തിരുവനന്തപുരം: ജില്ലയിൽ നാല് അപൂർവ ഇനങ്ങളെയടക്കം 183 പക്ഷി വിഭാഗങ്ങളെ രേഖപ്പെടുത്തി ഇന്ത്യ ബേഡ് റേസ് -2024. എൻ.ജി.ഒ ആയ ഡബ്യൂ.ഡബ്ലൂ.എഫിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധ സ്ഥലങ്ങളിലാണ് സർവേ സ്വഭാവത്തിൽ പക്ഷി നിരീക്ഷണം സംഘടിപ്പിച്ചത്.
75 പക്ഷി നിരീക്ഷകരടങ്ങുന്ന 11 സംഘങ്ങൾ വനങ്ങൾ, പാടങ്ങൾ, കണ്ടൽക്കാടുകൾ, കടൽത്തീരങ്ങൾ, നദികൾ, അഴിമുഖങ്ങൾ, നഗരപ്രദേശങ്ങൾ എന്നിവിടങ്ങളിലായി സർവേ നടത്തി. കാക്കത്തമ്പുരാട്ടിക്കുയിൽ, ചെറിയ മീൻ പരുന്ത്, പാറ നിരങ്ങൻ, വെള്ളിക്കറുപ്പൻ എന്നിവയാണ് കണ്ടെത്തിയ അപൂർവ ഇനങ്ങൾ.
പുഞ്ചക്കരി തണ്ണീർത്തടങ്ങൾ, കേശവദാസപുരത്തെ നെൽവയലുകൾ, മ്യൂസിയം-മൃഗശാല പരിസരം, ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ കാമ്പസ്, ആക്കുളം തടാകം, കഠിനംകുളം, ആറ്റിങ്ങൽ പഴഞ്ചിറ, പൂവാർ-നെയ്യാറ്റിൻകര, കല്ലാർ-പൊൻമുടി, ബോണക്കാട്, കോട്ടൂർ, അരിപ്പ എന്നിവിടങ്ങളിലാണ് പ്രധാനമായും പക്ഷിനിരീക്ഷണം നടന്നത്. മലമുഴക്കി വേഴാമ്പൽ, ചെമ്പൻകുയിൽ, കാക്കത്തമ്പുരാട്ടിക്കുയിൽ, പുല്ലുപ്പൻ, ഹ്യൂഗ്ലിൻ കടൽക്കാക്ക, കോമൺ ബസാർഡ്, വെള്ളിക്കറുപ്പൻ, പാറ നിരങ്ങൻ, ചെറിയ മീൻ പരുന്ത് എന്നിവയായിരുന്നു സർവേയിലെ പ്രധാന ആകർഷകം. നിരീക്ഷണ അനുഭവങ്ങൾ പങ്കുവെക്കുന്നതിന് സംഘാഗങ്ങളുടെ ഒത്തുചേരലും നടന്നു.
എ.കെ. ശിവകുമാർ, ഗോവിന്ദ് ഗിരിജ, ഡോ. സുജിത് ഗോപാലൻ, ജി.എസ്. അഭിരാമി, കൗശിക് നാരായൺ, വി. ധനുഷ്, സി.ജി. അരുൺ, ജയ്ചന്ദ് ജോൺസൻ, വിനോദ് തോമസ്, ടി.യു. തൃനിഷ, എസ്. ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. ജില്ലയിൽ നീർപക്ഷിക്കളുടെ എണ്ണത്തിൽ 65 ശതമാനം വർധനവുണ്ടായി എന്നത് ഇതേ ഏജൻസി 2023ൽ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു.
2021ലെ കണക്കുകൾ പ്രകാരം 72 ഇനങ്ങളിലായി 3270 നീർപക്ഷികളാണ് ജില്ലയിലുണ്ടായിരുന്നത്. 2023 സെൻസസ് പ്രകാരം ഇത് 76 ഇനങ്ങളിലായി 5396 എന്ന നിലയിൽ വർധിച്ചുവെന്നായിരുന്നു കണ്ടെത്തൽ.
പുഞ്ചക്കരി വെള്ളായണി തണ്ണീർത്തടത്തിൽ പൊൻമണൽക്കോഴി, നരയൻ വാലുകുലുക്കി, വെള്ള വാലുകുലുക്കി, വർണ്ണക്കൊക്ക്, കരണ്ടികൊക്കൻ, പുള്ളിക്കാടക്കൊക്ക്, ചാരത്തലയൻ തിത്തിരി തുടങ്ങിയ ദേശാടനപ്പക്ഷികളുടെ ആവാസകേന്ദ്രമാണെന്നാണ് കണക്കാക്കുന്നത്.
പൂവാർ അഴിമുഖത്ത് തീരദേശ പക്ഷികളായ വലിയ കടലാള, വലിയ മണൽക്കോഴി, മംഗോളിയൻ മണൽക്കോഴി, ചെറുമണൽക്കോഴി, തിരമുണ്ടി, തുടങ്ങിയവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൂവാറിൽനിന്ന് കായൽ പൊന്മാനെയും വേളികായലിൽ നീര്പക്ഷികളെയും റിപ്പോർട്ട് ചെയ്തിരുന്നു. കേശവദാസപുരത്തെ മോസ്ക് ലെയിനിലെ കൃഷി വകുപ്പിന്റെ നെൽവയലിൽ ഏതാനും പുള്ളിക്കാടക്കൊക്കും കരിമ്പൻ കാടക്കൊക്കുമാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.