എഴുത്തുജീവിതത്തിലും വ്യക്തിജീവിതത്തിലും സ്നേഹവും കരുതലുമായി നിറഞ്ഞ നാലു പേരെക്കുറിച്ച് ഒാർമിക്കുന്നു. ജീവിതത്തിൽ പലതരം സ്വാധീനങ്ങളുളവാക്കി, സാംസ്കാരിക രംഗത്തിന് തന്നെ നഷ്ടവും ശൂന്യതയും നിറച്ച് വിടവാങ്ങിയ ഉറ്റ സുഹൃത്തുക്കളെയും അവരോടൊത്തുള്ള നിമിഷങ്ങളെയും കുറിച്ച് എഴുതുന്നു.ഇങ്ങനെയൊന്ന് എഴുതേണ്ടിവരുമെന്നോർത്തതല്ല. അക്ഷരയാത്രയിൽ എന്നോടൊപ്പമുണ്ടായിരുന്ന ഏറ്റവും അടുത്തുള്ള നാലു കൂട്ടുകാരെക്കുറിച്ചുള്ള...
എഴുത്തുജീവിതത്തിലും വ്യക്തിജീവിതത്തിലും സ്നേഹവും കരുതലുമായി നിറഞ്ഞ നാലു പേരെക്കുറിച്ച് ഒാർമിക്കുന്നു. ജീവിതത്തിൽ പലതരം സ്വാധീനങ്ങളുളവാക്കി, സാംസ്കാരിക രംഗത്തിന് തന്നെ നഷ്ടവും ശൂന്യതയും നിറച്ച് വിടവാങ്ങിയ ഉറ്റ സുഹൃത്തുക്കളെയും അവരോടൊത്തുള്ള നിമിഷങ്ങളെയും കുറിച്ച് എഴുതുന്നു.
ഇങ്ങനെയൊന്ന് എഴുതേണ്ടിവരുമെന്നോർത്തതല്ല. അക്ഷരയാത്രയിൽ എന്നോടൊപ്പമുണ്ടായിരുന്ന ഏറ്റവും അടുത്തുള്ള നാലു കൂട്ടുകാരെക്കുറിച്ചുള്ള ഓർമക്കുറിപ്പാണിത്. നാലുപേരും ഓരോ സന്ദർഭത്തിൽ അവിചാരിതമായി വിടപറഞ്ഞുപോകുകയായിരുന്നു. സാഹിത്യത്തിൽ ഏറെ താൽപര്യമുള്ളവരും സാഹിത്യത്തോട് അത്രയൊന്നും ആഭിമുഖ്യമില്ലാത്തവരുമായിരുന്നു അവർ. ഇതിൽ രണ്ടുപേർ മലയാള സാഹിത്യത്തിലെ പുതു തലമുറയിലെ ഏറ്റവും ശ്രദ്ധേയരായവരായിരുന്നു. മറ്റു രണ്ടുപേരിലൊരാൾ പുസ്തക വിൽപന കേന്ദ്രത്തിൽ ജോലി ചെയ്യുന്നയാളും മറ്റേയാൾ കോഫി ബോർഡിലെ ഉന്നത ഉദ്യോഗസ്ഥനുമായിരുന്നു. ആദ്യത്തെ രണ്ടുപേർ എനിക്ക് എഴുത്തിനോട് താൽപര്യം തുടങ്ങിയ കാലത്ത് ബന്ധപ്പെട്ടവരാണ്. പുസ്തകവിതരണ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുഹൃത്ത് ഞാൻ സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്ത് എന്റെ ആഭിമുഖ്യം മനസ്സിലാക്കി സൗഹൃദത്തിലായ ആളാണ്. നാലാമത്തെ സുഹൃത്ത് എന്റെ കുട്ടിക്കാലം തൊട്ട് എന്റെ അഭിരുചികൾക്കൊത്ത് എപ്പോഴും നിൽക്കുന്ന അയൽവാസിയായ ബാല്യകാല സുഹൃത്ത്. ഒരു മറയുമില്ലാത്ത ബന്ധമാണ് ഞങ്ങൾ തമ്മിലുണ്ടായിരുന്നത്. സൗഹൃദം എത്രത്തോളം ഗാഢവും തീവ്രവുമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് ഈ സുഹൃത്ത് എന്റെ ജീവിതത്തിന്റെ ഭാഗമായതോടെയാണ്. മാത്രവുമല്ല, ആത്മാർഥതയും സത്യസന്ധതയും എന്തായിരിക്കണമെന്ന് എന്നെ പല സന്ദർഭങ്ങളിലും ബോധ്യപ്പെടുത്തിയ ചങ്ങാതികൂടിയായിരുന്നു ഇയാൾ. ശ്രീധരൻ എന്ന സുഹൃത്ത് എനിക്കറിയാത്ത ഒരു ലോകത്തിലേക്ക് എന്നെ എപ്പോഴും കൂട്ടിക്കൊണ്ടുപോയി. അവനോടൊപ്പമുള്ള യാത്രകൾ എന്നും എനിക്ക് ആഹ്ലാദകരമായിരുന്നു.
ജി.കെ. ശ്രീധരൻ
അത്രയൊന്നും സാമ്പത്തികാടിത്തറയില്ലാത്ത കൂട്ടുകുടുംബത്തിലാണ് ശ്രീധരൻ ജനിച്ചത്. അവന്റെ അച്ഛന് ആറ് മക്കളാണുള്ളത്. അതിൽ രണ്ടാമത്തെ മകനാണ് ശ്രീധരൻ. അച്ഛന് കല്ല് ചെത്തുന്ന അത്രയൊന്നും വരുമാനമില്ലാത്ത ജോലിയാണ് ഉണ്ടായിരുന്നത്. പല ദിവസങ്ങളിലും ജോലിയുമുണ്ടാകില്ല. വീട്ടിലെ മറ്റുള്ളവരെ ആശ്രയിച്ചു കഴിയേണ്ട ഒരവസ്ഥയായിരുന്നു. ഞങ്ങൾ ഒന്നിച്ചാണ് സ്കൂളിൽ പോയിരുന്നത്. അപ്പോഴൊക്കെ ചുറ്റുമുള്ള കാര്യങ്ങളും ലോകവിവരങ്ങളും എനിക്ക് പറഞ്ഞുതരിക ശ്രീധരനാണ്. കാലത്ത് സ്കൂളിൽ പോവുമ്പോൾ അവൻ എന്തെങ്കിലും കഴിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഉച്ചക്ക് ഒന്നും കഴിക്കാറില്ല. വൈകീട്ട് ഞങ്ങൾ ഒന്നിച്ചു മടങ്ങും. മിക്ക ദിവസങ്ങളിലും ഞാനവനെ നിർബന്ധിച്ചു വീട്ടിലേക്ക് കൊണ്ടുപോകും. അമ്മ രണ്ടു പേർക്കും ഭക്ഷണം എടുത്തുവെച്ചിട്ടുണ്ടാകും. അക്കാലത്താണ് എനിക്ക് വായനയോട് അതിതീവ്രമായ ആഭിമുഖ്യമുണ്ടാവുന്നത്. ശ്രീധരൻ പഠിക്കാൻ മിടുക്കനായിരുന്നിട്ടും മറ്റു വായനകളോട് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. എന്നാൽ മിക്ക ദിവസങ്ങളിലും എന്റെ കൂടെ വായനശാലയിലേക്ക് വരും. എന്തെല്ലാമോ ചിലത് ഞാൻ എഴുതാൻ തുടങ്ങുന്ന കാലമായിരുന്നു അത്. അത് കഥയാണോ കവിതയാണോ എന്നൊന്നും ഒരുറപ്പുമില്ല. എഴുതിയതെല്ലാം ആദ്യം വായിച്ചു കേൾപ്പിക്കാറുള്ളത് ശ്രീധരനെയാണ്. സാഹിത്യത്തോട് ഒരു