‘‘പാട്ടുകൾ സിനിമയുടെ വിജയഘടകങ്ങളിൽ ഒന്നാണെന്ന വിശ്വാസം നിലനിന്നിരുന്നതുകൊണ്ട് അസ്ഥാനത്തും പാട്ട് കുത്തിത്തിരുകാനുള്ള പ്രവണത അക്കാലത്ത് ഉണ്ടായിരുന്നു’’ – ഗാനരചയിതാവും കവിയും എഴുത്തുകാരനുമായ ലേഖകൻ അക്കാര്യം വിവരിക്കുന്നു.
1955ൽ പുറത്തുവന്ന ‘The Desperate Hours’ എന്ന പ്രശസ്ത ഹോളിവുഡ് സിനിമയുടെ കഥ അൽപം ചില മാറ്റങ്ങളോടെ ‘നാണൽ’ എന്നപേരിൽ തമിഴിൽ നിർമിക്കപ്പെട്ടു. പിൽക്കാലത്ത് തമിഴ്സിനിമയിലെ ഹിറ്റ്മേക്കറായും പുതിയ തലമുറയുടെ വഴികാട്ടിയായും മാറിയ കെ. ബാലചന്ദർ ആണ് ‘നാണൽ’ എന്ന ചിത്രം സംവിധാനംചെയ്തത്. മൂലകഥയിൽ സംവിധായകൻ നൽകിയ മാറ്റങ്ങൾ ‘Desperate Hours’ എന്ന ഹോളിവുഡ് സിനിമയോട് ‘നാണലി’നുള്ള കടപ്പാട് മറച്ചുവെക്കാൻ പര്യാപ്തമായിരുന്നു. മുത്തുരാമൻ, കെ.ആർ. വിജയ, ഷൗക്കാർജാനകി, നാഗേഷ് മേജർ സുന്ദരരാജൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ഈ തമിഴ്സിനിമയുടെ കഥയെ അടിസ്ഥാനമാക്കി സാവിത്രി പിക്ചേഴ്സ് എന്ന നിർമാണക്കമ്പനി മലയാളത്തിൽ തയാറാക്കിയ ചിത്രമാണ് ‘ഭീകരനിമിഷങ്ങൾ’. അരുണാചലവും ചിന്ന അണ്ണാമലയും ആണ് നിർമാതാക്കൾ. എം. കൃഷ്ണൻനായർ ഈ ചിത്രം സംവിധാനംചെയ്തു. തുടക്കം മുതൽ ഒടുക്കംവരെ സസ്പെൻസ് നിലനിർത്തുന്ന ഈ സിനിമയിൽ പാട്ടുകൾക്ക് വലിയ പ്രാധാന്യമില്ല. എങ്കിലും സംവിധായകൻ എം. കൃഷ്ണൻ നായർക്ക് പ്രിയങ്കരരായ വയലാറും ബാബുരാജും ചേർന്നൊരുക്കിയ നാല് ഗാനങ്ങൾ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു.
പി. സുശീല പാടിയ രണ്ടു പാട്ടുകൾ, എൽ.ആർ. ഈശ്വരി പാടിയ ഒരു പാട്ട്, യേശുദാസും എസ്. ജാനകിയും ചേർന്നു പാടിയ ഒരു യുഗ്മഗാനം – ഇങ്ങനെ നാല് പാട്ടുകൾ. ചിത്രത്തിലെ നായിക ഷീല അത്തപ്പൂക്കളം ഒരുക്കുന്ന വേളയിൽ പാടുന്ന ഗാനമാണ് സുശീല പാടിയ ആദ്യഗാനം. ഈ ഗാനചിത്രീകരണത്തിൽ സംവിധായകൻ ഷീലയോടൊപ്പം ഉപനായികയായ ഉഷാകുമാരിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാനം ഇങ്ങനെ തുടങ്ങുന്നു.
