മലയാളം ഉച്ചാരണം നന്നായില്ലെങ്കിൽ നമുക്ക് ആ മഹാഗായികയെ കുറ്റം പറയാൻ അവകാശമില്ല. കാരണം, സലിൽചൗധരിയും ചിത്രത്തിന്റെ എഡിറ്ററായ ഋഷികേശ് മുഖർജിയും രാമു കാര്യാട്ടും നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് അവർ മലയാളത്തിൽ പാടാമെന്നു സമ്മതിച്ചത്. ഉച്ചാരണം ശരിയാവില്ലെന്ന കാരണംകൊണ്ടുതന്നെയാണ് അവർ ആദ്യമെല്ലാം ഒഴിഞ്ഞുമാറിയത്. ‘നെല്ല്’ പുറത്തുവന്നതിനുശേഷം ഈ ലേഖകനടക്കം രണ്ടുമൂന്നു സംവിധായകർ ശ്രമിച്ചുനോക്കിയെങ്കിലും ലതാ മങ്കേഷ്കർ തുടർന്ന് മലയാളത്തിൽ പാടാൻ തയാറായില്ല -സംഗീതയാത്ര തുടരുന്നു.
വടക്കൻപാട്ടുകളിൽനിന്നെടുത്ത ഒരു സ്ത്രീ കഥാപാത്രത്തെ ആധാരമാക്കി ഉദയാ സ്റ്റുഡിയോയിൽ കുഞ്ചാക്കോ നിർമിച്ച് സംവിധാനം നിർവഹിച്ച ചിത്രമാണ് ‘തുമ്പോലാർച്ച’. ‘തുമ്പോലാർച്ച’യായി ഷീല അഭിനയിച്ചു. പ്രേംനസീർ നായകനായി. ഉപനായികയായി ശ്രീവിദ്യയും ഉണ്ടായിരുന്നു. കെ.പി. ഉമ്മർ, തിക്കുറിശ്ശി, പ്രേംജി, സുമിത്ര, ജി.കെ. പിള്ള, എസ്.പി. പിള്ള, രാജകോകില, എൻ. ഗോവിന്ദൻകുട്ടി, അടൂർ പങ്കജം, പാലാ തങ്കം, കാഞ്ചന (നാടകനടി) തുടങ്ങിയ നടീനടന്മാരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശാരംഗപാണി കഥയും തിരക്കഥയും സംഭാഷണവും രചിച്ചു.
വടക്കൻപാട്ടുകളിലെ ആരോമൽ ചേകവർ, തുമ്പോലാർച്ച തുടങ്ങിയ കഥാപാത്രങ്ങളെ നിലനിർത്തി സംഭവങ്ങൾ ചേരുംപടി ചേർത്ത് നാടകീയമുഹൂർത്തങ്ങളും സംഘട്ടനത്തിനു പ്രാധാന്യമുള്ള ഒരു പര്യവസാനവും (ക്ലൈമാക്സ്) സൃഷ്ടിക്കുക എന്നതായിരുന്നു ശാരംഗപാണിയുടെ ലക്ഷ്യം. നാട്ടിലെ ചെറുപ്പക്കാർക്ക് അവതരിപ്പിക്കുവാൻ ലഘുനാടകങ്ങളും കഥാപ്രസംഗങ്ങളും മറ്റും എഴുതിനൽകിയിരുന്ന, തൊഴിൽകൊണ്ട് തയ്യൽക്കാരനായിരുന്ന, ശാരംഗപാണിയെ കൈ പിടിച്ചുയർത്തി സിനിമാരംഗത്തു കൊണ്ടുവന്ന എം. കുഞ്ചാക്കോ എന്ന നിർമാതാവിനെ തീർച്ചയായും അഭിനന്ദിക്കുകതന്നെ വേണം.
കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ പടർന്നു വളർന്ന അമ്പതുകളിലും അറുപതുകളിലും പാർട്ടി സമ്മേളനങ്ങളിൽ വിപ്ലവഗാനങ്ങൾ ആലപിച്ച് പ്രശസ്തയായ സഖാവ് മേദിനി എന്ന ഗായിക ശാരംഗപാണിയുടെ അനുജത്തിയാണ്.
‘തുമ്പോലാർച്ച’ക്കുവേണ്ടി വയലാർ എഴുതിയ പാട്ടുകൾക്ക് ദേവരാജന്റെ ഈണങ്ങളാണ് ഉണ്ടായിരുന്നത്.
മാധുരിയും സംഘവും ആലപിച്ച ഒരു ഗാനമാണ് ഏറ്റവും കൂടുതൽ ജനപ്രീതി നേടിയെടുത്തത്.
‘‘അരയന്നക്കിളിച്ചുണ്ടൻ തോണി അമ്മാനക്കളിത്തോണി/ അലുക്കത്തുതോണി/ കിലുക്കത്തുതോണി/ അരഞ്ഞാണപ്പടിവരെ മയിൽപ്പീലി’’ എന്ന പല്ലവി വളരെ പ്രശസ്തമാണ്.
തോണി തുഴയുന്നവരുടെ ‘‘തൈതോം തൈതോം തൈതൈതോം...’’ എന്ന സംഘനാദം ഈ വരികളെ പിന്തുടരുന്നു. പാട്ട് ഇങ്ങനെ തുടരുന്നു: ‘‘പന്ത്രണ്ടാന പടിഞ്ഞപോലെ/ പൊന്നുംവിളക്കു തെളിഞ്ഞപോലെ/ ആളലങ്കാരത്തോടാരോമൽചേകോർ/ വേളിക്കു പുറപ്പെട്ട ചിറകുതോണി/ തുമ്പോലാർച്ചക്കു കുളിരു കോരാൻ/ തുമ്പപ്പൂ കുടഞ്ഞിട്ട പൂന്തോണി.../ തൈതൈ തൈതൈ തൈതൈ തോം.’’
പി. സുശീല പാടിയ ‘‘ആകാശം മുങ്ങിയ പാൽക്കടലിൽ -ഈ/ ആലിലക്കണ്ണനെ ആരറിഞ്ഞു?/ അമ്മിഞ്ഞ നൽകാൻ അമ്മയില്ലേ/ ആരിരോ പാടാൻ അച്ഛനില്ലേ.../ ആരീരോ ആരീരോ/ ആരിരോ ആരാരോ...’’ എന്ന ഗാനം ചിത്രത്തിന്റെ സന്ദർഭവുമായി ഒത്തിണങ്ങിയെങ്കിലും ഗാനം എന്ന നിലയിൽ പ്രശസ്തി നേടിയില്ല. ‘‘മല്ലാക്ഷീ മദിരാക്ഷീ...’’ എന്നു തുടങ്ങുന്ന ഗാനം യേശുദാസും മാധുരിയും ചേർന്നാണ് പാടിയത്.
‘‘മല്ലാക്ഷീ മദിരാക്ഷീ/ മദനൻ തീർത്തൊരു ശരപഞ്ജരമോ/ മധുവിധുമന്ദിരമോ -ഇതു/ മലർമദമണ്ഡപമോ...’’ എന്ന പല്ലവിയും തുടർന്നുള്ള ചരണവും കാവ്യഭംഗിയും കാമഭംഗിയും നിറഞ്ഞവതന്നെ. ‘‘ചന്ദനത്തൂണിനു പിന്നിലൊളിക്കുമീ/ ചാരുകളേബരത്തിൽ -നിന്റെ/ ചാരുകളേബരത്തിൽ/ പകുതിവിടർന്ന നിൻ യൗവനപ്പൂവിന്/ പുതിയൊരു രോമാഞ്ചപുതപ്പു വേണോ/ കാപ്പിട്ട കൈകളാൽ പൊതിഞ്ഞു പിടിച്ചു നീ/ കാമകലാനാഥനാക്കൂ -എന്നെ/ കാമകലാനാഥനാക്കൂ.’’ രചനയിലും സംഗീതത്തിലും നിലവാരം പുലർത്തിയ ഗാനം.
