‘അയലത്തെ സുന്ദരി’ റിലീസ് ആയതിന്റെ തൊട്ടടുത്ത ദിവസമാണ് (1974 ആഗസ്റ്റ് മൂന്ന്) ‘ചക്രവാകം’ തിയറ്ററുകളിൽ എത്തിയത്. ജീവിതഗന്ധിയായ ഒരു കുടുംബകഥയുടെ ഭേദപ്പെട്ട ആവിഷ്കരണമായിരുന്നു ‘ചക്രവാകം’. സാമ്പത്തികതലത്തിൽ ‘അയലത്തെ സുന്ദരി’യോടൊപ്പം പിടിച്ചുനിൽക്കാൻ ‘ചക്രവാക’ത്തിനു സാധിച്ചില്ല -സംഗീതയാത്ര തുടരുന്നു.
വ്യവസായിക സിനിമയിൽ വിജയം എന്നാൽ സാമ്പത്തികനേട്ടം എന്നാണ് സാരം. ‘അയലത്തെ സുന്ദരി’ ഹരിഹരൻ സംവിധാനംചെയ്ത മൂന്നാമത്തെ വിജയചിത്രമാണ്. ഒരു സംവിധായകന്റെ ആദ്യത്തെ മൂന്നു സിനിമകൾ തുടർച്ചയായി സാമ്പത്തിക നേട്ടമുണ്ടാക്കുകയെന്നത് ഒരു സാധാരണ സംഭവമല്ല എന്നറിയാമല്ലോ. ഹാസ്യത്തിനും ബന്ധങ്ങൾക്കും സംഘട്ടനങ്ങൾക്കും പ്രാധാന്യമുള്ള കഥകളാണ് ഈ ചിത്രങ്ങളിലെല്ലാം ഹരിഹരൻ സ്വീകരിച്ചത്.
അങ്ങനെ തന്റെ പ്രധാന ഗുരുവായ എം. കൃഷ്ണൻ നായർ, ശശികുമാർ, എ.ബി. രാജ് എന്നിവരോടൊപ്പം കമേഴ്സ്യൽ സിനിമയിൽ അദ്ദേഹം മുൻനിരയിലെത്തിയെന്നു പറയാം. (വർഷങ്ങൾക്കുശേഷം എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’ എന്ന സിനിമ ഒരുക്കിയതിനുശേഷമാണ് ഹരിഹരൻ തന്റെ വഴിമാറ്റിയത്.)
ചന്തമണി ഫിലിംസിനുവേണ്ടി ജി.പി. ബാലൻ നിർമിച്ച രണ്ടാമത്തെ ചിത്രമാണ് ‘അയലത്തെ സുന്ദരി’. ബി.കെ. പൊറ്റെക്കാട്ടിന്റെ സംവിധാനത്തിൽ രൂപംകൊണ്ട ‘ആരാധിക’യായിരുന്നു ചന്തമണി ഫിലിംസിന്റെ പ്രഥമചിത്രം. ‘ആരാധിക’ ഒരു ലോ ബജറ്റ് സിനിമയായിരുന്നു. അതിൽ പ്രേംനസീർ ഉണ്ടായിരുന്നില്ല. ‘അയലത്തെ സുന്ദരി’യിൽ പ്രേംനസീർ നായകനായി; രാഘവൻ ഉപനായകനും; ജയഭാരതിയും ശ്രീവിദ്യയും യഥാക്രമം നായികയും ഉപനായികയും. കെ.പി. ഉമ്മർ, ടി.എസ്. മുത്തയ്യ, ശങ്കരാടി, അടൂർ ഭാസി, ബഹദൂർ, മീന, ടി.ആർ. ഓമന, പ്രേമ, ഖദീജ തുടങ്ങിയവരായിരുന്നു ഇതര താരങ്ങൾ.
ഹരിഹരൻതന്നെയാണ് കഥയും തിരക്കഥയും രചിച്ചത്. ഡോ. ബാലകൃഷ്ണൻ സംഭാഷണം എഴുതി. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങൾക്ക് ശങ്കർ-ഗണേഷ് കൂട്ടുകെട്ട് സംഗീതമൊരുക്കി. ചിത്രത്തിൽ ഏഴു ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസ് ആലപിച്ച ‘‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ ഒരു ലജ്ജയിൽ മുങ്ങിയ മുഖം കണ്ടു...’’ എന്നുതുടങ്ങുന്ന ഹിറ്റ് ഗാനം ഈ ചിത്രത്തിലുള്ളതാണ്.
