ഗസ്സയിൽ ഇസ്രായേൽ തകർത്തെറിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കരികിലൂടെ നീങ്ങുന്ന അംഗപരിമിതനായ
ഫലസ്തീനി യുവാവ്
ഗസ്സ: ചെറുത്തുനിൽപിന്റെ പ്രതീകമായ ഗസ്സയിൽ ഇസ്രായേൽ അധിനിവേശം തുടങ്ങിയിട്ട് 467 ദിനങ്ങൾ. ബോംബ് വർഷത്തിന്റെയും മരണങ്ങളുടെയും പലായനത്തിന്റെയും പട്ടിണിയുടെയും 15 മാസം. ഇതിനകം 46,707 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇവരിൽ 18,000 പേർ കുട്ടികളാണ്. ഗസ്സയിലെ 50ൽ ഒരാൾ കൊല്ലപ്പെട്ടതായാണ് കണക്ക്. അതേസമയം, കൊല്ലപ്പെട്ടവരുടെ യഥാർഥ കണക്ക് ഇതിലും കുടുതലായിരിക്കുമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
1,10,265 പേർക്കാണ് യുദ്ധത്തിൽ പരിക്കേറ്റത്. അതായത് 20 ഗസ്സക്കാരിൽ ഒരാൾക്ക് വീതം പരിക്കേറ്റു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പരിക്കേറ്റവരിൽ നാലിലൊന്ന് പേർക്ക് ജീവിതം മാറ്റിമറിക്കുന്ന രീതിയിൽ അംഗഭംഗം വന്നു. എന്നാൽ, ഇവരെ പുനരധിവസിപ്പിക്കാൻ നടപടികളൊന്നുമായിട്ടില്ല. ഫലസ്തീൻ അഭയാർഥികൾക്കുള്ള യു.എൻ ഏജൻസിയുടെ കണക്കനുസരിച്ച് ഓരോ ദിവസവും 10 കുട്ടികൾക്കെങ്കിലും ഒരു കാൽ അല്ലെങ്കിൽ രണ്ട് കാലും നഷ്ടപ്പെടുന്നു.
സ്ഥിരീകരിച്ച മരണസംഖ്യക്കപ്പുറം, കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ ആയിരക്കണക്കിനാളുകൾ കുഴിച്ചുമൂടപ്പെട്ടതായും ആശങ്കയുണ്ട്. യന്ത്രസഹായങ്ങളില്ലാത്തതിനാൽ വെറുംകൈയുമായാണ് രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾ നീക്കുന്നത്. ഫലസ്തീനിലെ പരിസ്ഥിതി ഗുണനിലവാര അതോറിറ്റിയുടെ നിഗമനമനുസരിച്ച് 85,000 ടൺ സ്ഫോടകവസ്തുക്കളാണ് ഇസ്രായേൽ ഗസ്സയിൽ വർഷിച്ചത്. ബോംബുകളുടെ അവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്യാൻ ദശാബ്ദമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഇതിനെല്ലാം പുറമേയാണ് ഗസ്സയിലെ പട്ടിണി. ഗസ്സയിലേക്കുള്ള ഭക്ഷണ, കുടിവെള്ള വിതരണം ഇസ്രായേൽ മനഃപൂർവം മുടക്കിയതായി അൽ ജസീറ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ലക്ഷക്കണക്കിനാളുകളാണ് കൊടുംപട്ടിണിയിൽ കഴിയുന്നത്. 19 ലക്ഷം ആളുകൾക്ക് വീട് നഷ്ടമായി. ഇവരിൽ 80 ശതമാനവും മതിയായ വസ്ത്രമോ തണുപ്പിൽനിന്ന് രക്ഷനേടാൻ പുതപ്പോ ഇല്ലാതെ താൽക്കാലിക ഷെൽട്ടറുകളിലാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.