1
പൂവുകളുടെ ഭാരം കാരണം, അൽപം കുനിഞ്ഞുനിൽക്കുന്ന ചെറിമരച്ചില്ലകൾക്കു മീതെ നിലാവ് പെയ്തുകൊണ്ടിരിക്കെ, ഒരു ചെറിയ കാറ്റു വീശി. ഏതാനും പൂവുകൾ പതിയെ പൊഴിഞ്ഞു. മൂന്നെണ്ണം, ഇയുൻ ക്യുങ്ങിന്റെ മടിയിൽ വന്നുവീണു.
ഇയുൻ ക്യുങ് മെല്ലെ അതിലൊരു പൂവ് കൈയിലെടുത്തു. ചൂണ്ടുവിരലിനും പെരുവിരലിനുമിടയിൽ പിടിച്ച് അതിനെ സൂക്ഷിച്ചുനോക്കി. വിളറിയ പിങ്ക് നിറത്തിലുള്ള ഒരു കുഞ്ഞുപൂവ്. ക്ഷീണിതയായ ഒരു മാലാഖ നോക്കുന്നതുപോലെയാണ് ആ പൂവ് തന്നെ നോക്കുന്നതെന്ന് അവൾക്കു തോന്നി. അതിന്റെ ലോലലോലമായ ഇതളുകൾക്കു ചുറ്റും വിളറിവെളുത്ത ഒരു പ്രകാശം നിലനിൽക്കുന്നതായും അവൾക്കനുഭവപ്പെട്ടു.
ഇയുൻ ക്യുങ് തന്റെ മറുകൈ ഉയർത്തി, പൂവിതളുകളെ പതുക്കെ തലോടി. അവക്ക് ഇളം തണുപ്പുണ്ടായിരുന്നു.
''അവധിക്കാലം കഴിയുമ്പോൾ ഞാൻ വരാം, ഇയുൻ ക്യുങ്...'' ആ വാക്കുകൾ ഉള്ളിൽ മുഴങ്ങിയതിനൊപ്പം, ഒമ്മയുടെ1 കറുത്തു മിന്നുന്ന കണ്ണുകളും അവൾ കണ്ടു; വളരെ അടുത്ത്...
അതെല്ലാം കുടഞ്ഞു കളയുവാനെന്നപോലെ ഒന്നു ചെറുതായി തല കുടഞ്ഞിട്ട് ഇയുൻ പൂവിനെ എറിഞ്ഞുകളഞ്ഞു. അത് അൽപമകലെ ചെന്നുവീണു. അവിടേക്കു നോക്കാതെ, മടിയിലവശേഷിച്ച പൂക്കളെ തട്ടിത്തെറിപ്പിച്ചുകൊണ്ട് അവൾ എഴുന്നേറ്റു തിരിഞ്ഞുനടന്നു.
2
ഇരുണ്ട മഞ്ഞയും കറുപ്പു കലർന്ന തവിട്ടും നിറങ്ങളിലുള്ള ഉടുപ്പുകളണിഞ്ഞ ഒരു വൃദ്ധ, വരാന്തയിൽ ഇരിക്കുന്നുണ്ടായിരുന്നു. കറുത്ത തലമുടി പിന്നിലേക്ക് ഒതുക്കി കെട്ടിവെച്ചിരുന്നു. ഓരോ ചെറുകൂട്ടം വീതം മുടിയിഴകൾ, മുഖത്തിന്റെ ഇരുവശങ്ങളിലേക്കും ഊർന്നുവീണു കിടന്നു. മുഖം ഇളം തവിട്ടുനിറത്തിൽ ചുളിവുകളോടു കൂടിയതായിരുന്നു. സ്വതവേ ചെറിയ കണ്ണുകൾ ഒന്നുകൂടി ഇറുക്കിപ്പിടിച്ചിരുന്നതിനാൽ അവ നേർത്തു നേർത്തു രണ്ട് കറുത്ത വരകളാണെന്നു തോന്നിച്ചു.
വീടിന്റെ തൊട്ടു മുന്നിലെത്തിയപ്പോൾ ഇയുൻ ക്യുങ് നിന്നു. അവൾ, വരാന്തയിലിരിക്കുന്ന തന്റെ ഹാമുന്നിയെ2 വെറുതെ നോക്കിക്കൊണ്ടുനിന്നു. അവർ, അവളുടെ മുഖത്തേക്കുതന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട് തന്റെ മിഴികൾ ഒന്നുകൂടെ ഇറുക്കിപ്പിടിച്ചു. കണ്ണുകൾക്കു ചുറ്റുമുള്ള ചുളിവുകളുടെ എണ്ണം വർധിച്ചു. ഏതാനും നിമിഷങ്ങൾ രണ്ടുപേരും നിശ്ശബ്ദമായി പരസ്പരം വീക്ഷിച്ചു. ഒടുവിൽ ഇയുൻ മൗനം മുറിച്ചു.
