പനാമക്കും ഗോട്ടിമാലക്കും പിന്നാലെ അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകാൻ ഒരു രാജ്യം കൂടി

പനാമക്കും ഗോട്ടിമാലക്കും പിന്നാലെ അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകാൻ ഒരു രാജ്യം കൂടി

വാഷിങ്ടൺ: പനാമയുടെയും ഗോട്ടിമാലയുടെയും ചുവടുപിടിച്ച് അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ തയാറാണെന്ന് കോസ്റ്ററിക്കയും. മധ്യേഷ്യയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള 200 കുടിയേറ്റക്കാർ ബുധനാഴ്ച യു.എസിൽ നിന്ന് വാണിജ്യ വിമാനത്തിൽ കോസ്റ്ററിക്കയിൽ എത്തുമെന്നാണ് മധ്യ അമേരിക്കൻ രാജ്യത്തിന്റെ പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചിരിക്കുന്നത്.

200 അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ യു.എസുമായി സഹകരിക്കാൻ തങ്ങൾ തയാറാണെന്ന് കോസ്റ്ററിക്ക അറിയിച്ചിട്ടുണ്ട്. യു.എസ് നാടുകടത്തിയവരുടെ ആദ്യ സംഘവുമായി വിമാനം ബുധനാഴ്ച കോസ്റ്ററിക്കയിലെത്തും. പനാമ അതിർത്തിയിലുള്ള താൽകാലിക കുടിയേറ്റ സംരക്ഷണ കേന്ദ്രത്തിൽ ഇവരെ പാർപ്പിച്ച ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് അയക്കും. ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷന്‍റെ സഹായത്തോടെ യു.എസ് ആണ് ഇതിനുള്ള ചെലവുകൾ വഹിക്കുകയെന്ന് കോസ്റ്ററിക്ക വ്യക്തമാക്കി.

നാടുകടത്തപ്പെട്ട കുടിയേറ്റക്കാരെ തിരികെ നാട്ടിലെത്തിക്കുന്നതിൽ അമേരിക്കയുമായി സഹകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് കോസ്റ്ററിക്ക. ഗോട്ടിമാലയും പനാമയുമാണ് മറ്റ് രാജ്യങ്ങൾ. കഴിഞ്ഞ ആഴ്ച ചൈന, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരൻമാരുമായുള്ള വിമാനം പനാമയിലെത്തിയിരുന്നു. അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ 11 ദശലക്ഷം പേരും ലാറ്റിനമേരിക്കയിൽ നിന്നുള്ളവരാണെന്നാണ് എ.എഫ്.പി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചരണകാലം മുതൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നിലപാടാണ് ഡോണൾഡ് ട്രംപ് സ്വീകരിച്ചു വരുന്നത്. പ്രസിഡന്‍റ് പദവിയിലെത്തിയ അന്ന് തന്നെ യു.എസ് അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും നാടുകടത്തൽ ആരംഭിക്കുകയും ചെയ്തു. ദശലക്ഷ കണക്കിന് ആളുകളാണ് അമേരിക്കൻ കുടിയേറ്റ നയപ്രകാരം നാടുകടത്തപ്പെടുന്നത്.


Tags:    
News Summary - After Panama and Guatemala, one more country to offer asylum to illegal immigrants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.