീധരൻ നായരാണ് സത്യവാൻ ശങ്കുപിള്ളയായി അഭിനയിച്ചത്. പ്രേം നസീർ, അംബിക, ഷീല, ജയഭാരതി, എസ്.പി. പിള്ള, ടി.കെ. ബാലചന്ദ്രൻ, ഫ്രണ്ട് രാമസ്വാമി, മണവാളൻ ജോസഫ്, കടുവാക്കുളം ആന്റണി തുടങ്ങിയവർ അഭിനയിച്ചു. ശശികുമാർ സംവിധാനംചെയ്ത 'പെണ്മക്കൾ' എന്ന ചിത്രത്തിലാണ് ഏഴു പെണ്മക്കളിൽ ഒരാളായി ജയഭാരതി മലയാളസിനിമയിൽ പ്രവേശിച്ചത്. അന്ന് ജയഭാരതിക്കു കൗമാരപ്രായം കഴിഞ്ഞിരുന്നില്ല. വയലാർ എഴുതി ബാബുരാജ് ഈണം നൽകിയ എട്ടു പാട്ടുകൾ 'പെണ്മക്കൾ' എന്ന സിനിമയിൽ ഉണ്ടായിരുന്നു. കമുകറ പുരുഷോത്തമൻ, യേശുദാസ്, പി. ലീല, എസ്. ജാനകി, ബി. വസന്ത എന്നിവരോടൊപ്പം സംഗീത സംവിധായകൻ ബാബുരാജും ഗാനങ്ങൾ പാടി. ''ചെത്തി മന്ദാരം തുളസി ... '' എന്നാരംഭിക്കുന്ന പ്രാർഥനാഗാനം പി. ലീല, ബി. വസന്ത, ബി. സാവിത്രി എന്നിവർ ചേർന്നു പാടി. ഈ ഗാനം മറ്റൊരു ചിത്രത്തിലും ആവർത്തിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇവിടെ വരികളിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ട്:
''ചെത്തി മന്ദാരം തുളസി /പിച്ചകമാലകൾ ചാർത്തി/പുലർകാലേ ഭഗവാനെ/കണികാണേണം /മയിൽപീലി തിരുകിയ/മണിമുത്തുകിരീടവും/മലർച്ചുണ്ടിൽ വിരിയുന്ന/മൃദുസ്മേരവും/യദുകുല കന്യകമാർ/കൊതിയ്ക്കുന്ന മെയ്യഴകും/കുവലയ മിഴികളും /കണികാണേണം...'' എന്നിങ്ങനെയാണ് ഈ പാരമ്പര്യ ഭക്തിഗീതം 'പെൺമക്കളി'ൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനെ തുടർന്ന് ''ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ'' എന്ന വരികളും ''ഇത്തിരിപ്പൂവേ ചുവന്ന പൂവേ ഇത്തറ കാലത്തെ എങ്ങുപോയി'' എന്ന വരികളും പാടുന്നുണ്ട്. വിവിധ പ്രായങ്ങളിലുള്ള ഏഴു പെൺകുട്ടികളുടെ വിവിധ ഭാവങ്ങൾ ചിത്രീകരിക്കുകയായിരിക്കും ഈ പാട്ടിന്റെ ലക്ഷ്യം. ''പുള്ളിമാന്മിഴി...'' എന്നാരംഭിക്കുന്ന യുഗ്മഗാനം കമുകറ പുരുഷോത്തമനും പി. ലീലയുമാണ് പാടിയത്.
''പുള്ളിമാന്മിഴി പുള്ളിമാന്മിഴി/പൂവമ്പന്റെ കളിത്തോഴി/പമ്പാതീരത്ത് നിന്നെ കണ്ടിട്ട്/പണ്ടില്ലാത്തൊരു മോഹം...'' എന്നിങ്ങനെ നായകൻ പാടുമ്പോൾ നായികയുടെ മറുപടി പല്ലവി ഇങ്ങനെ: ''അരനീർ വെള്ളത്തിൽ/അഞ്ജനപ്പുഴയിൽ/അല്ലിപ്പൂവിന് വന്നവനേ /പാതി വിരിഞ്ഞ നിൻ/ പുഞ്ചിരി കണ്ടിട്ട് /പണ്ടില്ലാത്തൊരു നാണം.''
