ബംഗ്ലാദേശിനെ പിടിച്ചുലച്ച് വീണ്ടും സംഘർഷം; 72 പേർ കൊല്ലപ്പെട്ടു; ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം

ധാക്ക: പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാരും ഭരണകക്ഷി അനുഭാവികളും തമ്മിൽ ഞായറാഴ്ചയുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ 14 പൊലീസുകാർ ഉൾപ്പെടെ 72 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു.

ഞായറാഴ്ച രാവിലെ സർക്കാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ ധാക്കയിൽ നടന്ന നിസ്സഹകരണ പരിപാടിയിൽ പങ്കെടുത്ത പ്രതിഷേധക്കാരും അവാമി ലീഗ്, ഛത്ര ലീഗ്, ജൂബോ ലീഗ് എന്നീ സംഘടനകളുടെ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്.

ഏറ്റുമുട്ടലിനിടെ നിരവധി പെട്രോൾ ബോംബ് സ്ഫോടനങ്ങൾ നടന്നതായി ധാക്ക ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. നൂറുകണക്കിന് വിദ്യാർഥികളും പ്രഫഷനലുകളും ധാക്കയിലെ ഷാബാഗിൽ തടിച്ചുകൂടുകയും ഗതാഗതം തടയുകയും ചെയ്തു. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിയും സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവർക്ക് നീതിയും ആവശ്യപ്പെട്ടാണ് ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാന’ത്തിന്‍റെ ബാനറിൽ പ്രതിഷേധം നടന്നത്.

ഏറ്റുമുട്ടലുകൾ വ്യാപിച്ചതോടെ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച വൈകീട്ട് ആറുമുതൽ രാജ്യവ്യാപകമായി കർഫ്യൂ പ്രഖ്യാപിച്ചു. രാജ്യത്ത് ഫേസ്ബുക്ക്, മെസഞ്ചർ, വാട്ട്‌സ്ആപ്, ഇൻസ്റ്റാഗ്രാം എന്നിവ നിരോധിക്കാനും 4ജി മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തിവെക്കാനും സർക്കാർ ഉത്തരവിട്ടു.

ആക്രമണങ്ങൾ നേരിടുന്നതിന് പ്രധാനമന്ത്രി ശൈഖ് ഹസീന ദേശീയ സുരക്ഷ കാര്യ സമിതിയുടെ യോഗം വിളിച്ചുചേർത്തു. കര, നാവിക, വ്യോമസേന, പൊലീസ്, റാപിഡ് ആക്ഷൻ ബറ്റാലിയൻ, ബംഗ്ലാദേശ് അതിർത്തി സേന തലവന്മാരും മറ്റ് ഉന്നത സുരക്ഷ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്തുടനീളം അട്ടിമറി നടത്തുന്നവർ വിദ്യാർഥികളല്ല, ഭീകരവാദികളാണെന്ന് അവർ ആരോപിച്ചു. ഇവരെ ജനം അടിച്ചമർത്തണമെന്നും ഹസീന ആവശ്യപ്പെട്ടു.

പ്രതിഷേധത്തെ തുടർന്ന് ധാക്കയിലെ ഭൂരിഭാഗം കടകളും മാളുകളും അടച്ചിട്ടിരിക്കുകയാണ്. ബംഗബന്ധു ശൈഖ് മുജീബ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയിലെ നിരവധി വാഹനങ്ങൾ അജ്ഞാതർ കത്തിച്ചു. വടികളുമായെത്തിയവർ ആശുപത്രി വളപ്പിലെ സ്വകാര്യ കാറുകൾ, ആംബുലൻസുകൾ, മോട്ടോർ സൈക്കിളുകൾ, ബസുകൾ എന്നിവ നശിപ്പിച്ചതായും ഇത് രോഗികളെയും ആശുപത്രി ജീവനക്കാരെയും പരിഭ്രാന്തിയിലാഴ്ത്തിയതായും ഡെയ്‌ലി സ്റ്റാർ ദിനപത്രം റിപ്പോർട്ട് ചെയ്തു. ചർച്ചക്കുള്ള ശൈഖ് ഹസീനയുടെ ക്ഷണം നിരസിച്ച പ്രതിഷേധക്കാർ, സർക്കാർ രാജിവെക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് വ്യക്തമാക്കി.

ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകൾക്ക് മുമ്പുനടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ 200ലധികം പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - 72 Killed In Bangladesh Clashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.