താൽപര്യവുമില്ലാതിരുന്നിട്ടും, എന്നോടുള്ള സ്നേഹം കാരണം ഒട്ടും വിമുഖതയില്ലാതെ അവനതെല്ലാം കേട്ടിരിക്കും. എന്റെ കഥക്ക് ആദ്യമായി ഒരു സമ്മാനം കിട്ടിയപ്പോൾ അത് വാങ്ങാൻ ഞങ്ങളൊരുമിച്ചാണ് പോയത്. സമ്മാനത്തുക ഉപയോഗിച്ച് ഞങ്ങൾ നാലു കസേരകൾ വാങ്ങി. അവയിൽ രണ്ടെണ്ണം ശ്രീധരന് കൊടുത്തു. പിന്നീട് ജോലി കിട്ടിപ്പോവുന്നതുവരെ അതിലിരുന്നാണ് അവൻ പഠിച്ചത്. അവൻ പോയപ്പോഴാണ് സൗഹൃദം എത്ര മൂല്യവത്താണെന്നും തൽക്കാലത്തേക്കെങ്കിലും ഇല്ലാതാവുന്ന എന്റെ ശൂന്യതയുടെ ഭാരം എന്താണെന്നും ഞാനറിഞ്ഞത്. അത് നികത്തിയത് നിരന്തര വായനയിലൂടെയായിരുന്നു. അവന്റെ വീടും സ്ഥലവും, കൂട്ടുകുടുംബത്തിലെ ഒരംഗം വരുത്തിയ സാമ്പത്തിക ബാധ്യതകാരണം കോടതി ഉത്തരവനുസരിച്ച് മറ്റൊരാൾക്ക് പണയമായി മാറിയിരുന്നു. ശമ്പളം കിട്ടിത്തുടങ്ങിയപ്പോൾ പണം ഗഡുക്കളായി കൊടുത്ത് ശ്രീധരൻ സ്ഥലം വീണ്ടെടുക്കുകയാണുണ്ടായത്. കോഫി ബോർഡിന്റെ കുടക് ഓഫിസിലാണ് അവന് ആദ്യമായി നിയമനം കിട്ടുന്നത്. പിന്നീട് മാനന്തവാടിയിലേക്ക് മാറി. ശ്രീധരന്റെ ക്ഷണമനുസരിച്ചാണ് ഞാൻ ആദ്യമായി കുടകിലേക്കും പിന്നെ വയനാട്ടിലേക്കും പോകുന്നത്. എവിടെയാകുമ്പോഴും അവൻ ആദ്യമായി അന്വേഷിക്കുക എന്റെ എഴുത്തിന്റെ വിശേഷങ്ങളാണ്. കഥകൾ വരുന്ന പ്രസിദ്ധീകരണത്തെക്കുറിച്ചറിയിച്ചാൽ മതി. അവനത് വായിക്കണമെന്നില്ല. പുസ്തകങ്ങളുടെ ആദ്യപ്രതി ഒപ്പിട്ട് അവന് കൊടുക്കാറുണ്ട്. അവ വായിച്ചുവെന്ന് അവൻ ഇതുവരെ പറഞ്ഞിട്ടില്ല. ഞാൻ ചോദിച്ചിട്ടുമില്ല. എന്നാൽ 'തക്ഷൻകുന്ന് സ്വരൂപ'ത്തിന്റെ ആദ്യപ്രതി അവന് ഒപ്പിട്ടുകൊടുത്തു. പതിവിന് വിപരീതമായി അവൻ അതു വായിച്ചു. മറ്റുള്ളവരോട് വായിക്കാനും പറഞ്ഞു. വയലാർ അവാർഡ് ലഭിച്ചപ്പോൾ നാട്ടിലുള്ള മിക്ക ആളുകളോടും അവൻ വിളിച്ചറിയിക്കുകയുണ്ടായി. അപ്പോഴേക്കും ശ്രീധരൻ ജോലിയിൽനിന്ന് വിരമിച്ചു നാട്ടിലെത്തിയിരുന്നു. അവൻ നാട്ടിലെത്തിയപ്പോഴാണ് ജന്മനാട്ടിൽ തന്നെ ഒരു വീട് വെക്കാനുള്ള താൽപര്യം എനിക്കുണ്ടാവുന്നത്. ആ വീടിന്റെ ജോലിയിൽ എന്നെ പൂർണമായും സഹായിച്ചതും ശ്രീധരനായിരുന്നു. വീട് പൂർത്തിയായപ്പോൾ സന്തോഷിച്ചതും അവൻ തന്നെ. ഞാൻ വീട്ടിലെത്തുമ്പോൾ അപ്പോൾ തന്നെ എന്റെ അടുത്തേക്ക് വരും. അവന് പറയാനുള്ളത് പറയും. ഞാനും അതേപോലെ വാചാലനാവും. എനിക്കേറെയും പറയാനുണ്ടായത് പത്രത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും മാത്രമാണ്. അവനതിലൊന്നിലും താൽപര്യമില്ലെങ്കിലും അതെല്ലാം കേട്ടിരിക്കും. ഒരുപക്ഷേ, മറ്റാരുമായും പങ്കുവെക്കാൻ പാടില്ലാത്ത വിഷയങ്ങൾ അതല്ലെങ്കിൽ മനസ്സിനേറെ സമ്മർദമുണ്ടാക്കുന്ന പ്രശ്നങ്ങൾ അവനുമായി പങ്കുവെക്കുന്നതിലൂടെ എനിക്ക് ഏറെ സമാശ്വാസമുള്ളതായും തോന്നിയിരുന്നു.
ഒരു പ്രാവശ്യം നാട്ടിൽ ചെന്നപ്പോൾ എന്റെ അടുത്തേക്ക് വന്ന് അവൻ പറഞ്ഞു: ''ഇപ്പോൾ എനിക്ക് മറവി വളരെ കൂടുതലാണ്. മിനിഞ്ഞാന്ന് പെൻഷന് വാങ്ങിയ പണം വീട്ടിലെത്തിയപ്പോൾ എവിടെയോ വെച്ചുമറന്നു. പിന്നെ ഒരിടത്തും കണ്ടെത്തിയില്ല. ഇന്നലെ ടീപ്പോയിന് മുകളിലെ കടലാസിനടിയിൽനിന്നുമാണ് അത് കണ്ടെടുത്തത്. വല്ലാത്തൊരു മറവിതന്നെ.''
സ്വാഭാവികമായ മറവിയാണ് അതെന്ന് ഞാൻ കരുതി. ബുദ്ധിമാന്മാർക്ക് ഇത്തരത്തിലുള്ള മറവികൾ കൂടുതലാണെന്ന് കേട്ടിരുന്നു. എന്നാൽ പിന്നീടൊരിക്കൽ നാട്ടിൽ ചെന്നപ്പോൾ അവൻ മറ്റൊരു മറവിയെക്കുറിച്ചാണ് പറഞ്ഞത്. മക്കളുടെ പേരുകൾ ഇടക്ക് മറന്നുപോവുന്നു. അതെന്നെ ഉത്കണ്ഠപ്പെടുത്തി. അത്ര നിസ്സാരമല്ല കൂടെക്കൂടെ ഉണ്ടാവുന്ന മറവിയെന്ന് എനിക്ക് തോന്നി. ഇക്കാര്യം ശ്രീധരന്റെ ഭാര്യയോട് ഞാൻ ചെറുതായൊന്നു സൂചിപ്പിക്കുകയും ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പെട്ടെന്നൊരുനാൾ ശ്രീധരെൻറ അനുജൻ വിളിച്ചു പറഞ്ഞു:
''ഏട്ടനെ ആശുപത്രിയിലാക്കിയിരിക്കുന്നു. കാലത്ത് മുതൽ മുറിയിലാകെ ഫിനോയിലിന്റെ മണമുണ്ടെന്ന് പറയുന്നുണ്ടായിരുന്നു. മുറിയിൽ ഫിനോയിൽ ഉപയോഗിച്ചിരുന്നില്ല. അതു കഴിഞ്ഞപ്പോൾ ബോധക്ഷയവുമുണ്ടായി. അതാണ് ആശുപത്രിയിലാക്കാൻ കാരണം.''