‘‘അഞ്ജലിപ്പൂ... പൂ... പൂ... പൂ.../ അത്തപ്പൂ പുഷ്കരമുല്ലപ്പൂ/ പൂക്കളം വാഴും ഭഗവാനേ/ ഞാനിതാ ശ്രീപാദം കൈ തൊഴുന്നേൻ...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘പൈങ്കിളിപ്പാട്ടുകൾ പള്ളിയുണർത്തിയ/സംക്രമപുലർകാലം -ചിങ്ങ/ സംക്രമപുലർകാലം/ തൃക്കാക്കരയപ്പന് നേദിക്കുന്നു/ തിരുമധുരത്താലം -പൊന്നിൻ/ തിരുമധുരത്താലം...’’ ഈ ഗാനത്തിലെ ഏറ്റവും സൗന്ദര്യമുള്ള വരികൾകൂടി ശ്രദ്ധിക്കുക. ‘‘അഞ്ജനച്ചോലയിൽ നീരാടി അഴിഞ്ഞ മുടിയിൽ പൂചൂടി ഉണ്ണിസ്സൂര്യനെ എളിയിലെടുത്തുംകൊണ്ടുദയം പൂജയ്ക്കെത്തി -ഉഷസ്സുദയം പൂജയ്ക്കെത്തി...’’
‘‘തുളസീദേവീ’’ എന്നു തുടങ്ങുന്ന ഗാനമാണ് പി. സുശീല പാടിയ രണ്ടാമത്തെ ഗാനം. ‘‘തുളസീദേവീ തുളസീദേവീ/ തപസ്സിൽനിന്നുണരൂ/കുളിച്ചു തൊഴുതു വലം വെക്കുമെന്നെ/ അനുഗ്രഹിക്കൂ... അനുഗ്രഹിക്കൂ/ കറുത്ത നിഴലുകൾ പൊയ്മുഖങ്ങളുമായ്/ വിരുന്നു കേറിയ വീട്ടിൽ/ കാറ്റത്തു കൊളുത്തിയ കളിമൺവിളക്കുമായ്/ കൈകൂപ്പി നിൽപ്പൂ ഞാൻ -മുന്നിൽ/ കൈ കൂപ്പി നിൽപ്പൂ ഞാൻ...’’ തടവ് ചാടിയ നാല് ക്രിമിനലുകൾ ഒരു വീട്ടിൽ കയറി അവിടെ സേന്താഷത്തോടെയും സമാധാനത്തോടെയും താമസിക്കുന്ന കുടുംബത്തിലെ അംഗങ്ങളെ ഭീഷണിപ്പെടുത്തി സ്വന്തം വരുതിയിലാക്കി അവിടെ താമസമാക്കുന്നു. കുടുംബം എങ്ങനെ ആ ഭീകരരിൽനിന്ന് രക്ഷപ്പെടുന്നു, അതിനിടയിൽ ആ വീട്ടിൽ എന്തൊക്കെ സംഭവിക്കുന്നു എന്നൊക്കെയാണ് ‘ഭീകര നിമിഷങ്ങൾ’ എന്ന സിനിമ പറയുന്നത്. കഥയുടെ മർമമാണ് ‘‘കറുത്ത നിഴലുകൾ പൊയ്മുഖങ്ങളുമായ് വിരുന്നുകേറിയ വീട്ടിൽ’’ എന്ന വരിയിലൂടെ വയലാർ സൂചിപ്പിക്കുന്നത്.
എൽ.ആർ. ഈശ്വരി പാടിയ ഗാനമാണ് മൂന്നാമത്തേത്. ‘‘പിറന്നാൾ -ഇന്നു പിറന്നാൾ’’ എന്നാരംഭിക്കുന്ന ഗാനം. ‘‘പിറന്നാൾ -ഇന്നു പിറന്നാൾ/ പ്രിയദർശിനിയാം പൗർണമിപ്പെണ്ണിന്/ പതിനേഴു തികയുന്ന പിറന്നാൾ/ മഞ്ജുപീതാംബരം ഞൊറിഞ്ഞുടുത്തു/ മൃഗമദം ചാലിച്ചു തൊട്ടു -നെറ്റിയിൽ/ മൃഗമദം ചാലിച്ചു തൊട്ടു/ പൂമുഖപ്പടിയിൽ പൊന്നും കിണ്ടിയിൽ/ സോമരസം പകർന്നുവെച്ചു...’’ എന്നിങ്ങനെ ഈ ഗാനം തുടർന്നുപോകുന്നു.
