ഉച്ച കഴിഞ്ഞുള്ള ടാക്സോണമി ക്ലാസിൽ സുധ മാം ജൈവവർഗീകരണശാസ്ത്രത്തിന്റെ ആദ്യപടിയിലേക്ക് കാലെടുത്തു െവച്ചപ്പോഴാണ്, കാട്ടുെചമ്പകത്തിന്റെ ഗന്ധവും ചുമന്ന് ഒരു പടിഞ്ഞാറൻ കാറ്റ് ജനൽ വഴി അതിക്രമിച്ച് കടന്നതും പട്രിഷ്യയുടെ കണ്ണുകളെ ഒരു പക്ഷിത്തൂവലുപോലെ തഴുകിയതും. കാൾ ലിന്നേയസ് തരംതിരിച്ച സ്പീഷീസുകളും ജീനസുകളും, ബോധത്തിൽനിന്ന് പുകമഞ്ഞുപോലെ മാഞ്ഞ് മാഞ്ഞ് ഒടുവിൽ പട്രിഷ്യ പോലുമറിയാതെ, സെന്റ് മോനിക്കാസ് സ്കൂൾ വരാന്തയിലെ ഓട്ടുമണിയായി മെല്ലെ തെളിഞ്ഞു.
പച്ച തരാം. പെൻസില് തരാമോ?
പാവാടക്കു കീഴേ തല നീട്ടിയ പെറ്റിക്കോട്ടിന്റെ വെളുപ്പ് മുകളിലേക്ക് വലിച്ച് കയറ്റുന്നതിനിടെ കൈയിൽനിന്ന് താഴെ വീണുപോയ മഷിത്തണ്ടുകൾ പെറുക്കിയെടുത്തുകൊണ്ട്, നാല് ബിയുടെ മുന്നിൽനിന്ന് പട്രിഷ്യ വിളിച്ചു ചോദിച്ചു. ഇന്റർവെൽ സമയമായതിനാൽ, ഒന്നിന് പോയി തിരികെ വരുകയായിരുന്ന ജിനോ തന്റെ അലൂമിനിയം പെട്ടിയുടെ മൂലയിൽനിന്ന് ഒരു കല്ലു പെൻസിൽ തപ്പിയെടുത്ത് അവൾക്ക് നേരേ നീട്ടി.
കല്ലു പെൻസിൽ വേണ്ട. കന്യാകുമാരി പെൻസിലോ ചോക്ക് പെൻസിലോ ഉണ്ടെങ്കിൽ എടുക്ക് ചെക്കാ...
ചോക്ക് പെൻസിൽ തരാൻ അയിന് നിന്റെ കയ്യിൽ ഉണ്ടപ്പച്ച ഇല്ലല്ലോ...
പൊഴേലും തോട്ടിലുമൊക്കെ വേലിയേറ്റമാ ആ ഭാഗത്തേക്ക് പോകരുതെന്ന് നിന്റമ്മച്ചിയല്ലേ പറഞ്ഞത്... വേഗം താട്ടെ ബെല്ലടിക്കാറായി.
അവൻ ധൃതിയിൽ വീണ്ടും പെട്ടിയിൽനിന്ന് ഒരു കന്യാകുമാരിപ്പെൻസിലെടുത്ത് അവൾക്ക് നീട്ടി. അവൾ പകരമായി രണ്ട് കഷണം മുഴുത്ത മഷിത്തണ്ട് അവനു കൊടുത്തു...
നീയീ വാങ്ങിക്കൂട്ടുന്ന പെൻസിലുകളൊക്കെ എന്ത് ചെയ്യും പെറ്റീ..?
എഴുതും, പടം വരയ്ക്കും, വെറ്റിലപ്പച്ചകൊണ്ട് മായ്ക്കും. പിന്നേം എഴുതും.
എന്നിട്ട്..?
എന്നിട്ട് ഞാനൊരു എഴുത്തുകാരിയാവും. എന്താ കൊഴപ്പോണ്ടോ..?
അയ്യേ, എഴുത്തുകാരിയാവാൻ പോകുന്ന ഒരു കുഞ്ഞേലിയാമ്മ. ജിനോ പുച്ഛത്തിൽ മുഖം കോട്ടി.
ഉച്ചവെയിൽത്തിളക്കത്തിൽ, ഉപ്പുമാവ് പുരയിൽ കോങ്കണ്ണുള്ള എബി ഒരു കൈയിൽ തെറുപ്പുബീഡിയുമായി, ചെമ്പിലെ തിളക്കുന്ന വെള്ളത്തിലേക്ക് ചൊരിഞ്ഞ നുറുക്കു ഗോതമ്പിനുമേൽ പാമോയിലൊഴിച്ച് തുടരത്തുടരെ ഇളക്കുന്നതിന്റെ ശബ്ദം. പാതിവെന്ത ഗോതമ്പിന്റെ കൊതിഗന്ധം.
