അബുജ(നൈജീരിയ): വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോയിൽ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോകോ ഹറാം തീവ്രവാദികളുമായി ബന്ധപ്പെട്ടവരാണ് ആക്രമണത്തിന് പിറകിലെന്നാണ് കരുതുന്നത്.
കൃഷിസ്ഥലത്ത് വിളവെടുപ്പ് നടത്തുകയായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമാണ് ആക്രമണത്തിന് ഇരയായത്. വിളവെടുപ്പ് നടന്നുകൊണ്ടിരിക്കെ മോട്ടാർ ബൈക്കുകളിലെത്തിയ അക്രമി സംഘം തുരുതുരെ വെടിവെക്കുകയായിരുന്നുവെന്ന് യു.എൻ. പ്രതിനിധി എഡ്വാർഡ് കല്ലൊൻ പറയുന്നു. 43 ആളുകൾ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീടിത് 73 ആകുകയും തിങ്കളാഴ്ച 110 ആയി ആകുകയും ചെയ്തു. നിരവധി ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
കൃഷിസ്ഥലത്തുണ്ടായിരുന്ന സ്ത്രീകളെ തട്ടികൊണ്ടുപോയതായും സൂചനയുണ്ട്. എന്നാൽ, ഇതിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. വീടുകളിൽ കഴിഞ്ഞാൽ പട്ടിണി കിടന്ന് മരിക്കണ്ട അവസ്ഥയും പുറത്തിറങ്ങിയാൽ ഭീകരരാൽ കൊല്ലപ്പെടേണ്ട അവസ്ഥയുമാണ് നിലനിൽക്കുന്നതെന്ന് ബോർണോ ഗവർണർ ഉമറാ സുലും പറയുന്നു.
ബോക്കോ ഹറാമും അതിൽ നിന്ന് വിഘടിച്ചു പോയ പശ്ചിമാഫ്രിക്ക ഇസ്ലാമിക് സ്റ്റേറ്റും ബോർണോ മേഖലയിൽ ശക്തമാണ്. നേരത്തെ, ഇരുവിഭാഗങ്ങളും മേഖലയിൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം തീവ്രവാദ ഗ്രൂപ്പുകളുടെ ആമ്രണത്തിൽ നിരവധി നൈജീരിയൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിനെതിരായ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് ചില പ്രത്യേക മേഖലകളിൽ മാത്രമായി ൈസന്യം തമ്പടിക്കുക എന്ന നയം നൈജീരിയ കൈകൊണ്ടിരുന്നു. വിദൂര ഗ്രാമങ്ങളിൽ നിന്നും മേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിച്ച് ശകതികേന്ദ്രങ്ങളിൽ സൈന്യം കേന്ദ്രീകരിച്ചതോടെ സൈനിക നാശം നൈജീരിയക്ക് തടയാനായി. അതേസമയം, വിദൂര മേഖലകളുടെ നിയന്ത്രണം ഭീകരർ കൈയടക്കുന്ന സ്ഥിതിയുമുണ്ടായി.
നിരായുധരായ ജനങ്ങൾക്ക് നേരെ സമീപകാലത്ത് ഭീകരർ നടത്തിയ എറ്റവും വലിയ ആക്രമണമാണ് ബോർണോയിലെ കൂട്ടക്കൊല. സുരക്ഷ ഒരുക്കുന്നതിൽ ൈസന്യത്തിനും സർക്കാറിനുമുണ്ടായ പരാജയം ജനങ്ങൾക്കിടയിൽ കടുത്ത അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.