‘പൂന്തേനരുവി’, ‘ഭൂമിദേവി പുഷ്പിണിയായി’, ‘ഹണിമൂൺ’ എന്നീ സിനിമകളെയും അതിലെ പാട്ടുകളെയും അതിന്റെ പിന്നണിയിലെ കഥകളെയും കുറിച്ചുള്ള എഴുത്തുമായി ‘സംഗീതയാത്ര’കൾ തുടരുന്നു.
ശശികുമാർ സംവിധാനംചെയ്ത ‘പ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ചലച്ചിത്ര പരമ്പരയിലെ മറ്റൊരു സിനിമയാണ് ‘പൂന്തേനരുവി’. ‘പഞ്ചവടി’, ‘പത്മവ്യൂഹം’ തുടങ്ങിയ സിനിമകൾ നിർമിച്ച എം.എസ് പ്രൊഡക്ഷൻസ് ആണ് നിർമാതാക്കൾ. മുട്ടത്തുവർക്കിയുടെ കഥക്ക് തോപ്പിൽ ഭാസിയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. ഔസേപ്പച്ചൻ എന്ന നായകന്റെ യൗവനവും വാർധക്യവും പ്രേംനസീർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നന്ദിതാബോസ് ആയിരുന്നു നായിക.
ജയൻ, വിൻെസന്റ്, സുധീർ, ജയഭാരതി, റാണിചന്ദ്ര, അടൂർ ഭാസി, ബഹദൂർ, സുകുമാരി, കെ.പി.എ.സി ലളിത, ജോസ് പ്രകാശ്, ശങ്കരാടി, ഫിലോമിന, മീന, ഖദീജ, ബേബി സുമതി തുടങ്ങിയവരും താരനിരയിൽ ഉണ്ടായിരുന്നു. ശ്രീകുമാരൻ തമ്പി-അർജുനൻ ടീം ഗാനങ്ങളൊരുക്കി. ചില ഹിറ്റ് ഗാനങ്ങൾ ഈ സിനിമയിൽ ഉണ്ടായിരുന്നു. മൊത്തം ഏഴു പാട്ടുകൾ.
യേശുദാസ് ശബ്ദം നൽകിയ ‘‘ഹൃദയത്തിനൊരു വാതിൽ...’’ എന്നു തുടങ്ങുന്ന ഗാനവും ‘‘ഒരു സ്വപ്നത്തിൻ മഞ്ചലെനിക്കായ് ഒരുക്കുമോ നീ..?’’ എന്നു തുടങ്ങുന്ന പാട്ടും ‘‘കുളിരോടു കുളിരെടീ കുറുമ്പുകാരീ’’ എന്നാരംഭിക്കുന്ന പാട്ടും ‘‘രംഭാപ്രവേശമോ പ്രേമഗംഗാപ്രവാഹമോ...’’ എന്നു തുടങ്ങുന്ന സെമി ക്ലാസിക്കൽ നൃത്തഗാനവും ജയചന്ദ്രൻ പാടിയ ‘‘നന്ദ്യാർവട്ട പൂ ചിരിച്ചു...’’ എന്ന പാട്ടും ഒക്കെത്തന്നെ ജനപ്രീതി നേടിയവയാണ്.
