അടക്കം -കഥ

ഉറക്കത്തിൽ കണ്ടത്: ഇരുട്ടിൽ മൂക്ക് കുത്തിക്കിടക്കുന്ന ഒരു കുഴിയിൽനിന്നും കുമിള പൊട്ടിപ്പൊങ്ങുന്ന മട്ടിൽ ഉടുതുണിയില്ലാതെ അപ്പ കയറി വന്നു. ൈകയിലെ മുതുക്കൻപ്പൊതി മുന്നിലേക്കിട്ടിട്ട് പൊടുന്നനെ താഴ്ന്നുപോയി. അപ്പ പത്തിരുപത് കൊല്ലം മുമ്പു തന്നെ കക്കൂസുകുഴിയിൽ കിടന്ന് ശ്വാസംമുട്ടി മരിച്ചുപോയിരുന്നതുകൊണ്ട് ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ല. മാനത്തോട് മുട്ടി നോക്കാൻ മാത്രം എടുപ്പുള്ള ആഞ്ഞിലിയുടെ ചുവട്ടിലേക്കാണത് വീണത്. ചുളിഞ്ഞുവീഴുന്ന നിലാവത്ത് പോച്ചക്കിടയിൽ ഏറെ നേരം തപ്പിയും തിരഞ്ഞും നടക്കേണ്ടിവന്നു. കൈയിൽ തടഞ്ഞതും താങ്ങിപ്പിടിച്ച്, നാണമില്ലാത്ത പെണ്ണുങ്ങളെപോലെ...

റക്കത്തിൽ കണ്ടത്:

ഇരുട്ടിൽ മൂക്ക് കുത്തിക്കിടക്കുന്ന ഒരു കുഴിയിൽനിന്നും കുമിള പൊട്ടിപ്പൊങ്ങുന്ന മട്ടിൽ ഉടുതുണിയില്ലാതെ അപ്പ കയറി വന്നു. ൈകയിലെ മുതുക്കൻപ്പൊതി മുന്നിലേക്കിട്ടിട്ട് പൊടുന്നനെ താഴ്ന്നുപോയി. അപ്പ പത്തിരുപത് കൊല്ലം മുമ്പു തന്നെ കക്കൂസുകുഴിയിൽ കിടന്ന് ശ്വാസംമുട്ടി മരിച്ചുപോയിരുന്നതുകൊണ്ട് ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ല. മാനത്തോട് മുട്ടി നോക്കാൻ മാത്രം എടുപ്പുള്ള ആഞ്ഞിലിയുടെ ചുവട്ടിലേക്കാണത് വീണത്. ചുളിഞ്ഞുവീഴുന്ന നിലാവത്ത് പോച്ചക്കിടയിൽ ഏറെ നേരം തപ്പിയും തിരഞ്ഞും നടക്കേണ്ടിവന്നു. കൈയിൽ തടഞ്ഞതും താങ്ങിപ്പിടിച്ച്, നാണമില്ലാത്ത പെണ്ണുങ്ങളെപോലെ മലർന്നുകിടക്കുന്ന വേരിന്റെ മടക്കുകളിലും കള്ളിമുള്ളിൻക്കൂട്ടങ്ങളുടെ പിടിച്ചുവലികളിലും പെടാതെ ഒരു വീർപ്പിന്‌ ഇടവഴിയിലേക്ക് എടുത്തുചാടി.

അതോടെ ഉറക്കത്തീന്ന് പിടിയും വിട്ടു.

01

മൂക്ക് തുരന്നാക്രമിക്കുന്ന നാറ്റക്കാറ്റിനോട് യുദ്ധം ചെയ്തുകൊണ്ട് മൂന്നാല് ചെറുകുഴികൾ ഉണ്ടാക്കിയപ്പോഴാണ് അമ്മാമ്മ ആനത്തടിയും വലിച്ചോണ്ട് വന്നത്. കൈയിൽ പച്ചക്ക് കണ്ടിച്ചെടുത്ത പുളിവാറൽ.

''ഇങ്ങനെ തൊലിപ്പൊറമേ ചൊരണ്ടിക്കൊണ്ട് നിന്നാല് ജീവിതത്തില് എന്തോ ഉണ്ടാക്കാനാ ചെറുക്കനേ? മണ്ണില് കളിക്കുമ്പോ സ്വൽപ്പം ആഴത്തിലും വെടിപ്പിലും വേണം. എന്നാലേ വല്ലതും തടയൂ...''

എലികളുടെ ശവമിട്ടുമൂടാനെന്തിനാണ് പെണ്ണുമ്പിള്ളേ ആഴക്കുഴിയെന്ന ചോദ്യം വിഴുങ്ങിക്കൊണ്ട് ചിരിച്ചു കാണിച്ചു.

കാശ് കിട്ടിയാൽ പാതാളംവരെയും കുഴിക്കാൻ തയാറായിരുന്നു. അത്രക്കും മെന കെട്ട കാലമാണ്.

തലേന്ന് കുടിച്ചതിന്റെയും വലിച്ചതിന്റെയും ആലസ്യക്കെട്ട് വിടുംവരെ കിടന്നുറങ്ങി ഒടുങ്ങേണ്ടതാരുന്നു ഈ ദിവസവും.

