ലാസ് തെജെറൈസ് : കനത്ത മഴയെ തുടർന്ന് വെനസ്വേലയിൽ വൻ ദുരന്തം. സെൻട്രൽ വെനസ്വേലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 22 പേർ മരിക്കുകയും നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് 50 ലധികം പേരെ കാണാതാവുകയും ചെയ്തു. രാജ്യത്ത് കനത്ത മഴയെ തുടർന്നുണ്ടായ ഏറ്റവും വലിയ ദുരന്തമാണിതെന്ന് അധികൃതർ പറഞ്ഞു.
തെക്കേ അമേരിക്കൻ രാജ്യത്ത് അതിശക്തമായ മഴയെ തുടർന്ന് 12 ഓളം പേരാണ് കഴിഞ്ഞ മാസങ്ങളിലായി ഇതുവരെ മരിച്ചത്.
'മഴയെ തുടർന്ന് വൻ നാശനഷ്ടങ്ങളാണ് രാജ്യത്തുണ്ടായിരിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു. 22 പേർ മരിച്ചു. 52 പേരെ കാണാതായി. ഇവരെ കണ്ടെത്താൻ നടപടികൾ നടക്കുകയാണെന്നും വൈസ് പ്രസിഡന്റ് സംഭവ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
വീടുകളും വ്യാപാര സ്ഥാപനങ്ങളും മഴയിൽ നശിച്ചു. നഗരത്തിൽ അങ്ങോളമിങ്ങോളും മരങ്ങൾ കടപുഴകി വീണുകിടക്കുന്നു. അവ ചെളിയും അവശിഷ്ടങ്ങളും കൊണ്ട് മൂടിക്കിടക്കുകയാണ്. അതിൽ ചിന്നിച്ചിതറിയ തടികളും വീട്ടുപകരണങ്ങളും തകർന്ന കാറുകളും വരെ മരത്തടികളിൽ വന്ന് അടിഞ്ഞ് കിടക്കുന്നു.
ആയിരത്തോളം പേർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി റെമിജിയോ സെബല്ലോസ് എ.എഫ്.പിയോട് പറഞ്ഞു,
തകർന്ന വീടുകളുടെ അവശിഷ്ടങ്ങളിൽ പ്രദേശവാസികൾ പ്രിയപ്പെട്ടവരെ തിരയുന്നത് വേദനിപ്പിക്കുന്ന കാഴ്ചയാണെന്ന് മന്ത്രി പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ രക്ഷാപ്രവർത്തകരും പ്രവർത്തിക്കുന്നുണ്ട്.
കാലാവസ്ഥാ മാറ്റം രാജ്യത്ത് വലിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടാക്കുന്നുണ്ട്. റെക്കോർഡ് മഴയാണ് അനുഭവപ്പെട്ടത്. സാധാരണ ഒരു മാസത്തിൽ കാണുന്ന അത്രയും മഴ ഒരു ദിവസത്തിൽ പെയ്തുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അപകടത്തിൽ നിരവധി പേർ മരിച്ച സംഭവത്തിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.