‘‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ ഒരു/ ലജ്ജയിൽ മുങ്ങിയ മുഖം കണ്ടു/ മല്ലികാർജുന ക്ഷേത്രത്തിൽ വെച്ചവൾ/ മല്ലീശരന്റെ പൂവമ്പുകൊണ്ടു’’ എന്നാണ് പല്ലവി. ‘‘മല്ലീശ്വരന്റെ’’ എന്നാണ് യേശുദാസ് പാടിയിരിക്കുന്നത്. അതു ശരിയല്ല. മല്ലീശരന്റെ എന്നാണ് വേണ്ടത്. മല്ലീശരൻ എന്നാൽ മല്ലികപ്പൂ ശരമാക്കിയവൻ -അതായത് കാമദേവൻ. പൂവുകളാണ് കാമദേവന്റെ അമ്പുകൾ. അതുകൊണ്ടാണ് കാമദേവന് പൂവമ്പൻ എന്ന പേരുണ്ടായത്.
പാട്ടിന്റെ ആദ്യചരണം ഇങ്ങനെ: ‘‘മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി/ നഖക്ഷതംകൊണ്ടു ഞാൻ കവർന്നെടുത്തു/ അധരംകൊണ്ടധരത്തിൽ അമൃതു നിവേദിക്കും/അസുലഭനിർവൃതി അറിഞ്ഞു ഞാൻ -അറിഞ്ഞു ഞാൻ.’’
യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു:
‘‘നീലമേഘക്കുട നിവർത്തി/ താലവനപ്പീലി നീർത്തി/ മുഴുക്കാപ്പു ചാർത്തി നിൽപ്പൂ/ ഗ്രാമസുന്ദരി...’’
യേശുദാസ് ആലപിച്ച മൂന്നാമത്തെ ഗാനം ‘‘ത്രയംബകം വില്ലൊടിഞ്ഞു’’ എന്നു തുടങ്ങുന്നു. ‘‘ത്രയംബകം വില്ലൊടിഞ്ഞു/ ത്രേതായുഗം കുളിരണിഞ്ഞു/ മിഥിലാപുരിയിലെ പ്രിയദർശിനിയുടെ/ മിഴികളിൽ ഹർഷബാഷ്പം നിറഞ്ഞു...’’ എന്നു പല്ലവി. ‘‘രാജീവപുഷ്പശര മാരികൾ ഏറ്റേറ്റു/ രാമന്റെ തിരുവുള്ളം മുറിഞ്ഞു’’ എന്നിങ്ങനെ ചരണം തുടങ്ങുന്നു. പി. ജയചന്ദ്രൻ, എൽ.ആർ. ഈശ്വരി, കെ.പി. ചന്ദ്രമോഹൻ, ശ്രീവിദ്യ എന്നിവർ ചേർന്നു പാടിയ ‘‘ഹേമമാലിനീ’’ എന്ന പാട്ടും മേളക്കൊഴുപ്പുള്ളതായിരുന്നു.
‘‘ഹേമമാലിനീ ഹേമമാലിനീ/ ഹേമന്തസന്ധ്യാ മോഹിനീ/ സ്വപ്നങ്ങൾകൊണ്ടു മനസ്സിലെനിക്കൊരു/ പുഷ്പശയ്യാഗൃഹമൊരുക്കൂ...’’ എന്ന പല്ലവിക്കുശേഷം
‘‘ആയിരത്തൊന്നു വസന്തോത്സവങ്ങളായ്/ അനുരാഗബന്ധത്തിലല്ലോ -നമ്മൾ/ അനുരാഗബന്ധത്തിലല്ലോ/ ജന്മാന്തരങ്ങളായ് നമ്മളിലാ ബന്ധം/ നിന്നുതുടിക്കുകയല്ലോ -നാമതിനെ/ ഉമ്മ വെച്ചുറക്കുകയല്ലോ’’ എന്നിങ്ങനെ ആദ്യചരണം.
വാണിജയറാം ആലപിച്ച ‘‘ചിത്രവർണ പുഷ്പജാലമൊരുക്കിവെച്ചു/ സ്വപ്നലേഖ മുന്നിൽവന്നു പുഞ്ചിരിച്ചു/ മുത്തുമണിത്തേരിൽ വരും കാമുകനെ/ കുത്തുവിളക്കെടുത്തു ഞാൻ സ്വീകരിച്ചു’’ എന്നാരംഭിക്കുന്ന പാട്ടും ആകർഷകമായി.
