പെഷാവർ: വടക്കുപടിഞ്ഞാറൻ പാക്കിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നടക്കുന്ന വിഭാഗീയ അക്രമങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ്. 33 പേർ കൊല്ലപ്പെട്ടതായി ചില സ്വതന്ത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാന്റെ അതിർത്തിയിലുള്ള ഖുറം ജില്ലയിലെ അലിസായി, ബഗാൻ ഗോത്രങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. ബാലിഷ്ഖേൽ, ഖർ കാലി, കുഞ്ച് അലിസായി, മഖ്ബൽ എന്നിവിടങ്ങളിലും വെടിവെപ്പ് തുടരുകയാണ്.
കനത്ത ആയുധങ്ങൾ ഉപയോഗിച്ച് സുന്നി- ശിയാ വിഭാഗങ്ങൾ പരസ്പരം ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിൽ ഇതുവരെ 18 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഘർഷത്തിൽ വീടുകൾക്കും കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവിധ ഗ്രാമങ്ങളിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ വഷളായതിനാൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചതായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ചെയർമാൻ മുഹമ്മദ് ഹയാത്ത് ഹസ്സൻ അറിയിച്ചു.
വ്യാഴാഴ്ച ബഗാൻ, മണ്ഡൂരി, ഒച്ചാട്ട് എന്നിവിടങ്ങളിൽ 50ലധികം യാത്രാ വാഹനങ്ങൾക്കു നേരെ വെടിയുതിർത്ത് തീവ്രവാദികൾ സ്ത്രീകളും കുട്ടികളുമടക്കം 47 പേരെ കൊലപ്പെടുത്തിയിരുന്നു. പരാചിനാറിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയുടെ തലസ്ഥാനമായ പെഷവാറിലേക്ക് വാഹനവ്യൂഹത്തിൽ സഞ്ചരിക്കുകയായിരുന്നു ഇവരെന്ന് അധികൃതർ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ശിയാ വിഭാഗത്തിൽപ്പെട്ടവരാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.