വാഷിങ്ടൺ: കനത്ത പ്രതിഷേധത്തിെനാടുവിൽ ജൂൺ 19ന് ഒക്ലഹോമയിലെ തുൾസയിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒരു ദിവസം നീട്ടി. രാജ്യത്ത് വംശവെറിക്കെതിരെ പ്രക്ഷോഭം രൂക്ഷമായ ഘട്ടത്തിൽ ചരിത്രപ്രധാന നഗരമായ തുൾസയിൽ പരിപാടി നടത്തുന്നതിനെതിരെ രൂക്ഷമായ പ്രതികരണമുയർന്നിരുന്നു.
രാജ്യത്ത് അടിമത്തം തുടച്ചുനീക്കപ്പെട്ട ദിനമായാണ് ജൂൺ 19 അറിയപ്പെടുന്നതെങ്കിലും 1921ൽ അതേദിവസം തുൾസയിൽ കറുത്ത വർഗക്കാർ കൂട്ടക്കുരുതിക്കിരയായിരുന്നു. യു.എസ് ചരിത്രത്തിൽ കാര്യമായി ഇടംപിടിക്കാതെ പോയ സംഭവമാണെങ്കിലും പുതിയ സാഹചര്യത്തിൽ ട്രംപ് ഇതേ വേദി തെരഞ്ഞെടുത്തത് ദുരുദ്ദേശ്യത്തോടെയാണെന്നായിരുന്നു ആക്ഷേപം. ആഘോഷമായാണ് തെരഞ്ഞെടുപ്പുറാലി നടത്തുന്നതെന്ന് നേരത്തേ ട്രംപ് വിശദീകരിച്ചിരുന്നുവെങ്കിലും വിവാദം കൊഴുത്തതോടെ പിന്മാറുകയായിരുന്നു.
വീണ്ടും പ്രസിഡൻറ് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന യു.എസിൽ കോവിഡ് കാരണം മൂന്നു മാസത്തിലേറെയായി മുടങ്ങിക്കിടന്ന തെരഞ്ഞെടുപ്പ് റാലിക്കാണ് തുൾസയിൽ പുനരാരംഭം കുറിക്കുന്നത്. നവംബറിലാണ് തെരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ അഭിപ്രായ വോട്ടെടുപ്പുകളിൽ ട്രംപിനെക്കാൾ മുന്നിലാണ്. തുൾസ ഉൾപ്പെടുന്ന ഒക്ലഹോമ പൊതുവെ ട്രംപിെൻറ റിപ്പബ്ലിക്കൻ കക്ഷിയെ വിജയിപ്പിക്കുന്ന സംസ്ഥാനമായാണ് വിലയിരുത്തപ്പെടുന്നത്. ജൂൺ 20നാകും പുതുക്കിയ തീയതി പ്രകാരം തുൾസ റാലി നടക്കുക.
‘ചർച്ചിൽ പ്രതിമ മ്യൂസിയത്തിലേക്ക് മാറ്റേണ്ടിവരും’
ലണ്ടൻ: വംശവെറിക്കെതിരെ യു.എസിൽ തുടങ്ങി ലോകമെങ്ങും പടർന്നുപിടിച്ച പ്രതിഷേധജ്വാല ഇനിയും തുടർന്നാൽ ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിെൻറ പ്രതിമ പോലും സംരക്ഷിക്കാൻ പാടുപെടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. രണ്ടാം ലോക യുദ്ധത്തിൽ ബ്രിട്ടനെ വിജയ തീരത്തെത്തിച്ച നായകെൻറ പ്രതിമ മ്യൂസിയത്തിലേക്ക് മാറ്റേണ്ടിവരുമെന്ന് അദ്ദേഹത്തിെൻറ കൊച്ചുമകൾ എമ്മ സോമസ് മുന്നറിയിപ്പ് നൽകി.
ലണ്ടൻ പാർലമെൻറ് ചത്വരത്തിലെ ചർച്ചിലിെൻറ പ്രതിമ കഴിഞ്ഞ ദിവസം അധികൃതർ ഭദ്രമായി പൊതിഞ്ഞുവെച്ചിരുന്നു. പ്രതിമക്കു താഴെ ചിലർ ‘അദ്ദേഹം വർണവെറിയനായിരുന്നു’വെന്ന് എഴുതിവെച്ചതിന് പിന്നാലെയായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.