ന്യൂഡൽഹി: 75 ഇന്ത്യൻ പൗരൻമാരെ സുരക്ഷിതമായി സിറിയയിൽ നിന്ന് പുറത്തെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം. വിമതർ അധികാരം പിടിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് ഇന്ത്യയുടെ രക്ഷാദൗത്യം. ഡമാസ്കസിലേയും ബെയ്റൂത്തിലേയും ഇന്ത്യൻ എംബസികളുടെ സഹകരണത്തോടെയായിരുന്നു രക്ഷാദൗത്യം.
സർക്കാർ ഒഴിപ്പിച്ചവർ സുരക്ഷിതമായി ലബനാൻ വഴി അതിർത്തി കടന്നിട്ടുണ്ടെന്നും ലഭ്യമായ വിമാനങ്ങളിൽ ഇവർ ഇന്ത്യയിലെത്തുമെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്. ജമ്മുകശ്മീരിൽ നിന്നുളള 44 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇവർ സൈദ സാനിബിൽ കുടുങ്ങിയവരായിരുന്നു. ഇന്ത്യൻ പൗരൻമാരുടെ സുരക്ഷക്കാണ് സർക്കാർ വലിയ പരിഗണന നൽകുന്നതെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. സിറിയയിലുള്ള മറ്റ് ഇന്ത്യക്കാർ ഡമാസ്കസിലെ എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ഞായറാഴ്ച ബശ്ശാറുൽ അസദിന്റെ നേതൃത്വത്തിലുള്ള സർക്കാർ സിറിയയിൽ വീണിരുന്നു. തുടർന്ന് രാജ്യംവിട്ട അസദ് റഷ്യയിൽ അഭയം തേടുകയായിരുന്നു. വിമത ഗ്രൂപ്പ് സിറിയയിൽ അധികാരം പിടിക്കുകയും ഇടക്കാല പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.