9/11 ആക്രമണം സൗദിക്ക് പങ്കില്ളെന്ന് തെളിയിക്കുന്ന രേഖ പുറത്തുവിടും –സി.ഐ.എ

വാഷിങ്ടണ്‍: സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിലെ പ്രതികള്‍ക്ക് സൗദി അറേബ്യ ഒത്താശ നല്‍കിയില്ളെന്ന് സ്ഥിരീകരിക്കുന്ന അന്വേഷണ സമിതി റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തുമെന്ന് സി.ഐ.എ മേധാവി ജോണ്‍ ബ്രണ്ണന്‍. ഇതുവരെ രഹസ്യമാക്കിവെച്ചിരുന്ന 28 ഫയലുകളാണ് പരസ്യപ്പെടുത്തുക.
9/11 സംഭവത്തില്‍ സൗദിക്ക് പങ്കുണ്ടെന്നാരോപിച്ച് സൗദിക്കെതിരെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യാന്‍ ഒരു സംഘം ഇരകളുടെ ആശ്രിതര്‍ നീക്കം ആരംഭിച്ചിരുന്നു. പ്രതികള്‍ക്ക് ഒത്താശ നല്‍കിയവര്‍ക്കെതിരെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യാന്‍ അനുവാദം നല്‍കുന്ന ബില്‍ സെനറ്റ് പാസാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ പ്രതികളെ സഹായിച്ചിരുന്നില്ളെന്ന് വ്യക്തമാക്കുന്ന  കോണ്‍ഗ്രസ് അന്വേഷണ സമിതി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനുള്ള തീരുമാനം.
9/11 സംഭവത്തിലെ പ്രതികളില്‍ 19 പേര്‍ക്ക് സൗദി പൗരത്വമുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് ഒരുവിധ സഹായവും നല്‍കിയിരുന്നില്ളെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. വസ്തുത ഇതായിരിക്കെ നഷ്ടപരിഹാര ബില്‍ നിയമമാക്കുന്ന പക്ഷം അമേരിക്കയിലെ ആസ്തികള്‍ പിന്‍വലിക്കുമെന്ന് സൗദി അധികൃതര്‍ വാഷിങ്ടണ് മുന്നറിയിപ്പ് നല്‍കി.
സെപ്റ്റംബര്‍ സംഭവത്തില്‍ സൗദി ഗവണ്‍മെന്‍റിനോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ പങ്കുള്ളതായി സൂചിപ്പിക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ളെന്ന് അന്വേഷണ രേഖകള്‍ വ്യക്തമാക്കുന്നതായി ബ്രണ്ണന്‍ അറേബ്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.