ഖർത്തൂം: ഏകാധിപത്യ ഭരണത്തിൽ താളംതെറ്റിയ സുഡാനിനെ കോവിഡ് മഹാമാരികൂടി പിടിച്ചു കുലുക്കിയതോടെ കൊടും പട്ടിണിയിലേക്കാണ് രാജ്യം നീളുന്നത്. താൽക്കാലിക ഭരണകൂടം രാജ്യെത്ത പിടിച്ചുയർത്താൻ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ നിർവഹിക്കുന്നില്ലെന്നായതോടെ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാൻ തെരുവിലിറങ്ങി.
ഏറെ നാൾ രാജ്യം ഭരിച്ച ഏകാധിപതി ഉമർ അൽ ബഷീർ പുറത്താക്കപ്പെട്ടതിനു ശേഷം നടപ്പിലാക്കുന്ന ഭരണ പരിക്ഷ്കാരങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. തലസ്ഥാന നഗരിയായ ഖർത്തുമിലേക്കുള്ള റോഡുകൾ സർക്കാർ അടച്ചിരുന്നെങ്കിലും ആയിരക്കണക്കിന് ആളുകൾ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവുമായി ഒത്തുകൂടി. വിമാനത്താവളത്തിലേക്ക് നീങ്ങിയ ഒരുകൂട്ടം പ്രതിഷേധക്കാർക്കു നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
‘ സ്വാതന്ത്രം, സമാധാനം, നീതി’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധക്കാർ തെരുവ് കീഴടക്കിയത്. മുൻ പ്രസിഡൻറ് അൽ ബഷീറിനെതിരെ പടനയിച്ച സുഡാനീസ് പ്രഫഷണൽ അസോസിയേഷൻ എന്ന കൂട്ടായ്മയാണ് ‘മില്ല്യൺ മാൻ മാർച്ച്’ എന്ന പേരിട്ട് ആളുകളെ ഒരുമിച്ചുകൂട്ടിയത്.
30 വർഷം ഭരിച്ച ഉമർ അൽ ബഷീറിനെ കഴിഞ്ഞ വർഷം ഏപ്രിലിൽ പുറത്താക്കിയശേഷം സൈനിക, സിവിലിയൻ അംഗങ്ങൾ ചേർന്ന കൗൺസിലാണ് സുഡാൻ ഭരിക്കുന്നത്. സിവിലിയൻ കൗൺസിൽ നേതൃത്വം നൽകുന്ന സർക്കാറിനെ നയിക്കുന്നത് പ്രധാനമന്ത്രി അബ്ദുല്ല ഹംദൂക് ആണ്. രണ്ടു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടത്തി രാജ്യത്ത് വ്യവസ്ഥ നടപ്പിലാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒന്നും ശരിയായ വഴിലാവുന്നില്ല.
പ്രതിസന്ധി രൂക്ഷം
സാമ്പത്തിക തകർച്ചയുടെ കയത്തിൽ മുങ്ങിത്താന്ന സുഡാനെ കരകയറ്റാൻ ശ്രമിക്കുന്ന ഹംദൂകിനു മുന്നിലുള്ള വെല്ലുവിളികൾ ചെറുതല്ല. സുഡാൻ കറൻസിയുടെ തകർച്ച തടയാൻ ശ്രമം നടത്തിയതൊന്നും വിജയിച്ചിട്ടില്ല. നാണയപ്പെരുപ്പം നൂറു ശതമാനത്തിലേക്ക് എത്തിയിരിക്കുന്നു. ജർമനിയിൽ ഈയിടെ നടന്ന കോൺഫ്രൻസിൽ സുഡാനെ സഹായിക്കാനായി വികസിത രാജ്യങ്ങൾ 1.8 ബില്ല്യൺ ഡോളർ സമാഹരിച്ചെങ്കിലും കാര്യമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പ്രതിഷേധം തണുപ്പിക്കാനായി രാജ്യത്തെ അഭിസംബോധനം ചെയ്ത ഹംദൂക്, സാമ്പത്തിക രംഗത്ത് സർക്കാർ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും പ്രഖ്യാപനങ്ങൾ പ്രതിഷേധക്കാരെ അനുനയിപ്പിക്കാനായിട്ടില്ല.
‘വിപ്ലവം നേർവഴിലാക്കൂ’ എന്ന ആവശ്യമാണ് പ്രതിഷേധക്കാർ അധികൃതരുടെ മുന്നിൽ നിരത്തുന്നത്. സിവിലിയൻ ഗവർണർമാരെ വിവിധ പ്രവിശ്യയിലേക്ക് അയക്കണമെന്നും പ്രതിഷേധക്കാരുമായി സമാധാനത്തോടെ പ്രവർത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും ഇവർ ഉന്നയിക്കുന്നു. മുൻ ഭരണാധികാരി അൽ ബഷീറിനും അയാളോടൊപ്പം പുറത്താക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെയും തുറന്ന വിചാരണ നടത്തണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. ഖുർത്തൂമിലെ ജയിലിലുള്ള അൽ ബഷീർ, 1989ലെ വിപ്ലവം അടിച്ചമർത്തിയ കേസിൽ വിചാരണ തുടരുകയാണ്.
നേരത്തെ, ഉമർ അൽ ബഷീറിെൻറ കാലത്ത് നിലനിന്നിരുന്ന നിയമങ്ങളെല്ലാം താൽക്കാലിക ഭരണകൂടം റദ്ദാക്കിയിരുന്നു. ബഷീറിെൻറ രാഷ്ട്രീയ പാർട്ടി പിരിച്ചുവിടണമെന്നും സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും പ്രക്ഷോഭം നടത്തിയവരുടെ പ്രധാന ആവശ്യമായിരുന്നു. ഇൗ ആവശ്യം പുതിയ സർക്കാർ നടപ്പിലാക്കിയിരുന്നു. 10 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും പാർട്ടിക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.