യേശുദാസും ബി. വസന്തയും പാടിയ യുഗ്മഗാനം ''ഈ നല്ലരാത്രിയിൽ/ഈ വസന്തരാത്രിയിൽ/ ഇതളിതളായ് ഇതളിതളായ് / ഇന്നെന്റെ സ്വപനങ്ങൾ/പൂത്തു വിടർന്നു'' എന്നിങ്ങനെ ആരംഭിക്കുന്നു. എസ്. ജാനകിയും പി. ലീലയും ചേർന്നുപാടിയ ഒരു പെൺയുഗ്മഗാനവും 'പെൺമക്കളി'ൽ ഉണ്ടായിരുന്നു. ''ഒരമ്മ പെറ്റുവളർത്തിയ കിളികൾ /ഓമനപ്പൈങ്കിളികൾ/പെരിയാറിൻ തീരത്തൊ-/രാരയാലിൻ കൊമ്പിന്മേൽ / ഒരുമിച്ചു കൂടുകെട്ടി -ഒരുകാലം/ഒരുമിച്ചു കൂടുകെട്ടി'' എന്നു തുടങ്ങുന്ന കഥാഗാനം 'പെണ്മക്കൾ' എന്ന ചിത്രത്തിലെ ആശയവുമായി വളരെയധികം ഇഴുകിച്ചേരുന്നതായിരുന്നു.
''ദൈവത്തിനു പ്രായമായി...'' എന്നാരംഭിക്കുന്ന വ്യത്യസ്തമായ ഗാനം പാടിയത് ബാബുരാജ് തന്നെയാണ്. ആ വരികൾ ലളിതവും വളരെ അർഥഗർഭവുമാണ്. എല്ലാം ശൂന്യം- ബ്രഹ്മം- കണ്ടീഷൻ/ ദൈവത്തിനു പ്രായമായി/ദുനിയാവിനു പ്രായമായി /വഞ്ചനയ്ക്കു നമ്മുടെ നാട്ടിൽ / വയസ്സ് പതിനാറ് / മൂത്തവർ ചൊല്ലും മുതുനെല്ലിക്കയും/ ആദ്യം കയ്ക്കും ആദ്യം കയ്ക്കും /ചക്കരവാക്കും ചെകുത്താൻ വേദവും ആദ്യം മധുരിക്കും...'' എന്നിങ്ങനെ പോകുന്നു ആ സറ്റയർ പാട്ടിലെ വരികൾ. ''കാലൻ കേശവൻ...'' എന്ന് തുടങ്ങുന്ന രസകരമായ ഭക്തിഗാനം കമുകറ പുരുഷോത്തമനും പി. ലീലയും പരമശിവം (പീറ്റർ) എന്ന ഗായകനും ചേർന്നാണ് ആലപിച്ചത്. കാലൻ കേശവൻ/കൗരവവംശ കാലൻ കേശവൻ/ കാലൻ-കാലൻ-കാലൻ/കംസൻ കാലൻ കേശവൻ/കാളിയമർദന നർത്തനലോലൻ/ഗോപികമാരുടെ ചേലക്കള്ളൻ/ അഞ്ജനമുകിൽവർണൻ /ആശ്രിതവത്സലൻ/അമ്പലപ്പുഴ വാഴും ഭക്തപാരായണൻ/കാലൻ കേശവൻ/കംസൻ കാലൻ കേശവൻ...'' (ഈ ഗാനം പാടിയവരിൽ ഒരാളായ പരമശിവം മലയാളിയാണ്. ശരിയായ പേര് പരമേശ്വരൻ. എം.പി. ശിവം എന്ന പേരിൽ ഇദ്ദേഹം ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യക്കുവേണ്ടി ചില ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്. ഇദ്ദേഹം ക്രിസ്തുമതം സ്വീകരിക്കുകയും പീറ്റർ എന്ന് പേര് മാറ്റുകയും ചെയ്തു. പിൽക്കാലത്ത് 'കാറ്റുവിതച്ചവൻ' എന്ന ചിത്രത്തിലെ പാട്ടുകൾക്ക് ഈണം നൽകിയ പീറ്റർ-റൂബൻ കൂട്ടുകെട്ടിലെ പീറ്റർ ഇദ്ദേഹമാണ്.)