പൊടിച്ചെറുക്കന്റെ കീറലും തള്ളയുടെ അലർച്ചയും കേട്ട് ഞെട്ടിയുണരുകയും പല്ലുപുളിപ്പ് കടിച്ചുപിടിച്ച് കുലുക്കുഴിയുമ്പോൾ റേഷനരിയുടെ വേവുമണമടിക്കുകയും എന്നാൽ പിന്നെ വെളിയിലേക്കിറങ്ങി നാല് പൊറോട്ടയും ബീഫുകറിയും തട്ടിയാലോ എന്നൊരു കൊതിയുണരുകയും പക്ഷേ ചെമ്പരത്തിക്കമ്പ് നാട്ടി അതിരുണ്ടാക്കിയ പറമ്പിലേക്ക് പടർന്നുകയറിയ നട്ടുച്ചവെയിലിന്റെ കുത്തൽ കൊണ്ടപ്പോൾ കടകളൊന്നും തുറക്കാത്ത നശിപ്പുകാലമാണല്ലോയെന്നോർമ വരുകയും തിരികെ വന്ന് തിണ്ണയിലിരുന്ന് ചൂടൊഴിഞ്ഞുപോയ തേയിലവെള്ളത്തിന്റെ ചവർപ്പ് ഒറ്റവലിക്ക് തീർക്കുകയും ചെയ്തപ്പോഴാണ്, ''ഡേയ്...വള്ളീടെ മോനേ...'' എന്നൊരു വിളി ഇടവഴിക്കപ്പുറത്തെ മതിൽ ചാടി വന്നത്.

ചക്കമരത്തിന്റെ കൈവള്ളിയിൽ ആയാസപ്പെട്ട് തൂങ്ങി അമ്മാമ്മ എണ്ണമെഴുക്കുള്ള കറുപ്പിൽ സീബ്രാവെളുപ്പുള്ള നരച്ചിത്തല പൊക്കി.

''ഒന്നിങ്ങു വന്നിട്ട് പോയേക്കണേ ചെറുക്കാ...'' എന്ന് പറഞ്ഞതും അവർ പഴഞ്ചക്ക പോലെ ഞെട്ടറ്റ് താഴേക്ക് പോയി.

ലക്ഷം പിള്ളയുടെ കൂറ്റൻമതിലിന് പുറത്തേക്ക് അവരുടെ തലയനക്കംകണ്ടിട്ട് തന്നെ കാലം കുറെയായിക്കാണുമല്ലോ എന്നപ്പോളാണോർത്തത്. പിള്ള നടുവും തളർന്ന് വീണപ്പോൾ അടച്ചിട്ട ഗേറ്റാണ്. കൊല്ലം കുറെയായി.

ചത്തു മണ്ണടിഞ്ഞുപോയിട്ടുണ്ടെങ്കിലും നാട്ടിലൊരുത്തനും തിരിഞ്ഞുനോക്കാനിടയില്ല. രണ്ടു കാലിൽ ഞെളിഞ്ഞുനടന്നിരുന്ന കാലത്ത് ഒരുത്തനേം അകത്തേക്ക് കയറ്റാറില്ലായിരുന്നു.

മരങ്ങൾപോലും അപ്പുറമിപ്പുറം ചാഞ്ഞു കളിക്കാതെ അറ്റൻഷനായി മേപ്പോട്ട് വളർന്നു. തിന്നാനും കുടിക്കാനുമുള്ളത് പറമ്പിലുണ്ടായിരുന്നു. പണിയെടുക്കാൻ അപ്പയും.

പിള്ളയുടെ പറമ്പിലല്ല വീടിനുള്ളിലാണ് നിധിയിരിക്കുന്നതെന്നൊക്കെ കഥയുണ്ടാവുന്നത് അങ്ങനെയാണ്. അന്നാട്ടിലാദ്യമായി പിള്ളക്ക് ഒരു ലക്ഷം രൂപ ലോട്ടറിയടിച്ചപ്പോൾ കൂട്ടും കുടുംബവും പറഞ്ഞും ജാതിവാലിന്റെ ബലത്തിലും കയറിച്ചെന്നവർക്കും വരാന്തക്കപ്പുറം കാണാനുള്ള യോഗമുണ്ടായിട്ടില്ല.

ഇപ്പോളാണേൽ കൂറ്റൻ മതിലിന്റെ മണ്ടയിൽ വരെ കയറിയിരുന്ന് പുറത്തേക്ക് തലനീട്ടുന്നുണ്ട് പച്ചപ്പ്. മനുഷ്യന്മാരൊക്കെ ഒന്നൊതുങ്ങിയതോടെ പലജാതി പക്ഷികൾക്കും നല്ല മേളമാണ്.

കാഴ്ചപ്പുറത്തുണ്ടേലുണ്ട് അല്ലേൽ പിന്നെ മനുഷ്യർക്ക് മറ്റുള്ളവർ ജീവിച്ചിരിപ്പുണ്ടോയെന്നൊക്കെ ഓർക്കാനും നോക്കാനും എവിടെ ഇരിക്കുന്നു നേരമെന്നോർത്ത്, ഇല്ല ഞാൻ ചത്തിട്ടില്ലേന്ന് നാലാളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ആളുകളോരോന്നൊക്കെ ചെയ്തുകൂട്ടുന്നതെന്നൊരു തീർപ്പിലേക്ക് എത്തിച്ചേർന്ന നേരത്താണ് അടുക്കളപ്പാത്രങ്ങൾ പലതരം കലപിലയോടെ വീണത്. കുതറിയോടിയത്. പൊട്ടിച്ചിതറിയത്. മോങ്ങലോടെ തറയിലേക്ക് അമർന്നത്.

എന്തെങ്കിലും ഏനക്കേടുണ്ടെങ്കിൽ വാ തുറന്ന് പറയാതെ പാത്രം പൊട്ടിച്ചും വാതിൽ കൊട്ടിയടച്ചും മീൻ കരിയിച്ചുമൊക്കെ നാടകം കളിക്കുന്നത് അവൾക്കൊരു ശീലമാണ്. പിള്ളേരുടെ ചന്തിക്കിട്ട് കലാശക്കൊട്ട് പൊട്ടിച്ചെന്നും വരും.

