ന്യൂയോർക്: വലതു കൈ അനുഗ്രഹാശിസ്സുകളോടെ ഉയർത്തിപ്പിടിച്ച്, ഇടംകൈയിൽ സ്ഫടിക ഗോളവുമായി നിൽക്കുന്ന യേശു ക്രിസ്തുവിെൻറ എണ്ണച്ഛായചിത്രം. 1505ൽ വിഖ്യാത ചിത്രകാരൻ ലിയനാഡോ ഡാവിഞ്ചി വരച്ചതെന്നു കരുതുന്ന ഇൗ ചിത്രത്തിന് സാൽവദോർ മുൻഡി (സേവിയർ ഒാഫ് ദ വേൾഡ്) എന്നാണ് പേരിട്ടത്. കാര്യം അതൊന്നുമല്ല. ഇൗ അപൂർവചിത്രം 45 കോടി ഡോളറിന് ന്യൂയോർക്കിൽ ലേലം ചെയ്തു. ഒരു കലാസൃഷ്ടിക്ക് ചരിത്രത്തിൽ ആദ്യമായാണ് ലേലത്തിൽ ഇത്രയും വലിയ തുക ലഭിക്കുന്നത്. 1519ൽ അന്തരിച്ച ഡാവിഞ്ചി വരച്ച ചിത്രങ്ങളിൽ അവശേഷിക്കുന്ന കലാസൃഷ്ടികളിലൊന്നാണ് സാൽവദോർ മുൻഡി. ലേലത്തിന് വെക്കുംമുമ്പ് ചിത്രം റഷ്യൻ ശതകോടീശ്വരനായ ദിമിത്രി ഇ റിബോലവ്ലേവിെൻറ കൈയിലായിരുന്നു. 2013ൽ സ്വകാര്യ ലേലത്തിനിടെ 12. 7കോടി ഡോളറിനാണ് അദ്ദേഹം ചിത്രം സ്വന്തമാക്കിയത്.
20 മിനിറ്റ് നീണ്ടുനിന്ന ഉദ്വേഗത്തിനൊടുവിലാണ് സാൽവദോര്‍ മുന്ഡിയുടെ ലേലം പൂർത്തിയായത്. ബുധനാഴ്ച രാത്രിയില്‍ നടന്ന ലേലത്തിെൻറ അവസാന നിമിഷങ്ങളില്‍ നാലു പേര് ടെലിഫോണില്‍ ലേലം തുടരുകയായിരുന്നു. 33. 2 കോടി ഡോളറിൽ തുടങ്ങിയ ലേലത്തുക പടിപടിയായി 40 കോടി ഡോളർവരെ ഉയർന്നു. വാങ്ങിയ ആളുടെ വിവരങ്ങൾ ലേലക്കമ്പനി പുറത്തുവിട്ടിട്ടില്ല. പിക്കാസോയുടെ ‘അല്‍ജിയേഴ്സിലെ സ്ത്രീകൾ’ എന്ന ചിത്രത്തിനെയാണ് സാൽവദോർ മുൻഡി മറികടന്നത്. 2015ൽ പിക്കാേസായുടെ ചിത്രം ലേലം ചെയ്തത് 17.9 കോടി ഡോളറിനായിരുന്നു.1600കളുടെ മധ്യത്തിൽ സാൽവദോർ മുൻഡി ബ്രിട്ടനിലെ ചാൾസ് രാജാവിെൻറ ഉടമസ്ഥതയിലായിരുന്നു.
1763ൽ അത് ലേലം ചെയ്തു. 1900ൽ ബ്രിട്ടീഷുകാരനിൽനിന്ന് കണ്ടെടുക്കുന്നതുവരെ ചിത്രത്തെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. 1958ൽ ചിത്രം വീണ്ടും ലേലം ചെയ്തു. അതിനു ശേഷം 2005ൽ കണ്ടെടുത്തു. അപ്പോഴേക്കും ചിത്രത്തിന് കേടുപാടുകൾ സംഭവിച്ച് ഭംഗി നഷ്ടപ്പെട്ടിരുന്നു. അതുകഴിഞ്ഞാണ് റഷ്യക്കാരെൻറ കൈകളിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.