‘‘ഹൃദയത്തിനൊരു വാതിൽ/ സ്മരണ തൻ മണിവാതിൽ/ തുറന്നു കിടന്നാലും ദുഃഖം/ അടഞ്ഞു കിടന്നാലും ദുഃഖം’’ എന്നു പല്ലവി. ‘‘രത്നങ്ങൾ ഒളിക്കും പൊന്നറകൾ/ പുഷ്പങ്ങൾ വാടിയ മണിയറകൾ/ശിൽപങ്ങൾ തിളങ്ങുന്ന മച്ചകങ്ങൾ/ സർപ്പങ്ങൾ ഒളിക്കുന്ന നിലവറകൾ/ തുറന്നാൽ പാമ്പുകൾ പുറത്തുവരും/ അടഞ്ഞാൽ രത്നങ്ങൾ ഇരുട്ടിലാകും’’ എന്നിങ്ങനെ ആദ്യ ചരണം. യേശുദാസ് പാടിയ ശോകഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘ഒരു സ്വപ്നത്തിൻ മഞ്ചലെനിക്കായ്/ ഒരുക്കുമോ നീ/ ഓർമ പടർത്തും ചില്ലയിലെന്നെ/ വിടർത്തുമോ നീ... ഒരിക്കൽ കൂടി.’’ പല്ലവിയെ തുടർന്നുവരുന്ന ആദ്യചരണം ഇങ്ങനെ: ‘‘നിറങ്ങൾ മങ്ങി/ നിഴലുകൾ തിങ്ങി/ നിലയറ്റാശകൾ തേങ്ങി.../ നിതാന്തദുഃഖക്കടലിൻ ചുഴിയിൽ/ നിൻ പ്രിയതോഴൻ മുങ്ങി.../ പിരിയും മുമ്പേ നിൻ പുഞ്ചിരിയുടെ/ മധുരം പകരൂ ഒരിക്കൽകൂടി...’’
നായകനും നായികയും മഴ നനഞ്ഞുകൊണ്ട് പാടുന്ന ഗാനമാണ് ‘‘കുളിരോടു കുളിരെടീ കുറുമ്പുകാരീ/ കൂനി വിറയ്ക്കാതെ/ കാറ്റിൽ പറക്കാതെ/ ഇടിമിന്നലിൽ നീയെന്നരികത്തു വാ/ നീയീ കുടക്കീഴിൽ വാ...’’ എന്നു തുടങ്ങുന്നത്. പ്രേംനസീറും നന്ദിതാബോസുമാണ് ഈ പാട്ടിൽ അഭിനയിച്ചിട്ടുള്ളത്.
‘‘നാലഞ്ചു മുത്തുകൾ ഇതൾത്തുമ്പിൽ വീഴുമ്പോൾ/ നാണിച്ചു കൂമ്പുന്നു പൂമൊട്ടുകൾ/ കാലവർഷത്തിന്റെ സംഗീതമേളത്തിൽ/ കാൽത്തള കെട്ടുന്നു താഴ്വരകൾ/ രാഗങ്ങൾ മൂളുന്നു മുളങ്കാടുകൾ’’ എന്നിങ്ങനെ പാട്ടു തുടരുന്നു. ‘‘രംഭാപ്രവേശമോ’’ എന്നാരംഭിക്കുന്ന പാട്ട് യേശുദാസ് ആലപിച്ച മികച്ച നൃത്തഗാനങ്ങളിലൊന്നാണ്. ഈ രംഗത്ത് റാണിചന്ദ്രയാണ് നൃത്തംചെയ്തിട്ടുള്ളത്. ജതിസ്വരങ്ങളിലാണ് പാട്ട് ആരംഭിക്കുന്നത്.
‘‘രംഭാപ്രവേശമോ -പ്രേമ/ ഗംഗാപ്രവാഹമോ/ തൂമ തൂകും തൂവെണ്ണിലാവൊരു/ രാഗനർത്തകിയായ് വന്നതോ.../ രംഭാ പ്രവേശമോ... (വീണ്ടും സ്വരങ്ങൾ... ന നി ഗ ധ പ രി സ നി പ ... എന്നിങ്ങനെ തുടങ്ങുന്നു.) രത്നതാരകൾ നിന്റെ മിഴികൾ/ രംഗദീപങ്ങളായി/ സ്വർണമുരുകും മന്ദഹാസം/ വർണപുഷ്പങ്ങൾ തൂകി/ ശംഖനാദം മുഴങ്ങി –നിൻ മുഖം/ രംഗപൂജ നടത്തി...’’
