ലോസ് ആഞ്ജലസ്: അഞ്ച് ദിവസത്തിലേറെയായി യു.എസിലെ ലോസ് ആഞ്ജലസിൽ പടരുന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 16 കവിഞ്ഞു. 13 പേരെ കാണാതായി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. കാട്ടുതീ ഏറ്റവും രൂക്ഷമായ പാലിസേഡ്സിൽ അഞ്ച് പേരും ഈറ്റണിൽ 11 പേരുമാണ് മരിച്ചത്. സാന്റാ അന കാറ്റ് തിങ്കളാഴ്ച മുതൽ ശക്തമാകുമെന്നതിനാൽ കാട്ടുതീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ചൊവ്വാഴ്ചയും ബുധനാഴ്ചയും മണിക്കൂറിൽ 112 കിലോമീറ്റർവരെ വേഗമുള്ള കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ നിയന്ത്രിക്കൽ ശ്രമകരമാവും.
40,000 ഏക്കറിലധികം പ്രദേശമാണ് ഇതുവരെ കത്തിനശിച്ചത്. വീടുകളടക്കം 12,000 കെട്ടിടങ്ങൾ ചാമ്പലായി. തീയണക്കാൻ മെക്സിക്കോയുടെയും കാനഡയുടെയും അഗ്നിശമനസേന ലോസ് ആഞ്ജലസിലെത്തിയിട്ടുണ്ട്. 1354 ഫയർ എൻജിനുകളും 84 വിമാനങ്ങളും ഹെലികോപ്ടറുകളും 14,000 അഗ്നിരക്ഷ സേന പ്രവർത്തകരും തീയണക്കാൻ രംഗത്തുണ്ട്. കാലിഫോർണിയ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽനിന്നുള്ള അഗ്നിരക്ഷ സേനയും രംഗത്തുണ്ട്.
പാലിസേഡ്സിന്റെ കിഴക്കൻ മേഖലയിലെ ബ്രൻഡ് വുഡിൽനിന്ന് ഒഴിഞ്ഞുപോകാൻ പ്രദേശവാസികൾക്ക് അധികൃതർ നിർദേശം നൽകി. ഈ മേഖലയിലെ ലോക പ്രസിദ്ധ ഗെറ്റി സെന്റർ മ്യൂസിയവും കാലിഫോർണിയ സർവകലാശാലയും അടക്കമുള്ള സ്ഥാപനങ്ങളെ കാട്ടുതീ വിഴുങ്ങുമോയെന്ന ആശങ്കയുണ്ട്. യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഹോളിവുഡ് നടൻ അർനോൾഡ് ഷ്വാസ്നെഗർ, ഡിസ്നി സി.ഇ.ഒ ബോബ് ഐഗർ തുടങ്ങിയ പ്രമുഖരുടെ വീടുകൾ ഇവിടെയാണ്.
അതിനിടെ, മുന്നറിയിപ്പിനെതുടർന്ന് ആളുകൾ ഒഴിഞ്ഞ വീടുകൾ കൊള്ളയടിച്ച 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരന്തസാഹചര്യം മുതലെടുത്ത് ഹോട്ടൽ മുറികൾക്കും വീടുകൾക്കും ഉടമകൾ അന്യായ വാടക ചുമത്തുന്നതിനാൽ വീട് നഷ്ടപ്പെട്ടവരിൽ പലരും തെരുവിലാണ്. ലോസ് ആഞ്ജലസിന്റെ പടിഞ്ഞാറൻ അറ്റത്തുള്ള മാലിബു നഗരത്തിന്റെ മൂന്നിലൊന്ന് കത്തിനശിച്ചതായി മേയർ ഡുഗ് സ്റ്റ്യുവർട്ട് പറഞ്ഞു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ 35,000 വീടുകളും വ്യാപാരസ്ഥാപനങ്ങളും ഇരുട്ടിലാണ്. കാട്ടുതീയുടെ കാരണം കണ്ടെത്താൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. 1500 കോടി ഡോളറിന്റെയെങ്കിലും നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.