അതു കേട്ടപ്പോൾ പെട്ടെന്നെനിക്ക് ഭീതിയാണ് തോന്നിയത്. അതിന്റെ കാരണം സി.ജെ. തോമസിന്റെ മരണത്തെക്കുറിച്ച് എൻ.പി. മുഹമ്മദ് മുമ്പു പറഞ്ഞ ഒരു കാര്യം ഓർമയിൽ വന്നതാണ്. സി.ജെ. തോമസ് മസ്തിഷ്കാർബുദം ബാധിച്ചാണ് മരിച്ചത്. മരണത്തിന് കുറേ നാൾ മുമ്പ് എവിടെയോ നിന്ന് മണ്ണെണ്ണയുടെ ഗന്ധം മൂക്കിലേക്കടിച്ചുകയറിയെന്നു തോന്നിയേത്ര. അവിടെയൊന്നും ഒരു തുള്ളി മണ്ണെണ്ണ ഉണ്ടായിരുന്നില്ല. മസ്തിഷ്കത്തിന് അർബുദം ബാധിച്ചാൽ ചിലപ്പോൾ പലതരം ഗന്ധങ്ങൾ അനുഭവപ്പെടുമെന്നും എൻ.പി സൂചിപ്പിച്ചു. എന്റെ സുഹൃത്തിനും അതേ അവസ്ഥ തന്നെയായിരിക്കുമോ എന്ന ആശങ്കയാണ് എന്നിലേക്ക് കടന്നുവന്നത്. പിന്നീട് മറ്റൊരു പ്രമുഖ ആശുപത്രിയിൽ കൂട്ടുകാരനെ പ്രവേശിപ്പിച്ചപ്പോൾ അവർ അത് സ്ഥിരീകരിക്കുകയും ചെയ്തു.
ശ്രീധരന്റെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാവുകയായിരുന്നു. തലക്ക് ശസ്ത്രക്രിയ ചെയ്തിട്ടും വലിയ മാറ്റമുണ്ടായില്ല. ഞാൻ നാട്ടിലെത്തുമ്പോൾ എന്നെ കണ്ടയുടനെ വാചാലനാവുമായിരുന്ന സുഹൃത്ത് പിന്നെ പിന്നെ മൗനത്തിലേക്ക് പോവുന്നതാണ് കണ്ടത്. എത്ര പെട്ടെന്നാണ് രോഗം ഒരാളുടെ അവസ്ഥയെ മാറിമറിക്കുന്നത്? ഒട്ടും താൽപര്യമില്ലാതിരുന്നിട്ടും, എന്റെ സന്തോഷത്തിനു വേണ്ടി എന്റെ ഏറ്റവും നല്ല േശ്രാതാവായി മാറിയ ഒരു കൂട്ടുകാരൻ. എന്റെ പൊറുതികേടുകളെല്ലാം ഒരു മറയും കൂടാതെ പറയാൻ കഴിയുന്ന ഒരു കൂട്ടുകാരൻ. അവന്റെ മൗനം കണ്ടുകണ്ടിരിക്കെ ഞാൻ അനുഭവിച്ചിരുന്ന ഇത്തരം സ്വാസ്ഥ്യങ്ങൾ എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണെന്ന് മനസ്സിലായി. വിശ്വസിക്കാൻ കഴിയുന്ന ഒരു സുഹൃത്ത് നഷ്ടപ്പെടുന്നു. എന്റെ അക്ഷരയാത്രയിൽ എനിക്ക് തന്ന കരുത്തുറ്റ ബലമായി നിന്നിരുന്ന ഒരു ചങ്ങാതി.
ആർ.വി. കുമാരൻ
ആർ.വി എന്ന ആർ.വി. കുമാരനെ പിൽക്കാലത്ത് കാണുമ്പോഴൊക്കെ ഞാൻ തമാശയോടെ ഓർക്കാറുള്ള ഒരു കാര്യമുണ്ട്. എന്റെ ഒരു കഥ വേണമെന്നാവശ്യപ്പെട്ട് ആദ്യമായി എന്നെ സമീപിച്ച 'പത്രാധിപർ'. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് എട്ടാം ക്ലാസിൽ പഠിക്കുന്ന ആർ.വി. കുമാരൻ എന്ന വിദ്യാർഥി ഒരു കഥ വേണമെന്നാവശ്യപ്പെട്ട് സമീപിക്കുന്നത്. നാട്ടിലെ ഒരു കൈയെഴുത്തു മാസികയുടെ പത്രാധിപരാണേത്ര അവൻ. ആർ.വി. കുമാരനും ശ്രീധരനും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഞാനെന്തൊക്കെയോ കുത്തിക്കുറിക്കാറുണ്ടെന്നും, അത് കഥയായിരിക്കുമെന്നും കരുതി ശ്രീധരനാണ് ഞാൻ കഥ എഴുതാറുള്ള കാര്യം ആർ.വിയോട് പറഞ്ഞത്. അവരുടെ മുമ്പിൽ വലിയൊരു എഴുത്തുകാരനായി മാറിയിരുന്നു. അവന്റെ ആവശ്യം നിരാകരിക്കാൻ തുനിഞ്ഞില്ല. ഞാൻ എഴുതിയ എന്തോ ഒന്ന് കൈയെഴുത്തു മാസികയിൽ ചേർക്കാൻ കൊടുത്തു. ആർ.വിയും ഞാനും തമ്മിലുള്ള സൗഹൃദം അന്നു തുടങ്ങിയതാണ്. കലയോടും സാഹിത്യത്തോടും വളരെ താൽപര്യമുള്ള ഒരാളാണ് അവനെന്ന് ഞാൻ മനസ്സിലാക്കി. അത്രയൊന്നും തമാശ വഴങ്ങാത്ത എന്നോട് കൂടെക്കൂടെ അവൻ തമാശ പറഞ്ഞുകൊണ്ടിരുന്നു. തിക്കോടിക്കടുത്ത് നന്തിയിലാണ് അവന്റെ വീട്. വീട്ടിൽ അമ്മയും മകനും മാത്രം. അമ്മ രാത്രിയും പകലും ചൂടി പിരിച്ചു ജീവിതം പുലർത്തുന്നു. ജീവിതത്തിൽ ഒരുപാട് പ്രാരബ്ധങ്ങളും ഇല്ലായ്മകളും ഉണ്ടായിട്ടും അതൊന്നും ഗൗനിക്കാതെ പുസ്തകവായനയിലൂടെ തന്റെ ശൂന്യതയെ മറക്കാൻ അവൻ ശ്രമിക്കുകയാണ്. എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായതോടെ അവൻ എന്റെ വീട്ടിലും വന്നുതുടങ്ങി. അമ്മക്കും അച്ഛനും അവനെ ഇഷ്ടമായിരുന്നു. ശ്രീധരനെപ്പോലെത്തന്നെ അവർ അവനെയും കരുതി. അമ്മയും അവനെ വിളിച്ചത് ആർ.വി എന്നായിരുന്നു. അവനും ഞങ്ങളുടെ വീട്ടിലെ ഒരംഗമായി. സാമ്പത്തിക ബുദ്ധിമുട്ടു കാരണം പത്താം ക്ലാസിനപ്പുറം പോകാൻ ആർ.വിക്ക് കഴിഞ്ഞില്ല. നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ അവൻ സജീവമായിത്തുടങ്ങി. ഞാൻ കോളജിൽ ചേർന്നിട്ടും അവനുമായുള്ള ബന്ധം തുടർന്നുകൊണ്ടേയിരുന്നു. ആഴ്ചയുടെ അവസാനം നാട്ടിൽ വരുമ്പോൾ ചില ദിവസങ്ങളിൽ അവന്റെ വീട്ടിലേക്ക് പോകും. തൊട്ടപ്പുറത്തുള്ള കടപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി എന്റെ കഥകൾ വായിപ്പിക്കും. കഥ മോശമാണെങ്കിൽ പറയും, ''അതു കീറി കടലിലെറിഞ്ഞേക്ക്.'' നന്നെങ്കിൽ പറയും, ''നമുക്ക് കടൽക്കാറ്റിൽ ആകാശത്തേക്ക് പറത്തിവിടണം.''