ഹോ! തൊട്ടു പിന്നാലെ പല പ്രായത്തിലുള്ള മൂന്ന് മോങ്ങലുകൾ. പലതരം പോർവിളികൾ. പലതരം ഒച്ചപ്പാടുകൾ.

ഉള്ളിലോട്ട് നോക്കിയവരാരും സമാധാനം കണ്ടെത്തിക്കാണില്ലെന്നോർത്ത് ഇടവഴിയിലേക്ക് ചാടി.

പിള്ളയുടെ കായ്‌ഫലമുള്ള മരങ്ങളിലെല്ലാം കേറി നെരങ്ങി പോകുന്നേരം കിളികളായ കിളികളെല്ലാം തൂവലുകൾ പൊഴിച്ചിട്ടുണ്ട്. അണ്ണാൻ ഇടവഴിയിലേക്ക് മാങ്ങയണ്ടികൾ പാതിയീമ്പി തുപ്പിയിട്ടുണ്ട്. രാത്രികളിൽ മതിലിന്റെ ഉയരമളന്ന് സർക്കസുനടത്തം നടത്തുന്ന ഒറ്റക്കണ്ണിപ്പൂച്ച ചെറുജീവികളുടെ ശവങ്ങൾ തോണ്ടി പുറത്തിട്ടിട്ടുണ്ട്. ചത്ത മട്ടിൽ നിൽക്കുന്നെങ്കിലും ആഞ്ഞിലിമരം ചില കള്ളക്കുലുങ്ങലുകളിൽ ഏർപ്പെട്ട് ഇലകൾ പൊഴിച്ചിട്ടുണ്ട്.

അയൽപക്കമാണെങ്കിലും പൊതുവഴിയിലേക്ക് കയറി ഒരു നീളം നടന്നിട്ട് മറ്റൊരിടവഴിയിലേക്ക് ഇറങ്ങി ഇടതുവശം പിടിച്ചാലേ പിള്ളയുടെ വീടിന്റെ മുഖം കാണാനൊക്കൂ.

പെട്ടെന്നാണ് ഒരു പട്ടി- കാണുന്നവർക്കെല്ലാം വെറുതെ ഒരേറ്‌ കൊടുക്കാൻ തോന്നും വിധത്തിൽ പിച്ചമുഖമുള്ള ഒന്ന്- മതിലിന്റെ വിള്ളൽവിടവിലൂടെ കീഴ്ന്നിറങ്ങിയത്. വഴി കാണിക്കുന്ന മട്ടിൽ ഒന്ന് മോങ്ങിയിട്ട് അത് പിന്നെയും ഉള്ളിലേക്ക് നൂണ്ടിറങ്ങി.


പറമ്പിലെ കാട്ടുപച്ചപ്പിലേക്ക് തുറന്ന രഹസ്യജനാലയിലൂടെ നോക്കുമ്പോൾ പിള്ളയുടെ ഓടിട്ട അടുക്കളഭാഗത്തിന്റെ കൽച്ചുവപ്പ് വെളിപ്പെട്ടു.

മുണ്ട് മാടിക്കുത്തി, സ്വയമൊന്നൊതുങ്ങി, പായൽപ്പച്ചയിൽ കൈയമർത്തി, ഓട്ടയിലൂടെ അപ്പുറം കടന്നു. കുറുക്കുവഴി കണ്ടെത്താൻ സഹായിച്ച പട്ടി രസം പിടിച്ച് വീണ്ടും പുറത്തേക്ക് ചാടി.

മരം കേറി നടന്നിരുന്നകാലത്ത് ചിലപ്പോഴൊക്കെ വിശാലമായ ഈ പറമ്പിലേക്ക് കയറാൻ പറ്റിയിട്ടുണ്ട്. ചെകുത്താൻചെവിക്കുള്ളിൽ ഈർക്കിലിട്ടിളക്കിയും കോളാമ്പിവായയിലേക്കിടക്ക് മുറുക്കാൻ തിരുകി കയറ്റിയും തുപ്പിയും മുറംപോലെയുള്ള വിസ്താരവയറും കടന്ന് നെഞ്ചിലേക്ക് കയറിപ്പോയ മുണ്ട് ഇടയ്ക്കിടെ മാടിക്കുത്തിയും നിവർത്തികുലുക്കിയും ലക്ഷം പിള്ള തേങ്ങയിടീക്കുന്ന ദിവസം. മൂട് തൊട്ട് നെറുന്തല വരെ ചക്കമുലകളുള്ള പ്ലാവിൽ അപ്പ കുരങ്ങൻകയറ്റിറക്കം നടത്തുന്ന ദിവസം. മഴവെള്ളം നുണഞ്ഞു പറമ്പാകെ ഞെളിഞ്ഞുനിൽക്കുന്ന ഇളംപോച്ചകളുടെയെല്ലാം മൂടറുക്കുന്ന ദിവസം. കാച്ചിലും മരച്ചീനിയും തെങ്ങിൻതൈയും വാഴത്തൈയും താഴ്ത്തിവെക്കാൻ അപ്പ പറമ്പായ പറമ്പെല്ലാം കുഴിച്ചോണ്ടിരിക്കുന്ന ദിവസം.

ഒരുമിച്ചു നിൽക്കുമ്പോൾ അപ്പ പേര് പോലെ തന്നെ പിള്ളയിലേക്ക് ചാരിവെച്ച ഒരു വള്ളിയായിരുന്നു.

എന്നാലും മണ്ണിൽ പണിയുന്നത് അപ്പാക്ക് പെരുമയായിരുന്നു. തിരുന്നെൽവേലിയിലുള്ള അപ്പായുടെ അപ്പായും താത്തയുമെല്ലാം കാലങ്ങളായി ചുമന്നുനടക്കുന്ന തൊഴിലിന്റെ നാറ്റം കളയാൻകൂടിയാണത്.