''മാർച്ചു മാസത്തിന്റെ പാതിയിലോ അന്ത്യത്തിലോ അല്ലേ ചെറിമരങ്ങൾ പൂവിടാറുള്ളത്?'' അവൾ ശാന്തമായി തുടർന്നു: ''ഇതിപ്പോൾ ഫെബ്രുവരി തീരുന്നതേയുള്ളൂ. എന്നാൽ, ഇവിടുത്തെ ചെറിമരങ്ങളെല്ലാം തന്നെ അടിമുടി പൂത്തുലഞ്ഞിരിക്കുന്നുവല്ലോ.''
ഹാമുന്നി, അനുകൂലഭാവത്തിൽ, പതിയെ തുടർച്ചയായി തലയാട്ടിക്കൊണ്ട് വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു: ''ഈ സ്ഥലത്തിന്റെ പേര് ബോമ്വീജീബ്3 എന്നാണെന്നോർക്കുക. വസന്തത്തിന്റെ വീടാണിവിടം. അതിനാൽതന്നെ വളരെ നേരത്തേ വസന്തത്തിന്റെ അനുഗ്രഹം ലഭിക്കുന്നവരാണ് ഇവിടത്തെ ചെറിമരങ്ങൾ.''
''അസാധാരണമായിരിക്കുന്നു.'' ഭാവവ്യത്യാസമേതുമില്ലാതെ ഇയുൻ പറഞ്ഞു.
''അത്തരമൊരു കാര്യം, ഞാൻ മുമ്പൊരിക്കലും കേട്ടിട്ടില്ല. ഇവിടം തീർച്ചയായും അൽപം വ്യത്യസ്തമാണ്. ഇവിടെ മരങ്ങൾ മാത്രമല്ല, കാലാവസ്ഥ മുഴുവനും ഇപ്പോഴേ വസന്തമയമായിക്കഴിഞ്ഞിരിക്കുന്നു.''
''ബോമ്വിജീബ്'' തലയാട്ടിക്കൊണ്ട് ഹാമുന്നി ആവർത്തിച്ചു. ''വസന്തത്തിന്റെ വീട്.''
ഇയുൻ ക്യുങ് മൗനത്തിലേക്ക് പതിച്ചു. ഹാമുന്നിയും. സമയം മെല്ലെ കടന്നുപോയിക്കൊണ്ടിരുന്നു. തടികൊണ്ടുള്ള തറയിൽ ഊന്നിയിരുന്ന ഹാമുന്നിയുടെ ചുളിവു വീണ കൈവിരലുകളെ തുറിച്ചുനോക്കിക്കൊണ്ട് ഇയുൻ നിശ്ചലയായി നിന്നു.
പൊടുന്നനെ, ഒരു സ്വപ്നത്തിൽനിന്നും ഞെട്ടിയുണർന്നിട്ടെന്നപോലെ ഹാമുന്നി പറഞ്ഞു: ''നിനക്ക് തീർച്ചയായും വിശക്കുന്നുണ്ടാകും.''
''ഇല്ല, ഹാമുന്നി'', അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
''എത്ര നേരമായി നീ ഇതുതന്നെ പറയുന്നു.'' ഹാമുന്നി പറഞ്ഞു. ''ഇനിയെങ്കിലും വന്ന് അത്താഴം കഴിക്ക്. ഇപ്പോൾതന്നെ ഏറെ വൈകി.''
''എനിക്ക് വിശപ്പില്ല. ഹാമുന്നി കഴിച്ചോളൂ.''
''ഇനിയും നീയതു തന്നെ പറഞ്ഞാൽ പറ്റില്ല മോളേ. നീ ബുസാനിൽ4നിന്നും ഇത്രദൂരം യാത്രചെയ്തു വന്നതല്ലേ. നിനക്ക് നല്ല ക്ഷീണം കാണും. അതുകൊണ്ട് വേഗം വന്ന് അത്താഴം കഴിക്ക്, വാ...'' ഹാമുന്നി വളരെ പതുക്കെ എഴുന്നേറ്റ് അടിവെച്ചടിവെച്ച് അകത്തേക്കു പോയി.
''എനിക്ക് വേണ്ട, ഹാമുന്നി'', ഇയുൻ ആവർത്തിച്ചു. എന്നാൽ, അപ്പോഴേക്കും ഹാമുന്നി അകത്തേക്കു പോയിക്കഴിഞ്ഞിരുന്നു. അവൾ കുറച്ചുനേരം കൂടി അവിടെത്തന്നെ നിന്നശേഷം ഒരു നെടുവീർപ്പുതിർത്തുകൊണ്ട് അകത്തേക്കു കയറിപ്പോയി.
