ന്യൂയോര്‍ക്: 2015ല്‍ വധശിക്ഷക്കു വിധിക്കപ്പെട്ടവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍. വധശിക്ഷക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയിലാണിത്. മുന്‍ വര്‍ഷങ്ങളെയപേക്ഷിച്ച് 54 ശതമാനത്തോളം വര്‍ധനയാണ് വധശിക്ഷയുടെ എണ്ണത്തിലുണ്ടായത്. 1989നുശേഷം ആദ്യമായാണ് വധശിക്ഷയുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. ഇറാന്‍, പാകിസ്താന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കാണ് വധശിക്ഷയുടെ എണ്ണം വര്‍ധിപ്പിച്ചതില്‍ 90 ശതമാനവും പങ്കുള്ളതെന്ന് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. 25 രാജ്യങ്ങളില്‍ 1634 പേരെയാണ് കഴിഞ്ഞ വര്‍ഷം തൂക്കിലേറ്റിയത്. 2014ല്‍ 22 രാജ്യങ്ങളിലായി 1061 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
വധശിക്ഷ നടപ്പാക്കുന്നതില്‍ ഏറ്റവും മുന്നിലുള്ളത് ചൈനയാണ്. എന്നാല്‍, ചൈന ഒഴികെയുള്ള രാജ്യങ്ങളിലെ കണക്കുകളാണ് ആംനസ്റ്റി ശേഖരിച്ചത്. അതീവ രഹസ്യമായതിനാല്‍ വധശിക്ഷയെക്കുറിച്ചുള്ള കണക്കുകള്‍ ചൈന പുറത്തുവിടാറില്ല.
സൗദിയില്‍ കഴിഞ്ഞ വര്‍ഷം വര്‍ഷം തൂക്കിലേറിയത് 158 പേരാണ്. ഇറാനില്‍ 977ഉം പാകിസ്താനില്‍ 326 പേരെയും കഴുവേറ്റി. ഇറാനും പാകിസ്താനും 18 വയസ്സില്‍ താഴെയുള്ളവരെ വധശിക്ഷ നടപ്പാക്കിയതായും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താനില്‍ പെഷാവര്‍ സൈനിക സ്കൂള്‍ ആക്രമണത്തിനു ശേഷം വധശിക്ഷക്കെതിരെ ചുമത്തിയ മൊറട്ടോറിയം എടുത്തുമാറ്റിയിരുന്നു. നിരവധി രാജ്യങ്ങളില്‍ 18 വയസ്സിനു താഴെയുള്ള നിരവധി പേര്‍ വധശിക്ഷക്കു വിധിക്കപ്പെട്ട് ജൂവനൈല്‍ ഹോമുകളില്‍ കഴിയുന്നുണ്ടെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി. 28 പേരെയാണ് അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം തൂക്കിലേറ്റിയത്. അതില്‍ത്തന്നെ, ടെക്സസിലാണ് കൂടുതല്‍ പേരുടെ വധശിക്ഷ നടപ്പാക്കിയത്.
2015ല്‍ കോംഗോ റിപ്പബ്ളിക്, ഫിജി, മഡഗാസ്കര്‍, സുരിനാം എന്നീ രാജ്യങ്ങളില്‍ വധശിക്ഷ നിരോധിച്ചിരുന്നു. അതോടെ, വധശിക്ഷ നിരോധിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം 102 ആയി ഉയര്‍ന്നു. മംഗോളിയയില്‍ ഈ വര്‍ഷം വധശിക്ഷ നിരോധിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മലേഷ്യയും ഇക്കാര്യത്തില്‍ പുനരാലോചന തുടങ്ങിയിട്ടുണ്ട്. ചൈനയും വധശിക്ഷയുടെ എണ്ണം ഗണ്യമായി കുറക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. അതുപോലെ ബുര്‍കിന ഫാസോ, ഗിനിയ, കെനിയ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും വധശിക്ഷ നിരോധിക്കാന്‍ നിയമം കൊണ്ടുവരാനുള്ള ആലോചനയിലാണ്. 1977ലാണ് വധശിക്ഷക്കെതിരെ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ കാമ്പയിന്‍ തുടങ്ങിയത്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഒരാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.