വായിൽനിന്ന് വരുന്നതായാലും മുക്കിക്കളഞ്ഞതായാലും മനുഷ്യരുടെ ഉള്ളീന്നു പുറത്തോട്ടുവരുന്നതാണ് ഏറ്റവും വൃത്തികെട്ട മാലിന്യമെന്ന് അപ്പ പറയും.

കക്കൂസുകുഴിയിൽ ജീവിതം വീണുപോകുമോ എന്ന് ഭയന്നിട്ടാണ് അപ്പ പച്ചക്കറിവണ്ടിയിൽ രാത്രി മുഴുവൻ തൂങ്ങിക്കിടന്ന് പറക്കോട് ചന്തയിൽ വന്നിറങ്ങിയത് തന്നെ.

പിടിവള്ളിയായത് പിള്ളയാണ്.

പിള്ളയുടെ ചെരുപ്പ് പോലെ കൂടെ നടന്നു. ചെരുപ്പഴിച്ചുവെക്കുന്നിടത്ത് മാറിനിന്നു.

അപ്പായുടെ ബലത്തിൽ കയറിച്ചെല്ലുമ്പോൾ ചിലപ്പോളൊക്കെ ''വള്ളീടെ മോനേ...''ന്ന് അയാൾ കണ്ട ഭാവം നടിക്കും. അയാൾ വിളിക്കുമ്പോൾ മാത്രം പക്ഷേ അതിലൊരു തെറിച്ചുവ കലർന്നിരുന്നു.

തിരികെ പോരുമ്പോൾ കിട്ടുന്ന കരിക്ക് അപ്പ കൈയിൽ പിടിക്കാൻ തരും. ചിലപ്പോൾ കൂട്ടത്തിൽ ചെറിയൊരു ചക്ക. മരച്ചീനിമൂട്. മൂക്കുകുത്തി വീണിട്ടും മണം പോവാത്ത ഈമ്പിക്കുടി മഞ്ഞമാങ്ങകൾ.

പറമ്പിന്റെ മൂലയിലെ പഴഞ്ചൻ ഒറ്റമുറിവീട് അന്നൊക്കെ ഒഴിഞ്ഞുകിടപ്പായിരുന്നു. അതിന് ചുറ്റും പന്തൽപോലെ പടർന്നുനിൽക്കുന്ന കുറ്റിമരങ്ങളിലെല്ലാം കൊതിപ്പിക്കുന്ന പഴങ്ങളുണ്ടായിരുന്നു. പൂഭംഗിയുള്ള ചാമ്പക്ക, ചുവപ്പിറ്റുന്ന ലോലോലിക്ക, ടെന്നീസ് പന്തുക്കുപ്പായം പൊട്ടിച്ചാൽ കിട്ടുന്ന വള്ളിനാരങ്ങ. വിരൽവണ്ണത്തിൽ പച്ചിച്ച ഇരുമ്പൻപുളി.

പക്ഷേ പൊട്ടിയൊലിക്കുന്ന കക്കൂസിന്റെ വാട അങ്ങോട്ടടുപ്പിക്കില്ല.

കുഞ്ഞച്ചായനും അമ്മാമ്മയും ഒളിച്ചോട്ടവും കെട്ടും കഴിഞ്ഞു നിന്നുപൊറുക്കാൻ വാടകവീടും തേടി വന്ന അന്നാണ് പിള്ള അപ്പായെ ആ കുഴിയിലേക്കിറക്കിയത്.

പണി തുടങ്ങും മുമ്പ് പതിവു വിട്ട് അപ്പ ഏറെ നേരം ഒറ്റമുണ്ട് ഊരിയും തലയിൽ കെട്ടിയുമഴിച്ചും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അതിനു ചുറ്റും നടന്നു. എത്ര കാശ് തന്നാലും ഈ പണി ചെയ്യില്ലെന്ന് വിളിച്ചുപറയാനാണ് അപ്പായുടെ ദേഹം വിറയ്ക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഉടക്കി നിന്നാൽ അയാൾ ഉയിരെടുക്കുമെന്നൊരു ഭയത്തിൽ ഞാൻ വിയർത്തു. അയാളുടെ ഭാര്യ തൊഴി സഹിക്കാതെ ഓടിപ്പോയതാണെന്ന് കേട്ടിരുന്നു.

പെട്ടെന്ന്, അപ്പ കാത്തുനിൽക്കണ്ടെന്ന് കൈയാംഗ്യം കാണിച്ച്, ചെത്തിക്കൂട്ടത്തിനിടയിൽ മറച്ചുവെച്ച ചാരായം ഒറ്റവലിക്ക് ഉള്ളിലേക്ക് ഊറ്റിയെടുത്ത്, ഉടുതുണി പറിച്ചെറിഞ്ഞു. എന്നിട്ട് ഒരു കറുമ്പനെലിയെപോലെ സ്വയം ചുരുങ്ങിച്ചെറുതായി ഉള്ളിലേക്കൂർന്നിറങ്ങിപ്പോയി.

തീട്ടമണം കേറാതിരിക്കാൻ തുളസിയിലകൾ ഉരുട്ടിയെടുത്ത് മൂക്കിന്റെ ഓട്ടയടയ്ക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ അവിടേം ഇവിടേം ചുറ്റിക്കറങ്ങി നിന്നു. കുഴി വൃത്തിയാക്കി കിട്ടിയാൽ ആ മരങ്ങളിലൊക്കെ കയറിയൊന്ന് വിലസാമെന്ന രഹസ്യമോഹംകൊണ്ട് ദേഹത്തെ രോമങ്ങൾ എഴുന്നേറ്റ് നിൽക്കുകപോലും ചെയ്തിരുന്നു. കാത്തുനിന്നു മടുത്തപ്പോൾ തൊട്ടപ്പുറത്തെ കനാലിലേക്കിറങ്ങുകയും വെയിലിന്റെ വെള്ളിനാരുകൾ നിറം മങ്ങി മരങ്ങൾക്കിടയിലേക്ക് ചുരുങ്ങുന്നതുവരെ വെള്ളത്തിൽ തിമിർക്കുകയും ചെയ്തു.