ഹാമുന്നി അത്താഴവുമായി വന്നപ്പോൾ ഇയുൻ ക്യുങ്ങിനെ കണ്ടില്ല. അവർ സ്വീകരണമുറിയിൽ ചെന്നു നോക്കി. അവിടെയൊന്നും അവൾ ഉണ്ടായിരുന്നില്ല. അവർ മെല്ലെ വിളിച്ചു, ''ഇയുൻ ക്യുങ്...'' ആരും വിളി കേട്ടില്ല. അവൾക്കായി മാറ്റിവെച്ച മുറിയുടെ വാതിൽ പാതി തുറന്നുകിടക്കുന്നത് അപ്പോഴാണ് ഹാമുന്നിയുടെ ശ്രദ്ധയിൽപെട്ടത്. അവർ അങ്ങോട്ട് നടന്നു. അകത്ത്, തറയിൽ വിരിച്ചിരുന്ന കിടക്കമേൽ ഇയുൻ കയറിക്കിടന്ന് ഉറക്കം തുടങ്ങിക്കഴിഞ്ഞിരുന്നു. ഹാമുന്നി ഒരു കൊച്ചു മന്ദഹസത്തോടെ പറഞ്ഞു: ''ഇയുൻ ക്യുങ്, നീ ഉറങ്ങിയിട്ടില്ലെന്നൊക്കെ എനിക്കറിയാം. ഏതായാലും ഇപ്പോൾ ഞാൻ നിന്നെ ബുദ്ധിമുട്ടിക്കുന്നില്ല. നിനക്കുള്ള ഭക്ഷണം ഇവിടെ വെക്കാം.'' അവർ അകത്തേക്കു കയറി ഭക്ഷണപ്പാത്രങ്ങൾ മേശമേൽ വെച്ചു. ''വിശക്കുമ്പോൾ എടുത്തു കഴിച്ചോളൂ.'' ഹാമുന്നി അമർത്തിയ ഒരു ദീർഘനിശ്വാസത്തോടെ പതിയെ വാതിൽ ചാരി.
കാലടിശബ്ദം അകന്നുപോയതോടെ, കിടക്കയിൽ ഇയുൻ കണ്ണുകൾ തുറന്ന് എഴുന്നേറ്റിരുന്നു.
3
ബുസാനിലായിരുന്നു ഇയുൻ ക്യുങ്ങിന്റെ വീട്. ചാരനിറമുള്ള, വലുതെങ്കിലും ചന്തമില്ലാത്ത ഒരു വീട്. അവളും ഒമ്മയുമാണ് അവിടത്തെ താമസക്കാർ. അവർ തമ്മിൽ വിരളമായി മാത്രമാണ് സംസാരിച്ചിരുന്നത്.
വസന്തകാല അവധി തുടങ്ങിയ സമയത്ത് ഒരു ദിവസം രാവിലെ തന്റെ മുറിയിൽ നിലത്തിരുന്ന് ഇയുൻ 'വുതറിങ് ഹൈറ്റ്സ്'5 വായിക്കുകയായിരുന്നു. മരണാസന്നയായ കാതറിൻ ജ്വരം മൂർച്ഛിച്ച് തന്റെ തലയിണ കടിച്ചുകീറുന്ന ഉദ്വേഗജനകമായ രംഗത്തിലേക്കാണ് പെട്ടെന്ന് ഒമ്മ കടന്നുവന്നത്. അതറിഞ്ഞിട്ടും ഇയുൻ കാതറിനെ വിട്ട് പുസ്തകത്തിൽനിന്നും മുഖമുയർത്താൻ കൂട്ടാക്കിയില്ല.
അവിടെ കാതറിൻ, ഭ്രാന്തമായി മരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
''ഇയുൻ ക്യുങ്...'' അവളുടെ സമീപത്തിരുന്നുകൊണ്ട് ഒമ്മ പതുക്കെ വിളിച്ചു. കാതറിനെ തൽക്കാലം ഉപേക്ഷിച്ച്, ഇയുൻ പുസ്തകത്തിൽനിന്നും മുഖമുയർത്തി, ഒമ്മയെ നോക്കി. അവരുടെ സുന്ദരമായ മുഖത്ത് വിഷാദമധുരമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു. എങ്കിലും ആ കണ്ണുകൾ മായ്ക്കുവാൻ സാധിക്കാത്തത്രയും കയ്പോടെ പിടഞ്ഞുകൊണ്ടിരുന്നു. ''നീയെന്താണ് വായിക്കുന്നത്?'' ഒമ്മ ചോദിച്ചു. അവർ അസ്വസ്ഥതയോടെ ഇളകിക്കൊണ്ടിരുന്നു. ഇയുൻ, വാ തുറക്കാതെ പുസ്തകമുയർത്തി പുറംചട്ട കാണിച്ചുകൊടുത്തു. ''ശരി, എനിക്ക് നിന്നോടൊരു കാര്യം പറയുവാനുണ്ട്.'' വർധിച്ചുവരുന്ന അസ്വസ്ഥതയോടെ ഒമ്മ പറഞ്ഞു.
''എനിക്കറിയാം.'' ഇയുൻ ശാന്തയും നിർവികാരയുമായി പറഞ്ഞു. ''നിങ്ങൾ പോവുകയാണ്.''
