പ്രസിഡന്റിന്റെ കൊട്ടാരം കൈയേറിയ പ്രക്ഷോഭകർ ദേശീയ പതാക വീശുന്നു

ശ്രീലങ്കയിൽ എല്ലാ കണ്ണുകളും രണ്ടുപേരിൽ

കൊളംബോ: എല്ലാ പ്രതീക്ഷകളും അസ്തമിച്ച് ലക്ഷങ്ങൾ തെരുവിലിറങ്ങിയ ശ്രീലങ്കയിൽ ജനം തിരയുന്നത് അധികാരം മൊത്തം നിയന്ത്രിച്ച രണ്ടു പ്രമുഖരെ. ഇരുവരും ഇപ്പോഴും പ്രസ്താവനകൾ ഇറക്കുന്നുണ്ടെങ്കിലും എവിടെയുണ്ടെന്ന വിവരം മാത്രം ലഭ്യമല്ല. രാജ്യത്തെ ഏറ്റവും കരുത്തരായ ആറു പേരടങ്ങിയ രാജപക്സ കുടുംബത്തിൽ ഇപ്പോഴും അധികാരത്തിന്റെ ഭാഗമായി തുടരുന്ന പ്രസിഡന്റ് ഗോടബയ രാജപക്സ തന്നെ അതിൽ ഒന്നാമത്.

ശനിയാഴ്ച ജനം കൂട്ടമായൊഴുകി പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കീഴടക്കിയപ്പോൾ ഗോടബയ അകത്തുണ്ടായിരുന്നില്ല. എങ്ങോട്ടാണ് രക്ഷപ്പെട്ടതെന്ന് തുമ്പു നൽകാതെയായിരുന്നു 'മുങ്ങൽ'. ബുധനാഴ്ച സ്ഥാനത്യാഗം ചെയ്യുമെന്ന് രാജപക്സ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എന്നാൽ, പ്രതിപക്ഷത്തിന്റെ കാർമികത്വത്തിൽ പുതിയ മന്ത്രിസഭ അധികാരമേറുന്നതോടെ രാജി നൽകാമെന്നാണ് രണ്ടാമത്തെ പ്രമുഖനായ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ അറിയിപ്പ്.

എല്ലാം പിഴച്ച് ഗോടബയ

2005ൽ രാജപക്സ കുടുംബത്തിൽനിന്ന് മഹിന്ദ അധികാരമേറുന്നത് ശ്രീലങ്കയുടെ രാഷ്ട്രീയത്തിൽ വരുത്തിയത് ചരിത്രപരമായ മാറ്റം. ബുദ്ധമതാനുയായികളായ സിംഹള ഭൂരിപക്ഷത്തെ പ്രീണിപ്പിച്ച് തുടങ്ങിയ മഹിന്ദ 2009ൽ എൽ.ടി.ടി.ഇയെ അടിച്ചമർത്തി അധികാരം കൂടുതൽ ഭദ്രമാക്കി. ഈ സമയത്തൊക്കെയും പ്രതിരോധ വകുപ്പിന്റെ പ്രധാന റോളിൽ ഗോടബയ ഉണ്ടായിരുന്നു.

2015ൽ മഹിന്ദക്ക് അധികാരം പോയെങ്കിലും 2019ൽ ഗോടബയയിലൂടെ രാജപക്സ കുടുംബം വീണ്ടും അധികാരം പിടിച്ചു. സുസ്ഥിരതയും വികസനവും പറഞ്ഞ് സിംഹള ദേശീയത ഊതിവീർപ്പിച്ച് തുടങ്ങിയ ഗോടബയ എടുത്ത മണ്ടൻ തീരുമാനങ്ങളാണ് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയത്. സ്വന്തം പേരിൽ കൂറ്റൻ വിമാനത്താവളവും തുറമുഖവും നിർമിച്ചും രാസവളങ്ങൾ നിരോധിച്ചും തുടങ്ങിയ അദ്ദേഹം തൊട്ടതെല്ലാം പിഴച്ചതോടെ രാജ്യത്തിന്റെ കൈവശം പെട്രോൾ വാങ്ങാൻ പോലും പണമില്ലാതായി.

ക്ഷമകെട്ട ജനം ഒടുവിൽ പ്രസിഡന്റിനെ പുറത്താക്കാൻ നേരിട്ട് ചെല്ലുന്നിടത്തുവരെയെത്തി കാര്യങ്ങൾ. രാജി സമ്മതിച്ച ഗോടബയക്കു പുറത്തുപോകാൻ സ്പീക്കർക്ക് നേരിട്ട് കത്തുനൽകാൻപോലും ആകില്ലെന്നതാണ് നിലവിലെ സ്ഥിതി.

അസമയത്ത് തലയിൽവെച്ച് വിക്രമസിംഗെ

കഴിഞ്ഞ ഏപ്രിലിൽ രാജ്യം കടുത്ത ഭരണപ്രതിസന്ധിയിലായി ധനമന്ത്രി ഉൾപ്പെടെ രാജി നൽകിയപ്പോൾ രാജപക്സ കുടുംബത്തിലെ സീനിയർ അംഗം മഹിന്ദ രാജിനൽകിയ ഒഴിവിൽ ചുമതലയേറ്റതായിരുന്നു റനിൽ വിക്രമസിംഗെ. ആറു വട്ടം പ്രധാനമന്ത്രിപദം കൈയാളിയ റനിലിനു പക്ഷേ, ഇത്തവണ ഒന്നും ശുഭമായിരുന്നില്ല.

തന്റെ തിരിച്ചറിവുകൾ പ്രതിവാര പ്രസ്താവനകളായി പുറത്തുവിട്ടുകൊണ്ടിരുന്ന പുതിയ പ്രധാനമന്ത്രി ആഴ്ചകൾക്കിടെ ഒളിവിൽ പോകേണ്ടിവന്നു. മന്ത്രിസഭ യോഗം കൂടുന്നുണ്ടെങ്കിലും പൊതുവേദിയിൽ എത്തി പ്രക്ഷോഭകരുമായി സംസാരിക്കാൻ അദ്ദേഹം ധൈര്യം കാണിച്ചിട്ടില്ല.

ഗോടബയക്കുവേണ്ടി സ്വയം കരുവാകുകയായിരുന്നു റനിൽ എന്ന് പ്രക്ഷോഭകർ പറയുന്നു. ഇനി പ്രതിപക്ഷം ഒന്നിച്ച് പുതിയ പ്രധാനമന്ത്രിയെ വാഴിച്ചാലും കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നു തന്നെയാണ് ആശങ്ക. 

Tags:    
News Summary - All eyes on the two in Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.