പി. ജയചന്ദ്രൻ പാടിയ ഗാനവും പ്രശസ്തമാണ്. ‘‘നന്ത്യാർവട്ട പൂ ചിരിച്ചു/ നാട്ടുമാവിന്റെ ചോട്ടിൽ –നിന്റെ/ നാണം കണ്ടു ജനം ചിരിച്ചു/ നാലും കൂടിയ മുക്കിൽ...’’ വരികൾ ഇങ്ങനെ തുടരുന്നു: ‘‘ബാന്റുമേളം കേട്ടതന്നു പള്ളിമുറ്റത്തോ/ പാട്ടു കേട്ടാൽ താളമിടും കരളിൻ മുറ്റത്തോ/ കാറ്റിലാടും പൂവുപോലെ നീയുലഞ്ഞാടി/ എന്റെ കൈവിരലിൽ തൊട്ട നേരം മാറിടം തുള്ളി...’’
മാധുരി പാടിയ വേളാങ്കണ്ണിയമ്മയെക്കുറിച്ചുള്ള ഭക്തിഗാനവും ഒരു ഹാസ്യഗാനവുമാണ് ചിത്രത്തിൽ അവശഷിക്കുന്നവ.
‘‘വേദന താങ്ങുവാൻ ശക്തി നൽകൂ/ വേളാങ്കണ്ണിയമ്മേ/ കുരുടന് കാഴ്ച കൊടുക്കുവോളേ/ കടൽക്കരയിൽ സ്വർഗം കാട്ടിയോളേ’’ എന്നിങ്ങനെ ആ ഭക്തിഗാനം ആരംഭിക്കുന്നു.
പി. ജയചന്ദ്രനും പി. ലീലയും രാജ്മോഹനും ചേർന്നു പാടിയ ഹാസ്യഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘തങ്കക്കുടമേ പൊന്നുംകുടമേ/ താറാവ് സാറാമ്മേ/ കലവറയിൽ കാലും പിണച്ച്/ തളർന്നിരുന്നാലോ –ഇങ്ങനെ/ തളർന്നിരുന്നാലോ..?’’ പാട്ട് എന്ന് പറയാനാവില്ല. പാട്ടും സംസാരവുമൊക്കെ ചേരുന്ന ഒരു തമാശരംഗം.
പ്രേംനസീർ പതിവ് റോളുകളിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ‘പൂന്തേനരുവി’ എന്ന ചിത്രം സാമ്പത്തികമായും വിജയം നേടി. 1974 നവംബർ 10നാണ് ചിത്രം റിലീസ് ചെയ്തത്.
ഹരിഹരൻ സംവിധാനംചെയ്‌ത ‘ഭൂമിദേവി പുഷ്പിണിയായി’ എന്ന സിനിമ തിരുമേനി പിക്‌ചേഴ്‌സിനുവേണ്ടി പി.കെ. കൈമൾ നിർമിച്ചതാണ്. ‘പൊണ്ണുക്കു തങ്കമനസ്സ്’ എന്ന തമിഴ് സിനിമയുടെ റീമേക്ക് ആയിരുന്നു ഈ ചിത്രം. തമിഴ് എഴുത്തുകാരനായ ബാലമുരുകൻ എഴുതിയ കഥക്ക് എസ്.എൽ പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ചു. പ്രേംനസീർ, മധു, ജയഭാരതി, വിധുബാല, കെ.പി. ഉമ്മർ, സുകുമാരി, അടൂർ ഭാസി, ബഹദൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കി. ചിത്രത്തിൽ ഏഴു ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസ് പാടി ജനപ്രീതി നേടിയ ‘‘പനിനീർമഴ, പൂമഴ, തേന്മഴ...’’ എന്ന ഗാനം ഈ സിനിമയിലേതാണ്.
പി. ലീല,എൽ.ആർ. ഈശ്വരി,ബ്രഹ്മാനന്ദൻ,പി. സുശീല
‘‘പനിനീർമഴ പൂമഴ തേന്മഴ/ മഴയിൽ കുതിരുന്നോരഴകേ/ നനയുന്നതു കഞ്ചുകമോ/ നിന്നെ പൊതിയും യൗവനമോ..?’’ പല്ലവിക്കു ശേഷം വരുന്ന വരികൾ നനയുന്ന സ്ത്രീശരീരത്തെ വർണിക്കുന്നു: ‘‘കൺപീലികളിൽ തങ്ങി -ചുണ്ടിലെ/ കമലക്കൂമ്പുകൾ നുള്ളി/ മാറിൽ പൊട്ടിത്തകർന്നു ചിതറി/ മൃദുരോമങ്ങളിൽ ഇടറി/ പൊക്കിൾക്കുഴിയൊരു തടാകമാക്കിയ/ പവിഴമഴത്തുള്ളി / പണ്ടു ശ്രീപാർവതിയെപ്പോലെ/ നിന്നെയും സുന്ദരിയാക്കി...’’