ഒമ്മ കയ്പുനിറഞ്ഞ ഒരു ചിരിയോടെ പറഞ്ഞു, ''എനിക്ക് അത്യാവശ്യമായി സിയോൾ വരെ ഒന്നു പോകണം.'' അവൾക്ക് മുഖം നൽകാതെ അവർ തിടുക്കത്തിൽ മുറിവിട്ടു പോയി. ഇയുൻ ക്യുങ് പുസ്തകത്തിലേക്കു മുഖം താഴ്ത്തി. കണ്ണുനീർ വീണു പടർന്ന് താളുകൾ നനയുകയായിരുന്നു
4
ഇയുൻ, മെത്തയിൽനിന്നെഴുന്നേറ്റ് ജനലിനടുത്തേക്ക് നടന്നു. ഇരുട്ടാണ്. എങ്കിലും അരണ്ട നിലാവെളിച്ചത്തിൽ പൂത്തുലഞ്ഞ ചെറിമരനിരകൾ അവ്യക്തമായി കാണാം. അവ ശാന്തസുന്ദരവും വിഷാദമൂകവുമായ ഏതോ സ്മരണകളിൽ മങ്ങിമയങ്ങി അങ്ങനെ ഇളകിക്കൊണ്ടിരുന്നു. അധികനേരം അത് നോക്കിനിൽക്കാൻ അവൾക്കു കഴിഞ്ഞില്ല. അവൾ തിരിഞ്ഞു നടന്ന് മേശക്കരികിൽ വന്ന് ഭക്ഷണമെടുത്ത് ധൃതിയിൽ കഴിച്ചുതുടങ്ങി. അതിന് നല്ല സ്വാദുണ്ടായിരുന്നു.
5
പ്രഭാതം വശ്യമനോഹരമായിരുന്നു. മഞ്ഞുതുള്ളികളാൽ നനഞ്ഞു തിളങ്ങുന്ന പൂങ്കുലകൾ ഉയർത്തിപ്പിടിച്ച് ചെറിമരങ്ങൾ ഉണർവോടെയും ഉത്സാഹത്തോടെയും കാണപ്പെട്ടു. പുലരിവെയിൽ പളുങ്കുകൾ ചിതറി പൂവുകളോരോന്നും മിന്നിത്തിളങ്ങി. അവക്ക് ചുവട്ടിലൂടെ ഇയുൻ ക്യുങ് പതിയെ, തനിയെ നടന്നു. സുഗന്ധ അലകൾ നിറഞ്ഞ കാറ്റും തെളിഞ്ഞ ഉന്മേഷദായകമായ ഇളം വെയിലുമേറ്റ് അങ്ങനെ നടന്നപ്പോൾ നേരിയ ഒരാഹ്ലാദം ആ മനസ്സിലേക്ക് മെല്ലെ നൂണുകടന്നു.
അവൾ നടത്തത്തിനിടെ കൈയുയർത്തി ചാഞ്ഞുനിന്നിരുന്ന ഒരു ചില്ലയെ തൊട്ടു. പൂവുകളുടെ നനുത്ത മൃദുലതയും കുളിരാർന്ന നനവും വിരലുകളിലൂടെയൂർന്ന് അവളുടെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി. കൈ പിൻവലിച്ചതും ഇത്തിരി മഞ്ഞുതുള്ളികൾ അവൾക്കുമേൽ പൊഴിഞ്ഞുവീണു. നനവാർന്ന കൈത്തലങ്ങളുമായി ഇയുൻ തിരികെ നടന്നു.
വീടെത്താറായപ്പോൾ ചെറിമരങ്ങളിലൊന്നിന്റെ ചുവട്ടിൽ ഹാമുന്നി നിൽക്കുന്നത് കണ്ട് അവൾ നടത്തം നിർത്തി. പെട്ടെന്ന് അകാരണമായ വിരസതയിലേക്ക് വീണതുപോലെ അവൾക്കനുഭവപ്പെട്ടു.
ഒരു കൈ മരത്തിന്റെ തടിയിൽ ഊന്നിക്കൊണ്ട് ഹാമുന്നി അകലെ എവിടെയോ കണ്ണയച്ച് നിൽക്കുകയായിരുന്നു. ''അവൾ കുട്ടിയായിരുന്നപ്പോൾ ഇതിലൂടെയെല്ലാം ഓടിക്കളിക്കുമായിരുന്നു.'' മുഖം തിരിക്കാതെ അവർ സ്വപ്നത്തിലെന്നോണം പിറുപിറുത്തു.
''ഒമ്മ?'' ഇയുൻ ചോദിച്ചു.
''അതെ അവൾതന്നെ, ചങ് ചാ.''
കുറച്ചുനേരത്തേക്ക് ആരും മിണ്ടിയില്ല. ഇയുൻ അസ്വസ്ഥതയോടെ നിലത്ത് തന്റെ പാദങ്ങൾ അമർത്തിയുരസിക്കൊണ്ടിരുന്നു.
''അവൾ വീട്ടിനകത്തിരിക്കുന്നത് വളരെ കുറവായിരുന്നു.'' ഹാമുന്നി തുടർന്നു. ''പകൽ മുഴുവൻ ഇവിടെ ചുറ്റിത്തിരിയും. ഈ ചെറിമരങ്ങളായിരുന്നു, ഈ വസന്തമായിരുന്നു അവളുടെ വീട്. ഹാമുന്നി നെടുവീർപ്പിട്ടു.