''പൊട്ടിത്തകർന്നു പ്രതീക്ഷകൾകൊണ്ടവർ/കെട്ടിപ്പടുത്ത കടലാസുകൊട്ടകൾ/നിശ്ചലംനിന്നു നിഴലുകൾ, ഏകാന്ത/ദുഃഖങ്ങൾ തൻ മൂകചിത്രങ്ങൾ മാതിരി...'' 'പെണ്മക്കൾ' എന്ന സിനിമയിൽ ഈ പശ്ചാത്തലഗാനം പാടിയത് കമുകറ പുരുഷോത്തമനാണ്. 1966 ജൂൺ 17ാം തീയതി പുറത്തുവന്ന 'പെണ്മക്കൾ' എന്ന കുടുംബചിത്രം സാമ്പത്തികവിജയം നേടി.
ഇതേ വർഷം ഇതേ മാസം 30ാം തീയതി തിയറ്ററുകളിൽ എത്തിയ 'കൂട്ടുകാർ' എന്ന സിനിമയും ശശികുമാർ സംവിധാനം ചെയ്തതായിരുന്നു. തിരക്കഥയും ശശികുമാർ തന്നെ എഴുതി. ശരവണഭവ പിക്ചേഴ്സിനുവേണ്ടി എ.കെ. ബാലസുബ്രഹ്മണ്യം നിർമിച്ച 'കൂട്ടുകാർ' എന്ന ചിത്രത്തിന് സംഭാഷണം എഴുതിയത് പി.ജെ. ആന്റണിയാണ്. അയൽക്കാരായ രാമൻ നായരുടെയും മമ്മൂട്ടിയുടെയും ആത്മബന്ധത്തിലുണ്ടാകുന്ന വിള്ളലുകളാണ് ചിത്രത്തിലെ പ്രധാന വിഷയം. അവസാനം മരണത്തിൽ ആ കൂട്ടുകാർ ഒന്നുചേരുന്നു. തികച്ചും ഒരു വാണിജ്യസിനിമയാണെങ്കിലും മതമൈത്രി എന്ന വിഷയം സംവിധായകൻ നല്ലരീതിയിൽ കൈകാര്യം ചെയ്തു. കഥാന്ത്യത്തിൽ രണ്ടു കൂട്ടുകാരും അന്ത്യയാത്ര പറയുന്നു. ഒരാൾ പള്ളി ശ്മശാനത്തിലേക്കും ഒരാൾ ചുടുകാട്ടിലേക്കും. പ്രേംനസീർ, അംബിക, ഷീല, കൊട്ടാരക്കര ശ്രീധരൻ നായർ, തിക്കുറിശ്ശി, എസ്.പി. പിള്ള, ആറന്മുള പൊന്നമ്മ, അടൂർ ഭാസി, മണവാളൻ ജോസഫ് തുടങ്ങിയവർ അഭിനേതാക്കളായി. വയലാർ എഴുതിയ ഗാനങ്ങൾ, എം.എസ്. ബാബുരാജിന്റെ സംഗീതം. ചിത്രത്തിൽ ആകെ ആറു ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസ് പാടിയ ''അസതോമാ സദ്ഗമയ/ തമസോ മാ ജ്യോതിർഗമയ /മൃത്യോർമാ അമൃതം ഗമയ /അല്ലാഹു അക്ബർ.../ ഒരു ജാതി ഒരു മതം ഒരു ദൈവം/ ഓർമ വേണമീയദ്വൈതമന്ത്രം...'' എന്നിങ്ങനെ തുടങ്ങുന്ന ഗാനം ജനപ്രീതി നേടി. പി. സുശീല പാടിയ ''കണ്ണാടിക്കൂട്ടിലെ കണ്ണുനീർക്കൂട്ടിലെ /സ്വർണമത്സ്യങ്ങളേ/ നൊമ്പരങ്ങൾ ഖൽബിലൊതുക്കും /നിങ്ങളും ഞാനും ഒരുപോലെ...'' എന്ന ഗാനവും മനോഹരമാണ്.
യേശുദാസും എസ്. ജാനകിയും പാടിയ ''കുറുമൊഴിമുല്ലപൂത്താലവുമായ്/കുളിച്ചു തൊഴുതു വരുന്നവളേ/ പുതുമഴ കൊള്ളേണ്ട പൊൻവെയിൽ കൊള്ളേണ്ട/പച്ചിലക്കുടക്കീഴിൽ നിന്നാട്ടെ'' എന്ന പ്രണയയുഗ്മഗാനവും ലളിതവും സുന്ദരവുമാണ്.
