രാജ്യത്ത് മാവോവാദികൾക്ക് ഭരണകൂട വേട്ടയിൽ നേരിടുന്ന തിരിച്ചടികളെയും ആൾനാശങ്ങളെയും എങ്ങനെയാണ് വിലയിരുത്തേണ്ടത്? ഇൗ തിരിച്ചടികൾ താൽക്കാലികമാണെന്നും ഇതിലൂടെ മാവോവാദി പ്രസ്ഥാനത്തെ എഴുതിത്തള്ളുന്നത് പരമ അബദ്ധവുമായിരിക്കുമെന്നും മുൻ രാഷ്ട്രീയ തടവുകാരനും മാവോവാദി സൈദ്ധാന്തികനുമായ ലേഖകൻ വാദിക്കുന്നു.
1967ലെ നക്സൽബാരി സായുധ കലാപത്തെ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ അടിച്ചമർത്തുന്നതിൽ ബംഗാൾ സർക്കാർ വിജയിക്കുകയുണ്ടായി. സി.പി.എം നേതാവ് ജ്യോതിബസു ആയിരുന്നു അന്ന് ആഭ്യന്തര മന്ത്രി. പക്ഷേ, നക്സൽബാരിയിലെ കനലുകള്‍ അപ്പോഴേക്കും ബംഗാളിൽ മാത്രമല്ല രാജ്യവ്യാപകമായിതന്നെ പടർന്നിരുന്നു. വലിയൊരു വിപ്ലവമുന്നേറ്റമാണ് രാജ്യത്തുടനീളം തുടർന്ന് ഉണ്ടായത്. 1972 ആകുമ്പോഴേക്കും നക്സല്‍ബാരി കാർഷിക വിപ്ലവ സമരത്തിന് നേതൃത്വം കൊടുത്ത സഖാവ് ചാരുമജുംദാർ ഉൾപ്പെടെയുള്ള ആദ്യകാല പ്രസ്ഥാനത്തിെൻറ പല പ്രമുഖ നേതാക്കന്മാരും ഒന്നുകിൽ രക്തസാക്ഷികൾ ആവുകയോ അല്ലെങ്കിൽ തടവിലാവുകയോ ചെയ്തു. അതോടുകൂടി ആ പ്രസ്ഥാനം എന്നെന്നേക്കുമായി അടിച്ചമർത്തപ്പെട്ടു എന്ന് മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയനിരീക്ഷകരും ഒക്കെ വിലയിരുത്തി. പക്ഷേ, കുറച്ചു വർഷങ്ങൾക്കുള്ളിൽതന്നെ വീണ്ടും പുനഃസംഘടനാ ശ്രമങ്ങൾ നടക്കുകയും അടിയന്തരാവസ്ഥക്കാലത്ത് കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ശക്തമായ ഭരണകൂടവിരുദ്ധ സായുധ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്തു. അതും അടിച്ചമർത്തപ്പെട്ടു. വീണ്ടും പുനഃസംഘടിപ്പിക്കപ്പെട്ടു. ഒടുവിൽ എൺപതുകളുടെ പകുതിയോടുകൂടി പുതിയൊരു മുന്നേറ്റം സാധ്യമാവുകയുണ്ടായി. നക്സല്‍ബാരിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് പ്രവർത്തിച്ചിരുന്ന ചില സംഘടനകൾ മുന്‍കാലത്ത് നടന്ന പ്രവർത്തനങ്ങളെ വിലയിരുത്തുകയും മുമ്പ് സംഭവിച്ച അടവുപരമായ പാളിച്ചകൾ തിരിച്ചറിയുകയും വിപ്ലവ രാഷ്ട്രീയം കൈയൊഴിയാതെതന്നെ തിരുത്തലുകള്‍ക്കുള്ള ശ്രമം നടത്തുകയും ചെയ്തതിെൻറ ഫലമായിട്ടാണ് ഈ മുന്നേറ്റം ഉണ്ടായത്. അതിനുശേഷം ഇങ്ങോട്ട് നോക്കിക്കഴിഞ്ഞാൽ, 2004ലെ ലയനംവഴിയുള്ള സി.പി.ഐ (മാവോയിസ്റ്റ്) രൂപവത്കരണംവരെയുള്ള കാലഘട്ടവും അതിനുശേഷമുള്ള പതിനേഴ് വർഷത്തോളം നീണ്ടുനിൽക്കുന്ന കാലഘട്ടവും നോക്കിയാൽ, ശക്തമായ ഒട്ടേറെ അടിച്ചമർത്തലുകളെ അതിജീവിച്ച് ആ പ്രസ്ഥാനം തുടരുന്നത് കാണാൻ കഴിയും. സഖാവ് ചാരുമജുംദാർ പറഞ്ഞതുപോലെ, ''നക്സൽബാരി മരിച്ചിട്ടില്ല, മരിക്കുകയുമില്ല.'' കാരണം അതിെൻറ ആശയശാസ്ത്ര, രാഷ്ട്രീയ ബലം മാർക്സിസം-ലെനിനിസം-മാവോവാദമാണ്. വീണ്ടും വീണ്ടും ഉയർന്നുവരാനുള്ള ദൃഢത ഇത് നൽകുന്നു. അതോടൊപ്പംതന്നെ, രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യം, അർധകൊളോണിയലും അർധനാടുവഴിത്തപരവുമായ സാമൂഹിക സാഹചര്യം, ജാതി ഉൾപ്പെടെയുള്ള പല വിധത്തിലുള്ള അടിച്ചമർത്തലുകളും കടുത്ത ചൂഷണവുംമൂലം ജനങ്ങൾ അനുഭവിക്കുന്ന അങ്ങേയറ്റത്തെ ദുരിതപൂർണമായ അവസ്ഥ, മാവോവാദി പ്രസ്ഥാനത്തിന് വീണ്ടും വീണ്ടും പച്ചപിടിക്കാനും പുതിയ മുന്നേറ്റം നടത്താനുമുള്ള ഭൗതികസാഹചര്യം തുടർച്ചയായി നിലനിർത്തുകയും ചെയ്യുന്നു.