പൂത്തുലഞ്ഞു നിൽക്കുന്ന ചെറിമരച്ചുവട്ടിൽ ഉറങ്ങിക്കിടക്കുന്ന ഒരു പെൺകൊടിയുടെ ചിത്രം ഇയുൻ മനസ്സിൽ വരഞ്ഞെടുത്തു. ഏതാണ്ട് പത്തു വയസ്സുള്ള ഒരു ഓമനബാലിക. അവളുടെ കറുത്തുമിനുത്ത തലമുടി നിലമാകെ പരന്നുകിടക്കുന്നു. അടഞ്ഞ കൺപോളകളിൽ സ്വപ്നത്തിന്റെ നേർത്ത അനക്കങ്ങൾ... പൊടുന്നനെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇയുൻ ക്യുങ്ങിന്റെ ഓർമകളിലേക്ക് ഇയുൻ ജങ് കയറിവന്നു.
6
നാല് വർഷങ്ങൾക്കുമുമ്പ് ഒരു വൈകുന്നേരം തെരുവോരത്ത് വട്ടംകൂടി ഒരു സംഘം കുട്ടികൾ തിരക്കിട്ട ചർച്ചയിലാണ്.
''നമ്മൾ ആ കുരുവിയെ കണ്ടുപിടിച്ചേ തീരൂ'', കണ്ണുകൾ വിടർത്തിക്കൊണ്ട് മിയോ മിയോ പറഞ്ഞു. അവളുടെ ശബ്ദത്തിൽ ആവേശവും ആകാംക്ഷയും ഇടകലർന്നിരുന്നു.
''അതെയതെ.'' തന്റെ കൊച്ചുതല ഊക്കോടെ കുലുക്കിക്കൊണ്ട് ചോ അത് ശരിവെച്ചു. ''സ്കൂളിലെ കളിസ്ഥലത്തുവെച്ച് നമുക്ക് അവിചാരിതമായി കിട്ടിയ അപൂർവ നിധിയാണാ കുരുവി. അതിനെ നമ്മൾ വിട്ടുകൊടുക്കരുത്.''
''വളരെ ശരി'', ചോ ഗൗരവത്തിൽ പറഞ്ഞു. ഇന്ന് ആ കുരുവിയെ കണ്ടുപിടിച്ചിട്ടേ നമ്മൾ മടങ്ങുന്നുള്ളൂ.''
''അതെ!'' ഇയുൻ ജങ് ആവേശപൂർവം തുള്ളിച്ചാടി.
''നമ്മൾ അതിനെ കണ്ടെത്തും!'' ഇയുൻ ക്യുങ്ങും കൂടെച്ചേർന്നു.
''നമുക്ക് ചെറുസംഘങ്ങളായി പിരിഞ്ഞ് അന്വേഷിക്കാം.'' ചോ പറഞ്ഞു. ''ഞാനും സങ് മിനും ഇതിലേ പോകാം. ഗൂവും മിയോയും അതിലേ പോകട്ടെ. ചിൻ, ഹാന, നിങ്ങൾ അപ്പുറത്തേക്ക് പോവില്ലേ? ങാ, ഇനി നിങ്ങൾ ഇരട്ടകൾ അക്കാണുന്ന വളവിനപ്പുറം അന്വേഷിക്ക്.''
ഇയുൻ ക്യുങ്ങും ഇയുൻ ജങ്ങും ആവേശത്തോടെ തല കുലുക്കി.
7
ക്യുങ്ങും ജങ്ങും കൈകൾ കോർത്തു. നടന്നും ഓടിയും അവർ ചോ പറഞ്ഞ ദൂരമൊക്കെ എപ്പൊഴേ പിന്നിട്ടിരുന്നു.
''ഇങ്ങനെ പോയാൽ നമ്മൾ ആ കുരുവിയെ കണ്ടെത്തുമെന്ന് നിനക്കു തോന്നുന്നുണ്ടോ ജങ്?'' ഇരട്ട സഹോദരിയോട് ക്യുങ് തിരക്കി.
''കുരുവി അതിന്റെ വഴിക്കു പോട്ടെ, നമുക്ക് ഇങ്ങനെ പരിചയമില്ലാത്ത തെരുവുകളിൽ ചുറ്റിത്തിരിയാം. ഇതല്ലേ രസം...''