ജയചന്ദ്രൻ, എൽ.ആർ. ഈശ്വരി, കെ.പി. ചന്ദ്രമോഹൻ, ശ്രീവിദ്യ എന്നിവർ ചേർന്നു പാടിയ ‘‘സ്വർണചെമ്പകം പൂത്തിറങ്ങിയ/ ഗന്ധമാദനത്താഴ്വരയിൽ/ പുഷ്പരാഗത്തേരിലിറങ്ങിയ/ പുഷ്പഗന്ധിയെ കണ്ടു ഞാൻ’’ എന്ന പാട്ടും ചിത്രത്തിലുണ്ടായിരുന്നു.
‘ഞാൻ’ എന്നു പാട്ടിലുള്ളപ്പോൾ നാലുപേർ എന്തിനു പാടുന്നു എന്നു സംശയം തോന്നാം. മൂന്നുപേരുടെ ശബ്ദം ശങ്കർ-ഗണേഷ് എങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്ന് പാട്ടുകേട്ടാൽ മനസ്സിലാകും. 1974 ആഗസ്റ്റ് രണ്ടിന്. ‘അയലത്തെ സുന്ദരി’ പ്രദർശനത്തിനെത്തി. തുടക്കത്തിൽ പ്രസ്താവിച്ചതുപോലെ ചിത്രം നല്ല സാമ്പത്തിക വിജയം നേടി.
തോപ്പിൽ ഭാസി സംവിധാനംചെയ്ത സിനിമയാണ് ‘ചക്രവാകം’. റെയിൻബോ എന്റർപ്രൈസസ് ആണ് ചിത്രം നിർമിച്ചത്. ഇതിന്റെ കഥ എം.കെ. മണി എഴുതി. മണിസ്വാമി എന്നും എം.കെ. മണി എന്നും പൊതുവേ അറിയപ്പെട്ടിരുന്ന സാക്ഷാൽ എം.കെ. വെങ്കിടാദ്രി കവിയൂർ പൊന്നമ്മയുടെ ഭർത്താവും പി.എൻ. മേനോൻ സംവിധാനം നിർവഹിച്ച പുതുമയുള്ള പുറംവാതിൽ ചിത്രമായ ‘റോസി’യുടെ നിർമാതാക്കളിൽ ഒരാളുമാണ്.
റോസിയിലെ നായിക കവിയൂർ പൊന്നമ്മയായിരുന്നു. അങ്ങനെയാണ് മണിയും പൊന്നമ്മയും പരിചയപ്പെട്ടതും തുടർന്ന് വിവാഹിതരായതും. എം.കെ. മണി എഴുതിയ ‘ചക്രവാകം’ എന്ന കഥക്ക് സംവിധായകനായ തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും രചിച്ചു. വയലാറിന്റെ പാട്ടുകൾക്ക് ശങ്കർ ഗണേഷ് സംഗീതം പകർന്നു. ‘ചക്രവാക’ത്തിൽ ആറു പാട്ടുകൾ ഉണ്ടായിരുന്നു.
പ്രേംനസീർ നായകനായ ഈ ചിത്രത്തിൽ സുജാത ആയിരുന്നു നായിക. ടി.എസ്. മുത്തയ്യ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, അടൂർ ഭാസി, സുമിത്ര, പറവൂർ ഭരതൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ബേബി ഇന്ദിര, ബേബി ശാന്തി തുടങ്ങിയവരും ഉണ്ടായിരുന്നു. എസ്. ജാനകി പാടിയ ‘‘മകയിരം നക്ഷത്രം മണ്ണിൽ വീണു...’’ എന്നു തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
‘‘മകയിരം നക്ഷത്രം മണ്ണിൽ വീണു/ മടിയിൽനിന്നൊരു മുത്തും വീണു/ മുത്തിനെ മണ്ണിൽ കിടത്തിയുറക്കി/മാനത്തെ നക്ഷത്രം മടങ്ങിപ്പോയി.’’
കഥയുമായി ആത്മബന്ധമുള്ള വരികളാണ് വയലാർ എഴുതിയിട്ടുള്ളത്. ഗാനം ഇങ്ങനെ തുടരുന്നു: ‘‘കാലത്തു കൺചിമ്മിയുണർന്നാലോ/ കണ്ണീരിന്നുള്ളിൽ അലിഞ്ഞാലോ/ അമ്മയ്ക്കു മാത്രം അകക്കാമ്പിൽ തുളുമ്പും/ അമ്മിഞ്ഞപ്പാലിനു കരഞ്ഞാലോ.../ പൊട്ടിക്കരഞ്ഞാലോ.’’