മലയാളം കേട്ടെഴുത്ത് നടത്തുന്നതിനിടയിലാണ് ഉത്തരത്തിൽ വന്നിരുന്ന് കുറുകിയ ഒരു പ്രാവ് മുൻ ബെഞ്ചിലിരുന്ന ആനിയുടെ തലയിൽ കാഷ്ഠിച്ചത്. ക്ലാസ് ഒന്നടങ്കം ചിരിച്ച് ബഹളമുണ്ടാക്കിയപ്പോൾ, സെലിൻ ടീച്ചർ ചൂരൽകൊണ്ട് മേശപ്പുറത്തടിച്ച് സൈലൻസ് വിളിച്ചു.
നാളെ സയൻസ് ക്ലാസിൽ ഒരു പരീക്ഷണമുണ്ട്. സസ്യങ്ങളുടെ നിലനിൽപിന് ജലം അത്യന്താപേക്ഷിതമാണെന്ന് നമുക്ക് തെളിയിക്കണം. അതിനായി വേര് സഹിതം കുറേ മഷിത്തണ്ട് ചെടികൾ വേണം. ആര് കൊണ്ടുവരും?
ഞാൻ... പട്രിഷ്യ ആവേശത്തോടെ കൈയുയർത്തി.
പള്ളിക്ക് പിന്നിലെ സെമിത്തേരി മതിലിനോട് ചേർന്ന് വളർന്നു നിൽക്കുന്ന മഷിത്തണ്ടുകൾ ശേഖരിക്കാൻ കൂട്ട് കൊണ്ടുപോകുമ്പോൾ, പട്രിഷ്യ ജിനോയോട് ചോദിച്ചു:
ഡാ...നീ വളർന്ന് വല്ലീതാകുമ്പോ കല്യാണം കഴിച്ച് എന്നേം ജർമനിക്ക് കൊണ്ടോവ്വോ..?
അയിന് ഞങ്ങ ഇനി തിരിച്ചു പോകുന്നില്ലല്ലോ... അമ്മച്ചി പെണങ്ങിപ്പോന്നതല്ലേ.
ജിനോയുടെ കണ്ണുകളിൽ പൊടുന്നനേ ഈറൻ പൊടിഞ്ഞു.
നെനക്ക് നെന്റപ്പനെ കാണാൻ കൊതി തോന്നാറില്ലേ ജിനോ..?
ഉം...അവൻ ശിരസ്സ് താഴ്ത്തി മൂളിയതേയുള്ളൂ.
പട്രിഷ്യ അവന്റെ കൈ പിടിച്ച്, തുറന്നുകിടക്കുന്ന പള്ളിവാതിലിലൂടെ അകത്തുകടന്ന്, റാഫേൽ മാലാഖയുടെ പ്രതിമക്കു താഴെ, ചുവർ തൊട്ടിയിൽനിന്ന് ആനാംവെള്ളം കൈ മുക്കിയെടുത്ത് അവന്റെ നെറുകയിൽ പുരട്ടിക്കൊടുത്തു. എല്ലാ സങ്കടങ്ങളേയും മാറ്റുന്ന വെള്ളമാ...പെണക്കമൊക്കെ മാറി നെന്റമ്മച്ചി നിന്നേം കൂട്ടി ഉടനെ ജർമനിക്ക് പോകും കേട്ടോ. നെന്റമ്മച്ചിക്ക് എല്ലാ നേരോം സങ്കടമാണെന്ന് എനിക്കറിയാം. കുർബാനക്ക് ദിവ്യോസ്തി വാങ്ങാൻ നിൽക്കുമ്പോൾ അമ്മച്ചി കരയുന്നത് ഞാങ്കണ്ടിട്ടുണ്ട്. എല്ലാരും പോയ്ക്കഴിഞ്ഞാലും ഈശോയുടെ മുന്നിൽനിന്ന് പ്രാർഥിക്കുന്നതും.
പള്ളിക്ക് പിന്നിൽ, തോന്നിയതുപോലെ വളർന്നുനിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഇരുവരും കൈപിടിച്ചു നടന്നു. സെമിത്തേരി വഴിയിലെ പേടിപ്പിക്കുന്ന നിശ്ശബ്ദതയിൽ കരിയിലകൾ ഞെരിയുന്ന കിരുകിരാശബ്ദം കേട്ടിട്ടാണ് നായ്ക്കളേക്കാൾ ഘ്രാണശക്തിയും കേൾവിയുമുള്ള കപ്യാർ ഈനാശു മേടയിൽനിന്ന് പുറത്തുവന്നത്.
ഈശോയേ... കർത്താവിൽ നിദ്ര പ്രാപിച്ചവരെപ്പോലും സ്വസ്ഥമായി കെടക്കാൻ സമ്മതിക്കത്തില്ലല്ലോ ഈ കുരുത്തംകെട്ട പിള്ളാര്...
അർശസിന്റെ ശല്യം ഉള്ളതുകൊണ്ട്, പൊണ്ണത്തടിയുള്ള ദേഹവുംകൊണ്ട് ഒത്തവണ്ണം വേഗത്തിൽ തങ്ങളുടെയടുത്തേക്ക് ഈനാശു ഓടിയെത്തില്ല എന്ന ധൈര്യത്തിൽ പട്രിഷ്യ അവനോടൊപ്പം കൂസലില്ലാതെ സെമിത്തേരി ലക്ഷ്യമാക്കി നടന്നു.