ഇപ്പോഴും അതുതന്നെയാണ് അവസ്ഥ. നേതൃത്വനിരയിലുള്ള സഖാക്കൾ കൊല്ലപ്പെട്ടതോ ചിലരെല്ലാം കീഴടങ്ങിയതോ ചില പ്രദേശങ്ങളിൽ ഇന്ത്യൻ സർക്കാറിെൻറ സൈനിക വിഭാഗങ്ങൾക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതോപോലെ സമീപകാലത്ത് ഉണ്ടായിട്ടുള്ള ചില പ്രതികൂലതകൾ കണ്ടിട്ട് ഇതോടുകൂടി ആ പ്രസ്ഥാനം അതിെൻറ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നു എന്ന് കരുതുന്നവർ മേൽവിവരിച്ച ചരിത്രം ഓർത്താൽ നന്നായിരിക്കും.
2004 മുതൽ 2010 വരെ ഉണ്ടായ വിപ്ലവമുന്നേറ്റം തടയാൻ പലവിധത്തിലും ശ്രമിച്ചിട്ടും വിജയിക്കാതെ വന്നപ്പോഴാണ് അന്നത്തെ യു.പി.എ സർക്കാർ ഗ്രീൻഹണ്ട് എന്ന പേരിൽ ഒരു പ്രതിവിപ്ലവ കടന്നാക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയത്. 2010ൽ ആരംഭിച്ച അത് പല ഘട്ടങ്ങളിലൂടെ കടന്ന് 2017 ആയപ്പോഴേക്കും അവസാനിപ്പിക്കുകയുണ്ടായി. അതിലൂടെ വിജയിക്കാൻ കഴിയില്ല എന്ന് ഭരണകൂടം വിലയിരുത്തി. അതിനുശേഷം സമാധാൻ എന്ന പേരിലുള്ള പുതിയൊരു കടന്നാക്രമണമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. പതിവിന് വിരുദ്ധമായി വലിയതോതിൽ സൈനികവ്യൂഹങ്ങൾ വിന്യസിച്ചും രഹസ്യമായി കരസൈന്യ സംഘങ്ങളെ വിനിയോഗിച്ചും വായുസേനയെ ഉപയോഗിച്ച് ഡ്രോൺ ആക്രമണം നടത്തിയും പുതിയ തരത്തിലുള്ള ആക്രമണങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ 2017 മുതൽ ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ, ശക്തമായ ഈ ചുറ്റിവളയൽ അടിച്ചമർത്തലിന് നടുവിൽതന്നെ നിരവധി ചെറിയ ഗറില ആക്ഷനുകൾ നടത്തി അതിനെ പ്രതിരോധിക്കുന്നതിലും അതിൽ വിള്ളൽ ഉണ്ടാക്കുന്നതിലും അവിടെയുള്ള വിപ്ലവ ശക്തികൾ വിജയിച്ചിട്ടുണ്ട് എന്നുള്ളതാണ് വസ്തുത.
വാർത്തകൾ പുറത്തുവരാൻ അനുവദിക്കാത്തതുകൊണ്ട് സമഗ്രമായ ഒരു ചിത്രം വെളിപ്പെടുന്നില്ല. ഇത്തരം കാര്യങ്ങളെ നിരീക്ഷിക്കുന്ന കേന്ദ്രങ്ങളുടെ റിപ്പോർട്ടുകൾ പരിശോധിച്ചുകഴിഞ്ഞാൽ ജനകീയ വിമോചന ഗറില സൈന്യത്തിന് ഇപ്പോഴും നിലനിൽക്കാനും സൈനിക നടപടികൾ തുടരാനും കഴിയുന്നുണ്ടെന്ന് കാണാൻ കഴിയും. വിപുലമായ ജനകീയ പിന്തുണയുടെ പിൻബലത്തിലാണ് ഇത് സാധ്യമാകുന്നത്. ആ ജനകീയ പിന്തുണയും ജനസാന്നിധ്യവും ഭരണകൂടവൃത്തങ്ങൾ തന്നെ പല ആവർത്തി അംഗീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞവർഷം, ജനകീയ വിമോചന ഗറില സൈന്യം രൂപവത്കരിച്ചതിെൻറ 20ാം വാർഷിക ആഘോഷവേളയിൽ പതിനായിരക്കണക്കിന് ജനം പങ്കെടുത്ത വലിയ റാലികൾ നടന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത് നടക്കുന്ന കാര്യം അറിഞ്ഞെങ്കിലും ഇടപെടാൻ കഴിയാത്തൊരു സാഹചര്യമുണ്ടായിരുന്നു എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർതന്നെ സമ്മതിച്ചതാണ്. കഴിഞ്ഞവർഷം നടന്ന ഒരു ആക്രമണത്തിൽ തടവുകാരനായി പിടിക്കപ്പെട്ട ഒരു സൈനികനെ വിട്ടയച്ച അവസരത്തിൽ അതിന് ദൃക്സാക്ഷികൾ ആകാൻ ഒത്തുകൂടിയ വമ്പിച്ച ജനക്കൂട്ടത്തിെൻറ വിഡിയോ ദൃശ്യങ്ങൾ മറ്റൊരു ഉദാഹരണമാണ്. അപ്പോൾ വെറും സൈനിക ബലം മാത്രമല്ല, ശക്തമായ ഒരു ജനകീയ അടിത്തറയും ഉള്ളതുകൊണ്ടുതന്നെയാണ് ഇത്ര കടുത്ത കടന്നാക്രമണങ്ങളെ, 1947ന് ശേഷം ഇന്നേവരെ കാണാത്തത്ര ഭീകരമായ, വിപുലമായ, ശക്തമായ കടന്നാക്രമണങ്ങളെ അതിജീവിച്ച് ആ പ്രസ്ഥാനം അവിടെ തുടരുന്നത്. അതിെൻറ വികാസത്തിൽ ചില തടസ്സങ്ങൾ ഉണ്ടായിട്ടുണ്ട്. മുമ്പുണ്ടായിരുന്നപോലെയുള്ള ദ്രുതഗതിയിലുള്ള വളർച്ച ഉണ്ടാകുന്നില്ല. പക്ഷേ, ഇപ്പോഴും അതിന് പിടിച്ചുനിൽക്കാൻ കഴിയുന്നുണ്ട്. തിരിച്ചടികൾ നൽകാൻ കഴിയുന്നുണ്ട്. പുതിയ മേഖലകളിലേക്ക് വ്യാപിക്കാൻ കഴിഞ്ഞിട്ടുമുണ്ട്.