അതു തന്നെയായിരുന്നു വാസ്തവം. ആ സാഹസികത അവരെ ഹരംകൊള്ളിച്ചു. ആനന്ദാധിക്യത്താൽ അവർ ആർത്തു ചിരിക്കുകയും വിളിച്ചുകൂവുകയും ചെയ്തു. അതവസാനിച്ചത് തെരുവോരത്തെ ഒരു പഴയ കെട്ടിടത്തിന്റെ മുന്നിലായിരുന്നു. അതിനു മുന്വശത്ത് തീർത്തും അപരിചിതരായ മൂന്നു പുരുഷന്മാർ നിൽക്കുന്നുണ്ടായിരുന്നു. തുളച്ചുകയറുന്ന അവരുടെ നോട്ടം ക്യുങ്ങിന്റെയും ജങ്ങിന്റെയും ചിരി മായ്ച്ചുകളയുന്നതായിരുന്നു. ഭയത്തിന്റെ തണുത്ത വിരലുകൾ അവരെ പൊതിയാൻ തുടങ്ങിയതറിഞ്ഞ് തിരിഞ്ഞോടാൻ ശ്രമിക്കുമ്പോഴേക്കും വല്ലാതെ വൈകിപ്പോയിരുന്നു. അപ്രതീക്ഷിതമായി കടന്നെത്തിയ ഇരുട്ടിൽ നിലവിളികൾ ചതഞ്ഞമർന്നു.
8
ഇയുൻ ക്യുങ് അസഹ്യതയോടെ കണ്ണുകൾ ഇറുകെപ്പൂട്ടി. വിളിക്കാതെ തള്ളിക്കേറുന്ന ഓർമകൾക്കു മുന്നിൽ മുമ്പൊരിക്കലും ഇല്ലാത്തത്രയും നിസ്സഹായതയോടെ അവൾ തളർന്നു. തന്റെയും ജങ്ങിന്റെയും കുരുങ്ങിപ്പോയ നിലവിളികളും ചോരയുടെ ഭയപ്പെടുത്തുന്ന കടുംനിറവും ബോധം മരവിപ്പിക്കുന്ന കടുംവേദനയും എല്ലാമെല്ലാം അനിയന്ത്രിതമായി അവളുടെ തലച്ചോറിനുള്ളിൽ കറങ്ങിത്തിരിഞ്ഞുകൊണ്ടേയിരുന്നു.
''ഇയുൻ ക്യുങ്...'' ഹാമുന്നിയുടെ സൗമ്യസ്വരം തൊട്ടടുത്ത് കേട്ടു. ഊഷ്മളമായ ആ കൈകൾ പതിയെ അവളെ ചേർത്തുപിടിച്ചു. താൻ കരയുകയാണെന്ന് അപ്പോൾ മാത്രമാണ് അവൾ തിരിച്ചറിഞ്ഞത്.
''ഹാമുന്നി...'' ഇയുൻ തേങ്ങി. ''ആ സംഭവത്തിനുശേഷം എല്ലാം മാറിപ്പോയി... ഒമ്മ... ഒമ്മ.... വളരെയേറെ മാറിപ്പോയി.'' അവളുടെ തേങ്ങലുകൾ ഉച്ചത്തിലായി. ''ഹാമുന്നി, ഞാനെന്തിനാണ് ജീവനോടെ ബാക്കിയായത്? എനിക്കും ജങ്ങിനോടൊപ്പം പോവാമായിരുന്നു.''
''പക്ഷേ, അങ്ങനെ നീയുംകൂടി പോയിരുന്നുവെങ്കിൽ, ചങ് ചാ നിന്റെ ഒമ്മ, തീർത്തും തനിച്ചാവുമായിരുന്നു.'' ഹാമുന്നി ശാന്തതയോടെ പറഞ്ഞു.
''ഒമ്മയോ... ഒമ്മ എന്നെയാണ് ഒറ്റക്കാക്കിയത്. എന്നെ തനിച്ചുവിട്ടു പോയി...'' ക്യുങ് വിങ്ങിക്കരഞ്ഞു.
9
കരയുന്നതിൽ ലജ്ജ തോന്നിയെങ്കിലും അവൾക്കത് നിയന്ത്രിക്കാനായില്ല. എന്നാൽ, അവളെ ചേർത്തു പിടിച്ചുകൊണ്ട് ഹാമുന്നി പതിഞ്ഞ സ്വരത്തിൽ പാടുകയായിരുന്നു അപ്പോൾ...
''വസന്തത്തിൻ വസതിയിൽ പൂക്കുന്നു ചെറിമരങ്ങൾ
മാലാഖച്ചിറകുകൾ ഇളക്കുന്ന പൂവുകൾ
തുറക്കുക നിൻ ഹൃദയമീ കളങ്കമില്ലാ പൂക്കളോട്
കേൾക്കുന്നുണ്ടവ നിന്നെ, കാണുന്നുണ്ട,റിയുന്നുണ്ട്...
വാടുകയരുത്, വീഴുകയരുത്, നോക്കുകീ പുഷ്പങ്ങളെ
കോരിച്ചൊരിയും മഴയിലും മരവിപ്പിക്കും മഞ്ഞിലും
കാത്തിരിപ്പുണ്ട് വസന്തം, എന്നുമെന്നെന്നും
വരുമതൊരു നാള,ന്ന് പൂക്കുന്ന ചെറിമരങ്ങൾ...''
10
അന്ന് മുഴുവനും ഇയുൻ ക്യുങ്, ഹാമുന്നിയിൽനിന്നും പരമാവധി ഒഴിഞ്ഞുനടന്നു. അവൾക്ക് ലജ്ജയും തന്നോടുതന്നെ കോപവും തോന്നി.