ഈ പാട്ടിലെ തുടർന്നുള്ള വരികളും ഹൃദയദ്രവീകരണശക്തി നിറഞ്ഞവ തന്നെ. ഈ ഗാനം യേശുദാസും എസ്. ജാനകിയും ചേർന്നും പാടിയിട്ടുണ്ട്.
പ്രേംനസീർ,കെ.പി. ഉമ്മർ,ജയഭാരതി
യേശുദാസ് ശബ്ദം നൽകിയ ‘‘ഗഗനമേ ഗഗനമേ...’’ എന്ന ഗാനത്തിന്റെ പല്ലവിയിങ്ങനെ: ‘‘ഗഗനമേ ഗഗനമേ/ ഗഹനഗഹനമാം ഏകാന്തതേ/ ഏകാന്തതയിലെ പേരറിയാത്തൊരു/ മൂകനക്ഷത്രമേ/ ഭൂമിക്കു നിന്നെ കണ്ടിട്ട്/ പേടി...പേടി...പേടി...’’
ഈ ഗാനം ശരിക്കും ഗഹനംതന്നെയാണ്. തുടർന്നുള്ള വരികൾകൂടി കേൾക്കുക: ‘‘ഏതോ യുഗത്തിലെ നിശ്ശബ്ദതയുടെ/ ഭൂതോദയംപോലെ/ അവതരിച്ചു... നീ അവതരിച്ചു/ കാലത്തിൻ കാണാത്ത ചുമരും ചാരി നീ/ ഏകാകിയായ് നിൽപ്പൂ/ കത്തുന്ന കണ്ണുമായ് ക്ഷീരപഥത്തിലെ/ രാത്രിഞ്ചരനെ പോലെ.’’
പി. സുശീല പാടിയ ‘‘പമ്പാനദിയിലെ...’’ എന്നു തുടങ്ങുന്ന ഗാനവും രചനകൊണ്ടും ഈണംകൊണ്ടും ശ്രദ്ധേയമായി. ‘‘പമ്പാനദിയിലെ മീനിനു പോകും/ പവിഴവലക്കാരാ/ വലക്കാരാ വലക്കാരാ -നിൻ/ തളിർവല താഴും താഴേക്കടവിൽ/ താലി കെട്ടാത്ത മീനൊണ്ടോ/ പൂ...പൂ... പൂ പോലൊരു മീനൊണ്ടോ’’ എന്ന പല്ലവി പെട്ടെന്നു പാടാനും കഴിയും.
യേശുദാസും ലതാരാജുവും ചേർന്നു പാടിയ ഗാനവും ശ്രദ്ധേയം. കുട്ടിക്കു വേണ്ടിയാണ് ലത പാടിയിരിക്കുന്നത്. ഗാനം ഇങ്ങനെ ആരംഭിക്കുന്നു:
‘‘പടിഞ്ഞാറൊരു പാലാഴി/ പാലാഴിയിലൊരു പൊൻതോണി/ തുഴയില്ലാതോടുന്ന/ തോണിയ്ക്കകത്തൊരു തുള്ളാട്ടം/ തുള്ളാട്ടം തുള്ളുന്ന പാവക്കുട്ടി/ പാവക്കുട്ടി... പാവക്കുട്ടി...’’ യേശുദാസും അടൂർ ഭാസിയും ശ്രീലത നമ്പൂതിരിയും ചേർന്നു പാടിയ ഒരു പാട്ടും ഈ ചിത്രത്തിലുണ്ട്.
‘‘വെളുത്ത വാവിനും മക്കൾക്കും/ വെള്ളിത്തലേക്കെട്ട്/ വേമ്പനാട്ടു കായലിനു/ മഞ്ഞക്കുറിക്കൂട്ട്/ വേച്ചു വേച്ചു പന്തലിലെത്തും/ കാറ്റിനിത്തിരി കള്ള്/ ഒരു കോപ്പ കള്ള്/ വെച്ചൂരെ തുറയരയന് വെറ്റിലപാക്ക്...’’ യേശുദാസിന്റെ ശബ്ദത്തോടൊപ്പം അടൂർ ഭാസിയുടെ ശബ്ദം ചേരുന്നു എന്ന പുതുമ ഈ പാട്ടിനുണ്ട്.
