ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ വിമോചന നേതാവ് നെൽസൺ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകൾ സിൻസി മണ്ടേല നിര്യാതയായി. 59 വയസ്സായിരുന്നു. ജൊഹാനസ്ബർഗ് ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. 2015 മുതൽ ഡെന്മാർക്കിലെ ദക്ഷിണാഫ്രിക്കൻ അംബാസഡറായിരുന്നു.
വർണവിവേചനത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകി നീണ്ടകാലം ജയിൽവാസമനുഷ്ഠിച്ച മണ്ടേലയുടെ ജീവിതവുമായി ചേർന്നുനിന്നവരായിരുന്നു സിൻസി. മണ്ടേല ജയിലിലായിരിക്കെ 1985ൽ മോചനത്തിന് സമരം ഉപേക്ഷിക്കണമെന്ന് വെള്ളക്കാർ ഉപാധിവെച്ചപ്പോൾ ഒരിക്കലും പിൻവാങ്ങില്ലെന്ന കത്ത് വൻജനാവലിക്കു മുമ്പിൽ പിതാവിനു വേണ്ടി വായിച്ചത് സിൻസിയായിരുന്നു.
ലോകം മുഴുക്കെ സംപ്രേഷണം ചെയ്യപ്പെട്ട പ്രഖ്യാപനത്തോടെ മണ്ടേല കുടുംബത്തിലെ ഇളമുറക്കാരിയും പ്രശസ്തയായി. വെള്ളക്കാരുടെ അധീനതയിലുള്ള ഭൂമി ദക്ഷിണാഫ്രിക്കയിലെ പാവപ്പെട്ട കറുത്ത വംശജർക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം സിൻസി നടത്തിയ പ്രസ്താവന വിവാദമുയർത്തിയിരുന്നു. ‘‘അപാർതീഡ് വക്താക്കളോട്, നിങ്ങളുടെ സമയം അവസാനിച്ചിരിക്കുന്നു. ഇനിയും ഭരണം തുടരാൻ നിങ്ങൾക്കാവില്ല. അന്തിമമായി, ഈ ഭൂമി ഞങ്ങളുടെതാണ്’’ -എന്നായിരുന്നു സിൻസിയുടെ ട്വീറ്റ്. ഭർത്താവും നാലു മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.