പിന്നീട് ഞാൻ പത്രപ്രവർത്തകനായപ്പോഴാണ് ഞാനും ആർ.വിയും എന്റെ സഹോദരനും ചേർന്ന് വടകരയിൽ പുസ്തകശാല ആരംഭിച്ചത്. പുനത്തിൽ കുഞ്ഞബ്ദുള്ള ഈ സംരംഭത്തിൽ ഞങ്ങളെ സഹായിച്ചിരുന്നു. ആർ.വിയായിരുന്നു പുസ്തകശാല മാനേജർ. പുസ്തകശാല നല്ല നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി. അതിനിടയിലാണ് കോഴിക്കോട്ടെ പി.കെ ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ അക്ബർ കക്കട്ടിലും ഹാഫിസ് മുഹമ്മദും ചേർന്ന് മലയാളം പബ്ലിക്കേഷൻസ് ആരംഭിക്കുന്നത്. പുതിയ കഥാകൃത്തുക്കളുടെ രചനകൾ ഉൾപ്പെടുത്തി 'പ്രതിഭാസംഗമം' എന്ന പേരിൽ സി.എച്ച്. ഹരിദാസ് ഒരു കഥാസമാഹാരം പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. അതിന്റെ തയാറെടുപ്പുകൾ മുഴുവൻ പൂർത്തിയായി. അതിനിടയിലാണ് സി.എച്ച്. ഹരിദാസ് അകാലത്തിൽ മരണമടയുന്നത്. 'പ്രതിഭാസംഗമ'ത്തിലെ പ്രസാധന ഉത്തരവാദിത്തം അക്ബർ കക്കട്ടിലും ഹാഫിസും ഏറ്റെടുക്കുകയാണ്. അവർക്ക് കാര്യപ്രാപ്തിയുള്ള ആർ.വിയെ വിട്ടുകൊടുക്കാമോ എന്ന് അക്ബർ എന്നോട് അന്വേഷിച്ചു. ആർ.വിക്കും ഭാവിയിൽ പുതിയ മേഖല നന്നായിരിക്കുമെന്ന് കരുതി ഞാനും സമ്മതം കൊടുത്തു. മലയാളം പബ്ലിക്കേഷൻസ് ധാരാളം നല്ല പുസ്തകങ്ങൾ പുറത്തിറക്കി. ലോകസാഹിത്യത്തിൽ തന്നെ വിസ്മയമായ 'പെേഡ്രാപരാമ' അടക്കമുള്ള വ്യത്യസ്തങ്ങളായ പുസ്തകങ്ങൾ മലയാളം പബ്ലിക്കേഷൻസിേന്റതായിട്ടുണ്ട്. പുസ്തകപ്രസാധനത്തിന്റെ സൗന്ദര്യപരമായ അംശങ്ങൾ കൃത്യമായി പാലിച്ചുതന്നെ അതിന്റെ വിപണനസാധ്യത വർധിപ്പിക്കാനും ആർ.വി ഏറെ ശ്രദ്ധിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ എഴുത്തുകാർ തമ്മിലും ആർ.വി നല്ല സൗഹൃദം പുലർത്തി. അതിനിടയിൽ വ്യക്തിജീവിതത്തിലുണ്ടായ ദുരന്തങ്ങൾ അവനെ വല്ലാതെ അസ്വസ്ഥനാക്കി. അമ്മയുടെ ആകസ്മികമായ മരണവും മകന്റെ മാനസികരോഗവും തുടർന്നുള്ള ആത്മഹത്യയും ആർ.വിയുടെ ജീവിതത്തിലെ ദുരന്താനുഭവങ്ങളായിരുന്നു. എല്ലാ കാര്യങ്ങളെയും തമാശയോടെ കണ്ടിരുന്ന എന്റെ കൂട്ടുകാരൻ പെട്ടെന്നുതന്നെ ഗൗരവക്കാരനായി. പുസ്തകവായനക്കും പഴയ ശീലങ്ങളിലേക്ക് അവനെ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ല. അതിനിടെ ശ്വാസകോശസംബന്ധമായ രോഗവും അവനെ ബാധിച്ചിരുന്നു. പരിശോധിച്ച ഡോക്ടർ, ഏതവസരത്തിലും ഒടുങ്ങാൻ ഇടയുള്ള തന്റെ ജീവിതത്തെക്കുറിച്ചുള്ള മുന്നറിയിപ്പും അവന് കൊടുത്തു. പിന്നീട് ഞാൻ കാണുമ്പോഴൊക്കെ ഒരു ദീർഘയാത്രക്ക് വേണ്ടിയുള്ള തയാറെടുപ്പുകൾ എടുത്ത ഒരാളുടെ ഭാവത്തിലായിരുന്നു അവൻ. എന്റെ രചനകൾ ആനുകാലികങ്ങളിൽ വരുമ്പോഴും എന്റെ പുതിയ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴും ആദ്യമായി എന്നോട് കഥ ചോദിച്ച പത്രാധിപരെ തൊട്ടുകാണിച്ച് ഞാൻ പറയുമ്പോൾ മുമ്പത്തെപ്പോലെ തമാശയോടെ ചിരിക്കാൻ അവൻ മറന്നുപോയി. ഒരുതരം നിർവികാരതയുടെ തലത്തിൽ അവൻ എത്തിയിരുന്നു. എന്റെ അക്ഷരയാത്രയിൽ എന്നെ നിരന്തരം േപ്രാത്സാഹിപ്പിച്ച ആർ.വി എന്ന സുഹൃത്ത് അഗാധമായ മൗനത്തിലേക്ക് പോവുകയാണെന്ന കടുത്ത യാഥാർഥ്യം ഞാൻ ദുഃഖത്തോടെ തിരിച്ചറിഞ്ഞു.
ടി.വി. കൊച്ചുബാവ
ഒരു കാറ്റുപോലെ അതിവേഗതയിലാണ് മധ്യാഹ്നം കഴിഞ്ഞുള്ള ഒരുദിവസം അവൻ വാരികയുടെ ഓഫിസിലേക്ക് വന്നതെന്ന് ഞാൻ തിരിച്ചറിയുന്നു. ഞാനപ്പോൾ ആ ആഴ്ച പുറത്തിറങ്ങേണ്ട വാരികയുടെ ലേഔട്ട് വരച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിടെ അപ്പോൾ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മെലിഞ്ഞു പൊക്കം കൂടി അൽപം മുമ്പോട്ടേക്ക് വളഞ്ഞ അവൻ നേരെ മേശക്കടുത്തേക്ക് വന്ന് മുഴക്കമുള്ള ശബ്ദത്തിൽ സ്വയം പരിചയപ്പെടുത്തി. ''ഞാൻ ടി.വി. കൊച്ചുബാവ.''