ഉദാഹരണത്തിന് മിലിന്ദ് തെൽതുംബ്ഡെ രക്തസാക്ഷിയായ സന്ദർഭത്തിൽ അദ്ദേഹത്തിെൻറ നേതൃത്വത്തിൽ വികസിച്ചുവന്ന പുതിയ ഒളിപ്പോർ മേഖലയെ കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിൽ വന്നല്ലോ. 2015നു ശേഷമുള്ള ഒരു സംഭവവികാസമാണ് അത്. അതായത് ശക്തമായ അടിച്ചമർത്തൽ തുടരുന്നതിനിടയിൽ തന്നെയാണ് ആ പുതിയ വികാസം സാധ്യമായത്. അതേപോലെതന്നെ പൂർണമായി നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു, ഇനി ഇവിടെ ഒരു പൊടിപോലും ഇല്ല എന്ന് അവകാശപ്പെട്ടിരുന്ന തെലങ്കാനയുടെ വടക്കൻ പ്രദേശങ്ങളിൽ മാവോവാദി പ്രസ്ഥാനം വ്യാപിക്കുന്നതിെൻറയും വേരുറപ്പിക്കുന്നതിെൻറയും റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. മുമ്പത്തെപ്പോലെ പരസ്യമായി ജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങളും മറ്റും സംഘടിപ്പിക്കാൻ നിരോധനംമൂലം അതിനു കഴിയുന്നില്ല. ചെറിയൊരു അനക്കത്തെപോലും, ഏതെങ്കിലും തരത്തിലുള്ള ബഹുജന പ്രവർത്തനത്തെപോലും, അനുവദിക്കാത്ത രീതിയിലുള്ള അടിച്ചമർത്തൽ ആണ് ഇന്ന് ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകാതിരിക്കാൻവേണ്ടിതന്നെയാണ് മനുഷ്യാവകാശ പ്രവർത്തകരെയും പത്രപ്രവർത്തകരെയും കല-സാംസ്കാരിക പ്രവർത്തകരെയും കൂട്ടത്തോടെ അറസ്റ്റ്ചെയ്ത്, ഭീമ-കൊറേഗാവ് കേസിൽ കാണുന്നപോലെ, ജയിലിലടച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ ഭരണകൂടം നടത്തുന്ന കൂട്ടക്കൊലകളെക്കുറിച്ച് വിവരങ്ങൾ അന്വേഷിച്ച് പുറത്തുകൊണ്ടുവരാൻ പലപ്പോഴും കഴിയുന്നില്ല. ഒറ്റക്കും തെറ്റക്കും ബദൽ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വിവരങ്ങൾ മാത്രമാണ് ഇതിന് തെളിവായിട്ടുള്ളത്. അത്തരത്തിലുള്ള ഒന്നാണ് മിലിന്ദ് തെൽതുംബ്ഡെ ഉൾപ്പെടെ 26 സഖാക്കൾ കൊല്ലപ്പെട്ട സംഭവം. ഛത്തിസ്ഗഢിലെ ഒരു ഹിന്ദി മാധ്യമത്തിെൻറ റിപ്പോർട്ട് പ്രകാരം ആ ഏറ്റുമുട്ടൽ മഹാരാഷ്ട്രയിലെ ഗഡ്ചിറോലിയിൽ അല്ല, ഛത്തിസ്ഗഢിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ ആണ് നടന്നിട്ടുള്ളത്. അങ്ങനെ ഒരു ഏറ്റുമുട്ടൽ നടന്നതിനെ കുറിച്ച്, വെടിയൊച്ച കേട്ടതായി, ഈ പ്രദേശത്തുള്ളവർ പറയുന്നുണ്ട്. ഏറ്റുമുട്ടലിെൻറ പല അവശിഷ്ടങ്ങളും ആ പ്രദേശത്ത് കാണാനുമുണ്ട്. പക്ഷേ ഇങ്ങനെ ഒന്നു നടന്നതായി ഛത്തിസ്ഗഢ് പൊലീസ് പറഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ നടന്നു എന്ന് പറയപ്പെടുന്ന മഹാരാഷ്ട്രയിലെ പ്രദേശത്ത് അതിെൻറ ഒരു തെളിവും ഇല്ല.