‘‘കണ്ണാംതളിമുറ്റം പൂത്തെടീ/ കാവേരിക്കിളി തത്തമ്മേ/പൊന്നാതിരത്തിങ്കൾ ഉദിച്ചെടീ/ പൊന്നോലക്കിളിത്തത്തമ്മേ...’’ എന്നാരംഭിക്കുന്ന നാടൻ ശൈലിയിലുള്ള ഗാനം പി. സുശീല അതിമനോഹരമായി പാടി.
കവിത തുളുമ്പുന്ന വരികൾ ഇങ്ങനെ തുടരുന്നു: ‘‘നൂലും താലിയും കെട്ടാത്ത പൂവുകൾ/ നൊയമ്പു നോൽക്കും മതിൽക്കകത്ത്/ വെള്ളിപ്പല്ലക്കിൽ വന്നിറങ്ങി/ പടിപ്പുരപടവുകൾ പറന്നിറങ്ങി/ തങ്കം പതിച്ചൊരു മെതിയടിയുംകൊണ്ടെൻ/ അങ്കചേകവർ/ വരണൊണ്ടെടീ, കൈകാൽ കഴുകാൻ/ പനിനീർകിണ്ടികൾ കാണിച്ചു കൊടുക്കെടീ തത്തമ്മേ...’’
പി. സുശീല പാടിയ മറ്റൊരു ഗാനം ‘‘മഞ്ഞപളുങ്കൻ മലയിലൂടെ...’’ എന്ന് തുടങ്ങുന്നു: ‘‘മഞ്ഞപളുങ്കൻ മലയിലൂടെ/ മാനന്തവാടിപ്പുഴയിലൂടെ/ അല്ലിമുളങ്കുഴൽതേനുമായ് നീ/ ആടിവാ പാടിവാ പാണനാരേ...’’ എന്ന പല്ലവിയും മധുരതരം. യേശുദാസും മാധുരിയും ലതാരാജുവും ചേർന്നു പാടിയ ഗാനവും ശ്രദ്ധേയംതന്നെ. ‘‘പാണന്റെ വീണയ്ക്കു മണികെട്ടീ/ പൈങ്കിളി പോലൊരു തമ്പുരാട്ടി/ താളക്കുടുക്കയ്ക്കു പൊന്നുകെട്ടീ/ തളിരുപോലൊരു തമ്പുരാട്ടി...’’ എന്നിങ്ങനെ ആരംഭിക്കുന്നു ഈ ഗാനം.
പി. സുശീല പാടിയ ‘‘ഭഗവാനേ...ഭഗവാനേ...’’ എന്നുതുടങ്ങുന്ന വ്യത്യസ്തമായ പ്രാർഥനാ ഗാനമാണ് അടുത്തത്. ‘‘തൃപ്പങ്ങോട്ടപ്പാ... ഭഗവാനേ -പെരും/ തൃക്കോവിലപ്പാ... ഭഗവാനേ/ തൃപ്പാദങ്ങളിൽ താണുവീഴുന്നൊരീ/ തുമ്പോലാർച്ച പിഴച്ചോളല്ലോ.../ കളരിപരമ്പര ദൈവങ്ങളാണേ/ കറുത്തേനാർ നാട്ടിലെ മണ്ണാണേ/ തൃക്കൈവാളാണേ/ സത്യം സത്യമീ/ തുമ്പോലാർച്ച പിഴച്ചോളല്ലോ.’’
ചിത്രത്തിലെ അവശേഷിക്കുന്ന പാട്ട് എൽ.ആർ. ഈശ്വരിയും ലതാരാജുവും ചേർന്നു പാടി. ചിത്രത്തിൽ ജ്യോതിഷഫലം പറയുന്ന കാക്കാത്തികൾ (കുറുമാട്ടികൾ) പാടുന്ന പാട്ടാണ് ഇത്.
‘‘അത്തം രോഹിണി തിരുവോണം/ പത്തു കൊല്ലം ചന്ദ്രദശ/ പത്തുമേഴും പതിനേഴു കഴിഞ്ഞാൽ/ പന്തലിട്ട് കല്യാണം’’ എന്നു തുടങ്ങുന്ന ലളിതമായ വരികൾ. ഗാനം ഇങ്ങനെ തുടരുന്നു: ‘‘നാദാപുരത്തിലും പോയി/ നഗരിത്തലയ്ക്കലും പോയി/ ഞങ്ങൾ നമ്പൂരിമനയ്ക്കലും/ പാണന്റെ പടിക്കലും/ നാളുനോക്കും കുറുമാട്ടിമാർ/ നാളോല കുറുമാട്ടിമാർ/ ആ...ആ.../ ഏഴരശ്ശനി തീരെ മാറ്റാൻ ഞങ്ങൾ/ ഏലസ്സും ചരടും കൊണ്ടത്തരാം.’’
എട്ടു ഗാനങ്ങളുള്ള ഈ സിനിമയിലെ നാലു ഗാനങ്ങൾ ആലപിച്ചത് പി. സുശീലയാണ്. നിർമാതാവായ കുഞ്ചാക്കോക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകാരി പി. സുശീല തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ‘ഭാര്യ’ മുതലുള്ള ചിത്രങ്ങളിലെ പാട്ടുകൾ പരിശോധിച്ചാൽ ഈ സത്യം മനസ്സിലാകും. പരവൂർ ദേവരാജൻ എന്ന സംഗീതസംവിധായകന്റെ ഇഷ്ടഗായികയും പി. സുശീല തന്നെയായിരുന്നു; അദ്ദേഹം മാധുരി എന്ന ഗായികയെ കണ്ടെത്തി മുന്നിലേക്ക് കൊണ്ടുവരുന്നതുവരെ. 1974 ആഗസ്റ്റ് 23ാം തീയതി ‘തുമ്പോലാർച്ച’ പുറത്തുവന്നു. സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കിയ സിനിമയാണിത്.
പ്രശസ്ത എഴുത്തുകാരി പി. വത്സലയുടെ ‘നെല്ല്’ എന്ന നോവൽ സിനിമയാക്കിയത് ജമ്മു ഫിലിംസ് ഇന്റർനാഷനലിന്റെ പേരിൽ എൻ.പി. അലിയാണ്. രാമു കാര്യാട്ട് ആണ് ‘നെല്ലി’ന്റെ സംവിധായകൻ. മലയാള സിനിമാഗാന ചരിത്രത്തിൽ ഈ ചിത്രത്തിന് പ്രാധാന്യം കൈവന്നത് ലതാ മങ്കേഷ്കറുടെ സാന്നിധ്യംകൊണ്ടാണ്. ആ അതുല്യഗായിക ഗാനമാലപിച്ച ഒരേയൊരു മലയാള ചിത്രമാണ് ‘നെല്ല്’. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സംവിധാനത്തിൽ ബിരുദമെടുത്ത് മദ്രാസിലെത്തിയ കെ.ജി. ജോർജ് ഈ ചിത്രത്തിൽ രാമു കാര്യാട്ടിന്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു.
ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത് രാമു കാര്യാട്ടും കെ.ജി. ജോർജും ചേർന്നാണ്. എസ്.എൽ. പുരം സദാനന്ദൻ സംഭാഷണമെഴുതി. വയലാറും സലിൽ ചൗധരിയും ചേർന്ന് പാട്ടുകളൊരുക്കി. ലതാ മങ്കേഷ്കറെ കൂടാതെ മന്നാഡെ, യേശുദാസ്, പി. സുശീല, ജയചന്ദ്രൻ, മാധുരി എന്നിവരും ഗാനങ്ങൾ പാടി. ‘നെല്ലി’ലെ നാല് ഗാനങ്ങളും സൂപ്പർഹിറ്റുകളായി. ലതാ മങ്കേഷ്കർ പാടിയ ഗാനം പാട്ടു കേൾക്കാനിഷ്ടമുള്ള എല്ലാ മലയാളികൾക്കും പ്രിയപ്പെട്ടതാണ്. ഉച്ചാരണശുദ്ധിക്കുറവൊന്നും അവർക്ക് ഒരു പ്രശ്നമേയല്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ പിന്നണിഗായിക മലയാള ഗാനം പാടുന്നു എന്നതുതന്നെ വലിയ കാര്യമാണല്ലോ.
‘‘കദളി കൺകദളി ചെങ്കദളിപ്പൂ വേണോ/ കവിളിൽ പൂമദമുള്ളൊരു പെൺപൂ വേണോ പൂക്കാരാ/ മുകളിൽ ത്ധിലു ത്ധിലു ത്ധിലു ത്ധിങ്കിലമോടെ/ മുകിൽപ്പൂ വിടർത്തും പൊൻകുടക്കീഴേ/ വരില്ലേ നീ വനമാലീ/ തരില്ലേ താമരത്താലി/ തെയ്യാരെ തെയ്യാരെ താരേ...’’
എന്നിങ്ങനെ തുടരുന്ന ഈ മനോഹരഗാനം ‘നെല്ല്’ എന്ന സിനിമയിലെ പ്രധാന ആകർഷണംതന്നെയാണ്. ഗായികയുടെ മലയാളം ഉച്ചാരണം നന്നായില്ലെങ്കിൽ നമുക്ക് ആ മഹാഗായികയെ കുറ്റം പറയാൻ അവകാശമില്ല. കാരണം സലിൽ ചൗധരിയും ചിത്രത്തിന്റെ എഡിറ്ററായ ഋഷികേശ് മുഖർജിയും രാമു കാര്യാട്ടും നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് അവർ മലയാളത്തിൽ പാടാമെന്ന് സമ്മതിച്ചത്. ഉച്ചാരണം ശരിയാവില്ലെന്ന കാരണം കൊണ്ടുതന്നെയാണ് അവർ ആദ്യമെല്ലാം ഒഴിഞ്ഞുമാറിയത്. ‘നെല്ല്’ പുറത്തുവന്നതിനുശേഷം ഈ ലേഖകനടക്കം രണ്ടു മൂന്നു സംവിധായകർ ശ്രമിച്ചുനോക്കിയെങ്കിലും ലതാമങ്കേഷ്കർ തുടർന്ന് മലയാളത്തിൽ പാടാൻ തയാറായില്ല.
പി. സുശീല ആലപിച്ച ‘‘കാട് കുളിരണ് കൂടു കുളിരണ്... മാറിലൊരുപിടി ചൂടുണ്ടോ..?’’ എന്ന പാട്ടും സലിൽ ചൗധരി ടച്ചുകൊണ്ട് വേറിട്ടുനിൽക്കുന്നു. ഗാനത്തിലെ അടുത്ത വരികൾ താളവ്യത്യാസത്തിൽ ഇങ്ങനെ തുടരുന്നു: ‘‘കല്യാണപ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന/ കന്മദപ്പൂ കണ്ണംപൂവുണ്ടോ/ കൂടെ വന്നേ പോ ആൺകിളീ/ ചൂടു തന്നേ പോ...’’ ചിത്രത്തിലെ ഏറ്റവും മാദകത്വം നിറഞ്ഞ പാട്ട് എന്ന് ഇതിനെ വിശേഷിപ്പിക്കാം. മന്നാഡെയും പി. ജയചന്ദ്രനും സംഘവും പാടിയ സംഘഗാനവും പ്രശസ്തംതന്നെ.