ഒരാൾപൊക്കമുള്ള സെമിത്തേരി മതിലിനോട് ചേർന്ന ഓടിട്ട വീട്ടിൽനിന്ന് പതിവ് പോലെ റാഹേലമ്മച്ചിയുടെ പ്രാക്ക് വിളികൾ ഉച്ചത്തിൽ കേൾക്കാമായിരുന്നു.
എരണംകെട്ട കഴുവേറി... നോക്കിക്കോ നീ തെമ്മാടിക്കുഴിയിലേ അടങ്ങൂ....വായിൽനിന്ന് ഉഗ്രശബ്ദത്തിൽ തെറികൾ മാത്രമേ സ്ഖലിക്കൂ എന്നതായിരുന്നു റാഹേലിന്റെ പ്രത്യേകത. മകന്റെ ഒടുക്കത്തെ കുടി കാരണം അയാളെ അവർ പ്രാകി പ്രാകി കൊന്നില്ലെന്നേയുള്ളൂ.
അതേസമയം പട്ടച്ചാരായവുമടിച്ച് കെട്ടിയോളെ കണക്കിന് തല്ലി നിലംപരിശാക്കി കൈത്തരിപ്പ് തീർന്ന സമാശ്വാസത്തിൽ, ഉമ്മറത്തെ കാലിളകുന്ന ബെഞ്ചിലിരുന്ന് നീളത്തിൽ അധോവായു പുറപ്പെടുവിക്കുകയായിരുന്നു അന്തോണിക്കുഞ്ഞ്.
ജിനോ, നിന്റപ്പനും ഇതോലെ, അമ്മച്ചിയെ തല്ലാറുണ്ടായിരുന്നോ..?
ഏയ് തല്ലുകേല്ല.
പിന്നെന്തിനാ അവർ പിണങ്ങിയത്..? ഒരു മനശ്ശാസ്ത്ര നയതന്ത്രതയോടെ പട്രിഷ്യ ചോദിച്ചു.
അറിയില്ല. അപ്പൻ ഇടക്ക് വേറൊരാന്റിയുടെ വീട്ടിൽ താമസിക്കാൻ പോകും. അപ്പ അമ്മച്ചി വഴക്കിടും.
പായല് പിടിച്ച സെമിത്തേരി മതിലിൽനിന്ന് വെറ്റിലപ്പച്ച പിഴുതെടുത്ത് പച്ചിലക്കാട് വകഞ്ഞ്, തിരികെ നടക്കുമ്പോൾ, സൂര്യന്റെ മഞ്ഞയിതളുകൾ മരച്ചില്ലകൾക്കിടയിലൂടെ ഊർന്നുവീഴുന്നുണ്ടായിരുന്നു. ജിനോ ഒന്നും മിണ്ടാതെ നടന്നു.
നീല, പച്ച, ചുവപ്പ് മഷികളൊഴിച്ച കുപ്പികളിൽ വേരോടെ ഇറക്കിെവച്ച മഷിപ്പച്ചയുടെ തണ്ടുകളെല്ലാം, പിറ്റേദിവസം അതേ നിറം പൂണ്ടത് കണ്ട് കുട്ടികൾ അത്ഭുതം കൂറി. വെള്ളമില്ലാതെ മനുഷ്യന് ജീവിക്കാൻ കഴിയാത്തത് പോലെ, ഭൂമിയിലെ സകല ജീവജാലങ്ങൾക്കും ജലം ആവശ്യമാണ്. സെലിൻ ടീച്ചർ പ്രാപഞ്ചിക സത്യങ്ങളെപ്പറ്റി പറയുമ്പോൾ സ്നേഹമില്ലാതായാലാണ് മനുഷ്യന് നിലനിൽക്കാൻ സാധ്യമാകാത്തതെന്ന ബോധ്യത്തിൽ പട്രിഷ്യ താടിക്ക് കൈയും കൊടുത്തിരുന്ന് ജിനോയെപ്പറ്റി ചിന്തിച്ചു.
രണ്ടാം ക്ലാസിലെ അരക്കൊല്ലപ്പരീക്ഷ കഴിഞ്ഞപ്പോഴാണ് വെളുത്ത് മെലിഞ്ഞ് പച്ചക്കണ്ണുകളുള്ള ജിനോയെ അവന്റമ്മ സ്കൂളിൽ ചേർക്കാൻ വന്നത്. ക്ലാസിൽ ഇരിക്കില്ലെന്ന വാശിയിൽ അവൻ കാറിക്കൂവി. ക്ലാസ് കഴിയുംവരെ അവന്റമ്മ അരമതിലിനപ്പുറംതന്നെ നിന്നു. അമ്മച്ചി അവിടെത്തന്നെയുണ്ടെന്ന ബോധ്യത്തിലാണ് അവൻ നെലോളി നിർത്തിയത്. നാലഞ്ചു വീടുകൾക്കപ്പുറമായിരുന്നിട്ടും, പട്രിഷ്യയുടെ കൈ പിടിപ്പിച്ചാണ് ജിനോന്റമ്മ അവനെ സ്കൂളിലയച്ചത്. ജർമനിയിൽ വളർന്ന കുട്ടിയായത്കൊണ്ട് നാടൻ രീതികളോടൊക്ക പൊരുത്തപ്പെടാൻ അവൻ സമയമേറെയെടുത്തു. എല്ലാത്തിനോടും പേടിയുള്ള അവനെ, കടവാവല് തൂങ്ങിക്കിടക്കുന്ന അരയാല് കാണുമ്പോൾ, അതൊക്കെയും മരിച്ചവരുടെ പ്രേതങ്ങളാണെന്ന് മറ്റു കുട്ടികൾ പറഞ്ഞ് ഭയപ്പെടുത്തും. അവർക്കിടയിൽ വിഷാദവാനായി നിൽക്കുന്ന അവനെ, പട്രിഷ്യ ഇടപെട്ട്, അല്ല അത് നരിച്ചീറാ നീ പേടിക്കണ്ടാട്ടാ എന്ന് സാന്ത്വനിപ്പിക്കുമ്പോൾ കണ്ണുകൾ നേർരേഖയിൽ കൂർപ്പിച്ച് പിടിച്ച്, അവന്റെ കൃഷ്ണമണികളുടെ ഒരു പച്ച നോട്ടമുണ്ട്. വിഷാദം തളിച്ച മുഖത്തെ ആ പച്ചനോട്ടമാണ്, പട്രിഷ്യയെ സദാ കരളലിയിച്ചതും നിഴലുപോലെ അവനെ കൂടെക്കൂട്ടാൻ പ്രേരിപ്പിച്ചതും.
പെരുന്നാൾ ഘോഷയാത്രക്ക് കൂടെ നടക്കാനും, പ്രസുദേന്തി എഴുന്നള്ളിപ്പിന് വെള്ളിക്കുരിശും മെഴുകുതിരിക്കാലും പിടിക്കാനും മാത്രമല്ല, വേദോപദേശ ക്ലാസിലും, പള്ളിവികാരിയുടെ മേടയിൽ നേർച്ചപ്പൈസ എണ്ണിക്കൊടുക്കാൻ പോകുമ്പോഴും ജിനോയും കൂടെയുണ്ടാവും. അങ്ങിങ്ങായി ഓരോരോ വെള്ളിത്തലമുടികൾ ചിതറിയ മിന്നുന്ന കഷണ്ടിത്തല തടവിക്കൊണ്ട് വികാരിയച്ചൻ കഥ പറയും.
സ്വർഗവൃക്ഷത്തിൽ കൂടുകെട്ടിയ ഇണപ്രാവുകളുടെ കഥ, ദാവീദിന്റേയും ഗോലിയാത്തിന്റേയും കഥ, ബദ്ലഹേം മലഞ്ചെരുവുകളിലെ ആട്ടിടയന്മാരുടെ കഥ, പാലും തേനുമൊഴുകുന്ന കാനാൻ ദേശത്തിന്റെ കഥ. അത് കൂടാതെ പലതരം നുണകൾ ഏച്ചുകെട്ടി പട്രിഷ്യ മെനഞ്ഞെടുക്കുന്ന ചില പ്രത്യേകതരം നുണക്കഥകൾ വേറെയുമുണ്ട്. യഥാർഥത്തിൽ അവയാണ് ജിനോയുടെ മനസ്സിൽ മായാത്ത പോർട്രെയിറ്റുകളാവുന്നത്. കല്ലുെവച്ച നുണകളാണെങ്കിലും, അതിൽ സാമാന്യബുദ്ധിക്ക് നിരക്കാത്തതായി ഒന്നും പട്രിഷ്യ ചേർക്കാറില്ലായിരുന്നു. പതിയെപ്പതിയെ ജിനോയും മറ്റുള്ളവരെപ്പോലെ വളപ്പൊട്ടും തീപ്പെട്ടിപ്പടങ്ങളും ശേഖരിക്കാൻ തുടങ്ങി, അവരോടൊന്നിച്ച് മരച്ചോടുകൾ നിരങ്ങി. സ്കൂളിലേക്ക് പോകും