രാമനാഥപുരം: അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചതിന് തമിഴ്നാട് സ്വദേശികളായ 17 മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. അതിൽ അഞ്ചുപേരെ ഇന്നലെയും 12 പേരെ ഞായറാഴ്ചയുമാണ് പിടികൂടിയത്. കാരൈനഗറിന് സമീപം മത്സ്യബന്ധനം നടത്തുകയായിരുന്ന ജഗതപട്ടണം സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികളെയാണ് ഇന്നലെ നാവികസേന പിടികൂടിയത്. ഇവരെ കാരൈനഗർ ക്യാമ്പിലേക്ക് കൊണ്ടുപോയതായാണ് റിപ്പോർട്ടുകൾ.
കൊടയകരിയുടെ തെക്കുവടക്ക് മേഖലയിൽ മത്സ്യബന്ധനത്തിലേർപ്പെട്ട കാരക്കലിൽ നിന്നുള്ള അഞ്ചുപേരും മയിലാടുതുറയിൽ നിന്നുള്ള ഏഴുപേരും അടക്കമാണ് ഞായറാഴ്ച പിടിയിലായ 12 പേർ. തൊഴിലാളികളുടെ മത്സ്യബന്ധന ബോട്ടും ഇന്ധനവും ശ്രീലങ്കൻ നേവി കണ്ടുകെട്ടിയിട്ടുണ്ട്.
സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. 61 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം പുനഃരാരംഭിച്ചതായി മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു.
ഈ അറസ്റ്റ് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളെ ഭയപ്പെടുത്തുന്നു. കൂടാതെ തീരപ്രദേശങ്ങളിൽ അരക്ഷിതാവസ്ഥയും ഭീതിയും സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഉചിതമായ നയതന്ത്ര മാർഗത്തിലൂടെ ഈ വിഷയം ഏറ്റെടുത്ത് മത്സ്യത്തൊഴിലാളികളെയും അവരുടെ മത്സ്യബന്ധന ബോട്ടുകളും ഉടൻ മോചിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് അഭ്യർഥിക്കുന്നതായി സ്റ്റാലിൻ വിദേശകാര്യമന്ത്രാലയത്തിനയച്ച കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.