സന്ധ്യയായിട്ടും അപ്പ കയറിവരാൻ കൂട്ടാക്കിയില്ല.

ആർത്തലച്ച് ആളുകളെ കൂട്ടിയപ്പോൾ കലി പൂണ്ട് കാളക്കൂറ്റനായ പിള്ള പറമ്പ് മുഴുവൻ കുഴച്ചുമറിച്ചിട്ടു.

''ചത്തപ്പോളും നാടാകെ നാറ്റിച്ചല്ലോ പാണ്ടി മക്കള്.''

അയാളുടെ തുപ്പൽ വീണിടമെല്ലാം പൊള്ളിപ്പതുങ്ങി.

02

''ചെറുക്കാ...ദാ ഇവിടെ...ഒരൊറ്റ കുഴി മതി...''

അമ്മാമ്മ പൊളിഞ്ഞുവീണ വാടകപ്പുരയുടെ പുറകിലായി പുളിവാറലിന്റെ കൂർപ്പ്കൊണ്ടൊരു വട്ടം വരച്ചു.

ഇന്ന് രാവിലെതൊട്ടൊന്നും തിന്നില്ലല്ലോ എന്ന് വയർ പരവേശപ്പെട്ടുതുടങ്ങിയിരുന്നു.

പൊട്ടക്കിണറിലേക്ക് ചാഞ്ഞുപോയ പേരയ്ക്കാമരത്തെ വരുതിയിലാക്കി ഒരു കായ പൊട്ടിച്ചെടുത്തപ്പോൾ

''വേണേൽ വല്ലോം തിന്നേച്ചും പോ...അപ്പോളേക്കും വെയിലൊന്ന് പതുങ്ങു''മെന്നും പറഞ്ഞ് അമ്മാമ്മ അടുക്കളയിലേക്ക് നടന്നു.

ഇന്നാട്ടിലെ ഒരേയൊരു ചട്ടമുണ്ടുകാരിയാണ്. പതുങ്ങനെ നടത്തത്തിൽ അവർ ഞൊണ്ടുകാലിയും വേഗമേറ്റുമ്പോൾ നൃത്തക്കാരിയും ആയിരുന്നു. നടപ്പിനനുസരിച്ച് മുണ്ടിന്റെ നാവുബാക്കി മൂട്ടിൽ തൂങ്ങിക്കളിക്കുന്നു. കുറ്റിയറ്റുപോയ കഴുത്ത്. ചീർത്ത പോളക്കുള്ളിൽ ഒറ്റവരപോലത്തെ കണ്ണുകൾ. ഒരുമാതിരി പെട്ട ദീനങ്ങളെല്ലാം ആ ദേഹത്ത് കുടിയിരിപ്പുണ്ടെന്ന് ഉറപ്പായിരുന്നു.

പണ്ട് ചന്തയിൽ കുഞ്ഞച്ചായന്റെ കൂടെ പഴങ്ങൾ കച്ചവടം നടത്തിയിരുന്ന കാലത്ത് മുന്തിരി നിറത്തിൽ തുടുത്തുനിൽക്കുന്നൊരു ആനിക്കുഞ്ഞായിരുന്നു. തലപ്പൊക്കമുള്ള കുഞ്ഞച്ചായനെ തൊട്ടുപിടിച്ച് അവർ നടന്നുപോകുമ്പോൾ നാട്ടുകാര് ആനയും തോട്ടിയുമെന്ന് കുന്നായ്മ പറയുകയും ചെയ്തിരുന്നു.

അതിര് തുരക്കാൻ വന്ന ഒരു മാപ്പിളയെ പിള്ള കെയേറ്റം ചെയ്യുമ്പോൾ ഇടയിൽ കയറിയാണ് കുഞ്ഞച്ചായന്റെ ശ്വാസംപോയത്.

തുണയില്ലാതായ അമ്മാമ്മ കരച്ചിലും പിഴിച്ചിലുമായി മൂന്നാലുമാസം കഴിച്ചുകൂട്ടി. പിന്നെ വിശപ്പ് കുത്തിയപ്പോളായിരിക്കണം പിള്ളയുടെ പറമ്പിലാദ്യം, പിന്നെ അടുക്കളയിലും കയറിയങ്ങ് പണി തുടങ്ങി. ഇരുമ്പിന്റെ കൂർപ്പിലേക്ക് പിള്ള മനസ്സറിവോടെ തള്ളിയിട്ടതാണെന്നും പെണ്ണുമ്പിള്ളയെ കെണി വെച്ചു പിടിച്ചതാണെന്നുമൊക്കെ നാട്ടിലൊരു കുശുകുശുപ്പുമുണ്ടായിരുന്നു.

കാര്യങ്ങളുടെ കിടപ്പുവശം ചോദിച്ചറിയാനാണെങ്കിൽ അമ്മാമ്മ കോട്ടവാതിൽ തുറന്നതേയില്ല. മതിൽ ചാടാൻ മാത്രം ചുണ കാട്ടിയ ചില പഴമാങ്ങകളോ സീതപ്പഴമോ പെറുക്കാനായി വരുന്നവർ തെങ്ങിന്റെ മൂട്ടിൽ ചപ്പും ചാമ്പലും ഇടുകയോ വഴിതെറ്റി പടർന്ന കുരുമുളകുകൊടിയെ വിടർത്തിയെടുക്കുകയോ ചെയ്യുന്ന അവരുടെ വിദൂരദൃശ്യം വല്ലപ്പോളും കണ്ടെങ്കിലായി.

