ന്യൂയോർക്: തനിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതി തള്ളി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥിയും മുൻ വൈസ് പ്രസിഡൻറുമായ ജോ ബൈഡൻ. ആദ്യമായാണ് ഇക്കാര്യത്തിൽ ബൈഡൻ പരസ്യമായി പ്രതികരിക്കുന്നത്.
മുൻ സെനറ്റ് ജീവനക്കാരിയായ താര റീഡ് ആണ് ബൈഡനെതിരെ പരാതി നൽകിയത്. ബൈഡൻ 1993ൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ‘‘കള്ളമാണത്. ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല’’- ബൈഡൻ എം.എസ്.എൻ.ബി.സിയുടെ അഭിമുഖത്തിൽ ഉറപ്പിച്ചു പറഞ്ഞു. പരാതിക്ക് ആധികാരികതയുണ്ടോ എന്നു പരിശോധിക്കാൻ ദേശീയ ആർക്കൈവ്സിനോട് ആവശ്യപ്പെടുമെന്നും ഇപ്പോൾ പരാതിയുമായി രംഗത്തുവന്നതിൽ ദുരൂഹതയുണ്ടെന്നും ബൈഡൻ വ്യക്തമാക്കി.
യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെക്കാൾ മേൽക്കൈ ബൈഡനാണെന്നാണ് അഭിപ്രായ സർവേ ഫലങ്ങൾ. ആരോപണമുയർന്നതിനെ തുടർന്ന് പാർട്ടിക്കുള്ളിലും പുറത്തും ബൈഡനെതിരെ സമ്മർദ്ദമുയർന്നിരുന്നു. എന്നാൽ പരാതി സത്യമല്ലെങ്കിൽ പൊരുതാനായിരുന്നു ബൈഡന് ട്രംപ് നൽകിയ ഉപദേശം.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സമാന രീതിയിൽ നിരവധി ആരോപണങ്ങൾ നേരിട്ട വ്യക്തിയാണ് ട്രംപ്. ‘‘മറഞ്ഞിരിക്കേണ്ട കാര്യമില്ല. പരാതി സത്യമല്ലെങ്കിൽ അത് നിഷേധിക്കാമല്ലോ... ഞാൻ ഇത്തരത്തിലുള്ള നിരവധി തെറ്റായ ആരോപണങ്ങൾ അതിജീവിച്ചയാളാണ്. അതിനെതിരെ പോരാടുകയാണ് വേണ്ടത്-ട്രംപ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.