മാലദ്വീപില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു

മാലെ: മുന്‍ പ്രസിഡന്‍റും പ്രതിപക്ഷനേതാവുമായ മുഹമ്മദ് നശീദിന്‍െറയും രാഷ്ട്രീയ നേതാക്കളുടെയും മോചനമാവശ്യപ്പെട്ട്  മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിഷേധം ശക്തമാക്കുന്നു. പൊലീസ് നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചതിനാല്‍ നിയമപരമായ അവകാശങ്ങള്‍ക്കുള്ളില്‍നിന്ന് പ്രതിഷേധം ശക്തമാക്കുമെന്ന് മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവ് ഹമിദ് അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. മുന്‍ പ്രസിഡന്‍റ് മുഹമ്മദ് നശീദ്, പ്രതിരോധമന്ത്രി മുഹമ്മദ് നസീം, പ്രതിപക്ഷനേതാവ് ഷെയ്ക് ഇമ്രാന്‍ അബ്ദുല്ല തുടങ്ങിയ നേതാക്കളെയും 1700 രാഷ്ട്രീയ പ്രവര്‍ത്തകരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. നിലവിലെ പ്രസിഡന്‍റ് അബ്ദുല്ല യമീന്‍ അബ്ദുല്‍ ഗയൂമിന്‍െറ രാഷ്ട്രീയ പകപോക്കലാണ് നേതാക്കളെ ജയിലിലടച്ചതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു.
വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. എന്നാല്‍ പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചു. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു.
നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ഉച്ചഭാഷിണിയില്ലാതെ മൂന്ന് ദിവസം പ്രതിഷേധം നടത്താന്‍ പൊലീസ് അനുമതി നല്‍കിയിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ മൂലം അനുമതി നിഷേധിക്കുകയായിരുന്നെന്നും ഗഫൂര്‍ പറഞ്ഞു. തീവ്രവാദ വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്ത നശീദിന് 13 വര്‍ഷത്തേക്കാണ് തടവുശിക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.