ചിത്രത്തിലെ മറ്റൊരു മികച്ച ഗാനം പി. സുശീല പാടി. ഈ പാട്ടും പ്രശസ്തമാണ്. ‘‘പാതിരാത്തണുപ്പു വീണു, മഞ്ഞു വീണു/ പാട്ടു നിർത്തി കിടപ്പൂ രാപ്പാടി.../ പാതിരാത്തണുപ്പു വീണു...’’ ഇങ്ങനെ തുടങ്ങുന്ന പാട്ടിലെ തുടർന്നുള്ള വരികൾ: ‘‘കാറ്റോടും ജാലകങ്ങൾ അടച്ചോട്ടെ/ ഈ കാറ്റാടി കുളിർപങ്ക നിറുത്തിക്കോട്ടെ/ ആയിരം പുതപ്പിട്ടു പുതച്ചാലും/ എത്രയായിരം കിനാവുകൾ വിളിച്ചാലും/ വരുമോ ഉറക്കം വരുമോ/ മറ്റെന്തോ കൊതിക്കുമീ ഹൃദയം/ ഒരു ഭർതൃമതിയുടെ ഹൃദയം/ ഹേയ് -എന്തിനീ സൗന്ദര്യപ്പിണക്കം?’’
യേശുദാസും ബ്രഹ്മാനന്ദനും ചേർന്നു പാടിയ ‘‘ചോരതുടിക്കും ഹൃദയങ്ങൾ’’ എന്ന ഗാനവും ശ്രദ്ധേയമാണെന്നു പറയാം. (ദേവരാജൻ മാസ്റ്റർ വളരെ അപൂർവം അവസരങ്ങൾ മാത്രമേ ബ്രഹ്മാനന്ദന് നൽകിയിട്ടുള്ളൂ.)
‘‘ചോര തുടിക്കും ഹൃദയങ്ങൾ/ ചുവന്ന ഹൃദയങ്ങൾ/ പുതിയ കുരുക്ഷേത്ര ഭൂമികളിൽ/ അശ്വരഥം തെളിക്കും ഹൃദയങ്ങൾ/ ഞങ്ങൾ രഥം തെളിക്കും ഹൃദയങ്ങൾ/ ചോര തുടിക്കും ഹൃദയങ്ങൾ...’’ യേശുദാസും മാധുരിയും സംഘവും പാടിയ ‘‘നദികൾ നദികൾ നദികൾ ഞങ്ങൾ നർത്തകികൾ’’ എന്ന ഗാനമാണ് അടുത്തത്.
‘‘നദികൾ നദികൾ നദികൾ ഞങ്ങൾ നർത്തകികൾ/ നിത്യനർത്തകികൾ/ പ്രകൃതിക്കു നീരാട്ടു പനിനീരുമായ് വരും/ പ്രിയസഖികൾ...’’ ഗാനത്തിന്റെ ആദ്യചരണം ഇങ്ങനെ: ‘‘ഗംഗേ യമുനേ ബ്രഹ്മപുത്രേ ഗോദാവരി കാവേരീ/ നിങ്ങളൊന്നിച്ചു കൈനീട്ടി പുൽകുമ്പോൾ/ ഒന്നേ ദാഹം ഒന്നേ മോഹം ഒന്നേ ദേശീയമന്ത്രം/ വന്ദേ മാതരം ജയ വന്ദേ മാതരം...’’