വായിച്ചു ഏറെ പരിചിതനായ ഞാൻ ആളെ മാത്രം കണ്ടിരുന്നില്ല. കൊച്ചുബാവക്ക് മാതൃഭൂമി വിഷുപ്പതിപ്പിന് സമ്മാനം കിട്ടിയ കഥ തൊട്ട് എല്ലാം ഞാൻ വായിച്ചിട്ടുണ്ട്. ബാലപംക്തിയിൽ ഒരുകാലത്ത് കൊച്ചുബാവ നിറഞ്ഞുനിന്നിരുന്നു. അക്ബർ കക്കട്ടിൽ, ഹിരണ്യൻ, എൻ.ടി. ബാലചന്ദ്രൻ എന്നിവരും അക്കാലത്ത് മാതൃഭൂമിയിൽ പതിവായി എഴുതിയിരുന്നു. ബാലപംക്തിയിലൊന്നും ഞാൻ എഴുതിയിരുന്നില്ലെങ്കിലും അവയെല്ലാം മുടങ്ങാതെ വായിക്കുമായിരുന്നു. ടി.വി. കൊച്ചുബാവയുമായി അന്നു തുടങ്ങിയ സൗഹൃദമാണ്. അകാലത്ത് അവൻ മറഞ്ഞുപോകുന്നതുവരെ സൗഹൃദം ഒരേതരം ഊഷ്മളതയോടെ ഞങ്ങളെ ബന്ധിപ്പിച്ചുകൊണ്ടിരുന്നു. പലരുമായി പെട്ടെന്നു പിണങ്ങുന്ന ഒരു സ്വഭാവ സവിശേഷത അവനുണ്ടായിരുന്നു. ആരുടെയും ഔന്നത്യം പെട്ടെന്നവൻ അംഗീകരിക്കുകയുമില്ല. ദശകങ്ങൾ നീണ്ട ഞങ്ങളുടെ സൗഹൃദത്തിനിടയിൽ ഒരിക്കൽപോലും മുറിവേൽക്കുന്ന ഒരു വാക്കും ഞങ്ങൾക്കിടയിൽ ഉയരുകയുണ്ടായില്ല. ആരുടെ മുമ്പിലും ഔന്നത്യം കാണിക്കാൻ ഞാനിഷ്ടപ്പെടാത്തതുകൊണ്ടാകണം, അതിനെച്ചൊല്ലിയും അവന് ഈർഷ്യ തോന്നേണ്ട കാര്യമുണ്ടായില്ല. അവനെന്തെഴുതുമ്പോഴും ആദ്യമായി എന്നെ വായിച്ചുകേൾപ്പിക്കുന്ന ശീലം ഉണ്ടായിരുന്നു. രചനകളെക്കുറിച്ച് എന്തഭിപ്രായം പറഞ്ഞാലും അവനത് സ്വീകാര്യമാവും. എന്നാൽ അതിൽ യുക്തി ഉണ്ടായിരിക്കണമെന്ന് മാത്രം. രചനയെക്കുറിച്ച് മോശം പരാമർശം നടത്തുന്നതിൽ പരിഭവം ഒട്ടുമേ ഉണ്ടായിരുന്നില്ല. അതേസമയം അവഗണിക്കപ്പെടുന്നത് അവന് ഇഷ്ടമായ കാര്യമായിരുന്നില്ല. ഞാനെഴുതുന്നത് ആരെയും കാണിക്കുന്ന ശീലം എനിക്കില്ലാത്തതുകൊണ്ട് ബാവയെയും കാണിച്ചിരുന്നില്ല. അച്ചടിച്ച എന്റെ രചന ഇഷ്ടപ്പെട്ടില്ലെങ്കിൽ പാതിരാത്രിയായാൽപ്പോലും ബാവ വിളിച്ചുപറയും: ''യു.കെ, നിങ്ങളെക്കുറിച്ച് വായനക്കാർക്ക് ചില ധാരണകളുണ്ട്. ദയവുചെയ്ത് അത് നശിപ്പിക്കരുത്.'' അപ്പോൾ ഞാൻ ആലോചിക്കും, ആ രചനക്ക് എവിടെയാണ് കുഴപ്പം സംഭവിച്ചത്? രചന ഇഷ്ടപ്പെട്ടാൽ ബാവ ആഹ്ലാദത്തോടെ ചോദിക്കും. ''യു.കെ, തിരക്കിനിടയിൽ നിങ്ങൾക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാൻ കഴിയുന്നത്? വല്ലാത്തൊരു മനുഷ്യൻ തന്നെ.'' എന്റെ എഴുത്തിന്റെ ലോകത്ത് ഏറ്റവും നല്ല സർഗാത്മകസൗഹൃദം എനിക്ക് സമ്മാനിച്ച അക്ഷരസുഹൃത്തായിരുന്നു കൊച്ചുബാവ.
ഒരു പുരസ്കാരദാനവുമായി ബന്ധപ്പെട്ട് കൊച്ചുബാവയുമായുള്ള സൗഹൃദം എന്നെ ഒരാശയക്കുഴപ്പത്തിൽപെടുത്തുകയുണ്ടായി. ഞാൻ തൃശൂരിലായിരുന്ന കാലത്താണ് ആർ.ഐ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ അങ്കണം സാംസ്കാരിക വേദി ആരംഭിച്ചതും, അവർ അങ്കണം അവാർഡ് നൽകാൻ തീരുമാനിച്ചതും. അതിന്റെ ആലോചനാ യോഗങ്ങളിലൊക്കെ ഞാനുമുണ്ടായിരുന്നു. അങ്കണം അവാർഡ് ആർക്ക് നൽകണമെന്ന ഒരു പ്രാഥമിക തീരുമാനം ഷംസുദ്ദീൻ സ്വീകരിക്കും. അയാളത് ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി പങ്കുവെക്കും. പിന്നീടാണ് വിധിനിർണയ സമിതിക്ക് മുമ്പിൽ വെക്കുക. ഇതുകൊണ്ടായിരിക്കാം അർഹതയുള്ളവർക്ക് മാത്രമാണ് അങ്കണം അവാർഡ് ലഭിച്ചത്. അങ്കണം അവാർഡ് ലഭിച്ചവർ അധികവും പിൽക്കാലത്ത് ശ്രദ്ധേയരായ എഴുത്തുകാരായി മാറുകയും ചെയ്തിരുന്നു. അങ്കണത്തിന്റെ പ്രഥമ പുരസ്കാരം ആർക്ക് നൽകണമെന്ന ചിന്താക്കുഴപ്പമുണ്ടായി. ടി.വി. കൊച്ചുബാവയും അക്ബർ കക്കട്ടിലുമായിരുന്നു പരിഗണനയിൽ ഉണ്ടായിരുന്നത്. ഷംസുദ്ദീൻ അഭിപ്രായം തേടി എന്റെ അടുത്തേക്ക് വന്നു. ഒരഭിപ്രായം പറയാൻ എനിക്ക് വിഷമമുണ്ടായിരുന്നു. അക്ബറും കൊച്ചുബാവയും പുതുതലമുറയിലെ മൗലികപ്രതിഭയുള്ള ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരാണ്. അക്ബർ വർഷങ്ങളായുള്ള എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. കൊച്ചുബാവയുടെ സൗഹൃദത്തിന് പഴക്കമില്ലെങ്കിലും ഇപ്പോൾ അവൻ എന്റെ ഏറ്റവും അടുത്ത ചങ്ങാതിയാണ്. ഇവരുടെ രചനയെക്കുറിച്ച് ഷംസുദ്ദീൻ എന്നോട് അഭിപ്രായം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. ''കൊച്ചുബാവ തന്റെ പ്രതിഭയെ മൂശയിലിട്ട് എപ്പോഴും പുതുക്കിക്കൊണ്ടിരിക്കും. അക്ബർ ധിഷണാശാലിയായ ഒരെഴുത്തുകാരനാണെങ്കിലും ചിലപ്പോഴൊക്കെ അതുകൊണ്ട് ധൂർത്തടിക്കും.'' അങ്കണം അവാർഡ് ആർക്കു തീരുമാനിക്കണമെന്ന കാര്യം അഴീക്കോട് സാറിന് വിട്ടുകൊടുക്കുന്നതാകും നല്ലതെന്ന് ഞാൻ പറഞ്ഞു. ഷംസുദ്ദീൻ അങ്ങനെത്തന്നെ ചെയ്യുകയും അങ്കണം പ്രഥമ പുരസ്കാരം അക്ബർ കക്കട്ടിലിന് ലഭിക്കുകയും ചെയ്തു. രണ്ടാമത്തെ പ്രാവശ്യമാണ് ടി.വി. കൊച്ചുബാവക്ക് ഈ അവാർഡ് കിട്ടിയത്. അങ്കണം പുരസ്കാരം മലയാളത്തിലെ ഏറ്റവും ബഹുമാന്യമായ ഒരു പുരസ്കാരമായി മാറി എന്നതാണ് പിന്നീടുള്ള ചരിത്രം.