യേശുദാസ് പാടിയ ''നിഴലുകളേ... നിഴലുകളേ/നിങ്ങളെന്തിനു കൂടെവരുന്നു/ നിശ്ശബ്ദ നിഴലുകളേ...'' എന്ന ഗാനവും യേശുദാസ് തന്നെ പാടിയ ''നോ വേക്കൻസി... നോ വേക്കൻസി.../ഭൂമിയിലെവിടെ ചെന്നാലും/നോ വേക്കൻസി'' എന്ന ഗാനവും പി. ലീലയും കൂട്ടരും പാടിയ, വീട്ടിലിന്നലെ വടക്കുനിന്നാരോ/വിരുന്നു വന്നതു ഞാനറിഞ്ഞു / വിരിഞ്ഞുനിൽക്കും സ്വപ്നവുമായി നീ/ഒരുങ്ങിനിന്നതും ഞാനറിഞ്ഞു എന്ന ഗാനവും 'കൂട്ടുകാർ' എന്ന ചിത്രത്തിൽ ഇടംപിടിച്ചിരുന്നു. 'കൂട്ടുകാർ' എന്ന സിനിമയിലെ ഒരു ഗാനവും മോശമായിരുന്നില്ല.
1966 ജൂലൈ ഒമ്പതാം തീയതി പ്രദർശനമാരംഭിച്ച 'കാട്ടുമല്ലിക' എന്ന വനസാഹസിക ചിത്രത്തിന് 10 പാട്ടുകളെഴുതിക്കൊണ്ട് ശ്രീകുമാരൻ തമ്പി എന്ന ഈ ലേഖകൻ ഗാനരചയിതാവായി മലയാള സിനിമയിൽ പ്രവേശിച്ചു. എം.എസ്. ബാബുരാജാണ് സിനിമക്കു വേണ്ടി ഞാൻ എഴുതിയ ആദ്യഗാനങ്ങൾക്കു സംഗീതം പകർന്നത്. നീലാ പ്രൊഡക്ഷൻസിനു വേണ്ടി പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാതാവും അദ്ദേഹംതന്നെ. കാനം ഇ.ജെ കഥയും സംഭാഷണവും രചിച്ചു. സംഘട്ടനങ്ങൾക്കും നായകനും ക്രൂരമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കും പ്രാധാന്യമുള്ള സിനിമയിൽ അന്ന് തമിഴിലെ ലോ ബജറ്റ് സ്റ്റണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ആനന്ദൻ എന്ന തമിഴ് നടനാണ് നായകനായി അഭിനയിച്ചത്. ഞാൻ സിനിമക്കുവേണ്ടി എഴുതിയ ആദ്യ ഗാനത്തിന് ചുണ്ടുകൾ ചലിപ്പിച്ചത് സത്യനോ പ്രേംനസീറോ മധുവോ ആയിരുന്നില്ല, തമിഴ് സ്റ്റണ്ട് നടനായ ആനന്ദൻ ആയിരുന്നു എന്ന് ഓർമിക്കുന്നത് രസകരമാണ്. ഹാസ്യതാരങ്ങൾ എസ്.പി. പിള്ളയും തമിഴ് നടനായ കുലദൈവം രാജഗോപാലും ആയിരുന്നു. അടൂർ ഭാസിയോ ബഹദൂറോ ഉണ്ടായിരുന്നില്ല. തമിഴിലെ ഒരു ചെറുകിട വില്ലൻ നടനായ കള്ളപ്പാർട്ട് നടരാജൻ ആയിരുന്നു പ്രധാന വില്ലൻ. ഗീതാഞ്ജലി നായിക, കൽപന (വാണിശ്രീ) ഉപനായിക. വൈക്കം മണി, പറവൂർ ഭരതൻ, ശാന്തി എന്നിവരും അഭിനയിച്ചു. കമുകറ പുരുഷോത്തമൻ, യേശുദാസ്, പി.