വാഷിങ്ടണ്‍: ചൈനയില്‍ 30 ലക്ഷത്തോളം മുസ്ലിംകളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന ആരോപണവുമായി യു.എസ്. യു.എസ് പ്രതിരോധ വകുപ്പിലെ ഏഷ്യന്‍ നയങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന റാന്‍ഡല്‍ ഷ്രിവറാണ് ചൈനക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ചൈനയിലെ വൊക്കേഷനല്‍ വിദ്യാഭ്യാസ പരിശീലനകേന്ദ്രങ്ങള്‍ മുസ്ലിം തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണി മറികടക്കുന്നതിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തേ ചൈനയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലുണ്ടായിരുന്നവരില്‍ ചിലര്‍ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോടു സംസാരിച്ചത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
സുരക്ഷ സൈനികരെ ഉപയോഗിച്ചാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അവിടത്തെ മുസ്ലിംകളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെത്തിക്കുന്നതെന്ന് ഷ്രിഗര്‍ ആരോപിച്ചു. നാസി ജര്‍മനിയുമായാണ് അദ്ദേഹം ഇക്കാര്യത്തെ താരതമ്യം ചെയ്തത്. ഉയിഗൂര്‍ അടക്കമുള്ള മുസ്ലിം വിഭാഗങ്ങളെയാണ് ചൈന പീഡിപ്പിക്കുന്നത്. ഒരു കോടിയാണ് ചൈനയിലെ മുസ്ലിം ജനസംഖ്യ. അതില്‍ 30 ലക്ഷത്തോളം പേര് ക്യാമ്പുകളിലാണെന്നും ഷ്രിഗര്‍ പറഞ്ഞു. ചൈനയുടെ പ്രവൃത്തികള്‍ 1930കളെ അനുസ്മരിപ്പിക്കുന്നുവെന്നായിരുന്നു യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ വിശേഷിപ്പിച്ചത്. എന്നാൽ, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ അല്ല ബോര്‍ഡിങ് സ്കൂളുകളാണെന്ന് പറഞ്ഞാണ് സിന്‍ജ്യങ് ഗവര്‍ണര്‍ ആരോപണങ്ങളെ നേരിട്ടത്.
കഴിഞ്ഞ ആഗസ്റ്റിലാണ് ചൈനയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ 10 ലക്ഷത്തിലേറെ മുസ്ലിംകളുണ്ടെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചത്. ഇവരെ മോചിപ്പിക്കണമെന്ന് തുർക്കിയും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.