യേശുദാസും എസ്. ജാനകിയും പാടുന്ന യുഗ്മഗാനമാണ് ഇനിയുള്ളത്. ആ ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘വൈശാഖപൂജയ്ക്കു പൂവനം മുഴുവൻ/ വൈഡൂര്യ മല്ലികകൾ പുഷ്പിച്ചു/ ഋതുകന്യകയെ പ്രിയകാമുകനൊരു/ തിരുവാഭരണം ചാർത്തിച്ചു...’’ ആരംഭം മുതൽ അവസാനം വരെ ‘ഇനി എന്ത് സംഭവിക്കും?’ എന്ന ഭയാനകമായ സസ്പെൻസ് നിറഞ്ഞുനിൽക്കുന്ന ഒരു സിനിമയിൽ പാട്ടുകൾക്ക് എന്ത് സ്ഥാനം? എങ്കിലും തന്റെ സിനിമയിൽ നാല് ഗാനസന്ദർഭങ്ങൾ കണ്ടുപിടിക്കാൻ സംവിധായകൻ നല്ല ശ്രമം നടത്തിയിരിക്കുന്നു. അദ്ദേഹം അവ മനോഹരമായി ചിത്രീകരിക്കുകയും ചെയ്തു. പാട്ടുകളില്ലാത്ത ഒരു കമേഴ്സ്യൽ സിനിമയെക്കുറിച്ചു ചിന്തിക്കാൻ അന്നത്തെ സംവിധായകർക്കും നിർമാതാക്കൾക്കും സാധിക്കുമായിരുന്നില്ല.
1970 മേയ് 21ാം തീയതി പുറത്തുവന്ന ‘ഭീകരനിമിഷങ്ങൾ’ എന്ന ചിത്രത്തിന് ‘The Desperate Hours’ എന്ന ഇംഗ്ലീഷ് ചിത്രത്തിനും ‘നാണൽ’ എന്ന തമിഴ് ചിത്രത്തിനും ലഭിച്ച വ്യവസായികവിജയം നേടാൻ സാധിച്ചില്ല, എങ്കിലും സിനിമ പരാജയമായില്ല.
കുഞ്ചാക്കോയുടെ എക്സൽ പ്രൊഡക്ഷൻസ് ഉദയാ സ്റ്റുഡിയോയിൽ നിർമിച്ച ചിത്രമാണ് ‘ദത്തുപുത്രൻ’. കുഞ്ചാക്കോതന്നെയാണ് ഈ ചിത്രം സംവിധാനംചെയ്തതും. കാനം ഇ.ജെ കഥയും സംഭാഷണവും എഴുതി. ഒരേസമയം ഇത് ഒരു കുടുംബകഥയും പ്രണയകഥയുമാണ്. സത്യൻ, പ്രേംനസീർ, കെ.പി. ഉമ്മർ, ഷീല, ജയഭാരതി, ഉഷാകുമാരി, രാജശ്രീ, പി.ജെ. ആന്റണി, അടൂർ ഭാസി, എസ്.പി. പിള്ള, അടൂർ പങ്കജം, ആലുമ്മൂടൻ തുടങ്ങിയവർ ‘ദത്തുപുത്രനി’ൽ അഭിനയിച്ചു.
വയലാർ-ദേവരാജൻ ടീമിന്റെ അഞ്ചു ഗാനങ്ങൾ യേശുദാസ്, പി. സുശീല, എൽ.ആർ. ഈശ്വരി എന്നിവർ പാടി. ഹിറ്റുകളായ ചില പാട്ടുകൾ ഈ സിനിമയിലുണ്ട്. യേശുദാസ് പാടിയ ‘‘സ്വർഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം’’ എന്നാരംഭിക്കുന്ന ഗാനം വളരെ പ്രശസ്തമാണ്.