ഒരു തെറ്റിദ്ധാരണ ഉണ്ടാകരുതെന്ന് കരുതി, അങ്കണം പുരസ്കാരവുമായി ബന്ധപ്പെട്ട് ഞാൻ സ്വീകരിച്ച നിലപാട് ടി.വി. കൊച്ചുബാവയുമായി പങ്കുവെക്കുകയുണ്ടായി. അവനത് സ്വീകാര്യമാവുകയും എന്റെ നിലപാടിനെ അനുമോദിക്കുകയും ചെയ്തു.
കൊച്ചുബാവ ഇടക്കിടെ വീട്ടിൽ വരുമായിരുന്നു. അമ്മയുമായി സംസാരിച്ചിരിക്കും. അമ്മ പറയുന്നത് കൊച്ചുബാവക്കോ, അവൻ പറയുന്നത് അമ്മക്കോ മനസ്സിലാകുമെന്ന് തോന്നിയിരുന്നില്ല. അവന്റെ ഉമ്മയെപ്പോലെത്തന്നെയാണ് എന്റെ അമ്മയുടെ പ്രകൃതവും എന്നാണ് അവൻ പറയാറുള്ളത്. അപ്പോൾ തമാശയോടെ ഞാൻ പറയാറുണ്ട്. ''പക്ഷേ, എന്റെ അമ്മക്ക് ഒരു കാമുകനില്ലെന്ന് തോന്നുന്നു.'' അങ്ങനെ ഞാൻ പറയാൻ ഒരു കാരണമുണ്ടായിരുന്നു. ഒരിക്കൽ കൊച്ചുബാവ ഉമ്മയെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കെ ഉമ്മയുടെ കാമുകനെ കണ്ടുമുട്ടിയ സംഭവം പറയുകയുണ്ടായി. കൊച്ചുബാവയും ഉമ്മയും വീട്ടിന്റെ ഉമ്മറത്തിരുന്ന് എന്തോ സംസാരിക്കുന്നതിനിടയിൽ ഒരു ചാക്കുകച്ചവടക്കാരൻ വീട്ടിലേക്ക് കയറിവന്നു. ഉമ്മറത്തു നിൽക്കുന്ന ഉമ്മയെ കണ്ടു തെല്ലിട പകച്ചുനോക്കിയ ശേഷം എന്തോ കണ്ടു ഞെട്ടിയപോലെ അയാൾ ചാക്കുകെട്ട് നിലത്തിട്ട് പരിഭ്രാന്തിയോടെ ഓടിപ്പോയി. ഇതുകണ്ട് പന്തിയില്ലായ്മ തോന്നിയ കൊച്ചുബാവ അയാളുടെ പിന്നാലെ ഓടി പിടിച്ചു. ഓടിയ കാര്യം തിരക്കി. ഒടുവിൽ അയാൾ പറഞ്ഞു. ''ഓളെ മുമ്പ് എനിക്ക് വലിയ ഇഷ്ടായിരുന്നു. ഒരുപാട് പിറകെ നടന്നിട്ടുണ്ട്. ഇപ്പോൾ കണ്ടിട്ട് എന്തോപോലെ തോന്നി. അതാ ഓടിയത്.'' ബാവ പറഞ്ഞതുകേട്ടപ്പോൾ പെട്ടെന്ന് മനസ്സിലേക്ക് ഒരു കഥാബീജം കടന്നുവന്നു. ഞാൻ ബാവയോട് ചോദിച്ചു, ഇതുവെച്ച് ഞാൻ ഒരു കഥ എഴുതട്ടെ? അവൻ സമ്മതിച്ചു. അതാണ് എന്റെ 'ഉമ്മയുടെ കാമുകൻ' എന്ന കഥ. എന്റെ അമ്മ കൊച്ചുബാവയെ കൊച്ചുബാവ എന്നല്ല വിളിക്കാറുണ്ടായിരുന്നത്. 'കൊച്ചിബാവ' എന്നായിരുന്നു. എത്ര പറഞ്ഞിട്ടും അമ്മ അതു തിരുത്തിയില്ല.
മലയാളത്തിൽ ഇത്രയധികം കത്തുകളെഴുതിയ ഒരാൾ കൊച്ചുബാവയെപ്പോലെ മറ്റൊരാളുണ്ടാവില്ല. വടിവൊത്ത കൈയക്ഷരത്തിൽ, എല്ലാ കാര്യങ്ങളും വിശദമാക്കി രണ്ടാഴ്ചയിലൊരു കത്തു വീതം ബാവ എനിക്കയക്കുമായിരുന്നു. സ്വന്തം നാടായ ഇരിങ്ങാലക്കുട വിട്ട് കോഴിക്കോട് താമസിക്കാൻ കാരണം ഞാനുമായുള്ള സൗഹൃദമാണെന്ന് പലപ്പോഴും അവൻ സൂചിപ്പിച്ചിരുന്നു. ചില ഉച്ചനേരങ്ങളിലൊക്കെ ആകെ തകർന്ന മട്ടിൽ വീട്ടിൽ വരാറുള്ള കൊച്ചുബാവയെ മനസ്സിലാക്കാൻ എനിക്കും പൂർണമായി കഴിഞ്ഞിരുന്നില്ല. സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള വേവലാതികളാണ് ബാവയെ ഏറെ അലട്ടിയിരുന്നത്. ഓരോ പ്രാവശ്യവും ഓരോ പ്രശ്നങ്ങളാണ് അവന് പറയാനുണ്ടായിരുന്നത്. അതിനിടെ കൊച്ചുബാവ പത്രാധിപരായുള്ള മാസികയുടെ നടത്തിപ്പിൽ വന്ന അനിശ്ചിതത്വവും മാനസികമായി തളർത്തിയിരുന്നു. ഇതിനെക്കുറിച്ചൊക്കെ സംസാരിക്കാൻ വേണ്ടി വീട്ടിലേക്ക് ചെല്ലണമെന്ന് അവർ എന്നോട് ആവശ്യപ്പെട്ടു. വീട്ടിൽ ചെന്നപ്പോൾ മാസികകളെക്കുറിച്ചൊന്നും പറഞ്ഞില്ല. അവൻ പറഞ്ഞതു മുഴുവൻ തന്നെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന രോഗത്തെക്കുറിച്ചായിരുന്നു. ''നേരാംവണ്ണം ശ്വസിക്കാൻ കഴിയുന്നില്ല. ബ്ലഡ് പ്രഷറും കൊളസ്േട്രാളും നിയന്ത്രിക്കാൻ കഴിയാത്തവിധം കയറിക്കൊണ്ടിരിക്കുകയാണ്.'' കൈത്തണ്ടകളിലും ദേഹത്തും പ്രത്യക്ഷപ്പെട്ട തടിപ്പുകൾ അവൻ തൊട്ടുകാണിച്ചുതന്നു. അതു കണ്ടപ്പോൾ എനിക്ക് വല്ലാത്ത അസ്വസ്ഥതയാണ് തോന്നിയത്. എന്റെ അക്ഷരയാത്രയിൽ എന്നെ തിരുത്തിയും എനിക്ക് ആത്മവിശ്വാസം പകർന്നും എന്നോടൊപ്പം ഒട്ടിനിൽക്കുന്ന ഒരു കൂട്ടുകാരന്റെ അസ്വസ്ഥതകൾ എന്നെയും ഒരുപാട് അലട്ടിയിരുന്നു. നല്ലരീതിയിലല്ല കാര്യങ്ങൾ പോകുന്നതെന്ന ആകുലത എന്നിലുണ്ടായിരുന്നു. പിറ്റേന്ന് കാലത്ത് ബാവയുമായി ബന്ധപ്പെട്ട ഒരു ദുരന്തവാർത്ത കേൾക്കേണ്ടിവരുമെന്ന് അപ്പോഴൊന്നും ഞാൻ കരുതിയതല്ല.