വഴിയിൽ വെമ്മട്ടിക്കരക്കാരുടെ കാടുപിടിച്ച ഒരേക്കർ ഭൂമിയിൽ ചാഞ്ഞുകിടക്കുന്ന വള്ളിപ്പടർപ്പുകൾ നൂഴ്ന്ന്, കടന്ന് മരോട്ടിമരത്തിലെ പക്ഷിക്കൂടും അതിനുള്ളിലെ കറുത്ത പുള്ളികളുള്ള കുഞ്ഞു കിളിമുട്ടകളും അവൾ അവന് കാട്ടിക്കൊടുക്കും. സൂക്ഷിച്ച് നടന്നില്ലെങ്കിൽ വിഷക്കടന്നലുകൾ കുത്തുമെന്ന് മുന്നറിയിപ്പ് നൽകും. ആളനക്കം കേൾക്കുമ്പോൾ തലയുയർത്തി സ്റ്റാച്യുപോലെ നിന്ന് നിറംമാറുന്ന ഓന്തുകളെ കാണുമ്പോൾ വേഗം പൊക്കിള് പൊത്തിക്കോളാൻ ഉത്തരവിറക്കും. ഇല്ലെങ്കിൽ മരക്കൊമ്പിലിരുന്ന അവറ്റകൾ കുട്ടികളുടെ പൊക്കിൾച്ചോര കുടിക്കുമത്രേ..! പറമ്പിന്റെ പലഭാഗത്തായി വീണുകിടക്കുന്ന കശുവണ്ടിയും അടയ്ക്കയുമൊക്കെ പെറുക്കിയെടുക്കും. ഓല മേഞ്ഞ കള്ളുഷാപ്പിലേക്കുള്ള ഇടവഴിക്കിപ്പുറം കരിമ്പച്ച പുൽപ്പാടത്ത് കുറ്റിയിൽ കെട്ടിയ പയ്യിനെ കോലെടുത്ത് പേടിപ്പിക്കും. കാരക്കയോ പുളിനെല്ലിക്കയോ കണ്ണിമാങ്ങയോ ഒക്കെ കാണും അപ്പോൾ കൈ നിറയെ. പള്ളിപ്പെരുന്നാളിന്റെ ഭാഗമായി കഴന്ന് യാത്ര കടന്നുപോകുന്ന വഴിയിലെങ്ങാനും കതിന പൊട്ടിക്കുന്നുണ്ടെങ്കിൽ, കാതടപ്പിക്കുന്ന ആ ശബ്ദം കേട്ട് ജിനോ പട്രിഷ്യയെ കെട്ടിപ്പിടിക്കും. കാഴ്ചയുടെ കവാടത്തിൽ മങ്ങിയ ഒരു നിഴലുപോലെ സ്നേഹത്തിന്റെ സൂര്യാക്ഷരങ്ങൾ.
അവിടം കഴിഞ്ഞ് ചെല്ലുന്ന ഇടവഴിയോരത്ത്, ചുവരടർന്ന് നിറം മങ്ങിയ ഒരു വീടുണ്ട്. അവിടുത്തെ മൂന്ന് നായ്ക്കൾ ഒഴിച്ച്, ബാക്കി അപ്പനുമമ്മക്കും രണ്ടാണ്മക്കൾക്കും ഭ്രാന്താണെന്നാണ് നാട്ടുകാർ പറയുന്നത്. അതിനെ സാധൂകരിക്കുംവിധം ഇടക്ക് അവിടെനിന്ന് ചങ്ങലക്കിലുക്കങ്ങളും അട്ടഹാസങ്ങളും കേൾക്കാറുണ്ട്. എന്നും സ്കൂൾ വിട്ട് വരുമ്പോൾ, ആ വീട്ടുമുറ്റത്ത്, അൽപം പ്രായമായി എല്ലുന്തിയ ഒരാൾ, കീറി മുഷിഞ്ഞ ഷർട്ടിന്റെ തെറുത്തുെവച്ച കൈമടക്കിൽനിന്ന് ബീഡിയെടുത്ത് പുക ആഞ്ഞുവലിക്കുന്നത് കാണാം.
ഉച്ചഭക്ഷണത്തിനുള്ള ബെല്ലടിക്കുമ്പോൾ, നട്ടുച്ച പൊരിവെയിലത്ത് കൂടി ജിനോയുടെ കൈ പിടിച്ച് വീട്ടിലേക്ക് വാണം വിട്ടപോലെ ഒരോട്ടമുണ്ട്. പോകുന്ന വഴിയിലെ വീടുകളിൽനിന്ന് വെയിൽത്തിളപ്പിനൊപ്പം ഉയരുന്ന കറിത്തിളപ്പുകളുടെ വേവുഗന്ധംകൊണ്ട് അവർ വിശപ്പിന് തളപ്പിടുമ്പോൾ, റേഡിയോയിൽ രാമചന്ദ്രൻ വാർത്തകൾ നേരോടെ നിർഭയം വായിക്കുന്നുണ്ടാവും. വയറ് നിറഞ്ഞ് തിരികെ വരുമ്പോൾ യേശുദാസോ എസ്. ജാനകിയോ ചലച്ചിത്രഗാനങ്ങൾ പാടിത്തിമിർക്കുകയായിരിക്കും.