പി. സുശീല,പി. മാധുരി,എൽ.ആർ. ഈശ്വരി,ലതാ രാജു
‘‘ഓഹോ... ഹോയ് രേ/ ഹോയ് രേ ഹോയ്/ കയ്യോടു കൈ മെയ്യോടു മെയ്/ ചെമ്പാ ചെമ്പാ കുറുമ/ കൊമ്പാ കൊമ്പാ കുറുമ/ കൊമ്പാ കൊമ്പാ കുറവാ/ ചെമ്പാവു നെല്ലോല പൂത്തുപോയ്/ പൂവല്ലി പൂവല്ലി പൂകള്ളി പൂവല്ലി/ പൂ...’’ എന്നിങ്ങനെ ആരംഭിക്കുന്ന ഈ പാട്ട് ചിത്രീകരണഭംഗികൊണ്ട് ഉജ്ജ്വലമായി (ഛായാഗ്രഹണം -ബാലുമഹേന്ദ്ര).
യേശുദാസും മാധുരിയും ചേർന്നു പാടിയ ‘‘നീലപൊന്മാനേ -എന്റെ നീലപൊന്മാനേ...’’ എന്ന പാട്ടും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
‘‘നീലപൊന്മാനേ -എന്റെ/ നീലപൊന്മാനേ/ വെള്ളിവെയില് നെയ്ത പുടവ വേണോ/ പുളിയിലക്കര പുടവ വേണോ/ ചോലപ്പൊന്മാനേ.’’ ഈ പല്ലവിയെ തുടരുന്ന പ്രഥമചരണം ഇങ്ങനെ: ‘‘കാക്കപ്പുലനാൾ പാലരി -ഇന്നു/ കാവിലെല്ലാം കാവടി/ കൊച്ചുകാവളംകാളീ/ തങ്കത്താലി തീർക്കാറായ്/ മനസ്സേ തേൻ കുടിക്കൂ നീ...’’
‘നെല്ല്’ എന്ന സിനിമയും ‘തുമ്പോലാർച്ച’ എന്ന സിനിമയും ഒരുദിവസമാണ് തിയറ്ററുകളിൽ എത്തിയത്. 1974 ആഗസ്റ്റ് 23ന്. രണ്ടു ചിത്രങ്ങളും വിജയം നേടി; നിലവാരത്തിൽ അവ രണ്ടു തട്ടുകളിലാണെങ്കിലും.
പി. ഭാസ്കരൻ സംവിധാനംചെയ്ത ആദ്യത്തെ വടക്കൻപാട്ട് ചിത്രമാണ് ‘തച്ചോളി മരുമകൻ ചന്തു’. സുചിത്ര മഞ്ജരിയുടെ ബാനറിൽ അദ്ദേഹംതന്നെയാണ് ചിത്രം നിർമിച്ചതും. എൻ. ഗോവിന്ദൻകുട്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതി. പി. ഭാസ്കരൻ ഗാനരചനയും വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനവും നിർവഹിച്ചു. സെമി ക്ലാസിക്കൽ ശൈലിയിലുള്ള നല്ല ചില പാട്ടുകൾ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. മോഹനരാഗത്തിലുള്ള ‘‘വൃശ്ചികപ്പൂനിലാവേ... പിച്ചകപ്പൂനിലാവേ...’’ എന്ന ഗാനം ഉദാഹരണം. യേശുദാസ് പാടിയ ഈ ഗാനംതന്നെയാണ് ഈ സിനിമയിലെ പാട്ടുകളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.
‘‘വൃശ്ചികപ്പൂനിലാവേ/ പിച്ചകപ്പൂനിലാവേ/ മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാൻ/ ലജ്ജയില്ലേ ലജ്ജയില്ലേ -നിനക്കു ലജ്ജയില്ലേ...’’ എന്ന പല്ലവിക്കുശേഷം തുടങ്ങുന്ന ചരണത്തിൽ വടക്കൻ പാട്ടുകളിലെ രചനാശൈലിയുടെ സംസ്കാരം നിലനിർത്താൻ കവി ശ്രമിച്ചിട്ടുണ്ട്.