അക്ബർ കക്കട്ടിൽ
പഠിക്കുന്നകാലത്ത് അക്ബർ കക്കട്ടിൽ എനിക്കൊരു വിസ്മയമായിരുന്നു. മാതൃഭൂമി ബാലപംക്തിയിൽ അക്ബറുടെ കഥകൾ ആവർത്തിച്ചുവരുന്ന കാലമായിരുന്നു അത്. സംസ്കൃതത്തിലെ സ്കോളർഷിപ്പ് കിട്ടിയതിന്റെ വാർത്തയും ഫോട്ടോയും വന്നിരുന്നു. ബാലപംക്തിയിലൊന്നും ഞാൻ പ്രത്യക്ഷപ്പെട്ടിരുന്നില്ലെങ്കിലും അതിലെ കഥകളും കവിതകളുമെല്ലാം മുടങ്ങാതെ വായിക്കുമായിരുന്നു. അതുകൊണ്ടാണ് അക്ബറോട് എനിക്കത്ര ആദരവുണ്ടാകാൻ കാരണം. അക്ബർ കേവലം വിദ്യാർഥി മാത്രമായിരുന്നില്ല. വിദ്യാർഥി രാഷ്ട്രീയത്തിൽ ഇടപെടുന്ന നേതാവ് കൂടിയായിരുന്നു. അതോടെ ആദരവ് ഒന്നുകൂടി വർധിച്ചു. അതിനിടെയാണ് മാതൃഭൂമി എഡിറ്റോറിയൽ പേജിൽ അക്ബർ കക്കട്ടിലിന്റെ ലേഖനം വരുന്നത്. വിദ്യാർഥി രാഷ്ട്രീയത്തിന് ഒരു പുതിയ കാഴ്ചപ്പാട് പകരുന്ന ലേഖനമായിരുന്നു അത്. 'വേണം ഒരു മെറിറ്റ് പാർലമെന്റ്' എന്നായിരുന്നു ലേഖനത്തിന്റെ പേര്. രാഷ്ട്രീയത്തിനുപരിയായി കഴിവുള്ള വിദ്യാർഥികളെ ജനാധിപത്യരീതിയിൽ തെരഞ്ഞെടുത്ത ഒരു പാർലമെന്ററി സമ്പ്രദായം സ്കൂളിൽ കൊണ്ടുവരണമെന്നാണ് ലേഖനത്തിൽ ആവശ്യപ്പെട്ടിരുന്നത്. അതൊരു നല്ല നിർദേശമാണെന്ന് എനിക്കും തോന്നി. അക്ബറിന്റെ ഈ നിർദേശത്തെ പിന്തുണച്ചു മാതൃഭൂമി ഒരു എഡിറ്റോറിയലും എഴുതുകയുണ്ടായി.
ഇക്കാലത്തൊന്നും അക്ബറെ നേരിട്ട് പരിചയമുണ്ടായിരുന്നില്ല. ഗുരുവായൂരപ്പൻ കോളജിൽ എെൻറ സീനിയറായി പഠിച്ച ഡോ. എ.കെ. ശ്രീനിവാസനാണ് എന്നെ അക്ബറുമായി ബന്ധപ്പെടുത്തുന്നത്. ശ്രീനിവാസൻ അക്ബറിന്റെ അയൽക്കാരനായിരുന്നു. തുടരത്തുടരെ എഴുതിയിരുന്ന അക്ബർ പിന്നീട് കുറച്ചുകാലത്തേക്ക് പ്രസിദ്ധീകരണങ്ങളിലൊന്നും കാണാതായി. ''എന്താണ് അക്ബർ എഴുതാത്തതെ''ന്ന് ശ്രീനിവാസനോട് ചോദിച്ചപ്പോൾ ശ്രീനി പറഞ്ഞു. ''എന്താണെന്നറിയില്ല, അക്ബർക്ക് എഴുത്തു വരുന്നില്ലേത്ര.'' എന്നാൽ ഈ ഇടവേള കുറച്ചു സമയത്തേക്ക് മാത്രമായിരുന്നു. പിന്നീട് എല്ലാവരെയും വിസ്മയപ്പെടുത്തി ഒരു തിരിച്ചുവരവാണ് അക്ബറിൽനിന്നുണ്ടായത്. 'അശ്വഥ് നാരായണൻ', 'പടക്കളത്തിലെ അഭിമന്യു', 'മഞ്ഞുമലയിൽ കാറ്റുവീശുമ്പോൾ' എന്നീ വ്യത്യസ്തങ്ങളായ ധാരാളം കഥകൾ തുടർച്ചയായി അക്ബറിൽനിന്നും പുറത്തുവരുന്നു. ഇക്കാലത്തൊരിക്കൽ വടകരയിലെ ഒരു സാഹിത്യസമ്മേളനത്തിൽ വെച്ചാണ് അക്ബറിനെ കണ്ടുമുട്ടിയത്. അത് അഗാധമായ ഒരു സൗഹൃദത്തിന്റെ തുടക്കമായി. പരിചയപ്പെടുന്നവരെ മുഴുവൻ തന്നിലേക്കടുപ്പിക്കാൻ കഴിയുന്ന മാന്ത്രികമായ ഒരു സവിശേഷത അക്ബറിനുണ്ടായിരുന്നു. ഞാൻ എറണാകുളത്തായിരുന്നപ്പോൾ പലവട്ടം അക്ബർ അവിടെ വന്നു. ഞങ്ങൾ ഒരുമിച്ച് താമസിച്ചു. എറണാകുളം നഗരത്തിൽ കറങ്ങി. ഞാൻ നാട്ടിൽ വരുമ്പോൾ പതിവായി അക്ബർ വീട്ടിൽ വരുമായിരുന്നു. അമ്മക്ക് അക്ബറിനെ ഇഷ്ടമായിരുന്നു. അമ്മ അക്ബറെ 'അക്റെ' എന്നാണ് വിളിക്കാറുണ്ടായിരുന്നത്. അക്ബറുടെ കഥകളോടൊപ്പം, പത്രങ്ങളിൽ എഴുതിക്കൊണ്ടിരുന്ന 'മിഡിൽപീസുകളും' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമാശ കലർന്ന ഒരാഖ്യാന രീതിയാണ് അക്ബർ പിന്തുടർന്നിരുന്നത്. ടി.വി. കൊച്ചുബാവ കോഴിക്കോട് താമസമായതോടെ എന്റെ സൗഹൃദവലയം വികസിക്കുകയായിരുന്നു. അക്ബറും ടി.വി. കൊച്ചുബാവയും എഴുത്തിന്റെ രണ്ടറ്റത്താണെങ്കിലും അവർക്കിടയിൽനിന്നുകൊണ്ട് അവരെ ബന്ധിപ്പിക്കാൻ ഏറക്കുറെ എനിക്ക് കഴിഞ്ഞു. കൊച്ചുബാവയുടെ വീട്ടിൽ ഞാനും അക്ബറും ഒത്തുകൂടി ഒരു രാത്രി മുഴുവൻ ചെലവഴിച്ചു. ഞങ്ങളെ മൂന്നുപേരെയും പങ്കെടുപ്പിച്ച് അരുൺ പൊയ്യേരി ഒരഭിമുഖം നടത്തുകയുണ്ടായി. പുതുതലമുറയിലെ മൂന്ന് എഴുത്തുകാർ പങ്കെടുക്കുന്ന ഒരഭിമുഖം പുതുമയുള്ള ഒന്നായിരുന്നു. കുങ്കുമം വാരിക വളരെ പ്രാധാന്യത്തോടെ കവർസ്റ്റോറിയായി അതു പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
സാഹിത്യസമ്മേളനങ്ങളിൽ ഞങ്ങളൊരുമിച്ചു പോകുമ്പോഴും സാഹിത്യമത്സരങ്ങൾക്ക് വിധികർത്താക്കളായിരിക്കുമ്പോഴും അക്ബർ വീട്ടിൽ വരുമ്പോഴും ഞാൻ ശ്രദ്ധിച്ച ഒരു കാര്യം അവന്റെ നിർത്താത്ത പുകവലിയായിരുന്നു. അക്ബർ വീട്ടിൽ എത്തിയാലുടനെ എന്റെ ഭാര്യ ഗീത പലപ്പോഴും ചെയ്യാറുള്ളത് ഒരു ആഷ്േട്രയോ അല്ലെങ്കിൽ സിഗരറ്റ് കുറ്റികൾ നിക്ഷേപിക്കാൻ ഒരു പാത്രം വെക്കുകയോ എന്നതായിരുന്നു. പലപ്പോഴും അവൻ വീട്ടിൽ രാത്രി ചെലവഴിച്ചിട്ടുണ്ട്. കാലത്ത് പോകുമ്പോൾ മുറി മുഴുവൻ സിഗരറ്റ് ചാരം നിറഞ്ഞിരിക്കും. അപ്പോഴൊക്കെ വേവലാതിയോടെ ഞാൻ ചോദിക്കും. ''എന്താണ് അക്ബറേ ഇത്? സിഗരറ്റ് നീ വലിക്കുകയാണോ, നിന്നെ സിഗരറ്റ് വലിക്കുകയാണോ?'' എനിക്കതിൽ വളരെ ഉത്കണ്ഠയുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളിലൊക്കെ അക്ബറും ഒപ്പമുണ്ടായിരുന്നു. ആദ്യ പുരസ്കാരം മാവേലിക്കരയിൽ ഞാൻ ഏറ്റുവാങ്ങുമ്പോൾ അക്ബറും കൂടെയുണ്ടായിരുന്നു. എന്നെ സാഹിത്യ അക്കാദമിയിൽ വൈസ് ചെയർമാനായി നോമിനേറ്റ് ചെയ്ത വാർത്ത എറണാകുളത്ത് വെച്ച് പത്രത്തിൽനിന്നും ഞങ്ങൾ ഒന്നിച്ചാണ് വായിച്ചത്.
