ബംഗ്ലാദേശിൽ രണ്ട് പ്രതിപക്ഷ നേതാക്കളെ തൂക്കിലേറ്റി

ധാക്ക: ബംഗ്ലാദേശിൽ 1971ലെ വിമോചന യുദ്ധ കാലഘട്ടത്തിൽ കുറ്റാരോപിതരായ രണ്ട് പ്രതിപക്ഷ നേതാക്കളെ തൂക്കിലേറ്റി. ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി അലി അഹ്സൻ മുഹമ്മദ് മുജാഹിദ്(67), ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നേതാവ് സലാഹുദ്ദീൻ ഖാദർ ചൗധരി(66) എന്നിവരെയാണ് തൂക്കിലേറ്റിയത്. ഇരുവരുടെയും ദയാഹരജി പ്രസിഡൻറ് തള്ളിയതിന് പിന്നാലെയാണ് ധാക്ക സെൻട്രൽ ജയിലിൽ വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷ ബംഗ്ലാദേശ് സുപ്രീംകോടതി ബുധനാഴ്ച ശരിവെച്ചിരുന്നു.

പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള 1971ലെ യുദ്ധകാലത്ത് കലാപം നടത്തിയെന്നാണ് ഇരുനേതാക്കൾക്കും എതിരെയുള്ള കേസ്. 2013ൽ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണലാണ് വധശിക്ഷ വിധിച്ചത്. വധശിക്ഷയോട് അനുബന്ധിച്ച് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ അതീവ സുരക്ഷ ഏർപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങൾക്കും നിയന്ത്രണമുണ്ട്.

യുദ്ധക്കുറ്റം ചുമത്തി പ്രതിപക്ഷ നേതാക്കളെ വധിക്കുന്നതിനെതിരെ രാജ്യന്തര തലത്തിൽ വ്യാപക പ്രതിഷേധമുണ്ട്. മുഖ്യപ്രതിപക്ഷമായ ജമാഅത്തെ ഇസ്ലാമിയുടേത് അടക്കം ഇതുവരെ ഏഴുപേരെ വധശിക്ഷക്ക് വിധിച്ചു. ഇതിൽ രണ്ടുപേരെ തൂക്കിലേറ്റി. ട്രൈബ്യൂണൽ വിധിക്കെതിരെ നടന്ന പ്രതിഷേധത്തിൽ 100ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ബംഗ്ലാദേശ് വിമോചന കാലത്ത് 30 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് ഒൗദ്യോഗിക കണക്ക്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.