ഏതെങ്കിലും തരത്തിലുള്ള ചതിയിലൂടെ സഖാക്കളെ മയക്കി ബോധംകെടുത്തി വെടിവെച്ചു കൊന്നതിന് ശേഷം ശവശരീരം ഇങ്ങോട്ട് മാറ്റിയിരിക്കണം. ഇതിനു മുമ്പും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തകർ അവിടെ പോകുകയും അന്വേഷിക്കുകയും ആ വസ്തുതകൾ വെളിപ്പെടുത്തുകയും ചെയ്തു. ഇന്നിപ്പോൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തടഞ്ഞിരിക്കുന്നതുകൊണ്ട് സത്യം എന്താണെന്ന് തൽക്കാലം അറിയുന്നില്ല. കാലക്രമത്തിൽ അത് പുറത്തുവരുകതന്നെ ചെയ്യും.
ഛത്തിസ്ഗഢിൽ കുറച്ചുനാളുകളായി നടന്നുകൊണ്ടിരിക്കുന്ന വമ്പിച്ച ഒരു ബഹുജന പ്രസ്ഥാനത്തിെൻറ റിപ്പോർട്ടുകള്‍, അതിെൻറ പല വിഡിയോ ദൃശ്യങ്ങൾ, പല ആവർത്തി വന്നിട്ടുണ്ട്. പൊലീസ് ക്യാമ്പ് സ്ഥാപിക്കുന്നതിനെതിരെയും നിലവിലുള്ള പൊലീസ് ക്യാമ്പുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും നടക്കുന്ന ഒരു പ്രസ്ഥാനമാണിത്. അതിന് നേതൃത്വം കൊടുക്കുന്നത് പുതിയൊരു ആദിവാസി സംഘടനയാണ്. ദൂര പ്രദേശങ്ങളിൽനിന്നൊക്കെതന്നെ വലിയ തോതിൽ ആദിവാസികൾ എത്തിച്ചേർന്ന് സമരത്തിൽ പങ്കാളികളാകുന്നുണ്ട്. അതിനെ അടിച്ചമർത്താൻ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ശവശരീരം മറവുചെയ്യാൻ അവർ വിസമ്മതിക്കുകയും റോഡിൽ െവച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഒടുവിൽ ഛത്തിസ്ഗഢ് സർക്കാർ തടഞ്ഞുെവച്ച മനുഷ്യാവകാശ പ്രവർത്തകർക്കും മറ്റും ഇവിടെ വന്ന് വസ്തുതകൾ അറിയാൻ അവസരം നൽകിയതിനു ശേഷം മാത്രമാണ് അവർ അതിന് വഴങ്ങിയത്. പ്രക്ഷോഭം ഇപ്പോഴും തുടരുന്നുണ്ട്. ഇതെല്ലാം മാവോവാദി സായുധപ്രവർത്തനത്തിെൻറ ഭാഗമാണെന്നു പറഞ്ഞ് അതിനെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അതല്ലെങ്കിൽ എങ്ങനെയാണ് ഇങ്ങനെ ഒരു പ്രസ്ഥാനം ഉണ്ടാവുക എന്ന മട്ടിലാണ് അവർ ഈ വിഷയത്തെ സമീപിക്കുന്നത്. അവിടെ നടക്കുന്ന സായുധപ്രവർത്തനങ്ങളുടെയും മാവോവാദി പാർട്ടിയുടെയും സ്വാധീനം ഇത്തരം സമരങ്ങളിൽ തീർച്ചയായിട്ടും ഉണ്ടായിരിക്കും. പക്ഷേ, പൊലീസ് ക്യാമ്പുകൾക്ക് എതിരായി അവിടെയുള്ള ജനങ്ങളുടെ ശക്തമായ വികാരവും പ്രതിഷേധവും ഇല്ലെങ്കിൽ കുറച്ച് മാവോവാദികളുടെ ഭീഷണിയുടെ സമ്മർദത്തിൽ ഇങ്ങനെ വിപുലമായ ഒരു ജനവിഭാഗം നീണ്ടുനിൽക്കുന്ന ഇത്തരമൊരു സമരത്തിൽ ഒരിക്കലും പങ്കാളികളാവാൻ പോകുന്നില്ല. അതുപോലെതന്നെയാണ് ഖനികൾ അടയ്ക്കാനും പുതിയവ തുടങ്ങുന്നത് തടയാനുമുള്ള സമരങ്ങൾ. ബഹുജനപങ്കാളിത്തത്തോടെ നടക്കുന്ന ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങൾ ആ പ്രദേശങ്ങളിൽ മാത്രമേ പരസ്യമായി നടക്കുന്നുള്ളൂ. കാരണം അവിടെ ശക്തമായ ഒരു വിപ്ലവ സൈനികസാന്നിധ്യം ഉണ്ട്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന് അവയെ എളുപ്പത്തിൽ അടിച്ചമർത്താൻ കഴിയുന്നില്ല. മറ്റ് പ്രദേശങ്ങളിൽ അതല്ല അവസ്ഥ. പരസ്യമായ ബഹുജന പ്രവർത്തനങ്ങൾ പൊതുവിൽ ഇല്ല. തീരെയില്ല എന്നല്ല, പൊതുവിൽ കാണുന്നില്ല.