എം.കെ. അർജുനൻ,പി. ജയചന്ദ്രൻ
മാധുരി പാടിയ ‘‘ദന്തഗോപുരം തപസ്സിനു തിരയും...’’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ പല്ലവി ഇങ്ങനെ: ‘‘ദന്തഗോപുരം തപസ്സിനു തിരയും/ ഗന്ധർവ കവിയല്ല ഞാൻ/ മൂകത മൂടും ഋഷീകേശത്തിലെ/ മുനിയല്ല ഞാൻ –ഒരു മുനിയല്ല ഞാൻ...’’
ഈ ഗാനത്തിൽ വയലാർ സ്വന്തം ജീവിതദർശനംതന്നെ കൊണ്ടുവന്നിട്ടുണ്ട്. ചരണത്തിലെ വരികൾ ശ്രദ്ധിക്കുക: ‘‘കാലത്തിൻ കൈനഖകല പതിയാത്തൊരു/ കവിതയുണ്ടോ വിശ്വ/ കവിതയുണ്ടോ/ മനുഷ്യന്റെ സങ്കൽപഗന്ധമില്ലാത്തൊരു/ മന്ത്രമുണ്ടോ -വേദ/ മന്ത്രമുണ്ടോ...’’
പി. ജയചന്ദ്രനും മാധുരിയും പാടിയ ‘‘തിരുനെല്ലിക്കാട്ടിലോ തിരുവില്വാമലയിലോ...’’ എന്ന് തുടങ്ങുന്ന ഗാനവും ലാളിത്യമുള്ളതാണ്. ‘‘തിരുനെല്ലിക്കാട്ടിലോ തിരുവില്വാമലയിലോ/ തിരുവാതിര ഞാറ്റുവേലപ്പെണ്ണ് -ഹോയ്/ തിരുമുറ്റം തൂത്തു തളിച്ചിതുവഴിവാ/ തീർഥജല കുമ്പിളുമായ് ഇതുവഴി വാ.../ പെണ്ണിതുവഴിവാ...’’
മാധുരിയും എൽ.ആർ. ഈശ്വരിയും സംഘവും പാടിയതാണ് ഈ സിനിമയിലെ ഏഴാമത്തെ ഗാനം. ‘‘പന്തയം പന്തയം/ ഒരു പന്തയമാണീ ജീവിതം.../ തോറ്റവർക്കല്ല ജയിച്ചവർക്കല്ല/ തുറന്ന മനസ്സിനാണീ ട്രോഫി.../ ഇന്നു തോറ്റവർ നാളെ ജയിക്കും/ സ്വർണമെഡലുകൾ വാങ്ങും/ ചെറുപ്പക്കാരികളേ/ ഹിസ്റ്ററി ക്ലാസിൽ കൂർക്കം വലിയ്ക്കാം/ ഹിന്ദി പാട്ടുകൾ പാടിനടക്കാം/ സിനിമ കാണാം സ്വപ്നം കാണാം/ നമുക്കീ പന്തയം തുടരാം...’’ ‘‘ലല്ലല്ലലാലാ... ലല്ലല്ലലാല...’’ എന്ന ഹമ്മിങ് ആണ് ഈ ഗാനത്തിന്റെ ആകർഷക ഘടകം. പൊതുവെ ‘ഭൂമിദേവി പുഷ്പിണിയായി’ എന്ന ചിത്രത്തിലെ ഗാനങ്ങൾ ശ്രോതാക്കൾ ഇഷ്ടപ്പെട്ടു.
1974 നവംബർ 29നു തിയറ്ററുകളിൽ എത്തിയ ‘ഭൂമിദേവി പുഷ്പിണിയായി’ എന്ന ചിത്രം പ്രദർശനവിജയം നേടി.
ഗണേഷ് പിക്‌ചേഴ്‌സിനുവേണ്ടി കെ.പി. കൊട്ടാരക്കര നിർമിച്ച് എ.ബി. രാജ് സംവിധാനംചെയ്‌ത ‘ഹണിമൂണി’ൽ പ്രേംനസീർ, കെ.ആർ. വിജയ, സുമിത്ര, സുധീർ, ജോസ് പ്രകാശ്, ശങ്കരാടി, മീന, ആലുമ്മൂടൻ, ഉഷാറാണി തുടങ്ങിയവർ അഭിനയിച്ചു. കഥയും തിരക്കഥയും സംഭാഷണവും നിർമാതാവ് തന്നെ തയാറാക്കി.