കെട്ടിയവനെ കൊലക്ക് കൊടുത്ത മനുഷ്യനുമായെന്ത് ഇടപാടാണുള്ളതെന്ന് അമ്മാമ്മയോട് ചോദിച്ചാലോ എന്ന് ഞാനോലോചിച്ചു.

ധൃതിയിൽ അടുക്കളയിലേക്ക് കേറിയ അമ്മാമ്മ ഓടിപ്പാഞ്ഞു ചെന്ന് അകത്തേക്കുള്ള വാതിൽ അടച്ചു. അകമാണോ പുറമാണോ നാറുന്നതെന്ന് തിരിച്ചറിയാനാവുന്നില്ലായിരുന്നു.

''കുറെയെണ്ണത്തിന് വിഷം കൊടുത്തെന്ന് തോന്നുന്നല്ലോ...''

പപ്പടവട്ടത്തിൽ തഴച്ചുകിടക്കുന്ന പനിക്കൂർക്കയുടെ ഇലമണം പിടിച്ചും ചവച്ചും ഞാൻ പുറംകാറ്റ് കിട്ടുന്ന പാകത്തിൽ അടുക്കളയെ ചാരി നിന്നു.

''ഹേയ്...മുഴുത്ത ഒറ്റയെണ്ണം...''

അവരാദ്യമായി വെളുക്കനെ ചിരിച്ചു.

''ജീവിക്കുന്നോർക്കാണേലും മരണപ്പെട്ടവർക്കായാലും സ്വൽപ്പം സമാധാനമൊക്കെ വേണ്ടേ..! കുറച്ചു നാളായി കെട്ടോ. അതിന്റെ വാടയാ...''



 

കല്ലുടുപ്പിന്റെ തീവായിൽനിന്നും പുറത്തേക്ക് ചാടിയ തടിക്കഷണത്തെ വീണ്ടും തിരുകി കയറ്റിയപ്പോൾ അവരുടെ കണ്ണുകളിൽ കനൽനിറം പാളി മറഞ്ഞു.

ആട്ടക്കാരികളായ തിളക്കുമിളകൾ ഉന്തിത്തള്ളിയിട്ട മൂടി പാതകത്തിലേക്ക് വീഴും മുമ്പ് ചാടിപ്പിടിച്ച് അരിക്കലത്തിന് മീതെ തന്നെ വെച്ച് അവർ ചിരവപ്പുറത്ത് കേറിയിരുന്നു.

കുറച്ച് നാളുകളായി എലി-പല്ലി-പാറ്റാധികളല്ലാതെ ആ പുകമുറിയിൽ മനുഷ്യമണമടിച്ച മട്ടില്ല. ഒരാൾ കണ്ടുനിൽക്കുന്നതിന്റെ രസത്തിൽ നാളികേരമുറിയിൽ കൊഴുപ്പുകൈകൾകൊണ്ട് താളം പിടിച്ച് അവർ ചിന്നംവിളിക്കുന്ന മട്ടിലൊരു ഏമ്പക്കം വിട്ടു.

പിള്ള ഉച്ചക്കും വൈകീട്ടും കഞ്ഞിയും പയറുതോരനും തന്നെയായിരിക്കുമല്ലേ കഴിക്കുന്നതെന്നൊരു കൊച്ചുവർത്തമാനം വായിൽ വന്നതും ''നിനക്ക് അടുക്കളപ്പണി വല്ലോം അറിയാമോടാ ചെറുക്കനേ?'' എന്നവർ ചോദ്യമെറിഞ്ഞു.

അമ്മാമ്മയുടെ വെരിക്കോസ്വെയ്ൻ പിടയ്ക്കുന്ന കാലിലായിരുന്നു എന്റെ നോട്ടം. കൊഴുപ്പുഭരണിയായ മേൽപ്പകുതിക്ക് ചേരാത്തവിധം വടിവണ്ണമുള്ള അവ രണ്ടും മടങ്ങുകയും നിവരുകയും ചെയ്യുമ്പോൾ തുരുമ്പിച്ച ഒച്ചകൾ പുറത്തുവരുന്നെന്ന് തോന്നി.

കിഴിജോസ് നടത്തിയിരുന്ന കേറ്ററിങ് കടയിൽ കുറച്ചുനാൾ പണിത കഥ എരിവും പുളിയും ചേർത്ത് വന്നു കയറിയപ്പോൾ തന്നെ വിസ്തരിച്ച് വിളമ്പിയതാണ്. അപ്പനപ്പൂപ്പന്മാരായി നടത്തിയിരുന്ന സദ്യബിസിനസിൽ ഇലക്കിഴിയിൽ ഒളിപ്പിച്ച ഇറച്ചിപ്പൊറോട്ടയും കുഞ്ഞരി ബിരിയാണിയുമൊക്കെ ചേർത്ത് ജോസ് പൊലിപ്പിച്ചെടുത്തപ്പോഴാണ് പകർച്ചപ്പനികാരണം കടമുടക്കം വന്നത്. പൊറോട്ടയുടെ പരുവത്തിന് കൈയെല്ലാം പാകപ്പെട്ടുവന്നതേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് ദിവസം ആശുപത്രിയിൽ കിടന്നിട്ട് അങ്ങേരങ്ങ് പോയി.