‘‘സ്വർഗത്തേക്കാൾ സുന്ദരമാണീ/ സ്വപ്നം വിടരും ഗ്രാമം/ പ്രേമവതിയാം എൻ പ്രിയകാമുകി/ താമസിക്കും ഗ്രാമം...’’ തന്റെ പതിവുശൈലിയിൽനിന്ന് അൽപം വ്യത്യസ്തമായ വിധത്തിലാണ് ദേവരാജൻ മാസ്റ്റർ ഈ ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഗാനത്തിലെ തുടർന്നുള്ള വരികൾ ഇങ്ങനെ:
‘‘അവൾ കുളിക്കും കുളക്കടവിൽ അലഞൊറിയും പൂങ്കാറ്റേ/ പുതിയൊരു ലജ്ജയിൽ മുങ്ങിപ്പൊങ്ങും/ പൂമെയ് കണ്ടിട്ടുണ്ടോ.../അഹ -കണ്ടിട്ടുണ്ടോ..?’’ എന്നിങ്ങനെ നീണ്ട ഹമ്മിങ്ങുകളോടെ ഈ ഗാനം മുന്നേറുന്നു. യേശുദാസ് തന്നെ പാടിയ ‘‘ആഴി അലയാഴി...’’ എന്ന ഗാനം രചനയിലും ഈണത്തിലും മേൽപറഞ്ഞ ഗാനത്തിൽനിന്ന് തുലോം വ്യത്യസ്തമാണ്. ‘‘ആഴി അലയാഴി.../ അപാരതേ നിൻ വിജനമാം കരയിൽ/ അലയുന്നു ഞാനാം പഥികൻ...’’ എന്ന ഗാനത്തിന്റെ തുടർന്നുള്ള വരികളും നന്ന്.
‘‘ഒരു കപ്പൽകൂടി തകർത്തു ദൂരെ/ തിരമാല പൊട്ടിച്ചിരിച്ചു/ തകർന്ന കപ്പലിൻ ജഡത്തിനരികിൽ/ ചിറകടിച്ചെത്തുന്നു കഴുകൻ/ ചിറകടിച്ചെത്തുന്നു കഴുകൻ...’’ അടുത്ത ചരണത്തിൽ ‘‘ഒരു തീരം കൂടി തകർത്തു -ചുറ്റും പ്രളയാന്ധകാരം പടർന്നു’’ എന്നു തുടങ്ങി ‘‘ചെകുത്താനും കടലിനും നടുവിൽ നിൽക്കുന്ന മനുഷ്യപുത്രന് വെളിച്ചമില്ലേ..?’’ എന്നു ചോദിക്കുന്നു. വരികളിൽ തിളങ്ങുന്ന ആശയത്തിനനുസൃതമായി സ്വരങ്ങൾ നിരത്താൻ ദേവരാജൻ എന്ന സംഗീതജ്ഞനുള്ള പാടവം ഈ ഗാനത്തിൽ നാം ഒരിക്കൽകൂടി കാണുന്നു.
‘‘തീരാത്ത ദുഃഖത്തിൻ തീരാത്തൊരുനാൾ സ്ത്രീയായ് ദൈവം ജനിക്കേണം’’ എന്ന പി. സുശീലയുടെ പ്രശസ്ത ഗാനവും ഈ സിനിമയിലേതാണ്.
‘‘തീരാത്ത ദുഃഖത്തിൻ തീരാത്തൊരു നാൾ/ സ്ത്രീയായ് ദൈവം ജനിക്കേണം/ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ മേവുന്ന/ നാട്ടിൻപുറത്തു വളരേണം.../ പ്രാണസർവസ്വമായ് സ്നേഹിച്ചൊരാളിനെ/ പ്രണയവിവാഹം കഴിക്കേണം/ അവൾ അവനു വിളക്കായ് ഇരിക്കേണം/ പെണ്ണിന്റെ ദിവ്യാനുരാഗവും ദാഹവും/ അന്നേ മനസ്സിലാകൂ... ദൈവത്തിനന്നേ മനസ്സിലാകൂ...’’ പി. സുശീല ആഹ്ലാദത്തോടെ പാടുന്ന ഒരു പാട്ടും ‘ദത്തുപുത്ര’നിലുണ്ട്. ആ പാട്ടും ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമാണ്. ‘‘തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടേ/ തൂവൽക്കിടക്ക വിരിച്ചോട്ടേ/ നാണത്തിൽ മുങ്ങുമീ മുത്തുവിളക്കിന്റെ/ മാണിക്യക്കണ്ണൊന്നു പൊത്തിക്കോട്ടേ...’’ എന്നു തുടങ്ങുന്ന ഈ പാട്ടിലെ എല്ലാ വരികളും അർഥം നിറഞ്ഞവ തന്നെ. എൽ.ആർ. ഈശ്വരി പാടിയ ഒരു ഗാനംകൂടി ചിത്രത്തിലുണ്ട്. വരികൾ കേൾക്കുമ്പോൾതന്നെ ആ ഗാനം ഏതു വകുപ്പിൽപെടുന്നു എന്നു ഗാനാസ്വാദകർക്കു മനസ്സിലാകും. ‘‘വൈൻ ഗ്ലാസ് വൈൻ ഗ്ലാസ്/ ആയിരമായിരം അധരദലങ്ങളിൽ/ അമൃതു പകർന്ന വൈൻഗ്ലാസ്/ വരൂ... വാങ്ങൂ... നിറയ്ക്കൂ... കുടിക്കൂ...’’ തുടർന്നുള്ള വരികൾ ശ്രദ്ധിക്കുക.