ജയചന്ദ്രൻ പാടിയ ‘‘മല്ലികപ്പൂവിൻ മധുരഗന്ധം നിന്റെ മന്ദസ്‌മിതംപോലും ഒരു വസന്തം’’ എന്ന സൂപ്പർഹിറ്റ് ഗാനം ‘ഹണിമൂൺ’ എന്ന സിനിമയിലേതാണ്. ‘‘മല്ലികപ്പൂവിൻ മധുരഗന്ധം -നിന്റെ/ മന്ദസ്‌മിതംപോലും ഒരു വസന്തം/ മാലാഖകളുടെ മാലാഖ നീ/ മമ ഭാവനയുടെ ചാരുത നീ...’’ ആദ്യചരണം ഇങ്ങനെ: ‘‘എൻ മനോരാജ്യത്തെ സിംഹാസനത്തിൽ/ ഏകാന്തസ്വപ്നമായ് വന്നു/ സൗഗന്ധികക്കുളിർ ചിന്തകളാലെന്നിൽ/ സംഗീതമാല ചൊരിഞ്ഞു/ നീയെന്ന മോഹനരാഗമില്ലെങ്കിൽ ഞാൻ/ നിശ്ശബ്ദ വീണയായേനെ...’’
ഈ ഗാനം കഴിഞ്ഞാൽ കെ.പി. ബ്രഹ്മാനന്ദനും മാധുരിയും പാടിയ ‘‘തങ്കക്കവിളിൽ കുങ്കുമമോ’’ എന്നു തുടങ്ങുന്ന ഗാനമാണ് ജനപ്രീതി നേടിയത്.
‘‘തങ്കക്കവിളിൽ കുങ്കുമമോ/ താരുണ്യപങ്കജ പരാഗമോ’’ എന്ന് ഗായകൻ തുടങ്ങുന്നു. ‘‘ആ ചെഞ്ചുണ്ടിൽ പുഞ്ചിരിയോ അനുരാഗത്തിൻ പൂവിളിയോ’’ എന്ന് നായിക തുടരുന്നു.
ചരണം ഇങ്ങനെ: ‘‘നടന്നാൽ -നടന്നാൽ കുളിരല കൂടെ വരും / നടയിൽ താളത്തിൽ മണി കിലുങ്ങും/ ചിരിച്ചാൽ സന്ധ്യക്കും കൊതി തോന്നും –നിന്റെ/ ചിരിയിൽ പ്രേമത്തിൻ പൂ വിരിയും...’’
ജയചന്ദ്രനും ഈശ്വരിയും പാടിയ ‘‘ഇന്ദ്രജാലരഥമേറി...’’ എന്ന് തുടങ്ങുന്ന ഗാനവും ശ്രദ്ധേയം. ‘‘ഇന്ദ്രജാലരഥമേറി –പ്രണയ/ മന്ത്രജാലരഥമേറി/ ഇന്നു നമ്മൾ തൻ സ്വപ്നയൗവനം/ സ്വർഗസീമകൾ തേടും...’’ ആദ്യചരണത്തിലെ വരികൾ ഇങ്ങനെയാണ്.
‘‘മോഹമുല്ലകൾ പൂത്തുനിന്നിടും/ രാഗമാലിനീതീരം/ ആഹാ...ആഹാ... ആഹാ.../ ഗാനമഞ്ജുഷാ ഗന്ധവാഹിയിൽ/ ജീവൻ ഒഴുകിടും തീരം/ ആ വസന്തമണിമണ്ഡപങ്ങളിൽ/ അലകളാവണം നമ്മൾ/ പുതിയ മുനികന്യകമാരേ/ പുതിയ രാജാക്കന്മാരേ...’’