‘അയലത്തെ സുന്ദരി’ റിലീസ് ആയതിന്റെ തൊട്ടടുത്ത ദിവസമാണ് (1974 ആഗസ്റ്റ് മൂന്ന്) ‘ചക്രവാകം’ തിയറ്ററുകളിൽ എത്തിയത്. ജീവിതഗന്ധിയായ ഒരു കുടുംബകഥയുടെ ഭേദപ്പെട്ട ആവിഷ്കരണമായിരുന്നു ‘ചക്രവാകം’. സാമ്പത്തികതലത്തിൽ ‘അയലത്തെ സുന്ദരി’യോടൊപ്പം പിടിച്ചുനിൽക്കാൻ ‘ചക്രവാക’ത്തിനു സാധിച്ചില്ല.
ഹസനും റഷീദും ചേർന്നു പെരിയാർ മൂവീസിന്റെ ബാനറിൽ നിർമിച്ച ‘ചഞ്ചല’ എന്ന ചിത്രം കെ.എസ്. സേതുമാധവെന്റ സഹായിയായ എസ്. ബാബു സംവിധാനം ചെയ്തു. കെ.ടി. മുഹമ്മദ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. അർജുനന്റെ സംഗീത സംവിധാനത്തിൽ പി. ഭാസ്കരനും ഒ.എൻ.വിയും പാട്ടുകൾ എഴുതി.
കവിയൂർ പൊന്നമ്മ,ശ്രീവിദ്യ
പ്രേംനസീർ, രാഘവൻ, നന്ദിതാബോസ്, വിജയാ ചൗധരി, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി, കവിയൂർ പൊന്നമ്മ, ബഹദൂർ, കെ.വി. ശാന്തി, എൻ. ഗോവിന്ദൻകുട്ടി, ശ്രീമൂലനഗരം വിജയൻ, പാലാ തങ്കം തുടങ്ങിയവർ അഭിനയിച്ചു. ‘ചഞ്ചല’യിൽ അഞ്ചു പാട്ടുകൾ ഉണ്ടായിരുന്നു. പി. ഭാസ്കരൻ എഴുതിയ മൂന്നു ഗാനങ്ങളും ഒ.എൻ.വി. കുറുപ്പ് എഴുതിയ രണ്ടു ഗാനങ്ങളും. പി. ജയചന്ദ്രൻ, പി. സുശീല, എസ്. ജാനകി എന്നിവരോടൊപ്പം കൊച്ചിൻ ഇബ്രാഹിം, ആദ്യകാല ഗായകനായ മെഹബൂബ്, പുതിയ ഗായകനായ ജൂനിയർ മെഹബൂബ് എന്നിവരും ഗാനങ്ങൾ ആലപിച്ചു. പി. ഭാസ്കരൻ രചിച്ച ‘‘എന്റെ നെഞ്ചിലെ ചൂടിൽ’’ എന്നുതുടങ്ങുന്ന ഗാനം കൊച്ചിൻ ഇബ്രാഹിം ആണ് പാടിയത്.
‘‘എന്റെ നെഞ്ചിലെ ചൂടിൽ ഇന്നൊരു/ സുന്ദരസ്വപ്നത്തിൻ ശവദാഹം/ കണ്മണീ ഞാൻ രാപ്പകൽ കണ്ടുവന്ന/ കനക സ്വപ്നത്തിൻ ശവദാഹം...’’ എന്നിങ്ങനെ ഗാനം ആരംഭിക്കുന്നു. തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘കണ്ണീരിൻ കാട്ടരുവിക്കരയിൽ അടുക്കിയ/ ചന്ദനവിറകിന്റെ ചിതയിൽ/ ഏകനായ് ഞാൻ ചുമന്നിറക്കിവെച്ചു -എന്റെ/ മോഹന സ്വപ്നത്തിൻ ശവമഞ്ചം.’’
പി. ജയചന്ദ്രനും പി. സുശീലയും ചേർന്നു പാടിയ യുഗ്മഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘രാഗതുന്ദില നീലനേത്രത്താൽ/ രാജകുമാരീ നീ ബന്ധിച്ചു/ എന്നെ ബന്ധിച്ചു’’ എന്നു ഗായകൻ പാടുമ്പോൾ ഗായികയുടെ മറുപടി ഇങ്ങനെ: ‘‘മാരബാണങ്ങൾ എയ്തു ഞാനെന്റെ/ മാനസചോരനെ ശിക്ഷിച്ചു -ഇന്നു ശിക്ഷിച്ചു...’’ പി. ഭാസ്കരൻ എഴുതിയ മൂന്നാമത്തെ ഗാനം മലയാള സിനിമയിലെ ആദ്യകാല ഗായകൻ മെഹബൂബ് ആണ് പാടിയത്.
