ഇസ്രായേല്‍ ഉപരോധത്തില്‍ നരകയാതനയില്‍ വലഞ്ഞ് ഗസ്സ

ഗസ്സ: കണ്ണില്‍ ചോരയില്ലാത്ത ഇസ്രായേലിന്‍റെ ഉപരോധത്തില്‍ ഇരുളില്‍ അമര്‍ന്ന് ഗസ്സ നഗരം. ഭക്ഷണം പാചകം ചെയ്യാനോ വൈദ്യ സഹായത്തിനോ പോലും കഴിയാതെ ഗസ്സാ നിവാസികളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണെന്ന് ഇവിടെ നിന്നുള്ള റിപോര്‍ട്ടുകള്‍ പറയുന്നു. ഇക്കാരണത്താല്‍ പല ജീവിതങ്ങള്‍ നരകയാതനയിലും മരണത്തിന്‍റെ വക്കിലുമാണ്. കഴിഞ്ഞ ആഴ്ച കത്തിച്ചുവെച്ച മെഴുകുതിരിയില്‍ നിന്ന് വീടിന് തീപിടിച്ച് മൂന്നു സഹോദരങ്ങള്‍ വെന്തുമരിച്ചിരുന്നു. തീപടരുമോ എന്ന ഭയത്തോടെയാണ് തങ്ങള്‍ ഉറങ്ങാന്‍ കിടക്കുന്നതെന്ന് വീട്ടമ്മയായ അസ്മഹന്‍ അല്‍ അൈെറര്‍ പറയുന്നു. കത്തിനശിച്ച വീടിന് സമീപം കാരവാന്‍ വീടാക്കി മാറ്റിയാണ് ഇവര്‍ കഴിയുന്നത്. മഴ പെയ്യുമ്പോള്‍ കാരവാനിലേക്ക് വൈദ്യുതാഘാതം ഉണ്ടാവുമോ എന്ന ഭയത്താല്‍ കുട്ടികള്‍ വാതിലില്‍ തൊടാന്‍പോലും പേടിച്ച് കരയുകയാണെന്നും അവര്‍ പറയുന്നു.

രാത്രി കാലങ്ങളില്‍ പല സമയങ്ങളില്‍ ആയി എട്ടു മണിക്കൂര്‍ ആണ് ഇവിടെ പവര്‍കട്ട്. ‘എത്ര തവണ ഞാന്‍ ഭക്ഷണം പാചകം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് എനിക്കറിയില്ല. ഓരോ തവണയും അതിനൊരുങ്ങുമ്പോള്‍ കറന്‍റ് പോവകുയാണെന്ന്’ അസ്മഹാന്‍ എന്ന വീട്ടമ്മ പറയുന്നു. ‘അധികൃതര്‍ ഒരു ടൈം ഷെഡ്യൂളും പാലിക്കുന്നില്ല. ഞങ്ങള്‍ക്കാണെങ്കില്‍ പകരം ഒരു സംവിധാനവുമില്ല.’ കാര്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി ലൈറ്റുകളില്‍ ചില വീട്ടുകാര്‍ അഭയം തേടിയിരിക്കുകയാണ്. ഏതാനും ചില ഷോപ്പുകള്‍ മാത്രമാണ് ജനറേറ്ററിന്‍റെ സഹായത്തോടെ തുറന്ന് പ്രവര്‍ത്തിക്കുന്നത്.

ഗസ്സയിലെ ആശുപത്രിയിലെ ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റിലെ നഴ്സ് ആണ് അമാനി സാദിഖ്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളെ പരിചരിക്കാന്‍ നിയുക്തയാണ് ഇവര്‍. ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് അതിജീവിക്കാന്‍ ഇന്‍ക്യുബേറ്റര്‍ വേണം. വെന്‍റിലേറ്റര്‍ ആണ് ഇവിടെ ഏറ്റവും പ്രധാനം. കറന്‍റ് പോവുന്നതോടെ ഇവയെല്ലാം ഓഫ് ആവുന്നതായി ഇവര്‍ പറയുന്നു. വെന്‍റിലേറ്റര്‍ ഓഫാവുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് മാന്വല്‍ ആയി ഓക്സിജന്‍ നല്‍കുകയാണ് ഞങ്ങള്‍. രണ്ട് മാസം മുമ്പ് തുടര്‍ച്ചയായി രണ്ട് മണിക്കൂറോളം ആണ് കുഞ്ഞുങ്ങള്‍ക്ക് കൈകൊണ്ട് ഓക്സിജന്‍ പമ്പ് ചെയ്തത്. ഇന്‍ക്യുബേറ്ററിന്‍റെ ചൂട് എപ്പോഴും സമീകൃതമായി നിലനിര്‍ത്തുക എന്നത് ഏറ്റവും പ്രധാനമാണ്. ഞങ്ങള്‍ പലവഴിക്ക് കിണഞ്ഞു ശ്രദ്ധിക്കുന്നതുകൊണ്ട് ഇതുവരെ ഇവിടെ നവജാത ശിശുക്കളുടെ മരണം ഉണ്ടായിട്ടില്ല. ആറു മുതല്‍ പത്തുവരെയെങ്കിലും കുട്ടികള്‍ ഒരേ സമയം ഈ യൂണിറ്റില്‍ ഉണ്ടാവാറുണ്ടെന്നും നഴ്സ് പറയുന്നു.

65 കാരനും റിട്ടയേര്‍ഡ് ടാക്സി ഡ്രൈവറുമായ സമീഹ് അകില ശദ്ധ്ര ക്ഷണിക്കുന്നത് മറ്റൊരു പ്രശ്നത്തിലേക്കാണ്. ടെല്‍ അല്‍ ഹവായിലെ ഫ്ളാറ്റിലെ ഏറ്റവും മുകളിലെ നിലയില്‍ ആണ് സമീഹിന്‍്റെ കുടുംബം താമസിക്കുന്നത്. 105 ചവിട്ടു പടികള്‍ ആണ് ഇദ്ദേഹത്തിന് കയറേണ്ടത്. ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ കടുത്ത കാല്‍മുട്ടു വേദനയുള്ള സമീഹിന് സ്വന്തം വീട്ടിലേക്ക് കയറാനും ഇറങ്ങാനും കഴിയാത്ത അവസ്ഥയാണ്. ‘അടുത്തുള്ള പള്ളിയിലേക്ക് നമസ്കാരത്തിന് ഇറങ്ങിയ ഞാന്‍ തിരിച്ചു കറാന്‍ ഒരുങ്ങുമ്പോഴാണ് കറന്‍റ് പോയത്. പിന്നീട് എട്ടു മണിക്കൂറിനുശേഷം കറന്‍റ് വന്നപ്പോഴാണ് എനിക്ക് തിരിച്ചു കയറാന്‍ ആയത്’ അദ്ദേഹം പറയുന്നു.
2006ല്‍ ഗസ്സ പവര്‍ പ്ളാന്‍റിനു നേര്‍ക്ക് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണ് ഇവിടെയുള്ള വൈദ്യുതി വിതരണ ശൃംഖലക്ക് കാര്യമായ തകരാറുകള്‍ സംഭവിച്ചത്. 2014 ലെ യുദ്ധത്തോടെ അവശേഷിക്കുന്ന നെറ്റ്വര്‍ക്കും താറുമാറിലായി. ഇതിനു പുറമെയാണ് ഇടക്കിടെയുള്ള ഉപരോധങ്ങള്‍. അതീവ ജനസാന്ദ്രതയേറിയ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 2014ല്‍ മാത്രം 2000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.