പൊതിച്ചോറ് കെട്ടാൻ ഈ അയ്യത്തീന്നു ജോസെത്ര വാഴയില മോട്ടിച്ചോണ്ടുപോയിട്ടുണ്ടെന്നും നെടുവീർപ്പിട്ടുകൊണ്ടവർ ചൂടുകഞ്ഞിയിൽ തണുത്ത മോരുകറിയൊഴിച്ച് നീട്ടി. അതിന് മീതേക്ക് സ്വൽപ്പം പയറുതോരൻ കുടഞ്ഞിട്ടു.

എന്നിട്ട് പുറത്തേക്ക് ഏന്തിവലിഞ്ഞിറങ്ങി, വാഴയില വെട്ടി, വെള്ളം കുടഞ്ഞെടുത്ത്, മൂന്നാലുവട്ടമതിനെ ഉഴിഞ്ഞു പാകപ്പെടുത്തി. അരിമാവ് കുഴച്ചത് പരത്തിപ്പിടിപ്പിച്ചു. നാളികേരയിതളുകൾ വിതറി. ശർക്കരമധുരമാവോളം പുരട്ടി. ഇലവായ് കൂട്ടിയടച്ച് ഇഡ്ഡലിക്കുട്ടകത്തിലേക്ക് ഇറക്കിവെച്ചു.

''കുഞ്ഞച്ചായന്‌ വൈകീട്ട് ആനിചവുട്ടി മതി.''

ആ പേര് കേട്ടതിന്റെ ഞെട്ടലിൽ മോരുപുളി തലയിലേക്ക് ഇരച്ച് കയറി.

''കേട്ടോ ചെറുക്കാ...പുള്ളിക്കാരൻ ഇലയടക്ക് ആന ചവുട്ടി ന്നാ പറഞ്ഞോണ്ടിരുന്നത്. ഞാനുണ്ടാക്കുമ്പോ ആനിചവുട്ടീന്ന് കളിയാക്കും...മൂന്നുനേരം കൊടുത്താലും കഴിച്ചോളും. ഒരു പരാതീം പറയത്തില്ല...''

അവർ ചിരിച്ചപ്പോൾ ചെവിക്കുഴിയോളം ചുണ്ടിന്റെ അറ്റങ്ങൾ തുഴഞ്ഞുനീങ്ങി.

എന്നോ മണ്ണടിഞ്ഞുപോയ കെട്ടിയവനെ കുറിച്ചുതന്നെയാണ് അവരത് പറഞ്ഞതെന്ന് മനസ്സിലായപ്പോൾ വറ്റ് തൊണ്ടയിൽ കുരുങ്ങി.

നിമിഷനേരംകൊണ്ട് അടുപ്പിൽ വാലുള്ളൊരു പാത്രം കയറിയിരുന്നു. അതിലെ വെള്ളത്തിലേക്ക് ഇഞ്ചിക്കഷണങ്ങൾ വന്നു വീണു. തിളച്ചപ്പോൾ ഒന്ന്, രണ്ട്‌, മൂന്ന്...സ്‌പൂൺ തേയിലപ്പൊടി.

കറുത്തുകുറുകിയപ്പോൾ ഒരു മൊന്ത നിറയെ പാൽ. പതഞ്ഞു പൊങ്ങിയപ്പോൾ മൊന്തക്കുഴിയിലേക്ക് പലവട്ടമുയർത്തിയൊഴിച്ച് കുറുക്കി, കുറുക്കി കൃത്യം ഒരു ഗ്ലാസ് ചായ.

മേശപ്പുറത്ത് ഒരു സ്റ്റീൽ പാത്രത്തിൽ ആവിപറക്കും ആനിയടയും ചായയും വന്നിരുന്നു. തുരുമ്പ് തിന്ന മരക്കൂടിനുള്ളിൽനിന്നും ഒരു പൂപ്പാത്രം തപ്പിയെടുത്ത് അരുമയോടെ അവരത് അടച്ചുവെച്ചു.

ഇനിയിപ്പോ കുഞ്ഞച്ചായന്റെ ആത്മാവ് ശരിക്കും ഇറങ്ങിവന്നതൊക്കെ വയറ്റിലാക്കുന്നുണ്ടാകുമോ എന്നൊരു കൗതുകത്തിൽ ഞാൻ ഉള്ളിലേക്ക് തല നീട്ടി.

''ചെറുക്കാ...നീ പോയി കിളയ്ക്കാൻ തുടങ്ങിക്കോ. ഞാനാണേൽ അങ്ങേർക്കും മുടങ്ങാതെ കഞ്ഞി കൊടുക്കും. എന്നും നേരത്തിന് കിട്ടിയില്ലേൽ കലിയിളകുമേ...''

പാതി തളർന്നുകിടപ്പാണെങ്കിലും തിളച്ച കഞ്ഞിയെടുത്ത് അവരുടെ മുഖത്തേക്ക് ഒഴിക്കാനുള്ള മുറ്റൊക്കെ അങ്ങേർക്കിപ്പോളും കാണുമാരിക്കും.

ഒറ്റക്കു തിരിച്ചുനടക്കുമ്പോളാണ് മരിച്ചവർക്കുള്ള ഭക്ഷണമാണല്ലോ പങ്കിട്ടുകഴിച്ചതെന്ന തോന്നൽ തിക്കുമുട്ടിവന്നത്.

അമ്മാമ്മ വരും മുമ്പ് തെങ്ങിൻച്ചോട്ടിലിരുന്ന് തിന്നതെല്ലാം കമട്ടിക്കളഞ്ഞു.


 03

ഇരുട്ട് മൂത്തുതുടങ്ങിയപ്പോഴേക്കും മുട്ടോളം കുഴി താഴ്ന്നുവന്നു.

കാറ്റ് തിരമാലക്കൈയിലെന്നപോലെ വാടയും താങ്ങിപ്പിടിച്ച് വന്നുംപോയുമിരുന്നു.