‘‘കല്യാണരാവിലെൻ പെണ്ണിന്റെ വീട്ടിൽ/ കള്ളൻ കടന്നയ്യോ/ അയ്യോ... കള്ളൻ കടന്നയ്യോ.../ കള്ളനെടുത്തതു കാശല്ല/ കള്ളനെടുത്തതു പണമല്ല/ കള്ളനെടുത്തത് കാശല്ല പണമല്ല/ അമ്മായിയമ്മേടെ (എന്തോന്നാടാ അമ്മായിയമ്മേടെ? എന്നൊരു ചോദ്യം) അമ്മായിയമ്മേടെ സ്വർണപ്പല്ല് -എന്റെ അമ്മായിയമ്മേടെ സ്വർണപ്പല്ല്.’’
തുടർന്നുള്ള വരികളും നർമം തുളുമ്പുന്നവ തന്നെ. വായാടിയാകുമെന്നമ്മായി പിറ്റേന്ന് വായ തുറന്നില്ല... തെല്ലും വായ തുറന്നില്ല... അമ്മായിയപ്പനും വീട്ടിലെ കൂട്ടർക്കും അമ്പമ്പോ വല്ലാത്ത സന്തോഷം.’’
ഇത്തരം പാട്ടുകൾ പാടാൻ മെഹബൂബിനുള്ള കഴിവ് അപാരം എന്നേ പറയാവൂ. ഒ.എൻ.വി എഴുതി അർജുനൻ സംഗീതം നൽകിയ ആദ്യഗാനം ‘‘സ്ത്രീയേ നീയൊരു സുന്ദരകാവ്യം...’’ എന്നു തുടങ്ങുന്നു. എസ്. ജാനകിയാണ് ഈ ഗാനത്തിന് ശബ്ദം നൽകിയത്. ‘‘സ്ത്രീയേ സ്ത്രീയേ നീയൊരു സുന്ദരകാവ്യം/ നീയൊരു നിശ്ശബ്ദ രാഗം/ സ്ത്രീയേ നീയൊരു ദുഃഖം -നിനക്കു/ നീയേ സാന്ത്വനഗീതം’’ എന്ന് പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘ഹൃദയദലങ്ങളിൽ അഗ്നികണങ്ങളോ/ മധുര പരാഗങ്ങളോ/ നിറനീൾമിഴിയോ നിലാവിലലിയും/ ചന്ദ്രകാന്തക്കല്ലുമണിയോ..?’’
ഒ.എൻ.വിയുടെ രണ്ടാം രചന ഇങ്ങനെ ആരംഭിക്കുന്നു: ‘‘ഋതുകന്യകളേ ഋതുകന്യകളേ/ ഒരു കുറികൂടിയെൻ മതിലകം അലങ്കരിക്കൂ/ മധുശലഭങ്ങളായ് പറന്നുവരൂ/ മധുരസ്മരണകളേ...’’ ആദ്യചരണത്തിലെ വരികൾ ഇങ്ങനെ: ‘‘സുവർണമുഖികൾ സൂര്യകാന്തികൾ/ ഇവിടെ പുഞ്ചിരിച്ചുനിന്നു/ അവരുടെ സഖിയായ് ഹൃദയേശ്വരിയായ്/ നവവധുവായവൾ കടന്നുവന്നു.../ നറുമലരായവൾ ചിരിച്ചു നിന്നു/ അവൾ ചിരിച്ചു നിന്നു...’’
ജൂനിയർ മെഹബൂബ് എന്ന ഗായകനാണ് ഈ ഗാനം ആലപിച്ചത്. 1974 ആഗസ്റ്റ് 12ന് ‘ചഞ്ചല’ പുറത്തുവന്നു. ചിത്രത്തിനു വേണ്ടത്ര ജനപ്രീതി നേടാൻ സാധിച്ചില്ല. എങ്കിലും ഹസനും റഷീദും ചലച്ചിത്ര നിർമാണ രംഗത്ത് ഉറച്ചുനിൽക്കുകയും ഒട്ടേറെ സിനിമകൾ നിർമിക്കുകയുംചെയ്തു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.