ജയചന്ദ്രനും പി. ലീലയും ചേർന്നു പാടിയ ‘‘ജലതരംഗമേ പാടൂ’’ എന്ന പാട്ടാണ് അടുത്തത്. ‘‘ജലതരംഗമേ പാടൂ -കാറ്റിൻ/ മണിവീണ മീട്ടി പാടൂ... പാടൂ/ പളുങ്കുമണികൾ പവിഴമുത്തുകൾ/ കോർത്തു കോർത്തു നടമാടൂ.../ ജലതരംഗമേ പാടൂ.’’
ആദ്യ ചരണത്തിലെ വരികൾ ഇങ്ങനെ: ‘‘കുളിർ വിടർത്തുമീ നിമിഷലജ്ജയിൽ/ കുലുങ്ങും മേനി തൻ താളം/ മൃദുലമോഹമലർ വിടരും മാനസം/ പകർന്നു നൽകുമുന്മാദം/ ഈ താളത്തിൽ മേളത്തിൽ/ ഉന്മാദലഹരിയിൽ/ വിലാസസംഗമ ദാഹം...’’
വയലാർ, ദേവരാജൻ, യേശുദാസ്
ജയചന്ദ്രനും സംഘവും പാടുന്ന ‘‘സന്മാർഗം തേടുവിൻ സദാചാരം പഠിക്കുവിൻ... കൂട്ടുകാരേ...’’ എന്ന് തുടങ്ങുന്ന പാട്ടിന്റെ വിശദമായ പല്ലവി ഇങ്ങനെ: ‘‘സന്മാർഗം തേടുവിൻ നാട്ടുകാരേ/ സദാചാരം പഠിക്കുവിൻ കൂട്ടുകാരേ.../ സദനഗാനം പാടി നർത്തനമാടാം –ഇന്നു/ സന്മാർഗസദനത്തിൽ സംഗീതമേള...’’ ‘‘ഗുഡ് മോർണിങ് സീതേ’’ എന്നു തുടങ്ങുന്ന ഗാനം ബ്രഹ്മാനന്ദനും ‘‘ഗുഡ് മോർണിങ് രാമാ’’ എന്ന ഗാനം എൽ.ആർ. ഈശ്വരിയും ആലപിച്ചിരിക്കുന്നു.
രണ്ടും ഹാസ്യരസപ്രധാനമാണെന്നു പറയാം. ‘‘ഗുഡ്മോർണിങ് സീതേ/ഗു...ഗു...ഗു...ഗു...ഗുഡ് മോർണിങ് സീതേ/ ഞാനും ഒരാപ്ലിക്കന്റ് സീതേ/ നിന്റെ സ്വയംവരവില്ലെവിടെ/ നിന്റെ സ്വയംവരസദസ്സെവിടെ/ സീതേ കൊച്ചുസീതേ... സീതേ കൊച്ചുസീതേ.’’ വരികൾ ഇങ്ങനെ തുടരുന്നു: ‘‘വിശ്വാമിത്രൻ കൂടെയില്ല/ വഴിയിൽ അഹല്യയെ കണ്ടില്ല/ ലക്ഷ്മണൻ കൂട്ടിനു വന്നില്ല/ താടകയെ ഞാൻ കൊന്നില്ല/ പ്രിയേ മൈഥിലീ/ ഇനി നീയെൻ നെഞ്ചിൽ പായിട്ടു കിടന്നോളൂ...’’
ഈശ്വരി പാടിയ ‘‘ഗുഡ് മോർണിങ് രാമാ...’’ എന്ന പാട്ടും ഇതേ ശൈലിയിൽതന്നെ. ‘‘ഗുഡ് മോർണിങ് രാമാ രാമാ/ ഗുഡ് മോർണിങ് രാമാ/ ഞാനൊരു ഗസ്റ്റപ്പോ രാമാ/ എന്റെ സ്വയംവര വില്ലു വേണോ/ എന്നെ സ്വയംവരം ചെയ്യേണമോ/ രാമാ രഘുരാമാ/ രാമാ രഘുരാമാ...’’ 1974 ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തിയ ‘ഹണിമൂൺ’ സാമ്പത്തിക വിജയം നേടിയ ചിത്രമാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.