മൂന്നാം ക്ലാസിലെ ശിശുദിനത്തിന് നെഹ്രുവായത് ജിനോ ആയിരുന്നു. വെളുത്ത കുർത്തയണിഞ്ഞ് പോക്കറ്റിൽ ചുവന്ന റോസാപ്പൂവ് കുത്തി വെളുത്ത തൊപ്പിയൊക്കെ െവച്ച് ദേശീയപതാകയും പിടിച്ച് അസംബ്ലിക്ക് മുന്നിൽ ജിനോയെ കണ്ടപ്പോൾ ഗാന്ധിജിക്കൊപ്പം സ്വാതന്ത്ര്യസമരത്തിന് പുറപ്പെടുന്ന സാക്ഷാൽ ജവഹർലാൽ നെഹ്രു തന്നെയോ ഇതെന്ന് കുട്ടികൾ കൈയടിച്ചു. അന്നാണ് എല്ലാവരും അവന്റെ ചുണ്ടിൽ സന്തോഷത്തിന്റെ ചിരിത്തുമ്പകൾ വിരിഞ്ഞ് കണ്ടത്. അന്ന് ഉച്ച കഴിഞ്ഞാണ് അവൻ ബെഞ്ചിൽത്തന്നെ രണ്ടിന് പോയത്. എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ചോദിച്ച് ടീച്ചർ അവനെ വഴക്കു പറയുകയും വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. പട്രിഷ്യയാണ് അന്ന് അവന് കൂട്ട് പോയത്. പോകുന്നവഴിക്ക് എൻ.എച്ചിന് സ്ഥലം അളന്നിട്ട പുറമ്പോക്ക് ഭൂമിയിലെ താമരക്കുളത്തിൽ ഇറങ്ങി അവനോട് കഴുകാൻ പറഞ്ഞിട്ട് അവൾ കാവൽ നിന്നു. ഒടുവിൽ മഞ്ഞനിറം പടർന്ന ഉടുതുണികളുമായി ഒരപരാധിയെപ്പോലെ വീട്ടിൽ ചെന്നുകേറുമ്പോൾ, ജിനോന്റമ്മ അവനെ വഴക്ക് പറഞ്ഞില്ല. പകരം അവനോടൊപ്പം പട്രിഷ്യയേയും ചേർത്തുപിടിച്ച് നെറുകയിൽ തലോടുകമാത്രം ചെയ്തു. പക്ഷേ അപ്പോഴേക്കും കൂട്ടുകാർ അവന് ബെഞ്ചിൽത്തൂറി എന്നൊരു അലങ്കാരപ്പേര് ഇട്ടുകഴിഞ്ഞിരുന്നു.
ഈർക്കിലുകൾ വട്ടത്തിലും നീളത്തിലും നൂലുകൊണ്ട് കെട്ടിയുറപ്പിച്ച്, അതിനു മേലേ സേവ്യർ മാപ്ലേടെ തയ്യൽക്കടയിൽനിന്ന് പെറുക്കിയെടുത്ത വെട്ടുതുണികൾ പൊതിഞ്ഞ് സൂചികൊണ്ട് തുന്നി പട്രിഷ്യ നിർമിക്കുന്ന ആൺപാവകളെയും പെൺപാവകളെയും കണ്ട് മറ്റ് കുട്ടികൾ കണ്ണുമിഴിക്കും. അവൾ പാവകളെയുണ്ടാക്കി ആത്മസുഹൃത്തുക്കൾക്കൊക്കെ സമ്മാനിക്കും. ആൺപാവക്ക് മുണ്ടും ഷർട്ടും. പെൺപാവക്ക് സിൽക്ക് സാരിയുമാണ് വേഷം. വെള്ളിയാഴ്ച ഉച്ചക്കുള്ള രണ്ടര മണിക്കൂർ ദീർഘ ഇടവേളകളിലാണ് പാവാച്ചിക്കല്യാണം നടക്കുക. ക്ലാസ് ഒന്നടങ്കം കല്യാണം വിളിക്കാറില്ല. താൽപര്യമാണ് പ്രധാനം. കല്യാണത്തിന് പങ്കെടുക്കുന്നവർ സദ്യക്കുള്ള ഒരു വിഭവമെങ്കിലും കൈയിൽ കരുതണം. ശവരിയാരുടെ സീക്ലാസ് കടയിൽനിന്ന് അടക്കയോ കശുവണ്ടിയോ കൊടുത്ത് പകരം വാങ്ങുന്ന സിഗരറ്റ് മുട്ടായി, പല്ലിലൊട്ടുന്ന ചൗ മുട്ടായി, ഉപ്പിലിട്ട നെല്ലിക്ക, കാരക്ക, പ്ലാസ്റ്റിക് കൂട്ടിലെ അച്ചാർ എന്നിവയൊക്കെയാണ് സദ്യക്കുള്ള പതിവ് വിഭവങ്ങൾ.
മൂന്ന് സിയിലെ ആനിയുടെ മകൾ പാവയെ ചിലപ്പോൾ നാല് ബിയിലെ ഷീനയുടെ മകൻ പാവയായിരിക്കും കല്യാണം കഴിക്കുക. മനസ്സമ്മതവും കല്യാണവുമൊക്കെ ഒരേ ദിവസം തന്നെയാണ്.