‘‘പറന്നുപോകും നിമിഷങ്ങളിനി തിരിച്ചു വരുകില്ലാ... കരഞ്ഞു തേടി നടന്നാലവയെ കണ്ടെത്തുകയില്ല... ഈ മദാലസ നിമിഷത്തിൽ ഈ മനോജ്ഞ സദനത്തിൽ നിറഞ്ഞ ലഹരിയിലെന്നോടൊത്തൊരു നൃത്തം വെക്കൂ...’’
1970 ജൂൺ 12ന് തിയറ്ററുകളിൽ എത്തിയ ‘ദത്തുപുത്രൻ’ പ്രദർശനവിജയം നേടി. ഗാനങ്ങളുടെ പിൻബലം അതിനു സഹായകരമായിത്തീർന്നു എന്നതും വ്യക്തം.
കെ.പി. കൊട്ടാരക്കര അദ്ദേഹത്തിന്റെ സ്വന്തം നിർമാണസ്ഥാപനമായ ഗണേഷ് പിക്ചേഴ്സിന് വേണ്ടി നിർമിച്ച ‘രക്തപുഷ്പം’ എന്ന ചിത്രം 1970 ജൂലൈ 17ാം തീയതി കേരളത്തിൽ പ്രദർശനം ആരംഭിച്ചു. പതിവുപോലെ നിർമാതാവായ കെ.പി. കൊട്ടാരക്കര തന്നെയാണ് കഥയും സംഭാഷണവും രചിച്ചത്. ശശികുമാർ ചിത്രം സംവിധാനം ചെയ്തു. അമ്മയുടെ ഉദരത്തിൽ കിടക്കുമ്പോൾതന്നെ പിതാവിനാൽ ഉപേക്ഷിക്കപ്പെട്ട പുത്രനും പിതാവും തമ്മിൽ ഏറ്റുമുട്ടുന്ന സംഭവബഹുലമായ കഥയാണെങ്കിലും സംഘട്ടനങ്ങൾക്കും സംഗീതത്തിനും തുല്യപ്രാധാന്യം നൽകുന്ന ചിത്രമാണ് ‘രക്തപുഷ്പം’. പ്രേംനസീർ, വിജയശ്രീ, കെ.പി. ഉമ്മർ, അടൂർ ഭാസി, എൻ. ഗോവിന്ദൻകുട്ടി, ശങ്കരാടി, മീന, സാധന, ശ്രീലത തുടങ്ങിയവരാണ് നടീനടന്മാർ. താൻ നിർമിച്ച ‘റെസ്റ്റ്ഹൗസ്’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ച ശ്രീകുമാരൻ തമ്പിയെയും എം.കെ. അർജുനനെയുമാണ് കൊട്ടാരക്കര ഈ ചിത്രത്തിന്റെ ഗാനങ്ങളൊരുക്കാൻ ഏൽപിച്ചത്. ‘രക്തപുഷ്പ’ത്തിൽ ആകെ ഏഴു പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസ്, ജയചന്ദ്രൻ, പി. ലീല, എസ്. ജാനകി, മാധുരി, സി.ഒ. ആന്റോ എന്നിവരായിരുന്നു ഗായകർ. യേശുദാസ് പാടിയ ‘‘ നീലക്കുടനിവർത്തി വാനം...’’ എന്ന പാട്ടും ‘‘സിന്ദൂരപ്പൊട്ടു തൊട്ട് ശൃഗാരക്കയ്യും വീശി...’’ എന്ന പാട്ടും മാധുരിയോടൊപ്പം പാടിയ ‘‘തക്കാളിപ്പഴക്കവിളിൽ...’’ എന്ന പാട്ടും പി. ജയചന്ദ്രനും എസ്.ജാനകിയും ചേർന്നു പാടിയ ‘‘മലരമ്പനറിഞ്ഞില്ല...’’ എന്ന ഗാനവും ഹിറ്റുകളായി.
