വെസ്റ്റ് ബാങ്കില്‍ മൂന്നു ഫലസ്തീനികളെ വെടിവെച്ചുകൊന്നു

റാമല്ല: വെസ്റ്റ് ബാങ്കിലെ ഖലന്‍ദിയ അഭയാര്‍ഥി ക്യാമ്പില്‍ മൂന്നു ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. പുലര്‍ച്ചെ രണ്ടുമണിയോടെ അഭയാര്‍ഥി ക്യാമ്പില്‍ ഇരച്ചുകയറിയ സൈന്യം മുഹമ്മദ് അബൂ ശഹീന്‍ എന്നയാളുടെ വീട് ഇടിച്ചുതകര്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പ്രതിഷേധവുമായി എത്തിയവര്‍ക്കു നേരെ നടത്തിയ വെടിവെപ്പിലാണ് മരണം. ഫതഹ് അനുകൂല സംഘടന അല്‍അഖ്സ ബ്രിഗേഡ് അംഗങ്ങളാണ് പ്രതിഷേധിച്ചത്. ഇരു വിഭാഗവും തമ്മില്‍ ഒരു മണിക്കൂര്‍ സംഘട്ടനം നടന്നതായാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന ഇയാളുടെ വീട് തകര്‍ക്കാന്‍ ഒരു മാസം മുമ്പും ഇസ്രായേല്‍ സൈന്യം എത്തിയിരുന്നുവെങ്കിലും തമ്പിലുള്ള നൂറുകണക്കിനു പേര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് പിന്തിരിയുകയായിരുന്നു. ഇത്തവണ വന്‍ സന്നാഹവുമായി എത്തിയ സൈന്യം താമസക്കാരെ ബലംപ്രയോഗിച്ച് പുറത്താക്കിയ ശേഷം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. കെട്ടിടത്തിന്‍െറ മൂന്നാം നിലയിലെ അപ്പാര്‍ട്മെന്‍റാണ് തകര്‍ക്കപ്പെട്ടത്.
ഇതേ കെട്ടിടത്തിലെ സമീപ വീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായി. ഇസ്രായേല്‍ ഡ്രോണുകള്‍ ഈ സമയം പ്രദേശത്ത് വട്ടമിട്ടു പറന്ന് രംഗങ്ങള്‍ ഒപ്പിയെടുത്തു.
അഹ്മദ് അബുല്‍ ഐശ്, ലൈസ് മനാസറ എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ പെടും. പരിക്കേറ്റവരെ ആശുപത്രിയിലാക്കാന്‍ എത്തിയ ആംബുലന്‍സുകള്‍ സൈന്യം തടഞ്ഞു. ഏറെ കഴിഞ്ഞാണ് ഇവരെ റാമല്ലയിലെ ഫലസ്തീന്‍ മെഡിക്കല്‍ കോംപ്ളക്സിലേക്ക് മാറ്റിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.