ഇതെല്ലാം കണക്കിലെടുക്കുമ്പോൾ മാത്രമേ ഇന്ന് ഈ പ്രസ്ഥാനം എത്തിനിൽക്കുന്ന അവസ്ഥ എന്താണ് എന്ന് മനസ്സിലാക്കാൻ കഴിയൂ. ഏതാണ്ട് ആറു ലക്ഷത്തോളം വരുന്ന സൈനിക, അർധസൈനിക, പൊലീസ് ശക്തി ഇന്ത്യൻ പട്ടാളത്തിെൻറ കേന്ദ്ര കമാൻഡിെൻറ നേരിട്ടുള്ള നിർദേശപ്രകാരം സംയുക്തമായി അതിനെ നേരിടുകയാണ്. ഈ വലിയ ശക്തിയെ അതിജീവിച്ചുകൊണ്ടാണ് ആ പ്രസ്ഥാനം അവിടെ നിലനിൽക്കുന്നത് എന്നുള്ള വസ്തുത ഒട്ടും നിസ്സാരമല്ല. അത് നൽകുന്ന രാഷ്ട്രീയ സന്ദേശം സ്പഷ്ടമാണ്. ഭരണകൂടത്തെ നേരിട്ട് ജനങ്ങളുടെ വിമോചനം സാധ്യമാക്കുന്നതിനുള്ള പ്രവർത്തനത്തിൽ മുഴുകാൻ കഴിയും എന്നുള്ള ശക്തമായ സന്ദേശമാണ് അതിെൻറ സാന്നിധ്യത്തിലൂടെ അത് നിരന്തരമായി കൈമാറുന്നത്. പ്രത്യക്ഷമായിട്ട് അല്ലെങ്കിലും പരോക്ഷമായി ഈ രാജ്യത്ത് നടക്കുന്ന വിവിധ പ്രക്ഷോഭങ്ങളെയും സമരങ്ങളെയും ഇത് സ്വാധീനിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെയാണ് അത്തരം സമരങ്ങൾ ഉയർന്നുവരുമ്പോൾ തന്നെ അവയെ അർബൻ നക്സൽ എന്ന് മുദ്രകുത്തി ആക്രമിക്കാനായി ഭരണകൂടം ശ്രമിക്കുന്നത്. വിപ്ലവബദലിെൻറ ഈ രാഷ്ട്രീയ സാന്നിധ്യത്തെ ആർക്കും അവഗണിക്കാൻ കഴിയില്ല. പ്രത്യക്ഷമായും പരോക്ഷമായും ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന സാന്നിധ്യമാണത്. ഒരിടത്തുനിന്നും തുടങ്ങി, പടർന്നു പടർന്ന് രാജ്യവ്യാപക സാന്നിധ്യമുള്ള പ്രബലശക്തിയായി ഒടുവിൽ വിജയിച്ച വിപ്ലവങ്ങൾ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ലോകചരിത്രം പരിശോധിച്ചുകഴിഞ്ഞാൽ കാണാം. ഭരണകൂടശക്തികൾതന്നെ ആന്തരികമായ വൈരുധ്യങ്ങളും മറ്റുംമൂലം സ്വയം തകരുകയും, വൻ തോതിൽ കൂറുമാറുകയും ചെയ്തപ്പോൾ മാത്രമേ അത്തരത്തിലുള്ള മുന്നേറ്റങ്ങൾ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ട് ഇന്നത്തെ ഒരു അവസ്ഥ കണ്ട് നാളെ എന്താണ് വരാൻ പോകുന്നത് എന്ന് വിലയിരുത്താൻ ശ്രമിച്ചാൽ പരമ അബദ്ധമായിരിക്കും. ചരിത്രത്തിൽനിന്ന് പാഠങ്ങൾ പഠിക്കാത്ത ഒരു സമീപനം ആയിരിക്കും അത്.
സായുധസമരം നടന്നുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ ബഹുജന പങ്കാളിത്തത്തോടെയുള്ള സംഘടനാ പ്രവർത്തനത്തിെൻറ പ്രധാനരൂപം ഗറില താവള പ്രദേശങ്ങളിലെ വിപ്ലവ ജനകീയ സമിതികളാണ്. ദണ്ഡകാരണ്യ ഭാഗത്ത് ജനതണ സർക്കാർ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ബിഹാർ, ഝാർഖണ്ഡ് പ്രദേശങ്ങളിൽ ക്രാന്തികാരി കിസാൻ സമിതി എന്നറിയപ്പെടുന്നു. ഇവ രണ്ടും പുതിയ അധികാരത്തിെൻറ പ്രാഥമിക രൂപങ്ങളാണ്. തൊഴിലാളി വർഗത്തിെൻറയും കർഷകരുടെയും പെറ്റിബൂർഷ്വാസിയുടെയും ദേശീയ ബൂർഷ്വാസിയുടെയും തന്ത്രപരമായ ഐക്യമുന്നണിയെ അത് പ്രതിനിധാനംചെയ്യുന്നു എന്നാണ് അതിന് നേതൃത്വം കൊടുക്കുന്ന പാർട്ടി മനസ്സിലാക്കുന്നത്. ഒരു നയരേഖക്ക് അനുസൃതമായിട്ടാണ് ഈ സമിതികൾ പ്രവർത്തിക്കുന്നത്. വിപ്ലവ ജനകീയ സമിതികൾക്ക് ഒൻപത് വകുപ്പുകൾ ഉണ്ട്. ധനകാര്യം, പ്രതിരോധം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരികം, നീതിന്യായം, വനസംരക്ഷണം, പൊതുജന സമ്പർക്കം എന്നിവയാണ് അവ. ഈ വകുപ്പുകൾ ഒക്കെ തന്നെ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന്, ജനകീയ വിമോചന ഗറില സൈന്യത്തിലെ ഡോക്ടർമാർ പരിശീലിപ്പിച്ചിരിക്കുന്ന ആദിവാസികളാണ് ആരോഗ്യ വകുപ്പിൽ. രോഗങ്ങൾ തിരിച്ചറിയാനും അതിനുവേണ്ട പ്രാഥമിക ചികിത്സ നടത്താനുമുള്ള അറിവ് അവർക്കുണ്ട്. വിപ്ലവ സമിതികളിലെ ഡോക്ടർമാർ ഗ്രാമങ്ങളിൽ പോയി യുവതീയുവാക്കളെ പരിശീലിപ്പിക്കുന്നു. അതിനുവേണ്ടി സമിതികളുടെ ബജറ്റിൽ ഒരു നിശ്ചിത സംഖ്യ മാറ്റിവെക്കുന്നു. ഇരുപത് ശതമാനത്തോളം ബജറ്റ് വിഹിതം ആരോഗ്യത്തിനായിട്ടാണ് മാറ്റിവെച്ചിരിക്കുന്നത്. ഗുരുതരമായ രോഗികളെ ജനകീയ സമിതിയുടെ സാമ്പത്തിക സഹായത്തോടുകൂടി നഗരങ്ങളിൽ എത്തിച്ച് ചികിത്സ നൽകുന്നു. വിദ്യാഭ്യാസത്തിനും പ്രത്യേക ഫണ്ടുണ്ട്. ഗ്രാമതലത്തിലും പഞ്ചായത്ത് തലത്തിലും സ്കൂളുകൾ നടത്തുന്നു. പഞ്ചായത്ത് തലത്തിൽ കുട്ടികൾ താമസിച്ച് പഠിക്കുന്ന സ്കൂളുകളാണ് ഉള്ളത്. അതിശക്തമായ അടിച്ചമർത്തലുണ്ടാകുന്ന സമയത്ത് സൈന്യം ഈ സ്കൂളുകളെ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ കൊച്ചു കുട്ടികൾ ഗ്രാമത്തിൽ തങ്ങുകയും, മുതിർന്ന കുട്ടികളും അധ്യാപകരും വനത്തിലേക്ക് മാറുകയും, പിറ്റേന്ന് കാലത്ത് സൈനിക സാന്നിധ്യം പരിശോധിച്ച ശേഷം സ്കൂളുകൾ ആരംഭിക്കുകയും ചെയ്യുന്ന ചലനാത്മക വിദ്യാഭ്യാസ രീതിയാണ് അവിടെ നിലനിൽക്കുന്നത്. വിദ്യാഭ്യാസം ലഭിച്ച യുവജനങ്ങളെ ശമ്പളം നൽകി അധ്യാപകരായി നിയമിക്കുന്നുണ്ട്. വിദ്യാർഥികളുടെ ഭക്ഷണത്തിനായിട്ടുള്ള സാമഗ്രികൾ അതിെൻറ പരിസരത്തുതന്നെ കൃഷിചെയ്യുന്നു. അതിന് കഴിയാത്തത് ഗ്രാമങ്ങളിൽനിന്ന് സമാഹരിക്കും. പഠനസിലബസ് പാർട്ടിയുടെ വിദ്യാഭ്യാസ വകുപ്പ് ആണ് തയാറാക്കുന്നത്. അവരുടെ മാതൃഭാഷയായ ഗോണ്ടിയിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള പാഠപുസ്തകങ്ങൾ തയാറാക്കിക്കഴിഞ്ഞു.
ഇതുകൂടാതെ, ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് വിപ്ലവ ജനകീയ സമിതിയുടെ പ്രധാന പ്രവർത്തനം. 2011 മുതലാണ് ഇത് നടപ്പിലാക്കിതുടങ്ങിയത്. അതിന് വേണ്ടി ആദ്യമായി വിപുലമായ സർവേ നടത്തി. ആ സർവേയിലൂടെ അവിടെയുള്ള ജനങ്ങളുടെ ഭൂമി, ആസ്തി (കാർഷികോപകരണങ്ങൾ, കന്നുകാലി) എന്നിവയെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിച്ച് ഗ്രാമതലത്തിലുള്ള റിപ്പോർട്ട് വിപുലമായ ഒരു സഭയിൽ ചർച്ചചെയ്യുന്നു. അതിലൂടെ ഓരോ കുടുംബത്തിെൻറ വർഗനില നിശ്ചയിക്കും. അതിനുശേഷം ഭൂരഹിതർക്ക് ഭൂമി കൊടുക്കുന്നു. കാർഷിക പണികൾക്ക് മുൻതൂക്കം കൊടുക്കുകയും ഉൽപാദനം വർധിപ്പിക്കാൻ ഇടക്കുന്നുകൾ നിരത്തിയും കാടുകൾ തെളിച്ചും കൃഷിയോഗ്യം ആയ ഭൂമിയുടെ വിസ്തൃതി വർധിപ്പിക്കുന്നു. ഇങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ 3500 ഗ്രാമങ്ങളിൽ 9000 ദരിദ്ര കുടുംബങ്ങൾക്കും 3000ത്തോളം ഇടത്തരം കർഷക കുടുംബങ്ങൾക്കും 500ൽപരം ധനിക കർഷക കുടുംബങ്ങൾക്കും കാർഷിക പ്രവർത്തനങ്ങൾക്ക് സഹായം നൽകിയിരിക്കുന്നു. ഇതുകൂടാതെ 838 രക്തസാക്ഷികളുടെ കുടുംബങ്ങൾക്കും തടവുകാരുടെ 920 കുടുംബങ്ങൾക്കും മുഴുവൻസമയ വിപ്ലവ ജനകീയ സമിതി അംഗങ്ങളുടെ 2281 കുടുംബങ്ങൾക്കും സഹായം നൽകിയിട്ടുണ്ട്. ചെറു അണക്കെട്ടുകൾ, പാലങ്ങൾ എന്നിവയും നിർമിച്ചിട്ടുണ്ട്. ഈ രീതിയിൽ സൃഷ്ടിപരമായ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ ഉൽപാദനപരമായ വികസനത്തിന് ജനകീയ വിപ്ലവസമിതിയുടെ പ്രവർത്തനം സഹായിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനായി ഭരണകൂടം നിരന്തരം ശ്രമിച്ചിട്ടുണ്ട്.