ഞങ്ങൾ കുടുംബസമേതം വീടുകൾ സന്ദർശിക്കുക പതിവായിരുന്നു. അന്നേരമൊക്കെ ഞങ്ങൾ കുട്ടികളെക്കൊണ്ട് പാട്ട് പാടിപ്പിക്കുകയും ചെയ്യുമായിരുന്നു. അക്ബറിന്റെ ചെറിയ മകൾ സുഹാന ചെറിയ ശരീരം മേലോട്ടും താഴോട്ടും ചാടിക്കൊണ്ട് പാടുന്ന കിട്ടന്റെ പാട്ടായിരുന്നു ഞങ്ങൾക്കേറ്റം രസകരം. ''കിട്ടാ കിട്ടാ കിടുകിട്ടാ'' എന്നു പാടി അവൾ തിമിർക്കുമായിരുന്നു. പിന്നെ എനിക്കും അക്ബർക്കും തിരക്ക് വർധിച്ചപ്പോൾ ഞങ്ങളുടെ സൗഹൃദ സന്ദർശനങ്ങളും കുറഞ്ഞു. അസുഖം ബാധിച്ച് കോഴിക്കോട്ടെ ആശുപത്രിയിൽ കിടന്നപ്പോൾ അക്ബർ എന്നെ കാണാൻ വന്നു. എന്റെ കട്ടിലിനരികിൽ ഏറെനേരം മൗനമായിരുന്നു. അങ്ങനെ പതിവില്ലാത്തതാണ്. അവൻ നന്നേ ക്ഷീണിച്ചിരുന്നു. ഞാൻ ചോദിച്ചു, ''എന്തുപറ്റി അക്ബറേ നിനക്ക്? എന്റെ കാര്യമോർത്ത് നീ വിഷമിക്കേണ്ട. നീ നിന്റെ ആരോഗ്യം ശ്രദ്ധിക്കൂ.'' എന്തോ ഗ്രഹിച്ചിട്ടെന്നോണം അവൻ വെറുതെ ഒരു ചിരി ചിരിച്ചു.
പിന്നെ അക്ബറെ കാണുന്നത് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് ഞാൻ മടങ്ങിവന്നപ്പോഴാണ്. ഞാനപ്പോൾ വിശ്രമത്തിലായിരുന്നു. അക്ബർ മുമ്പത്തേതിനേക്കാൾ തിരക്കിലായിരുന്നു. ആ സമയത്ത് സാഹിത്യ അക്കാദമി അടക്കമുള്ളതിന്റെ ചുമതലയുണ്ട്. കണ്ടുകിട്ടാൻ കഴിയാത്ത തിരക്ക്. ഞാൻ വീട്ടിനു പുറത്തുനിൽക്കേ ഒരാൾ അപ്പുറത്തുനിന്ന് നടന്നുവരുന്നത് കണ്ടു. കാറ്റത്തങ്ങനെ അലസമായി വരുകയാണ്. പിന്നിലുള്ളവരെ കണ്ടപ്പോഴാണ് അത് അക്ബറാണെന്ന് മനസ്സിലായത്. കൂടെയുള്ളത് അക്ബറിന്റെ ഭാര്യ ജമീലയും മക്കളുമാണ്. അക്ബറെ തനിച്ചുകിട്ടിയപ്പോൾ ഞാൻ പറഞ്ഞു:
''എന്നേക്കാൾ വലിയ അസുഖം നിനക്കുണ്ടെന്ന് തോന്നുന്നല്ലോ അക്ബറേ? നീ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. നിനക്കെന്തു പറ്റി? നല്ലൊരു പരിശോധന നിനക്കാവശ്യമാണ്.'' അവനപ്പോഴും അമർത്തിയൊന്നു മൂളി.
അതുകഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോൾ ഞാനറിയുന്നു, അക്ബറിനെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന്. ചെന്നു കാണാതിരിക്കാൻ കഴിയുമായിരുന്നില്ല. യാത്ര ചെയ്യാൻ വിലക്കുണ്ടായിട്ടും ഞാൻ അവിടേക്ക് പോവുകയായിരുന്നു. മുറിയിൽ അക്ബർ ഒരുവശം ചരിഞ്ഞു കിടക്കുന്നു. എന്നെ കണ്ടപ്പോൾ ദുർബലമായ സ്വരത്തിൽ വിളിച്ചു. ''യു.കേ...'' കിടക്കയിൽ തളർന്നുകിടക്കുന്ന വലതുകൈ ഞാനൊന്നു തൊട്ടു. വിരലുകൾ പതിവിലധികം മഞ്ഞളിച്ചിരുന്നു. ഒന്നും പറയാൻ കഴിയുമായിരുന്നില്ല. കിടക്കക്കടുത്ത് ദുഃഖിച്ചിരിക്കുന്ന ജമീലയെയോ സിത്തുവിനെയോ സുഹാനയെയോ സാന്ത്വനിപ്പിക്കാനും കഴിയുമായിരുന്നില്ല. അക്ബറിനടുത്തുനിന്നും വരുമ്പോൾ എന്റെ മനസ്സ് പതിവില്ലാത്തവിധം അശാന്തമായിരുന്നു. പിറ്റേന്ന് പുലർച്ചെ പി.കെ. പാറക്കടവ് എന്നെ വിളിച്ചു: ''നമ്മുടെ അക്ബർ പോയി.''
ഒന്നും പറയാനാവാതെ ഞാനങ്ങനെ നിന്നു. എന്റെ അക്ഷരയാത്രയിലെ ഒരു ചങ്ങാതികൂടി നഷ്ടപ്പെട്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.