വാഷിങ്ടൺ: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായ ചെൻ ക്വാൻഗോക്കെതിരെ യു.എസ് വിലക്ക്. ക്വാൻഗോ ഉൾപ്പടെ നാല് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്കെതിരെയാണ് യു.എസ് വിലക്കേർപ്പെടുത്തിയത്. ഉയിഗുർ മുസ്ലിംകൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് നടപടി. യു.എസ് അധികൃതർ ഇവരെ കരിമ്പട്ടികയിൽ പെടുത്തും.
ഷിൻജിയാങ്ങിലെ ഡെപ്യൂട്ടി പാർട്ടി സെക്രട്ടറി സാഹു ഹാലുൻ, കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടി വാങ് മിങ്ഷാൻ, മുൻ പാർട്ടി സെക്രട്ടറി ഹുവോ ലിയുജുൻ എന്നിവരേയും വിലക്കിയിട്ടുണ്ട്. ഷിൻജിയാങ് മേഖലയിൽ സ്വന്തം പൗരൻമാരായ ഉയിഗുർ മുസ്ലിംകൾക്കെതിരെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നടത്തുന്ന ക്രൂരതകൾക്കെതിരെ ലോകം ഒന്നിക്കണമെന്നും യു.എസ് ആവശ്യപ്പെട്ടു.
ഉയിഗുർ മുസ്ലിംകളെ ഏകാന്ത തടവിൽ പാർപ്പിക്കുകയും നിർബന്ധിത ജോലി, മതപരിവർത്തനം, ഭ്രൂണഹത്യ എന്നിവക്ക് വിധേയമാക്കുന്നുണ്ടെന്നും യു.എസ് ആരോപിച്ചു. ഷിൻജിയാങ് മേഖലയിൽ ഉയിഗുർ മുസ്ലിംകൾക്കെതിരായ ക്രൂരതകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ നേരത്തേയും പുറത്ത് വന്നിരുന്നു. അതേസമയം, ഉപരോധം ഏർപ്പെടുത്താനുള്ള തീരുമാനത്തെ കുറിച്ച് യു.എസിലെ ചൈനീസ് എംബസി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.