2016ല്‍ എല്‍നിനോ ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടണ്‍: 2016ല്‍ എല്‍നിനോ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. ഫെബ്രുവരിയോടെ ശക്തമാകുന്ന എല്‍നിനോ ഏറ്റവുമധികം ബാധിക്കുക ആഫ്രിക്കന്‍ രാജ്യങ്ങളെയാണെന്നും യു.എസ് ബഹിരാകാശ ഏജന്‍സി നാസ പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഭക്ഷ്യ പ്രതിസന്ധി ഫെബ്രുവരിയോടെ രൂക്ഷമാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ആറുമാസത്തിനകം കരീബിയന്‍ മേഖലകളിലും മധ്യഅമേരിക്കയിലും തെക്കന്‍ അമേരിക്കയിലും എല്‍നിനോ നാശംവിതക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മേഖലകളില്‍ ആഗോളതാപനം ക്രമാതീതമായി വര്‍ധിക്കും.

എല്‍നിനോ സംഭവിച്ചാല്‍ ഭൂഖണ്ഡത്തിന്‍െറ ഒരുഭാഗത്ത് കടുത്ത ചൂട് അനുഭവപ്പെടുമ്പോള്‍ മറുഭാഗത്ത് കനത്ത മഴയായിരിക്കും. അതിനാല്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും ഒരുമിച്ചുവരും. 2014ല്‍ എല്‍നിനോ പ്രതിഭാസമുണ്ടായിരുന്നെങ്കിലും കാര്യമായ നാശനഷ്ടം വിതച്ചില്ളെങ്കിലും ആഗോളതാപനം ഗണ്യമായി വര്‍ധിച്ചിരുന്നു.

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2015. ഉഷ്ണമേഖലാ രാജ്യങ്ങളില്‍ 2015ല്‍ മഴ 30 ശതമാനത്തോളം കുറവാണ് ലഭിച്ചത്. ഇന്ത്യ, ബ്രസീല്‍, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും മണ്‍സൂണ്‍ 15 ശതമാനം കുറവാണ് ലഭിച്ചത്. ലോകത്ത് നിലവില്‍ 310 ലക്ഷം ജനങ്ങള്‍ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ട്.

കടല്‍ജലം പതിവിലും ചൂടാകുമ്പോഴാണ് എല്‍നിനോ പ്രതിഭാസമുണ്ടാകുന്നത്. പസഫിക് സമുദ്രത്തിലെ ഉപരിതലജലം ശരാശരിയെക്കാള്‍ രണ്ടു ഡിഗ്രി ചൂടുള്ളതാകും. എല്‍നിനോ ശക്തിപ്രാപിച്ചാല്‍ മിക്കരാജ്യങ്ങളിലും ശക്തമായ പേമാരിയും ചുഴലിക്കാറ്റുമുണ്ടാകും. ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍നിനോ നാശംവിതച്ചത് 1998ലാണ്. അതിനെക്കാള്‍ കൂടുതല്‍ ശക്തമായ കാലാവസ്ഥാമാറ്റമായിരുക്കും എല്‍നിനോ വന്നാല്‍ ഉണ്ടാവുക.
എല്‍നിനോ എന്നാല്‍
സമുദ്രാന്തരീക്ഷത്തിന് സ്വമേധയാ ഉണ്ടാകുന്ന മാറ്റമാണ് എല്‍നിനോ. കിഴക്കന്‍ ശാന്തസമുദ്രത്തില്‍ പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള പ്രതിഭാസമാണിത്. 15 മാസത്തോളം ദുരിതം വിതക്കാന്‍ എല്‍നിനോക്കാവും. 2010 മാര്‍ച്ചിനുശേഷം പസഫിക്കില്‍ 2015ലാണ് എല്‍നിനോ ശക്തിപ്പെട്ടത്. ലോകത്തെ വിവിധ പ്രദേശങ്ങളില്‍ വരള്‍ച്ചയുണ്ടാകാന്‍ ഇത് കാരണമാകുന്നു. ദക്ഷിണേന്ത്യയില്‍ മണ്‍സൂണ്‍ ദുര്‍ബലപ്പെടാനും ഇത് കാരണമാകുന്നു. യൂറോപ്പില്‍ ചൂടുകൂടിയ ശരത്കാലത്തിനും കൂടുതല്‍ ശൈത്യമേറിയ തണുപ്പുകാലത്തിനും എല്‍നിനോ കാരണമാകുന്നു.

കനത്ത മഴയും ചുഴലിക്കാറ്റും വിതക്കുന്ന ദുരിതങ്ങള്‍ക്ക് പുറമെ, ലോകത്തിന്‍െറ പല ഭാഗങ്ങളിലും വന്‍തോതിലുള്ള വിളനാശത്തിനും കൃഷിയുടെ താളംതെറ്റലിനും എല്‍നിനോ വഴിവെക്കും. ഇത് കാര്‍ഷിക സമ്പദ്വ്യവസ്ഥക്ക് ലോകതലത്തിലും തിരിച്ചടിയുണ്ടാക്കും. രണ്ടു വര്‍ഷത്തിലൊരിക്കലാണ് സാധാരണ എല്‍നിനോയുടെ വരവ്. ഇന്ത്യ, ഇന്തോനേഷ്യ, ആസ്ട്രേലിയ, പെറു തുടങ്ങിയ രാജ്യങ്ങളില്‍ കടുത്ത വരള്‍ച്ചക്കിടയാക്കും. തെക്കേ അമേരിക്ക, കിഴക്കന്‍ ശാന്തസമുദ്ര തീരത്തുള്ള രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കത്തിനും കാരണമാകും. പെറുവിലെ മുക്കുവരാണ് ‘ഉണ്ണിയേശു’ അഥവാ ‘ചെറിയ ആണ്‍കുട്ടി’ എന്ന് സ്പാനിഷില്‍ അര്‍ഥം വരുന്ന ‘എല്‍നിനോ’ എന്ന പേര് നല്‍കിയത് .

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.