ബി. ശ്രീനിവാസ്, പി. ലീല, എസ്. ജാനകി, എൽ.ആർ. ഈശ്വരി, എൽ.ആർ. അഞ്ജലി എന്നിവർ ഗാനങ്ങൾ പാടി. യേശുദാസും എസ്. ജാനകിയും പാടിയ ''താമരത്തോണിയിൽ താലോലമാടി താനേ തുഴഞ്ഞുവരും പെണ്ണേ...'' എന്ന യുഗ്മഗാനമാണ് ഞാൻ ആദ്യം എഴുതിയത്. അത് പൂർണമായും താഴെ കൊടുക്കുന്നു:
''താമരത്തോണിയിൽ താലോലമാടി/താനേ തുഴഞ്ഞുവരും പെണ്ണേ.../താരമ്പന്നനുരാഗത്തങ്കത്തിൽ തീർത്തൊരു/ താരുണ്യക്കുടമല്ലേ നീ..? (താമരത്തോണിയിൽ) ആതിരചന്ദ്രിക അരിയാമ്പൽപൂക്കളിൽ /മധുമാരി പെയ്യുമീ രാവിൽ/ ഒരു കാട്ടുപൂവിൻ കരളിന്റെ നൊമ്പരം/ നറുമണമാകുമീ രാവിൽ (താമരത്തോണിയിൽ) മാനത്തെ ചന്ദ്രന്റെ വെളിച്ചമല്ല...ഇതെൻ/മനസ്സിലെ ചന്ദ്രന്റെ വെളിച്ചമല്ലോ/ മണ്ണിലെ പൂവിന്റെ ഗന്ധമല്ല, ഇതെൻ/മനസ്സിലെ വാസന്തഗന്ധമല്ലോ... (താമരത്തോണിയിൽ) കാണാതിരിക്കുമ്പോൾ കൺനിറയും -നീയെൻ/കണ്മുന്നിൽ വന്നാലോ കരൾ നിറയും /കണ്ണു തുറന്നിരുന്നും കനവു കാണും -നിന്റെ / കാലൊച്ച കേട്ടാൽ ഞാനാകെ മാറും... (താമരത്തോണിയിൽ)''
''അവളുടെ കണ്ണുകൾ കരിങ്കദളിപ്പൂക്കൾ/അവളുടെ ചുണ്ടുകൾ ചെണ്ടുമല്ലിപ്പൂക്കൾ/അവളുടെ കവിളുകൾ പൊന്നരളിപ്പൂക്കൾ/ അവളൊരു തേന്മലർവാടിക...'' എന്നു തുടങ്ങുന്ന ഗാനം പി.ബി. ശ്രീനിവാസ് ആണ് പാടിയത്. ''മരണത്തിൻ നിഴലിൽ മാതാവിൻ കണ്ണുകൾ/മകനെ തേടി തളരുന്നു... /എവിടെ...എവിടെ...എവിടെ / എവിടെ നിൻ പൊന്മകനെവിടെ..?'' എന്ന പശ്ചാത്തലഗാനം കമുകറ പുരുഷോത്തമൻ പാടി.
സിനിമയിൽ വില്ലനും ഉപനായികയും അഭിനയിക്കുന്ന രംഗത്തിനുവേണ്ടി മാദകത്വം കലർത്തി എഴുതിയ ഗാനം കമുകറ പുരുഷോത്തമനും ബി. വസന്തയും ചേർന്നാണ് പാടിയത്. ''പെണ്ണേ നിൻ കണ്ണില് കാമത്തിൻ വില്ലുകൾ/ തേനമ്പൊരായിരം തൊടുത്തു നിൽക്കവേ/ഉള്ളിന്റെയുള്ളില് പൊള്ളുന്ന നൊമ്പരം/കള്ളീ,യെൻ കൈകളിൽ കുഴഞ്ഞുവീഴ്ക നീ...'' എൽ.ആർ. ഈശ്വരിയും സംഘവും പാടുന്ന നൃത്തഗാനത്തിലെ വരികൾ ഇങ്ങനെ തുടങ്ങുന്നു.