സന്ധ്യക്ക് അവൾ വരാന്തയിൽ തനിച്ചിരിക്കുകയായിരുന്നു. വിഷാദമൂകമായ ചുവന്ന വെളിച്ചത്തിലലിഞ്ഞ് നിശ്ചലമായി നിൽക്കുന്ന ചെറിമരങ്ങളെ നോക്കിയിരിക്കെ അഗാധമായൊരു വ്യഥ ക്യുങ്ങിന്റെ ഹൃദയത്തെ വരിഞ്ഞുചുറ്റി. തീവ്രമായ ഏകാന്തതതന്നെ ചൂഴ്ന്നുവിഴുങ്ങുകയാണെന്നവൾക്കു തോന്നി. അപ്പോളരികിലേക്കു വന്ന ഹാമുന്നിയെ കണ്ട് അവൾ തെല്ലൊന്നാശ്വസിക്കാൻ ശ്രമിച്ചു.
''ഹാമുന്നി'', തളർന്നസ്വരത്തിൽ ഇയുൻ വിളിച്ചു. അവളുടെ മിഴികൾ ചെറിമരത്തലപ്പുകളിലൂടെ ഉഴലുകയായിരുന്നു. ''നിങ്ങൾ പാടിയ ആ... ആ പാട്ട്... അതൊരു അറിറാങ്6 ആയിരുന്നോ?''
''അത് ചങ് ചായുടെ പാട്ടായിരുന്നു.'' ഹാമുന്നി ശാന്തസ്വരത്തിൽ പ്രതിവചിച്ചു.
''ഒമ്മയുടെ പാട്ടോ?''
''പണ്ടൊരു വസന്തത്തിൽ അവളുണ്ടാക്കിയ പാട്ടാണത്. അവൾ എപ്പോഴും അത് പാടുമായിരുന്നു.''
11
രാവേറെച്ചെന്നിട്ടും ക്യുങ്ങിന് ഉറക്കം വന്നില്ല. ആ പാട്ട്..., അതൊന്നു പാടാൻ അവൾക്ക് ഭ്രാന്തമായ ഒരാവേശം തോന്നി. അതടക്കാൻ പാടുപെടവേ, ഒമ്മയും ഇയുൻ ജങ്ങും അവളുടെ ഓർമകളിൽ കയറിയിറങ്ങിക്കൊണ്ടിരുന്നു.
12
അപ്പുറത്തുനിന്നും എന്തെല്ലാമോ ശബ്ദങ്ങൾ കേട്ടുകൊണ്ടാണ് ഇയുൻ ഉണർന്നത്. മുറിക്കകത്തേക്ക് ഒഴുകിപ്പരന്ന പ്രഭാതവെയിലിന് ഇളംചൂടുണ്ടായിരുന്നു.
സ്വീകരണമുറിയിലേക്കെത്തിയ ക്യുങ് അവിടെ ഹാമുന്നിയോടൊപ്പം ഒരു കൊച്ചു പെൺകുട്ടിയെ കണ്ടു.
അവൾ തന്നേക്കാൾ കുറച്ചുകൂടി ചെറുതാണ്. പത്തോ പതിനൊന്നോ വയസ്സുണ്ടാകും. ഇളം പിങ്ക് നിറമുള്ള ഉടുപ്പ് ആ പ്രസന്നമായ കൊച്ചുമുഖത്തിന് നന്നേയിണങ്ങി. ക്യുങ്ങിനെ കണ്ട് അവൾ ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്തു.
''അഞ്യോങ്ങസേയോ'',7 ''നീയാണോ ഇയുൻ ക്യുങ്?''
''അതെ.''
''ഞാൻ അയെറ.''8
''അയെറ''... ക്യുങ് മന്ത്രിച്ചു. ''അയെറ'' പിന്നെയവൾ പ്രത്യഭിവാദ്യം ചെയ്തുകൊണ്ടു പറഞ്ഞു, ''അഞ്യോങ്ങസേയോ, അയെറ.''
''ഇയുൻ, ഇവൾ നമ്മുടെ അയൽക്കാരിയാണ്. നിന്നെ കാണാൻ വന്നതാണ്.'' ഹാമുന്നി പറഞ്ഞു.
''തനിച്ചോ?'' ക്യുങ് ചോദിച്ചു.
''അതിനെന്താ?'' അയെറ ചിരിച്ചു.
''നിങ്ങൾ പുറത്തൊക്കെയൊന്നു ചുറ്റിവരൂ. അപ്പോഴേക്കും ഞാൻ ഭക്ഷണം എടുത്തുവെക്കാം.'' ഹാമുന്നി പറഞ്ഞു.
13
തെളിമയാർന്ന വെയിലേറ്റുകൊണ്ട് ക്യുങ്ങും അയെറയും ചെറിമരങ്ങൾക്കിടയിലൂടെ നടന്നു.
''നീ ബുസാനിൽനിന്നുമാണല്ലേ വന്നത്?'' അയെറ ചോദിച്ചു.