‘‘നീലക്കുട നിവർത്തി വാനം എനിക്കുവേണ്ടി... നീളെ പൂ നിരത്തി ഭൂമി എനിക്കുവേണ്ടി... രാഗമാലിക പാടിത്തരുന്നു രാവായാൽ രാക്കിളികൾ... പള്ളിമഞ്ചത്തേരു തരുന്നു പവിഴമല്ലിത്തെന്നൽ... എല്ലാം... എല്ലാം... എനിക്കു വേണ്ടി... എനിക്കു വേണ്ടി...’’
യേശുദാസ് തന്നെ പാടിയ അടുത്ത പാട്ട് ഇങ്ങനെ തുടങ്ങുന്നു: ‘‘സിന്ദൂരപ്പൊട്ടു തൊട്ട് ശൃംഗാരക്കയ്യും വീശി ഇന്നെന്റെ മുന്നിലൊരു പൂക്കാലം വിരുന്നു വന്നു... സിന്ദൂരപ്പൊട്ടു തൊട്ട്... പെണ്ണവൾ ചിരിച്ചപ്പോൾ കന്നിനിലാപ്പാലൊഴുകി... ചെഞ്ചോരിവായ് തുറന്നു പഞ്ചാരപ്പാട്ടൊഴുകി... മനസ്സിൻ പടനിലത്ത് ഓച്ചിറക്കളി തുടങ്ങി... മത്താപ്പൂ കത്തിയെരിഞ്ഞു, പൂത്തിരി പൂത്തണഞ്ഞു...’’
യേശുദാസും മധുരിയും കൂടി പാടിയ യുഗ്മഗാനവും ഹിറ്റായെന്നു പറയാം. ‘‘തക്കാളിപ്പഴക്കവിളിൽ -ഒരു താമരമുത്തം മുത്തണിപ്പൊൻചുണ്ടിനപ്പോൾ ഇത്തിരികോപം ^ ഇത്തിരികോപം.’’
അടുത്തവരികൾ താഴെ കൊടുക്കുന്നു: ‘‘ഒന്നു കണ്ടു -ഉള്ളിലാകെ പൂ വിരിഞ്ഞു ഒന്നു തൊട്ടു -മേലാകെ കുളിരണിഞ്ഞു ഉള്ളിലുള്ള പൂവിലാകെ തേൻ നിറഞ്ഞു... തുള്ളിയായി ചിപ്പികളിൽ ഊറിനിന്നു ഓ... ഊറിയൂറി നിന്നു...’’
യേശുദാസ് തനിച്ചു പാടുന്ന മറ്റൊരു ഗാനം ഇങ്ങനെ ആരംഭിക്കുന്നു. ഇത് മഴയിൽ ചിത്രീകരിച്ച ഒരു സംഗമരംഗമാണ്. ‘‘വരൂ...വരൂ… പനിനീരു തരൂ... കുളിർമാല തരൂ വരൂ വരൂ ഹൃദയം പകരൂ മധുരം നുകരൂ... തുള്ളിക്കൊരു കുടം തുള്ളും മലർത്തടം തൂവിതുളുമ്പുന്ന തേൻകുടം വിണ്ണിൽ, വസന്തമാടും മണ്ണിൽ മനോഹരീ നിൻ നെഞ്ചിൽ വിതുമ്പിടുന്നു യൗവനം...’’
ജയചന്ദ്രനും എസ്. ജാനകിയും പാടുന്ന യുഗ്മഗാനം ഇതാണ്: ‘‘മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലർ ചൂടി എന്മനസ്സിൽ ഒരു മോഹം അധരമറിഞ്ഞില്ല... ഹൃദയമറിഞ്ഞില്ല അറിയാതെ മൂളിപ്പോയ് ഒരു രാഗം’’ എന്നിങ്ങനെ നായകൻ പാടുമ്പോൾ നായിക ഇങ്ങനെ മറുപടി നൽകുന്നു: ‘‘ഇളംകാറ്ററിഞ്ഞില്ല... ഇലകളറിഞ്ഞില്ല... ഇവിടൊരു പാട്ടുകാരൻ മറഞ്ഞുനിന്നു... ചിരി തൂകിയൊഴുകുന്ന ധനുമാസചന്ദ്രിക വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു...’’