ഇന്നത്തെ ലോക സാഹചര്യത്തിൽ ഇന്ത്യയിലുള്ളതുപോലെയുള്ള വിപ്ലവ ഉദ്യമങ്ങൾക്ക് ഒരു പ്രസക്തിയുമില്ല എന്ന് കരുതുന്നവരുണ്ട്. മൊത്തത്തിൽ നോക്കുമ്പോൾ അവക്ക് എന്തു പങ്കാണ് വഹിക്കാൻ കഴിയുക എന്നവർ ചോദിക്കുന്നു. നിലവിലുള്ള സാമൂഹികസാഹചര്യത്തിൽ ഒരു യഥാർഥ ബദലിനെ, ജനങ്ങൾക്ക് യഥാർഥത്തിൽ മോചനം സാധ്യമാക്കുന്ന യഥാർഥ ബദലിനെ ആണ് ഈ ഉദ്യമങ്ങൾ പ്രതിനിധാനംചെയ്യുന്നത്. അവർ പുതിയ സമൂഹങ്ങൾ സൃഷ്ടിക്കുകയാണ്. ഇതിന് വ്യത്യസ്തമായി പരിഷ്കരണവാദപരമായ നിലപാടുകളോടുകൂടി ഇടക്കാലത്ത് നടന്നിരിക്കുന്ന ഒട്ടേറെ പ്രക്ഷോഭങ്ങളുടെ അനുഭവം നമുക്കുണ്ട്. ആഗോളീകരണത്തിനെതിരെ ആയാലും കൊള്ളാം, പിന്നീട് വന്ന ഒക്യുപ്പൈ പ്രസ്ഥാനങ്ങളായാലും ശരി, ഇവയെല്ലാംതന്നെ ഒരു നിശ്ചിത ഘട്ടത്തിനു ശേഷം മുന്നോട്ട് പോകാനാകാതെ ശിഥിലമായി പോയി. അതിലെ ചില ശക്തികൾ വ്യവസ്ഥാപിതത്വത്തിെൻറ ഭാഗമായി മാറി. ഇതിന് വ്യത്യസ്തമായി, അടിയുറച്ചു നിന്ന്, ഒരു പുതിയ സാമൂഹിക ക്രമത്തിെൻറ നിലപാട് മുന്നോട്ടു വെച്ച്, അതിെൻറ സൃഷ്ടിയാണ് പരമപ്രധാനം, നിലനിൽക്കുന്നതിനെ തകർത്തുകൊണ്ടു മാത്രമേ അത് കഴിയുള്ളൂ എന്ന വ്യക്തമായ സമീപനത്തോടുകൂടി മാർക്സിസം-ലെനിനിസം-മാവോവാദത്തിെൻറ മാർഗദർശനത്തിൽ നടക്കുന്ന വിപ്ലവോദ്യമങ്ങൾ കൃത്യമായും യാഥാർഥ്യമാക്കുന്ന ഒരു ബദൽ ആണ് ചൂണ്ടിക്കാണിക്കുന്നത്. അതാണ് ഇന്ത്യയിലും ഫിലിപ്പീൻസിലും മറ്റും നടക്കുന്ന വിപ്ലവോദ്യമങ്ങളുടെ പ്രസക്തി. കാരണം, സായുധസമരം നടത്തുക മാത്രമല്ല അവരുടെ പ്രയോഗം. അതിലൂടെ സ്വാധീനം നേടാൻ കഴിഞ്ഞ മേഖലകളിൽ ഒരു പുതിയ സമൂഹത്തെ അവർ സൃഷ്ടിക്കുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ ജനതണ സർക്കാറുകളും ക്രാന്തികാരി കിസാൻ സമിതികളും പ്രതിനിധാനംചെയ്യുന്ന പുതിയ അധികാരം അവിടെ പുതിയ സമൂഹത്തെ യാഥാർഥ്യമാക്കുന്നുണ്ട്. വമ്പിച്ച കടന്നാക്രമണങ്ങളെ അതിജീവിച്ചുതന്നെയാണ് സാധ്യമാക്കുന്നത്. ഇത് നൽകുന്ന ഒരു രാഷ്ട്രീയ സന്ദേശമുണ്ട്. തീർച്ചയായിട്ടും പ്രതികരണങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുണ്ടാവുകതന്നെ ചെയ്യും. പരിഷ്കരണവാദ പ്രക്ഷോഭങ്ങളുടെ നിഷേധാത്മക പാഠത്തിൽനിന്ന് പഠിച്ച് പുതിയ ശക്തികൾ പുതിയതരത്തിലുള്ള വിപ്ലവ പ്രവർത്തനങ്ങളിലേക്ക് കടന്നുവരുമെന്ന് ഉറപ്പാണ്. അതിെൻറ പല സൂചനകളും പല ലക്ഷണങ്ങളും പല സംഘടനാരൂപങ്ങളും ലോകവ്യാപകമായി ഉയർന്നുവന്നിട്ടുണ്ട്. അതിനിയും പ്രബലമാകുകയേ ഉള്ളൂ. സാമ്രാജ്യത്വവ്യവസ്ഥിതി നേരിടുന്ന പ്രതിസന്ധി, കൊറോണ ഒന്നുകൂടി തീവ്രമാക്കിയ പ്രതിസന്ധി, തീർച്ചയായും അത്തരത്തിലുള്ള നീക്കങ്ങൾക്ക് ആക്കംകൂട്ടും. സാമ്രാജ്യത്വ ശക്തികളുടെ പൊള്ളത്തരം കൊറോണ തുറന്നുകാട്ടി. അവരുടെ സാങ്കേതിക വിദ്യയുടെ മികവിനേയും സാമ്പത്തികശേഷിയേയും കുറിച്ചുള്ള അവകാശവാദങ്ങൾ നിലനിൽക്കെതന്നെയാണ് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ ബലികൊടുക്കേണ്ടിവന്നിരിക്കുന്നത്. നിയന്ത്രിച്ചു നിർത്താനും ചികിത്സിച്ചു ഭേദമാക്കാനും കഴിയുമായിരുന്ന ഒരു രോഗത്തെ പ്രതിരോധിക്കാൻ പ്രാഥമിക വൈദ്യസഹായവും മറ്റു സൗകര്യങ്ങളും ഇല്ലാത്തതുകൊണ്ട് മാത്രം ലക്ഷക്കണക്കിന് ആൾക്കാർ മരിക്കുന്ന സാഹചര്യമാണ് ഈ രാജ്യങ്ങളിലൊക്കെ ഉണ്ടായിട്ടുള്ളത്. അത് അനിവാര്യമായും ജനങ്ങളെ ചിന്തിപ്പിക്കും. എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന ചിന്ത ഉറപ്പായിട്ടും വരും, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ. ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ സ്വഭാവം നോക്കുക. പുതിയ തരത്തിലുള്ള നിയന്ത്രണങ്ങളും മറ്റും അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളെ ജനങ്ങൾ ചെറുക്കുകയാണ്. പ്രത്യക്ഷത്തിൽ ഇതിൽ യുക്തിരാഹിത്യം തോന്നുമെങ്കിലും അവയിൽ അടിസ്ഥാനപരമായ ഒരു ന്യായമുണ്ട്. പൊതുജനാരോഗ്യത്തിെൻറ കാര്യത്തിൽ വേണ്ടരീതിയിൽ ശ്രദ്ധനൽകാതെ, അതിനുവേണ്ടി ഫണ്ടുകൾ ചെലവാക്കാതെ, സ്വകാര്യവത്കരണത്തിൽ മാത്രം ഊന്നി അതത് രാജ്യത്തെ ആരോഗ്യവ്യവസ്ഥയെ ആകെ താറുമാറാക്കി തകർത്തിന് ശേഷമാണ് ഇപ്പോൾ നിയന്ത്രണങ്ങളുമായിട്ട് ഭരണാധികാരികൾ വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് യുവജനങ്ങൾ ഉൾെപ്പടെയുള്ളവർ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്. ഈ എതിർപ്പുകൾ, പ്രതിഷേധങ്ങൾ പുതിയ വഴികൾ തേടും. ആ വഴികളിലെ സൂചകഫലകങ്ങളാണ് ഇന്നത്തെ വിപ്ലവോദ്യമങ്ങൾ. അതാണ് ചരിത്രത്തിൽ അവ വഹിക്കുന്ന പങ്ക്. ലോകസാഹചര്യം അവയെ അപ്രസക്തമാക്കുകയല്ല പ്രസക്തമാക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം സവിശേഷമായ ഒരു പ്രാധാന്യംകൂടി കാണണം. ജനങ്ങൾക്കു നേരെയുള്ള അങ്ങേയറ്റം ഭീകരമായ ഒരു ഫാഷിസ്റ്റ് അടിച്ചമർത്തലിെൻറ ഭീഷണിയാണ് നാം ഇന്ന് നേരിടുന്നത്. ദലിതരും ആദിവാസികളും മറ്റു മർദിത ജാതികളും സ്ത്രീകളും മതന്യൂനപക്ഷങ്ങളും എല്ലാ സാമൂഹികവിഭാഗങ്ങളിലുംപെടുന്ന ദരിദ്രരും ചൂഷിതരും ഇടത്തരക്കാരും ആണ് അതിെൻറ ആക്രമണത്തിന് ഇരയാവുക. കടുത്ത, അക്രമാസക്തമായ ബ്രാഹ്മണ്യത്തിെൻറ പിന്തിരിപ്പത്തം അതിന് വഴികാട്ടിയാകുന്നു. സൈനികപരിശീലനം നടത്തി ഒരുങ്ങിനിൽക്കുന്ന അർധസൈനിക സംഘടനയായ ആർ.എസ്.എസ് സംഘങ്ങളാകും അതിെൻറ നടത്തിപ്പുകാർ. ഹിറ്റ്ലറുടെ ജർമനിയിൽ ഗസ്റ്റപ്പോയും എസ്.എസും ചെയ്തതുപോലെ. അതിനുള്ള പരിശീലന അഭ്യാസങ്ങളാണ് നാം നിത്യേന വായിക്കുന്ന, മാധ്യമങ്ങളിൽ കാണുന്ന, അക്രമങ്ങൾ. ഇതിനെ നേരിട്ട് പരാജയപ്പെടുത്തണമെങ്കിൽ ദൃഢമായ ഒരു വിപ്ലവ കാമ്പ്, സായുധമായി തന്നെ തിരിച്ചടിക്കാനാകുന്ന ഒന്ന്, അത്യന്താപേക്ഷിതമാണെന്ന് ലോക അനുഭവങ്ങൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.