വാഷിങ്ടൺ: അമേരിക്കയിലും ബ്രസീലിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആശങ്കപ്പെടുത്തുന്ന രീതിയിൽ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,800 പേർക്കാണ് യു.എസിൽ രോഗംബാധിച്ചത്. തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് 1000ലധികം പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 145,352 ആയി ഉയർന്നു. സ്കൂളുകൾ തുറക്കാനുള്ള ശ്രമങ്ങളുമായി ട്രംപ് ഭരണകൂടം മുന്നോട്ട് പോകുന്നതിനിടെയാണ് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത്.
ബ്രസീലിലും സമാനസാഹചര്യമാണ് നില നിൽക്കുന്നത്. 55,891 പേർക്കാണ് ബ്രസീലിൽ കോവിഡ് സ്ഥിരീകരിച്ചത്. 1,311 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. 85,238 പേരാണ് ബ്രസീലിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ലോകത്തിലാകെ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകളിൽ നിന്ന് വ്യക്തമാകും.
24 മണിക്കൂറിനിടെ 284,196 പേർക്കാണ് ലോകത്താകെ കോവിഡ് സ്ഥിരീകരിച്ചത്. യു.എസിനും ബ്രസീലിനും പുറമേ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലുമാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ. രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ ദക്ഷിണാഫ്രിക്കയിൽ സ്കൂളുകൾ ഒരു മാസത്തേക്ക് അടച്ചു. കാറ്റലോണിയയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഫ്രാൻസ് ജനങ്ങളോട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.