''മാനത്തെ പൂമരക്കാട്ടിലെ/മാമാങ്കം കാണാൻ പോകും /മാടപ്പിറാവേ... മണിപ്പിറാവേ...'' പി. ലീലയും സംഘവും പാടുന്ന മറ്റൊരു സംഘഗാനം. ''തിമി തിന്തിമി തയ്യന്നാരെ...'' എന്ന് തുടങ്ങുന്നു. എസ്. ജാനകിയും പി. ലീലയും ചേർന്ന് പാടിയ ''കണ്ണുനീർക്കാട്ടിലെ കാഞ്ഞിരച്ചില്ലയിൽ/കരഞ്ഞിരിക്കും മൈനേ കാർത്തികത്തിരുനാളിൽ നിന്റെ /കമനൻ വന്നു ചേരും...'' എന്ന സാന്ത്വനഗാനവും കമുകറയും പി. ലീലയും ചേർന്ന് പാടുന്ന ''പണ്ടത്തെ പാട്ടുകൾ പാടിപ്പറക്കുന്ന /പഞ്ചവർണക്കിളിയേ/കാട്ടുരാജാവിന്റെ ഭാഗ്യം പറഞ്ഞു നീ /ആടി വരൂ കിളിയേ...'' എന്ന പാട്ടും ചിത്രത്തിൽ ഉണ്ടായിരുന്നു. പി. ലീലയും എസ്. ജാനകിയും പാടിയ ''കല്യാണമാകാത്ത കാട്ടുപെണ്ണേ...'' എന്ന പാട്ടും ''രണ്ടേ രണ്ടു നാളുകൊണ്ടീ മണ്ടയിതെങ്ങനെ കഷണ്ടിയായ്...'' എന്ന് തുടങ്ങുന്ന ഹാസ്യഗാനവും 'കാട്ടുമല്ലിക'യിൽ ഇടംപിടിച്ചിരുന്നു. ഈ ഹാസ്യഗാനം എം.എസ്. ബാബുരാജും എൽ.ആർ. ഈശ്വരിയുടെ അനുജത്തി എൽ.ആർ. അഞ്ജലിയും ചേർന്നാണ് പാടിയത്. ഇന്റർനെറ്റിൽ വിവിധ സൈറ്റുകളിൽ ഈ ഗാനം പാടിയത് പി.ബി. ശ്രീനിവാസും എൽ.ആർ. ഈശ്വരിയും എന്നു കൊടുത്തിട്ടുള്ളത് ശരിയല്ല. എനിക്ക് ഇഷ്ടമില്ലാതെ സംവിധായക നിർമാതാവിന്റെ നിർബന്ധം കൊണ്ടുമാത്രം എഴുതിയ ഈ പാട്ടു റെക്കോഡ് ചെയ്യുമ്പോൾ ഞാൻ മദ്രാസിലെ അരുണാചലം സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. ഞാൻ പാട്ടുകൾ എഴുതുന്ന ആദ്യസിനിമയായതുകൊണ്ട് കാര്യങ്ങൾ കണ്ടുപഠിക്കാനായി എല്ലാ പാട്ടുകളുടെയും റെക്കോഡിങ്ങിൽ പങ്കെടുത്തിരുന്നു.
സിനിമയിലെ താരനിര ആദ്യമൊക്കെ എന്നെ നിരാശനാക്കിയിരുന്നെങ്കിലും ചിത്രം സൂപ്പർഹിറ്റ് ആയപ്പോൾ ആ ദുഃഖം മറന്നു. 'കാട്ടുമല്ലിക' തമിഴിലേക്കും തെലുങ്കിലേക്കും ഡബ് ചെയ്തു. അങ്ങനെ ഞാൻ ആദ്യമെഴുതിയ സിനിമാഗാനങ്ങളുടെ പരിഭാഷ തമിഴിലും തെലുങ്കിലും ഉള്ള സിനിമാപ്രേക്ഷകർക്കും കേൾക്കാൻ കഴിഞ്ഞു.
സിനിമയിലെ ഉയർച്ച താഴ്ചകൾ ആർക്കുംതന്നെ മുൻകൂട്ടി കാണാൻ കഴിയില്ല. 'കാട്ടുമല്ലിക'യിൽ നായികയായ മല്ലികയുടെ വേഷത്തിൽ അഭിനയിച്ച ഗീതാഞ്ജലി എന്ന നടി കാലക്രമത്തിൽ തെലുങ്കിലെ പ്രധാന ഹാസ്യനടി മാത്രമായി ഒതുങ്ങി. എന്നാൽ 'കാട്ടുമല്ലിക'യിൽ ഉപനായികയായി വന്ന കൽപന എന്ന നടി പിന്നീട് 'വാണിശ്രീ' എന്ന പേര് സ്വീകരിച്ച് തെലുങ്ക് സിനിമയിലും തമിഴ് സിനിമയിലും നായികയായി തിളങ്ങി. എൻ.ടി.രാമറാവു, എ. നാഗേശ്വരറാവു, കൃഷ്ണ തുടങ്ങിയവരുടെ നായികയായി തെലുങ്കിലും ശിവാജി ഗണേശന്റെ നായികയായി തമിഴിലും അഭിനയിച്ചു. ശിവാജിയും വാണിശ്രീയും നായകനും നായികയുമായി അഭിനയിച്ച 'വസന്തമാളിക' എന്ന തമിഴ് ചിത്രം വളരെ പ്രശസ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.