‘‘ഇളമാവിൻ തയ്യു തളിർത്തപോലെ/ വയനാടൻ വാകത്തൈ പൂത്തപോലെ/ വാനത്തെ വളർമഴവില്ലുപോലെ -എന്റെ/ മാറത്തു മയങ്ങുമീ മംഗളാംഗിയെ/ അരുതേ അരുതേ നോക്കരുതേ...’’ എസ്. ജാനകി പാടിയ രണ്ടു മികച്ച ഗാനങ്ങൾ ഈ സിനിമയിലുണ്ട്. ‘‘ഇന്ദുചൂഡൻ ഭഗവാന്റെ/ വാക്കുകൾ കേട്ടു ഗൗരി സുന്ദരി/ വേടത്തരുണിയായി/ തിരുമുടി ജടയായി/ തിരുകിയ പൂക്കളെല്ലാം/ നിരന്നു ചാഞ്ചാടും പീലികളായി.../ കസ്തൂരിവരക്കുറി മുക്കൂറ്റിച്ചാന്തായി/ കണ്മഷി കന്മദമായി’’ എന്ന മനോഹരഗാനമാണ് ഒന്ന്. എസ്. ജാനകി പാടിയ രണ്ടാമത്തെ ഗാനം.
‘‘വടക്കിനിത്തളത്തിലെ വളർത്തുതത്ത/ ഇന്നു വരും രമണനെന്നു വിളിച്ചു ചൊല്ലി -അപ്പോൾ/ മനസ്സും പുരികവും തുടിച്ചു തുള്ളി’’ എന്നിങ്ങനെ തുടങ്ങുന്നു. ഗാനം ഇങ്ങനെ തുടരുന്നു: ‘‘നേരത്തേ മേൽ കഴുകി/ നേരിയതുടുത്തെന്റെ/ നെന്മണി താലിമാല ധരിച്ചു -പ്രിയൻ/ ഒന്നിങ്ങു വന്നെങ്കിൽ/ ഒന്നിച്ചിരുന്നെങ്കിൽ/ എന്നു ഞാൻ വീണ്ടും വീണ്ടും കൊതിച്ചു.’’ ഈ ഗാനത്തിലെ അതിമനോഹരമായ ഒരു പ്രയോഗം അടുത്ത ചരണത്തിലുണ്ട്.
‘‘ചങ്ങലവട്ടയിലെ നാളവും എന്നെപോലെ/ ചഞ്ചലയായി നിന്നു വിറച്ചു...’’ എസ്. ജാനകി യേശുദാസുമൊത്തു പാടിയ ‘‘കന്നൽമിഴീ കണിമലരേ/ കന്നിനിലാപൊൻകതിരേ/ പാൽക്കടലിൽ കുളിച്ചു വരും/പനിമതിയോ നിൻ വദനം?’’ എന്നാരംഭിക്കുന്ന യുഗ്മഗാനവും മോശമല്ല.