എന്തായാലും നാറിയ പണിക്ക് ഇറങ്ങിത്തിരിച്ചു, എന്നാപ്പിന്നെ എലികളുടെ എണ്ണം വെച്ച് പ്രാന്തിത്തള്ളയോട് കണക്ക് പറഞ്ഞു കാശ് മേടിക്കണമെന്ന് വിചാരിച്ച് ആഞ്ഞു കിളച്ചപ്പോൾ മൺവെട്ടി ചതിച്ചു.

തള്ളവിരലറ്റം തെറിച്ചു. ചോര കണ്ടതും പാതി ബോധംപോയി.

''ചോര വീണാലേ മണ്ണ് കനിയൂ...നിധിയെടുക്കുന്നവരുടെ രഹസ്യം അറിയാമ്മേലായോ?''

മദംപൊട്ടിയൊരു കാറ്റിന്റെ കൈയിൽ തൂങ്ങി അമ്മാമ്മയുടെ ഉടൽ കുഴിയിലേക്കിറങ്ങിവന്നു.

''കുഞ്ഞച്ചായന്റെ വരവും പോക്കും ഇത് വഴിയാന്നേ...ഒരു ദിവസം പാതിരാക്ക് എന്നെ വിളിച്ചിറക്കി കൊണ്ട് വന്ന് അടയാളം വെച്ച് കാണിച്ചു തന്നതാ...''

ആരോ അമ്പ് എയ്തപോലെ ഒരു കൂട്ടം ഇരുട്ടുപക്ഷികൾ മരങ്ങൾക്കിടയിലൂടെ ഊളിയിട്ട് പോയി.

മടിച്ചുമടിച്ച് വാ തുറക്കുന്ന നിലാവെട്ടത്തിൽ അവരുടെ ഉടുപ്പിന്റെ നിറവെളുപ്പ് തെളിഞ്ഞുവരുന്നതും മാഞ്ഞുപോകുന്നതും കണ്ടു.

മൺവെട്ടികൊണ്ട് വീശുമ്പോൾ അവരുടെ കിതപ്പ് വിചിത്രമായൊരു ഒച്ചയായി വളർന്നു.

കാലിനടിയിലെ മണ്ണ് പറഞ്ഞുറപ്പിച്ചപോലെയാണ് ചിതറിമാറിയത്.

കുഴിക്കുള്ളിൽ ചെറുവട്ടത്തിൽ ഒരു ആഴക്കുഴിയുണ്ടായി. അതിനുള്ളിലേക്ക് അവരുടെ തുമ്പിക്കൈ നീണ്ടുപോയി.

ഞാൻ വിറയലോടെ മൊബൈലിന്റെ വെട്ടം നീട്ടി.

കിതപ്പ് കെട്ടപ്പോൾ തറയിൽ കുത്തിയിരുന്ന് അവർ ഒരു കുടത്തെ കഴുത്തിൽ തൂക്കി പൊക്കിയെടുത്തു.

''കേട്ടോ ചെറുക്കാ...നിന്റപ്പന് കുഴിച്ചോണ്ടിരിക്കാനേ യോഗമുണ്ടായുള്ളൂ...''

അവർ കുടത്തിന്റെ തുണിയഴിച്ച്, മണ്ണടപ്പ് വലിച്ചൂരി മുന്നിലേക്ക് തട്ടിയിട്ടു. സ്വർണത്തിളക്കമാണ് ആദ്യം കണ്ണിൽ വന്ന് കുത്തിയത്. ദ്രവിച്ച റബർബാൻഡിന്റെ കുരുക്കിൽ പെട്ട് ചുരുണ്ടിരുണ്ടുപോയ കുറെ നോട്ടുകൾ.

കാലുകൾ മണ്ണിലുറയ്ക്കാതെ കുഴിഞ്ഞുകുഴിഞ്ഞ് പോകുന്ന വിചിത്രസ്വപ്നത്തിൽ നിന്നും പുറത്തുകടക്കാനുള്ള വെപ്രാളത്തിൽ കാട്ടുവേരിൽ കൈയെത്തിപ്പിടിച്ചു.

''ഇനി പോയി മണ്ണിട്ട് മൂടാനുള്ളതും കൂടെ എടുത്തേച്ച് വാ...''

അവർ വീടിന് നേരെ വിരൽ ചൂണ്ടിയപ്പോൾ മുറവട്ടത്തിൽ നിലാവ് തലക്ക് ചുറ്റും ചിറക് വിടർത്തി.

ഓരോ വാതിൽ തുറക്കുമ്പോഴും തലക്കടിക്കുംപോലെ നാറ്റം ഇരച്ചുവന്നു.

അകമുറിയിലേക്കുള്ള വഴിയിൽ നിറയെ പാത്രങ്ങൾ നിരത്തിവെച്ചിരുന്നു.

അമ്മാമ്മ പല ദിവസങ്ങളിലായി പിള്ളക്കായി വിളമ്പിക്കൊടുത്ത കഞ്ഞിയിലും തോരനിലും പുളഞ്ഞുനടക്കുന്നുണ്ട് കണക്കില്ലാതെ പെരുകിയ പുഴുക്കളും പാറ്റകളും. പോരാത്തതിന്, ചാവാൻ കൂട്ടാക്കാത്ത മുട്ടൻ എലികളും.

ആളനക്കം കണ്ടപ്പോൾ അവറ്റകൾ അത്യുത്സാഹത്തോടെ എലിവിഷം തിന്ന് പുഴുത്തുപോയ പിള്ളയുടെ മുറിയിലേക്കുള്ള വഴി കാണിച്ചുതന്നു.

l

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT
access_time 2024-10-28 05:30 GMT