''അതെ.''
''എന്റെ വീട് കുറച്ചപ്പുറമാണ്. അവിടെ ഞാനും ഹാമുന്നിയും പിന്നെ എന്റെ മിടുക്കൻ പട്ടിക്കുട്ടിയുമുണ്ട്, ക്യോങ്.'' അയെറ ചിരിച്ചു.
ഇയുൻ ചെറുതായി മന്ദഹസിച്ചു.
''നിന്റെ ഒമ്മയും അപ്പയും?'' അവൾ അയെറയോട് ചോദിച്ചു.
''അവർ നേരത്തേ മരിച്ചുപോയി.''
''ഓ... എനിക്കും ഒമ്മയും അപ്പയുമില്ല.''
''പക്ഷേ... പക്ഷേ, നീ ബുസാനിൽ ഒമ്മയുടെ ഒപ്പമാണെന്നാണല്ലോ ഞാനറിഞ്ഞത്.''
''ആയിരുന്നു. എന്നാൽ... ഒമ്മ... ഒമ്മ എന്നെ ഇവിടെ ഉപേക്ഷിച്ചു.'' തല കുനിച്ചുകൊണ്ട് ഇയുൻ പറഞ്ഞു.
''നിന്റെ അവധിക്കാലം കഴിയുമ്പോൾ ഒമ്മ മടങ്ങിവരും ക്യുങ്.''
''ഇല്ല അയെറ, ഒമ്മ ഇനി വരില്ല, എനിക്കറിയാം.'' ക്യുങ്ങിന്റെ ശബ്ദം ഇടറി.
അയെറ മെല്ലെ പാടാൻ തുടങ്ങി,
''വസന്തത്തിൻ വസതിയിൽ പൂക്കുന്നു ചെറിമരങ്ങൾ...'' മധുരമായ ശബ്ദത്തിൽ അവൾ ആ പഴയ ഗാനം പാടിത്തീർത്തു.
''അയെറ... ഈ പാട്ട്... ഇത്...''
''ഇതെനിക്ക് നിന്റെ ഹാമുന്നി പഠിപ്പിച്ചതാണ്. മനോഹരം അല്ലേ?''
''ഇത്... ഇത് എന്റെ ഒമ്മയുടെ പാട്ടാണ്.''
''ഓ... സുന്ദരമായ ഗാനം.''
''അതെ, തീർച്ചയായും.''
14
കുറെ ദിവസത്തേക്ക് പിന്നെ അയെറയെ കണ്ടതേയില്ല. ക്യുങ് പലപ്പോഴും അവൾക്കായി കാത്തുനിന്നു. പക്ഷേ, ആരും വന്നില്ല.
ഫെബ്രുവരി മാർച്ചിനു വഴിമാറി. വസന്തകാല അവധി തീരാറാവുന്നു. ചെറിമരങ്ങൾക്കിടയിൽനിന്നുകൊണ്ട് ഇയുൻ ഓർത്തു. അനേകം പൂവിതളുകൾ അവൾക്കുമേൽ പൊഴിഞ്ഞുകൊണ്ടിരുന്നു. ചില്ലകൾ തമ്മിലുരസി മർമരമുണ്ടാക്കി. ഇടയിലൂടെ വെയിൽ എത്തിനോക്കി.
ഏറെക്കാലത്തിനുശേഷം അവൾക്ക് എന്തെന്നില്ലാത്ത ശാന്തതയും സമാധാനവും അനുഭവപ്പെട്ടു. സ്വയമറിയാതെ അവൾ പാടിത്തുടങ്ങി,
''വസന്തത്തിൻ വസതിയിൽ പൂക്കുന്നു ചെറി മരങ്ങൾ...''
പൂവിതളുകളിൽ അലിഞ്ഞ് അവളത് പൂർത്തിയാക്കി.
15
''ഹേയ്...'' ഉല്ലാസഭരിതമായ ഒരു വിളി കേട്ട് ഇയുൻ ക്യുങ് മുഖമുയർത്തി. പാതയിലൂടെ ഒരു പെൺകുട്ടി അതാ ഓടിവരുന്നു.
''അയെറ...''
''ക്യുങ്...''
അവർ പരസ്പരം കെട്ടിപ്പുണർന്നു.
ക്യുങ്ങിന്റെ ഹൃദയം സന്തോഷത്താൽ വിടർന്നു.
''അയെറ... ഞാൻ...''
''ക്യുങ്, നീ അങ്ങോട്ടു നോക്ക്!'' അവളെ പറയാനനുവദിക്കാതെ അയെറ അകലേക്കു കൈ ചൂണ്ടി.
ഇയുൻ അങ്ങോട്ട് സൂക്ഷിച്ചുനോക്കി. അങ്ങു ദൂരെനിന്നും ഒരാൾ നടന്നുവരുന്നുണ്ടായിരുന്നു. വെയിൽപോലെ തെളിഞ്ഞ നോട്ടവുമായി, ചെറിമരങ്ങൾക്കിടയിലൂടെ..!
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.