ശ്രീലതാ നമ്പൂതിരിയും സംഘവും പാടിയ ‘‘പച്ചമലക്കിളിയേ പവിഴമലക്കിളിയേ/ പാലൂറും കാട്ടിലുള്ള പഞ്ചവർണക്കിളിയേ/ നീലമല കാവൽ നിൽക്കും/ നീരാഴി കാലു കഴുകും/ തുളുനാടൻ കോട്ടയോളം പോയി വായോ നീ/ മലനാടൻ പോരു കാണാൻ പോയി വായോ...’’ എന്ന ഗാനവും കല്യാണി മേനോനും സംഘവും പാടിയ ‘‘ഇല്ലംനിറ വല്ലംനിറ/ അലിപൂത്താലിനിറ/ നീരാടും കുളങ്ങരെ/ നീന്തിക്കുളിക്കണ/ ഈരാറു സുന്ദരിമാർക്ക്/ പൂത്തിരുവാതിര’’ എന്ന ഗാനവും സംഘനൃത്തങ്ങൾക്കുവേണ്ടി രചിക്കപ്പെട്ടവയാണ്. അമ്പിളിയും എസ്.ടി. ശശിധരനും പാടിയ
‘‘കുടകുമല കുന്നിമല കുറ്റിയാടിമലയിൽ/ കുടിലു കെട്ടി താമസിക്കും കൂട്ടുകാരു ഞങ്ങൾ/ കാടിറങ്ങി നാടുചുറ്റി, നഗരം ചുറ്റിവന്ന്/ വീട് കേറി കയ്യും നോക്കി കാലം പോകാൻ വന്നു’’ എന്നു തുടങ്ങുന്ന കൈനോട്ടക്കാരുടെ പാട്ടും ചിത്രത്തിലുണ്ട്. പാട്ടിലെ തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘കൈച്ചുരികത്തഴമ്പുള്ള കടത്തനാട്ടു വീരന്മാർ തൻ/ കയ്യു നോക്കി കാലാകാലം/ ഭാഗ്യം ചൊല്ലാൻ വന്നു.../ തക്കയും തോടയുമിട്ട/ തച്ചോളി സുന്ദരിമാരുടെ/ ലക്ഷണരേഖ നോക്കാൻ/ ആർത്തിയോടെ വന്നു.’’
പി. ജയചന്ദ്രനും സംഘവും പാടിയ ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘തച്ചോളി ഓമന കുഞ്ഞിച്ചന്തു/ വീരാധിവീരനാം കുഞ്ഞിച്ചന്തു/ വൈയൂർ കളരിയിൽ പയറ്റിക്കൊണ്ടേ/ തുളുനാടൻ കണ്ടരോടേൽക്കാൻ പോയി.’’ അമ്പിളിയും ശ്രീലതയും സംഘവും പാടിയ ‘‘ഒന്നാമൻ കൊച്ചുതുമ്പീ/ എന്റെ കൂടെ പോരിക നീയും/ കുളിപ്പാൻ കുളം തരുവേൻ/ കളിപ്പാൻ കളം തരുവേൻ/ വെച്ചുണ്ണാൻ കൊച്ചുരുളി/ ചെറുകോരിക ഞാൻ തരുവേൻ’’ എന്ന പഴയ നാടൻവരികളും ദക്ഷിണാമൂർത്തിയുടെ ഈണത്തിൽ ആകർഷകമായി. ആകെ ഒമ്പതു പാട്ടുകളാണ് ചെറുതും വലുതുമായി ‘തച്ചോളി മരുമകൻ ചന്തു’വിലുള്ളത്.
പ്രേംനസീർ, ജയഭാരതി, ശ്രീവിദ്യ, കെ.പി. ഉമ്മർ, കവിയൂർ പൊന്നമ്മ, സുകുമാരി, മുത്തയ്യ, ബാലൻ കെ. നായർ, മീന, അടൂർ ഭാസി, എസ്.പി. പിള്ള, ബഹദൂർ, ശങ്കരാടി, എൻ. ഗോവിന്ദൻകുട്ടി, ടി.ആർ. ഓമന, ഫിലോമിന, മുതുകുളം രാഘവൻ പിള്ള തുടങ്ങിയവർ അഭിനയിച്ച ‘തച്ചോളി മരുമകൻ ചന്തു’ 1974 ആഗസ്റ്റ് 29നു പ്രദർശനം തുടങ്ങി. മികച്ച വടക്കൻപാട്ടു ചിത്രങ്ങളിലൊന്നായി ഈ സിനിമയെ പ്രേക്ഷകർ അംഗീകരിച്ചു. ചിത്രം സാമ്പത്തികമായും വിജയം നേടി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.