ചുവന്ന ചട്ടയുള്ള പുതിയനിയമത്തിൽ കൈെവച്ച്, മിശിഹായുടെ നിയമവും തിരുസഭയുടെ തീരുമാനവും മാനിച്ച്, ഇവനെ ഭർത്താവായി സീകരിക്കാൻ നിനക്ക് സമ്മതമാണോയെന്ന് പാവകളോട് തിരിച്ചും മറിച്ചും ചോദിക്കും. താലിയും മന്ത്രകോടിയും മോതിരവുമൊക്കെ കൈമാറിക്കഴിഞ്ഞ് നെറ്റിയിൽ കുരിശ് വരച്ച് പരസ്പരം പൂമാലയിടീക്കും. ശേഷമാണ് സദ്യ. സൈക്കിള് പെട്ടിയുമായി ഐസുകാരൻ അന്ന് ആ വഴിയെങ്ങാനും വരുന്ന ദിവസമാണെങ്കിൽ, പാലൈസും സേമിയ ഐസുമൊക്കെ സദ്യയുടെ ആഡംബരമാകും.
ഞങ്ങൾ ജർമനിയിൽ പിസയും വൈനുമൊക്കെയാ കഴിക്കുന്നത്...
കല്യാണസദ്യക്കിടെ വായിൽെവച്ച ഉപ്പുമാങ്ങ അനിഷ്ടത്തോടെ തുപ്പിക്കൊണ്ട് ജിനോ പറയുമ്പോൾ, അയിന് നീയിനി ജർമനിയിൽ പോയാലല്ലേ... ചുമ്മാ ജാട കാണിക്കാതെ തിന്നെടാ ജിനോ...ആനി അവനെ കളിയാക്കും.
മുണ്ടിനീര് ചൊട്ടി ഒരാഴ്ചക്കുശേഷം പട്രിഷ്യ സ്കൂളിൽ തിരിച്ചെത്തിയ അന്നാണ്, ജിനോ ടി.സി വാങ്ങി ജർമനിയിലേക്ക് തിരിച്ച് പോവുകയാണെന്ന വിവരം ടീച്ചർ ക്ലാസിൽ അറിയിച്ചത്.
അന്ന് അവനോട് മിണ്ടിയപ്പോൾ, പട്രിഷ്യയുടെ തൊണ്ടയിടറി. ഹൃദയം ഏഴെട്ട് കഷണങ്ങളായി നുറുങ്ങിപ്പോയതുപോലെ.
ഇനിയെന്നാ നമ്മൾ കാണുന്നേ..? ഞാനെന്താ നിനക്ക് തരേണ്ടത് -പട്രിഷ്യ ആധിയോടെ കണ്ണു തുടച്ചു.
സ്ലേറ്റ് തൊടയ്ക്കാൻ വെറ്റിലപ്പച്ച മതി. അതവിടെ കിട്ടില്ലല്ലോ. ഒരു നിമിഷം ആലോചിച്ച് ജിനോ പറഞ്ഞു.
നല്ല നീരുള്ള ഉരുളൻ മഷിത്തണ്ട്, നീല ചൈനീസ് സാരിയുടുപ്പിച്ച ഒരു പാവാച്ചി, ഒരു കുഞ്ഞു കുപ്പി നിറയെ ആനാംവെള്ളം. കഞ്ഞിപ്പശ മുക്കിയുണക്കിയ വെളുത്ത ഖദറിട്ട തൊട്ടപ്പനേം കൂട്ടി ജിനോ, ടി.സി വാങ്ങാൻ വന്നപ്പോൾ പട്രിഷ്യ കൊടുത്ത സമ്മാനങ്ങളായിരുന്നു അവ.
കണ്ണുകൾ നേർരേഖയിൽ കൂർപ്പിച്ച് പിടിച്ച് അവന്റെ കൃഷ്ണമണികളുടെ പതിവ് പച്ചനോട്ടം അന്നുണ്ടായില്ല. പകരം ഇരു കൺകോണിലൂടെയും കണ്ണുനീർ ഒലിച്ചിറങ്ങി.
പിന്നീട് എത്രയോ വർഷങ്ങൾ ജിനോയുടെ ഓർമകൾപോലുമില്ലാതെ ഒഴുകിപ്പോയി. പത്താം ക്ലാസ് പരീക്ഷക്കുള്ള സ്റ്റഡി ലീവിന്റെ സമയത്താണ്, ജർമനിയിൽ െവച്ച് ജിനോയുടെ അമ്മച്ചി മരിച്ചു എന്ന നാടിനെ ഞെട്ടിച്ച ആ വാർത്തയുടെ കമ്പിയില്ലാക്കമ്പി വന്നെത്തിയത്. ശവമടക്ക് ആ നാട്ടിൽത്തന്നെയായിരുന്നു. അതൊരു കൊലപാതകമായിരുന്നുവെന്നും അതല്ല ആത്മഹത്യയായിരുന്നുവെന്നും പലതരം കഥകൾ പലപ്പോഴായി നാട്ടുകാർ പറഞ്ഞു കേട്ടു. പക്ഷേ, ജിനോയെപ്പറ്റി മാത്രം ആരും ഒന്നും പറഞ്ഞില്ല. പാവം അമ്മച്ചി മരിച്ചപ്പം അവൻ എന്തുമാത്രം കരഞ്ഞിട്ടുണ്ടാവണം. ഈശോയേ ജിനോയെ ഒരാപത്തും വരാതെ കാത്തോളണേ...പള്ളിക്കുരിശിലെ ആണിച്ചുഴികളെ നോക്കി പട്രിഷ്യ പലപ്പോഴായി പ്രാർഥിച്ചു.