എസ്. ജാനകി പാടിയ ‘‘കാശിതെറ്റിപ്പൂവിനൊരു കല്യാണാലോചന കൈനാറിപ്പൂവിനപ്പോൾ കണ്ണുകടിവേദന... ചെമ്പടതാളം കൊട്ടി നെഞ്ചിലിലത്താളം കൊട്ടി കല്യാണദല്ലാളായ് കാറ്റു വന്നു വാക്കു ചൊന്നു ചെമ്പകപ്പൂ വിരിഞ്ഞു... ചെമ്പരത്തിപ്പൂ വിരിഞ്ഞു... ജേമന്തിക്കാടുകളും തോരണങ്ങൾ ചാർത്തിനിന്നു.’’
ശ്രീകുമാരൻ തമ്പി -പഴയ കാല ചിത്രം
ഈ ഗാനത്തിൽ ഹമ്മിങ് പാടിയ നവാഗത ഗായകനായ ആർ. സോമശേഖരൻ തനിക്കു പ്രധാന ഗായകനുള്ള സ്ഥാനം നൽകാത്തതിൽ ഈ ലേഖകനോട് പരിഭവിച്ച് ഗൾഫിൽ പോയി. വർഷങ്ങൾക്കു ശേഷം ധനികനായി മടങ്ങിവന്ന് അദ്ദേഹം സംഗീതസംവിധായകനായി. സിനിമയിലും ടി.വി സീരിയലുകളിലും പ്രവർത്തിച്ചു. ‘ജാതകം’ തുടങ്ങിയ സിനിമകളുടെ സംഗീതസംവിധായകൻ ഇദ്ദേഹമാണ്. പി. ലീലയും സി.ഒ. ആന്റോയും സംഘവും പാടിയ സംഘഗാനം ഇതാണ്. ‘‘ഓരോ തുള്ളി ചോരക്കും പകരം ഞങ്ങൾ ചോദിക്കും... ഓരോ തീവെടിയുണ്ടക്കും പകരം ഞങ്ങൾ ചോദിക്കും... പുത്തൻ തലമുറയുണരുകയായ്... പുത്തനുഷസ്സുകൾ ഉണരുകയായ്... അണിയണിയായ് നാമണയുകയായ് അടിമച്ചങ്ങലപൊട്ടിക്കാൻ...’’
ഈ ഗാനത്തിലെ ‘‘ഓരോ തീവെടിയുണ്ടക്കും പകരം ഞങ്ങൾ ചോദിക്കും’’ എന്നു തുടങ്ങുന്ന വരികൾ ചിത്രത്തിൽ വീണ്ടും വരുന്നുണ്ട്. അതിന് എട്ടാമത്തെ ഗാനത്തിന്റെ സ്ഥാനം നൽകേണ്ടതില്ല. പാട്ടുകൾ സിനിമയുടെ വിജയഘടകങ്ങളിൽ ഒന്നാണെന്ന വിശ്വാസം നിലനിന്നിരുന്നതുകൊണ്ട് അസ്ഥാനത്തും പാട്ട് കുത്തിത്തിരുകാനുള്ള പ്രവണത അക്കാലത്ത് ഉണ്ടായിരുന്നു.
‘റസ്റ്റ്ഹൗസ്’ പോലെ ‘രക്തപുഷ്പ’വും മ്യൂസിക്കൽ ഹിറ്റ് ആയതോടെ മലയാള സിനിമാസംഗീതത്തിൽ ശ്രീകുമാരൻ തമ്പി-അർജുനൻ കൂട്ടുകെട്ടിന്റെ ലളിതവും ശാലീനവുമായ വിജയയാത്ര തുടങ്ങിയെന്നു പറയാം. ‘രക്തപുഷ്പം’ എന്ന ചിത്രവും ഒരു കമേഴ്സ്യൽ ഹിറ്റായിരുന്നു. വിജയിക്കാത്തവനെ സിനിമയിൽ ആര് കൂടെ കൂട്ടും..?
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.