അവന്റെ തല ഇടിവെട്ടിപ്പോകത്തേയുള്ളൂവെന്ന്, ജിനോയുടെ അമ്മമ്മ കത്രീനത്താത്തി , മൂക്ക് പിഴിഞ്ഞ് മുണ്ടിൽ തേച്ചുകൊണ്ട് നെലോളിക്കുന്ന ചിത്രം ഇന്നും മനസ്സിൽ ഫ്രെയിം ചെയ്തുെവച്ചിരിക്കുന്നു.
അപ്പന്റെ മരണവും അമ്മച്ചിയുടെ അസുഖവും നിമിത്തം പ്രീഡിഗ്രി കഴിഞ്ഞപ്പോഴേ, ആങ്ങളമാർ ചേർന്ന് പട്രിഷ്യയെ വണ്ടാനത്തെ സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ റിജോയ്ക്ക് കെട്ടിച്ചുകൊടുത്തു. പിള്ളാര് രണ്ടും സ്കൂളിൽ പോകാൻ തുടങ്ങിയപ്പോഴാണ്, വീണ്ടും പഠിക്കാനുള്ള മോഹം ചേക്കേറിയത്. റെഗുലർ കോേളജിൽതന്നെ ചേർന്നു. തൊന്തരവില്ലാതെ പഠിക്കാനാണ്, ബോട്ടണി തന്നെ എടുത്തതും.
മനസ്സമ്മതത്തിന്റെ തലേദിവസമാണ് പോസ്റ്റ്മാൻ പട്രിഷ്യയുടെ പേരിലുള്ള വിദേശ തപാലുമായി വന്നത്. തിരിച്ചും മറിച്ചും നോക്കി. സ്റ്റാമ്പിലെ മുദ്രയിൽ ബെർലിൻ എന്നു കണ്ടപ്പോൾ, അമിതാകാംക്ഷയോടെയാണ് കവർ തുറന്നത്. തിളങ്ങുന്ന രണ്ടു പാവകളുടെ ചിത്രമുള്ള ഒരു ആശംസാ കാർഡ്. ഡിയർ പട്രിഷ്യ എന്നു തുടങ്ങുന്ന ഏഴെട്ട് വരി വിവാഹമംഗളാശംസ. ഏറ്റവും താഴെ എഴുതിയത് മാത്രം അവൾക്ക് മനസ്സിലായില്ല. 'പെപ്പറോമിയ പെല്ലുസിഡ'. പലരോടും അതെന്താണെന്ന് തെരക്കി ഒടുവിൽ അയൽക്കാരിയായ കോളേജ് പ്രൊഫസറാണ്, അത് മഷിത്തണ്ടിന്റെ ശാസ്ത്രീയനാമമാണെന്ന് പറഞ്ഞത്. ദൈവത്തിന് പോലുമറിയാത്ത ഏത് ഭൂഖണ്ഡത്തിലായിരിക്കും ജിനോയെന്നുള്ള വേവലാതി അതോടെ ശമിച്ചു. അവൻ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതേ നെഞ്ചിലെ എടുത്താൽ പൊങ്ങാത്ത ഭാരം നിമിഷനേരംകൊണ്ട് ഒരു അപ്പൂപ്പൻതാടി പോലെയങ്ങ് പറന്നുപോയി.
മേഘവിതാനത്തിൽനിന്ന് കാറ്റ് മഴയെ തല്ലിക്കൊഴിച്ചു. പുറത്ത് ഇലകളിൽനിന്ന് മഴത്തുള്ളികൾ അടരുന്നതിന്റെ ശബ്ദത്തിനിടയിൽ സുധ മാം തന്റെ പേര് വിളിച്ചോയെന്ന അവ്യക്തമായ തോന്നലിനൊടുവിലാണ് പട്രിഷ്യ പതിയെ എഴുന്നേറ്റ് നിന്നത്. അതുവരെ കണ്ണുകളിൽ ചേക്കേറിയ ഓർമപ്പക്ഷികൾ ഞൊടിയിടയിൽ ചിറകടിച്ചകന്നു.
പേരാലിന്റെ ബൊട്ടാണിക്കൽ നെയിം പറയൂ പട്രിഷ്യ...
പെപ്പറോമിയ പെല്ലുസിഡ. ഒട്ടും സഭാകമ്പമില്ലാതെ പട്രിഷ്യ അത് പറയുമ്പോൾ, ഒരു കൂട്ടച്ചിരിയുടെ ആരവം ക്ലാസ് മുറിയിൽനിന്ന് പുറത്തെ മഴയിലേക്ക് തെറിച്ചുവീണു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.